24/04/2026

ഭാഗ്യജാതകം : ഭാഗം 37

രചന – അയിഷ അക്ബർ

തനിക്ക് മുമ്പിൽ നിരന്ന ഭക്ഷണങ്ങളിൽ ഇത് വരെ കാണാത്തത് കൂടിയുണ്ടെന്ന് ലക്ഷ്‌മി ഓർത്തു……

എന്തിനാ മോനെ ഇതെല്ലാം കൂടി…..

ശങ്കരൻ അത് ചോദിച്ചതും ആദിയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നത് കാണുന്നതായിരുന്നു അവന്റെ തൃപ്തി….

നീതുവിന്റെ മുഖത്തെ ഗൗരവം ആദി കാര്യമാക്കിയില്ലെങ്കിലും ശിവയുടെ മുഖത്തെ തെളിച്ചമില്ലായ്മ എന്തെന്ന് അവൻ ചിന്തിക്കാതിരുന്നില്ല…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദീ….. ഇറങ്ങുന്നില്ലേ….

വീട്ടിലെത്തി എല്ലാവരും കവറുകളെല്ലാം കാറിൽ നിന്നിറക്കുമ്പോഴും ആദി ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുന്നത് കണ്ടാണ് ശങ്കരൻ ചോദിച്ചത്……

ഇല്ലാ… ഇപ്പൊ തന്നെ വൈകിയില്ലേ…. ഇനി ഞങ്ങൾ വരാം….

ആദി സൗമ്യമായത് പറഞ്ഞതും കയ്യിലുണ്ടായിരുന്ന കവറുകൾ ഉമ്മറത്തേക്ക് വെച്ച് കൊണ്ട് ശിവ കാറിൽ കയറി….

യാത്രയിലുടനീളം പതിവിന് വിപരീതമായ അവളുടെ മൗനത്തെ ആദി ശ്രദ്ധിക്കുകയായിരുന്നു…..

ആകാശം ഇരുട്ടിനാൽ മൂടി തുടങ്ങിയിരുന്നു…..
പക്ഷികൾ കൂട്ടിലേക്ക് ചേക്കേറുന്ന സമയം വിളക്കുകൾ കത്തി തുടങ്ങുകയായിരുന്നു…..

സന്ധ്യാ സമയത്തിനെന്തൊരു ഭംഗിയാണ്…..

അത്ര നേരം കത്തി ജ്വലിക്കുന്ന സൂര്യൻ….യാത്ര പറയാൻ നേരം ആകാശത്തെ തന്റെ വർണങ്ങളാൽ മനോഹരമാക്കുന്നു….

ഒരു ചിത്രകാരൻ അവശേഷിക്കുന്ന തന്റെ ചായങ്ങൾ ആകാശത്തേക് വീശിയെറിഞ്ഞത് പോലെ….

അത്ര മേൽ സുന്ദരമായ ആ കാഴ്ച രണ്ട് പേരുടെയും കണ്ണിനു കുളിർമ നൽകിയിരുന്നു…..

ശിവാ……

അവൻ പതിയേ വിളിച്ചു….

മ്മ്……?

അവളുടെ കണ്ണുകൾ ആകാശത്തു തന്നെയായിരുന്നു….. അവയിലേക്ക് അത്രമാത്രം അവൾ ലയിച്ചത് പോലെ തോന്നി….

അവളുടെ ചോദ്യത്തിൽ ഇത് വരെയില്ലാത്തൊരു അനുഭൂതി അവന് തോന്നി….

അത്രമേൽ പ്രണയർദ്രമായിരുന്നു….

സന്ധ്യാ നേരത്തിനു എന്ത് ഭംഗിയാണല്ലേ….

അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…..

അവളവനെ നോക്കി….

മ്മ്….. ചില മനുഷ്യരെ പോലെയാണ് സൂര്യനും….
ഇരുട്ടിൽ മുങ്ങി തളരുമ്പോൾ മനോഹരമായ പ്രകാശമായി നമ്മിലേക്ക്‌ പടർന്നു കയറും…..

അവരുടെ വെളിച്ചത്താൽ നമ്മെ സന്തോഷത്തിലാക്കും……

ഒടുവിൽ അതിനേക്കാൾ വലിയ ഇരുട്ടിലേക്ക് നമ്മെ തള്ളിയിട്ടു അവർ കടന്നു കളയും…..

അവരെ ഓർത്തു നമ്മളാ ഇരുട്ടിലങ്ങനെ തുഴഞ്ഞു കൊണ്ടിരിക്കും……

ദൂരേക്ക് മിഴികൾ നട്ടവളത് പറയുമ്പോൾ അതിലെ നോവിനെ അവനറിയുന്നുണ്ടായിരുന്നെങ്കിലും കാരണത്തെ ചികഞ്ഞെടുക്കാനാവനു കഴിഞ്ഞില്ല…..

വഴിയോരത്തു കരിമ്പന തേങ്ങ കൂട്ടിയിട്ട് അതിനോരതായിരിക്കുന്ന ആളിൽ അവന്റെ കണ്ണുകളുടക്കി…

നിനക്ക് പനം നൊങ്ക് ഇഷ്ടമാണോ…..

പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവളവനെയൊന്നു നോക്കി…..

പനം നൊങ്കോ…. ഇത് വരെ കേൾക്കാത്ത ഒരു വാക്ക് കേട്ടതിന്റെ ഭാവം അവളുടെ മുഖത്ത് തെളിഞ്ഞു…..

അവൻ ചിരിച്ചു കൊണ്ട് കാർ സൈഡാക്കി…..

അണ്ണേ…. കൊഞ്ചം നോങ്ക് കൊടുങ്ങോ….

ദോ… തറേം….

ആദി ചിരിച്ചു കൊണ്ടത് പറയുമ്പോൾ തടിച്ചു രുണ്ട തലയിൽ തോർത്തു വെച്ച് കെട്ടിയ അയാൾ പരുക്കൻ ശബ്ദത്തിൽ വളരേ സൗമ്യമായത് പറഞ്ഞു….

അരികിലിട്ടിരിക്കുന്ന ബെഞ്ചിൽ ആദി ഇരുന്നപ്പോൾ ശിവയും അരികിലായിരുന്നു…..

കരിമ്പന തേങ്ങ എടുത്ത് വെട്ടുന്നത് കൗതുകത്തോടെ നോക്കിയിരിക്കുന്ന അവളെ ആദി കണ്ടു…..

നീ കഴിചിട്ടില്ലേ….

അവൾ ഇല്ലെന്ന് തലയാട്ടി…

ഇത് എപ്പോഴും കിട്ടില്ല…. സീസണിൽ മാത്രമേ കിട്ടു….

അപ്പോഴും അവളുടെ കണ്ണുകൾ അത് വെട്ടുന്നതിൽ തന്നെയായിരുന്നു…..

അങ്ങേയറ്റം കൗതുകത്തോടെ നോക്കിയിരിക്കുന്നവളെ കണ്ടിട്ടാവണം വെട്ടുന്ന തേങ്ങയിൽ നിന്ന് നോങ്കെടുത് അയാൾ ആദ്യം അവൾക്ക് തന്നെ കൊടുത്തത്…..

അവൾ അത് വായിൽ വെക്കുമ്പോൾ അങ്ങേയറ്റം ആസ്വദിച്ചിരുന്നതായി തോന്നി……

അവനവളെ തന്നെ നോക്കിയിരുന്നു……

അവന്റെ കയ്യിൽ അയാൾ കൊടുത്തപ്പോഴേക്കും അവളുടെ കയ്യിലെ കഴിച്ചു കഴിഞ്ഞിരുന്നു…..

അവൻ അത് കൂടി അവൾക്ക് നേരെ നീട്ടി……

കഴിച്ചോ….
അവൾ വാങ്ങാൻ മടിച്ചു നിൽക്കുന്നത് കണ്ടിട്ടാണ് അവനത് പറഞ്ഞത്….

അവൻ പറഞ്ഞതും അവൾ വാങ്ങി കഴിച്ചു തുടങ്ങി…..

ഇഷ്ടപ്പെട്ടോ…..
രണ്ട് പേരും കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആദി ശിവയോടത് ചോദിച്ചത്…..

മ്മ്….. അവൾ തല കുലുക്കി….

ചില മനുഷ്യരും ഈ പന നൊങ്ക് പോലെയാണ്….

ആദി അത് പറഞ്ഞു തുടങ്ങുമ്പോൾ ശിവ അവനെയൊന്നു നോക്കി….

കുറച്ചു നേരങ്ങൾക്ക് മുന്പേ താൻ പറഞ്ഞ അതേ വാക്കുകൾ…..
കളിയാക്കുകയാണോ എന്ന സംശയത്തിൽ അവൾ അവനെ നോക്കി….

പുറമെ കാണാൻ ഭംഗിയില്ലാത്തതും പരുക്കൻ സ്വഭാവവും മൗനവും ഗൗരവവും തുറന്നു സംസാരിക്കാത്തവരും മുഖം കൂർപ്പിച്ചിരിക്കുന്നവരും…..

അവസാനത്തിലേക്ക് പറഞ്ഞെത്തുമ്പോൾ അത് തന്നിലേക്ക് നീളുന്നുണ്ടോ എന്നവൾ സംശയിച്ചു….

അവന്റെ ചുണ്ടിൽ ചിരിയുണ്ടെങ്കിൽ അത് തന്നെ കളിയാക്കിയാണെന്ന കാര്യത്തിൽ സംശയമില്ല….

അവൾ വീണ്ടും ഇടം കണ്ണിട്ടവനെ നോക്കി….

അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നും തന്നെയില്ല…..

എന്നാൽ അകമേ അവർ ഈ നൊങ്ക് പോലെ മാർദവമേറിയവരും ഇതിന്റെ സ്വാദ് പോലെ സ്നേഹമുള്ളവരുമായിരിക്കും…..

അത്രയും പറഞ്ഞവൻ നിർത്തുമ്പോൾ അവളവനെ നോക്കി….

അത്രയും ഭാവമാറ്റ മില്ലാതെ പറഞ്ഞെങ്കിലും അവൾ നോക്കിയതും അവന് ചിരി പൊട്ടി….

പൊട്ടിച്ചിരിക്കുന്ന അവനെ നോക്കി അവൾ മുഖം കൂർപ്പിച്ചു…..

അവളെ കളിയാക്കിയതാണെന്ന സംശയം അവൾക്കുണ്ടായിരുന്നെങ്കിലും ഇപ്പോഴത് പൂർണമായിരുന്നു….

അവൾ കനപ്പിച്ചവനെ നോക്കി തിരിഞ്ഞിരിക്കുമ്പോഴും അവന്റെ ചിരി അവളുടെയുള്ളിലേക്കും പടർന്നിരുന്നു….
എങ്കിലും അവനത് കാണാതിരിക്കാൻ അവളതിനെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കല്യാണ ദിവസം അടുത്തെത്തും തോറും എല്ലാത്തിനും ശങ്കരന്റെ കൂടെ ഓടി നടക്കാൻ ആദിയുമുണ്ടായിരുന്നു….

കല്യാണം പറയാൻ പല ദിക്കുകളിലേക്കായി അവർ തിരിഞ്ഞു…..

അങ്ങനെ കല്യാണ ദിവസം വന്നെത്തി…..

അച്ഛാ…. നാളെയല്ലേ നീതുവിന്റെ കല്യാണം….. നിങ്ങളെല്ലാവരും നാളെ നേരത്തെ വരൂ….. ഞാനും ശിവയും ഇന്ന് പോവുകയാണ്…..

ആദി അത് പറയുമ്പോൾ രഘു സന്തോഷപ്പൂർവം അതിനെ സ്വീകരിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവാ…. കഴിഞ്ഞില്ലേ നിന്റെ…..

മുകളിൽ നിന്നിറങ്ങിയിട്ടും അവളെ കാണാനിട്ടാണ് അവൻ വീണ്ടും അകത്തേക്ക് കയറിയത്….

എല്ലാവരും നാളെ കല്യാണത്തിന് വരണം….
ശിവ ജാനാകിയോടും വേണിയോടും അത് പറയുമ്പോൾ ഇത് വരെ കാണാത്ത സൗമ്യത ആ വാക്കുകളിലുള്ളതായി അവന് തോന്നി…..
ഒപ്പം അവളുടെ മാറ്റത്തിലുള്ള ഒരു സന്തോഷവും…..

ജാനകി ചെറു പുഞ്ചിരിയോടെ തലയാട്ടി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവരവിടെ കയറി ചെല്ലുമ്പോൾ അത്യാവശ്യം വേണ്ടപ്പെട്ട കുടുംബക്കാരൊക്കെ വന്നിരുന്നു….

ആദീ…. നിങ്ങൾ ഭക്ഷണം കഴിച്ചാരുന്നോ…..

ആ ഞങ്ങൾ കഴിച്ചിട്ടാണിറങ്ങിയത്‌….

പറയുന്നതോടൊപ്പം അവൻ കല്യാണത്തിന്റെ ഒരുക്കങ്ങളിലേക്ക് ആഴ്ന്നിറങ്ങി…..

സദ്യ ഏൽപ്പിച്ചവർ ഫോട്ടോ ഗ്രാഫർ പന്തലുകാർ….. അങ്ങനെ എല്ലാവർക്കുമിടയിലൂടെ അവൻ ഓടി നടന്നു…..

ഉച്ച നീങ്ങി തുടങ്ങുമ്പോഴേക്കും ഒരു കല്യാണ വീടിന്റെ അന്തരീക്ഷം അവിടെ കത്തി തുടങ്ങിയിരുന്നു….

എൽ ഇ ഡി ബൾബ് കൊണ്ടലങ്കരിച്ച പന്തൽ പല വർണങ്ങളാൽ കത്തി നിന്നു……

ആളുകൾ വന്നു തുടങ്ങി….

അണിഞ്ഞൊരുങ്ങിയ നീതു കയ്കളിൽ മൈലാഞ്ചിയിട്ടു തുടങ്ങി….
ക്യാമറ മാൻ അവളെ ഒപ്പിയെടുക്കാനുള്ള തിരക്കിലായിരുന്നു…..

കല്യാണ വീട്ടിലെ തിരക്കുകൾക്കിടയിൽ ശിവയും മുങ്ങി താഴ്ന്നു പോയിരുന്നു…..

എന്തോ ആവശ്യത്തിനായി ഉമ്മറത്തേക്ക് വന്ന അവൾ കാണുന്നത് മുറ്റത്തൊരു മൂലയിലായി കസേരയിട്ടതിലിരിക്കുന്ന ആദിയെയായിരുന്നു….

മുഖം വിയർപ്പും ക്ഷീണവും കാരണമാവാം ചുവന്നിരുന്നു…..

അവിടെ ഇരുന്നും പല ആവശ്യത്തിനായി അവൻ പോകുന്നുണ്ടായിരുന്നു…. വീണ്ടും വന്നതെ സ്ഥാനത്തിരുന്നു…..

അവന്റെ ക്ഷീണം മുഖത്ത് നിന്നവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..

ആദി തലക്ക് കൈ വെച്ച് കൊണ്ടാ കസേരയിലിരുന്നു….. തലക്ക് നല്ല ഭാരം തോന്നിയിരുന്നു…..

പെട്ടെന്നാണ് വളയിട്ട കൈകളാൽ ഒരു ഗ്ലാസ്‌ തന്റെ മുന്നിലേക്ക് വന്നത്….

മുഖമുയർത്താതെ തന്നെ ആ കൈകളുടെ അവകാശിയെ അവനറിയാമായിരുന്നു….

എങ്കിലും അവൻ അവൾക്ക് നേരെ തലയുയർത്തി…. അപ്പോഴേക്കും ആ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…..

ചൂട് പാറുന്ന ആ ചായ അവൻ കൈകളിൽ വാങ്ങി…..

ഒരു ചൂട് ചായ കിട്ടിയിരുന്നെങ്കിൽ തല വേദന കുറഞ്ഞേനെ എന്നാഗ്രഹിച്ച നിമിഷമായിരുന്നു അത് തന്നിലേക്ക് വന്നത്..

തന്റെ ക്ഷീണവും പ്രയാസവും അവളെക്കാൾ നന്നായി മാറ്റാർക്കാണറിയുക….

അവനത് കുടിച്ചു കഴിയുന്നത് വരെ അവളവിടെയിരുന്നു….

ശേഷം ഗ്ലാസ്‌ വാങ്ങി എഴുന്നേറ്റ് പോയി….

അവളുടെ മൗനത്തിനു പോലും പ്രണയമായി അവന് തോന്നിയിരുന്നപ്പോൾ…..

(തുടരും )