രചന – അയിഷ അക്ബർ
ആദി മുറിയിലെത്തിയപ്പോഴേക്കും ശിവ കട്ടിലിൽ ചുരുണ്ടിരുന്നു….
അവൻ അലമാര തുറന്ന് ഒരു ചുരിദാരെടുത്തു അവൾക്കരികിലായി വെച്ചു….
എഴുന്നേറ്റ് വേഗം മാറ്റിക്കോ…
അതും പറഞ്ഞവൻ മുറി വിട്ടിറങ്ങി……
ശിവ പതിയേ എഴുന്നേറ്റു…. വസ്ത്രം മാറ്റിയതും വളരേ ബുദ്ധിമുട്ടി തന്നെയായിരുന്നു…….
കുറച്ചു സമയം കഴിഞ്ഞിട്ടും അവൾ പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് ആദി വീണ്ടും മുറിയിലേക്ക് ചെന്നത്……
കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുക തന്നെയായിരുന്നെങ്കിലും വസ്ത്രം മാറിയിരുന്നു….
വാ… എഴുന്നേൽക്ക്….
പറയുന്നതോടൊപ്പം അവൻ അവളുടെ കൈകളിൽ പിടിച്ചിരുന്നു….
അവൾ അവനെ താങ്ങാക്കിയെന്ന പോൽ പതിയേ എഴുന്നേറ്റു….. കോണിപ്പടികളിലൂടെ അവളെ പിടിച്ചിറക്കി വരുമ്പോൾ അവളുടെ ക്ഷീണം കണ്ടിട്ട് തന്നെയാണ് ജാനകിയും പോയി പിടിച്ചത്……
ജാനകി കൈകളിൽ പിടിച്ചതും അതിശയത്തോടെ അവൾ അവരെ നോക്കി….
എന്നാൽ അതൊന്നും ശ്രദ്ധിക്കാത്ത പോൽ ജാനകി നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഡോക്ടറെ കാണാനായി കാത്തിരിക്കുമ്പോഴും ക്ഷീണം കാരണം ശരീരം തളർന്നു പോകും പോലെ യവൾക്ക് തോന്നിയിരുന്നു….
തലയുടെ ഭാരം തനിക്ക് താങ്ങാനാവില്ലെന്നത് വ്യക്തമായതും അവൾ തല പതിയെ അവന്റെ തോളിലേക്ക് ചെരിച്ചു വെച്ചു…..
അവൻ പെട്ടെന്നവളെ നോക്കുമ്പോൾ അവൾ കണ്ണുകളടച്ചു കിടക്കുകയായിരുന്നു…..
ഡോക്ടറെ കണ്ടതും ഡ്രിപ്പിടാൻ പറഞ്ഞത് കൊണ്ട് തന്നെ അവളെ അവിടെ കിടത്തി മരുന്ന് വാങ്ങാനായി ആദി പോയി….
മരുന്ന് വാങ്ങി തിരിയുമ്പോഴാണ് ആദിയുടെ കൈകളിൽ ഒരു പിടി വീഴുന്നത്…..
ശങ്കരനായിരുന്നു…..അവർക്ക് പിറകിലായി നീതുവും….
എന്താ മോനെ…. എന്താ ഇവിടെ…..
ശിവ….. ശിവക്കൊരു പനി…. ഡോക്ടറെ കാണിക്കാൻ വന്നതാ….
അവനത് പറഞ്ഞപ്പോഴേക്കും ശങ്കരന്റെ മുഖത്ത് വെപ്രാളം നിറഞ്ഞു വന്നു…
എന്നിട്ടവളെവിടെ….. ഒട്ടും വയ്യേ…..
ഇല്ലാ….. ഇപ്പൊ പനി കുറവുണ്ട്…. നല്ല ക്ഷീണമുള്ളത് കാരണം ഗ്ളൂക്കോസ് കയറ്റാൻ പറഞ്ഞിരിക്കുകയാണ്….
അവനത് പറയുമ്പോഴും ശങ്കരന്റെ കണ്ണിൽ ആധിയായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവാ….. മോളേ…..
ശങ്കരന്റെ വിളിയിൽ അവൾ പതിയേ കണ്ണുകൾ തുറന്നു….
വിളിക്കുന്നതോടൊപ്പം അയാൾ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കുന്നുണ്ടായിരുന്നു….
നീതു പുച്ഛത്തോടെ തല ചെരിച്ചു…..
മരുന്നുകൾ കൊടുത്ത് നഴ്സിനെ വിളിച്ചു ആദിയെത്തിയപ്പോഴും ശിവ അതേ കിടപ്പ് തന്നെയായിരുന്നു……
ആദി പതിയേ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവളെ ചാരിയെന്ന വണ്ണം ഇരുന്നു……
ഞരമ്പിലേക്ക് സൂചി കയറ്റുമ്പോൾ കാണുന്ന ആദിയുടെ കണ്ണുകൾ പതിയേ അടഞ്ഞു പോയെങ്കിലും അവളിൽ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിരുന്നില്ല…..
മുഖഭാവം പോലും മാറാതെ അതെയിരിപ്പിരിക്കുന്നവളെ ആദി ഇരുത്തി യൊന്നു നോക്കി…….
അവളെ കട്ടിലിൽ കിടത്തിയതും അതിനൊരത്തായി ശങ്കരനും ആദിയും ഇരുന്നു….
ശങ്കരന് പിന്നിലായി നീതുവും നിൽക്കുന്നുണ്ടായിരുന്നു….
നിങ്ങളാരെ കാണിക്കാൻ വന്നതാ…..
ഞാൻ പ്രഷർ ഒന്ന് നോക്കാൻ വന്നതാ മോനെ.. ഇവൾക്കെന്തോ തുന്നാൻ കൊടുക്കാനുണ്ടെന്ന് പറഞ്ഞു അവളും കൂടെ കൂടി….
ശങ്കരൻ അത് പറഞ്ഞപ്പോഴും ആദിയുടെ കണ്ണ് നീതുവിലായിരുന്നു….
ചേച്ചി വയ്യാതെ കിടക്കുമ്പോഴും ഒരു വിരുന്ന് കാരിയെ പോലെ നിൽക്കുന്ന അവളുടെ പെരുമാറ്റത്തിൽ ആദി ക്കെന്തോ ഒരു വന്യത തോന്നി…….
ഒരുപക്ഷെ ശിവ ചതിച്ചുവെന്ന് അവൾ വിശ്വസിക്കുന്നത് കൊണ്ടായിരിക്കുമോ…..
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ശിവയെ മനസ്സിലാക്കാൻ തനിക്ക് സാധിച്ചെങ്കിൽ ഇത്ര വർഷം ഒരുമിച്ചുണ്ടായിരുന്നവൾ ചതിക്കില്ലെന്ന് മനസ്സിലാക്കാൻ നീതുവിന് കഴിയാത്തതെന്താണ്…..
മോനെപ്പോഴാ വന്നത്…..
ഓർമ്മകൾ വേലിയേറ്റങ്ങൾ സൃഷ്‌ടിക്കുമ്പോൾ നിശബ്ദത കീറി മുറിച്ചു കൊണ്ട് ശങ്കരൻ ചോദിച്ചത്…….
ഞാൻ പുലർച്ചെ എത്തി….
കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ എവിടം വരെയായി ……
ആദിയത് ചോദിക്കുമ്പോൾ അവനെ തുറിച്ചു നോക്കുന്ന നീതുവിനെ അവൻ കണ്ടില്ലെന്ന് നടിച്ചു….
ഒക്കെ നടന്നു കൊണ്ടിരിക്കുന്നു…. പറഞ്ഞു പറഞ്ഞു കല്യാണം ഇങ്ങടുത്തെത്തിയില്ലേ….. ഞാനാകെ വെപ്രാളത്തിലായിരുന്നു ഒറ്റക്കെന്താ ചെയ്യാന്നറിയാതെ…..
ഇനിയിപ്പോ നീ കൂടെയുണ്ടല്ലോ…..
അത്ര മേൽ തന്റെ മേലിലുള്ള വിശ്വാസത്തോടെ ശങ്കരനത് പറയുമ്പോൾ ആദി അവരുടെ കൈകൾക്ക് മേൽ അവന്റെ കൈകൾ ചേർത്തു…..
വാക്കുകൾ കൊണ്ട് പകരം കൊടുക്കാൻ കഴിയാത്തൊരു മറുപടിയെന്നോണം…..
ഗ്ളൂക്കോസ് കഴിയാനായപ്പോഴേക്കും അവളുടെ ക്ഷീണം കുറഞ്ഞിരുന്നു….
നിനക്ക് കുടിക്കാനെന്തെങ്കിലും വാങ്ങി വരട്ടെ…..
ആദിയുടെ ആ ചോദ്യം മനസ്സിലൊരു അവളുടെ തണുപ്പ് നിറച്ചു…..
വരളുന്ന തൊണ്ട തന്നോടാവശ്യപ്പെടാൻ തുടങ്ങിയിരുന്നു കുറച്ചു വെള്ളം …..
അവൾ പതിയേ തല കുലുക്കി……
വയ്യെങ്കി മോളെന്താ അച്ഛനെയൊന്ന് വിളിക്കാതിരുന്നത്…..
ശങ്കരൻ ചോദിക്കുമ്പോൾ ശിവ പതിയേ ഒന്ന് പുഞ്ചിരിച്ചു…….
പറഞ്ഞാലും അച്ഛനൊരു ഭാരമെന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ലെന്ന് അവൾക്കറിയാമായിരുന്നു….
ഇനി ഏതായാലും മോള് വീട്ടിലേക്ക് പോര്…… ഒന്ന് സുഗായിട്ട് തിരിച് പോവാം….
അവൾക്കെന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു…..
അപ്പഴേക്കും വെള്ളവുമായി ആദിയെത്തിയിരുന്നു…..
കയ്യിലുള്ള ജ്യൂസ് അവൾക്ക് നേരെ നീട്ടി…..
തണുത്ത മുന്തിരി ജ്യൂസ് വരണ്ട തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു…..
ഇനിയെതായാലും അവളെന്റെ കൂടെ പോരട്ടെ ആദീ….. അവളുടെ ഭേദമായിട്ട് കൂട്ടി കൊണ്ട് പോവാം…..
ശങ്കരൻ അത് പറയുമ്പോൾ എതിർത്തു പറയാനാവാത്ത വിധം ആദി നിന്നു…..
അതിപ്പോ….. കല്യാണ തിരക്കിലൂടെ അവളും കൂടി വന്നാ നിങ്ങൾക്ക് ബുദ്ധിമുട്ടാവുകയേയുള്ളു….
ഇനിപ്പോ ഞാൻ ഉണ്ടല്ലോ…. അവളെ ഞാൻ നോക്കിക്കോളാം…..
മടിച്ചു മടിച്ചു ആദിയത് പറയുമ്പോൾ ശങ്കരൻ ചിരിച്ചു….
എങ്കി പിന്നേ അങ്ങനെ ആയിക്കോട്ടെ….
ചിരിച്ചു കൊണ്ട് ശങ്കരൻ പറഞ്ഞപ്പോൾ ആദിക്ക് തോന്നിയ അതേ ജാള്യത ശിവയുടെ മുഖത്തും പരക്കുന്നത് അവൻ കണ്ടിരുന്നു…..
നീതു രണ്ട് പേരെയും ദേഷ്യതോടെ നോക്കി നിന്നു….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹വീട്ടിലെത്തി കട്ടിലിലേക്കവൾ കിടന്നപ്പോഴേക്കും കഞ്ഞിയുമായി ആദി എത്തിയിരുന്നു..
അന്ന് മുഴുവൻ അവൻ ആ മുറിക്കുള്ളിലായോതുങ്ങി…
അവൾ ഉറക്കത്തിലാണെങ്കിലും തന്റെ നെറ്റിയിൽ തൊട്ട് നോക്കുന്ന അവന്റെ കൈകളുടെ ചൂട് അവൾക്കുള്ളിലെ മഞ്ഞിനെ ഉരുക്കി കളയുമായിരുന്നു…
സമയത്തിന് ഭക്ഷണവും മരുന്നുമായി തന്റെയടുക്കൽ വരുന്നവനു മനസ്സ് നൽകിയത് അമ്മയുടെ രൂപമോ…..
പനിക്കുമ്പോൾ തണുത്തു വിറച്ചു പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാൻ ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞൊരു കൂട്ടുകാരി തനിക്കുണ്ടായിരുന്നു…..
എന്നാലതിന് ഇത്രത്തോളം സുഗമുണ്ടെന്ന് ഇപ്പോഴാണ് താനറിയുന്നത്…..
ആ സമയം നെറ്റിയിൽ തൊട്ടു നോക്കുന്ന ഭക്ഷണവുമായി കുറച്ചുകൂടി കഴിക്കെന്ന് പറയുന്ന അമ്മയായിരിക്കില്ലേ അവളുടെ ഇഷ്ടം…..
എന്നാൽ അന്നതറിയാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നിരിക്കില്ല…….
എന്നാൽ തന്നെ പോലെ പനിച്ചു വിറച്ചും അടുക്കളയിൽ കയറേണ്ടി വരുന്ന പനി മാറാത്തത്തിൽ വേദനിക്കുന്ന ഒരു മുഖവും ചുറ്റുമില്ലാത്ത അവസ്ഥ ഒരു തവണ അവളറിഞ്ഞാൽ അവൾക്ക് തീർച്ചയായും മനസ്സിലാവും എന്തായിരുന്നു പനിയോടുള്ള ഇഷ്ടമെന്ന്…..
ഇന്ന് താനറിയുന്നുണ്ട് പനിയുടെ സുഖം…..
ഗുളിക കഴിച്ചിട്ടും എന്താടോ തന്റെ ചൂടൊന്ന് കുറയാത്തത്……
പറയുമ്പോൾ അവന്റെ കണ്ണുകളിലെ ഭാവവും വാക്കുകളിലെ വേദനയും അളക്കുമ്പോൾ അവൾക്കുള്ളിൽ ഒരു പുഞ്ചിരിയൂറി…..
അവന്റെ വേദന തന്നെ അത്ര മേൽ സന്തോഷവതിയാക്കുന്നുണ്ട്…..
നിനക്ക് ഞാനുണ്ടെന്ന് പറയാതെ പറയും പോൽ….
ശരീരത്തിന്റെ ക്ഷീണത്തിലായിരുന്നെങ്കിലും മനസ്സ് ഊർജസ്വലയായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആദി ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നപ്പോൾ ശിവ കട്ടിലില്ലായിരുന്നു….
അവൻ എഴുന്നേറ്റു താഴേക്ക് നടന്നു….
കോണിപ്പടികളിറങ്ങിയതും തന്റെ നേർക്ക് ചായയുമായി വരുന്നവളെ തട്ടി പെട്ടെന്നൊന്നു നിന്നു…
അവളുടെ കയ്യിലെ ചായ യൊന്നു തുളുമ്പി…..
അവൾ മിഴികളുയർത്തി അവനെ നോക്കി….
കണ്ണുകളിൽ പഴയ പ്രസരിപ്പ് തിരിച് വന്നിരുന്നു….
രണ്ട് ദിവസം പനിച്ചത് കൊണ്ടാവാം കവിളുകൾ ഒട്ടിയിരുന്നു..
അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു….
പിന്നേ ചായ കൈകളിൽ വാങ്ങി…..
ആാാഹ…. ഒത്തിരി ദിവസങ്ങൾക്കു ശേഷം….
ചായ ചുണ്ടോടു ചേർത്ത് മുഖത്ത് ഭാവങ്ങൾ വരുത്തി അവനത് പറയുമ്പോൾ തിരിഞ്ഞു നടന്നിരുന്ന അവൾ പിന്തിരിഞ്ഞവനെ നോക്കി….
അത് ഞാനിട്ടതല്ല…. അമ്മയാണ്….
അവൾ അവനെ തോൽപ്പിച്ചെന്ന വണ്ണം അത് പറഞു നിർത്തുമ്പോൾ അവൻ ചമ്മിയ പോൽ നിന്നു..
തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ചുണ്ടിലൂറിയ ചിരിയെ കാണാതെ തന്നെ അവനറിയാമായിരുന്നു…….
(തുടരും )

by