19/04/2026

അവകാശി : ഭാഗം 14

രചന – ആയിഷ അക്ബർ

പോകണമെന്നത് നിർബന്ധമാണോ…..

ഈ പ്രയാസങ്ങളും ചിലവുകളും എല്ലാം ഞാൻ സ്വന്തമാക്കിയാലോ….

കാരണം അവയിൽ കുരുങ്ങി കിടന്നതത്രയും എന്റെ സന്തോഷങ്ങളായിരുന്നു….

നിന്നെയും മോളെയും ഞാൻ നോക്കിക്കോളാം… എന്റെ കണ്ണടയും വരെ….

ഇത് നിന്റെ മേലിലുള്ള സഹതാപം കൊണ്ടോ അല്ലെങ്കിൽ കുഞ്ഞിനോടുള്ള അളവറ്റ സ്നേഹം കൊണ്ടോ മാത്രമല്ല…..

തമ്മിൽ കാണുമ്പോഴും പരസ്പരം മിണ്ടുമ്പോഴും ഓരോ പ്രവർത്തികളിൽ നിന്നും ഞാനാഗ്രഹിച്ചൊരു കൂട്ട് ഞാൻ നിന്നിൽ കണ്ടിരുന്നു…..

മാറ്റാരെക്കാളേറെ എന്നെ മനസ്സിലാക്കാൻ പലപ്പോഴും നിനക്ക് കഴിഞ്ഞത് കൊണ്ടാവാം ഒരു പക്ഷേ…

പാർത്ഥൻ തന്റെ ഹൃദയത്തിലുള്ളത് അവളോട് തുറന്ന് പറയുമ്പോൾ ധൈര്യം എവിടുന്ന് കിട്ടിയെന്ന് അവനു തന്നെ അറിയില്ലായിരുന്നു…..

എങ്കിലും അവന്റെ വാക്കുകളിൽ കലർന്ന വികാരത്തിന്റെ തീവ്രത പാർവതി ക്കറിയുന്നുണ്ടായിരുന്നു….

അവളുടേ നെഞ്ചിൽ നീറ്റൽ പൊടിഞ്ഞു……

അവളൊന്നും മിണ്ടിയില്ല….

പകരമായി അവളുടേ കണ്ണുകളിൽ നിന്നും നീർ തുള്ളികൾ ഇറ്റ് വീണു…..

ഒരു താലി ചരട് ആവശ്യമെങ്കിൽ ഈ കഴുത്തിൽ ചാർത്തി ഞാൻ രണ്ട് പേരെയും സ്വന്തമാക്കിക്കോളാം….

പോകാതിരുന്നു കൂടെ….

അവൻ അങ്ങേയറ്റം ആർദ്രമായി അത് പറയുമ്പോൾ വാക്കുകളിൽ പ്രതീക്ഷയും അത്ര മേൽ നനവും കലർന്നിരുന്നു……

ദയവ് ചെയ്ത് പോകരുതെന്ന് മാത്രം പറയരുത്……
നിങ്ങൾ പോകരുതെന്ന് പറഞ്ഞാൽ പോകാതിരിക്കാനെ എനിക്ക് കഴിയു……

എന്നാൽ പോകണമെന്നത് എന്റെ ആവശ്യമാണ്‌ …

പാർവതി നിറഞ്ഞു വരുന്ന മിഴികൾ വീണ്ടും വീണ്ടും തുടച്ചു കൊണ്ടത് പറയുമ്പോൾ പാർത്ഥന്റെ ഹൃദയത്തിൽ ഒരു അഗ്നി പർവതം പുകഞ്ഞു തുടങ്ങിയിരുന്നു…..

അവൾ പോകുകയില്ലെന്ന് ഒരുവേള തന്റെ മനസ്സും വിശ്വസിച്ചിരുന്നോ…..

പെട്ടെന്ന് തൊണ്ട വരളും പോലെ…. ശ്വാസമെടുക്കാൻ അവന് പ്രയാസം തോന്നി….

അവൻ അവളിൽ നിന്നും പെട്ടെന്ന് മുഖം തിരിച്ചു….

അമ്മയെയും അച്ഛനെയും വേണ്ടെന്ന് വെച്ച് ഞാൻ അവനോടൊപ്പം ഇറങ്ങുമ്പോൾ കരയുന്ന അമ്മയെ കണ്ടെന്നു വെച്ചിരുന്നില്ല….

നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു മറ്റുള്ളവർക്ക് മുമ്പിൽ പരിഹാസ പാത്രമായി നിൽക്കുന്ന അച്ഛന്റെ മുഖവും ഓർത്തില്ല…..

എന്നാൽ ഞാനൊരു കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് അവരെത്ര മാത്രം എന്നെ ഓർത്ത് സങ്കടപ്പെട്ടിട്ടുണ്ടാകുമെന്ന തിരിച്ചറിവ് എനിക്ക് വരുന്നത്…..

അവരുടെ അടുത്തേക്ക് തിരികെ പോകണം….

മാപ്പ് പറഞ്ഞാ കാലിലേക്ക് വീഴണം…..
അവർ ക്ഷമിച്ചാലും ഇല്ലെങ്കിലും…..

പോകുന്നതിന്റെ കാരണം എന്തെന്ന് അവൻ ചോദിച്ചില്ലെങ്കിലും അവൾ പറഞ്ഞ് തുടങ്ങിയിരുന്നു….

അവനൊന്നും മിണ്ടാത്തെ ദൂരേക്ക് നോക്കിയിരുന്നു…

അവർ പോയാൽ ശൂന്യമായി പോകുന്ന തന്റെ ജീവിതത്തെ ഓർത്ത് ഒന്നും മിണ്ടാനാവാതെ ഇരിക്കുകയായിരുന്നു പാർത്ഥനപ്പോഴും…..

അതിനൊക്കെ മുൻപ് എനിക്കവനെ കണ്ട് പിടിക്കണം….

ലോകത്തിന്റെ ഏത് കോണിലായാലും അവനെ എനിക്ക് കാണണം….

എന്റെ കുഞ്ഞിനെ അവന്റെ കൺ മുമ്പിൽ തന്നെ വളർത്തി അവന്റെ മുമ്പിൽ എനിക്ക്
ജയിക്കണം……

ഞാൻ തോറ്റു പോയിട്ടില്ലെന്ന് അവനെ എനിക്കറിയിക്കണം….

അവൾ വാശിയോട് കൂടി അത് പറയുമ്പോഴും പാർത്ഥൻ ഒരേയിരിപ്പായിരുന്നു….

എന്നാൽ ഇവിടെ നിന്ന് ഞങ്ങൾ പോകുന്നുണ്ടെങ്കിൽ അത് പാർത്ഥന്റെ സമ്മതത്തോടെ മാത്രമായിരിക്കും…..

അവളത് പറഞ്ഞത് അവന്റെ മുഖത്ത് നോക്കിയായത് കൊണ്ട് തന്നെ അവൻ അവളിലേക്ക് തിരിഞ്ഞു….

ഇത്രയും കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെങ്കിൽ ഞാൻ അതിനൊന്നും തടസ്സമാവുന്നില്ല…..
നിങ്ങൾക്ക് പോകാം…

എന്നാലൊരു കാര്യം…. രണ്ട് ദിവസം കഴിഞ്ഞാൽ ആരതിയുടെ പിറന്നാളല്ലേ… അത് കഴിഞ്ഞ് പോകാം…. പറ്റുമെങ്കിൽ അത് വരെ ഇവിടെ നിൽക്കണം…..

പാർത്ഥനത് പറയുമ്പോൾ നിറഞ്ഞ മിഴികളോട് കൂടി സമ്മതമെന്ന വണ്ണം തലയാട്ടി അവൾ അകത്തേക്ക് പ്പോയി…..

തികട്ടി വന്ന കണ്ണിനീറിനെ പിടിച്ചു നിർത്തി അവൻ അവിടെയിരുന്നു വിതുമ്പി…

പതിയേ എഴുന്നേറ്റ് അകത്തേക്ക് കയറാനൊരുങ്ങുമ്പോൾ തന്നെ നോക്കി നിൽക്കുന്ന മീനുവിനെയാണവൻ കണ്ടത്….

അവളുടേ കണ്ണുകളിൽ എരിയുന്ന കനലിനെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് അവൻ നോട്ടം നിലത്തേക്ക് പായിച്ചത്…..

അവൾക്കറിക്കിലൂടെ നടന്ന് അകത്തേക്ക് കയറുമ്പോഴേക്ക് കയ്യിലൊരു പിടുത്തം വീണിരുന്നു….

മുഖത്ത് നോക്കുകയല്ലാതെ നിവൃത്തിയില്ലെന്നറിഞ്ഞതും പാർത്ഥൻ മുഖം പതിയേ ഉയർത്തി…..

സ്നേഹിച്ചതിനും കൊണ്ട് നടന്നതിനും വയറു നിറയെ കിട്ടിയല്ലോ…..
ഇനിയും ഏട്ടന് മതിയായില്ലേ….

ഈ കണ്ണ് നീര് കാണാൻ കഴിയാത്തത് കൊണ്ടായിരുന്നില്ലേ പലവട്ടം ഞാൻ ഓർമിപ്പിച്ചത്…..

അവനവനെ സ്നേഹിച്ചതിന്റെ ബാക്കി മാത്രം മറ്റുള്ളവർക്ക് വേണ്ടി നീക്കി വെക്കുക….

എത്ര കിട്ടിയാലും ഏട്ടന് പഠിയാത്ത പാഠവും അതു തന്നെ…..

ദേഷ്യത്തോടെ അതും പറഞ്ഞ് അകത്തു പോകുന്നവളോട് തിരിച്ചു പറയാൻ അവന്റെ കയ്യിലും വാക്കുകളുണ്ടായിരുന്നില്ല…..

മനസ്സറിഞ്ഞു കൊടുത്താലും തിരിച്ചു കിട്ടാത്ത ഒന്നാണോ സ്നേഹം…..

അവന്റെ മനസ്സിലും സംശയങ്ങൾ തല പൊക്കി തുടങ്ങിയിരുന്നു…..

അടക്കി വെക്കാനാകാത്ത വിങ്ങലിനെ മറക്കാൻ അവൻ നിദ്രയെ കൂട്ട് പിടിച്ചു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇനി കൊച്ചിനെ എടുത്ത് തലയിൽ വെച്ച് നടക്കേണ്ട….
അവർ നാളെ കഴിഞ്ഞാൽ പോകുന്നവരാണ്….
ഏട്ടനാരുമല്ല….. അതോർത്താൽ നല്ലത്….

രാവിലെ തന്നെ മീനുവിന്റെ താക്കീത് തനിക്ക് കിട്ടിയിരുന്നു….

അവരിൽ നിന്നല്പം അകന്ന് നിൽക്കുന്നത് തന്നെയാണ് നല്ലതെന്ന് അവനും തോന്നി……

സാധാരണ മോളുണർന്നാൽ എടുക്കാറുള്ളത് അവനായിരുന്നു…..
എന്നാൽ ഇന്ന് ശബ്ദം കേട്ടിട്ടും അവൻ എഴുന്നേറ്റില്ല……

മനസ്സ് പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ അപ്പുറത് നിന്നുള്ള മീനുവിന്റെ ശക്തമായ നോട്ടത്തിൽ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു…..

കുറച് കഴിഞ്ഞ് കുഞ്ഞി കാലടികൾ വെച്ച് അവൾ നടക്കുന്നത് കാണുന്നുണ്ടെങ്കിലും കാണാത്ത ഭാവത്തിൽ തന്നെ അവനിരുന്നു…..

എന്നാൽ അവൾ നടന്ന് ആദ്യം വന്നത് പാർത്ഥന്റെ അടുത്തേക്ക് തന്നെയായിരുന്നു……

അവന്റെ അടുത്തായി അവൾ നിൽക്കുമ്പോഴും അവൻ തലക്ക് കൈ വെച്ച് അതെയിരിപ്പ് തന്നെയായിരുന്നു……

അച്ഛ….

അവൾ അവന്റെ കയ്യിൽ പിടിച്ചു വിളിക്കുമ്പോഴും അവൻ മുഖത്തേക്ക് നോക്കിയില്ല….

അവളെ നോക്കിയാൽ ഒരുപക്ഷെ താൻ അവളെ കോരിയെടുക്കുമെന്ന് അവനുറപ്പായിരിക്കാം…..

അവൻ വിളി കേൾക്കുന്നില്ലെന്ന് കണ്ടതും അവന്റെ മടിയിൽ അവൾ തല വെച്ച് കിടന്നു…..

ഇനിയും പിടിച്ചു നിൽക്കാൻ അവൻ അശക്തനായിരുന്നു….

കോരിയെടുത്തു അവളെ ചുംബിക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…..

അവന്റെ കവിളിലൂടെ ഒഴുകി വരുന്ന കണ്ണു നീർ കുഞ്ഞി കൈകൾ തുടച്ചു നീക്കുമ്പോൾ ആ കുഞ്ഞി കണ്ണുകളും നിറഞ്ഞു വന്നിരുന്നു…..

തന്റെ സങ്കടം കണ്ടിട്ടാവുമെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ വേഗം കണ്ണുകൾ അമർത്തി തുടച്ചു അവൾക്ക് നേരെ പുഞ്ചിരിച്ചു…..

അവളുടേ മുഖത്തും പ്രകാശം പരന്നിരുന്നു…..

അവളൊന്ന് കൂടി അവനോട് ചേർന്നിരുന്നു…..

അവനവളെ വീണ്ടും ചുംബിച്ചു….

പതിയേ മീനുവിന്റെ മുഖത്തേക്കവൻ നോക്കുമ്പോൾ അവളിൽ മുൻപ് കണ്ടിരുന്ന ദേഷ്യം നിസ്സഹായതക്ക് വഴി മാറിയിരുന്നു…..

മുറിയിൽ നിന്ന് കൊണ്ട് ഈ രംഗം കണ്ട് കൊണ്ടിരുന്ന പാർവതിയുടെ മിഴികളും നിറഞ്ഞു തൂവി…..

പിന്നീട് ആരതിയെ കാണുമ്പോൾ നെഞ്ചിലൊരു കല്ലെടുത്തു വെച്ച ഭാരം അവന് തോന്നിയിരുന്നെങ്കിലും അവളോടുള്ള വാത്സല്യത്തിന് കുറവ് വരുത്തിയില്ല…..

മീനുവിന് പിന്നീടൊന്നും പറയാനും കഴിഞ്ഞിരുന്നില്ല….

അവർ പോകുന്നത് വരെ അകറ്റി നിർത്തുകയല്ല വേണ്ടത്….

മനസ്സിൽ അവൾക്കായി സ്വരു കൂട്ടി വെച്ച സ്നേഹം മുഴുവൻ കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നു അവൻ തീരുമാനിച്ചിരുന്നു……

(തുടരും )