18/04/2026

അവകാശി : അവസാന ഭാഗം

രചന – ആയിഷ അക്ബർ

അവര് പോയി കഴിഞ്ഞ് പാർത്ഥൻ പിറകിലേക്ക് തിരിഞ്ഞതും അവനെ നോക്കി വാതിൽ പടിയിൽ ലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു..

ഇത്രയേറെ നോവുള്ളിലൊതുക്കുന്നുണ്ടെന്ന് അറിഞ്ഞില്ലായിരുന്നു….

നിങ്ങളെ ഇത്രത്തോളം മനസ്സിലാക്കാൻ കഴിയുന്ന പാർവതി തന്നെയാണ് നിങ്ങളിലേക്ക് ചേരേണ്ടത്….

അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും നടന്നകലുന്നവളെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആരു എഴുന്നേറ്റതും അവളുടേ കണ്ണുകൾ ഉമ്മറത്തേക്കാണ് ആദ്യം നീണ്ട് പോയത്…..

അവിടെ അവരില്ലെന്ന തിരിചറിവ് അവളിലുണ്ടാക്കിയ സന്തോഷത്തെ അവളുടേ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് നേരത്തെ തന്നെ അവൻ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി…..

ആരുവിനെ കുളിപ്പിച്ച് പുതിയ ഉടുപ്പ് മാറ്റി കൊടുക്കുമ്പോൾ അവളുടേ മുഖത്തെ ഭയം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു…..

എങ്കിലും അവളൊന്നും ചോദിച്ചില്ല..

മുടി ചീകി തിരിയുമ്പോൾ അവന്റെ കയ്യിലൊരു പിടുത്തം വീണു…..

കുഞ്ഞി കൈകൾ മെല്ല അവനടർത്തി മാറ്റി അവൾക്ക് നേരെ പുരികമുയർത്തി…..

പാർതനില്ലാതെ എനിക്കമ്മയെ വേണ്ടാ….

അവളത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു….

അവളെ പാർവതിയുടെ കൂടെ വിടുമോ എന്ന ഭയം അവളിൽ നിറഞ്ഞു കണ്ടു…..

ആർക്കും വിട്ട് കൊടുക്കില്ല ഞാൻ നിന്നെ…..
പാർത്ഥന്റെ ശ്വാസം നിലക്കും വരെ നീയെന്റെയായിരിക്കും….

അവനതും പറഞ്ഞവളെ കെട്ടിപ്പിടിക്കുമ്പോൾ അവളിൽ അല്പം ആശ്വാസം നിറഞ്ഞു കണ്ടു….

സാധങ്ങളെല്ലാം എടുത്തു വെച്ച് പാർത്തനും ഡ്രസ്സ്‌ മാറിയതും അവളുടേ മുഖത്തെ സങ്കടം സന്തോഷത്തിനു വഴി മാറി….

ആർക്കും തന്നെ കൊടുക്കാതിരിക്കാൻ ദൂരേക്ക് പോകുകയാണെന്ന് അവൾ കരുതിയിട്ടുണ്ടാവും ….

വാതിൽ പൂട്ടി താക്കോൽ അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് പാർത്ഥൻ കണ്ടിരുന്നു…..

അവനവരെ ചേർത്ത് പിടിച്ചു…..

ലക്ഷ്മി നിർവികാരമായി എല്ലാം നോക്കി കണ്ടു…..

അവർ ആരുവിനെ ചുംബനങ്ങളാൽ മൂടി….

തങ്ങളെ ലക്ഷ്യമാക്കി ബാഗുമായി വരുന്ന പാർവതിയെ കണ്ടതും ആരു പെട്ടെന്ന് പാർത്ഥന്റെ പിറകിലേക്ക് നീങ്ങി നിന്നു….

അവളുടേ ഹൃദയമിടിപ്പ് കൂടുന്നത് പാർത്ഥനറിയുന്നുണ്ടായിരുന്നു…..

പാർവതി അവളെ നോക്കി…

പിന്നീട് പതിയേ അവൽക്കരികിൽ മുട്ട് കുത്തിയിരുന്നു…..

ഞാനും വരട്ടെ നിങ്ങളുടെ കൂടെ…. എന്നേ കൂടി കൂട്ടാമോ…..

പാർവതി ചെറു ചിരിയാലത് ചോദിക്കുമ്പോൾ അവൾ പാര്ഥനെ നോക്കി….

പാർത്ഥൻ അവൾക്കായൊരു പുഞ്ചിരി നൽകിയതും ആ മുഖം പ്രകാശിച്ചു…..

പാർവതി അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു…..

അപ്പോഴേക്കും അജിയുടെ ബൈക്ക് അവിടെ വന്നു നിന്നു …..

ആദ്യം ഇറങ്ങിയത് അവന്റെ കൂടെ വന്ന ശാരതാമ്മ യായിരുന്നു…..

അവരുടെ മുഖം അജിയുടെത് പോലെ തന്നെ നിർവികാരമായി കാണപ്പെട്ടു….

മുത്തശ്ശി ഞങ്ങള് പോവാ….

ആരു ഓടി ചെന്ന് ശാരതയോടത് പറയുമ്പോൾ അവരവളെ കോരിയെടുത്തു..

മുഖം മുഴുവൻ ചുംബങ്ങളാൽ മൂടുമ്പോൾ അവയിലെ ഉപ്പ് രസം ആരുവറിയുന്നുണ്ടായിരുന്നു…

അജി ബൈക്കിൽ ചാരി നിന്ന് അവരെ നോക്കുമ്പോൾ അവന്റെ ഹൃദയം പിളരുന്നുണ്ടായിരുന്നു….

ശാരതാമ്മ കയ്യിൽ കരുതിയ ഒരു സ്വർണ മാല ആരുവിന്റെ കഴുത്തിലിട്ടു കൊടുത്തു…..

എനിക്ക് വേണ്ട മുത്തശ്ശി..

അവൾ പാർത്തനെ നോക്കി…

പാർത്ഥനും വേണ്ടെന്ന് പറയുമെന്നവൾ കരുതിയിരുന്നു..

എന്നാൽ അവനൊന്നും മിണ്ടിയില്ല….

കാരണം അവനറിയാമായിരുന്നു അവളുടേ അച്ഛൻ അവൾക് നൽകുന്ന സമ്മാനമാണെന്ന്…..

ശാരത പാർവതിയെ ഒന്നു നോക്കി ചിരിച്ചെന്നു വരുത്തി…..

എല്ലാവരോടും പരസ്പരം യാത്ര പറഞ്ഞ് പിരിയാൻ നേരം പാർത്ഥൻ അജിയുടെ അരികിലേക്ക് ചെന്നു…..
കയ്യിൽ ആരുവിനെയും പിടിച്….

അങ്കിൾ..ഞങ്ങള് പോവാ…

ആരുവത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

എത്ര പിടിച്ചു നിർത്തിയിട്ടും അവ ഒഴുകി കൊണ്ടിരുന്നു…ആരുവിനെ ചേർത് പിടിച്ചു നെറ്റിയിലോരുമ്മ കൊടുത്തവൻ..

ഒരു ജന്മത്തിലെക്കെന്ന പോൽ….

ശാരതയുടെയും പാർവതിയുടെയും പാർത്തന്റെയും നെഞ്ച് നീറുമ്പോൾ ആ വേദന ലക്ഷ്മിയിലേക്കും പടരുന്നുണ്ടായിരുന്നു….

ആരുവോടി ചെന്ന് താഴെ വെച്ച ബാഗിന്റെ സൈഡിൽ നിന്നും ഒരു കടലാസെടുത് അജിക്ക് നേരെ നീട്ടി…..

അവൻ നിറഞ്ഞ മിഴികളോട് തന്നെ അത് വാങ്ങി തുറന്ന് നോക്കി….

അതവള് വരച്ചോരു ചിത്രമായിരുന്നു….

അതിൽ അജിയങ്കിൽ പാർത്ഥൻ ആരു എന്നെഴുതിയ മൂന്ന് രൂപങ്ങളെ അവളുടേതായ രീതിയിൽ അവൾ വരച്ചു ചേർത്തിരുന്നു…..

ഇവിടെ വന്നത് മുതൽ തങ്ങൾക്ക് മൂന്ന് പേർക്കും ഇടയിൽ വിരിഞ്ഞോരാ മനോഹര സൗഹൃദമായിരുന്നു അതിൽ നിറഞ്ഞു കണ്ടത്..

നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അവൻ പുഞ്ചിരിച്ചു ….

അവളെ കോരിയെടിതവനുമ്മ വെക്കുമ്പോൾ അവൾ ചിരിച്ചു…..

അജി….

പോകാനുള്ള സമയമായതും പാർത്ഥൻ അജിയെ വിളിച്ചു …. ആരുവിനെ താഴെയിറക്കി അവൻ പാർത്തനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്…..

ഇരുവരുടെയും മനസ്സ് സുതാര്യമായത് കൊണ്ട് തന്നെ വാക്കുകൾക്കവിടെ ഇടമില്ലായിരുന്നു…..

അവരെ…. അവരെ നോക്കിക്കോണേ പാർതാ…

ഇറങ്ങുമ്പോൾ അവൻ തന്നോട് പറഞ്ഞ വാക്കുകൾ പാർത്ഥന്റെ ചെവിയിൽ നിറഞ്ഞു നിന്നു….

ഒപ്പം നോവ് നിറഞ്ഞ അവന്റെ മുഖവും….

അവര് പോകുന്ന വണ്ടി കണ്ണിൽ നിന്ന് മറയുവോളം തിളങ്ങുന്ന കണ്ണുകളാൽ അജിയങ്ങനെ നോക്കി നിന്നു…..

തോളിൽ പതിയെ ഒരു കരസ്പർഷം അരിഞ്ഞതും അവൻ പിറകിലേക്ക് തിരിഞ്ഞു…

ലക്ഷ്മിയായിരുന്നത്….

അവനവളെ നോക്കി..

നേടുന്നത് മാത്രമല്ല…. വിട്ട് കൊടുക്കുന്നതും സ്നേഹമാണ്…..

ഇവിടെ നിങ്ങളൊരിക്കലും തോറ്റിട്ടില്ല….
ആരെയും തോൽക്കാൻ സമ്മതിക്കാത്ത നിങ്ങള് തന്നെയാണ് ജയിച്ചത്….

അവളത് പറയുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അജിയെ കുറിച്ചാലോചിക്കുമ്പോൾ മനസ്സ് വല്ലാതെ നോവുന്നു…

പാർത്ഥനത് പറയുമ്പോൾ പാർവതി വണ്ടി മുമ്പിലേക്ക് പോകുമ്പോൾ പിറകിലേക്ക് പോകുന്ന മരങ്ങളിലേക്ക് കണ്ണു നട്ടിരുന്നു…..

ചില നോവുകൾ മായ്ക്കാൻ കഴിയില്ല….

എങ്കിലും അതിനേക്കാൾ നല്ലതൊന്നു തീർച്ചയായും നമ്മെ കാത്തിരിപ്പുണ്ടാവും
….

അജിക്ക് ഈ സങ്കടത്തെ മറി കടക്കാൻ തീർച്ചയായും ഒരു വലിയ സന്തോഷം വരിക തന്നെ ചെയ്യും…..

സങ്കടങ്ങൾക്കപ്പുറം കാത്തിരിക്കുന്ന സന്തോഷങ്ങൾക്ക് എപ്പോഴും മധുരം കൂടുതലാണ്…..

നിങ്ങളെ എനിക്ക് കിട്ടിയത് പോൽ…..

അവളതും പറഞ് കൊണ്ടവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ ആരു അവരെ രണ്ട് പേരെയും ഒന്നു നോക്കി….

പിന്നേ അവളും അവരോട് പറ്റിച്ചേർന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദൈവങ്ങളെ സാക്ഷിയാക്കി ഒരു താലി ചരട് പാർത്ഥൻ അവളുടേ കഴുത്തിലണിയുമ്പോൾ അവളുടേ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞൊഴുകി….

ആരു സന്തോഷത്തോടെ അവരെ നോക്കി നിന്നു…..

വീട്ടിലേക്ക് പോകാൻ തനിക്ക് കഴിയില്ലെങ്കിലും അമ്മയെ ഒന്നു കാണണമായിരുന്നു….
എത്രയായാലും അവര് തനിക്കമ്മ തന്നെയാണ്….

വീടിന്റെ മുറ്റത്തേക്കിറങ്ങുമ്പോഴേ കണ്ടു ഉമ്മറത്തു തന്നെ ഫോണിൽ നോക്കിയിരിക്കുന്ന കിഷോറിന്റെ ഭാര്യ രമ്യയെ.

പാർത്തനെ കണ്ടതും അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി….

പിന്നീടവൾ പുറത്ത് വരുമ്പോൾ കൂടെ കിഷോറുമുണ്ടായിരുന്നു…

എന്തിനാന്നാവോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്…

കിഷോർ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ പാർവതി പാർത്ഥന്റെ കയ്യിൽ മുറുകെ പിടിച്ചു….

എന്റെ വീട്ടിൽ വരാൻ എനിക്ക് നിന്റെ സമ്മതം ആവശ്യമില്ല…..

ഞാൻ വന്നത് അമ്മയെ ഒന്നു കാണാനാണ്….

അവനത് പറഞ്ഞതും അകത്തു നിന്നിരുന്ന സുഭദ്ര പുറത്തേക്ക് വന്നു….

അവൻ അവരെയൊന്നു നോക്കി….

ശരീരം വല്ലാതെ ശോഷിച്ച പോൽ….

അടുക്കളയിലെ കരി സാരിയിൽ അങ്ങിങായി പറ്റിപ്പിടിച്ചു കിടപ്പുണ്ട്….

മുഖതു നിറഞ്ഞു നിന്ന ശൂന്യത….

പഴയ അമ്മയുടെ വെറുമൊരു നിഴലാണെന്ന് അവന് തോന്നി….

ഞാൻ… ഞാൻ അമ്മയെ കാണാനാണ് വന്നത്….

കണ്ടില്ലേ… ഇനി പോകാം…
പാർത്ഥൻ പറയുമ്പോൾ കിഷോർ അവന് നേരെ അലറി….

നിശബ്ദയായിരിക്കുന്ന സുഭദ്രയെ ഒന്നു നോക്കി പാർത്ഥൻ പാർവതിയെയും ആരുവിനെയും കൂടി അവിടെ നിന്നും നടന്നു…..

നടക്കുന്നതിനിടക്ക് പെട്ടെന്ന് പാർത്ഥൻ നിന്ന് പിറകിലേക്കൊന്ന് തിരിഞ്ഞു….

സുഭദ്രയുടെ കണ്ണുകളിലെ പ്രതീക്ഷയെ അവനളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….

ഒരു വാടക വീട് ശെരിയാക്കണം….
അതിൽ ഞാനും ഇവരും…..
പോരുന്നോ ഞങ്ങളുടെ കൂടെ..

പാർത്ഥൻ സുഭദ്രയോടത് ചോദിക്കുമ്പോൾ കിഷോറും രമ്യയും പരസ്പരം മുഖത്തോട് മുഖം നോക്കി…..

സുഭദ്ര അവനെ തന്നെ നോക്കി അതേ നിൽപ്പ് തന്നെയായിരുന്നു….

അത്ര വലിയ സ്വർഗത്തിലേക്കൊന്നുമല്ല വിളിക്കുന്നതെങ്കിലും ഇവിടുത്തെ പോലെ വേലക്കാരിയായിട്ടല്ല…. അമ്മയായിട്ടാണ് ഞങ്ങൾക്ക് വേണ്ടത്…..

അവനത് പറഞ്ഞതും സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഒരു വാക്ക് പോലും പറയാതെ തന്നെ അവൻ തന്റെ അവസ്ഥ അത്രമേൽ മനസ്സിലാക്കിയിരിക്കുന്നു….

നിങ്ങള് നിങ്ങളുടെ പണി നോക്കിയാ മതി…ഇവിടുത്തെ കാര്യങ്ങളിൽ ഇടപെടേണ്ട…
ഇറങ്ങി പോകാൻ നോക്ക്….

കിഷോറ ത് പറഞ്ഞതും സുഭദ്ര യുടെ നോട്ടം അവന്റെ നേർക്ക് നീണ്ടു….

നീ ഇറങ്ങി പോടാ നന്ദി കെട്ടവനെ….
എന്റെ മോനാ വന്നിരിക്കുന്നത്….
ഞാൻ പറയാതെ തന്നെ എന്റെ മനസ്സറിയുന്ന എന്റെ മകൻ….

നിന്റെ യാ റാണിയില്ലേ…. അവളെ കൂട്ടി നീയിപ്പോ ഇവിടെ നിന്നിറങ്ങണം….
അമ്മയുടെ വില എന്തെന്ന് മനസ്സിലാകുന്ന സമയം നിനക്കിങ്ങോട്ട് വരാം….

തീർച്ചയായും അങ്ങനൊരു സമയം വരാതിരിക്കില്ല….

സുഭദ്ര യുടെ കനത്ത വാക്കുകൾ കിഷോറിനു വല്ലാത്തൊരു ഞെട്ടലായിരുന്നു തീർത്തത്…..

അവൻ പിന്നീടൊരു വാക്കിനു നിൽക്കാതെ അകത്തേക്ക് കയറി പ്പോയി……

പാർവതി അത്ഭുത്തോടെ പാർത്തനെ നോക്കി നിൽക്കുക യായിരുന്നു….

സുഭദ്ര ഓടി വന്നു പാർത്തനെ കെട്ടിപ്പിടിച്ചു….

അമ്മയോട് പൊറുക്കെടാ മോനേ … നിന്റെ ഉള്ളറിയാൻ അമ്മ ശ്രമിച്ചിട്ടില്ല…. അത് ഞാൻ ചെയ്ത വലിയ തെറ്റാണ്….

നീ പോയപ്പോഴാണ് നിന്റെ വിലയെനിക്ക് മനസിലായത്….

നീ പോയത് മുതൽ നിനക്ക് വേണ്ടി അമ്മ പ്രാർത്തിക്കാത്ത ദിവസങ്ങളില്ല…..

അമ്മയോട് പൊറുക്കില്ലേ പാർതാ നീ….

അവർ കരഞ്ഞു കൊണ്ടത് പറയുമ്പോൾ പാർത്ഥൻ അവരെ ചേർത്ത് പിടിച്ചു…

കിഷോറും രമ്യയും ഇറങ്ങുന്ന സമയം സുഭദ്ര ആരുവിനെ ഒക്കത്തെടുത്തു അവരെ കാണാത്തത് പോൽ അകത്തേക്ക് കയറി….

അമർഷത്തോടെ ഇറങ്ങി പോകുന്ന കിഷോറിനെയും രമ്യയെയും നോക്കി പാർവതിയും പാർത്തനും നിന്നു……

സുഭദ്ര നില വിളക്കുമായാണ് പുറത്തേക്ക് വന്നത്….

ഇതിനു മുമ്പ് മോളേയിങ്ങനെ സ്വീകരിക്കാൻ അമ്മ ശ്രമിച്ചിട്ടില്ല…..

അതും പറഞ് നില വിലക്ക് അവളുടേ കയ്യിൽ കൊടുക്കുമ്പോൾ ചെറു ചിരിയോടെ പാർവതി അവനെ നോക്കി….

ഇതാണ് അതിനുള്ള അനുയോജ്യമായ സമയമെന്ന് അവനും അറിയുന്നത് കൊണ്ട് തന്നെ ആ ചിരി അവനിലേക്കും പടർന്നു…

അവരുടെ സ്വർഗത്തിലേക്കുള്ള കാൽ വെപ്പായിരുന്നത്….

അവരുടെ ചിരി കളികൾ ആ വീട്ടിൽ ഉയർന്നു കേട്ടു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അച്ഛാ…. ഞാനിതെടുത്തോട്ടെ…..

മ്മ്…. പിന്നെന്താ

കണ്മഷി കയ്യിൽ പിടിച്ചു ആരുവത് ചോദിച്ചതും പാർത്ഥൻ പറഞ്ഞു….

കട്ടിലിൽ കിടക്കുകയായിരുന്ന പാർത്ഥന്റെ മുഖത്തവൾ കണ്മഷി യിടാൻ തുടങ്ങി….

എന്തായിത്….. അതും ചോദിച്ചു കൊണ്ടായിരുന്നു പാർവതി അങ്ങോട്ട് വന്നത്……

കണ്ണുകൾ അടച്ചു കിടക്കുകയായിരുന്ന പാർത്ഥൻ കണ്ണു തുറന്നു…..

ഈ തോന്നിവാസമൊന്നും നിങ്ങള് കണ്ടില്ലേ…

ആരുവിന്റെ കയ്യിൽ നിന്നും കണ്മഷി വാങ്ങി കൊണ്ട് പാർത്തന് നേരെ നിന്നത് ചോദിച്ചത് ദേഷ്യത്തോടെയാണെങ്കിലും കരി നിറഞ്ഞ അവന്റെ മുഖം കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു….

പോട്ടെടി.. അവള് കുഞ്ഞല്ലേ…

പാർവതിയിൽ നിന്നു രക്ഷപ്പെടാൻ പാർത്തനിലേക്ക് നീങ്ങിയിരുന്ന ആരുവിനെ ചേർത്ത് പിടിച്ചു കൊണ്ടാണവനതു പറഞ്ഞത്……

അവളെന്തു ചെയ്താലും നിങ്ങൾക്കത് രസമാണ്….മുഖത്തു മുഴുവൻ കരിയാണ്..

അതും പറഞ്ഞു കൊണ്ടവൾ ദേഷ്യത്തോടെ പോകാനൊരുങ്ങിയതും അവളുടേ കയ്യിൽ പിടിച്ചവൻ വലിച്ചു……

അവന്റെ മേൽ വീണ അവളെ കണ്ട് ആരു വാ പൊത്തി ചിരിച്ചു….
പാർവതി മുഖം കൂർപ്പിച്ചു കൊണ്ടവനെ നോക്കി…..

അവളുടേ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ അവളുടേ നീളൻ മുടിയിഴകൾ കൊണ്ട് അവൻ മുഖത്തെ കരി കളഞ്ഞു കൊണ്ടിരുന്നു….

ദേഷ്യം കൂടോഴിഞ്ഞു അവളിലൊരു ചെറു ചിരി സ്ഥാനം പിടിച്ചു…

അവൾ മുടിയിലെ എണ്ണ മയം കൈകളിലാക്കി അവന്റെ മുഖം തുടച്ചു കൊണ്ടിരുന്നു……

അജി… വിളിച്ചിരുന്നു…..

അവൻ പെട്ടെന്നത് പറഞ്ഞതും അവളൊന്ന് നിശ്ചലയായി…..

അവന്റെയും ലക്ഷ്മിയുടെയും വിവാഹമാണ്…..

പാർത്ഥനത് പറയുമ്പോൾ അവളുടേ മുഖത്തും ഒരു പ്രകാശം പരന്നു…..

അജിയങ്കിളിന്റെയും ടീച്ചറുടെയും കല്യാണമോ….
നമുക്ക് പോകണം അച്ഛാ…..

ആരു സന്തോഷത്തോടെ അത് പറഞ്ഞതും പാർത്ഥൻ പാർവതിയിലേക്ക് നോക്കി….

പോകണം…..
അവൾ അത് പറഞ്ഞു ചെറു ചിരിയാൽ അവനിലേക്ക് ചേർന്നിരുന്നു….

പാർത്ഥൻ രണ്ട് പേരെയും ചേർത്ത് പിടിച്ചു….

ഏഴു ജന്മങ്ങളിലേക്കെന്ന പോൽ…

ശുഭം……

പാർത്ഥന്റെ കഥ ഇഷ്ടമായെന്ന് വിചാരിക്കുന്നു….❤