രചന – ആയിഷ അക്ബർ
എനിക്ക് നിന്നെ മനസ്സിലാവുന്നില്ല അജി….
എന്താ നിനക്ക് പറ്റിയത്…
ശാരതാമ്മ അത് ചോദിക്കുമ്പോൾ വാക്കുകളിൽ മകനെ കുറിച്ചുള്ള ആവലാതി തെളിഞ്ഞു കണ്ടിരുന്നു….
അമ്മേ…..
ഞാനൊരു കാര്യം പറയട്ടെ…
ഇത് വരെ പറയാതെ വെച്ചൊരു കാര്യം …..
അവൻ അവരെ നോക്കിയത് ചോദിക്കുമ്പോൾ വാക്കുകൾ കണ്ണീരിൽ മുങ്ങിപ്പോയിരുന്നു…..
അന്ന് ആശ്വതിയെയും കൂട്ടി ഞാൻ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു…..
ആരു…. അവളെന്റെ മോളാണമ്മേ….
അശ്വതി പ്രസവിച്ച എന്റെ കുഞ്….
അവനത് പറയുമ്പോൾ കേട്ട വാക്കുകൾ അവരിൽ തീർത്ത ഞെട്ടൽ മുഖത് വ്യക്തമായിരുന്നു…..
എന്താ…. എന്താ നീ പറഞ്ഞത്….
ശാരതാമ്മയുടെ കണ്ണുകൾ വിടർന്നിരുന്നു…..
അതേ അമ്മേ…. അന്നച്ചന്റെ ആളുകൾ എന്നെ പിടിച്ചു കൊണ്ട് പോയപ്പോൾ എവിടേക്ക് പോകണമെന്നറിയാതെ നിന്ന അവൾ എത്തിപ്പെട്ടത് പാർത്ഥന്റെ കയ്യിലാകാം…..
ശാരതാമ്മ കേട്ട വാക്കുകളുടെ ഭാരത്താൽ തലക് കൈ കൊടുത്തു…..
അശ്വതി ആരുവിനെ അന്ന്വേഷിച്ചു ഇവിടെ എത്തിയിട്ടുണ്ടമ്മേ….
ഞങ്ങൾ തമ്മിൽ കണ്ടു….
അവന് മുഴുവനാക്കാൻ കഴിഞില്ല…..
ഒരേങ്ങലോടെ അവൻ അവരുടെ മടിയിലേക് ചാഞ്ഞു….
അജി…..
അവർ പതിയേ അവനെ വിളിച്ചു…..
അവൾ നിന്റെ രക്തമാണെങ്കിൽ അവൾ വളരേണ്ടത് ഇവിടെയാണ്….ശാരത അത് പറയുമ്പോൾ കണ്ണുകളിൽ ഒരു വാശി പോലെ അജിക്ക് തോന്നി….
അശ്വതിയോട് ഞാൻ സംസാരിക്കാം….
എനിയ്ക്കെന്തായാലും ആരു മോളേ വേണം….
ശാരത അത് പറയുമ്പോൾ അജിയുടെ മനസ്സിലും അത് തന്നെയായിരുന്നു….
തൽക്കാലം പാർത്തനൊന്നും അറിയേണ്ട അമ്മാ….
ആരു അശ്വതി യുടെ കയ്യിലെക്കെത്തിയിട്ട് മതി അശ്വതിയോട് സംസാരിക്കൽ….
അത് വരെ അമ്മ ഇത് മനസ്സിൽ വെച്ചാൽ മതി….
അജിയത് പറയുമ്പോൾ അവരും അതിനെ ശെരി വെച്ചെന്ന വണ്ണം തലയാട്ടി….
മോനെ… അജി….
ആരു മോളേ എനിക്കൊന്നു കൂടി കാണാൻ തോന്നുവാടാ….
ഇത്ര നേരം അവളെന്റെ കൂടെയുണ്ടായിരുന്നെങ്കിലും അതിനേക്കാൾ എത്രയോ വലുതാണ് അവളെന്റെ ചോരയാണെന്നറിഞ്ഞു കൊണ്ടുള്ള ഒരു ചേർത്ത് പിടിക്കലിന്…..
പറയുന്നതോടൊപ്പം അവർ വിതുമ്പി…..
അജി ഒന്നും മിണ്ടിയില്ല….
ദൂരേക്ക് നോക്കിയിരുന്നു….
തിരിച്ചു കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങാൽ ഈ വീടും ഒരു സ്വർഗമാകുമെന്ന് അവൻ കണക്ക് കൂട്ടി..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അച്ഛാ…… ഞാൻ പറയാറുള്ള ആ ആന്റിയില്ലേ…..
ആരു അത് പറഞ്ഞതും അവൾക്കുള്ള ചോറ് വിളമ്പി കൊണ്ടിരുന്ന പാർത്ഥൻ ഭയത്തോടെ അവളിലേക്ക് തിരിഞ്ഞു….
മ്മ്മ്…..
അവൻ അവൾ ബാക്കി പറയാനെന്ന വണ്ണം മൂളുമ്പോഴും ഹൃദയമിടിപ്പ് ശക്തമാകുന്നത് അവനറിയുന്നുണ്ടായിരുന്നു….
ആ ആന്റിയുടെ അതേ പോലെയുള്ള ഒരു ഫോട്ടോ അജിയങ്കിളിന്റെ മേശ മേൽ ഞാൻ കണ്ടിരുന്നു…..
അവൾ രഹസ്യമെന്നോണം അല്പം ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്…..
പാർത്തന് ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു…
ഭയപ്പെട്ട കാര്യം കേൾക്കാത്തത്തിൽ അവന് തോന്നിയ ആശ്വാസം ചെറുതല്ലായിരുന്നു…..
അത് മോൾക്ക് തോന്നിയതാവും…. അത് വേറെ ആരുടെയെങ്കിലും ഫോട്ടോ ആയിരിക്കും….
അല്ല അച്ഛാ…. ശെരിക്കും ആ ആന്റിയെ പോലെ തന്നെയുണ്ടായിരുന്നു….
പാർത്ഥനത് പറയുമ്പോഴും ആരു തറപ്പിച്ചത് പറയുമ്പോൾ പാർത്ഥന്റെ മനസ്സ് സംശയങ്ങളിലേക്ക് ഊളിയിട്ടു…..
ഏയ്… അത് നിനക്ക് തോന്നിയത് തന്നെയാവും ആരു….
അതും പറഞ്ഞവളെ വിശ്വസിപ്പിച്ചു ഭക്ഷണം അവളുടേ വായിലേക്ക് വെച്ചു കൊടുക്കുമ്പോഴും അവളുടേ മുഖത്തെ സംശയം മാറിയിട്ടില്ലെന്നത് പാർത്ഥൻ ശ്രദ്ധിച്ചിരുന്നു…
പാർത്ഥന്റെ മനസും സംശയങ്ങളുടെ കുത്തൊഴുക്കിലായിരു ന്നു.
.
അപ്പോഴാണ് അവൻ തന്റെയും അജിയുടെയും ഭൂതകാലം ഒന്ന് ചേർത്ത് വെച്ച് നോക്കിയത്….
അതിനേറ്റവും വലിയ കാരണം പാർവതിയുടെ അടുത്തേക്ക് പോയിവന്നതിനു ശേഷം അജിയിൽ കണ്ട മാറ്റം തന്നെയായിരുന്നു…..
അത് വരെ തനിക്ക് ആത്മാർത്ഥ സുഹൃത്തായിരുന്ന അവൻ പെട്ടെന്ന് എന്തൊക്കെയോ ഒളിപ്പിക്കാൻ ശ്രമിക്കും പോൽ….
മാത്രമല്ല തന്നോടൊരു അകൽച്ചയും ആരുവിനോടുള്ള പ്രത്യേക അടുപ്പവും……
പാർത്തന് തല ചുറ്റുന്നത് പോലെ തോന്നി….
അവൻ തലക്ക് കൈ വെച്ചല്പം നേരം ഇരുന്നു….
എന്താ അച്ഛാ….
അത് ചോദിക്കുമ്പോഴേക്കും അവളുടേ മുഖത് വെപ്രാളം കലർന്നിരുന്നു..
ഒന്നുമില്ല…. നീ ഭക്ഷണം കഴിക്ക്…..
അതും പറഞ വനൊന്നു ചിരിക്കാൻ ശ്രമിച്ചു..
അപ്പോഴേക്കും ഉള്ളിലൊരു അഗ്നി പർവതം നീറി പുകഞ്ഞു തുടങ്ങിയിരുന്നു….
അവൾ കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛനെയും തിരഞ്ഞാവാം വന്നത്….
ഇതിനിടയിൽ താൻ…
അവന് തൊണ്ട പൊട്ടുന്നത് പോലെ തോന്നി…..
ഇനി അധിക നാൾ അവളെന്റെ കൂടെയുണ്ടാവില്ല എന്ന ബോധ്യം അവന് വന്നിരുന്നു…….
ഈ ജന്മം മുഴുവൻ അവൾക്കായി കൊടുക്കാൻ മനസ്സിൽ സ്വരുക്കൂട്ടി വെച്ച സ്നേഹം മുഴുവൻ ഈ രണ്ട് ദിവസങ്ങൾ കൊണ്ട് കൊടുക്കേണ്ടതുണ്ട്…..
ഉറങ്ങിക്കിടന്ന അവളുടേ മുടിയിഴകളിൽ തലോടി നെറ്റിയിലൊരുമ്മ കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേ ദിവസവും സ്കൂളിന്റെ ഗേറ്റിനു മുമ്പിൽ അജിയവളെ കാത്തിരുന്നിരുന്നു….
അജിയുടെ അടുത്തെത്തിയതും അവളൊന്നു നിന്നു….
പാർത്ഥൻ ഒരു സ്ഥലം വരെ പോയിരിക്കുകയാണ്…
വരാൻ വൈകുമെന്ന് പറഞ്ഞത് കൊണ്ട് എന്നോട് വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞതാ നിന്നെ…..
ഇന്നൊരു പക്ഷേ വിളിച്ചാൽ അവൾ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയായിരുന്നു അജിയങ്ങനെ പറഞ്ഞത്….
അത് പറഞ്ഞതും അവളുടേ മുഖം വാടുന്നത് അജി കണ്ടിരുന്നു….
അവൻ വരുമ്പോൾ വീട്ടിലേക്ക് വന്ന് നിന്നെ കൂട്ടാമെന്നു പറഞ്ഞിട്ടുണ്ട്….
അത് പറഞ് അവളെ അജി ബൈക്കിൽ കയറ്റി വീട്ടിലേക്ക് തിരിച്ചു…..
വീട്ടിലെത്തിയതും ശാരതാമ്മ അവരെ കാത്തു മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു….
അവളെ കണ്ടതും ആദ്യമായി കാണുന്നത് പോലെ വന്നവളെ വാരിയെടുത്തു….
മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി…..
അജി ഒരു നിർവികാരതയോടെ ആ രംഗം നോക്കി നിന്നു……
അവരകത്തേക്ക് പോയപ്പോൾ അജി ഫോണെടുത്തു പാർത്തനെ വിളിച്ചു….
ആ പാർതാ…. ഞാൻ ആരുവിനേ ഞാൻ കൊണ്ട് പോയിട്ടുണ്ട്…. കുറച്ച് കഴിഞ്ഞങ് ആക്കി തരാം…..
അജിത് പറയുമ്പോഴും പാർത്തനൊന്നും പറഞ്ഞില്ല….
പാർത്ഥന്റെ മറുപടി കാക്കുന്നില്ലെന്ന വണ്ണം അജി ഫോൺ വെക്കുകയും ചെയ്തു….
പാർത്ഥന്റെ സംശയങ്ങളെല്ലാം സത്യങ്ങളിലേക്ക് വഴി മാറുന്നത് അവനറിഞ്ഞിരുന്നു….
നിർവികാരമായി അവനൊരു നിമിഷം അങ്ങനെയിരുന്നു….
പിന്നേ പെട്ടെന്ന് അയയിൽ കിടന്നിരുന്ന ഷർട്ടെടുത്തിട്ട് പാർത്ഥൻ വാതിലടച്ചിറങ്ങി….
നേരെ നടന്നത് അജിയുടെ വീടിനെ ലക്ഷ്യമാക്കിയായിരുന്നു….
ഫോൺ വെച്ച് അധിക നേരം കഴിയുന്നതിനു മുന്പേ തന്റെ മുറ്റം കടന്ന് വരുന്നവനെ അജിയൊന്നു നോക്കി…..
പാർത്തനെ കണ്ടതും ആരു ഓടി വന്നു….
ശാരതയുടെയും അജിയുടെയും മുഖം ഒരു പോലെ കനത്തത് പാർത്ഥൻ ശ്രദ്ധിച്ചിരുന്നു….
അതെന്താ പാർതാ മോളേ അജി ആക്കി തരുമെന്ന് പറഞ്ഞതല്ലേ…
ഇപ്പൊ ഇങ് വന്നല്ലേ യുള്ളൂ ഇവൾ…..
ശാരത ഒട്ടും മയത്തോടെയായിരുന്നില്ല അത് പറഞ്ഞത്….
എത്ര പെട്ടെന്നാണ് മനുഷ്യർ മാറുന്നത്…..
ഇന്നലെ വരെ കണ്ട ആളെ അല്ല ഇന്നവരെന്ന് പാർത്തന് തോന്നി…..
സാഹചര്യം മനുഷ്യനെ സ്വാർഥനാക്കുന്നു…..
അജിയല്പം വൈകുമ്പോൾ അമ്മ വേഗം വരാൻ പറഞ്ഞ് വിളിക്കാറില്ലേ…. അത് പോലെ തന്നെയാണ് എനിക്കിവളും….
കാത്തിരിക്കാൻ എനിക്കിവളെ ഉള്ളൂ….
ചെറു ചിരിയോടെയാണത് പാർത്ഥനത് പറഞ്ഞതേങ്കിലും അതിൽ കലർന്ന പതിവില്ലാത്ത ഗൗരവത്തെ അവരും അറിയുന്നുണ്ടായിരുന്നു….
അവൻ ആരുവിനെയും കൊണ്ട് നടന്നു….
നടക്കുന്നിതിനിടയിൽ ആരുവിനെ അവിടെ നിർത്തി പാർത്ഥൻ അജിയിലേക്ക് വന്നു….
അവൾ നിന്റെ മകളായിരിക്കാം…. ഈ വീട്ടിൽ വളരേണ്ടവളായിരിക്കാം….
എന്നാൽ അവളുടേ അമ്മയെ തിരിച്ചേൽപ്പിക്കുന്നത് വരെ അവളെന്റെയാ…. എന്റെ മാത്രം…..
പാർത്ഥൻ ശാരതയെയും അജിയെയും നോക്കി കനത്തിലത് പറയുമ്പോൾ അജിയും ശാരതയും ഞെട്ടിയിരുന്നു….
ഇവനിതെങ്ങനെ അറിഞ്ഞുവന്ന ഭാവവും അവരുടെ നിശബ്ദതയും പാർത്ഥന്റെ മനസ്സിലുള്ള സംശയം എന്ന പദത്തെ പൂർണമായും നീക്കിയിരുന്നു…..
അവന്റെ നെഞ്ചിലെ മുറിവിൽ നിന്നു രക്തം കിനിയുമ്പോഴും അവൻ നടന്നു നീങ്ങി….
അതേയ്…. എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാം….
നാളെ അവൾ വരും നിന്റെ അടുത്തക്ക്….. ഏൽപ്പിച്ച മുതൽ തിരിച്ചു വാങ്ങാൻ…
പിറകിൽ നിന്ന് അജിയത് പറയുമ്പോൾ നടന്നിരുന്ന പാർത്ഥൻ ഒന്ന് നിശ്ചലമായെങ്കിലും തിരിഞ്ഞു നോക്കിയില്ല….
പിന്നീട് പതിയേ ആരുവിന്റെ കയ്യും പിടിച്ചു നടന്നു…….
(തുടരും )
അവകാശി….. ഇരുപതിയെട്ടാം ഭാഗം
പാർത്ഥന്റെ മനസ്സിന്റെ വിങ്ങൽ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയിരുന്നു….
കയ്യിലുള്ള നിധി ഇന്നൊരു രാത്രി കൂടിയേ തന്റെ അരികിലുണ്ടാവു എന്നോർക്കുമ്പോൾ അവന്റെ ഹൃദയം പിളരുന്നതു പോലെ തോന്നി….
ആരുവിനെ ആദ്യമായി കയ്യിൽ കിട്ടിയ സമയമായിരുന്നു അവന്റെ മനസ്സ് മുഴുവൻ……
നിറഞ്ഞ മിഴികളാൽ അവളെ ചുംബിക്കുമ്പോൾ ലോകം മുഴുവൻ തന്റെയാ കയ്യിലേക്ക് ചുരുങ്ങുകയായിരുന്നു…..
അവൾക്ക് അത്താഴം വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു പിടിച്ചിരുന്നവൻ…..
ഉറക്കം വരാ അച്ഛാ… നമുക്ക് കിടന്നാലോ….
ആരു അത് ചോദിക്കുമ്പോഴും അവളെയും പിടിച്ചു ഉമ്മറത്തിരിക്കുകയായിരുന്നു പാർത്ഥൻ….
ഈ ഒരു രാത്രി കഴിഞ്ഞാൽ നാളെ അവൾ തന്റെ കൂടെ ഉണ്ടാവില്ലല്ലോ…..
ഈ രാത്രി കഴിയാതെ അങ്ങനെ ഇരുന്നിരുന്നെങ്കിലോ…..
പാർത്ഥൻ പൂമുഖത്തെ ചാരു കസേരയിലേക്ക് ചാഞ്ഞു….
അവന്റെ നെഞ്ചോരം അവളും കയറി ക്കിടന്നു….
അവളുടേ കണ്ണുകൾ നിദ്രയെ തേടി പോകുമ്പോൾ പാർത്ഥന്റെ കൈ വിരലുകൾ അവളുടേ മുടിയിഴകളിലൂടെ നീങ്ങി കൊണ്ടിരുന്നു……
തന്റെ നെഞ്ചിൽ കിടന്നു മാത്രം ഉറങ്ങുന്നവൾ നാളെ മുതൽ എന്ത് ചെയ്യും..
ഞാൻ ഭക്ഷണം വാരി കൊടുത്താൽ മാത്രം കഴിക്കുന്നവളെ നാളെ മുതൽ ഊട്ടുന്നത് വേറെ കരങ്ങളാവില്ലേ….
അവൾ എല്ലാവരോടും പെട്ടെന്നിണങ്ങും….
പ്രത്യേകിച്ച് അവളുടേ അമ്മയോട്…..
അപ്പൊ ഈ ആരുമല്ലാത്ത പാർത്തനെ അവൾ മറക്കുമായിരിക്കും..
ഓർമകളുടെ കുത്തൊഴുക്കിൽ കണ്ണുനീർ നിയന്ത്രിക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല…..
അവൾ വളരും തോറും വളരുന്നത് തന്റെ സ്വപ്നങ്ങളായിരുന്നു….
ആരോരുമില്ലാത്ത പാർത്തന് എല്ലാമായി വന്നവളാണവൾ…..
പാർവതി അവളെ തന്നെയേൽപ്പിച്ചു പോയില്ലായിരുന്നെങ്കിൽ താൻ അവിടെ തളരുമായിരുന്നു……
ഇനിയെന്തെന്ന ചോദ്യം മനസ്സിൽ നിൽക്കുമ്പോൾ അവൻ പാർവതിയെ കുറിച്ചോർക്കാൻ ശ്രമിച്ചു…..
നൊന്തു പെറ്റ കുഞ്ഞിനെ എന്റെ കയ്യിലേൽപ്പിച്ചു പോയവളാണ്….
അതെനിക്ക് വേണ്ടിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം….
ഇപ്പോൾ അവൾ തിരിച്ചു വന്നിരിക്കുന്നത് അവളെ കൊണ്ട് പോകാനാണെങ്കിൽ അവളെ തെറ്റ് പറയാൻ കഴിയില്ല…..
ഇത്ര വർഷം പാർത്ഥൻ ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയത് അവള് കാരണമാണ്….
അപ്പൊ ഇനി അതില്ലാതാക്കുന്നതിൽ അവളെ കുറ്റപ്പെടുത്താൻ കഴിയില്ല……
മാത്രവുമല്ല ആരുവിനിപ്പോ സ്വന്തം അച്ഛനും അമ്മയുമുണ്ട്…..
ഓർക്കുമ്പോൾ ഹൃദയത്തിൽ കത്തിയിറക്കുന്നത് പോലെയവന് സ്വയം തോന്നി…..
ആരെയും കുറ്റപ്പെടുത്താനില്ല…. ഈ ജന്മം പാർത്ഥന്റെ വിധി ഇതായിരിക്കാം….
അവൻ കണ്ണുകൾ ഇറുക്കെയടച്ചു….
മടിയിൽ കിടന്നുറങ്ങുന്ന ആരുവിന്റെ നെറുകെയിൽ അമർത്തി ചുംബിച്ചു…..
ദുഃഖം നിറഞ്ഞ ആ രാത്രിയിൽ എപ്പോഴാണ് ഉറക്കം അവനെ കടന്ന് പിടിച്ചതെന്ന് അവനറിഞ്ഞിരുന്നില്ല….
അതേയ് മാഷേ….. ഇന്നലെ ഇവിടെയിരുന്നാണോ ഉറങ്ങിയത്…..
പാർത്ഥൻ കണ്ണുകൾ വലിച്ചു തുറന്നു….
കണ്ണു നീർ തുളുമ്പി കൺ പോളകൾ വീങ്ങിയിരിക്കുന്നു…..
മുമ്പിൽ ലക്ഷ്മിയായിരുന്നു…..
പാലിന് രാവിലെ അങ്ങോട്ട് ചെല്ലാറാണ് പതിവ്….
ഇന്ന് തന്നെ കാണാത്തത് കൊണ്ടാവാം അവൾ പാലുമായി വന്നതെന്ന് അവന് തോന്നി…
അവളോരു ചിരിയോടെ തന്നെ നോക്കി നിൽക്കുമ്പോഴാണ് ഇവിടെ ഇരുന്നാണ് ഇന്നലെ ഉറങ്ങിയത് എന്ന് പാർത്തനും മനസ്സിലായത്…
അവൻ വേഗം എഴുന്നേറ്റ് ആരുവിനെ മുറിയിലേക്ക് കിടത്തി…..
അടുക്കളയിലേക്ക് ചെല്ലുമ്പോഴേക്കും ലക്ഷ്മി അടുക്കളയിലേക്ക് കയറി ചായ വെക്കുന്ന പാത്രത്തിലേക്ക് പാല് ഒഴിച് വെക്കുന്നുണ്ടായിരുന്നു….
ലക്ഷ്മി..നാളെ മുതൽ പാല് വേണ്ടെന്ന് അമ്മയോട് പറയണം…..
പാർത്ഥനത് പറയുമ്പോൾ ലക്ഷ്മി തിരിഞ്ഞു നിന്നവനെ നോക്കി….
അതെന്താ…..
വന്നത് മുതൽ ഇന്ന് വരെ ആരുവിനു കൊടുക്കുന്ന പാലിന് മുടക്കം വരുത്താത്ത ആളാണെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് ലക്ഷ്മിയത് ചോദിച്ചത്…..
എന്ത് മറുപടി പറയണമെന്നറിയാതെ പാർത്ഥൻ നിന്നു…..
ഞാൻ രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു ഈ മുഖത്തെ ഭാവ മാറ്റം…..
ചോദിക്കാൻ ഞാൻ ആരുമല്ല…. എങ്കിലും ചോദിക്കുവാ….. എന്താ പ്രശ്നം……
ലക്ഷ്മിയത് ചോദിച്ചത് പാർത്ഥന്റെ കണ്ണുകളിൽ നോക്കിയ യത് കൊണ്ട് തന്നെ അവന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല….
തന്റെ ദുഃഖം അവൾ കണ്ട് പിടിച്ചത് കൊണ്ട് തന്നെ അവന് വിങ്ങി പൊട്ടി….
കണ്ണുനീർ ധാരയായി അവന്റെ കവിളുകളെ ചുംബിച്ചു…..
അവൻ വേഗം മുഖം പൊത്തി….
എന്താ മാഷേ…
അവൾ ദയനീയമായി അവനോട് ചോദിച്ചു….
ആരു…. അവള് പോകുവാ ലക്ഷ്മി…..
അവളെ കൂട്ടി കൊണ്ട് പോകാൻ അവളുടേ അമ്മ വന്നിട്ടുണ്ട്…..
അവള് പോയാൽ പിന്നേ ഞാനും ഇവിടം വിട്ട് പോവും….
ഈ ചേക്കേറൽ അവൾക്ക് വേണ്ടിയായിരുന്നല്ലോ….
അവനത് പറയുമ്പോൾ ലക്ഷ്മിക്ക് ഒന്നും മനസ്സിലായില്ല….
ആരു പോകുകയോ…
അപ്പൊ….
ആരു എന്റെ മോളല്ല…
ഞാൻ വെറും നിധി കാക്കുന്ന ഭൂതം മാത്രമാണ്….
അവൾ ചോദ്യങ്ങൾ മുഴുവനാക്കും മുന്പേ അവൻ വേദന കലർന്ന ചിരിയാൽ അവൾക്ക് മറുപടി നൽകി….
അവൾക്കത് ഒട്ടും വിശ്വാസനീയമായിരുന്നില്ലെങ്കിലും അവന്റെ കണ്ണുനീരിനെ അവിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല…..
അവൾക്കവനോട് വല്ലാത്ത സഹതാപം തോന്നി…..
അവര് കുറച്ച് കഴിയുമ്പോഴേക്കും വരുമായിരിക്കും….
ഞാൻ അപ്പോഴേക്കും ജോലിയൊക്കെ തീർക്കട്ടെ….
ദുഃഖം മറച്ചു പിടിക്കാൻ അങ്ങേയറ്റം ശ്രമിച്ചു കൊണ്ട് അവൻ അതും പറഞ് പുറത്തേക്ക് നടന്നു…
ലക്ഷ്മിക്ക് ആകെയൊരു മരവിപ്പ് തോന്നി……
അവൾ അവനെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു……
എങ്ങോട്ടാ അച്ഛാ നമ്മൾ പോകുന്നത്…..
കുളിപ്പിച്ച് പുതിയ ഉടുപ്പുകളിൽ ഒന്നെടുത് ഇട്ട് കൊടുത്ത് മുടി ചീകി കൊടുക്കുമ്പോഴായിരുന്നു ആരുവത് ചോദിച്ചത്….
നമ്മളല്ല…. പോകുന്നത് നീയാണെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഇപ്പൊ തന്നെ അവളെ വേദനിപ്പിക്കേണ്ടെന്ന് തോന്നി……
അവൾ തന്റെ കൂടെയുള്ള പ്പോൾ അവളറിയരുത് അവളുടേ അച്ഛൻ താനല്ലെന്ന്…..
അച്ഛനല്ലാത്ത ഒരാളെ നോക്കുന്ന രു നോട്ടം അവളിൽ നിന്ന് തനിക്കൊരിക്കലും താങ്ങാൻ കഴിയില്ല…..
അല്ലെങ്കിലും മരിക്കുന്നത് വരെ തനിക്കവൾ തന്റെ മോള് തന്നെയാണ്….
പറ അച്ഛാ…. എങ്ങോട്ടാ പോകുന്നത്….
ആരുവിന്റെ ചോദ്യം അവനെ ചിന്തയിൽ നിന്നും ഉണർത്തി…..
ഒരു സ്ഥലം വരെ പോകണം….
അവനത് പറഞ്ഞതും അവൾ പിന്നീടൊന്നും ചോദിച്ചില്ല…..
കുറച്ച് കഴിഞ്ഞപ്പോഴേക്കും മുറ്റത്തൊരു വണ്ടി വന്ന് നിന്ന ശബ്ദം പാർത്ഥൻ കേട്ടിരുന്നു….
അവന്റെ നെഞ്ചോന്ന് പിടച്ചു…..
എങ്കിലും അവനതിനെ പുറമെ കാണിക്കാതെ വാതിൽ തുറന്ന് ഉമ്മറത്തേക്ക് ചെന്നു….
വർഷങ്ങൾക്ക് ശേഷം അവർ തമ്മിൽ കണ്ട് മുട്ടുകയായിരുന്നു….
അവളുടേ കാലിനു നടക്കാനുള്ള പ്രയാസത്തെ അവൻ ശ്രദ്ധിച്ചിരുന്നു….
പണ്ടത്തെ അതേ കുട്ടിത്തം ആ മുഖത്തിനുണ്ടെങ്കിലും ഗൗരവമുള്ള ആ ഭാവം അല്പം പുതുമയുള്ളതായി അവന് തോന്നി….
അവനെ കണ്ടതും അവളുടേ കണ്ണുകളും വിടരുന്നത് അവനറിഞ്ഞിരുന്നു…..
ഒത്തിരി വർഷങ്ങൾക്ക് ശേഷം കണ്ടത് കൊണ്ടാവാം…..
വരൂ…
കയറു….
പാർത്ഥൻ പാർവതിയെയും കൂടെയുള്ള ആ ആളെയും ചെറു ചിരിയാൽ അകത്തേക്ക് ക്ഷണിച്ചു…
ഞാൻ…. പാർവതിയുടെ സഹോദരനാണ്…. ജയ ശങ്കർ…..
ജയന്നത് പറഞ്ഞതും പാർത്താനൊന്നു ചിരിച്ചു….
പാർവതിയുടെ കണ്ണുകൾ അപ്പോഴും പാർഥനിൽ തന്നെ തറഞ്ഞു നിന്നിരുന്നു….
പാർത്ഥൻ അവളുടേ നോട്ടത്തെ കണ്ടില്ലെന്ന് നടിച്ചു….
അപ്പോഴേക്കും മുറ്റത്തു വന്നു നിന്ന ബൈക്കിന്റെ ശബ്ദത്തിൽ നിന്നും അത് അജിയുടേതാണെന്ന് പാർത്തന് മനസ്സിലായിരുന്നു…..
ആ.. അജി വന്നല്ലോ… വാ ഇരിക്ക്….
അജി അങ്ങേയറ്റം ഗൗരവത്തോടെ യാണ് വന്നതെങ്കിലും ഉള്ളിലെ ദുഃഖം കടിച്ചമർത്തി എല്ലാവർക്കും നൽകാനുള്ള ഒരു ചെറു പുഞ്ചിരിയെ പാർത്ഥൻ ഉണ്ടാക്കിയെടുത്തിരുന്നു….
ഞാൻ ചായ എടുക്കാം… എന്ന് പറഞ്ഞ് അകത്തേക്ക് പാർത്ഥൻ നടക്കാൻ തുടങ്ങിയതും അകത്തു നിന്നു ചായയുമായി ലക്ഷ്മി പുറത്തെക്ക് വന്നിരുന്നു…
പാർവതി അവളെ സംശയത്തോടെ നോക്കി.
ഇത് ലക്ഷ്മി… അപ്പുറത്തെ വീട്ടിലെ കുട്ടിയാ..
പാർത്ഥനത് പറയുമ്പോഴും എല്ലാവരിലും നിറഞ്ഞു നിന്നത് ഒരുതരം നിശബ്ദതയായിരുന്നു…..
ആർക്കും ഒന്നും സംസാരിക്കാൻ കഴിഞിരുന്നില്ല….
ആരുവിനോട് നീ എന്തെങ്കിലും പറഞ്ഞിരുന്നോ…..
അജിയല്പം ഗൗരവത്തോടെ കാര്യത്തിലേക്ക് കടക്കുകയാണെന്ന മട്ടിൽ തുടക്കം കുറിച്ചു…..
ഇല്ലാ…. പറയാം….
ആരു……
പാർത്ഥൻ അവളെ വിളിച്ചതും അവൾ മുറിയിൽ നിന്നും ഓടി വന്നു….
പെട്ടെന്ന് പാർവതിയെ കണ്ടതും അവൾ ഓടി വന്നവളുടെ കഴുത്തിനു ചുറ്റും വട്ടം പിടിച്ചു….
ആന്റി…..
പാർവതിയും അവളെ ചേർത്ത് പിടിച്ചു….
അജിക്കൽപം ആശ്വാസം തോന്നി….
പാർത്ഥൻ ഒരു തരം നിർവികാരതയോടെ രംഗം നോക്കി നിന്നു…
ലക്ഷ്മിക്ക് പാർത്തനെ ഓർത്ത് വല്ലാത്ത ദുഃഖം തോന്നി…..
ആന്റിയല്ല ആരു…. അമ്മ…. നിന്റെ അമ്മയാണ്…..
പാർത്ഥൻ പിറകിൽ നിന്നത് പറഞ്ഞതും പാർവതിയുടെ കഴുത്തിൽ പിടിച്ച പിടി ആരു പെട്ടെന്ന് വിട്ടു…..
അവൾ പാർവതിയെയും പാർത്തനെയും മാറി മാറി നോക്കി….
അതേ ആരു…. നിന്റെ അമ്മയാണ്…. നിന്നെ കൊണ്ട് പോകാനാണ് വന്നിരിക്കുന്നത്…..
പാർത്ഥനത് പറയുമ്പോൾ വാക്കുകൾ ഇടരാതിരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല…..
ആരു ഞെട്ടലോടെ പാർത്തനെ നോക്കി….
ശേഷം പാർവതിയുടെ അടുത്ത് നിന്നും പോയി വേഗത്തിൽ പാർത്ഥന്റെ കാലുകളിൽ കൂട്ടി പ്പിടിച്ചുനിന്നു…..
അവളുടേ കണ്ണുകൾ നിറയുന്നതും ഹൃയമിടിപ്പ് കൂടുന്നതും പാർത്ഥനറിയുന്നുണ്ടായിരുന്നു…….
(തുടരും)
അവകാശി….. ഇരുപതിയൊന്പതാം ഭാഗം
പാർത്ഥൻ അവളെ കയ്കൊണ്ട് അല്പം അകറ്റി നിർത്തി…..
എന്നിട്ടവൾക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്നു….
ആരു….. നോക്ക്…..
ഇത് നിന്റെ അമ്മയാണ്….
നിന്നെ കൊണ്ട് പോകാനാണ് വന്നിരിക്കുന്നത്…..
മോള് ഇവരെ ബുദ്ധിമുട്ടിപ്പിക്കരുത്…..
പാർത്ഥനത് പറയുമ്പോൾ പാർവതി അവനെ തന്നെ നോക്കി…..
അവന്റെ കൺ കോണിൽ പൊടിഞ്ഞ കണ്ണുനീർ അവൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു…
ദയനീയമായ അവന്റെ വാക്കുകൾ ലക്ഷ്മിയേയും വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
അച്ഛനില്ലാതെ ഞാനെങ്ങും പോകില്ല…..
ആരു അവനെ നോക്കിയത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
എന്താണ് കാര്യമെന്നൊന്നും അവള്ക് മനസ്സിലായില്ലെങ്കിലും അമ്മയെ തിരിച്ചറിഞ്ഞ സന്തോഷത്തെയും അവഗണിച് പാർത്തനെ വിട്ട് പോകുന്നു എന്ന ദുഃഖം മാത്രം അവളിൽ നിറഞ്ഞു കണ്ടു…
പാർത്ഥനത്ഭുതം തോന്നി..
ഇത് വരെ കാണാത്ത അമ്മയെ ആദ്യമായി കാണുന്ന അവളിൽ അതോട്ടും സന്തോഷം നിറക്കുന്നില്ല…. എന്ന് മാത്രമല്ലാ….. അവളതിനെ കുറിച് പിന്നീടൊരു വാക്ക് പോലും തന്നോട് ചോദിക്കാത്തതെന്തേ….
ആരു…. ഇത്… ഇത് നിന്റെ അമ്മയാണ്…. നിന്നെ പ്രസവിച്ച…..
ആരായാലും പാർത്തനെ കൂട്ടാതെ ഞാൻ അവരുടെ കൂടെ പോവില്ല…
എന്റെ പാർത്തനെ വേണ്ടാത്തവരെ ആരുവിനും വേണ്ടാ….
നമ്മൾക്ക് നമ്മൾ മാത്രം മതി…..
പാർത്ഥൻ പറഞ്ഞു മുഴുവനാക്കും മുന്പേ ആരു അതും പറഞ്ഞവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…..
അവന്റെ വേദനയോട് അവൾ ചേർന്ന് കിടക്കുമ്പോൾ അവൻ അവളെ കെട്ടിപ്പിടിച്ചു….
പാർവതി രംഗം കണ്ട് കൊണ്ടങ്ങനെ നിൽക്കുകയായിരുന്നു…..
അജിക്ക് ദേഷ്യം കൊണ്ട് ഇരിപ്പുറക്കുന്നില്ലായിരുന്നു….
ആരു…. മോള് അച്ഛൻ പറഞ്ഞാൽ കേൾക്കില്ലേ….
പാർത്ഥൻ വീണ്ടും ചോദിച്ചു…..
കേൾക്കാം…..
അച്ഛൻ പറയുന്നതെല്ലാം ഞാൻ കേൾക്കാം….
പക്ഷെ ഇനി ഈ കാര്യത്തെ കുറിച് ആരുവിനോട് പറയാതിരുന്നാൽ മതി….
ഇവരോടൊക്കെ പോവാൻ പറ അച്ഛാ….
അവൾ അവന്റെ നെഞ്ചിൽ തന്നെ കിടന്ന് കൊണ്ടത് പറയുമ്പോൾ പാർത്ഥന്റെ ഷർട്ട് നനഞു കുതിർന്നിരുന്നു…..
പാർത്ഥനെന്ത് പറയണമെന്നറിയില്ലായിരുന്നു…..
അച്ഛന് ആരു മോളേ വേണ്ടാനിട്ടാണോ ഇവരെയൊക്കെ വിളിച്ചു വരുത്തി എന്നെ പറഞ്ഞയക്കുന്നത്….
ആരു അത് ചോദിക്കുമ്പോൾ അവളുടേ ചുണ്ടുകൾ പിളർന്നിരുന്നു….
ദുഃഖത്തിനാൽ അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി….
പാർത്ഥന്റെ ഹൃദയം നീറുന്നുണ്ടായിരുന്നു..
അവളെ കയ്യിൽ കിട്ടിയതിനു ശേഷം ആദ്യമായാണ് അവളിത്രയേറെ കരഞ്ഞു കാണുന്നത്…..
അവളുടേ കണ്ണൊന്നു നിറഞ്ഞാൽ വേദനിക്കുന്നത് തന്റെ ഹൃദയമാണെന്ന് അവനെ ഉള്ളിൽ നിന്നാരോ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു…..
ആരു….. മോളേ…. അവനവളെ വിളിക്കുമ്പോഴേക്കും അവൾ അവന്റെ കയ്യിലേക്ക് കുഴഞ്ഞു വീണിരുന്നു….
ആരു….. അവൻ അവളെ തട്ടി വിളിക്കുമ്പോഴും അവൾ കണ്ണുകൾ തുറന്നിരുന്നില്ല…..
മോളേ…. അപ്പോഴേക്കും ഇരുന്നിടത് നിന്നും അജിയും പാർവതിയും ജയനും എല്ലാം ഓടി വന്നിരുന്നു……
ലക്ഷ്മി അപ്പോഴേക്കും വെള്ളം കൊണ്ട് വന്നു….
എല്ലാവരുടെയും മുഖത് അങ്ങേയറ്റം വെപ്രാളമായിരുന്നു….
ആരു….
വെള്ളം അവളുടേ മുഖത് തളിക്കുന്നതിനിടയിൽ പാർത്ഥൻ വിളിച്ചു….
അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..
ആരു പതിയേ കണ്ണുകൾ തുറന്നു..
ഇവരോടെല്ലാം പോവാൻ പറ അച്ഛാ….
എനിക്ക് പേടിയാവുന്നു…
കണ്ണു തുറന്ന ഉടൻ അവൾ പറഞ്ഞത് അതായിരുന്നു…
എന്ത് പറയണമെന്നറിയാതെ എല്ലാവരും നിൽക്കുമ്പോൾ ആരുവിനെ എടുത്ത് കൊണ്ട് പാർത്ഥൻ മുറിയിലേക്ക് നടന്നു…..
അവളെ ബെഡിൽ കിടത്തി അവൻ അവൾക്കരികിലായിരുന്നു…
അച്ഛനും കിടക്….
അവളത് പറഞ്ഞപ്പോൾ പാർത്ഥൻ കിടന്ന് അവളെ കൈ കൊണ്ട് വലയം ചെയ്തു…
അച്ഛൻ എന്നെ വിട്ട് എങ്ങും പോകല്ലേ….
ആരുവിനെ ആർക്കും കൊടുക്കരുത്….
എനിക്ക് ആരെയും വേണ്ടാ… എന്റെ പാർത്തനെ മാത്രം മതി….
അവളതും പറഞ്ഞ് വീണ്ടും കരഞ്ഞു തുടങ്ങി….
പൂവീ…..
അവൻ വിളിക്കുമ്പോഴും അവളുടേ തേങ്ങൽ മാത്രമേ പുറത്ത് വന്നിരുന്നുള്ളു….
പൂവീ…….
അവനൊന്ന് കൂടി വിളിച്ചു….
മ്മ്…..
അവൾ കണ്ണ് നീരിന്റെ കൂട്ടാലൊന്നു മൂളി….
അച്ഛൻ നിന്നെ ആർക്കും കൊടുക്കില്ല…. പോരെ…
അവനത് പറയുമ്പോൾ വാക്കുകൾ ഇടരാതിരിക്കാൻ ശ്രമിച്ചിരുന്നു….
ഇനി എന്റെ മോള് കരയരുത്….
സത്യം…..? അവൾ ചോദിച്ചു കൊണ്ട് തലയുയർത്തി….
മ്മ്……
അവനത് പറഞ്ഞതും അവളിലൊരു ആശ്വാസം നിറയുന്നതവൻ കണ്ടു…
ആരുവിനു ഉറക്കം വരാ അച്ഛാ…..
മോളുറങ്ങിക്കോ….
അച്ഛൻ എന്റെ കൂടെ തന്നെ കിടക്കണം കേട്ടോ…
എങ്ങും പോകരുത്….
അവൾ അതും പറഞ്ഞു ഒന്ന് കൂടി അവനെ മുറുകെ പിടിച്ചു…..
അവന്റെ കണ്ണുനീർ അവളുടേ മുടിയിഴകളെയങ്ങനേ തഴുകി കൊണ്ടിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആർക്ക് വേണ്ടിയാ അവളെ കൊടുക്കുന്നത്….
അവളുറങ്ങിയെന്നു തോന്നിയതും പതിയേ അവളുടേ അരികിൽ നിന്ന് എഴുന്നേൽക്കാൻ പാർത്ഥൻ ശ്രമിക്കുമ്പോഴയിരുന്നു ലക്ഷ്മിയുടെ വാക്കുകൾ അവനെ തടഞ്ഞത്….
അവൻ മുഖമുയർത്തി അവളെ നോക്കി……
ഉപേക്ഷിച്ചു പോയിട്ട് ഇത്ര കാലം അന്ന്വേഷിച്ചു വരാത്തവർ ഒരു സുപ്രഭാതത്തിൽ വന്ന് ചോദിച്ചാൽ കൊടുക്കാൻ ഇത് ജീവനില്ലാത്ത വസ്തുവല്ല…
മറിച്ചു…. നിങ്ങളുടെ ജീവനാണ്….
അവളുടേ വാക്കുകൾ ഇടറി….
അവളെ അവരോടൊപ്പം അയച്ചാൽ നിങ്ങൾ സന്തോഷമായിരിക്കുമോ….
അതോ അവള് സന്തോഷമായിരിക്കുമോ…
അവൾ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ പാർത്തനൊന്നും മിണ്ടിയില്ല…..
ലക്ഷ്മി അവനെ തന്നെ ഉറ്റ് നോക്കി നിൽക്കുകയായിരുന്നു….പാർവതിയോട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി….
നീ പറഞ്ഞത് ശെരിയാ…… അവൾ പോയാൽ ഞാൻ സന്തോഷമായിരിക്കില്ല എന്നത് ശെരി തന്നെ….
എന്നാൽ വർഷങ്ങൾക്ക് മുൻപ് മുല കുടി മാറാത്ത ഒരു വയസ്സ് പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആരുമല്ലാത്ത ഒരാളുടെ കയ്യിൽ അവളുടേ സന്തോഷത്തെ കുറിച്ചോർക്കാതെ ഏൽപ്പിച്ചു പോയവളാണ് ആ ഉമ്മറത്തിരിക്കുന്നത്….
അത് ആ കുഞ്ഞിനെ അവൾക്ക് വേണ്ടാത്തത് കൊണ്ടായിരുന്നില്ല…
മറിച്ചു ഞാൻ സങ്കടപ്പെടരുതെന്ന് കരുതിയായിരുന്നു….
എനിക്ക് വേണ്ടിയാണ് അവളങ്ങനെ ചെയ്തതെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം…..
അങ്ങനെയുള്ള അവൾ വന്ന് ചോദിക്കുമ്പോൾ ഞാനെങ്ങനേ വാശി പിടിക്കും…..
അവനത് പറയുമ്പോൾ ലക്ഷമിയുടെ കണ്ണുകൾ വിടർന്നു….
അത്ര നേരം പാർവതീയോട് തോന്നിയ ദേഷ്യം എവിടേക്കോ പോയി മറയുന്നത് അവളറിഞ്ഞിരുന്നു….
പാർത്ഥന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..
എങ്കിൽ അവരെ കൂടെ നിങ്ങളുടെ രണ്ട് പേരുടെയും കൂടെ കൂട്ടിയാൽ പോരെ….
അവളത് ചോദിക്കുമ്പോൾ അത്രയേറെ ആത്മാർത്ഥമായിരുന്നാ വാക്കുകൾ….
പാർത്ഥൻ അവളെ നോക്കി…
അവനത്ഭുതം തോന്നി….
ഈ സ്ത്രീകളുടെ മനസ്സെന്നത് മനസ്സിലാക്കാൻ വളരേ പ്രയാസമുള്ള ഒന്നാണെന്ന് അവന് തോന്നി….
അവൾക്ക് തന്നോടുള്ള വികാരം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്…..
തന്നോടുള്ള സഹതാപം മാത്രമായിരുന്നു അപ്പോളാ കണ്ണുകളിൽ….
അല്ലെങ്കിലൊരു പക്ഷെ എന്റെ സന്തോഷം അത്ര മേൽ ആഗ്രഹിക്കുന്നത് കൊണ്ട് അവളുടേ ഇഷ്ടത്തെ അവൾ മനപ്പൂർവം മറന്ന് കളഞ്ഞതാവാം….
അവനൊന്നു ചിരിച്ചു….
ഒരിക്കൽ ജീവിതത്തിലേക്ക് ഞാൻ ക്ഷണിച്ചതാ അവളെ….
ഇനിയിപ്പോ ക്ഷണിക്കുന്നതിൽ അർത്ഥവുമില്ല….
വർഷങ്ങൾക്ക് ശേഷം അവളുടേ കുഞ്ഞിന്റെ അച്ഛന്റെ കൂടെയാണ് ഇന്നവളെന്റെ മുമ്പിലിരിക്കുന്നത്…….
വേദന കലർന്ന ഒരു ചിരി അവൾക്ക് നൽകി അവൻ ഉമ്മറത്തേക്ക് നടന്നു….
ലക്ഷ്മി അത്ഭുതത്തോടെ അവനെ നോക്കി….
അവളുടേ കൂടെയുള്ളത് അവളുടേ സഹോദരനാണ്…
പിന്നെയുള്ളത്……
അവൾ സംശയത്തിലായിരുന്നു…
അജി…
പെട്ടെന്ന് അവളുടേ മനസ്സിൽ അവന്റെ മുഖമുയർന്നു….
അജിയുടെ മോളാണോ ആരു…
അവളൊരു ഞെട്ടലോടെ ഉമ്മറത്തേക്ക് നടന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥൻ പുറത്തേക്ക് വന്നതും പാർവതിയുടെ മുഖത് അങ്ങേയറ്റം ആശങ്ക നിറഞ്ഞിരുന്നു…
കുഴപ്പമൊന്നുമില്ല…പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒരു കാര്യം കേട്ടൊരു ഷോക്കും പിന്നേ അവളങ്ങനെ കരയാറൊന്നുമില്ല….
ഒത്തിരി കരഞ്ഞു തളർന്നുതമാവാം….
ഇപ്പൊ ഉറങ്ങി….
അതറിഞ്ഞെന്ന വണ്ണം അവളെ നോക്കി പാർത്ഥൻ പറഞ്ഞു…..
എല്ലാവരിലും വീണ്ടും നിശബ്ദത നിറഞ്ഞു….
അവളെ പാർതനിൽ നിന്ന് തിരിച്ചു കിട്ടുന്നതെങ്ങനെയെന്നോർത്ത് അജിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു….
അതവന്റെ മുഖത് നിന്നും പാർത്തനു മനസ്സിലാവുന്നുണ്ടായിരുന്നു….
അവളെ കൊണ്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണ്….
പാർത്ഥൻ അത് പറഞ്ഞ് തുടങ്ങുമ്പോൾ അജി ഞെട്ടിപ്പൊയി….
അതെങ്ങനെ ശെരിയാവും പാർതാ… അവൾ…
അവൻ ദേഷ്യത്തോടെ അത് പറയുമ്പോൾ അവനെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അവൻ പാർവതീയോടും ജയനോടുമായി സംസാരം തുടർന്നു…..
ഞാൻ പൊയ്ക്കോളാം ഇവിടെ നിന്ന്…..
അവളെന്നെ വിട്ട് പോകുന്നതിലും നല്ലത് ഞാൻ അവളെ വിട്ട് പോകുന്നതല്ലേ….
അവൻ വേദന കലർന്നൊരു പുഞ്ചിരി അവർക്ക് നൽകി….
അജിക്കത് ആശ്വാസം നൽകിയെങ്കിലും അവനെ പാർത്ഥൻ അവഗണിച്ചത്തിലുള്ള ഒരു അമർഷം അവനിലുണ്ടായിരുന്നു….
ഞാൻ പോയി കഴിഞ്ഞാൽ നിങ്ങൾ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ മതി…
അവള് നല്ല കുട്ടിയ…. പെട്ടെന്ന് എല്ലാവരോടും ഇണങ്ങും….
പതിയേ എന്നെ മറന്നോളും…..
ഞാൻ….
അവൾക്ക് വേണ്ടിയായിരുന്നു ഇവിടേക്ക് വന്നത്… ഇനി ഞാൻ നാട്ടിലേക്ക് തിരിച്ചു പോകുകയാ….
അതും പറഞ്ഞ് നിറയുന്ന മിഴികൾ അവര് കാണാതിരിക്കാൻ അവൻ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റ് നടന്നതും കയിലൊരു പിടുത്തം വീണിരുന്നു….
പാർത്ഥൻ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു…
തന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന പാർവതിയെ കണ്ട് അവൻ ഞെട്ടിയിരുന്നു…
അജിയുടെയും മുഖത്തെ ഞെട്ടൽ ചെറുതായിരുന്നില്ല….
ഞാനും…. ഞാനും കൂടി വന്നോട്ടെ നിങ്ങളുടെ കൂടെ….
അവൾ അവന്റെ കണ്ണുകളിൽ നോക്കിയത് ചോദിക്കുമ്പോൾ അവനാകെ ഞെട്ടിപ്പോയിരുന്നു….
പാർവതി…..
അവൻ ദയനീയമായി അവളെ വിളിച്ചു….
ഞാൻ വന്നത് ആരുവിനു വേണ്ടിയല്ല…. നിങ്ങൾക്ക് വേണ്ടിയായിരുന്നു….
വർഷങ്ങൾക്ക് മുൻപ് എനിക്ക് മുമ്പിൽ വെച്ചു നിങ്ങൾ നീട്ടിയ ആ പദവിക്ക് വേണ്ടിയാണ്….
പാർത്ഥന്റെ ഭാര്യ….
അതും പറഞ്ഞവളവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ ചേർത്ത് പിടിക്കാൻ പോലും മറന്ന് പാർത്തനതെ നിൽപ്പ് നിൽക്കുകയായിരുന്നു….
ലക്ഷ്മിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി….
. ജയൻ ഒരു ചെറു ചിരിയോടെ എല്ലാം നോക്കി നിന്നു….
അജി ഇരുന്നിടത് നിന്നും ചാടി എഴുന്നേറ്റു…..
പാർവതിയുടെ കണ്ണു നീർ പാർത്ഥന്റെ ഷർട്ടിൽ നനവ് തീർത്തു…..
പാർത്ഥൻ അവളെ ചേർത്ത് പിടിച്ചു….
അപ്പോൾ അവന്റെ മനസ്സിൽ അന്നവളെഴുതി വെച്ച ആ കത്തിലെ അവസാന വരി നിറഞ്ഞു നിന്നിരുന്നു…….
ചില ബന്ധങ്ങൾ എങ്ങനെയെന്നോ എന്തിനെന്നോ ഇല്ലാത്ത വിധം അനിർവചനീയമാണ്…..
ഞാൻ പോലുമറിയാതെ നിങ്ങളെന്റെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു….
ഇനിയും പാർത്തന് പരാചയപ്പെടേണ്ടി വരില്ല….
മോളേ ഞാൻ ഏൽപ്പിച്ചു പോകുന്നത് നിങ്ങളുടെ പരാജയം കാണാനും കഴിയാത്തത് കൊണ്ടാണ്….
തീർച്ചയായും ഞാൻ തിരിച്ചു വരും….
പാർത്തന് വേണ്ടി…. എന്റെ കുഞ്ഞിന്റെ യഥാർത്ഥ അവകാശിക്ക് വേണ്ടി…..
പാർത്ഥന്റ
സ്വന്തം പാർവതി
മറവിക്ക് കാർന്നു തിന്നാൻ പാകത്തിൽ ഹൃദയത്തിന്റെ മൂലയിലേക്ക് നീക്കി വെച്ചിരുന്ന ആ വാക്കുകൾ നൽകിയ ആനന്ദത്താൽ അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി…..
അവൻ ഒന്ന് കൂടി അവളെ ഹൃദയത്തോട് ചേർത്ത് പിടിച്ചു…..
(തുടരും)
അവകാശി….. മുപ്പതാം ഭാഗം
വർഷങ്ങൾക്ക് മുൻപ് അവളെ നിങ്ങളെ ഏൽപ്പിച്ചു പോയത് എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന ഈ കണ്ണുകൾ നിറയാതിരിക്കാൻ വേണ്ടിയായിരുന്നു…..
അങ്ങനെയുള്ള ഞാൻ നിങ്ങളുടെ ഹൃദയം പറിച്ചെടുത്തു പോകുമെന്ന് നിങ്ങൾ വിശ്വസിച്ചതെന്ത് കൊണ്ടാണെന്ന് എനിക്കിപ്പോഴും അറിയുന്നില്ല……
അവളത് പറഞ്ഞതും അവൻ പതിയേ അജിയിലേക്ക് നോക്കി….
എഴുന്നേറ്റ് നിൽക്കുന്ന അവന്റെ കണ്ണുകൾ നിറയുന്നത് പാർത്ഥൻ കണ്ടിരുന്നു…..
പാർത്തന് വല്ലാത്തൊരു പ്രയാസം തോന്നി….
പാർഥനിൽ നിന്നകന്ന് പാർവതി അജിയിലേക്ക് തിരിഞ്ഞു……
അവൾ അവന് നേരെ കൈ കൂപ്പി….
അവൻ ദേഷ്യം കൊണ്ട് പെട്ടെന്ന് തല തിരിച്ചു….
പറയാൻ എന്റെ കയ്യിൽ മാപ്പെന്നൊരു വാക്ക് മാത്രമേയുള്ളു…..
പണ്ട് നിന്റെ കൂടെ ഞാൻ ഇറങ്ങി വരുമ്പോൾ ഉദരത്തിൽ നിന്റെ കുഞ്ഞും ഹൃദയത്തിൽ നിന്റെ കൂടെയുള്ള ജീവിതവും തുടിക്കുന്നുണ്ടായിരുന്നു…..
എന്നാൽ എല്ലാം കൈ വിട്ട ആ ദിവസം…..
ഞാൻ എന്നെ തന്നെ വെറുത്തു പോയി…..
നമ്മൾ ഉള്ള സ്ഥലം ആരോടും പറയില്ലെന്ന് പറഞ്ഞ നീ നിന്റെ കൂട്ടുകാരൻ ജീവനോടത് പറഞ്ഞതായിരുന്നു നീ ചെയ്ത തെറ്റ്…..
നിന്നെ കാത്തിരുന്ന എന്റെ മുമ്പിലേക്ക് വന്നത് കുടിച് ബോധം മറിഞ്ഞ അവനായിരുന്നു…..
നീ ഇവിടം വിട്ട് പോയെന്നും എന്നെ അവന് കൊടുത്തതാണെന്നും പറഞ്ഞു….
അവൾ പുച്ഛത്തോടെയോന്ന് ചിരിച്ചു…..
അജി ഞെട്ടലോടെ അവളെ നോക്കി…..
ജീവൻ…..ഒരുപക്ഷെ അച്ഛനെ വിവരമറിയിച്ചതും അവനായിരിക്കാമെന്ന് അജിക്ക് തോന്നി…..
പാർവതി ഓർമകളിലെന്ന പോൽ നിർവികാരയായിരുന്നു…..
ആ നിമിഷം നിന്നെ വെറുത്തു പോയതാണ് അജി….
ഇനിയൊരിക്കലും സ്നേഹിക്കാൻ കഴിയാത്തത് പോൽ….
കയ്യിൽ കിട്ടിയ ചില്ല് കുപ്പി ജീവന്റെ തലക്കടിച്ചു പൊട്ടിച്ചു അവിടെ നിന്ന് രക്ഷപ്പെട്ടത് മുതൽ എല്ലാത്തിനോടും വെറുപ്പായിരുന്നു…..
എങ്ങനെ ജീവിക്കുമെന്നും എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്നും അറിയാതെ നിന്ന ഒരു നിമിഷത്തിൽ മരണത്തിലേക്ക് നടന്നടുത്തതായിരിയുന്നു ഞാൻ ജീവിതത്തിൽ ചെയ്ത വലിയ ശെരി….
അല്ലെങ്കി ലൊരിക്കലും ഈ മനുഷ്യന്റെ കൈകളിൽ ഞങ്ങളെത്തില്ലായിരുന്നു….
മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ അന്ന് മുതലാണ് ഞാൻ ഇയാളെ അറിഞ്ഞു തുടങ്ങിയത്…..
സ്നേഹം കൊണ്ട് മനുഷ്യരെ കീഴ്പ്പെടുത്തുന്ന ഇയാളെനിക്കൊരു അത്ഭുതമാകുകയായിരുന്നു…..
ഞാൻ പോലും കൊല്ലാൻ നോക്കിയ എന്റെ മോളേ ആദ്യമായി സ്നേഹിച്ചത് അവളുടേ പാർത്തനായിരുന്നു….
എല്ലാവരും അവളുടേ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു….
പുതിയ നാട്ടിലേക്ക് വരുമ്പോൾ സ്വന്തം പേര് പറയാൻ ഭയന്ന് കൊണ്ടാണ് മറ്റൊരു പേര് പറഞ്ഞതെങ്കിലും അവിടെ മുതൽ പാർവതി ജനിച്ചു തുടങ്ങുകയായിരുന്നു….
നീയെന്ന ശൂന്യതയിൽ നിന്ന് എനിക്ക് മുമ്പിൽ തുറന്ന വിശാലമായ ലോകമായിരുന്നു ഇയാൾ….
വെച്ചു നീട്ടിയ സൗഭാഗ്യത്തെ വിട്ട് നിന്നെ തേടി ഞാൻ വന്നത് ഒരു പകരം ചോദിക്കലിന് തന്നെയായിരുന്നു….
എന്നാൽ നാട്ടിലെത്തിയ ശേഷമാണ് എല്ലാം അറിഞ്ഞത്….
എല്ലാം കെട്ട് നിന്നതും ഒരുതരം നിർവികാരതയോടെ മാത്രമായിരുന്നു….
അന്ന് ഞാൻ മനസ്സിലാക്കി ഒരിക്കലും സ്നേഹിക്കാനാവാത്ത പോൽ നീയെന്ന മുറിവ് എന്നിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന്…
നിന്നെ സ്നേഹിച്ചതിൽ ഒത്തിരി വേദനിച്ചിരുന്നെങ്കിലും അവിടം കൊണ്ടും കഴിഞ്ഞിട്ടില്ലെന്നത് മനസ്സിലാക്കിയത് ആ ആക്‌സിഡന്റ് ആയിരുന്നു…
മകന്റെ കാമുകിക്ക് അച്ഛൻ നൽകിയ സമ്മാനം…..
അങ്ങേയറ്റം പുച്ഛത്തോടെ അവളൊന്ന് ചിരിച്ചു…..
അന്ന് തനിക്ക് താങ്ങായത് നിനക്ക് വേണ്ടി ഞാൻ ഉപേക്ഷിച്ചു പോയ എന്റെ കുടുംബമായിരുന്നു…
അവൾ ജയനെ നോക്കി….
ആ ആക്സിഡന്റിൽ നിന്നും കര കയറാൻ സമയമെടുത്തു….
അപ്പോഴും ഇവരിലേക്കെത്താൻ എന്റെ മനസ്സ് തിടുക്കം കൂട്ടിയിരുന്നു….
പക്ഷെ…. എന്റെ മോളേ കുറിച്ചോർത്തു ഒരിക്കൽ പോലും എനിക്ക് ആശങ്ക തോന്നിയിട്ടില്ല….
എന്തെന്നാൽ എനിക്കറിയാമായിരുന്നു എന്റെ മോള് ഏറ്റവും സുരക്ഷിതമായ കൈകളിലായിരുന്നെന്ന്….
പാർത്ഥന്റെ കണ്ണുകൾ നിറഞ്ഞു വന്നു…..
അജി അതേ നില്പ് തന്നെയായിരുന്നു….
ഒന്നും പറയാൻ പോലും കഴിയാതെ…..
എന്റെ മോള് കൂടി അന്ന് എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അവളെ കൂടി നിന്റെ അച്ഛനൊരു പക്ഷെ….
അതും പറഞ്ഞവളൊന്നു നിർത്തി…..
അന്ന് ആ പുഴക്കരയിൽ വെച്ചു നിന്റെ അശ്വതി മരിച്ചു അജി….
ഇത് പാർവതിയുടെ ജന്മമാണ്……
എങ്കിലും ആരു…..
അവൾ നിന്റെ രക്തമാണ്…….
നീയും അവളുമായുള്ള ബന്ധം അത്ര പെട്ടെന്ന് അറുത്തു മാറ്റാൻ കഴിയുന്നതല്ല…..
അവളെ കുറിച്ചുള്ള തീരുമാനം പറയേണ്ടത് നീ തന്നെയാണ്……
അവൾ അതും പറഞ് അവനെ നോക്കിയപ്പോൾ ആ വാക്കുകളിലെ വിങ്ങൽ അവനറിയുന്നുണ്ടായിരുന്നു…..
പാർത്തനും ജയനും എല്ലാം അവനെ നോക്കി നിൽക്കുകയായിരുന്നു….
അവന്റെ വാക്കുകൾക്ക് ലക്ഷ്മിയും കാതോർത്തു…
അവനെന്താവും പറയുകയെന്നാലോചിച്ചു എല്ലാവരുടെയും ഹൃദയം മിടിച്ചു തുടങ്ങി…
എല്ലാവരുടെയും ആഗ്രഹം ഒന്നായിരുന്നെങ്കിൽ കൂടി അവനതല്ല പറയുന്നതേങ്കിൽ…….?
അജി നിറഞ്ഞ കണ്ണുകൾ ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു….
എനിക്ക് മനസ്സിലാവും….
എനിക്ക് വേണ്ടി ഒരു ജന്മം സഹിക്കേണ്ടത് നീ സഹിച്ചു കഴിഞ്ഞു…..
ഇനിയും നിന്നെ ഞാൻ വേദനിപ്പിക്കില്ല…..
ഞാൻ അവളെ കൊണ്ട് പോയാൽ അവൾക്ക് അച്ഛൻ മാത്രമേ ഉണ്ടാവൂ… അമ്മയെ കിട്ടില്ല…..
അതും അവളുടേ പാർത്ഥൻ അവളെ സ്നേഹിച്ചത് പോലെ തനിക്ക് കഴിയുന്നില്ലെന്ന് അവളൊരിക്കലെങ്കിലും പറഞ്ഞാൽ അത് ഇപ്പോഴുള്ള എന്റെ വേദനയെക്കാൾ പത്തിരട്ടിയാവും…….
പാർവതിയോടത് പറഞ്ഞ് അവൻ പാർത്ഥനു നേരെ തിരിഞ്ഞു…..
ജന്മം കൊണ്ട് ഞാനാണ് അവളുടേ അച്ഛനെങ്കിലും കർമം കൊണ്ട് നീയാണത് മനോഹരമാക്കിയത്…..
നഷ്ടപ്പെടാവുന്ന ജീവനും അനാഥമായി പോകുമായിരുന്ന ബാല്യവും നീയാണവൾക്ക് നൽകിയത്…..
പാർത്ഥന്റെ കൈകളിൽ പിടിച് അജിയത് പറയുമ്പോൾ പാർത്ഥനവനെ കെട്ടിപ്പിടിച്ചു……
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി….
എല്ലാം കെട്ട് നിന്ന ലക്ഷ്മിയുടെ മിഴികളും നനഞ്ഞിരുന്നു…..
നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുന്നു എന്ന ഒരു ചിന്ത വന്നപ്പോൾ എവിടെയൊക്കെയോ ഞാൻ സ്വാർത്തനായി….
നിന്റെയും നിന്റെ പൂവിയുടെയും കളങ്കമില്ലാത്ത സ്നേഹം ഞാൻ നേരിട്ട് കണ്ടിട്ടും അത് മനപ്പൂർവം മറന്നു…
സങ്കടമുണ്ട്……
എങ്കിലും അവള് പറഞ്ഞതാണ് ശെരി…..
നീയാണ് ആരുവിന്റെ യഥാർത്ഥ അവകാശി….
അജി പാർത്ഥന്റെ തോളിൽ പിടിച്ചത് പറയുമ്പോൾ അവൻ
പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നു…..
വീണ്ടുമൊരു സംസാരത്തിനിടം കൊടുക്കാതെ അജി അവിടെ നിന്നും പോയി…..
എല്ലാവരിലും ഒരുതരം മൂഖത നിറഞ്ഞു നിന്നു….
അജിയെ ഓർത്ത് തന്നെയായിരുന്നത്….
അവകാശം ചോദിക്കാമായിരുന്ന ആരുവിനെ അവന്റെ മനസ്സിന്റെ നന്മ കൊണ്ടാണ് തനിക്ക് തന്നെ പോകുന്നതെന്ന് പാർത്ഥനറിയാമായിരുന്നു…
അവന്റെയുള്ളിൽ നോവൂറി….
പാർവതിയിൽ ഒരുതരം നിർവികാരതായായിരുന്നു…
അവനിപ്പോ സങ്കടപ്പെടുന്നതിന്റെ ഇരട്ടി താനും അനുഭവിച്ചിട്ടുണ്ട് അത് കൊണ്ടാവാം…..
അജിക്കിന്നെല്ലാമുണ്ട്…പാർത്താനൊന്നുമില്ല താനും…
എങ്കിലും മറ്റൊന്നിനും വേണ്ടി തനിക്ക് കണ്ടില്ലെന്ന് വെക്കാവുന്നതല്ല പാർത്ഥന്റെ മനസ്സ് …..
.
അജിയിൽ തെറ്റുകളൊന്നും ചൂണ്ടി കാണിക്കാനില്ലെങ്കിൽ കൂടി തന്റെ ശെരി അത് പാർത്തനാണ്….
അവൾ മനസ്സിൽ പറഞ് കൊണ്ട് പാർത്തനെ നോക്കി…..
അവന്റെ മുഖത് പരന്ന ദുഃഖം അജിയെ ഓർത്താണെന്ന് പാർവതിക്കറിയാമായിരുന്നു…..
മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ട് നിൽക്കാൻ അവന് കഴിയില്ലെന്നു തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക……
ഇവൾ നിന്നെ കുറിച് പറഞ്ഞത് മുതൽ ഞങ്ങൾ നിങ്ങളെ തേടി വന്നു…..
എല്ലാവരുടെയും നിശബ്ദതയെ ഭേദിച് കൊണ്ട് ജയനാണത് പറഞ്ഞ് തുടങ്ങിയത്….
എന്നാൽ അവിടെ നിന്നും നിങ്ങൾ പോയത് എവിടെക്കാണെന്ന് ആർക്കുമറിവില്ലായിരുന്നു..
പാർത്ഥൻ അയാളെ നോക്കി…
ആർക്കുമറിയില്ലെങ്കിലും നിന്റെ അനിയത്തിക്ക് അറിയുമെന്ന് ഇവൾ പറഞത് കൊണ്ട് തന്നെ ഞങ്ങൾ പോയത് അവിടെക്കായിരുന്നു….
പാർത്ഥൻ ഇത്തിരി അത്ഭുതത്തോടെ അവളെ നോക്കി….
മീനുവാണ് നിങ്ങളിവിടെയാണെന്ന് പറഞ് തന്നത്…..
ഞാൻ വരുന്ന വിവരം നിങ്ങളെ അറിയിക്കേണ്ടെന്നും ഞാൻ അവളോട് പറഞ്ഞിരുന്നു….
പെട്ടെന്ന് കാണുമ്പോഴുള്ള ആ ഒരു കൗതുകത്തിനു വേണ്ടി….
അവളൊന്ന് ചിരിച്ചു….
പാർത്തനും ഒന്നു ചിരിക്കാൻ ശ്രമിച്ചു….
എന്നാൽ ഇവിടെ വന്നപ്പോൾ ഞങ്ങൾ ആദ്യം കടയിലേക്കാണ് വന്നത്…
അവിടെ വെച്ച് നിന്നെ കണ്ടത് അജിയുടെ കൂടെയായിരുന്നു…..
എന്ത് ചെയ്യണമെന്നറിയാത്ത ആ അവസ്ഥയിലാണ് തൽക്കാലം ഇവിടെ രണ്ട് ദിവസം നിൽക്കാമെന്ന് വിചാരിച്ചതും…..
ജയന്നത് പറഞ് നിർത്തുമ്പോഴായിരുന്നു പാർത്തന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്….
എങ്കിൽ…. ഞങ്ങളിറങ്ങട്ടെ….
ഇവളെ നിന്നെയെല്പിച്ചു നാളെയെനിക്ക് മടങ്ങണം……
ഞങ്ങളും….. ഞങ്ങളും നാളെ നാട്ടിലേക്ക് തിരിക്കും…..
ജയന്നത് പറഞ്ഞ ഉടനെ പാർതൻ ഇടയിൽ കയറിയാണത് പറഞ്ഞ്……
മാഞ്ഞു പോയ അവളുടേ മുഖത്തെ പുഞ്ചിരി പതിയേ വിടരുന്നത് ജയൻ ആനന്ദത്താൽ നോക്കി നിന്നു……
മോളുറങ്ങുകയല്ലേ…. ഇനിയും ഞങ്ങളെ കണ്ടാൽ അവൾക്ക് സങ്കടമാവുകയേയുള്ളു…..നാട്ടിലെത്തി ഒഴിവ് പോലെ മൂന്ന് പേരും കൂടി വീട്ടിലേക്ക് വരണം…. അച്ഛനും അമ്മയും നിങ്ങളെ കാണാൻ കാത്തിരിപ്പാണ്…..
ജയന്നത് പറഞ് പാർത്തനെ കെട്ടിപ്പിടിച്ചു….
ജയൻ ഇറങ്ങിയതിനു പിറകെ പാർവതിയും ഇറങ്ങി….
അവൾ പടികൾ ഇറങ്ങി പോകുമ്പോൾ പിറകിലേക്ക് നോക്കാതിരുന്നില്ല….
അവളുടേ നോട്ടത്തിനായ് ചെറു ചിരിയോടെ അവനും ആ വരാന്തയിലുണ്ടായിരുന്നു…..
അവനിൽ വിരിഞ്ഞി രുന്നൊരാ ചിരി പതിയേ അവളിലേക്ക് പടർന്നിരുന്നു…..
(തുടരും)

by