16/04/2026

അവകാശി : ഭാഗം 20

രചന – ആയിഷ അക്ബർ

പാർത്ഥൻ വീട്ടിലേക്ക് വരുമ്പോൾ ആരുവിനെ കൂട്ടാൻ അമ്മിണിയമ്മയുടെ വീട്ടിൽ കയറിയിരുന്നു……

പാർത്തനെ കണ്ടതും ലക്ഷ്മിയുടെ കൈകളിൽ നിന്നും അവളോടി വന്നു….

ടീച്ചറെ…. ഞാൻ പോകുവാ…

അതും പറഞ്ഞ് കൊണ്ടവൾ പാർത്ഥന്റെ മേൽ ചാടി കയറി…..

പാർത്ഥൻ അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു….

മോൾക്ക് ബുദ്ധിമുട്ടുണ്ടോ അവിടെ നിൽക്കുന്നതിൽ…

അവനത് ചോദിക്കുമ്പോൾ അവളുടേ കുഞ്ഞു മനസ്സ് നോവുന്നുണ്ടോ എന്നതായിരുന്നു അവന്റെ മനസ്സ് മുഴുവനും….

അവളുടേ ലോകമെന്നത് താൻ മാത്രമാണെന്ന് അവനറിയാമായിരുന്നു….

താൻ കൂടി അവളെ അകറ്റി നിർത്തുമ്പോൾ അവൾക്ക് വേദനിക്കുന്നുണ്ടോയെന്നത് അവനിൽ പ്രയാസം തീർത്തു കൊണ്ടേയിരുന്നു….

ഇല്ല അച്ഛാ…. എനിക്കൊരു ശങ്കടോം ഇല്ലാ….ടീച്ചറേ ഇഷ്ടായി……
നല്ല ടീച്ചറാ…..

ചോദിച്ചാലും അവളങ്ങനെ പറയു എന്നും തനിക്കറിയാം…..

ഈ ചെറു പ്രായത്തിൽ തന്നെ തന്നെ വേദനിപ്പിക്കാതിരിക്കാൻ അവൾ എത്ര മനോഹരമായി ശ്രമിക്കുന്നു എന്നത് തനിക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് ….

അവനവളെ നെഞ്ചോട് ചേർത്തു……

അവൻ വാരി കൊടുക്കുന്ന ഭക്ഷണം അവൾ അവന്റെ മടിയിലിരുന്നു കഴിക്കുമ്പോൾ ദൂരെ ആകാശത്തെ പൂർണ ചന്ദ്രൻ അവരെ നോക്കി ചിരിക്കുന്നത് പോലെ തോന്നി…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തിനാ പാർതാ അവളെ അവിടെ വിട്ടിട്ട് വരുന്നത്….

അവളെ കൂടെ കൂട്ടിയാലെന്താ… അവളിവിടെ ഇരിക്കുമല്ലോ…

അജിയത് പറയുമ്പോൾ അവളെ കാണാത്തതിലുള്ള പ്രയാസമാണെന്ന് തോന്നി….

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആരു വുമായി അവനത്രയേറെ അടുത്തത് പോലെ തനിക്ക് തോന്നിയിരുന്നു…..

അല്ലെങ്കിലും ആരു എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുമെന്നും അവനോർത്തു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ നീങ്ങുമ്പോൾ ആ നാടുമായി അവരും ഇഴുകി ചേരുകയായിരുന്നു..

ആരുവിനെ നോക്കുന്നതിലുപരി തീർത്തും അന്യരായ അമ്മിണിയമ്മയും തങ്ങളും ഒരു കുടുംബമായി മാറുന്നതിൽ പാർത്തന് അത്ഭുതം തോന്നി…..

ആരുവിന്റെ മുടി ഭംഗിയിൽ ചീകി കൊടുത്ത് അവളെ ഒരുക്കുന്നതിൽ ലക്ഷ്മി എപ്പോഴും ശ്രദ്ധിച്ചിരുന്നു….

താനല്പം വൈകിയാലും അവളെ കുറിച്ചോർത്തു വേവലാതി പെടാതിരിക്കാൻ കാരണവും അവരുടെ മേലുള്ള തന്റെ വിശ്വാസമായിരുന്നു…..

എന്നാൽ ദിവസങ്ങളുടെ അടുപ്പം ലക്ഷ്മിയിൽ ഉണ്ടാക്കിയ മാറ്റം എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…..

ആരുവിനോടടുക്കുന്നതിനൊപ്പം അവൾ തന്നിലേക്കടുക്കും പോലെ….

ആ കണ്ണുകളിൽ കാണുന്ന തിളക്കം താൻ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു…

ആരോരുമില്ലാത്ത തങ്ങളോടുള്ള സഹതാപമാവാം അവളെ എന്നിലേക്ക് ചേർത്ത് വെക്കുന്നതെന്ന് അവന് തോന്നി…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തിനാ മോളേ അംഗനവാടിയിൽ വിടുന്നത്….
ഞാൻ നോക്കില്ലേ അവളെ…
ഞാനും ഇവിടെ തനിച്ചല്ലേയുള്ളു……

അജി മറന്ന് വെച്ച കണക്ക് പുസ്തകം എടുക്കാൻ അവന്റെ വീട്ടിലേക്ക് ചെന്നപ്പോഴായിരുന്നു ശാരതാമ്മ അത് പറഞ്ഞത്….

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തനിക്കും അജിക്കും ഇടയിൽ വന്ന മനോഹരമായ സൗഹൃദം കൊണ്ടാവാം അവന്റെ വീട് തനിക്കും സ്വന്തമായത്…..

അധിക സംസാരങ്ങളൊന്നുമില്ലെങ്കിലും തങ്ങൾക്കിടയിലെ സൗഹൃദത്തിനു വല്ലാതൊരു വ്യാപ്തി തോന്നിയിരുന്നു….

മനസ്സ് തുറന്ന് കൂടുതലൊന്നും സംസാരിക്കുന്നില്ലെങ്കിലും നിശബ്ദമായ ആ ബന്ധത്തിന് ഇരുവരുടെയും മനസ്സിലുള്ള നീറ്റലിനെ പരസ്പരം കൈ മാറാൻ കഴിഞ്ഞിരുന്നത് രണ്ട് പേരും അത്രയേറെ പക്വത യുള്ളവരായത് കൊണ്ടായിരുന്നിരിക്കാം….

എവിടെ നിന്നോ വന്ന ഒരുത്തനെ അത്രയേറെ ധൈര്യത്തോടെ തന്റെ വീട്ടിലെ ഒരംഗമായി അവന് കാണാൻ കഴിഞ്ഞതും ആ ബന്ധത്തിന്റെ ശക്തി കൊണ്ട് തന്നെയായിരിക്കാം……

അവൾക്കവിടെ ഇപ്പൊ കൂട്ടുകാരോക്കെ ആയി അമ്മേ…..
പിന്നേ ലക്ഷ്മി പോകുമ്പോൾ അവളെ കൂട്ടാറാണ് പതിവ്.. ലക്ഷ്മിയെ അവൾക്കും വലിയ കാര്യമാണ്…..

പാർത്ഥനത് പറയുമ്പോൾ ശാരതയുടെ മുഖം വാടി…

എനിക്കറിയാം ലക്ഷ്മിയെ…
നല്ല കുട്ടിയാ…. അമ്മിണിയും ഞാനും കളിക്കൂട്ടുകാരായിരുന്നു…

ലക്ഷ്മിയുടെ അച്ഛന്റെ ചീത്ത പേര് കൊണ്ട് ആ കുട്ടിക്ക് കല്യാണമൊന്നും ശെരിയാകുന്നില്ലായിരുന്നു..

അജിക്ക് വേണ്ടി ഞാൻ അവളെ ആലോചിച്ചതാ ….

ശാരത അത് പറയുമ്പോൾ അവർ തന്ന നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൻ തലയുയർത്തി അവരെ നോക്കി……

ഞാൻ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ…..
അവൻ കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടക്കുകയല്ലേ…..
പഴയൊരു പ്രേമത്തിന്റെ പേരും പറഞ്ഞ്…..

അവന്റെ കുഞ്ഞുങ്ങളെ കാണാനുള്ള യോഗം എനിക്കുണ്ടാവില്ല…. അല്ലാതെന്താ പറയാ….

ഞാൻ പോയാൽ അവന് പിന്നേ ആരാ ഉള്ളത് …

അവരത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….

അജിയെ കുറിച്ചറിയണമെന്ന് പാർത്തന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തോ ചോദിക്കാൻ തോന്നിയില്ല…..

അല്ലാ നിന്നോട് പറഞ്ഞിട്ടും കാര്യമില്ലലോ…. നീയും അവനെ പോലെ തന്നെയാണല്ലോ അല്ലേ….

ആർക്കൊക്കെയോ വേണ്ടി ജീവിതത്തിൽ ഒറ്റപ്പെടുന്നവർ…..

നിനക്ക് കൂട്ടിനു മോളെങ്കിലുമുണ്ടല്ലോ അവനാരുമില്ല….
പറ്റാണെങ്കി മോന് അവനെയൊന്നു ഉപദേശിക്കണം…. എന്റെ കണ്ണടയും മുൻപ് അവനൊരു കൂട്ടായി കണ്ടാൽ മതി…..

അവരത് പറഞ്ഞ് കൊണ്ട് കണ്ണ് തുടക്കുമ്പോൾ കണ്ണ് നീര് ആ സാരിതലപ്പിൽ ഒതുങ്ങാത്തത് പോലെ തോന്നി…..

അജിയുടെ പ്രശ്നം എന്താ…

ചോദിക്കില്ലെന്ന് കരുതിയതാണ്…. എങ്കിലും അവരുടെ കണ്ണു നീര് കാണുമ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…..
തനിക്കവനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ നോക്കാമല്ലോ….

അവന്റെ അച്ഛനെപ്പോഴും അയാളുടെ ശെരികൾ മാത്രമായിരുന്നു വലുത്….
അയാളുടെ വാക്കുകൾക്ക് എതിരെ ഒരു ചെറു വിരൽ പോലും അനങ്ങാൻ പാടില്ല….

അജിയെ കുറിച് ചോദിച്ചപ്പോൾ ഏതോ വലിയ കഥ യെന്ന പോൽ അവർ അജിയുടെ അച്ഛനിൽ നിന്ന് തുടങ്വുമ്പോഴും പാർത്ഥൻ അവരുടെ വാക്കുകൾക്ക് ശ്രദ്ധയോടെ കാതോർത്തു…..

ചെയ്യുന്ന തും പറയുന്നതും തെറ്റാണെങ്കിലും എല്ലാം പഞ്ച പുച്ഛമടക്കി കേട്ട് നിൽക്കുന്ന ഒരടിമയായിരുന്നു അയാൾക്ക് ഞാൻ….

ഇതെന്റെ നാടാണ്..
ഇവിടെ കച്ചവടത്തിന് വന്ന് എന്നെ കണ്ടിഷ്ടപ്പെട്ടതാണ്….

ഒറ്റ മോളേ ഇത്രയേറെ ദൂരേക്ക് പറഞ്ഞയക്കുന്നതിൽ അമ്മക്ക് വല്യ സങ്കടമുണ്ടായിരുന്നെങ്കിലും പേര് കേട്ട തറവാട്ടിലെ ഒരൊറ്റ മകനായിരുന്നത് എല്ലാവരും ഭാഗ്യമായി കണക്കാക്കി……

എല്ലാവരും അയാളുടെ ചൊല്പടിക്ക് നിൽക്കണമെന്നത് അയാൾക്ക് വാശിയായിരുന്നു…..

അജി വളരും തോറും എന്റെ അവസ്ഥ തന്നെയായിരുന്നു അവനും…..

സ്വന്തമായി ഒരിഷ്ടങ്ങളും പാടില്ലായെന്ന് മാത്രമല്ല…. എതിർത്തു പറഞ്ഞാൽ ഒരിറ്റ് വെള്ളം പോലും പിന്നേ കുടിക്കാൻ സമ്മതിക്കില്ല…..

അവന്റെ ചോര തിളപ്പുള്ള ആ സമയത്താണ് അവനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാവുന്നതും ഒളിച്ചോടുന്നതും….

ഇഷ്ടത്തിലാണെന്ന് എനിക്കറിയാവുന്ന കാര്യമാണെങ്കിലും അവളെ കൂട്ടി നാട് വിടാനുള്ള ധൈര്യം അവൻ കാണിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല……

എങ്കിലും അറിഞ്ഞപ്പോൾ മുതൽ അവന്റെ അച്ഛന്റെ കയ്യിൽ അവനെ കിട്ടരുതെന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന…

അവനെ തിരയാൻ നാടായ നാട് മുഴുവൻ അയാളുടെ ആളുകൾ നടന്നു…

എങ്കിലും അവനെ കുറിച്ചൊരു വിവരവും കിട്ടിയില്ല….

ആകെയുള്ള മകനെ കാണാനില്ലെന്നറിയുമ്പോഴും അവനെന്നെ തേടി വരുമെന്ന വിശ്വാസത്തിൽ അവന് വേണ്ടി പ്രാർഥനയോടെ ഞാനിരുന്നു….

തീ തിന്നുന്ന ദിവസങ്ങളായിരുന്നു അതെല്ലാം…..

എന്നാൽ കുറച്ച് ദിവസങ്ങൾക്കു ശേഷം അവൻ ഞങ്ങളുടെ വീട്ട് മുറ്റത്തെത്തി…

എത്തിയതല്ല…. അച്ഛന്റെ ആളുകൾ പിടിച്ചു കൊണ്ട് വന്നതാ….

ചോരയോഴുകുന്ന അവന്റെ ദേഹം കണ്ട് ഞാൻ വാവിട്ട കരഞ്ഞു….

അപ്പോഴും അയാൾ അഭിമാനത്തിന് ക്ഷതമേറ്റിയ ശത്രുവിനോടെന്ന പോൽ എന്റെ മോനെ തല്ലി ചതക്കുകയായിരുന്നു…..

ആദ്യമായി എന്റെ ശബ്ദം അയാൾക്ക് നേരെ ഉയർന്നു……

ഞാനും അയാൾക്ക് ശത്രു ആയി മാറിയതല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിരുന്നില്ല…… ദിവസങ്ങളോളം എന്റെ മോനെ മുറിയിലിട്ട് പൂട്ടി……
അവനൊരിക്കലും അവളെ തേടി പോകാതിരിക്കാൻ….

ആ മുറിയുടെ താക്കോൽ എന്റെ കയ്യിൽ കിട്ടിയ ആ ദിവസം ഞാൻ അവനെ തുറന്ന് വിട്ടു…..

ഞാൻ അവളെയും കൂട്ടി വരാം…. അമ്മയെ കൊണ്ട് പോവാൻ…. നമുക്ക് എവിടെയെങ്കിലും പ്പോയി ജീവിക്കാം…

ഞാൻ അനുഭവിക്കേണ്ടത് അവനറിയുന്നത് കൊണ്ട് തന്നെ അതും പറഞ്ഞാണ് അവനിറങ്ങിയത്…..

അവനെ തുറന്ന് വിട്ടതിൽ അയാളെ ന്നോടൊന്നും പറഞ്ഞില്ല…. എനിക്കത്ഭുതം തോന്നി….

അയാളുടെ മാറ്റത്തിൽ ഞാൻ സന്തോഷിച്ചു….

എന്നാൽ ചെകുത്താന്റെ മനസ്സുള്ള അയാൾ എന്നോട് പ്രതികാരം ചെയ്തത് പിറ്റേ ദിവസം ഒരു സ്ത്രീയെയും കൂട്ടി വീട്ടിലേക്ക് കയറി വന്നിട്ടാണ്….

അയാളുടെ ഭാര്യയാണ് പോലും…..

അവളെ തേടി പോയ അജി രണ്ട് ദിവസം കഴിഞ്ഞതും എന്നെ തേടിയെത്തി….

എന്നാൽ കൂടെ അവളുണ്ടായിരുന്നില്ല…
അവൾ അവിടെ നിന്നും എങ്ങോട്ടോ പോയിട്ടുണ്ടായിരുന്നു…..

അയാളുടെ നേർക്ക് കാർക്കിച്ചു തുപ്പി വർഷങ്ങളുടേ പീഡനങ്ങൾക്ക് അറുതി വരുത്തി അന്ന് ഞാനെന്റെ മോന്റെ കൈ പിടിച് ഇങ്ങോട്ട് പോന്നു….

അത്ര സ്വത്തുക്കളൊന്നുമില്ലെങ്കിലും സമാധാനമുണ്ട് മോനെ…. സ്വസ്ഥതയുണ്ട്….

അനുഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ഒരു തരം ഭയമാണ്….

എന്നാൽ അവനിപ്പോഴും അവളെ ആലോചിച്ചിരിക്കുകയാണ്….
ഇനി അവന്റെ കല്യാണം എന്നൊരു മോഹം കൂടിയേ അമ്മക്കുള്ളു…..

അവർ നെടുവീർപ്പോടെ അത് പറഞ്ഞ് നിർത്തി കണ്ണുകൾ തുടക്കുമ്പോൾ ഏതോ ലോകത്തിലെന്ന പോലിരിക്കുകയായിരുന്നു പാർത്ഥൻ…..

അവനവരോട് സഹതാപം തോന്നി…..
ഗ്ലാസ്‌ തിരികെ കൊടുത്തവിടെ നിന്നും ഇറങ്ങുമ്പോഴും അവന്റെ മനസ്സിൽ മുഴുവൻ അവർ പറഞ്ഞ കാര്യങ്ങളായിരുന്നു….

(തുടരും )