19/04/2026

അവകാശി : ഭാഗം 08

രചന- ആയിഷ അക്ബർ

ദിവസങ്ങൾ നീങ്ങി തുടങ്ങുമ്പോൾ അവളിലെ അവശതയും കൂടി കൊണ്ടിരുന്നു….

ചില ദിവസങ്ങളിൽ സ്കൂളിലേക്ക് പുറപ്പെടാൻ നേരം അവന്റെ കണ്ണിലുടക്കുന്ന അവളുടേ വയ്യായ്കകൾ പലതും അവനെ അസ്വസ്ഥമാക്കിയത് കൊണ്ട് തന്നെ അവൾക്ക് കൂട്ടായെന്ന വണ്ണം അവൻ വീട്ടിലിരുന്നു…..

തന്നോട് നേരിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നത് കൊണ്ട് തന്നെ വീട്ടിലുള്ളവരുടെ മുറു മുറുപ്പ് തന്നെ കേൾപ്പിച്ചെന്ന വണ്ണം തുടരുന്നുണ്ടായിരുന്നു….

എങ്കിലും തന്റെ ശ്രദ്ധയത്രയും ആ കുഞ്ഞിലായിരുന്നു..

സ്കാനിങ് കഴിഞ്ഞ് റിപ്പോർട്ട്‌ കയ്യിൽ കിട്ടിയപ്പോൾ അതിൽ തെളിഞ്ഞ ചിത്രത്തിന് ഒരു കുഞ്ഞ് മുഖമായി അവന് തോന്നി…..

പ്രതീക്ഷകൾ അവൻ മനസ്സിൽ നെയ്തു തുടങ്ങിയിരുന്നു…

വലുതായി കൊണ്ടിരിക്കുന്ന അവളുടേ വയറിലേക്ക് നോട്ടം പാറി വീഴുമ്പോൾ അവൻ കണ്ടിരുന്നത് വളരുന്ന ആ ജീവനെ മാത്രമായിരുന്നു….

പ്രത്യേകിച്ച് സംസാരങ്ങൾ ഒന്നും അവർക്കിടയിൽ ഇല്ലെങ്കിൽ കൂടി കണ്ണുകൾ തമ്മിൽ ഒരായിരം വാക്കുകൾ മൊഴിഞ്ഞു കൊണ്ടിരുന്നു……

തനിക്കാരുമല്ലാത്ത ഒരുവൻ കണ്ണിലെ കൃഷ്ണമണി പോൽ തന്നെ കൊണ്ട് നടക്കുമ്പോൾ അവനോടുള്ള വികാരമെന്തെന്ന് അവൾക്കും അറിയില്ലായിരുന്നു…..

അവനിലെ നന്മയെ എന്ത് പേരിട്ടു വിളിക്കണമെന്നും അവൾക്കറിയില്ലായിരുന്നു….

ദിവസങ്ങൾ കഴിയും തോറും അവനു തന്റെ ഹൃദയം നൽകുന്ന സ്ഥാനങ്ങള്ക് ഉയർച്ച ഏറുന്നത് പോലെയവൾക്ക് തോന്നി…..

എന്നാൽ ഒരിക്കൽ ഹൃദയത്തിൽ മുറിവ് പറ്റിയവളാണ് താൻ…..

ആരോടും അടുക്കാൻ കഴിയാത്ത വിധം മനസ്സ് ഭയത്തിന്റെ തടവറയിലാണ്……

ശർദ്ധിക്കുമ്പോഴേക്കും ഓടി വന്നെന്റെ മുതുകിൽ തടവുമ്പോൾ ആ കണ്ണുകളിൽ കാണുന്ന ആകുലതകളൊക്കെയും തനിക്ക് നൽകുന്നത് ഒരു ആശ്വാസമാണ്…..

കൂടെ അവനുണ്ടെന്ന ആശ്വാസം…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് രാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെന്തോ കാലുകളിലൂടെ ഇഴഞ്ഞു കയറുന്നൊരു വേദന അവളറിഞ്ഞിരുന്നു…..

എഴുന്നേൽക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല കാലിലൂടെ ഉരുണ്ടു കയറുന്ന ആ വേദന അവൾക്ക് അസ്സഹനീയമായിരുന്നു….

ആ…

പതിഞ്ഞ ശബ്ദത്തിലാണെങ്കിലും അവളുടേ കരച്ചിലിന്റെ സ്വരം പാർത്ഥന്റെ ഉറക്കത്തിലേക്ക് തുളച്ചു കയറിയിരുന്നു….

അവൻ വേഗം എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു….

കട്ടിലിൽ നിന്നും ഒരു കാല് മാത്രം താഴെ വെച്ച് വേദന കൊണ്ട് പുളയുന്നവളെ അവൻ നോക്കി….

നിറഞ്ഞു വന്ന ആശങ്കയോടെ അവൻ നിലത്തേക്കിരുന്നു അവളുടേ കാലെടുത്തു മടിയിലേക്ക് വെച്ചു…..

ഉരുണ്ടു കയറുന്ന ആ വേദനയെ അവൻ പതിയേ ഉഴിഞ്ഞിറക്കി കൊടുക്കുമ്പോൾ അവളുടേ മുഖത്തു ആശ്വാസം പരക്കുന്നത് അവനറിഞ്ഞിരുന്നു…..

വേദന കൊണ്ട് വിയർത്തിരിക്കുന്ന അവളെ കാൻകെ അവന്റെ ഉള്ളിൽ നിന്നൊരു വേദന പൊടിഞ്ഞു…..

ഗ്ലാസിൽ അല്പം വെള്ളമെടുത്തു അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ വേഗത്തിൽ അത് വാങ്ങി കുടിച്ചു…….

കിടന്നോ…. വയ്യെങ്കി എഴുന്നേൽക്കേണ്ട…..

പാർത്ഥനത് പറയുമ്പോൾ പേരറിയാത്ത ദുഃഖത്താൽ അവന്റെ മുഖം ഇരുണ്ടിരുന്നു…..

അവൻ കൈ ചേർത്ത് പിടിച് അവളെ കട്ടിലിലേക്ക് കിടത്തി….

കണ്ണുകൾ മൂടി അവൾ കിടക്കുമ്പോഴും അവനല്പ നേരം അവളെ നോക്കി നിന്നു…… 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾക്ക് വയ്യായ്ക കൂടി വരികയല്ലേ ടീച്ചറേ…..
വീട്ടിലെത്തുന്നത് വരെ നെഞ്ചിലൊരു പേടിയാണ്…

വീട്ടിലുള്ളവരെ കണക്കാക്കി അവളെ ഒറ്റക്ക് വിട്ട് വരാൻ കഴിയില്ല…..
അവൾക്ക് കൂട്ടിന് ആരെയെങ്കിലും കിട്ടാനെന്താണോരു വഴി….

പാർത്ഥൻ ഏറെ നിരാശയോടെയത് പറയുമ്പോൾ ജാനകിയും ചിന്തയിൽ തന്നെയായിരുന്നു…..

ഞാനും വൈകുന്നേരം വരെ സ്കൂളിൽ തന്നെയല്ലേ… അല്ലെങ്കിൽ ഞാൻ കൂട്ടി കൊണ്ട് പോകുമായിരുന്നു…..

പിന്നേ ഒരാളെ നിർത്താനാണെങ്കിൽ അത് ഈ അവസ്ഥയിൽ നിനന്നേ കൊണ്ട് കൂട്ടിയാൽ കൂടില്ല പാർതാ…..

ടീച്ചർ അത് പറയുമ്പോൾ തന്നിലേക്കുള്ള വരവുകളെയും തന്റെ ചിലവുകളെയും കുറിച്ചുള്ള ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞിരുന്നു……

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഹൃദയം ശങ്കിച്ചു നിന്നിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിലേക്ക് കയറി വരുമ്പോൾ മുറിയിൽ നിന്നും സംസാരം ഉയർന്നു കേട്ടപ്പോഴേ പാർത്തന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു….

അവൻ അതേ ചിരിയോടെ വാതിൽ തുറന്നു…..

പ്രതീക്ഷിച്ച ആള് തന്നെയായിരുന്നത് കൊണ്ട് തന്നെ അവന്റെ മുഖത്തിന്‌ യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല….

ഏട്ടാ……
സ്നേഹത്തോടെ പുഞ്ചിരിച്ചു കൊണ്ടവനെ വിളിച്ചവൾ അവന്റെ അടുത്തേക്ക് വന്നു…..

നീയെപ്പോ വന്നു മീനു…..

ഞാൻ രാവിലെ തന്നെ എത്തി ഏട്ടാ….
അവളത് പറയുമ്പോൾ പാർത്ഥന്റെ കണ്ണുകൾ പാർവതിയിലേക്കും നീണ്ടു പ്പോയി…

മീനുവിന്റെ സംസാരം അവളിൽ നൽകിയ ആശ്വാസത്തെ ആ മുഖത്ത് നിന്നും അളന്നെടുക്കാൻ പാർത്തന് കഴിഞ്ഞിരുന്നു….

അതൊരു പക്ഷെ തന്റെ കൂടെ പിറപ്പിനെ കുറിച് അവന് നന്നായി അറിയുന്നത് കൊണ്ടായിരിക്കാം…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നോട്….

പാർത്ഥനത് ചോദിക്കുമ്പോൾ മീനു ഒന്ന് ചിരിച്ചു…. അങ്ങേയറ്റം പുച്ഛത്തോടെ…..

എന്നോടെന്ത് പറയാനാ ഏട്ടാ….
എന്റെ സ്വഭാവം അമ്മയുമായി ചേരില്ലേന്ന് ഏട്ടനറിയില്ലേ..
ഏട്ടനെ കുറിച് കുറ്റം പറയാൻ മറ്റുള്ളവരെ പോലെ എന്നെ കിട്ടില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെ എന്നോടൊന്നും പറയാറുമില്ലല്ലോ…..

വളരേ ലാഘവത്തോടെ അവളത് പറയുമ്പോൾ പാർത്തനൊന്നു ചിരിച്ചു….

അവൾ ചെറുപ്പം മുതലേ അങ്ങനെയാണ്….
അവൾക്ക് ശെരി യെന്ന് തോന്നുന്നത് മാത്രമേ ചെയ്യൂ……
അവളുടേ കണ്ണിലെ ശെരികൾ എപ്പോഴും എന്റെ ഭാഗത്തായിരുന്നത് കൊണ്ട് തന്നെ അവളെയും അമ്മ എഴുതി തള്ളി…..

നിനക്ക് ലീവ് ഉണ്ടോ മീനു….

പാർത്ഥൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണത് ചോദിച്ചത്…..

പിന്നേ…ഇനിയങ്ങോട്ട് ലീവ് തന്നെയല്ലേ….. ആ ജോലി പോയികിട്ടി…..ഇനി വേറെ എന്തെങ്കിലും നോക്കണം….

അവൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ പാർത്ഥൻ കണ്ണുകലുയർത്തി അവളെ നോക്കി…..

അവർക്കരികിലായിരുന്നു ഭക്ഷണം കഴിച് കൊണ്ടിരുന്ന പാർവതിയും അവളെ തന്നെ നോക്കി…..

ഞാൻ നിന്നോട് പറഞ്ഞതല്ലേ ആ ജോലിക്കൊന്നും പോകേണ്ടാന്ന്….. നിനക്ക് ഇഷ്ടമില്ലാത്ത ജോലി നീയെന്തിനാ കഷ്ടപ്പെട്ട് ചെയ്യുന്നത്…..
എത്രയും പെട്ടെന്ന് നിന്നെ ഒരാളുടെ കയ്യിൽ പിടിച്ചേൽപ്പിക്കണമെന്നാണ് ഏട്ടന്റെ ആഗ്രഹം….

പാർത്ഥനത് പറയുമ്പോൾ അവളോടുള്ള സ്നേഹം വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു……

പിന്നേ…… ചൊവ്വാ ദോശക്കാരിയായ പെങ്ങളെ കെട്ടാൻ ഇംഗ്ളണ്ടിൽ നിന്നും രാജ കുമാരൻ പുറപ്പെട്ടിട്ടുണ്ടെന്ന് കേട്ടു….
ചൊവ്വാ ദോശത്തിന് കൂട്ടായൊരു ഹൃദ്രോഗവും…..

അവൾ അതും പറഞ് ചിരിക്കുമ്പോഴും
ആ കണ്ണുകളിൽ ഒളിപ്പിച്ച ദുഃഖം അവർക്കലാന്നെടുക്കാൻ കഴിഞ്ഞിരുന്നു

ഈ ഏട്ടന് ജീവനുള്ളിടത്തോളം നിന്നെ ഞാൻ നോക്കിക്കോളാം….
നീയൊന്നിനും പോകേണ്ട….

പാർത്ഥൻ അവളെ നോക്കി കൊണ്ടത് പറയുമ്പോൾ അവനിലെ സ്നേഹത്തിന്റെ സാഗരം അലയടിക്കുന്നുണ്ടായിരുന്നു…..

എന്നും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ മതിയോ ഏട്ടാ…
എന്നാണിനി ഏട്ടന് വേണ്ടിയൊന്ന് ജീവിച്ചു തുടങ്ങുന്നത്…..

അവളതും ചോദിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോകുമ്പോൾ പാർത്ഥൻ നിർവികാരമായി അൽപ നേരം അങ്ങനെ ഇരുന്നു….

അവന്റെ ഹൃദയത്തിലേ കനലിലേക്കൽപം വെള്ളമൊഴിക്കാൻ അവൾക്കാഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെയെന്നറിയാത്തത് കൊണ്ട് തന്നെ അവൾ അവനെ നോക്കി നിന്നു..

മനസ്സ് അവനിലേക്ക് ചായുന്നത് അവളറിയുന്നുണ്ടായിരുന്നെങ്കിലും ഉണങ്ങി തുടങ്ങിയിട്ടില്ലാത്ത മുറിവിനെ ഓർത്തായിരിക്കാം ഹൃദയം അതിനെ കണ്ടില്ലേന്ന് വെച്ചത്…..

(തുടരും )