24/04/2026

അവകാശി : ഭാഗം 15

രചന – ആയിഷ അക്ബർ

 

അവളുടേ കൂടെയുള്ള നിമിഷങ്ങൾ അവന് സമ്മാനിച്ചിരുന്നത് നീറ്റലായിരുന്നെങ്കിൽ കൂടി അവനവളെ ഹൃദയത്തോട് ചേർത്ത് പിടിച്ചു….

അവളെ ചുംബനങ്ങളാൽ മൂടുന്നതിൽ അവൻ പിശുക്കിയില്ല….

കാരണം അവൾ തന്നിൽ നിന്ന് പോകുമ്പോൾ നിലച്ചു പോയേക്കാവുന്ന തന്നിലെ വാത്സല്യത്തിന്റെ നീരുരവയെ കുറിച് അവന് വ്യക്തമായ ബോധ്യമുണ്ടായിരുന്നത് കൊണ്ട് തന്നെയായിരുന്നത്…….

പിറന്നാൾ ദിവസം രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് അവൾക്കായി അവൻ വാങ്ങിയ ഉടുപ്പവളിട്ടു കൊടുത്തു…..

കണ്ണെഴുതി പാതിയായതും പാർത്ഥന്റെ ശബ്ദം പുറത്ത് കേട്ടവൾ പുറത്തേക്കൊടി…..

കണ്മഷിയുമായി പിറകെ പാർവതിയും……

ആരു…. നിൽക്ക്…

പാർവതി വിളിച്ചെങ്കിലും ആരുവിന്റെ കുഞ്ഞി കാലുകൾ നിശ്ചലമായത് പാർത്ഥന്റെ അരികിലെത്തിയപ്പോഴായിരുന്നു….

അവൻ അവളെ കോരിയെടുത്തതും പിറകിൽ കണ്മഷിയുമായി പാർവതി എത്തിയിരുന്നു….

വാ…. കണ്ണെഴുതി തരാം…. ഒരു കണ്ണ് മാത്രം എഴുതിയാലെങ്ങനെ…

പാർവതി അത് പറയുമ്പോഴും അവളത് കൂട്ടാക്കാതെ അവന്റെ തോളിലേക്ക് ചാഞ്ഞു….

പാർത്ഥൻ കണ്മഷി കയ്യിൽ വാങ്ങി അവളെയും കൊണ്ട് സോഫയിലേക്കിരുന്നു….

അച്ഛന്റെ മോള് സുന്ദരിയാവണ്ടേ…..

പാർത്ഥൻ ചിരിച്ചു കൊണ്ടത് പറഞ് കണ്മഷി എഴുതി തുടങ്ങിയതും അവൾ അനുസരണയോടെ കണ്ണുകൾ ചിമ്മി കിടന്നു…

കണ്ണുകൾക്കത് സുന്ദരമായൊരു രംഗമായിരുന്നെങ്കിലും പാർവതിയുടെ ഉള്ളു പിടഞ്ഞു…..

ഞങ്ങളിവിടെ നിന്നിറങ്ങുന്നത്തോട് കൂടി പിരിഞ്ഞു പോകുന്ന സുന്ദരമായ അവരുടെ ബന്ധത്തെ കുറിച്ചൊർതായിരുന്നത്…

അവൾ വളരും തോറും അവനെ മറന്നേക്കാം…. എന്നാൽ അവനതിനു കഴിയുമോ…..

ആ ഹൃദയത്തെ മുറിപ്പെടുത്തുന്നുവെന്നോർക്കും തോറും അവളുടേ ഹൃദയം നീറി പുകഞ്ഞു…..

പാർത്ഥന്റെ അവസ്ഥയും മറിചായിരുന്നില്ല……

നോവിന്റെ ഇടയിലും അവൻ അവളെ നോക്കി ചിരിച്ചു……

അന്നത്തെ ദിവസത്തിനായി സധ്യയും കേക്കും അവൻ ഒരുക്കിയിരുന്നു……

കുഞ്ഞി കൈകൾ ചേർത്ത് പിടിച്ചാ കേക്ക് അവൻ മുറിക്കുമ്പോഴും കുഞ്ഞി പല്ലുകൾ കാട്ടിയവൾ പുഞ്ചിരിച്ചു….

പാർത്ഥൻ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് പെട്ടി കയ്യിലെടുത്തതും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായിരുന്നു….

അതിൽ നിന്നും ഒരു സ്വർണ വള എടുത്തവൻ ആരുവിന്റെ കയ്യിലിട്ട് കൊടുത്തു…..

നോവ് കലർന്ന അവന്റെ പുഞ്ചിരിക്കിടയിലും കുഞ്ഞിനെ ചേർത്ത് പിടിച് ചുംബിക്കാൻ അവൻ മറന്നിരുന്നില്ല…..

മീനുവിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു….
കാരണം ആ ചിരിയിൽ കലർന്ന ദുഃഖത്തെ അവൾക്കത്ര മാത്രം അടുത്ത് കാണാൻ കഴിയുന്നത് കൊണ്ടായിരുന്നത്……

പാർവതിയുടെ മനസ്സ് വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ നീറി തുടങ്ങിയിരുന്നു…..

ആ വള വാങ്ങാൻ അവനെത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവളൂഹിച്ചിരുന്നു…..

കുഞ്ഞിനോടുള്ള അളവറ്റ സ്നേഹത്താൽ അത് വാങ്ങാനായി അവന്റെ ഒത്തിരി കാര്യങ്ങളെ അവൻ മാറ്റി വെച്ചിട്ടുണ്ടാവുമെന്ന് അവൾക്കുറപ്പായിരുന്നു…..

അവനെ കാണുമ്പോൾ ഒരു വിങ്ങൽ അവളുടേ തൊണ്ട ക്കുഴിയിൽ തങ്ങി നിന്നു…..

എല്ലാവരും ചേർന്ന് സദ്യ കഴിക്കുമ്പോഴും ആരു പാർത്ഥന്റെ മടിയിൽ തന്നെയായിരുന്നു……

അവന്റെ കൈ കൊണ്ടു വാരി കൊടുക്കുന്നതിലായിരുന്നു അവളുടേ സന്തോഷം….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞാൻ..ഞാൻ നാളെ തന്നെ പോയാലോ എന്നാലോചിക്കുകയാണ്…പൊയ്ക്കോട്ടേ…

പാർത്ഥന്റെ തോളിൽ ചാഞ്ഞു കിടന്നുറങ്ങിയ ആരുവിനെ കട്ടിലിലേക്ക് കിടത്തുമ്പോഴാണ് പാർവതിയത് ചോദിച്ചത്…..

അവളത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറിയിരുന്നു…

ഹൃദയം നിലച്ചു പോയ പാർത്തന് ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു….

അറിയുന്ന കാര്യമാണെങ്കിൽ പോലും അതിത്ര അടുത്തെത്തുമ്പോൾ ഇത്രയേറെ നോവുമെന്ന് ഓർത്തിരുന്നില്ല…..

അവൻ സമ്മതമെന്ന തരത്തിൽ ഒന്ന് തലയാട്ടുക മാത്രം ചെയ്തവിടെ നിന്നും നടന്നു…..

ആർത്തലച്ചു പെയ്യുന്ന ഹൃദയത്തിന്റെ നൊമ്പരം അവന്റെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങി……

🔹🔹🔹🔹🔹🔹🔹🔹🔹🔹

മീനു…. ഞാൻ നാളെ പോകുകയാണ്….

പാർവതിയത് പറയുമ്പോൾ മീനുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല…..

ഏട്ടനോട് പറഞ്ഞോ…..

മ്മ്……

പിന്നീട് അവർക്കിടയിൽ നിറഞ്ഞു നിന്നത് കനത്ത നിശബ്ദതയായിരുന്നു……

തിരിച്ചു വരാനാണോ പോകുന്നത്…

മീനുവിന്റെ വാക്കുകളിൽ ഗൗരവം തെളിഞ്ഞു കണ്ടു…

വരും….. ചെയ്യാനുള്ളതൊക്കെ ചെയ്ത് തീർന്നാൽ ഒരുനാൾ ഞാൻ തീർച്ചയായും മടങ്ങി വരും….

പാർവതി അത് പറഞ്ഞ് കൊണ്ട് അകത്തേക്ക് പോകുമ്പോഴും മീനുവിന് അവളുടേ വാക്കുകളിൽ ഒട്ടും വിശ്വാസം തോന്നിയില്ല…..

പാർത്തനെ കുറിച്ചോർത്തു അവളുടേ ഹൃദയം വീണ്ടും വിങ്ങി തുടങ്ങി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ പാർത്ഥനഴുന്നേൽക്കുമ്പോൾ തന്നെ ഇന്നവർ തന്നെ വിട്ട് പോകുകയാണെന്നത് മനസ്സിനെ കുത്തി നോവിച്ചിരുന്നു…..

ഉറക്കം അല്ലെങ്കിലും ഒരനുഗ്രഹമാണല്ലോ…. എത്ര ഓർക്കില്ലെന്ന് വിചാരിക്കുമ്പോഴും മറക്കാൻ കഴിയാത്ത ദുഖങ്ങളെയെല്ലാം തൽക്കാലത്തേക്കെങ്കിലും തുടച് നീക്കാൻ കഴിയുന്നത് ഉറക്കത്തിനു മാത്രമാണല്ലോ……

അവൻ സോഫയിൽ എഴുന്നേറ്റിരുന്നു….

ആരും എണീറ്റിട്ടില്ല…. അല്ലെങ്കിലും ഈ വീട്ടിൽ ആദ്യം എഴുന്നേൽക്കുന്നത് താൻ തന്നെയാണ്……

പെട്ടെന്നാണ് അവന്റെ അരികിലായുള്ള കസേരയിൽ ഒരു പേപ്പർ അവൻ കണ്ടത്…..

അത് പാറി പോകാതിരിക്കാനെന്ന വണ്ണം അതിനു മുകളിൽ അലമാരയിലുള്ള ഒരു പൂകൊട്ട എടുത്ത് വെച്ചിരിക്കുന്നു….

അവന്റെ മുഖത്ത് സംശയങ്ങൾ പലതും ഉദിച്ചു നിന്നു.

അവൻ പതിയേ ആ പേപ്പർ കയ്യിലെടുത്തു….

മിടിക്കുന്ന ഹൃദയത്താൽ അവനത് വായിച്ചു തുടങ്ങി…

ഞാൻ പോകുകയാണ്…. ഇനിയൊരു യാത്ര പറച്ചിലിന് നിൽക്കാൻ എനിക്ക് ശക്തിയില്ല….
അത് കൊണ്ടാണ് ഒരെഴുത്തു കൊണ്ട് എല്ലാം പറഞ്ഞ് നിർത്തുന്നത്…..

നിറച്ചെഴുതിയ ആ കടലാസിന്റെ ആദ്യ വരികൾ വായിച്ചപ്പോൾ തന്നെ അവന്റെ തലക്കൊരു അടിയേറ്റത് പോലെ തോന്നി…..

ശ്വാസം നിലച്ചു പോകുമെന്ന വണ്ണം അവൻ തളർന്നിരുന്നു….

ഇന്നലെ താനവരെ കണ്ടത് അവസാനമായാണെന്ന് അറിയില്ലായിരുന്നു…..

അവളുടെയും കുഞ്ഞിന്റെയും മുഖം മനസ്സിൽ അങ്ങിങായി പാറി നടന്നു…..

ഒന്ന് കൂടി അവളെ കെട്ടി പിടിക്കാൻ ഹൃദയം കൊതിച്ചു…. ആ കുഞ്ഞി കവിളിൽ ഗാഡ്ഢമായോന്ന് ചുംബിക്കണമായിരുന്നവനു……..

അവൻ നിറയുന്ന മിഴികളാൽ ബാക്കി വായിക്കാൻ കഴിയാതെ പേപ്പർ മടക്കി…..

കണ്ണു നീര് ചാലുകളായി ഒഴുകി…….

മുഖം പൊത്തി അവനിരിക്കുമ്പോഴാണ് മുറിയിൽ നിന്നും ആരുവിന്റെ കരച്ചിൽ അവൻ കേൾക്കുന്നത്….

അവളെന്നത് അത്ര മേൽ തന്നിൽ ലയിച്ചു കഴിഞ്ഞിരിക്കുന്നുവെന്നത് അവനറിയാമായിരുന്നു…..

കാതുകളിൽ അലയടിക്കുന്നത് മുഴുവൻ അവളുടേ ശബ്ദമാണ്….

തന്റെ തോന്നലുകൾ കെട്ടില്ലെന്ന് നടിച്ചു അവനിരിക്കുമ്പോഴാണ് വീണ്ടും ആ കരച്ചിലവൻ ഉയർന്നു കേൾക്കുന്നത്….

അപ്പൊ അത് തന്റെ തോന്നലല്ലേ…..

അവൻ വേഗം ഇരുന്നിടത് നിന്ന് എഴുന്നേറ്റ് മുറിയിലേക്കോടി…..

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല….

തൊട്ടിലിൽ കിടന്ന് കരയുന്ന അവൾ അവന്റെ കണ്ണിനു അങ്ങേയറ്റം കുളിര്മയുള്ള കാഴ്ചയായിരുന്നു….

അവനൊരു വേള സ്വപ്നമാണോയെന്ന് പോലും ചിന്തിച്ചു പ്പോയി….

ഓടി ചെന്നവളെ കോരിയെടുക്കുമ്പോൾ കുറച്ചധികം കരഞ്ഞതിനാൽ അവളുടെ മുഖം ചുവന്നിരുന്നു….

അവനെടുത്തതും അവളുടേ കരച്ചിൽ പെട്ടെന്ന് നിന്നു….

അവന്റെ തോളിലേക്കവൾ ചാഞ്ഞു…..

അവനവളെ നൂറു ചുംബനങ്ങളാൽ മൂടി….

കളഞ്ഞു പോയ നിധി തിരിച്ചു കിട്ടിയ പോലെ തോന്നിയവന്…..

അവന്റെ കണ്ണുനീരിന്നാൽ അവളുടേ ഉടുപ്പ് നനഞു കുതിർന്നിരുന്നു…..

അൽപ സമയത്തിനു ശേഷമാണ് അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്….

അപ്പൊ താൻ വായിച്ച കത്തു തന്റെ തോന്നലായിരുന്നോ….

അവൻ ചുറ്റും നോക്കി….

അപ്പോഴാണ് ആ മുറിയിൽ പാർവതിയില്ലെന്നത് അവൻ ശ്രദ്ധിക്കുന്നത്…..

വീട്ടിനുള്ളിലൂടെ മുഴുവനവൻ നടന്നെങ്കിലും ആ വീട്ടിൽ അവളില്ലെന്ന തിരിച്ചറിവിൽ അവൻ വേഗം സോഫയിലിരിക്കുന്ന കടലാസിലേക്ക് നടന്നു….

ഒരു കൈ കൊണ്ട് തോളിൽ കിടക്കുന്ന ആരുവിനെ പിടിച്ചിരുന്നത് കൊണ്ട് തന്നെ മറു കൈയാൽ പേപ്പറെടുത്തവൻ വായിച്ചു തുടങ്ങി……

എന്റെ ഹൃദയം നിങ്ങളെ ഏൽപ്പിച്ചാണ് ഞാൻ പോകുന്നത്…..

ഞാൻ പോലും കൊല്ലാൻ തുനിഞ്ഞ അവളെ ആദ്യമായി സ്നേഹിച്ചതും സംരക്ഷിച്ചതും നിങ്ങളായിരുന്നു…

അത് കൊണ്ട് തന്നെ എന്നെക്കാൾ അവളുടേ മേൽ എന്ത് കൊണ്ട് അവകാശം നിങ്ങൾക്ക് തന്നെയാണ്……

അത്ര മേൽ ഞങ്ങളെ സ്നേഹിച്ചതിന്റെ പേരിൽ നിങ്ങളുടെ ഹൃദയം കീറി മുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

അത് കൊണ്ട് ആരുവിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു ഞാൻ പോകുകയാണ്…..

അവളുടേ യഥാർത്ഥ അവകാശിയുടെ കൈകളിൽ…..

അവനത് വായിക്കുമ്പോൾ അവന്റെ ഹൃദയം അവളുടേ ഓർമകളാൽ അസ്വസ്ഥമായിരുന്നു…..

വീണ്ടും ഉറക്കത്തിൽ ഒന്ന് ചിണുങ്ങി തുടങ്ങിയ ആരുവിനെ അവൻ കൈകളിൽ ഒന്ന് കുലുക്കിയ ശേഷം വീണ്ടും ഉറക്കി……

അപ്പോഴും അവന്റെ ഹൃദയം അത്രയേറെ അസ്വസ്ഥമായിരുന്നു….

മോളോന്നുറങ്ങിയതും അവൻ ആ കടലാസിൽ എഴുതിയ ബാക്കി വരികൾ കൂടി വായിച്ചു…..

അവന്റെ മുഖത്തെ ദുഃഖം നീങ്ങി ഒരു പ്രകാശം പരന്നു…..

ചുണ്ടിൽ ഒരിളം ചിരിയും….

(തുടരും )