16/04/2026

അവകാശി : ഭാഗം 22

രചന – ആയിഷ അക്ബർ

വീട്ടിലെ ജോലികളും കുഞ്ഞിനെ നോക്കലും ജോലിക്ക് പോകലും…. എല്ലാം കൂടി മോന് തിരക്കല്ലേ….

വൈകുന്നേരം മോൾക്ക് വേണ്ടി അല്പം പാല് വാങ്ങാനായി അമ്മിണിയമ്മയുടെ അടുത്തേക്ക് ചെന്നപ്പോഴായിരുന്നു അവരത് ചോദിച്ചത്…

പാർത്തനൊന്നു ചിരിക്കുക മാത്രം ചെയ്തു…

ഹാ… അതിനു ഞാൻ പറഞ്ഞതാ അമ്മേ എന്നെ കെട്ടാൻ……
എന്നാ എല്ലാത്തിനും കൂടെ ഞാനുണ്ടാവില്ലെ….

അത് പറഞ്ഞങ്ങോട്ട് വന്നത് ലക്ഷ്മിയായിരുന്നു..

അവളുടേ കയ്യിൽ പാലുമുണ്ടായിരുന്നു….

പാർത്ഥൻ ആകെ പരവേശത്തിലായി….

അമ്മിണിയമ്മയുടെ മുമ്പിൽ വച്ചത് പറയുമ്പോൾ പാർത്ഥനെന്ത് പറയണമെന്നറിയില്ലായിരുന്നു……

ആരു ലക്ഷമിയെ നോക്കി വാ പൊത്തി ചിരിച്ചു..

ലക്ഷ്മി അവൾക്ക് നേരെ കണ്ണിറുക്കി കാണിച്ചു…

ഈ പെണ്ണിന്റെയൊരു കാര്യം…. അവള് ചുമ്മാ ഓരോന്ന് പറയുന്നതാ പാർതാ…..

അമ്മിണിയമ്മ ചിരിച്ചു കൊണ്ടത് പറയുമ്പോൾ പാർത്തന് ശ്വാസം നേരെ വീണു….

ആ ചുരുങ്ങിയ സമയം കൊണ്ട് അവൻ വിയർത്തു പോയിരുന്നു….

അവരതിനെ തമാശയായെടുത്തത് പാർഥനിൽ നൽകിയ ആശ്വാസം ചെറുതായിരുന്നില്ല……

അല്ലെങ്കിലും പാർത്തനെ പോലൊരാളെ കിട്ടാൻ ഭാഗ്യം വേണം….

അതിനുള്ള യോഗ്യത ഞാനാർക്കും കണ്ടിട്ടില്ല….

അമ്മിണിയമ്മ ചിരിച്ചു കൊണ്ടത് പറയുമ്പോൾ വാക്കുകൾ അവരുടെ ഹൃദയത്തിൽ നിന്ന് വന്നതാണെന്ന് പാർത്തനൊരു നിമിഷം തോന്നി…..

പാർത്തനെ കിട്ടാനുള്ള യോഗ്യത ഇല്ലാത്തത് കൊണ്ടാവും അടുത്തവരത്രയും അകന്ന് പോയത്….

അവൻ മനസ്സിൽ പറഞ്ഞ് കൊണ്ടൊന്നു ചിരിച് അവിടെ നിന്നും ഇറങ്ങി….

അച്ഛാ….. ടീച്ചർക്ക് അച്ഛനെ ഒരു നോട്ടമുണ്ടോ….

ആരു കുസൃതിയോടെ അത് ചോദിക്കുമ്പോൾ പാർത്ഥൻ അവളെ നോക്കി ചിരിച്ചു….

നോക്കട്ടെ…..

ആ വാക്കിൽ ആ സംസാരമൊതുക്കി അവരവരുടെ ലോകത്തേക്ക് കടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇതൂടി കഴിക്ക് ആരു….

ദോശ ചുടുന്നതിനിടക്ക് പാർത്ഥൻ ഒരു പൊട്ട് അവളുടേ വായിൽ വെച്ചു കൊടുത്തു….

അപ്പോഴേക്കും കരിഞ്ഞ ദോശയുടെ മണം അവിടമാകെ പരന്നിരുന്നു…

പാർത്ഥൻ വേഗം പോയി ദോശയെടുത്തു….

അച്ഛൻ തന്നേ എല്ലാം ഒറ്റക്ക് ചെയ്യണമല്ലേ…. ഒരാള് കൂടി ഉണ്ടായിരുന്നെങ്കിൽ അച്ഛനൊരു സഹായമായേനെ അല്ലേ അച്ഛാ…..

ആരു അത് ചോദിക്കുമ്പോൾ പാർത്ഥൻ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു….

എന്താണിപ്പോ എന്റെ പൂവിക്ക് അങ്ങനെ തോന്നാൻ….

അവൻ അവളുടേ താടിയിൽ പിടിച്ചുയർത്തി…

മ്ച്ചും…. ചുമ്മാ….

അവളതും പറഞ്ഞോന്നു പുഞ്ചിരിച്ചു….

അച്ഛന് മുടി മെടയാൻ ആരാ പഠിപ്പിച്ചു തന്നത്….

ആരുവിന്റെ മുടി പിന്നിയിട്ട് കൊടുക്കുമ്പോഴാണ് അവളത് ചോദിച്ചത്….

ആരാന്നു ചോദിച്ചാൽ എനിക്കും ഓർമയില്ല….
പാർത്ഥൻ ചിരിച്ചു..

ടീച്ചർക്ക് എന്റെ മുടി മെടയാനൊക്കെ നല്ല ഇഷ്ടമാണ്….

ഏത് ടീച്ചർക്ക്….

അവൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അറിയാത്ത ഭാവത്തിൽ പാർത്ഥൻ തിരിച്ചു ചോദിക്കുമ്പോഴും ലക്ഷ്മിയെ പറ്റിയാണെന്ന് അവനറിയാമായിരുന്നു….

എങ്കിലും അവളുടെയുള്ളിൽ തന്നോട് പറയാനുള്ളതെന്തോ ഉണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അവനത് ചികഞ്ഞെടുക്കാൻ ശ്രമിച്ചത്……

അച്ഛാ…..

മ്മ്മ്….

അവളുടേ വിളിക്കനുസരിച്ചു അവൻ മൂളി…..

ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ….

ദേഷ്യപ്പെടേണ്ട കാര്യമാണെങ്കി ദേഷ്യപ്പെടും…..

അവനത് പറഞ്ഞതും അവളുടേ മുഖം വാടി….

മുടി മെടഞ്ഞു കഴിഞ്ഞതും അവനവളെ അവന് നേരെ തിരിച്ചു നിർത്തി….

പറ…..

അവനത് പറഞ്ഞതും അവളവനെ നോക്കി….

എന്റെ പോന്നു പാർത്ഥനല്ലേ ദേഷ്യപ്പെടരുതേ….

അവൾ കൊഞ്ചി കൊണ്ടത് പറയുമ്പോൾ പാർത്താനൊന്നു ചിരിച്ചു…

അവൾക്കത്രയേറെ ഇഷ്ട്ടം കൂടുമ്പോഴോ സങ്കടം വരുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും കാര്യം സാധിക്കാനോ ഒക്കെയാണ് അവളങ്ങനെ വിളിക്കാറുള്ളത്….

ഇല്ലാ…. ദേഷ്യപ്പെടില്ല…. പറ..

പാർത്ഥനത് പറയുമ്പോഴും മനസ്സിലുള്ളത് പറയാൻ അവൾക്കെന്തോ ധൈര്യമില്ലാത്തത് പോലെ തോന്നി…..

അത്…… നമുക്ക് ലക്ഷ്മി ടീച്ചറേ നമ്മുടെ കൂടെ കൂട്ടിയാലോ….
പാർത്തനും എനിക്കും കൂട്ടായി…..

അവളത് പറഞ്ഞതും പാർത്ഥന്റെ മുഖം മങ്ങി….

ഇത് വരെ അവളിങ്ങനൊരു കാര്യത്തെ കുറിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോ അവൾ പറയാൻ പോകുന്നത് അത് തന്നെയാണെന്ന് തോന്നിയത് കൊണ്ട് തന്നെ വലിയൊരു ഞെട്ടൽ തന്നിൽ നിറഞ്ഞില്ല…..

നിനക്ക് പാർത്ഥന്റെ കൂട്ട് പോരെന്നു തോന്നി തുടങ്ങിയോ….

പാർത്ഥൻ ചെറു ചിരിയോടെയാണത് ചോദിച്ചതെങ്കിലും ആരുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങി…..

അവൾ കൈ കൊണ്ടവന്റെ വാ പൊത്തി….

ടീച്ചർക്ക് അച്ഛനെ നല്ല ഇഷ്ടമാണെന്ന് പറഞ്ഞു….

സ്വന്തം അമ്മയെ പോലെ എന്നെ നോക്കിക്കോളാമെന്നും പറഞ്ഞു….

ലക്ഷ്മി ടീച്ചർ നല്ലതല്ലേ… എന്നിട്ടും അച്ഛൻ അവരെ ഇഷ്ടമല്ലെന്ന് പറയുന്നത് ഞാൻ കാരണമാണെന്ന് തോന്നാ അച്ഛാ…..

ഒരാള് കൂടി വന്നാൽ അച്ഛന്റെ ഇഷ്ടം അവർക്ക് കൂടി കൊടുക്കുമെന്നെനിക്കറിയാം…..

എങ്കിലും അച്ഛൻ ഒറ്റക്ക് വല്ലാതെ കഷ്ടപ്പെടുന്നില്ലെ…
ആരുവിന് സങ്കടം വരാ …

നിറഞ്ഞൊഴുകുന്ന അവളുടേ മിഴികൾ കാണുമ്പോൾ പാർത്ഥന്റെ നെഞ്ച് പിടച്ചിരുന്നു…..

എന്നാൽ അതേ നിമിഷം തന്നേ കുറിച്ചോർക്കാനും തനിക് വേണ്ടി മിഴികൾ നിറക്കാനും ഒരാളുണ്ടല്ലോ എന്നൊരു ആനന്ദവും തന്നിൽ നിറയുന്നില്ലേ….

പാർത്ഥൻ അവൾക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്നു…..

അച്ഛന് നീയും നിനക്ക് ഞാനും മതി….
നമുക്കിടയിലേക്ക് മറ്റാരും വരണ്ട…..

നിനക്ക് വേണ്ടി ചെയ്തു തരുന്നതെല്ലാം അച്ഛന് അത്രത്തോളം സന്തോഷമാണ്…..

അച്ഛനെന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അപ്പൊ അച്ചോനാരാളെ ജോലിക്ക് വെക്കാം…..

എന്റെ മോൾക്ക് നൽകുന്ന സ്നേഹം ആർക്കും പങ്കിട്ട് കൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…..

നിന്നോളം സുന്ദരമായൊരു ലോകവും അച്ഛൻ സ്വപ്നം കാണുന്നില്ല…..

പാർത്ഥനതും പറഞ്ഞവളെ കെട്ടിപ്പിടിച്ചതും മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അവളും നൽകി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ലക്ഷ്മി..

കടയിലേക്ക് പോകും വഴി അംഗൻവാടിയുടെ അവിടെ നിന്നും പാർത്ഥൻ വിളിച്ചതല്പം ഉച്ചത്തിൽ തന്നെയായിരുന്നു…..

ലക്ഷ്മി ഇറങ്ങി വരുമ്പോഴും അവളുടേ മുഖത്ത് ഗൗരവം തന്നെയായിരുന്നു..

മ്മ്…….
അവൾ അവന് നേരെ പുരികമുയർത്തി…

ഞാൻ നിന്നോട് പറഞ്ഞതാണ് എന്റെ ജീവിതത്തിലേക്കുള്ള വരവ് നടക്കില്ലെന്നുള്ളത്…
ഇക്കാര്യം ആരുവിനോട് പറഞ് അവളുടേ മനസ്സ് വിഷമിപ്പിക്കരുത്….
അപേക്ഷയാണ്….
അത്രയും പറയുമ്പോഴും വാക്കുകളിൽ ദേഷ്യം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

നിങ്ങളോട് പറയുന്നതിനേക്കാൾ അവൾക്ക് പറഞ്ഞാൽ മനസ്സിലാകും…. അതാ അവളോട് പറഞ്ഞത്….

ലക്ഷ്മിയത് പറയുമ്പോൾ പാർത്തനൊന്നും മിണ്ടിയില്ല…..

സ്‌നേഹം പിടിച് വാങ്ങാൻ കഴിയില്ലെന്നറിയാം…. എങ്കിലും എന്റെ മനസ്സിന്റെ പ്രയാസം കൊണ്ടാണ് വീണ്ടും നിങ്ങളോട് ഇത് തന്നെ ആവശ്യപ്പെടേണ്ടി വരുന്നത്….

അവളുടേ വാക്കുകൾ ദയനീയമായിരുന്നു…

ആരുവിനെ സ്നേഹിക്കില്ലെന്ന് കരുതിയാണോ എന്നെ അകറ്റി നിർത്തുന്നത്….

അവൾക്ക് ഞാൻ നല്ലൊരു അമ്മയായിക്കോളാം…. ഒരു കുറവും വരുത്തില്ല….

അവളും ഒരമ്മക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ടാവില്ലേ….

ലക്ഷ്മി പ്രതീക്ഷയോടെ പാർത്തനെ നോക്കി…

അതിന് മറ്റൊരാളുടെ ആവശ്യമില്ല….
അവളുടേ അമ്മ വരും….
നിന്നെ സ്നേഹിക്കാൻ കഴിയാത്തതിന് കാരണവും അത് തന്നെയാണ്….
എന്റെ മനസ്സ് കാത്തിരിപ്പിലാണ്…..

ഞങ്ങൾക്കിടയിലേക്ക് അവൾക്ക് മാത്രമേ കടന്ന് വരാൻ അധികാരമുള്ളൂ….
ഇനി അവൾ വന്നില്ലെങ്കിൽ കൂടി ജീവിതകാലം മുഴുവൻ വരുമെന്ന പ്രതീക്ഷയിൽ ഞാനിരുന്നോളാം….

ഇനിയും ഇത് പറഞ് ഞങ്ങളിലേക്ക് വരില്ലെന്ന് വിശ്വസിക്കുന്നു….

അതും പറഞ് പാർത്ഥൻ അവിടെ നിന്നും നടന്നകലുമ്പോൾ ലക്ഷ്മിയുടെ ഹൃദയം ആർത്തലച് കരഞ്ഞു തുടങ്ങിയിരുന്നു……

അവന്റെ മനസ്സിലെ പ്രണയമെന്നോർക്കും തോറും എന്തോ ശ്വാസം വിലങ്ങുന്നു….

അവനെ മറക്കാൻ മനസ് ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി അതിനുള്ള ശ്രമം അവൾ തുടങ്ങിയിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സ്കൂളിൽ നിന്ന് നടന്നു വരും വഴി ആരുവിനേറ്റം പ്രിയമുള്ളതായിരുന്നു….

നിലത്തു വീണു കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കിയും ചെടികളോട് കിന്നാരം പറഞ്ഞും അവളങ്ങനെ നടക്കും….

അന്ന് നടന്ന് വരും വഴിയാണ് ഒരു കുഞ്ഞു പൂച്ച ഒരു വീടിന്റെ മുറ്റത്ത് കിടക്കുന്നത് അവൾ കാണുന്നത് ..

അവൾ അതിനെ എടുക്കാനായി അടുത്തേക്കൊടിയതും ഗേറ്റ് തുറന്നൊരു കൈ പൂച്ചയെ എടുത്തതും ഒരുമിച്ചായിരുന്നു…..

അവളവരുടെ മുഖത്തേക്ക് തലയുയർത്തി നോക്കി….

പൂച്ചയെ കയ്യിലെടുത്ത അവർ അവളോട് മനോഹരമായി പുഞ്ചിരിച്ചു…

അവളും അവരെ നോക്കി ചിരിച്ചു..

നിഷ്കളങ്കമായ അവളുടേ ചിരിയിലേറെ അവർ ശ്രദ്ധിച്ചിരുന്നത് അവളുടേ കയ്യിലെ കറുത്ത മറുകിലേക്കായിരുന്നു….

ഹൃദയത്തിൽ അനുഭവപ്പെടുന്ന നീറ്റലിനെ അവർ മനോഹരമായി മറച്ചു വെച്ചു……

(തുടരും )