16/04/2026

അവകാശി : ഭാഗം 19

രചന – ആയിഷ അക്ബർ

മോൾടെ അമ്മ….
ശാരതാമ്മ അത് ചോദിക്കുമ്പോൾ അവൾക്കെന്ത് സംഭവിച്ചു വെന്നറിയാനുള്ള ആകാംഷ വാക്കുകളിൽ കണ്ടിരുന്നു…

ഇപ്പൊ ഞങ്ങളുടെ കൂടെയില്ല….

പാർത്ഥൻ അത് മാത്രം പറഞ്ഞപ്പോൾ ആരു അവനെയൊന്നു നോക്കി….

അവന് കൂടുതലൊന്നും പറയാൻ താല്പര്യമില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവർ പിന്നീടൊന്നും ചോദിച്ചില്ല….

എന്നാ ഞങ്ങളിറങ്ങട്ടെ….
ഒരുപാട് നന്ദി…..

അവൻ ആരുവിനെയെടുത്തു അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു….

അജിയുടെ ബൈക്കിനു പിറകിൽ കയറി അവർ ചെന്നെത്തിയത് ഒരു കൊച്ച് വീടിന്റെ മുമ്പിലായിരുന്നു….

വീട് ചെറുതായിരുന്നെങ്കിലും നാലുപാടും ഒത്തിരി മുറ്റമുള്ളത് പാർത്ഥന് ആശ്വാസം തോന്നിയിരുന്നു….

അവൻ നാലുപാടും നോക്കി….
ഒരു വശം മുഴുവൻ വയലാണ്…..

നെൽകതിരു വിളഞ്ഞു നിൽക്കുന്ന വയലേലകൾ കണ്ണിന് കുളിർമ നൽകുന്നതായിരുന്നു…..

ഇതാണ് നിങ്ങളുടെ വീട്….

നെരെ നടന്നാൽ കടയിലെക്കെത്തും…. പക്ഷെ ദൂരം കുറച്ച് കൂടുതലാണ്…..

അംഗൻവാടിയുടെ ഇടയിലൂടെ ഒരു കുറുക്ക് വഴിയുണ്ട്…..

നാടോന്ന് പരിചയമായാൽ അതിലെ വരാം….

എന്നാ ഞാൻ പൊയ്ക്കോട്ടേ…. കടയിൽ ദിലീപിനെ ആക്കിയിട്ടല്ലേ വന്നത്……

അതും പറഞ്ഞ് അജി വണ്ടി തിരിക്കുമ്പോൾ പാർത്തനൊന്നു പുഞ്ചിരിച്ചു……

വണ്ടി തിരിച്ച അജി പെട്ടെന്ന് ഒന്ന് പിറകിലേക്ക് നോക്കി…..

വയലേലകളിലേക്ക് കണ്ണും നട്ടിരിക്കുന്ന ആരുവിനെ അവനൊന്നു നോക്കി….

അവൻ നോക്കുന്നത് അറിഞ്ഞേന്ന വണ്ണം അവളുടെ നോട്ടം അവനിലേക്ക് തിരിഞ്ഞു….

ദാ……

അവൻ പോക്കറ്റിൽ നിന്നും ഒരു മിട്ടായിയെടുത്തു അവൾക്ക് നേരെ നീട്ടി…..

അവൾ വാങ്ങണോ എന്ന ഭാവത്തിൽ പാർത്തനെ നോക്കി……

പാർത്തൻ വാങ്ങിക്കോളാൻ കണ്ണുകൾ കൊണ്ട് പറഞ്ഞതും അവൾ അത് വാങ്ങി…..

അജി ചെറു പുഞ്ചിരിയോടെ തിരിച് പോകുമ്പോഴും എന്തോ ആരുവിന്റെ മുഖം മനസ്സിൽ അങ്ങിങായി പാറി നടക്കുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പാർത്ഥൻ ആ വീട്ടിലേക്ക് കയറുമ്പോൾ അവന്റെ വിരലിൽ ആരുവുമുണ്ടായിരുന്നു…..

വീട് ചെറുതാണെങ്കിലും അവർക്ക് താമസിക്കാൻ അത് തന്നെ വലുതാണെന്ന് പാർത്ഥൻ ചിന്തിച്ചു……

ഈ വീട്ടിലേ ആളൊഴിഞ്ഞിട്ട് ഒത്തിരി നാളൊന്നും ആയിട്ടില്ലെന്ന് പാർത്തന് തോന്നി….

അത്യാവശ്യം വൃത്തിയിൽ തന്നെയായിരുന്നു വീടും പരിസരവും കിടന്നിരുന്നത്….

അവൻ നാല് പാടും വൃത്തിയാക്കിയ ശേഷം വീട്ടിലേക്ക് ആവശ്യമുള്ള കുറച്ചു സാധനങ്ങൾ വാങ്ങാൻ കവലയിലേക്ക് നടന്നു……

നിങ്ങളാണല്ലേ പുതിയ താമസക്കാര്….

മുറ്റം കടന്ന് പുറത്തിറങ്ങിയപ്പോൾ തന്റെ വീടിനോട് ചേർന്നുള്ള വീടിന്റെ മുറ്റത്ത് നിന്ന് മുള്ളു വേലിക്കിപ്പുറമായി നിന്നത് ചോദിച്ചത് കുറച്ച് പ്രായമുള്ള സ്ത്രീയായിരുന്നു……..

അതേ…. പാർത്ഥൻ അവരോടൊന്നു പുഞ്ചിരിച്ചു……

സ്ത്രീകളെ ആരെയും കണ്ടില്ല…. തനിച്ചാണോ….

അവരത് ചോദിക്കുമ്പോൾ ആരുവിനെ നോക്കുന്നുണ്ടായിരുന്നു….

അതേ…. തനിച്ചാണ്…..

അപ്പൊ നാനോ അച്ഛാ….

തനിച്ചാണെന്ന് പാർത്ഥൻ പറഞ്ഞതും പരിഭവം കലർത്തി ആരുവത് ചോദിച്ചപ്പോൾ ആ സ്ത്രീ ചിരിച്ചിരുന്നു…..

അമ്പടി കേമീ….ഇത്രേം വലിയ ആളെ അച്ഛൻ മറന്ന് പോയതാവും…..

അവർ പൊട്ടിയ പല്ലുകൾ കാട്ടി ചിരിച്ചു…..

ആരുവും അവരെ നോക്കി ചിരിച്ചു കൊണ്ട് പാർത്ഥന്റെ പിറകിലേക്ക് നീങ്ങി നിന്നു……

മോൾടെ അമ്മ….

അവരത് ചോദിച്ചതും പാർത്ഥന്റെ മുഖം മങ്ങിയത് അവരിലൊരു ദുഃഖം നിറച്ചു….

നിങ്ങളിവിടെ നിൽക്കു… ഞാനിപ്പോ വരാം….

അവന് ഉത്തരം പറയാൻ സാവകാശം കൊടുക്കാതെ അവർ ഉത്തരത്തിനു കാത്തു നിൽക്കുന്നില്ലെന്ന മട്ടിൽ അകത്തേക്ക് പ്പോയി….

അകത്തു പ്പോയി വരുമ്പോൾ കയ്യിൽ ചെറു പഴമുണ്ടായിരുന്നു…..

ഇത് മോൾക്ക് കൊടുക്കു…

വേലിക്കപ്പുറത്തേക്ക് ആരുവിനു കൊടുക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവർ പാർത്താന് നേരെ നീട്ടി…..

അവൻ ചെറു ചിരിയോടെ അത് വാങ്ങി ആരുവിനു നൽകി……

മോൾ അച്ഛനെ വരച് വച്ചത് പോലെയുണ്ട്….

അവൾ പഴം കഴിക്കുന്നതും നോക്കി ചെറു ചിരിയോടെ അവരത് പറയുമ്പോൾ പാർത്ഥൻ മനോഹരമായൊന്നു പുഞ്ചിരിച്ചു…..

ഈ വേലിക്കപ്പുറം ഞാനുണ്ട്… എന്ത് ആവശ്യം ഉണ്ടെങ്കിലും മോൻ വിളിച്ചോളണം ….

പാർത്ഥൻ അവിടെ നിന്ന് പോരാൻ നേരം അവർ കൂട്ടിച്ചേർത്തതും അവനവരോട് വല്ലാത്തൊരിഷ്ടം തോന്നി…

ഗ്രാമീണതയുടെ നിഷ്കളങ്ക തയോടെ അത് പറയുന്ന അവരുടെ പകുതി അലിവ് തന്റെ സ്വന്തം അമ്മയിൽ കണ്ടിരുന്നെങ്കിൽ ഇന്ന് തനിക്കിങ്ങോട്ട് ചെക്കെറേണ്ടി വരില്ലായിരുന്നെന്ന് അവനോർത്തു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കവലയിൽ ചെന്ന് സാധനങ്ങളൊക്കെ വാങ്ങി തിരികെ വരുമ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു….

വീട്ടിലേക്ക് കയറാൻ നേരമാണ് ഒരു കൂട്ടം ആടുകളുമായി നേരത്തെ കണ്ട സ്ത്രീ അവരുടെ വീട്ടിലേക്ക് കയറുന്നത്…..

ആട്ടിൻ കുട്ടികളെ കണ്ടതും ആരു അങ്ങോട്ടോടി….

മോൾടെ പേരെന്താ….

ആരു….

അവൾ അവരോടൊപ്പം ആടിനെ കളിപ്പിച്ചു നിൽക്കുന്നത് വീടിന്റെ തിണ്ണയിലുരുന്നു പാർത്ഥൻ കാണുന്നുണ്ടായിരുന്നു…..

ആരു……

അവൻ വിളിച്ചതും അവളോടി വന്നു….

നാളെ രാവിലെ ഞാൻ അമ്മിണിയമ്മയുടെ വീട്ടിൽ പൊയ്ക്കോട്ടേ….

എന്തിന്……

ഗൗരവമുള്ള കാര്യം കണക്കെ അവളത് ചോദിക്കുമ്പോൾ പാർത്ഥൻ തിരിച്ചു ചോദിച്ചു……

ആടിനെ കാണാൻ….

ആവശ്യം നിസാരമായിരുന്നു….

പാർത്ഥൻ ചിരിച്ചു…

അവർ അമ്മിണിയമ്മയാണെന്ന് നിന്നോടാരാ പറഞ്ഞത്….

ആ മുത്തശി തന്നെ…..

ആരുവത് പറഞ്ഞതും പാർത്തൻ അവളെയും കൂട്ടി അകത്തേക്ക് കയറി…..

നമുക്കൊരു ചായ കുടിച്ചാലോ…..

പാർത്ഥൻ അവളുടേ മൂക്കിൻ തുമ്പിൽ പിടിച്ചത് ചോദിക്കുമ്പോൾ അവൾ പുഞ്ചിരിച്ചു…..

രണ്ട് പേരും ആ കുഞ്ഞു വീടിന്റെ തിണ്ണയിലിരുന്നു ചായ കുടിക്കുകയായിരുന്നു….

അങ്ങേയറ്റം സ്വസ്ഥതയോടെ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് കടയിലേക്ക് പോകുമ്പോൾ കൂടെയവൻ ആരുവിനെയും കൂട്ടിയിരുന്നു…

ഒറ്റ ദിവസം കൊണ്ട് തന്നെ അജിയും ആരുവും വലിയ കൂട്ടായത് പാർത്ഥൻ ഒരിളം ചിരിയോടെയാണ് നോക്കി കണ്ടത്……

എന്തിനാ മോനെ കുഞ്ഞിനേയും കൊണ്ട് കടയിലേക്ക് പോകുന്നത്….

കടയിൽ നിന്ന് മടങ്ങി വരും വഴി അമ്മിണിയമ്മയാണത് ചോദിച്ചത്…..

ഇവിടെ നിർത്തിക്കൂടെ… എന്റെ കൂടെ…..

നിങ്ങൾക്കത് ബുദ്ധിമുട്ടാവും….. വേറെയും ഒത്തിരി തിരക്കുകളുള്ളതല്ലേ…..

അവർ അവരുടെ നന്മ കൊണ്ട് പറഞ്ഞതാണെങ്കിലും അവരോടുള്ള നന്ദി മനസ്സിൽ വെച്ച് തന്നെയാണ് പാർത്ഥനത് നിരസിച്ചത്……

താൻ കാണുമ്പോഴെല്ലാം അവർ തിരക്കിലാണ്….കോഴികളും ആടുകളും പശുക്കളും…. ഇവരുടെ കൂടെ ആരുവിനെ കൂടി നോക്കുകയെന്നത് അവരെ സംബന്ധിച്ച് പ്രയാസമാണെന്ന് അവനറിയാമായിരുന്നു….

എങ്കി പിന്നേ അംഗൻ വാടിയിൽ ആക്കിക്കൂടെ…. മോന് കവലയിലേക്ക് പോകും വഴിയാണ്…..
എന്റെ മോളാണ് അവിടെ ടീച്ചർ…….
ലക്ഷ്മി….

അവരത് പറയുമ്പോൾ അത് നല്ലൊരു കാര്യം ആണെന്ന് പാർത്തനും തോന്നിയിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ അവൻ പോകുമ്പോൾ ആരുവിനെയും കൂട്ടി അംഗൻ വാടിയിലേക്ക് കയറി…..

അച്ഛനില്ലാതെ മോളിരിക്കുവോ…..

പാർത്ഥനത് ചോദിക്കുമ്പോൾ അവന്റെയുള്ളിലെ നീറ്റൽ അറിഞ്ഞത് കൊണ്ട് തന്നെ അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി……

അവനകത്തേക്ക് കയറിയതും ലക്ഷ്മി അങ്ങോട്ട് വന്നു….

സാറിയുടുത്ത ഒരു ശാലീന സുന്ദരിയായി അവളെ അവന് തോന്നി….

അമ്മിണിയമ്മയുടെ മുഖ ചായ അവളിലെവിടെയൊക്കെയോ കാണുന്നുണ്ടായിരുന്നു..

പുതിയ താമസക്കാര് വന്നതാണല്ലേ…. വരൂ..

അവൾ അവരെ അകത്തേക്ക് വിളിച്ചു…..

പരിചയമില്ലാത്ത ആളുകളെ കണ്ടതിനാലാവണം ആരു പാർത്ഥന്റെ ചുമലിലേക്ക് ചാഞ്ഞത്…..

ജാനി ചേച്ചി….. മോൾക്കൊരു കസേര കൊണ്ട് വരൂ…..

അവൾ ഇറങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതും ഒരിളം ചിരിയോടെ ലക്ഷ്മി പറഞ്ഞു…..

അവിടുത്തെ ആയയെന്ന് തോന്നുന്ന സ്ത്രീ ഒരു കുഞ്ഞി കസേരയുമായി വന്നു…..

ആരുവിന്റെ കണ്ണുകൾ അതിൽ പതിഞ്ഞു….

മോളിരുന്നേ……

ലക്ഷ്മി പുഞ്ചിരിയോടെയത് പറഞ്ഞതും ആരു താഴെയിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല…..

ലക്ഷ്മി രണ്ട് കയ്യും അവൾക്ക് നേരെ നീട്ടി…..

വാ മോളേ…..

അവൾ വാത്സല്യത്തോടെ വിളിച്ചതും ആരു പതിയേ അവളിലേക്ക് ചാഞ്ഞു….

നിങ്ങൾ പൊയ്ക്കോളൂ…. വൈകുന്നേരം ഞാനവളെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാം….

തന്റെ മനസ്സ് മനസ്സിലാക്കിയെന്ന വണ്ണം അത് പറയുമ്പോൾ പാർത്താനൊരു ആശ്വാസം തോന്നിയിരുന്നു…..

അവൻ അവിടെ നിന്നും നടന്നകലുമ്പോഴും ആരുവിനെ താഴെയിറക്കാതെ അവളുടേ കുഞ്ഞി കവിളിൽ ചുംബിക്കുന്ന ലക്ഷ്മിയെ ജനലിലൂടെ നോക്കി കാണുന്ന പാർത്ഥൻ അവളെ ഒരു നിമിഷം നോക്കി നിന്നു…..

അവളുടേ പെരുമാറ്റത്തിൽ കണ്ട വാത്സല്യത്തിന്റെ ആശ്വാസത്തിൽ അവൻ കടയിലേക്ക് നടന്നു….

(തുടരും )