രചന – ആയിഷ അക്ബർ
വഴീന്ന് കിട്ടിയ ആ സാധനത്തിന് വയറ്റിലെന്തൊക്കെയോ ഉണ്ടെന്ന് കേട്ടല്ലോ സുഭദ്രെ…..
സുഭദ്രയെ പരിഹസിച്ചു കൊണ്ട് രാജിയത് പറയുമ്പോൾ വാക്കുകളിൽ അതിരു കവിഞ്ഞ സന്തോഷമുണ്ടായിരുന്നു..
സുഭദ്ര അപമാനിതയായി നിൽക്കുമ്പോഴും തിരിച്ചെന്ത് പറയണമെന്ന് അവർക്കും അറിയില്ലായിരുന്നു…..
സുഭദ്രയുടെ മൗനവും മുഖതെ പ്രയാസവും രാജിയിൽ ആവേശം നിറച്ചു……
എന്നാലും പാർത്ഥനിൽ നിന്നിങ്ങനൊന്ന് പ്രതീക്ഷിച്ചിട്ടേയില്ല ഞാൻ..
ആരാണ്ടൊക്കെയോ പറഞ്ഞപ്പോഴും പാർത്ഥൻ അങ്ങനെ ചെയ്യില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞതാ..
അവരോരു നെടുവീർപ്പിന്റെ സഹായത്താൽ അതിനെ ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു…..
കേട്ട് നിന്നിരുന്ന ശാരിയും നീതുവും അവരെ തുറിച്ചു നോക്കിയിരുന്നു…
മിണ്ടാപ്പൂച്ച കലമുടക്കുമെന്നല്ലേ….
എന്തായാലും പാർത്തനൊരു കഴിവ് കേടുമില്ലെന്ന് മനസ്സിലായല്ലോ…
ആക്കി ചിരിച്ചു കൊണ്ട് രാജി അവിടെ നിന്ന് പോകുമ്പോൾ ശാരിക്കും നീതുവിനും ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
അങ്ങേയറ്റം അപമാനിതയായി നിസ്സഹായതയോടെ നിൽക്കുന്ന സുഭദ്രയെ അവർ സങ്കടത്തോടെ നോക്കി…
എന്നാൽ ജനലിലൂടെ ഇതെല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന പാർത്ഥന്റെ മനസ്സിലെ വികാരത്തിനു പേരുണ്ടായിരുന്നില്ല….
ഇങ്ങനെ കഴിവ് കെട്ടൊരുത്തന്റെ കൂടെ ജീവിച് എന്തിനാ മോളേ ജീവിതം കളയുന്നത്…
ആകെ ഉലഞ്ഞു നിൽക്കുന്ന സന്ധ്യയോട് അടക്കി പിടിച്ചു കൊണ്ടീ സ്ത്രീ പറഞ്ഞ ആ വാക്കുകൾ അന്ന് തന്നെ അത്രത്തോളം മുറിപ്പെടുത്തിയിരുന്നു…..
എല്ലാ വീടുകളിൽ നിന്നും കഞ്ഞി വെള്ളം എടുക്കുന്നതിനോടൊപ്പം അവിടെ വിളമ്പുന്ന പരദൂഷണങ്ങൾ അങ്ങേയറ്റം അരോചകമാണ്…
പാർത്തന്റെ കഴിവ് കേടിനെ കുറിച്ച് പറഞ്ഞ അതേ നാവിൽ നിന്നും പാർത്ഥന്റെ ആണത്തത്തെ കുറിച് കേൾക്കുമ്പോൾ സ്വന്തമല്ലെങ്കിൽ കൂടി അത് തന്നെ സന്തോഷത്തിലാക്കുന്നില്ലേ….
അവനിൽ വിരിഞ്ഞൊരു പുഞ്ചിരി യാലെ തിരിയുമ്പോൾ പിറകിൽ നിൽക്കുന്നവൾ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടിരുന്നു…..
മുഖത്തെ പുഞ്ചിരി അവൾ കാണാതിരിക്കാൻ അവൻ പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർതാ…. നിനക്കെന്താ ഭ്രാന്തുണ്ടോ…..
ഈ ദിവസങ്ങൾ കൊണ്ട് നീ ചെയ്ത് വെച്ചതെന്തൊക്കെയാണെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ….
ഞാനൊന്ന് പ്പോയി വന്നപ്പോഴേക്കും സ്കൂളുകളിൽ മൊത്തം ചർച്ചാ വിഷയം നീയായിരിക്കുന്നു….
തനിക്ക് നേരെ നിന്ന് കൊണ്ട് ജാനകി ടീചർ കലി തുള്ളുമ്പോൾ പാർത്തന് തിരിച്ചെന്ത് പറയണെന്നറിയില്ലായിരുന്നു…..
മരിക്കാൻ പോയവളെ കൂടെ കൂട്ടിയതിൽ തെറ്റില്ല… എന്നാൽ അച്ഛനാരെന്ന് പോലുമറിയാത്ത അവളുടേ കുഞ്ഞിന്റെ അച്ഛനാണെന്ന് ലോകം മുഴുവൻ വിളിച്ചു പറയുകയും ചെയ്തിരിക്കുന്നു…..
നീ സ്വയം ബുദ്ധിയിലല്ലേ പാർതാ പെരുമാറുന്നത്…..
ജാനകി ടീച്ചർ ദേഷ്യം കൊണ്ട് വിറക്കുമ്പോഴും പാർത്ഥൻ പതിവ് ശാന്തത കൈ വീട്ടിരുന്നില്ല….
ടീച്ചർ പറഞ്ഞത് ശെരിയാ….
ആ കുഞ്ഞിന്റെ അച്ഛനാരെന്നെനിക്കറിയില്ല….
തന്നോടൊപ്പം ആ ജീവനും കൂടി ഇല്ലാതാക്കാനാണ് അമ്മ ശ്രമിച്ചത്….
ഭയം കൊണ്ടോ മറ്റോ ആയിരിക്കാം…..
എന്നിരുന്നാലും… അതും ഒരു ജീവനല്ലേ ടീച്ചറേ…..
ആദ്യമായി ഭൂമി കാണുന്ന ആ കുഞ്ഞിന് ഒരു വിലയുമില്ലേ…..
തന്റെ വരവിൽ സന്തോഷിക്കാനോ കാത്തിരിക്കാനോ ആരുമില്ലെന്ന് അതിനറിയില്ലല്ലോ…..
അപ്പൊ ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല..ആ കുഞ്ഞ് മാത്രമായിരുന്നു മനസ്സിൽ……..
പറയുമ്പോൾ ആ മിഴികൾ നിറയുന്നത് ജാനകി കണ്ടിരുന്നു…..
അവരുടെ ഹൃദയത്തിലും ഒരു നോവ് പൊടിഞ്ഞു….
ശെരിയാണ് പാർതാ…. നീ പറയുന്നതൊക്കെയും ശെരിയാണ്….
നിന്നെ പോലെ ചിന്തിക്കാൻ നിനക്ക് മാത്രമേ കഴിയു….
നിന്നെ പോലെ മനുഷ്യരെല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂമി എത്ര മാത്രം മനോഹരമായേനെ…..
എങ്കിലും ഞാൻ ചിന്തിക്കുന്നത് നിന്നെ കുറിച്ചാണ്…..
ചുറ്റുമുള്ളവർ പരിഹസിക്കുന്നതും…….
ജാനകി ടീച്ചർ പറഞ്ഞ് മുഴുവനാക്കുന്നതിനു മുന്പേ പാർത്ഥൻ അവർക്ക് നേരെ കയ്യുയർത്തി…..
എന്റെ സന്തോഷങ്ങളിൽ പങ്കു ചേരാൻ മടിച്ചു നിന്ന ചുറ്റുമുള്ളവർ….. എന്നാൽ എന്റെ വേദനകളിലൊക്കെയും ആർത്തലച്ചു ചിരിച്ചിരുന്നു ആ ചുറ്റുമുള്ളവർ……
അവർക്ക് വേണ്ടി ഇനിയും ഞാൻ എന്റെ തോന്നലുകളെയും ശെരികളെയും അടക്കി വെക്കണമെന്നാണോ ടീച്ചർ പറയുന്നത്……
ചുറ്റും നിന്ന് പരിഹസിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് മുമ്പിൽ ഇനിയും ഒരു കോമാളിയാവാൻ ഞാനില്ല….
ഞാൻ ഞാനായി ജീവിക്കാനാണ് ശ്രമിക്കുന്നത്…….
സ്വയം എരിഞ്ഞു തീരുന്ന ഒരു മെഴുകു തിരിയാണ് ഞാനിപ്പോൾ…..
ആ എരിഞ്ഞു തീരലിലും ഞാൻ കാരണം മറ്റൊരു ജീവിതത്തിലേക്ക് വെളിച്ചമാകാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്…..
പാർത്ഥൻ അത് ചോദിക്കുമ്പോൾ അങ്ങേയറ്റം വികാരങ്ങൾ ആ വാക്കുകളിൽ കലർന്നിരുന്നു…….
ജാനകി ടീച്ചർക്ക് പിന്നെയൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല…..
എന്നിട്ട് പാർവതി എന്ത് പറയുന്നു…….
പാർവതിയോ…. അതാരാ….
പാർത്ഥന്റെ സംശയം കണ്ട് ജാനകി ടീച്ചർക്കല്പം കൗതുകം തോന്നി…..
ആഹാ…. വീട്ടിൽ കൊണ്ട് പ്പോയി വെച്ചേക്കുന്ന ആളുടെ പേര് പോലും ഇത്ര ദിവസമായിട്ട് ചോദിച്ചിട്ടില്ലേ…..
ചെറു ചിരിയോടെ ജാനകിയത് ചോദിച്ചപ്പോഴാണ് പാർത്ഥന്റെ ചിന്ത അവളിലേക്കെത്തി നിന്നത്…..
പാർവതി…..
പേര് പോലും താനിത് വരെ ചോദിച്ചിട്ടില്ല…..
അല്ലെങ്കിലും ചോദിക്കേണ്ടി വന്നിട്ടില്ലല്ലോ……
ഇപ്പൊ കുഴപ്പമൊന്നുമില്ല….
ശർദ്ധിയുണ്ട്….ഡോക്ടറെ കാണിക്കണം….. ടീച്ചർ വരാൻ വേണ്ടി കാത്തിരിക്കുവായിരുന്നു ഞാൻ……
എന്നെ മനസ്സിലാക്കാനും കൂടെ നിൽക്കാനും മാറ്റാരുമില്ലലോ…..
അവനത് പറയുമ്പോൾ ജാനകി അവന്റെ തോളിൽ പതിയേ കൈ വെച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഇവളെ ഇവിടെ കയറ്റിയുള്ള പൊറുതി നടക്കില്ല പാർതാ…..
വീട്ടിലേക്ക് കയറി ചെല്ലുമ്പോഴേ സുഭദ്ര അവന് നേരെ അലറി….
നാട്ടുകാരൊക്കെ പറഞ്ഞ് തുടങ്ങി…..
ഇവളെ ഇവിടെ താമസിപ്പിക്കണമെങ്കിൽ ഇവളെ നീ വിവാഹം കഴിച്ചേ മതിയാകു…..
അവനൊന്നും പറയാതെ അവരെ നോക്കി നില്കുമ്പോഴാണ് അവർ ബാക്കി കൂടി പറഞ്ഞ് തീർത്തത്…..
എന്നാൽ അത് കേട്ടില്ലെന്ന മട്ടിൽ അവൻ അകത്തേക്ക് കയറുമ്പോഴേക്കും ശാരി അവന്റെ കയ്യിൽ പിടിച്ചു….
അമ്മ പറയുന്നത് നിന്നോടാണ് പാർത്താ….
ശാരി ദേഷ്യത്തോടെ അവനോടത് പറയുമ്പോൾ അവൻ അവരെ നോക്കി പുച്ഛത്തോടെയൊന്ന് ചിരിച്ചു….
താലിയും താലപ്പൊലിയുമായി കല്യാണം കഴിച്ചിരുന്നു ഞാൻ ഒരുവളെ..
അന്നും കുടിക്കുന്ന വെള്ളത്തിൽ പോലും നിങ്ങളെനിക്ക് സ്വസ്ഥത തന്നിട്ടില്ല..
പിന്നെന്തിനു വേണ്ടിയാണ് നിങ്ങൾക് ഒരു താലിയുടെ ആവശ്യം…
പിന്നേ നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണെങ്കിൽ അതിന്റെ ആവശ്യം പാർതനില്ല……
ഞാൻ കഴിയുന്നത് നാട്ടുകാരുടെ ഔദാര്യത്തിലല്ല….
അവളെ നോക്കാനും എനിക്കാരുടെയും ഔദാര്യം ആവശ്യവുമില്ല..
അത്രയും പറഞ്ഞ് ശാരിയുടെ കൈ അവൻ മറു കൈയാൽ തട്ടിയിട്ട് കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവരെല്ലാം തരിച്ചു നിൽക്കുകയായിരുന്നു…..
വാക്കിലും നോക്കിലുമുള്ള അവന്റെ മാറ്റത്തെ ഉൾകൊള്ളാനാവാതെ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നീ കഴിച്ചോ….
മുറിയിലേക്ക് വന്ന് അവനാദ്യം ചോദിച്ചത് അതായിരുന്നു…..
എല്ലാ കേട്ട് കൊണ്ടിരുന്ന അവളുടേ മിഴികൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടിരുന്നു…..
മ്മ്……
അവൾ പതിയെ മൂളിയതും മുറിയുടെ വാതിൽ ചാരി അവൻ അടുക്കളയിലേക്ക് നടന്നു…
ഭക്ഷണം വിളമ്പി അവൻ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ അടുക്കളയിലേക്ക് വന്നത്……
ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നവനെ കാണുമ്പോൾ അവൾക്ക് അവനോടെന്തോ വല്ലാത്തൊരു സഹതാപം തോന്നിയിരുന്നു…..
ചുറ്റും എല്ലാവരുമുണ്ടായിട്ടും അവൻ ഒറ്റക്കാണെന്നത് അവളറിയുന്നുണ്ടായിരുന്നു….
അവന്റെ കണ്ണുകളിൽ കാണുന്ന ദുഖത്തിന്റെ ആഴിയും അവൾക്ക് മാത്രമായി അളന്നെടുക്കാൻ കഴിഞ്ഞിരുന്നു……
അവൾ പതിയേ അവനരികിലേക്ക് നടന്നു….
(തുടരും )

by