17/04/2026

അവകാശി : ഭാഗം 03

രചന – ആയിഷ അക്ബർ

അവൻ പതിയേ എഴുന്നേറ്റു..

അവളപ്പോഴും അതേ ഇരിപ്പ് തന്നെയായിരുന്നു…..

വാ….
പോകാൻ തുടങ്ങിയ അവൻ തിരിഞ്ഞു നിന്ന് കൊണ്ടവളെ വിളിച്ചു….

അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ അവന്റെ മനസ്സനുവദിക്കുന്നില്ലായിരുന്നു…..

അവളുടേ കണ്ണുകളിൽ കണ്ട ധൈര്യം ജീവിക്കാനുള്ളതായിരുന്നില്ല…..

മറിച്….. മരിക്കാനുള്ളതായിരുന്നു….

എഴുന്നേറ്റ് വരാൻ….

അവൻ അല്പം കൂടി ശബ്‍ദം ഉയർത്തിയതും അവൾ പതിയേ എഴുന്നേറ്റു….

അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയതും കയറണോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അവൻ അവളെ കനപ്പിച്ചോന്ന് നോക്കിയത്……

അവൾ പതിയേ അവന് പിറകിലേക്ക് കയറി….

അപ്പോഴും മഴ തോർന്നിട്ടില്ലായിരുന്നു….

അവളെയും കൂട്ടി അവൻ പോയത് ജാനകി ടീച്ചറുടെ വീട്ടിലേക്കായിരുന്നു….

വീടിനു മുമ്പിലെത്തിയപ്പോഴേ അടഞ്ഞു കിടക്കുന്ന ഗേറ്റവനിലൊരു സംശയത്തിനിടം കൊടുത്തു…..

അവരിവിടില്ല…… അമ്മക്ക് സുഖമില്ലേന്ന് പറഞ് നാട്ടിലേക്ക് പോയിരുന്നു…

അവൻ ചുറ്റും നോക്കുന്നത് കണ്ട് അവളത് പറയുമ്പോഴും അവളുടേ വാക്കുകളിൽ നന്നേ ക്ഷീണം അവന് കാണുന്നുണ്ടായിരുന്നു…..

അവളെ തനിച്ചാക്കി പോകണോ കൂടെ കൂട്ടണോ എന്നാലോചിച്ചവൻ നിൽക്കുമ്പോഴാണ് തന്റെ ദേഹത്തേക്ക് വീഴുന്ന അവളെ അവൻ കൈകളാൽ പിടിച്ചത്….

അവന്റെ കയ്യിൽ കിടക്കുന്നവളെ അവൻ കുലുക്കി വിളിക്കുമ്പോൾ അവൾ പതിയേ കണ്ണുകൾ തുറന്നു….

ഇരുട്ടിൽ തുറന്ന് വെച്ചിരിക്കുന്ന ഒരു കുഞ്ഞ് കടയിൽ കയറി അവൾക്ക് കഴിക്കാൻ വാങ്ങി കൊടുക്കുമ്പോൾ വിശപ്പ് കൊണ്ടാവാം അവൾ വേഗം അത് വാങ്ങി കഴിച്ചു…..

അവളെ വിട്ടിട്ട് പോകുന്നത് ശെരിയല്ലെന്നത് തോന്നിയത് കൊണ്ട് തന്നെ അവൻ അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു…..

വീടിന്റെ മുമ്പിൽ വണ്ടി നിർത്തിയതും അവൾ സംശയ ഭാവത്താൽ അവനെ നോക്കി….

അവളുടേ നോട്ടം കണ്ടില്ലെന്ന് നടിച്ചവൻ വാതിലിനെ ലക്ഷ്യമാക്കി നടന്നു…..

വാതിലിൽ അവൻ മുട്ടിയതും വാതിൽ തുറന്ന് മുമ്പിൽ നിൽക്കുന്ന ശാരി അവന്റെ കൂടെയുള്ള അവളെ കണ്ട് പെട്ടെന്നൊന്നു ഞെട്ടിയിരുന്നു…..

ഇതാരാ……

അവളത് ചോധിച്ചപോൾ അവളിൽ കണ്ട വെപ്രാളം എന്തോ പാർഥനിൽ ചെറിയൊരു സന്തോഷം നൽകി…..

അത് കൊണ്ട് തന്നെയാണ് അവൻ അതിനു മറുപടിയൊന്നും പറയാതെ അകത്തു കയറിയത്….

വാ…. അവൻ അവളെ നോക്കി വിളിച്ചു….

അവൾ അവന് പിറകെയായി നടക്കുമ്പോഴും ശാരി ദേഷ്യത്തോടെ അവരെ ഇരുവരെയും നോക്കി നിൽക്കുകയായിരുന്നു…

നിന്നോടാ പാർതാ ചോദിച്ചത്…ഏതാ ഇവളെന്ന്…

വീണ്ടും ഉറക്കെ ശാരിയത് ചോദിക്കുമ്പോഴും പാർത്തനൊന്നും മിണ്ടിയില്ല…..

ഒരു വാക്ക് പറഞ്ഞവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല….

അതിനേക്കാൾ വലിയ വാക്കുകൾ കൊണ്ട് എന്നെ കീഴ്പ്പെടുത്താൻ അവർക്കറിയാം….

എന്നാൽ തന്റെ മൗനത്താൽ അവർ അസ്വസ്ഥരാവുകയാണെങ്കിൽ ആവട്ടെയ്യെന്നു കരുതി തന്നെയാണ് പാർത്ഥൻ ഒന്നും മിണ്ടാതെ നിന്നത്…..

അമ്മേ….
ശാരിയുടെ അലറൽ കേട്ട് സുഭദ്രയും നീതുവും എഴുന്നേറ്റ് വന്നിരുന്നു….

പാതി ഉറക്കത്തിലായിരുന്ന അവർ അവളെ കണ്ടതും ഞെട്ടി….

ഇതാരാ….
സുഭദ്രയത് ചോദിക്കുമ്പോൾ അർദ്ധ രാത്രി മകനോടൊപ്പം കയറി വന്നവളെ കുറിച്ചോർത്തു ആശങ്ക അവരിൽ നിറഞ്ഞിരുന്നു….

അത് തന്നെ ഞാനും ചോദിക്കുന്നത്….
ഇതാരാണെന്ന്….. അവനൊരാക്ഷരം മിണ്ടുന്നില്ല…..

ശാരി അവനെയും അവളെയും നോക്കി കനപ്പിച്ചു കൊണ്ടത് പറയുമ്പോഴേക്കും സുഭദ്രയുടെ കണ്ണുകളിലും അഗ്നി പടർന്നിരുന്നു….

ആരാടാ ഇവൾ…. ഈ അർദ്ധ രാത്രി ഇവളെയും വിളിച്ചു ഇങ്ങോട്ട് വരാൻ മാത്രം അവള് നിനക്കാരാ…

സുഭദ്ര അത് ചോദിക്കുമ്പോൾ അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചിരുന്നു…..

ഈ അർദ്ധ രാത്രി അവളിങ്ങോട്ട് വന്നത് എന്നെ വിശ്വസിച്ചാണ്….
അത്രയേ എനിക്ക് പറയാനുള്ളൂ….

പാർത്ഥൻ ഗൗരവത്തോടെ തന്നെ അത് പറയുമ്പോൾ അവന്റെ കോളറിൽ പിടിച്ചിരുന്ന സുഭദ്രയുടെ കൈ പതുക്കെ അയഞ്ഞു…

അവരെന്ത്‌ പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു….

ഇവളേം വിളിച്ചോണ്ടിങ്ങോട്ട് കയറി വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു…..

അമ്മയുടെ സ്വരം അവിടമാകെ ഉയരുമ്പോൾ തനിക്ക് പിറകിൽ ഭയത്തോടെ നിന്നിരുന്ന അവളിലേക്ക് പാർത്ഥന്റെ കണ്ണുകൾ നീണ്ടു പോയിരുന്നു…..

അവനൊന്നും മിണ്ടാതെ അകത്തേക്ക് കയറുമ്പോൾ അവൾ പതിയേ അവനെ പിന്തുടരുന്നുണ്ടായിരുന്നു….

നീതുവും ശാരിയും അവളെ തുറിച്ചു നോക്കുന്നത് കണ്ടിട്ട് തന്നെയവൽ അവർക്ക് മുഖം കൊടുക്കാതെ തല കുനിച്ചു തന്നെ നിന്നു…..

പാർതാ…. നീയിതെന്ത് വിചാരിച്ചാ….
കല്യാണം കഴിച്ച ഒരുത്തി പോയപ്പോഴേക്കും അടുത്തവളെ കൂട്ടി കൊണ്ട് വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു…..

നാട്ടുകാര് എന്താ പറയാന്നു നിനക്ക് വല്ല വിചാരവുമുണ്ടോ….
മറ്റൊന്നും ചിന്തിക്കേണ്ട…. അച്ഛൻ മരിച്ച ശേഷം നമ്മളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ കുറിച് നീയാലോചിച്ചോ….

ശാരി പാർത്തനു നേരെ നിന്ന് കയർക്കുമ്പോൾ അയാൾക്ക് പുച്ഛം തോന്നി..

അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് ജോലിക്ക് പോകൽ തുടങ്ങിയതാണ് താൻ…..

താൻ പഠിച്ചതും എല്ലാവരും വളർന്നതും ഇന്നും കഴിയുന്നതും തന്റെ വിയർപ്പിൽ നിന്ന് തന്നെയാണെന്ന് അവനെ പോലെ അവിടെയുള്ളവർക്ക് എല്ലാവർക്കും അറിയാമായിരുന്നു….

എന്നിട്ടും അവരെന്തിനാണിങ്ങനെയൊക്കെ പറയുന്നത്…..
ഒരുപക്ഷെ ഇതെല്ലാം ഞാൻ മറന്നെന്നു കരുതിയാണോ…..
അതോ ഞാൻ എതിർത്തു പറയില്ലെന്ന ധൈര്യം കൊണ്ടോ…..

അതോ അവരെല്ലാം മറന്നത് കൊണ്ടോ….

വാക്കുകളെ പാർത്ഥൻ മനസ്സിലൊതുക്കി….

അത് തന്നെയാണല്ലോ ഇവരുടെയെല്ലാം ശക്തിയും……

ഇതി വീട്ടിൽ നടക്കില്ല പാർതാ…..

അമ്മയുടെ സ്വരത്തിലെ കടുപ്പം അറിഞ്ഞത് കൊണ്ട് തന്നെ അവൻ അവർക്ക് നേരെ തിരിഞ്ഞു…..

എങ്കിൽ ഞാൻ ഇവിടെ നിന്നിറങ്ങാം…..

പെട്ടെന്ന് അവനത് പറഞ്ഞതും ശാന്തമായ അവന്റെ കണ്ണുകളിൽ അലയടിക്കുന്ന സാഗരത്തെ അവരറിയുന്നുണ്ടായിരുന്നു…

അതവരിൽ തെല്ലൊരു ഭയത്തെ സൃഷ്ടിച്ചു…..

അവനിവിടെ നിന്നിറങ്ങിയാൽ നീങ്ങിപ്പോകുന്ന തങ്ങളുടെയെല്ലാം സുഖങ്ങൾ അവരുടെ കണ്മുന്നിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല….

അവന്റെയാ വാക്കുകളിൽ എല്ലാവരും മൗനം പാലിച്ചത് കൊണ്ട് തന്നെ അവൻ മുറിയിലേക്ക് നടന്നു….
കൂടെ അവളും…..

ദാ…. തല തൂവർത്തിക്കോളൂ…..

അവൾക്ക് നേരെ തോർത്തു നീട്ടി അവനത് പറയുമ്പോഴും അവളുടേ കണ്ണുകൾ വേദനയുടെ ആഴിയിലേക്ക് നീണ്ടു പോയതവൻ കണ്ടിരുന്നു….

കുളിക്കണോ….

അവനത് ചോദിച്ചതും അവൾ വേണമെന്ന അർത്ഥത്തിൽ തല കുലുക്കി…..

തണുത്ത വെള്ളം അല്പം തലയിലൂടെ ഒഴിച് അവളുടെയുള്ളിലെ നോവിനെ അല്പമെങ്കിലും ശമിപ്പിക്കാമെന്നവൾ കരുതിയിട്ടുണ്ടാവാം…..

അവൻ അലമാര തുറന്ന് അവിടെയുള്ള ചുരിദാറുകളിൽ ഒന്നെടുത്തു അവൾക്ക് നേരെ നീട്ടി….

തന്നെ ഉപേക്ഷിച്ചു പോയ കൂട്ടത്തിൽ സന്ധ്യ ഉപേക്ഷിച്ചു പോയതായിരുന്നു അവയെല്ലാം….

സന്ധ്യയുടെ അത്ര നീളമോ വണ്ണമോ ഇല്ലെങ്കിലും തത്കാലം അവൾക്കുടുത് മാറാൻ അത് കൊണ്ട് പറ്റുമെന്ന ഉറപ്പിൽ അവനത് അവൾക്ക് നേരെ നീട്ടി…..

അവൻ അടുക്കള വാതിൽ തുറന്ന് പിന്നാംപുറത്തുള്ള കുളിപ്പുരയിലേക്ക് അവളെ കൂട്ടി കൊണ്ട് പ്പോയി….

അവൾ കുളി മുറിയിലേക്ക് കയറിയതും മുറ്റത്തെ കിണറ്റിന് കരയിൽ അവനിരുന്നു….

അവൾക്ക് കൂട്ടായെന്ന പോൽ….

ഇതെല്ലാം ജനലിലൂടെ നോക്കി കാണുന്ന അമ്മയെയും പെങ്ങമ്മാരെയും അവൻ കാണുന്നുണ്ടെങ്കിലും അതവനിലൊരു സന്തോഷമായിരുന്നു നൽകിയത്…..

എന്നും അവർ തന്നെ വേദനിപ്പിച്ചിട്ടേയുള്ളു….

തിരിച്ചു വേദനിപ്പിക്കാൻ കിട്ടിയ ഒരു അവസരമായി അവനതിനെ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു….

എന്നാൽ അവളെ കുറിച്ചോർക്കുമ്പോൾ അവന് വല്ലാത്തൊരു സഹതാപം തോന്നി..

അത്ര മേൽ തകർന്ന ഒരുവളോട് അന്ന് താൻ പെരുമാറിയതെല്ലാം ആലോചിച് അവന് കുറ്റബോധം തോന്നുന്നുണ്ടായിരുന്നു….

കുളി കഴിഞ്ഞവളിറങ്ങിയതും മുഖത്തെ ക്ഷീണം കുറച്ച് കുറഞ്ഞത് പോലെയവന് തോന്നി….

സന്ധ്യയുടെ ഡ്രസ്സിട്ട് നിൽക്കുന്ന അവളെ കാണുമ്പോൾ ഹൃദയത്തിൽ എന്തൊക്കെയോ ഓർമ്മകൾ അവനെ കുത്തി നോവിക്കുന്നുണ്ടായിരുന്നു..

അവന്റെ മുറിയിലെ കട്ടിലിലെ രണ്ട് തലയിണയിൽ നിന്നും ഒന്നെടുത്തു അവൻ പുറത്തേക്ക് നടന്നു….

ആ മുറിയും കട്ടിലും തനിക്ക് വേണ്ടി ബാക്കിയാക്കിയാണ് അവൻ പോകുന്നതെന്ന് തോന്നിയതും അവൾ പതിയേ കട്ടിലിലേക്ക് ചാഞ്ഞു….
അവളുടേ ഹൃദയം പേറുന്ന നോവിന്റെ ഭാരം താങ്ങാൻ അവൾക്ക് കഴിയാത്തത് കൊണ്ട് തന്നെ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

ചേർത്ത് പിടിച് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാത്ത അവൾക്ക് സ്വയം നഷ്ടമാകുന്നത് പോലെ തോന്നിയിരുന്നു….

മുറിയുടെ മുമ്പിലായുള്ള സോഫയിൽ പാർത്തൻ കിടക്കുമ്പോഴു അപ്പുറത് നിന്ന് തന്നെ എത്തി നോക്കിയുള്ള പിറു പിറുക്കലുകൾ അവൻ കേൾക്കുന്നുണ്ടായിരുന്നു….

അവരുടെ അസ്വസ്ഥത കാണുമ്പോൾ അവന് വല്ലാത്തൊരു ആനന്ദം തോന്നി….

അവൻ അവരെ കണ്ടില്ലെന്ന് നടിച്ചു കണ്ണുകളടച്ചു കിടക്കുമ്പോൾ മനസ്സിലൊരു ചിരി തെളിഞ്ഞിട്ടുണ്ടായിരുന്നു…..

(തുടരും )