രചന – ആയിഷ അക്ബർ
അമ്മയോടും മറ്റുള്ളവരോടും യാത്ര പറയുമ്പോഴും അമ്മയിലെങ്കിലും താൻ പോകുന്നതിലൊരു നോവ് കണ്ടിരുന്നെങ്കിൽ എന്ന് പാർത്ഥൻ ആഗ്രഹിച്ചിരുന്നു…..
അത് തന്റെ ആഗ്രഹ മാത്രമാണെന്ന തിരിച്ചറിവിൽ പാർത്ഥൻ ആരുവിനെയും എടുത്ത് അവിടെ നിന്നും നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദൂരങ്ങൾ താണ്ടുന്നത് അവനറിഞ്ഞില്ല….
ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിച്ചു പോകേണ്ടി വന്നതിന്റെ കാരണവും അറിയില്ല….
ആത്മാർത്ഥമായി എല്ലാവരെയും സ്നേഹിച്ചത് കൊണ്ടാവാം…
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനിടക്ക് നമ്മുടെ ജീവിതം മറന്ന് പോകരുത്…..
എങ്കിലും തന്റെ മടിയിൽ കിടന്നുറങ്ങുന്ന ആരുവിനെ നോക്കുമ്പോൾ അവനിലൊരു ആശ്വാസം തളം കെട്ടി നിന്നു…..
എല്ലാവർക്കും നല്ലത് മാത്രം വിചാരിച്ചത് കൊണ്ടാവും ദൈവം തനിക്കിവളെ പകരം നൽകിയത്…..
അവനൊന്നു പുഞ്ചിരിച്ചു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനു അവളുടേ അടുത്തേക്ക് വരാൻ വേണ്ടി വിളിച്ചതായിരുന്നു…
ആരെയും ബുദ്ധിമുട്ടിപ്പിക്കാൻ താല്പര്യമിലാത്തത് കൊണ്ട് തന്നെയാണ് അങ്ങോട്ട് പോകാതിരുന്നത്…..
അവളാവശ്യപ്പെട്ടത് പ്രകാരം രാജേഷാണ് ഇത്രയേറെ ദൂരെ അവന്റെ കൂട്ടുകാരന്റെ പരിചയത്തിലുള്ള കടയിൽ ജോലി ശെരിയാക്കി തരുന്നത്….
സിറ്റിയിൽ നിന്നും അല്പം ഉള്ളിലേക്കായാണ് ഈ സ്ഥലം……
പോകുന്ന വഴി നീളെ വയലുകൾ തന്റെ ഭംഗി വരച്ചു കാട്ടി നിൽക്കുന്നുണ്ടായിരുന്നു…
ചേട്ടാ… സ്ഥലമെത്തി കേട്ടോ….
ഒരു ചെറിയ കവലയിൽ എത്തിയപ്പോഴാണ് കണ്ടക്ടർ അത് പറഞ്ഞത്…
സ്ഥലമറിയാത്തത് കൊണ്ട് എത്തിയാൽ പറയണമെന്ന് കയറുമ്പോഴേ പറഞ്ഞത് നന്നായെന്ന് അവന് തോന്നി….
അവൻ അവിടെ ചെന്നിറങ്ങുമ്പോൾ ആരതി തോളിൽ കിടന്നുറങ്ങിയിട്ടുണ്ടായിരുന്നു…..
വലുതല്ലാത്ത കടകളും നാട്ടു വർത്തമാനം പറഞ്ഞിരിക്കുന്ന ചായക്കടയും എല്ലാം തന്നെ ഒരു നാട്ടിൻ പുറത്തെ വരച്ചു കാട്ടുന്നുണ്ടായിരുന്നു…..
രാജേഷിന്റെ ചേട്ടൻ നിങ്ങളാണോ…..
ഇറങ്ങിയ ഉടനെ ഒരു ചെറുപ്പക്കാരൻ വന്ന് ചോദിച്ചപ്പോൾ പാർത്ഥൻ അതേയെന്ന് തലയാട്ടി….
കൂടെ മോളുണ്ടെന്ന് രാജേഷ് പറഞ്ഞിരുന്നു….
വരുന്ന ബസ്സിലെല്ലാം ഞാൻ നോക്കുകയായിരുന്നു…..
അയാൾ ചെറു ചിരിയോടെ പറയുമ്പോൾ പാർത്തനും ഒന്ന് പുഞ്ചിരിച്ചു….
നീയാണോ ദിലീപ്…..
രാജേഷ് പറഞ്ഞത് വെച്ച് പാർത്ഥനത് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി…..
ഇത് തന്നെയാണ് കട…..
ആ കവലയിലെ ഏറ്റവും വലുതെന്നു തോന്നുന്ന കടയിലേക്ക് അവൻ ചൂണ്ടി…..
അരിയും പലചരക്കു സാധനങ്ങളുമായി ഒരു വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങൾ അവിടെയുള്ളതായി അവന് തോന്നി……
ഞാൻ നിന്നിരുന്ന കടയാണ്…… എനിക്ക് പുറത്തൊരു ജോലി കിട്ടി പോകുന്നത് കൊണ്ട് ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു….
പുറത്ത് നിന്ന് ആളെ എടുക്കാൻ മുതലാളിക്ക് വലിയ താല്പര്യമൊന്നുമില്ല….
പിന്നേ മുതലാളിയും ഇവിടെ വന്ന് താമസിക്കുന്നതായത് കൊണ്ടും ഞാൻ അത്രയും പറഞ്ഞത് കൊണ്ടുമാണ് സമ്മതിച്ചത്……അത്ര വലിയൊരു ശമ്പളംമൊന്നുമുണ്ടാവില്ല…..
നമുക്ക് കടയിലൊന്ന് പ്പോയി മുതലാളിയെ പരിചയപ്പെടാം…..
ദിലീപത് പറഞ്ഞു കൊണ്ട് കടയിലേക്ക് നടന്നു……
അജിയേട്ടാ…. ഞാൻ പറഞ്ഞ ആളെത്തി ട്ടോ….
ദിലീപത് പറഞ്ഞതും ആളുകൾക്ക് സാധനങ്ങൾ എടുത്ത് കൊടുക്കുകയായിരുന്ന അജിയൊന്നു നോക്കി….
സാധനം കൊടുത്ത് പൈസയും വാങ്ങിയ ശേഷം അവൻ അവർക്കരികിലേക്ക് വന്നു…..
ഹാ….. ഇതാണോ ആൾ….
അതും പറഞ് അരികിലേക്ക് വന്നവനെ പാർത്തനൊന്നു നോക്കി….
ഏകദേശം തന്റെ പ്രായം തന്നേയുള്ളു…..
മടക്കി കുത്തിയ മുണ്ടും ഒരിളം നീല ഷർട്ടും….
മുതലാളിയെന്ന അഹങ്കാരമില്ലാത്ത ചിരി ആ ഇരു നിറക്കാരന്റെ ഭംഗി കൂട്ടിയത് പോലെ പാർത്തന് തോന്നി….
ഞാൻ അജിത്…. എല്ലാവരും അജിയെന്ന് വിളിക്കും….
അവൻ പാർത്തന് നേരെ കൈ നീട്ടിയതും പാർത്ഥൻ എന്ന് പറഞ്ഞവൻ കൈകളിൽ പിടിച്ചു…..
കാര്യങ്ങളൊക്കെ ദിലീപ് പറഞ്ഞിരുന്നില്ലേ…..
അജിയത് ചോദിക്കുമ്പോഴും കണ്ണുകളെന്തോ തോളിൽ കിടക്കുന്ന ആരതിയിൽ തട്ടി നിൽക്കുന്നത് പോലെ പാർത്തന് തോന്നി…..
മ്മ്…. പറഞ്ഞിരുന്നു…..
എവിടെയാ താമസം……
അജി അത് ചോദിച്ചപ്പോൾ പാർത്ഥൻ ദിലീപിനെ നോക്കി…..
നമ്മുടെ രാജേട്ടന്റെ പഴയ വീട് ഒഴിഞ്ഞു കിടപ്പല്ലേ….
അവിടെ പറഞ്ഞിട്ടുണ്ട്….
ആ….. വീടൊക്കെ ശെരിയാക്കി എടുക്കാൻ സമയമെടുക്കും….. പറ്റുകയാണെങ്കിൽ നാളെ തന്നെ വരൂ…..അല്ലെങ്കിൽ മറ്റന്നാളായാലും കുഴപ്പമില്ല…..
ഒറ്റക്ക് വല്യ മെനക്കെടാഡോ ….
അത് കൊണ്ടാണ്….
അജി ചിരിച്ചു കൊണ്ടത് പറയുമ്പോൾ പാർത്തനും ഒന്ന് ചിരിച്ചു……
ഇവിടെ കടയിൽ ഉച്ച ഭക്ഷണം കിട്ടുമോ….
എതിര് വശത്തുള്ള ചായ കടയിലേക്ക് ചൂണ്ടി പാർത്ഥനത് ചോദിക്കുമ്പോൾ ആരുവിന്റെ മുഖമായിരുന്നു മനസ്സ് മുഴുവൻ……
അവിടെ ഉണ്ടാവില്ല ചേട്ടാ….. ഭക്ഷണം ഉണ്ടാവാറുള്ള കട ഇന്ന് തുറന്നിട്ടുമില്ല…..
ദിലീപത് പറയുമ്പോൾ പാർത്ഥന്റെ ശ്വാസമിടിപ്പ് കൂടിയിരുന്നു…..
വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ…. മോളിത് വരെ ഒന്നും കഴിച്ചിട്ടില്ല…..
പാർത്ഥനത് പറയുമ്പോൾ ദിലീപ് ആലോചനയിലായിരുന്നു…
ഒരു സ്ഥലമുണ്ട്…. ഞാൻ കൊണ്ട് പോവാം അവിടെ…
പെട്ടെന്നു അജിയത് പറയുമ്പോൾ ദിലീപോന്നു നോക്കി…..
നീ കട നോക്ക് ദിലീപേ… ഞാൻ ഇവരേം കൊണ്ട് പോകട്ടെ…..
അതും പറഞ് അജി ബൈക്കിൽ കയറിയപ്പോൾ പാർത്തനും ബൈക്കിനു പുറകിൽ കയറി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേം കൊണ്ട് ഒറ്റക്കാണെന്ന് ദിലീപ് പറഞ്ഞിരുന്നു….
വണ്ടി ഓടിക്കുന്നതിനിടയിൽ അജിയത് പറയുമ്പോൾ ഭാര്യയെവിടെ എന്ന ചോദ്യം അതിലൊളിഞ്ഞിരിക്കുന്നതായി പാർത്തന് തോന്നി…
മ്മ്…..
അവൻ ഒരു മൂളലിൽ ഉത്തരമോതുക്കുമ്പോൾ തനിക് ഭാര്യയെ കുറിച് പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ആ ചോദ്യത്തിലവൻ നൽകിയത് ആശ്വാസം തന്നെയായിരുന്നു…….
ആ വണ്ടി ചെന്നു നിന്നത് അത്യാവശ്യം വലിയൊരു ഓട് വീടിനു മുമ്പിലായിരുന്നു…..
പാർത്ഥൻ സംശയത്തോടെ അജിയെ നോക്കി നിന്നു….
വാടോ…. ഇതെന്റെ വീടാ … നിങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണമൊക്കെ ഇവിടെയും കിട്ടും….
അജിയത് പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറുമ്പോൾ പാർത്തനും അവനെ പിന്തുടർന്നു….
വേണ്ടായിരുന്നു…..
പാർത്ഥൻ ആർദ്രമായി പറഞ്ഞു…..
അമ്മേ….
പാർത്ഥൻ പറഞ്ഞത് കേട്ടില്ലെന്ന മട്ടിൽ അജി അകത്തേക്ക് നോക്കി വിളിച്ചു….
പാർത്തനിരിക്ക്……
അതും പറഞ് അജി അകത്തേക്ക് കയറിപ്പോയി….
അപ്പോഴേക്കും ആരു കണ്ണുകൾ തുറന്നിരുന്നു…
അവൾ ചുറ്റും നോക്കി….
അവൻ പാറി തുടങ്ങിയ അവളുടേ മുടി കൈ കൊണ്ട് ഒതുക്കി……
ഇതെവിടെ അച്ഛാ…
അവളത് ചോദിച്ചപ്പോഴേക്കും അജിയുടെ കൂടെ അവന്റെ അമ്മ പുറത്തേക്ക് വന്നിരുന്നു…..
അജിയുടെ അതേ മുഖം…. അവന്റെ പോലെ തന്നെ വശ്യമായ പുഞ്ചിരിയും….
പാർതാ… ഇതാണെന്റെ അമ്മ…
അവർ അവന് നേരെ കൈകൾ കൂപ്പി…
അവരുടെ കണ്ണുകളും ആരുവിലായിരുന്നു…..
അജിയും അപ്പോഴും ആരുവിനെ നോക്കി നിൽക്കുന്നത് പാർത്ഥൻ ശ്രദ്ധിച്ചിരുന്നു…..
മോൾടെ പേരെന്താ….
ശാരതാമ്മ ആരുവിനു നേരെ നിന്നത് ചോദിച്ചു….
ആരു….
അവൾ അത് പറയുമ്പോഴും മുഖത്തു ചിരിയുണ്ടായിരുന്നില്ല….
യാത്രയുടെ ക്ഷീണവും വിശപ്പും എല്ലാം കൂടിയായിരിക്കാം….
മോൾക്ക് വിശക്കുന്നുണ്ടാവും…….
വരൂ… ഭക്ഷണം കഴിക്കാം…
അതും പറഞ് ശാരതാമ്മ അകത്തേക്ക് പ്പോയി….
പിറകെ അജിയും പാർത്തനും അകത്തുള്ള ഊണു മേശയിലേക്ക് കയറിയിരുന്നു…..
പാർത്ഥൻ ആദ്യം തന്നെ ഭക്ഷണം വിളമ്പി ആരുവിനെ കഴിപ്പിച്ചു….
കുഞ്ഞി വാ പൊളിച്ചു അവൾ ഭക്ഷണം കഴിക്കുന്നതും നോക്കി അജിയും അമ്മയും നിന്നു….
ഇനി അച്ഛന് കയിക്ക്….
ഭക്ഷണം കഴിക്കുന്നതിനിടക്ക് ആരുവത് പറയുമ്പോൾ കേട്ട് നിന്നിരുന്നവർക്ക് അത്ഭുതം തോന്നി…..
അജിയും അമ്മയും പുഞ്ചിരിയോടെ പരസ്പരം നോക്കി….
അപ്പോഴും അജിയിൽ നിറഞ്ഞു നിന്നിരുന്നൊരാ വേദന ശാരതക്കറിയുന്നുണ്ടായിരുന്നു…….
അച്ഛൻ കഴിച്ചോളാം…. മോള് കഴിക്….
പാർത്ഥൻ അത് പറയുമ്പോഴും അവൾ സമ്മതിക്കുന്നില്ലായിരുന്നു..
അച്ഛൻ കയിക്ക്……
അവനും കഴിച്ചപ്പോഴാണ് അവളുടേ വാശിയടങ്ങിയത്….
വാ കഴുകണം……
പാർത്ഥൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ആരുവത് പറഞ്ഞത്…..
ഞാൻ വാ കഴുകി തന്നാൽ മതിയോ…
ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാർത്ഥന്റെ മടിയിലിരിക്കുന്ന ആരുവിനോട് അജിയത് ചോദിച്ചു കൈ നീട്ടുമ്പോൾ അവൾ സമ്മതത്തിനെന്ന വണ്ണം പാർത്തനെ നോക്കി….
പാർത്ഥൻ തല കുലുക്കിയപ്പോൾ അവൾ അജിയിലേക്ക് ചാടി.
അവളെ എടുത്തവൻ നടക്കുമ്പോഴും അവന്റെ ഹൃദയത്തിന് പതിവില്ലാത്തൊരു മാറ്റം അവനറിയുന്നുണ്ടായിരുന്നു……
അവളെ തന്റെ ഹൃദയത്തിന് പരിചിതമെന്ന പോൽ ഹൃദയം അവളിലേക്ക് ചായുന്നുണ്ടായിരുന്നു…..
(തുടരും )

by