18/04/2026

അവകാശി : ഭാഗം 16

രചന – ആയിഷ അക്ബർ

 

താനെന്ന തീരത്തേക്ക് ആർത്തലച്ചു വന്ന ഒരു തിരയായി പാർവതിയെ അവന് തോന്നി….

തന്റെ ദുഖങ്ങളെ തുടച്ചു നീക്കി പെട്ടെന്ന് മടങ്ങി പോയ അവൾ തന്നിൽ ബാക്കി വെച്ചത് വിലമതിക്കാനാവാത്ത രത്നത്തെയായിരുന്നു….

എന്നാൽ ഈ തീരം ഇപ്പോഴും സങ്കടത്തിലാണ്…

അവളെന്ന തിരയെ യോർത്…….

അവന്റെ ഹൃദയം പിടക്കുമ്പോൾ അവൻ വീണ്ടും ആ കത്തു തുറന്നു….

അവസാന വരികൾ തന്റെയുള്ളിൽ കോറിയിടുന്ന ആശ്വാസത്തിനു വേണ്ടി മാത്രം…….

അവനങ്ങനെ കുഞ്ഞിനേയും കൊണ്ട് സോഫയിലേക്കിരുന്നു…..

പെട്ടെന്നവൾ ഉറക്കെ കരഞ്ഞു തുടങ്ങി….

പാർത്ഥന്റെ ചൂടാണവൾക്ക് ഏറ്റവും പ്രിയപ്പെട്ടതെങ്കിലും ചില സമയങ്ങളിൽ അവൾ പാർവതിയിലേക്ക് ചുരുങ്ങുന്ന സമയങ്ങളുണ്ട്…..

വിശന്നിട്ടാവും അവൾ കരയുന്നതെന്നോർത്തതും പാർത്ഥന്റെ ചങ്കിൽ വേദന പൊടിഞ്ഞു….

എന്തിനാ ആരു കരയുന്നത്…..

കുഞ്ഞിനെ കൊഞ്ചിച്ചു വിളിച്ചങ്ങോട്ട് വന്നത് മീനുവായിരുന്നു……

അവൾക്ക്…. അവൾക്ക് വിശന്നിട്ടാ മീനു….

പാർവതിയെവിടെ….. കുഞ്ഞിന് പാല് കൊടുക്കാൻ പറയട്ടെ…..

മീനു ആരുവിനെ കൈകളിൽ വാങ്ങി അതും പറഞ്ഞ് മുറിയെ ലക്ഷ്യമാക്കി നടക്കാനൊരുങ്ങിയതും പാർത്ഥൻ അവളുടേ കയ്യിൽ പിടിച്ചു…..

അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി…..

അവൾ…. അവള് പ്പോയി….

പാർത്ഥന്റെ ശബ്ദം മീനുവിന്റെ കണ്ണുകളെ വിടർത്തി….

പോയെന്നോ…. എങ്ങോട്ട്…. ഏട്ടനെന്താ ഈ പറയുന്നത്…..

മീനു അല്പം ദേഷ്യത്തിൽ തന്നെയാണത് ചോദിച്ചത്….

അവളെങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നോ അങ്ങോട്ടേക്ക്…..

പാർത്ഥൻ അത് പറയുമ്പോൾ വാക്കുകൾ നിർവികാരമായി മീനുവിന് തോന്നി…..

അപ്പൊ ആരു…..

അവൾ ആരുവിനെ നോക്കി അത് ചോദിച്ചതും അവളുടേ തോളിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്ന ആരുവിനെ അവൻ വീണ്ടും കൈകളിലെടുത്തു….

പാർത്ഥന്റെ കയ്യിൽ ഇവൾ സുരക്ഷിയതാണെന്ന വിശ്വാസത്തിന് മേലായിരിക്കും ഇവളെ ഇവിടെ വിട്ടിട്ട് പോയത്…..

പാർത്ഥനത് പറയുമ്പോൾ ആരു കൈകളിലുള്ളത് അവനെ എത്ര ത്തോളം സന്തോഷിപ്പിക്കുന്നുണ്ടെന്ന് മീനുവിന് മനസ്സിലായിരുന്നു….

അവള്ക്കും വല്ലാത്തൊരു സമാധാനം തോന്നി…

അവനെയോർത് മനസ്സിലുണ്ടായിരുന്ന ആ വിങ്ങൽ പതിയേ നീങ്ങുന്നത് അവളറിഞ്ഞിരുന്നു…..

അതവൾക്ക് തോന്നിയിട്ടില്ലെങ്കിൽ അവളെയൊരു മനുഷ്യനായി പോലും കണക്കാക്കാൻ കഴിയില്ലായിരുന്നു…..

ഏട്ടന്റെയുള്ളിലെ സ്നേഹം കാണാതെ പോകാൻ നിൽക്കുന്ന അവളോട് വെറുപ്പായിരുന്നു മനസ്സിൽ…

എന്നാൽ ആ സ്നേഹം കണ്ട് സ്വന്തം ജീവനെ തന്നെ ഏട്ടന്റെ കൈകളിലേക്കെൽപ്പിച്ചു വിങ്ങുന്ന മാറിടവുമായി പോയവളെ കുറിച്ചോർക്കുമ്പോൾ ഇന്നങ്ങേയറ്റം ബഹുമാനമാണ് തോന്നുന്നത്…..

ഇവൾ…. ഇവൾ വളരേണ്ടത് ഏട്ടന്റെ കൈകളിൽ തന്നെയാണ്…

പാർവതി… തീർച്ചയായും തിരിച്ചു വരും… എനിക്കുറപ്പുണ്ട്…..

മീനു പുഞ്ചിരിയോടെ യത് പറയുമ്പോൾ വാക്കുകളിൽ സന്തോഷത്തോടൊപ്പം പാർവതിയോടുള്ള സഹതാപമോ കടപ്പാടോ ഒക്കെ നിറഞ്ഞിരുന്നു….

പാർത്ഥൻ ഒന്നും മിണ്ടിയില്ല….

അപ്പോഴും കരയുന്ന കുഞ്ഞിനെ യോർത്തായിരുന്നു അവന്റെ ഹൃദയം വിങ്ങിയിരുന്നത്……

ഏട്ടൻ പ്പോയി പാല് വാങ്ങി വാ….. ഒരു പാല് കുപ്പിയും….

മീനുവത് പറഞ്ഞതും മീനുവിന്റെ കയ്യിൽ ആരുവിനെ കൊടുത്ത് പാർത്ഥൻ വേഗം അവിടെ നിന്നിറങ്ങി…..

നേരം വെളുത്തതല്ലേയുള്ളു…. കടകൾ പലതും തുറന്നു തുടങ്ങുന്നേയുള്ളു….

എല്ലാ കടകളിലും കയറിയിറങ്ങി അവനത് വാങ്ങി വീട്ടിലേക്ക് വന്നു….

മീനു പാല് തിളപ്പിച്ചു കുപ്പിയിലാക്കി കൊടുത്തപ്പോൾ അവളുടേ കരച്ചിലല്പം കുറഞ്ഞു….

അതിനു പുറമെ അവൾക്ക് കൊടുക്കാറുള്ള ഭക്ഷണം കൂടി പാർത്ഥൻ വായിൽ കൊടുത്തപ്പോൾ വിശപ്പെല്ലാം മാറി അവളോടി കളിക്കാൻ തുടങ്ങി….

എങ്കിലും പാർവതിയെ അവളുടേ കുഞ്ഞി കണ്ണുകൾ തിരയുന്നുണ്ടായിരുന്നു…

അമ്മാ….. എന്ന വിളി അവളുടെയുള്ളിലെ വേദനയാണെന്ന് അറിയുമ്പോൾ പാർത്തന് വല്ലാതെ വേദനിച്ചിരുന്നു….

അവളുടേ ദുഖങ്ങളെല്ലാം പാടേ നീക്കി അവൾക്ക് സന്തോഷം മാത്രം നൽക്കാനുള്ള ഒരുക്കത്തിലായിരുന്നു പാർത്ഥന്റെ മനസ്സപ്പോൾ….

സുഭദ്രയുടെ കണ്ണുകൾ പാർവതിയെവിടെന്ന ചോദ്ധ്യത്തിൽ വീട് മുഴുവനും നടന്നെങ്കിലും അവളെ കണ്ടിരുന്നില്ല….

അവരുടെയുള്ളിൽ സംശയങ്ങൾ നിറഞ്ഞു…

അവളെവിടെ….

അവള് പ്പോയി… ഇനി വരില്ല…. സമാധാനമായില്ലേ അമ്മക്ക് ….

സുഭദ്ര ചോദിച്ചതിന്റെ പിറകെ അതിനു ചേരുന്ന മറുപടിയും കൊടുത്ത് മീനു അവിടെ നിന്നും പ്പോയി….

അധികം വൈകാതെ തന്നെ വീട്ടിലെ എല്ലാ വാർത്തകളും തത്സമയം എത്തുന്നത് പോലെ ഈ വാർത്ത യും എത്തി നിന്നത് ശാരിയുടെയും നീതുവിന്റെയും അടുത്തായിരുന്നു…..

എന്തിനാ പോയീയെന്നൊന്നും എനിക്കറിയില്ല ശാരി…

ഒരു കുഞ്ഞ് ഫോണിലൂടെ സുഭദ്ര അടക്കി പിടിച്ചു കൊണ്ടത് പറയുമ്പോൾ അത് കേട്ട് കൊണ്ടാണ് മീനു അവിടേക്ക് വന്നത്….

അമ്മക്ക് വേറെ പണിയൊന്നുമില്ലേ…. ഇവിടെ നടക്കുന്നത് മുഴുവൻ വിളിച്ചു കൊളുത്തി കൊടുക്കാൻ… ഇനിയിപ്പോ എത്തും കോട്ടും കുരവയുമായി….

മീനു പുച്ഛത്തോടെയത് പറഞ്ഞതും സുഭദ്രക്ക് ദേഷ്യം വന്നു….

നിനക്കെന്താടി അതിന്…
നിന്റെ സ്വഭാവം ഒന്ന് കൊണ്ട് തന്നെയാ ആരും കെട്ടി കൊണ്ട് പോകാത്തത്…..

ഓഹ്… അത് ഞാനങ് സഹിച്ചോളാം…

സുഭദ്ര അത് പറഞ്ഞതും ഉള്ളിൽ ഒരു സൂചി കുത്തിയ പോലെ തോന്നിയെങ്കിലും ഭാവ ഭേദങ്ങളെതുമില്ലാതെ അതും പറഞ് മീനു പ്പോയി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൾ വന്നത് പോലെ തന്നെ അവൾ പോയതും ആളുകൾക്കിടയിൽ സംസാര വിഷയമാകാൻ അധിക സമയം വേണ്ടി വന്നില്ല…
.നാട്ടുകാരുടെയും വീട്ടുകാരുടെയും മുറു മുറുപ്പ് തനിക്ക് ചുറ്റും ഉയരുമ്പോഴും പതിവ് പോലെ അതൊന്നും അവനെ ബാധിച്ചിരുന്നതേയില്ല….

അവന്റെ മനസ്സ് മുഴുവൻ അവനെ കാണുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് ഓടി വരൂന്ന അവന്റെ പൂവിയുടേ ചിത്രമായിരുന്നു….

പകൽ മുഴുവൻ അവളെ നോക്കാൻ മീനു ഉള്ളത് ആശ്വാസം തന്നെയായിരുന്നു..

പാർത്ഥൻ വീട്ടിലേക്ക് കയറി വന്നാൽ പിന്നേ അവൾക്ക് മറ്റാരെയും ആവശ്യമില്ലായിരുന്നു….

അവനാണ് തന്റെ സ്വന്തമെന്ന് അവൾക്കറിയും പോൽ….
എല്ലാത്തിനും പാർത്ഥൻ തന്നെ വേണമായിരുന്നു….

ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും അപ്പിയിട്ടാൽ കഴുകി കൊടുക്കാൻ വരെ….

ഒരു കുഞ്ഞിനെ പൂർണമായും സ്വന്തമാക്കിയത് കൊണ്ട് തന്നെ അങ്ങേയറ്റം സന്തോഷത്തോടെ അവനതെല്ലാം ഏറ്റെടുത്തു….

അവളെ ആർക്കും വിട്ട് കൊടുക്കില്ലെന്ന പോൽ അവളുടേ കാര്യങ്ങളാൽ അവൻ വീട്ടിലെത്തിയാലും തിരക്കിലായിരുന്നു…..

സ്കൂളിലേക്ക് പോകും മുമ്പേ അവളുടേ എല്ലാ കാര്യങ്ങളും കഴിക്കാൻ അവൻ ശ്രമിക്കുമായിരുന്നു….

അവനില്ലാത്ത ഉച്ച നേരത്തെ ഭക്ഷണം അവളെ കഴിപ്പിക്കാൻ മീനു വിയർക്കുമായിരുന്നു….

ഉച്ചക്ക് ഭക്ഷണം കഴിച് അവളുടേ ഉറക്കം കഴിയുമ്പോഴേക്കും
അവൻ സ്കൂളിൽ നിന്നെത്തിയിട്ടുണ്ടാകും….

ഉറക്കമുണർന്നാൽ അവനെ കണ്ടില്ലെങ്കിൽ അവൻ വരുന്നത് വരെ അവൾ കരയുമായിരുന്നു….

ഓർമകളിൽ നിന്നും അമ്മയെ മറന്നു തുടങ്ങിയ അവൾക്ക് ആ സ്ഥാനത്തേക്ക് താൻ നീങ്ങിയിരിക്കുകയാണെന്ന് അവനോർക്കുകയായിരുന്നു അന്നേരം…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ എത്ര വേഗത്തിലാണ് നീങ്ങി പ്പോകുന്നത്….
അവളെത്ര വേഗത്തിലാണ് വളരുന്നത്….

മുട്ട് കുത്തി തന്റെ പിറകെ വന്നിരുന്നവൾ ഇന്നു തന്നെ കാണുമ്പോൾ ഓടി വരുന്നതും കണ്ണിനു കുളിർമയായിരുന്നു…..

അവളുടേ അക്ഷരങ്ങൾക്ക് വ്യക്തത വന്നു തുടങ്ങി…..

എല്ലാ കാര്യത്തെ കുറിച്ചും അവൾക്കറിയണമായിരുന്നു…..

പാർവതിയില്ലാത്ത അവളുടേ രണ്ടാം ജന്മ ദിനവും മൂന്നാം ജന്മ ദിനവും കഴിഞ്ഞു…..

അവളുടേ ഓരോ ജന്മ ദിനവും തന്റെ മനസ്സിനെ ഓർമിപ്പിക്കുന്നത് പാർവതി പോയിരുന്ന കണക്കായിരുന്നു……

അവൾ വരുമെന്ന പ്രതീക്ഷയിൽ മുറ്റത്തേക്ക് നോക്കി നിൽക്കാത്ത ഒരു ദിവസം പോലും തന്നിലുണ്ടായിട്ടില്ലെന്ന് ഓർക്കുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് നൊമ്പരമായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പാർതാ… മീനുവിനൊരു ആലോചനയുണ്ട്…..അടുത്തേക്കൊന്നുമല്ല… അല്പം ദൂരേക്കാണ്……കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…. അതൊന്നും അവർക്ക് കുഴപ്പമില്ലെന്നാ പറയുന്നത്….

അവളെ ഇഷ്ടപ്പെട്ടാൽ മതിയവർക്ക്….

അവളെ ഇഷ്ടപ്പെടാതിരിക്കാൻ സാധ്യതയൊന്നും കാണുന്നില്ലല്ലോ….

രാമേട്ടൻ അത് പറയുമ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു……

അവളുടേ വിവാഹം തന്റെ സ്വപ്നമാണെങ്കിലും അവൾ പോകുകയാണെന്നോർക്കും തോറും എന്തോ ഒരു ഒറ്റപ്പെടൽ……

എങ്കിലും അതിനേക്കാളേറെ അവൾക്കൊരു നല്ല ജീവിതം കിട്ടുകയെന്നതിൽ മാത്രം അവന്റെ ചിന്ത തങ്ങി നിന്നു……

(തുടരും )