രചന – ആയിഷ അക്ബർ
അവനരികിലെത്തിയത് അവനറിയും മുന്പേ ഭക്ഷണം നെറുകെയിൽ കയറി അവൻ ചുമച്ചു പോയിരുന്നു….
പെട്ടെന്ന് തന്നെ ഗ്ലാസിലുള്ള വെള്ളമെടുത്തവൾ അവന്റെ ചുണ്ടോട് ചേർത്തു…..
ഒപ്പം അവന്റെ നെറുകെയിൽ അവൾ കൊട്ടി കൊടുത്തിരുന്നു…..
ചുമ അല്പം അടങ്ങിയപ്പോഴാണ് ചുണ്ടോടു ചേർത്ത ഗ്ലാസിന്റെ അറ്റം പിടിച്ചിരിക്കുന്ന അവളുടേ കയ്യും തന്റെ തലക്ക് മുകളിൽ വെച്ച അവളുടേ വലതു കയ്യും അവന്റെ ശ്രദ്ധയിൽ പെട്ടത്……
അവൻ പതിയേ കണ്ണുകളെ അവളുടേ മുഖത്തേക്ക് നീക്കിയതും അവൾ പെട്ടെന്ന് കൈകൾ രണ്ടുമെടുത്തു…..
എന്തേയ് കിടന്നില്ലേ…..
അവളുടേ മുഖത്തെ ഭാവ മാറ്റം കണ്ടത് കൊണ്ട് തന്നെ അവൻ ഭക്ഷണത്തിലേക്ക് നോക്കിയാണത് ചോദിച്ചത്…….
ഇല്ലാ…….
എന്തേയ്…..
അവൻ അവളെ നോക്കി….
എല്ലാവരുടെയും വെറുപ്പ് വാങ്ങി വെച്ച് എന്നെ സംരക്ഷിക്കുന്നതെന്തിനെന്ന് എനിക്കിപ്പോഴുമറിയില്ല….
അവൾ ഏറെ ദുഖത്തോടെയത് പറയുമ്പോൾ അവൻ അവളെ തന്നേ നോക്കി..
അറിയണമെന്ന് നിർബന്ധമുണ്ടോ…..
അവൻ അത് ചോദിക്കുമ്പോൾ അതിലല്പം കുസൃതി കലർത്തിയതായി അവൾക്ക് തോന്നി…..
ഓരോ ദിവസം കഴിയും തോറും ഞാൻ നിങ്ങൾക്ക് ഭാരമേറുന്നത് പോലെ തോന്നുകയാണ്…..
അവളത് പറയുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു….
തോന്നലുകൾ ഉണ്ടെങ്കിൽ മനസ്സിൽ വെച്ചോളൂ….
പാർത്ഥന്റെ ജീവിതത്തിൽ നീയൊരു ഭാരമല്ല…..
അതിനി തന്നെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്നും എനിക്കറിയില്ല……
പ്പോയി കിടന്നോളു….
അത്രയും പറഞ് ഭക്ഷണം കഴിക്കുന്നതിൽ അവൻ ശ്രദ്ധ കൊടുക്കുമ്പോൾ അവൾ തിരിഞ്ഞു നടന്നു….
പാർവതി…..
അവൻ പെട്ടെന്നവളെ വിളിച്ചതും അവൾ വിടർന്ന കണ്ണുകളാൽ അവനെ നോക്കി….
ആദ്യമായി അവന്റെ നാവിൽ നിന്നും അവളുടേ പേരുതിർന്നു വീണത് അവളിലൊരു തരം ഞെട്ടൽ തീർത്തിരുന്നു…..
അവളുടേ കണ്ണുകളിലെ തിളക്കം കണ്ടതും പറയാൻ വന്നതിനെ പറയാൻ കഴിയാതെ അവനൊന്നു വിയർത്തിരുന്നു…..
അവൾ അപ്പോഴും ചോദ്യ ഭാവത്തിൽ അവനെ നോക്കി നിന്നു……
നാളെ…. നാളെ രാവിലെ ആശുപത്രിയിൽ പോകണം……
മുഖത്ത് നോക്കിയേന്ന് വരുത്തി അവനത് പറഞ്ഞ് കൊണ്ട് പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…..
അവൾ പതിയേ മുറിയിലേക്കും……
അവനെ കുറിച് ഒരു നന്ദിയോടെയല്ലാതെ അവൾക്കോർക്കാൻ കഴിഞ്ഞിരുന്നില്ല…..
തന്റെ വയറ്റിലൊരു ജീവൻ തുടിക്കുന്നുണ്ടെന്നറിയുമ്പോൾ ഒരു സ്ത്രീ അത്രമേൽ സന്തോഷവതിയായിരിക്കും…..
എന്നാൽ വിധി എന്നെ സന്തോഷിക്കാൻ അനുവദിച്ചില്ല…..
ചേർത്ത് പിടിച് സന്തോഷം പങ്കിടേണ്ട ആൾ അപ്പോഴേക്കും തന്നെ ചതിച്ചു കടന്ന് കളഞ്ഞിരുന്നു…..
അത്രമേൽ വിശ്വാസം താനവന് മേൽ വെചിട്ടാണല്ലോ എല്ലാം ഇട്ടെറിഞ്ഞു അവനോടൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത്…….
ഓർക്കും തോറും കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി……
എങ്കിലും പകയുടെ കനലുകൾ അവളിൽ ആളി കത്തിയിരുന്നു….
അവനെ തന്റെ കണ്മുൻപിൽ കാണുന്ന ഒരു ദിവസം തീർച്ചയായും വരും……
എല്ലാത്തിനും പകരം ചോദിക്കാനൊരു ദിവസം…
അവൾ കണ്ണുകൾ ഇറുകെയടച്ചു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ അവളെ കൂട്ടി വീട്ടിൽ നിന്നിറങ്ങിയപ്പോഴേക്കും ജാനകി ടീച്ചർ ആശുപത്രിയിലേക്കെത്തിയിരുന്നു……
പാർവതിക്ക് ടീച്ചറുടെ മുഖത്തേക്ക് നോക്കാനെന്തോ ഒരു പ്രയാസം തോന്നി….
എന്താ മോളേയിത്….
പ്രയാസങ്ങൾ മനുഷ്യ സാഹചമല്ലേ….എന്ന് വെച്ച് ആത്മഹത്യയാണോ അതിന് പരിഹാരം……
ജാനകി അവളുടേ മുടിയിഴകളിൽ പതിയേ തലോടി…
അവളുടേ മിഴികൾ എന്തിനോ നിറഞ്ഞു വന്നിരുന്നു……
ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോഴും പാർത്തന്റെ കണ്ണുകൾ പലതവണ അവളിലേക്ക് പാറി വീണു കൊണ്ടിരുന്നു….
കാത്തിരുപ്പ് നീളുന്ന സമയങ്ങളിലൊക്കെയും പുറത്ത് പ്പോയി അവൾക്ക് വേണ്ട വെള്ളവും മറ്റുമായി അവൻ കൊണ്ട് കൊടുത്തു കൊണ്ടിരുന്നു….
ജാനകി ഒരു വേള അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
ഡോക്ടറുടെ മുറിയിൽ കയറുമ്പോൾ പാർത്ഥൻ പുറത്ത് നിന്നു…..
അവർ പുറത്തേക്ക് വരുന്നത് വരെ അവനിൽ നിറഞ്ഞു നിന്നതത്രയും ഒരുതരം വെപ്രാളമായിരുന്നു……
എന്താ ഡോക്ടർ പറഞ്ഞത്……
പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വരുന്ന ജാനകിയോടായി പാർത്ഥനത് ചോദിക്കുമ്പോൾ വാക്കുകളിൽ നിറഞ്ഞ ആശങ്കകൾ അവർക്കറിയുന്നുണ്ടായിരുന്നു…..
ഒരു കുഴപ്പവുമില്ല പാർതാ…അടുത്ത മാസം സ്കാനിംഗ് ചെയ്ത് വരാൻ പറഞ്ഞിട്ടുണ്ട്…..
പിന്നേ ബി പി അല്പം കൂടുതലുണ്ട്… ടെൻഷൻ ഒഴിവാക്കാനാണ് ഡോക്ടർ പറഞ്ഞത്…..
ജാനകിയത് പറഞ്ഞപ്പോൾ പാർത്ഥൻ അവൾക്ക് നേരെയൊന്ന് നോക്കി….
അവൾക്കൊന്നും പറയാനുണ്ടായിരുന്നില്ല….
അവൾ മിഴികൾ താഴെക്കൂന്നി നിന്നു…..
അവളുടേ പ്രയാസങ്ങൾ അത്ര പെട്ടെന്ന് തുടച് നീക്കാൻ കഴിയുന്നതല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആരും പിന്നീടതിനെ കുറിച് സംസാരിച്ചില്ല…
വീട്ടിലേക്ക് പോകും വഴി അവൾക്ക് കഴിക്കാനുള്ളതെല്ലാം അവൻ പ്രത്യേകം വാങ്ങിച്ചിരുന്നു….
അവന്റെ ഓരോ പ്രവർത്തികളിലും തുളുമ്പി നിൽക്കുന്ന സ്നേഹം അവന്റെയുള്ളിലെ അലിവിൽ നിന്നാണെന്ന് അവൾക്ക് വ്യക്തമായിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥൻ കണ്ണുകളടച്ചു സോഫയിലേക്ക് കിടന്നു….
ദിശ മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന തന്റെ ജീവിത നൗകയെ കുറിച്ചവനോർത്തു…..
ദുഖത്തിന്റെ അഗാദമായ ആഴിയിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന തന്റെ നൗകക്ക് പുതിയൊരു ദിശ കാണിച്ചു തന്നത് അവളുടേ വയറ്റിൽ വളരുന്ന ആ കുഞ്ഞ് ജീവനായിരുന്നില്ലേ….
അവളെ തന്റെ ജീവിതത്തിലേക്ക് ചേർത്ത് നിർത്തിയതും അവൾക്ക് സംരക്ഷണം കൊടുത്തതും ആ ജീവനെ ഓർത്തായിരുന്നില്ലേ…..
തന്റെ മനസ്സ് താനറിയാതെ തന്നെ ആരെയോ കാത്തിരിക്കും പോൽ…..
രണ്ട് കുഞ്ഞി കാലുകൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു…..
അവന്റെ ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരിയും…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടനിതെന്ത് ഭാവിച്ചാ……
വീട്ടിലേക്ക് കയറി വരും വഴി കിഷോറിന്റെ ചെരുപ്പ് കണ്ടിരുന്നു…..
നീ എപ്പോ വന്നു എന്ന് ചോദിക്കും മുന്പേ അവൻ തന്റെ നേർക്ക് ചാടി വീഴുകയാണ് ചെയ്തത്….
പുറത്ത് പ്പോയി പഠിക്കുന്ന അവന്റെ ചിലവുകളെല്ലാം താൻ വഹിക്കുന്നത് കൊണ്ട് തന്നെ അത്രയേറെ വിനയത്തോടെ മാത്രം സംസാരിച്ചിരുന്നവനാണ്….
സ്വന്തമായി ഒരു ജോലി കിട്ടിയതും സംസാരത്തിലെ വിനയം കുറയുന്നത് അറിയാനിട്ടല്ല….
മനപ്പൂർവം ശ്രദ്ധിക്കുന്നില്ലെന്ന് വെച്ച് തന്നെയാണ്……
പാർത്തനൊന്നും മിണ്ടാതെ കസേരയിലേക്ക് കയറിയിരുന്നതും കിഷോറിന്റെ ദേഷ്യം കൂടി കൊണ്ടിരുന്നു……
ഏട്ടനോടാ ചോദിച്ചത്….
സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കിയാൽ മതിയോ…. ഞങ്ങൾക്കും പുറത്തിറങ്ങി നടക്കണ്ടേ…..
അവൻ അവന്റെ അമർഷം വാക്കുകളിലൂടെ തീർക്കുമ്പോഴും പാർത്ഥൻ അൽപ നേരം ഒന്നും മിണ്ടിയില്ല…..
പാർത്ഥന്റെ മൗനം കിഷോറിനു അസ്സഹനീയമായിരുന്നു….
ഇനി ഏട്ടന്റെ തലയിലായതാണെങ്കിൽ അതിനും പരിഹാരമുണ്ട്….
ആ കുഞ്ഞിന്റെ പേരിലല്ലേ അവളിവിടെ നിൽക്കുന്നത് അതില്ലാതാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു..
കിഷോർ നിയന്ത്രിക്കാനാവാത്ത ദേഷ്യത്താൽ അത് പറഞ്ഞതും പാർത്ഥന്റെ കൈകൾ ശക്തിയായി അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു……
ഏട്ടൻ സ്വന്തം ഇഷ്ടങ്ങൾ മാത്രം നോക്കിയിരുന്നെങ്കിൽ ഇന്നിത്ര ചൊടിയോടെ എന്റെ മുന്നിൽ വന്ന് നിൽക്കാൻ നീയാകുമായിരുന്നില്ല….
ഏട്ടൻ ഇഷ്ടങ്ങൾ പലതും വേണ്ടെന്ന് വെച്ചത് കൊണ്ടാണ് അല്ലലറിയാതെ ഓരോരുത്തരും ഇവിടം വരെയെത്തിയത്…..
അതിനൊന്നും ഇന്നേ വരെ കണക്ക് പറയാൻ പാർത്ഥൻ തുനിഞ്ഞിട്ടില്ല….
എന്നാൽ ഏട്ടന്റെ പ്രശ്നങ്ങൾ തീർക്കാൻ മാത്രം നീ വളർന്നെന്നൊരു തോന്നൽ നിനക്ക് വന്നിട്ടുണ്ടെങ്കിൽ അതിനു നീയായിട്ടില്ലെന്ന് ഓർമിപ്പിച്ചതാണ്…..
ദേഷ്യത്തോടെ അതും പറഞ്ഞ് കൊണ്ട് പാർത്ഥൻ അവിടെ നിന്നിറങ്ങുമ്പോൾ കിഷോർ കവിളിൽ കൈ വെച്ച് അതേ നിൽപ്പ് നിൽക്കുകയായിരുന്നു…..
എന്റെ മക്കൾ തമ്മിൽ തല്ലി ചാവുന്നത് കാണാനാണോടി നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത്…..
പാർവതിക്ക് നേരെ തിരിഞ്ഞ് കൊണ്ട് സുഭദ്ര ഉറഞ്ഞു തുള്ളുമ്പോഴാണ് കിഷോർ അവളെ കാണുന്നത്…….
പാതി നനഞ്ഞ നീളൻ മിഴികൾക്ക് വല്ലാത്തൊരു ഭംഗി അവന് തോന്നിയിരുന്നു…..
അവളെ തന്നെ അൽപ നേരം നോക്കി നിൽക്കുമ്പോഴും അവന്റെ കവിളിൽ പതിഞ്ഞ കയ്യിന്റെ ചൂട് അവൻ മറന്നിട്ടുണ്ടായിരുന്നില്ല…..
ദേഷ്യത്താൽ അവന്റെ ബാഗുമെടുത് അവൻ വന്ന വഴിയേ പോകുമ്പോൾ സുഭദ്ര അവന്റെ പിറകെ പോകല്ലേയെന്ന് പറഞ്ഞ് ചെല്ലുന്നുണ്ടായിരുന്നു……
എടി ഒരുമ്പട്ടോളെ….. ഞങ്ങളെ ഇങ്ങനെ കണ്ണു നീർ കുടിപ്പിക്കാൻ മാത്രം നിന്നോട് ഞങ്ങളൊക്കെ എന്ത് തെറ്റ് ചെയ്തേടി മഹാപാപീ……
സുഭദ്ര അത് പറയുമ്പോഴേക്കും പാർവതിയുടേ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നേരം ഒത്തിരി വൈകിയാണ് പാർത്ഥൻ വീട്ടിലേക്ക് കയറി വന്നത്….
ഞാൻ….. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം….
ഞാൻ കാരണം നിങ്ങൾക് നഷ്ടങ്ങൾ മാത്രമേയുള്ളു….
ജാനകി ടീച്ചറുടെ ആ വീട്ടിൽ തന്നെ ഞാൻ കഴിഞ്ഞോളാം…..
അവൾ നിറ മിഴികളാലെ അവനോടത് പറയുമ്പോൾ അവൻ അവളുടേ കണ്ണുകളിൽ നോക്കി…..
നീ പോയാൽ എന്നെ വിട്ട് പോവാത്ത ഒരാളുണ്ട് നിന്റെ വയറ്റിൽ….
പാർത്ഥന്റെ കുഞ്ഞെന്ന് പറഞ് ഞാൻ ചൂണ്ടി കാണിച്ച നിന്റെ കുഞ്….
ജനിച്ചു വീഴുമ്പോഴേ അനാഥമായി പോകരുത് ആ ജീവൻ…..
അത് കഴിഞ്ഞു നിനക്ക് പോകാം….. എങ്ങോട്ട് വേണമെങ്കിലും….
അത് വരെ നീ എല്ലാം ക്ഷമിച്ചേ മതിയാകു….
അത്രമാത്രം പറഞ്ഞവൻ പോകുമ്പോഴും അവന്റെ വാക്കുകൾ എപ്പോഴും തറഞ്ഞു നിന്നിരുന്നത് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിലായിരുന്നെന്നത് അവൾ പ്രത്യേകം ശ്രദ്ധിച്ചു……
അവളും ആ ജീവനെ കുറിച്ചോർത്തു തുടങ്ങുകയായിരുന്നു…..
തന്നേക്കാളേറെ അവൻ സ്നേഹിച്ചു തുടങ്ങിയ ആ കുഞ്ഞിനെ…..
(തുടരും )

by