രചന – ആയിഷ അക്ബർ
മുറ്റത്ത് നിന്ന് ബൈക്ക് കഴുകി കൊണ്ടിരിക്കുമ്പോഴാണ് മുട്ടിലിഴഞ്ഞു വന്നിരുന്ന ആരതി പതിയേ കസേരയിൽ പിടിച്ചു നിന്ന് കാലുകൾ മുമ്പോട്ടെടുത്തു വെച്ചത്…..
പിറകിലേക്ക് തിരിഞ്ഞു നിൽക്കുകയായിരുന്ന പാർത്ഥൻ അവൾ വരുന്നത് കണ്ടിട്ടില്ലായിരുന്നു……
പെട്ടെന്നവൻ അവളിലേക്ക് തിരിഞ്ഞതും കുഞ്ഞി കാലടി വെച്ചു തുടങ്ങിയ അവൾ അവന്റെ കൈകളിലേക്ക് വീണതും ഒരുമിച്ചായിരുന്നു…..
അവനവളെ കൈകളിൽ കോരിയെടുത് മുകളിലേക്കുയർത്തി….
അവൾ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു…..
ഏറെ വാത്സല്യത്തോടെ അവൻ അവളുടേ കവിളിൽ ചുംബിച്ചു…..
അച്ഛ….
അവളുടേ ശബ്‍ദം അവനിലേക്ക് വീശിയടിക്കുന്ന ഒരിളം തെന്നലായി അവന് തോന്നി….
അത്ര മേൽ തന്റെ ദുഖങ്ങളെ പേറിയകലുന്ന ഒരു കുഞ്ഞ് തെന്നൽ..,. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നവൻ മീനുവിനെ കൂട്ടി പുറത്ത് പോകുമ്പോൾ മനസ്സിൽ ലക്ഷ്യങ്ങൾ പലതായിരുന്നു…….
മോൾക്ക് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങണം….
കുറച്ചധികം….. അവളുടേ പിറന്നാളല്ലേ.
ഒത്തിരി സന്തോഷത്തോടെ പാർത്ഥനത് പറയുമ്പോൾ മീനു ദയനീയമായി അവനെ നോക്കി……..
അവൾ ഏട്ടന്റെ കുഞ്ഞല്ലെന്നും എപ്പോ വേണമെങ്കിലും ഇറങ്ങി പോയേക്കാവുന്ന അതിഥികളാണെന്നും ഏട്ടൻ മറന്നു പോയതാണോ…….
പാർത്തനെ കുറിച്ചോർക്കുമ്പോൾ അവളിൽ ഒരേ സമയം ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു……
സധ്യക്കുള്ള സാധനങ്ങൾ രാമേട്ടന്റെ കടയിൽ ഏൽപ്പിക്കാം…..
അവൾക്കൊരു കുഞ്ഞുടുപ്പ് വാങ്ങണം നമുക്ക്…. അതിനാ ഞാൻ നിന്നെയും കൂട്ടിയത്…..
ഞാൻ എടുത്താൽ ശെരിയായില്ലെങ്കിലോ….
അവനതൊക്കെ പറയുമ്പോഴും സന്തോഷത്തോടെ വേവലാതി കളേതുമില്ലാതെ ആകാശത്തു കൂടി പാറി പറക്കുന്ന ഒരു അപ്പൂപ്പൻ താടിയായി മീനുവിന് തോന്നി.
എന്നാൽ ഈ സന്തോഷങ്ങളെല്ലാം സങ്കടങ്ങളിലേക്ക് കൂപ്പു കുത്തി വീഴുന്ന ദിവസം മീനുവിനെ വേട്ടയാടി കൊണ്ടിരുന്നു……
കുഞ്ഞുടുപ്ലുകളിലൂടെ പരതി മനോഹരമായ ഒരുടുപ്പവൻ കയ്യിലെടുക്കുമ്പോൾ അതണിഞ്ഞു നിൽക്കുന്ന ആരതി അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു…..
അവന്റെ ചുണ്ടിലൊരു ചിരിയൂറി……
പിന്നീടവന്റെ കണ്ണുകൾ നീണ്ടു പോയത് ഒരു കുഞ്ഞ് സൈക്കിൾ ലേക്കായിരുന്നു….
പോക്കറ്റിലേക്ക് കൈ നീണ്ടു പോകുമ്പോൾ അവന്റെ മുഖത്തു പരന്ന നിരാശ മീനു കണ്ടെങ്കിലും അവൾ കാണാത്ത ഭാവത്തിൽ നിന്നു….
അവൻ ഫോണിൽ ആരെയോ വിളിച്ചു കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിൽക്കുമ്പോഴും മീനു എന്തെന്ന് ചോദിച്ചില്ല….
കുറച്ച് നേരത്തിനു ശേഷം ജാനകി ടീച്ചർ വന്ന് അവരുടെ കയ്യിലുള്ള പണം അവന് നേരെ നീട്ടിയതും അവന്റെ മുഖം തെളിഞ്ഞു…..
അടുത്ത മാസം ശമ്പളം കിട്ടിയിട്ട് തരാം….
മോൾക്കൊരു സൈക്കിൾ കൂടി വാങ്ങാൻ തികയാത്തത് കൊണ്ടാണ്…..
പാർത്ഥനത് പറഞ്ഞതും മീനുവിന് ദേശ്യം വന്നിരുന്നു…..
കടം വാങ്ങി കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ അത് ഏട്ടന്റെ സ്വന്തം മോളൊന്നുമല്ലല്ലോ….
അവൾ അല്പം ശബ്‍ദത്തിൽ തന്നെയത് പറയുമ്പോൾ വാക്കുകളിൽ ദേഷ്യം നിറഞ്ഞു കണ്ടിരുന്നു…..
പാർത്ഥൻ ഞെട്ടലോടെ അവളെ നോക്കി….
അവളിൽ നിന്നങ്ങനൊരു വാക്ക് പ്രതീക്ഷിക്കാത്തത് കൊണ്ടും ആ വാക്കുകൾ അവനെ അത്രത്തോളം മുറിപ്പെടുത്തുന്നത് കൊണ്ടും അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല…..
ജാനകിയും ഒരു വേള അവളെ നോക്കി നിന്നു….
അവൾ ദേഷ്യം ഒട്ടും കുറയാതെ അവരിൽ നിന്നും അല്പം അകന്ന് മാറി നിന്നു…..
പാർവതി പറഞ്ഞാകും അവളിത് അറിഞ്ഞത്…. നീ പറയാതത്തിലുള്ള പരിഭവം ആയിരിക്കും അവൾക്ക്….
അത്രത്തോളം അവൾ നിന്നെ സ്നേഹിക്കുന്നില്ലേ….
മോളെയും അവൾ നിന്റെ മോളായി കണ്ട് തന്നെയാണ് നോക്കുന്നത്…..
നീ നേരിട്ട് അവളോട് പറയേണ്ടതായിരുന്നു….
നീ പറഞ്ഞറിയാത്തതിൽ അവൾക്കൊരു പക്ഷേ അത്രയേറെ സങ്കടം തോന്നിയിട്ടുണ്ടാകാം…..
ഒന്ന് മിണ്ടാൻ പോലും കഴിയാതെ നിൽക്കുന്ന പാർത്ഥനോട് ജാനകിയത് പറയുമ്പോൾ താൻ ചെയ്തത് തെറ്റാണെന്ന് അവനും തോന്നി….
അവൾക്കൊരിക്കലും ആ കുഞ്ഞിനോട് അകൽച്ച തോന്നാതിരിക്കാൻ വേണ്ടി മാത്രമായിരുന്നത്…..
എന്നാൽ അപ്പോഴും പാർവതിയുടെ വാക്കുകളും പാർത്ഥന്റെ വേദനകളും മീനുവിനെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയായിരുന്നു……
മീനു…..
പാർത്ഥൻ അവളെ വിളിച്ചതും അവൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു…..
ഏട്ടൻ നിന്നോടക്കാര്യം പറയാതിരുന്നത് തെറ്റ് തന്നെയാണ്….. അത് നിനക്ക് ആരതി മോളോട് അകൽച്ച തോന്നാത്തിരിക്കാൻ വേണ്ടി മാത്രമായിരുന്നു..
പാർത്ഥൻ ഏറെ സങ്കടത്തോടെ അത് പറയുമ്പോൾ മീനുവിന് അവനോട് വല്ലാത്തൊരു അലിവ് തോന്നിയിരുന്നു…..
ഏട്ടൻ ഇപ്പോഴും ചിന്തിക്കുന്നത് മറ്റുള്ളവരുടെ കാര്യമാണ്…
എന്നാൽ ഞാൻ ചിന്തിക്കുന്നത് ഏട്ടനെ കുറിച് മാത്രമാണ്.
ഏട്ടൻ പറഞ്ഞാലും ഇല്ലെങ്കിലും എനിക്കറിയാമായിരുന്നു അവളെട്ടന്റെ രക്തമല്ലെന്ന്…..
എന്നാൽ ആരതി മോള് ഏട്ടനെ അത്രയേറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് ഞാനതിനെ കുറിച് ചോദിക്കാതിരുന്നത്…..
എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യത്തിന്റെ മേൽ നമ്മളെന്തിനാണ് വീണ്ടും ചൂഴ്ന്നു കൊണ്ടിരിക്കുന്നത്…
എന്നാൽ ഇന്ന് ഞാൻ ഓർക്കുന്നത് മുഴുവൻ ഏട്ടന്റെ ദുഃഖത്തെ കുറിച്ചാണ്…..
അവരിവിടം വിട്ട് പോകുമ്പോൾ അതേട്ടനെ എത്രത്തോളം വേദനിപ്പിക്കുമെന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്……
അവളത് പറഞ് നിർത്തുമ്പോൾ പാർത്ഥന്റെ ഹൃദയത്തിൽ ഒരു മിന്നൽ വന്ന് പതിച്ചത് പോലെ തോന്നി….
അവരിവിടെ നിന്നു പോകുമെന്നത് തനിക്കറിയാവുന്ന കാര്യമാണെങ്കിൽ കൂടി അതിനെ താൻ മനപ്പൂർവം മറക്കാൻ ശ്രമിച്ചതായിരുന്നോ….
മീനുവിന്റെ ഓര്മപ്പെടുത്തലിനു കൂടി തന്നെ ഇത്ര മാത്രം വേദനിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവർ അകന്ന് കഴിയുമ്പോൾ തന്റെ അവസ്ഥ എന്തായിരിക്കും…..
ഓർക്കും തോറും അവന് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനു പറഞ്ഞത് ശെരിയാണ് പാർതാ….
ഇനിയെങ്കിലും നീ പാർവതീയോട് സംസാരിക്കണം…..
അവളെ ഇവിടെ പിടിച്ചു നിർത്താൻ നിന്റെ വാക്കുകൾക്ക് മാത്രമേ ശക്തിയുള്ളു…..
ജാനകി പാർതനോടായത് പറയുമ്പോൾ ശെരിയാണെന്ന് അറിയുമെങ്കിലും അതിനുള്ള ധൈര്യം എന്തോ അവനിലുണ്ടായിരുന്നില്ല….
പാർതാ…. നീ സ്നേഹിക്കുന്നത് കുഞ്ഞിനെ മാത്രമാണോ… പാർവതിയെ നിനക്കിഷ്ടമല്ലെ…..
ജാനകിയുടെ ചോദ്യം അവനെ സ്വയം ചിന്തിപ്പിക്കുമ്പോൾ ആരതിക്ക് ജന്മം നൽകിയവൾ എന്നതിലുപരി ദിവസങ്ങളുടെ ദൈർഗ്യം തങ്ങളിലുണ്ടാക്കിയൊരാ അടുപ്പത്തെ അവനു ജാനാകിയോട് പറയാനൊരു ഭയം തോന്നി…
ഒരുപക്ഷെ അവളുടേ കണ്ണുകളിൽ കണ്ട ആ ഇഷ്ടം തന്റെ തോന്നലാണെങ്കിലോ….
പാർതാ…. ഇനി നിനക്കവളോട് ഒരിഷ്ടം തോന്നിയില്ലെങ്കിൽ കൂടി ആരതി കൂടെയുണ്ടാവണമെങ്കിൽ നീയവളോട് സംസാരിച്ചേ മതിയാകു……..
പാർത്ഥൻ നിശബ്ദനായിരിക്കുന്നത് കണ്ട് തന്നെയാണ് ജാനകി വീണ്ടുമത് പറഞ്ഞ് നിർത്തിയത്……..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി തന്റെ ഭംഗി പരത്തി തുടങ്ങിയിരുന്നു……
ആരതിയെ എടുത്ത് പാർത്ഥൻ ഉമ്മറത്തു കൂടെ നടക്കുകയായിരുന്നു….
തന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന അവൾ തന്റെയുള്ളിലെ നീറ്റൽ അറിയുന്നുണ്ടാകുമോ….
അപ്പോഴാണ് വാതിൽ പടിയിലേക്ക് പാർവതി വന്നത്…..
അവൾ വന്നതും അവൻ കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി…..
അവളോട് സംസാരിക്കണമെന്ന് മനസ്സ് പറയുമ്പോഴും എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അറിയാത്തത് കൊണ്ട് തന്നെയാണ് അവൾ അകത്തേക്ക് കയറി പോകുന്നതും നോക്കി അവനു നിൽക്കേണ്ടി വന്നത്……
അവൻ പുറത് തന്നെ നിന്നു…
ഇരുട്ടിലും വെളിച്ചം നൽകാൻ കഴിയുന്ന നിലാവ് എത്ര മേൽ ഭാഗ്യം ചെയ്തതാണ്…..
അവൻ നിലാവ് നോക്കി നിൽക്കുമ്പോഴാണ് പിറകിലെ ആളനക്കം അറിഞ്ഞു തിരിഞ്ഞു നോക്കിയത്……
കുഞ്ഞിനെ കിടത്തി പാർവതി തിരിച്ചു വന്നിരിക്കുന്നു…..
അവളുടേ മുഖത്തെ ഭാവം എന്താണെന്ന് അവനൂഹിച്ചെടുക്കാൻ കഴിഞ്ഞില്ല…..
എനിക്ക്…. എനിക്കൊരു കാര്യം പറയാനുണ്ട്…..
അവൾ പ്രയാസത്തോടെ അത് പറഞ്ഞ് തുടങ്ങുമ്പോൾ മുറ്റത്ത് നിന്നിരുന്ന അവൻ കയറി ഉമ്മറത്തെ തിണ്ണയിലിരുന്നു
….
ഇവിടെ ഇരുന്നോളു….
അവനത് പറഞ്ഞതും അവന് കുറച്ചപ്പുറത്തായി അവളും ഇരുന്നു…..
ഞങ്ങൾ…. ഞങ്ങൾ പോകുകയാണ്…
അവളത് പറഞ്ഞതും അവൻ ഞെട്ടി തിരിഞ്ഞു കൊണ്ടവളെ നോക്കി….
എ…. എങ്ങോട്ട്…..
അവന് ശബ്ദം പുറത്തേക്ക് വരുന്നില്ലെങ്കിലും കഴിയുന്നത് പോലെ അവൻ ചോദിച്ചു….
ദിവസങ്ങൾ ഒത്തിരി കടന്നു പ്പോയി….
ഒത്തിരി ഞങ്ങൾക്ക് വേണ്ടി ക്ഷമിച്ചു…..
സ്വന്തത്തെ പോലെ കടമകൾ ചെയ്തു……
ചിലവുകൾ തലക് മുകളിൽ കയറിയപ്പോഴും ഒന്നും അറിയിക്കാതെ ചെറു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു……
ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല..
എത്രയും വേഗം പോണം… കഴിയുമെങ്കിൽ നാളെ തന്നെ…..
ഇടറുന്ന വാക്കുകളാൽ പാർവതി അത് പറഞ്ഞ് നിർത്തുമ്പോൾ തൊണ്ട ക്കുഴിയിൽ തങ്ങി നിന്ന ദുഖത്താൽ വാക്കുകൾ പുറത്ത് വരാതെ നിൽക്കുകയായിരുന്നു പാർത്ഥനപ്പോൾ…..
(തുടരും )

by