രചന – ആയിഷ അക്ബർ
മീനുവിന്റെ വരവ് യഥാർത്ഥത്തിൽ പാർത്തന് അങ്ങേയറ്റം സമാധാനം നൽകിയിരുന്നു….
അവളവിടെയുണ്ടെന്നുള്ള സമാധാനത്തിലായിരുന്നു ഓരോ നിമിഷവും അവൻ സ്കൂളിലിരുന്നത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർതാ…..
പാർവതിയെ നിനക്കിഷ്ടമല്ലേ…..
ജാനകി ടീച്ചറത് ചോദിച്ചപ്പോൾ പെട്ടെന്ന് പാർത്ഥനെന്ത് പറയണമെന്നറിയില്ലായിരുന്നു……
ഇഷ്ടമാണോ എന്നത് തനിക്കും അറിയില്ല…
ഇഷ്ടമല്ലെന്ന് പറഞ്ഞാൽ അതൊരു കള്ളമായി പോകുമോയെന്നും അവൻ സംശയിച്ചു…..
അവനൊന്നും മിണ്ടിയില്ല….
ഒരു താലി ചരട് കൊണ്ട് നിനക്കവളെ സ്വന്തമാക്കി കൂടെ…..
അവളോട് ഞാൻ സംസാരിക്കാം ….. നിന്നെ നന്നായി മനസ്സിലാക്കുന്ന ഒരു കൂട്ട് തന്നെയായിരിക്കും അവളെന്നതിൽ എനിക്ക് സംശയമില്ല…..
ജാനകിയത് പറയുമ്പോൾ പാർത്ഥന്റെ ഹൃദയതിലെന്തെന്നത് അവന് തന്നെ അറിയില്ലായിരുന്നു…..
സ്നേഹം കൊണ്ട് മുറിവേറ്റ അവളുടേ മാനസികാവസ്ഥ എനിക്കൂഹിക്കാൻ കഴിയും….കാരണം ഞാനും അതേ ദുഃഖം പേറുന്നവനാണ്…..
ആ കുഞ്ഞിനെ കുറിച്ചല്ലാതെ മറ്റൊന്നും ഓർക്കാൻ കഴിയുന്ന ഒരു അവസ്ഥയിലായിരിക്കില്ല അവളിപ്പോൾ……
പാർത്തനെ കുറിച് അവളൊരിക്കലും ചിന്തിക്കുന്നുണ്ടാവില്ല….
അങ്ങനെ ചിന്തിച്ചു തുടങ്ങുന്ന ഒരു ദിവസം വരികയാണെങ്കിൽ തീർച്ചയായും അവളെ ഞാൻ കൂടെ കൂട്ടിക്കോളാം……
അവനത് പറഞ്ഞ് നിർത്തുമ്പോഴും തന്നെ കാണുമ്പോൾ വിടരുന്ന അവളുടേ കണ്ണുകളിലെ തിളക്കം അവന്റെ ഹൃദയത്തിൽ തെളിഞ്ഞു നിന്നിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടാ….. നമുക്കൊന്ന് പുറത്ത് പോയാലോ….
മുറിയിൽ തന്നെ ചടഞ്ഞു കൂടി പാർവതിക്ക് മടുത്തു തുടങ്ങിയിട്ടുണ്ടാവും….
പാർവതിയെ നോക്കി മീനു പാർത്ഥനോടായത് പറയുമ്പോൾ അവൻ പാർവതിയെ നോക്കി….
അവളുടേ മനസ്സും അതാഗ്രഹിക്കുന്നത് കൊണ്ടാവാം അവളൊന്നും മിണ്ടാത്തെ നിന്നത്…
അവരെ കൂട്ടി പാർത്ഥൻ പോയത് കടൽ തീരത്തെക്കായിരുന്നു…..
തിരമാലകൾ ആർത്തിരമ്പി വരുന്ന ആ സാഗരത്തെ അവൾ നോക്കി നിന്നു…..
ഹൃദയം അത്ര മേൽ നോവുന്നത് അവളറിഞ്ഞിരുന്നു…..
ആർത്തലച്ചു വരുന്ന കടലിനോടവൾക്ക് എന്തെന്നില്ലാത്ത അസൂയ തോന്നി….
പുറമെ പ്രക്ഷുബ്ധമാണെങ്കിലും അതിന്റെ അകം ശാന്തമല്ലേ….
തനിക്ക് നേരെ തിരിച്ചും…
പുറമെ ശാന്തമാണെങ്കിലും ഹൃദയത്തിൽ ഇരമ്പി കൊണ്ടിരിക്കുന്ന ദുഃഖം ഈ തിരമാലകളെക്കാൾ ശക്തമാണ്….
ഏട്ടാ…. ഞാൻ കൊറിക്കാൻ അല്പം കടല വാങ്ങി വരാം….
മീനു അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും നടന്നു….
പാർത്ഥൻ ആ മണലിൽ പതിയേ ഇരുന്നു….
അവനരികത്തായി അവളും…..
കരയിലെക്കടിച്ചു വീശുന്ന കടൽക്കാറ്റ് അവരെ ഇരുവരെയും തഴുകി കൊണ്ടിരുന്നു…..
പല വിധ ആളുകൾ തങ്ങൾക്ക് ചുറ്റുമുണ്ട്….
എങ്കിലും അവിടം അവർ തനിച്ചായത് പോലെ മനസ്സിൽ തോന്നിയിരുന്നു…
ജീവിതം കൊണ്ട് ആകാശ ഭൂമിയെക്കാൾ അകന്ന് നിൽക്കുന്നവരാണെന്ന് രണ്ട് പേർക്കും അറിയുമ്പോഴും ഹൃദയം കാന്തത്തെ പോൽ അവരെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു….
അവൾ പതിയേ അവനെയൊന്നു നോക്കി…
ഒരു ചേർത്ത് പിടിക്കലിന് ആഗ്രഹിക്കുന്ന അവളുടേ മിഴികളെ അവൻ കാണുന്നുണ്ടായിരുന്നെങ്കിലും അവളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ധൈര്യം അവനിലില്ലായിരുന്നു…..
അവൻ അവളെയും നോക്കിയ ആ നിമിഷത്തിൽ പറയാനുള്ളതെല്ലാം മൗനമായി അവരുടെ മിഴികൾ പങ്കു വെച്ച് കൊണ്ടിരുന്നു……
പെട്ടെന്നാണ് അവന്റെ കണ്ണുകൾ ദിശ മാറി പോയത്…..
മുമ്പിൽ നില്കുന്ന ആളെ കാണുമ്പോൾ ശ്വാസം നിശ്ചലമായത് പോലെ….
സന്ധ്യ….
അവന്റെ നാവിൽ നിന്നാ പേരുതിർന്നു വീണപ്പോഴാണ് പാർവതിയും അങ്ങോട്ട് നോക്കിയത്…..
നീണ്ടു മെലിഞ്ഞൊരു സുന്ദരിയായി അവളെ പാർവതിക്ക് തോന്നി….
സാരിയായിരുന്നു വേഷം….
അവളും അവനെ തന്നെ നോക്കി അതേ നിൽപ്പ് നിൽക്കുകയായിരുന്നു…..
പാർത്തനിലേക്കും അവനോട് ചേർന്നിരിക്കുന്ന പാർവതിയിലേക്കും ഒരുവേള മാറി മാറിയവൾ നോക്കുമ്പോൾ അവളുടേ കണ്ണുകൾ തറഞ്ഞു നിന്നത് പൊങ്ങി നിന്നിരുന്ന അവളുടെ വയറിലേക്കായിരുന്നു…..
പാർത്ഥൻ പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റു…..
അവനെഴുന്നേറ്റതും പാർവതിയും എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വയറു കാരണം അവൾക് അല്പം ബുദ്ധിമുട്ടുള്ളതായി തോന്നി…..
അപ്പോഴേക്കും സന്ധ്യയിൽ നിന്നും കണ്ണുകൾ വലിച്ചെടുത് അവന്റെ ശ്രദ്ധയത്രയും പാർവതിയിലേക്കെത്തിയിരുന്നു…….
അവൻ കൈ അവൾക്ക് നേരെ നീട്ടി…. എഴുന്നേൽക്കാൻ താങ്ങെന്ന വണ്ണം……
അവൾ അവന്റെ കൈ പിടിച് എഴുന്നേൽക്കുന്നതും നോക്കി സന്ധ്യയുടെ മിഴികൾ പതിയേ നിറഞ്ഞു തുടങ്ങിയിരുന്നു…..
സുഖമാണോ…..
മ്മ്……
ഇടറുന്ന വാക്കുകളാൽ അവളത് ചോദിക്കുമ്പോൾ പാർത്ഥൻ അവളുടേ മുഖത്തേക്ക് നോക്കാതെ തന്നെ തലയാട്ടി….
അപ്പോഴും അവളുടേ കണ്ണുകൾ പാർവതിയിൽ തന്നെയായിരുന്നു…
അപ്പോഴാണ് കടലയും വാങ്ങി മീനു അങ്ങോട്ട് വരുന്നത്…..
സന്ധ്യയെ കണ്ടതും അവൾ കാണാത്തത് പോലെ പാർവതിയിലേക്ക് തിരിഞ്ഞു…..
ഇതാ കഴിച്ചോ…
മീനു ചിരിച്ചു കൊണ്ട് കടല അവൾക് നേരെ നീട്ടി….
ഇനി എന്താ വേണ്ടതെന്നു വെചാൽ പറഞ്ഞാൽ മതി…. ഏട്ടൻ വാങ്ങി തരും….
ഗർഭിണിയായിരിക്കുന്ന സമയത്ത് കഴിക്കാൻ തോന്നുന്നതൊക്കെ കുഞ്ഞിന്റെ ഇഷ്ടങ്ങളല്ലേ…
മീനു പുഞ്ചിരിയോടെയത് പറയുമ്പോൾ അത് തന്നിലേക്ക് തറച്ചു കയറുന്നതായി സന്ധ്യയ്ക്ക് തോന്നി…
സന്ധ്യാ…..
ആരോ പിറകിൽ നിന്ന് വിളിച്ചതും അവൾ പാർത്തനെ നോക്കി….
യാത്ര പറയാനെന്ന പോൽ…..
നിറയുന്ന അവളുടേ മിഴികളെ കണ്ടില്ലെന്ന് വെച്ച് പാർത്ഥൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…..
സന്ധ്യയോട് ഒന്ന് സംസാരിച്ചു കൂടെ…..
അവൾ പ്പോയി കഴിഞ്ഞ് പാർവതി അത് പറയുമ്പോൾ പാർത്ഥൻ അവളെ നോക്കി…..
മീനുവും സംശയത്തോടെ അവളെ നോക്കി…..
അവളുടേ ഉള്ളിൽ നഷ്ട ബോധമുണ്ടെങ്കിൽ ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടാവു…..
പാർവതി അവന് വേണ്ടിയാണ് അത് പറഞ്ഞതെങ്കിലും ഹൃദയത്തിൽ വീർപ്പു മുട്ടുന്ന ഒരുതരം സങ്കടം അവളിൽ നിറഞ്ഞു നിന്നിരുന്നു..
അവൾക്കെന്നെ വേണമെങ്കിൽ ഇന്ന് ഞങ്ങളുടെതായ ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ മാർഗങ്ങളേറെയുണ്ട്….
എന്നാൽ പൊരുത്തപ്പെടാൻ കഴിയാത്ത അത്രയും അവൾ മനസ്സ് കൊണ്ട് എന്നോടകന്നിരുന്നു…..
അത്രമാത്രം ഹൃദയത്തെ കുത്തി നോവിക്കുന്ന വാക്കുകൾ നൽകിയിട്ടാണ് അവൾ പോയത്…..
ഇപ്പോഴത്തെ ഈ സങ്കടം നിന്നെയും വയറ്റിലുള്ള കുഞ്ഞിനേയും കണ്ടിട്ടാണ്…
തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുമ്പോഴുള്ള ഒരു ചെറിയ ഹൃദയ വേദന….
പാർത്ഥൻ പുച്ഛത്തോടെ ചിരിച്ചു…..
ചില ബന്ധങ്ങൾ നമ്മളേത്ര കൂട്ടി യോചിപ്പിച്ചാലും ശെരിയാവില്ല…..
ഉണക്കാൻ പറ്റാത്ത മുറിവ് നൽകിയ ബന്ധങ്ങൾ ഹൃദയത്തിൽ എന്നും നീറ്റൽ ബാക്കിയാക്കും..
പാർത്ഥനത് പറഞ്ഞ് നിർത്തുമ്പോൾ അതിലെ ശെരിയെ അവളും ആലോചിക്കുകയായിരുന്നു….
അത് തന്നേക്കാൾ നന്നായി മാറ്റാർക്കാണ് മനസ്സിലാവുക..
ദിവസങ്ങളുടെ നീങ്ങലിനു കാത്തിരിപ്പിന്റെ സുഗമായിരുന്നു….
ഓരോ തവണ ആശുപത്രിയിൽ പോകുന്നതും ചെറിയ വേദനകളെ അവൾ പേറുന്നതുമൊക്കെ ഒരുതരം കാത്തിരിപ്പോടെയാണ് അവൻ നോക്കി കണ്ടത്..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടാ….പാർവതിക്ക് വയ്യ…. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം…..
മീനുവിന്റെ വാക്കുകൾ കേട്ടതും പിന്നീടവളെന്ത് പറയുന്നു എന്നതിലേക്ക് ശ്രദ്ധിക്കാൻ അവന് കഴിഞ്ഞില്ല…..
ശബ്ദങ്ങളെല്ലാം അവ്യക്തമായിരുന്നു…
ലീവും പറഞ് അവിടെ നിന്നും ഇറങ്ങി യോടുമ്പോൾ ടാക്സി അവൻ വിളിച്ചിട്ടുണ്ടായിരുന്നു…..
വീട്ടിലെത്തിയതും വേദനിച്ചിരിക്കുന്ന അവളുടെ ഒരുവശം മീനുവും മറുവശം പാർത്തനും താങ്ങി പിടിച്ചിരുന്നു……
അമ്മയും മറ്റു പെങ്ങമ്മാരും മനുഷ്യരാണോയെന്ന് പോലും അവന് സംശയം തോന്നിയ സമയമായിരുന്നത്……
കാഴ്ചക്കാരെ പോലെ മാറി നിൽക്കുമ്പോഴും അവരുടെ നാവോന്നടങ്ങിയിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു……
ആശുപത്രിയിലേക്കെത്തി ലേബർ റൂമിലേക്ക് അവളെ കയറ്റുമ്പോൾ അവരിരുവരും അക്ഷമരായി പുറത്ത് കാത്തു നിന്നു…..
വേദന ഉണ്ടെങ്കിലും കുറച് കൂടി സമയമെടുക്കും….
കുറച് നടക്കു….. അപ്പോഴേക്കും വേദന മുറുകട്ടെ…..
ഡോക്ടർ അവളെ പുറത്തേക്ക് വിട്ടത് പറയുമ്പോഴും അസ്സഹനീയമായ വേദന അവളുടേ മുഖത്ത് കാണാൻ കഴിഞ്ഞിരുന്നു..
എങ്കിലും…അവളാ ആശുപത്രി വരാന്തയിലൂടെ നടന്നു…..
കൂടെ നടന്ന് കൈ പിടിക്കാൻ അവനുള്ളത് അവൾക്ക് താങ്ങായിരുന്നു..
അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ അവളിലെ ദുഃഖം ഒട്ടും കുറയാതെ അവനിലേക്കും പകരുന്നത് പോലെയവൾക്ക് തോന്നി..
കുറച് നടന്ന് കഴിഞ്ഞപ്പോഴാണ് കാലുകൾ ഒരടി പോലും മുമ്പിലേക്കെടുത് വെക്കാൻ കഴിയാതെ അവൾ നിന്നത്……
അവളെ വീൽ ചെയറിലേക്കിരുതി ലേബർ റൂമിന്റെ വാതിലുകൾ അവനു മുമ്പിൽ അടയുമ്പോൾ പുതിയ അതിഥി എത്താനുള്ള സമയമായെന്ന് അവനറിയുന്നുണ്ടായിരുന്നു……
അവളെയോർത് മുഖത്ത് പടർന്ന സങ്കടത്തിനിടയിലും ഹൃദയത്തിൽ ഒരു കുഞ്ഞ് പുഞ്ചിരി മൊട്ടിട്ടിരുന്നു…..
(തുടരും )

by