25/05/2026

അരികിലായ് : ഭാഗം 18

രചന – കാർത്തിക ശ്രീ

റിച്ചുവിന്റെ വാക്കുകൾ കേട്ട ഋതു എന്താണെന്നറിയാൻ അത് തുറന്നു..അതിൽ ഒരു ജോഡി ചിലങ്കകൾ ആയിരുന്നു ഒപ്പം ഒരു കവറും.. അത് വായിച്ച അവൾ ഓടിപോയി റിച്ചുവിന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അവൻ അവളെ ചേർത്ത് നിർത്തി പതിയെ മുടിയിൽ തലോടി..

“ഉപേക്ഷിച്ചതൊക്കെ വീണ്ടും… ഞാൻ… എനിക്ക് കഴിയുമോ???”

“നിനക്കല്ലാതെ ആർക്കാണ് കഴിയുക?? എന്റെ മോൾക്ക് പറ്റും..ജയിച്ചു കാണിച്ചു കൊടുക്കണ്ടേ നമുക്ക്?? കൂടെ ഞങ്ങളുണ്ട്.. ഇത് ചെറിയ തുടക്കം മാത്രം…”

“അല്ല എന്താ കുഞ്ഞേട്ടാ ഗിഫ്റ്റ് ? ”

“ചെറുപ്പത്തിൽ അവൾ ഒരുപാട് ആഗ്രഹിച്ചു നേടിയ ഒന്ന്.. കാലത്തിന്റെ വിധിയിൽ അവൾ ഉപേക്ഷിച്ച ഒന്ന്.. വീണ്ടും അവളെ തേടിയെത്തി അത്ര മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി..”

“ഋതു.. നാളെ പോയി നമുക്ക് മാമിനെ കാണാം.. പുതിയ തുടക്കമാണ് പതറരുത്..”

“ശ്രമിക്കാം ഞാൻ..നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി.. പേടി തോന്നുന്നു റിച്ചു.. പഴയ ഓർമ്മകൾ..”

“കഴിഞ്ഞ കാലം മുന്നോട്ടു പോകാനുള്ള ഒരു ഊർജമായി കാണണം.. നീ പുതിയ ഋതുവാണ്… നേടാൻ പലതുണ്ട്.. പഠിപ്പിക്കാനും..”

റിച്ചുവിന്റെ വാക്കുകൾ കേട്ടപ്പോൾ
എന്തുകൊണ്ടോ ആ സമയം അവളിൽ അവന്റെ മുഖം നിറഞ്ഞിരുന്നു…ഒപ്പം കാപ്പി കണ്ണുകളും..വല്ലാത്ത ധൈര്യം കിട്ടിയതുപോലെ തോന്നി അവൾക്ക്..

“എനിക്ക് ജയിക്കണം റിച്ചു”

“ദാറ്റ്‌ ഈസ്‌ മൈ സിസ്റ്റർ…”

പിന്നീട് അവർ ഒരുപാട് സംസാരിച്ചു… ഋതു ഒരുപാട് ഹാപ്പി ആയിരുന്നു.. ലിനുവിനെ ഒന്നു കാണാൻ അവൾ അപ്പോൾ ആഗ്രഹിച്ചു.. നടക്കില്ല എന്നറിയാമെങ്കിലും ഒരു ആഗ്രഹം..

പക്ഷേ അവൾ അറിഞ്ഞിരുന്നില്ല ഇതിനൊക്കെ പിന്നിൽ അവൻ ആണെന്ന്.. അവളുടെ സന്തോഷം കൺ നിറയെ കണ്ടുകൊണ്ട് അരികിലായ് അവൻ ഉണ്ടെന്ന്..

“നിനക്കായി ഒരു സർപ്രൈസ് കൂടി ഉണ്ട്…”

“അതെന്താ??? ”

“അത് പിന്നെ.. ഇപ്പോൾ നമുക്ക് തിരിച്ചുപോയി കിടന്നുറങ്ങാം..”

അവർ അവിടെ നിന്നു പോകുമ്പോൾ പുറകിലായി നടക്കുന്ന റിച്ചു തിരിഞ്ഞുനോക്കി..

ഒരു സൈഡിൽ നിൽക്കുന്ന ലിനുവിനെ അവൻ കണ്ടു…അവർ പോയെന്ന് ഉറപ്പു വരുത്തി അവനും അവിടെ നിന്ന് തിരിച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കിടക്കാൻ ഒരുപാട് വൈകിയതിനാൽ എഴുന്നേൽക്കാനും ഋതു വൈകി.. കുളിച്ച് റൂമിൽ നിന്നും പുറത്തിറങ്ങിയ അവളെ കാത്ത് മാത്യുവും ഡേവിഡും ലിസയും മേരിയും ഉണ്ടായിരുന്നു.. അവരെ കണ്ട് പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് മേരിയെയും ലിസയെയും പോയി കെട്ടിപ്പിടിച്ചു…

“സന്തോഷമായില്ലേ എന്റെ മോൾക്ക്??”

“ഒത്തിരി.. മേരിയമ്മേ…”

“മമ്മ..”

“പിറന്നാൾ ആശംസകൾ മോളെ ”

“താങ്ക്യൂ മമ്മ ”

പിന്നീട് പപ്പമാരുടെ അടുത്തേക്കാണ് അവൾ പോയത്.. അവരോടും സംസാരിച്ചു കഴിയുമ്പോഴേക്കും ചൂട് ചായയുമായി തനുവും മാളുവും എത്തി…

കുറച്ചു സമയത്തിന് ശേഷം വിക്കിയും റിച്ചുവും വന്നു…

“ഋതു റെഡി ആയില്ലേ?? നമുക്ക് പോയി വന്നാലോ??”

“എവിടെ പോകുന്ന കാര്യമാണ് പറയുന്നത് റിച്ചു??”

” പപ്പാ.. അവൾക്ക് മായാദേവിയെ കാണാനുള്ള അവസരം കിട്ടിട്ടുണ്ട്.. ”

“ഏതു ലോകത്തിലെ തന്നെ ബെസ്റ്റ് ഡാൻസറായ മായദേവിയെയോ??”

“അതേ മമ്മ.. ”

“അങ്ങനെ എല്ലാർക്കും കിട്ടുന്ന അവസരമല്ല ഇതു.. പോയി വാ..” ഋതുവിന്റെ തലയിൽ തലോടി മേരിയമ്മ പറഞ്ഞു…

എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി..

അരമണിക്കൂർ യാത്രയ്ക്കു ശേഷം റിച്ചു ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിർത്തി… ഋതു ചുറ്റുമോന്ന് നോക്കി.. മുന്നിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്.. വലിയ വീടാണെങ്കിലും ആ വീടിനു എന്തോ പ്രത്യേകത തോന്നി അവൾക്ക്…

കുറച്ചു പ്രായമായൊരാൾ അവർക്ക് അകത്തേക്ക് പോകാനുള്ള അനുവാദം കൊടുത്തു.. മുന്നിലേക്ക് നടക്കുമ്പോൾ ചിലങ്കയുടെ ശബ്ദം അവർ കേൾക്കാൻ തുടങ്ങി.. റിച്ചുവിന്റെ കൈയും പിടിച്ചു ഋതു ഒരു റൂമിലേക്ക് കയറി… ഒരുപാട് കുട്ടികൾ അവിടെ ഡാൻസ് പഠിക്കുന്നുണ്ട്.. അതിനിടയിൽ കൂടി ഒരു പുഞ്ചിരിയോടെ മായദേവി അവരുടെ അടുത്തേക്ക് വന്നു

ഋതു നോക്കികാണുകയായിരുന്നു അവരെ..ഫോട്ടോയിൽ കാണുന്നതിനേക്കാൾ ഭംഗി നേരിട്ട് കാണുന്നതിനാണെന്നു തോന്നി അവൾക്ക്..

“ഋതു അല്ലെ??”

“അതേ.”

“എന്താടോ റെസ്റ്റിൻ തന്റെ അനിയത്തി എന്നെ കണ്ട് പേടിച്ചതുപോലെ ഉണ്ടല്ലോ??”

“ഹേയ് അങ്ങനൊന്നും ഇല്ല മാഡം.. അവൾ പൊതുവെ അങ്ങനെയാണ്..”

“ഋതു വരു.. ചോദിക്കട്ടെ.”

അവൾ റിച്ചുവിനെ നോക്കി. അവൻ അവളോട് പോകാനായി കണ്ണുകൾ കാണിച്ചു

” ഞാൻ ഒരു പാട്ട് വെച്ചാൽ കളിക്കാൻ പറ്റുമോ ഋതുവിന്?? ”

“അത് മാഡം ഞാൻ ഒരുപാട് നാളായി കളിച്ചിട്ട്.. ചിലപ്പോൾ തെറ്റും..”

“അത് സാരമില്ല.. ഒന്ന് ശ്രമിച്ചു നോക്ക്…”

ഒന്ന് കണ്ണുകൾ അടച്ചു ശ്വാസം വിട്ട് തൊഴുത് അവൾ പാട്ടിനനുസരിച്ചു ചുവടുകൾ വെച്ചു.. പാട്ടിൽ മുഴുകി നൃത്തം ചെയ്യുന്ന ഋതുവിനെ റിച്ചു നോക്കി നിന്നു.. അത്രയും മനോഹരമായിട്ടായിരുന്നു അവൾ കളിച്ചത്..

പാട്ട് നിർത്തിയ ശേഷം മായാദേവി അവളെ ചേർത്തുപിടിച്ചു..
“മനോഹരം.. ഇത്രയും നാൾ ചെയ്യാതിരുന്നിട്ടും ചുവടുകൾ തെറ്റാതെ കളിച്ചു.. നൃത്തം എല്ലാർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല.. തനിക്ക് അതിനുള്ള കഴിവ് ഉണ്ട്.. അടുത്ത തിങ്കളാഴ്ച മുതൽ നമുക്ക് ഒന്നുകൂടി തുടങ്ങാം പഠനം.. എന്താ?? സമ്മതമല്ലേ??”

സന്തോഷം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.

മായാദേവിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.. തിങ്കളാഴ്ച വരും എന്ന് അവൾ പറഞ്ഞാണ് അവർ അവിടെ നിന്നും ഇറങ്ങിയത്..

“ഒരുപാട് സന്തോഷം തോന്നുന്നു റിച്ചു.. ഞാൻ ആരാധിക്കുന്ന നിർത്തകിയുടെ കീഴിൽ ഞാൻ പഠിക്കാൻ പോകുന്നു.. എങ്ങനാടാ ഞാൻ നിന്നോട് നന്ദി പറയേണ്ടത്??”

“ഒന്ന് പോടി അവളുടെ ഒരു നന്ദി.. നല്ല ദിവസമായിട്ട് വെറുതെ എന്റെ വഴക്ക് നീ കേൾക്കാൻ നിൽക്കണ്ട… എല്ലാരും കാത്തുനിൽക്കുന്നുണ്ടാകും.. പോയാലോ??”

“പോകാം.. ”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അവർ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം മായ തന്റെ ഓഫീസ് റൂമിലേക്ക് കയറി..

“കാമുകന് സന്തോഷമായോ??”

“ഒരുപാട്.. താങ്ക്സ് ഡി ”

“എന്തിനാ ലിനു താങ്ക്സ്?? അവൾക്ക് അതിനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് ഞാൻ വരാൻ പറഞ്ഞത്..”

“എന്നാലും ഇത്രയും തിരക്കിനിടയിൽ നീ എനിക്കുവേണ്ടി സമയം കണ്ടെത്തിയില്ലേ..”

“അതേ അധികം സെന്റി വേണ്ടാ.. ശരിക്കും അവൾക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്.. ”

” അവൾ ആഗ്രഹിക്കുന്നിടത്ത് അവളെ ഞാൻ എത്തിക്കും മായ.. ”

” എന്നാലും തന്റെ പെണ്ണ് ഒരു പാവം ആണല്ലോടാ?? അവൾ എങ്ങനെയാ നിന്നെ സഹിക്കുക??”

“എന്റെ ഋതു പാവമാഡോ.. എന്തൊക്കെയായാലും അവൾക്കേ എന്നെ സഹിക്കാൻ കഴിയൂ.. ”

അവന്റെ പുതിയ ഭാവം നോക്കി കാണുകയായിരുന്നു മായ …

“കോളേജിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ പോലും അടുപ്പിക്കാത്തവനാണ് ഇപ്പോൾ ഒരു പെണ്ണിന് വേണ്ടി അവളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി നടക്കുന്നത്..”

അതിനൊന്നു ചിരിച്ചു ലിനു..

“ശാപമാണെടാ.. നിന്റെ പുറകെ നടന്ന പെൺകുട്ടികളുടെ ശാപം..”

“മതി മോളെ.. നിർത്തിയേക്ക്.. ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ..”

“പറഞ്ഞൂടെ ലിനു അവളോട് തന്റെ പ്രണയം..”

“പറയാം.. എന്നാ ഞാൻ ഇറങ്ങിക്കോട്ടെ?? തന്റെ ദേവനെ ഒന്ന് കാണണം എന്റെ അപേക്ഷ അവന്റെ പൊണ്ടാട്ടി സ്വീകരിച്ചെന്ന് പറയാൻ..”

“ഓ.. ആയിക്കോട്ടെ..”

തുടരും..