20/04/2026

സോൾമേറ്റ് : ഭാഗം 04

രചന – ഐശ്വര്യ അനിൽകുമാർ

“ഫ്ലൈറ്റിന് ടൈം ആവാറായി…നമുക്ക് പോകാം” ആയുഷ് ഒരു മടിയും കൂടാതെ പറഞ്ഞു.എന്നിട്ട് മുന്നോട്ട് നീങ്ങി.മടിച്ചു നിന്ന വിവാന്റെ കയ്യിൽ പിടിച്ച് അവൻ നടന്നു. “അങ്ങനെ അങ്ങ് പോയാലോ…” നാട്ടുകാർ അവർക്ക് മുന്നിൽ വഴി തടഞ്ഞു നിന്നു. “വാട്ട് ദ…മാറി നിൽക്ക്…ഞങ്ങൾക്ക് പോണം” ആയുഷ് അവരെ തള്ളി മാറ്റാൻ ശ്രമിച്ചു. “ഈ നാട്ടിൽ ഒരു പെണ്ണിനെ ചതിച്ചിട്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല…” “ചതിക്കാനോ… നിങ്ങളുടെ ജോക്ക് കേട്ട് നിൽക്കാൻ എനിക്ക് ടൈം ഇല്ല…” “നിക്കടാ അവിടെ…നീ പോകുന്നത് നമുക്ക് കാണണം… പ്രസിഡന്റെ.. ഇതിനൊരു പരിഹാരം കാണാതെ ഈ ചെക്കനെ വിടരുത്…” “അങ്കിൾ…ഇതെന്താ ഇതൊക്കെ…എനിക്ക് പോണം” അവൻ അയാളെ നോക്കി.അയാൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന നന്ദുവിനെ നോക്കി. ‘ഒരിക്കൽ ഞാൻ ചെയ്ത തെറ്റ് കാരണം ദുഃഖിക്കേണ്ടി വന്നവളാണ്…എന്റെ മോള്…ഭാനുവിനോട് എനിക്ക് നീതി പുലർത്താൻ കഴിഞ്ഞില്ല..എന്റെ മോൾടെ ഭാവിക്ക് നല്ലത് മാത്രേ ഞാൻ ചെയ്യൂ…’അയാൾ ഉറപ്പിച്ചു.

“മോനിപ്പോൾ പോണ്ട…നമുക്ക് ഈ പ്രശ്നത്തെ പറ്റി സംസാരിക്കാനുണ്ട്”അയാൾ ദൃഢമായി പറഞ്ഞു. “സംസാരിക്കാൻ എന്തിരിക്കുന്നു?”അവൻ ചോദിച്ചു. “അത് ശരിയാ…സംസാരിക്കാൻ ഒന്നുമില്ല… ഇനിയിപ്പോൾ നല്ലൊരു മുഹൂർത്തം നോക്കി കല്യാണം നടത്തണം…അത്ര തന്നെ.”നാട്ടുകാരിൽ ഒരാൾ പറഞ്ഞു. “അതേ…അതെ”എല്ലാവരും അത് ശരിവച്ചു. “മാരീജോ…നോ…ഞാൻ സമ്മതിക്കില്ല…” “നിന്റെ സമ്മതം ആർക്ക് വേണം…നീ അങ്ങ് അനുസരിച്ചാൽ മതി…ഇനി അധികം നീട്ടണ്ട…നാളെ തന്നെ നമ്മുടെ ദേവിയുടെ നടയിൽ വച്ച് ഒരു താലികെട്ട്… അത് തന്നെ ധാരാളം”ഒരാൾ പറഞ്ഞു. എല്ലാവരും അത് ശരിവച്ചു. ഗോപാലൻ ഒന്നും മിണ്ടാതെ ആ തീരുമാനത്തിന് സമ്മതം മൂളി.അതാണ് നല്ലതെന്ന് അയാൾക്കും തോന്നി. ആയുഷ് നന്ദുവിനെ തറപ്പിച്ചു നോക്കി.അവൾ അപ്പോഴും കരയുകയാണ്. ആയുഷ് വീട്ടിൽ തിരിച്ചെത്തി. നാട്ടുകാർ അവൻ തിരികെ പോകാതിരിക്കാൻ ഐ ഡി കാർഡും മറ്റും വാങ്ങി വച്ചു.

“ഷിറ്റ്… ” അവൻ ചുവരിൽ കൈ അടിച്ചിട്ട് പറഞ്ഞു. “ബ്രോ….ആർ യു മാഡ്?..ആ വില്ലേജ് ഗേളിനെ ആണോ മാരി ചെയ്യാൻ പോകുന്നത്…”ദിയ ദേഷ്യത്തിൽ ചോദിച്ചു. “ഐ ആം ട്രാപ്പ്ഡ്… അവൾ എന്നെ ഈ അവസ്ഥയിലാക്കി…ഇനിയിപ്പോൾ വേറെ ചോയ്സ് ഇല്ല” “എല്ലാം അവളുടെ പ്ലാൻ ആയിരിക്കും… അവളെ കണ്ടാലേ അറിയില്ലേ…ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ… ഡ്രാമാ ക്യൂൻ.” “ദിയ…സ്റ്റോപ്പ് ഇറ്റ്…എല്ലാത്തിനും കാരണം ആയുഷ് തന്നെയാണ്… ഞാൻ അന്നേ പറഞ്ഞതാ ഇതൊന്നും വേണ്ടാന്ന്..പിന്നെ നന്ദന നല്ല കുട്ടിയാണെന്നാ തോന്നുന്നത്..” വിവാൻ പറഞ്ഞു. “നിനക്കങ്ങനെ പറയാം…ബട്ട് ഞാനല്ലേ അനുഭവിക്കേണ്ടത്…അവളെ ഭാര്യ ആക്കുക എന്നൊക്കെ പറയുമ്പോൾ…രക്ഷപ്പെടാം എന്ന് വച്ചാൽ എല്ലാ പ്രൂഫ്‌സും വാങ്ങി വച്ചേക്കുവല്ലേ…” “അവര് പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല…”വിവാൻ പറഞ്ഞു. അപ്പോൾ ഗോപാലൻ അങ്ങോട്ട് കടന്നു വന്നു.

“നാളെ രാവിലെ ആണ് ചടങ്ങ്…ഇനി പ്രശ്നമൊന്നുമുണ്ടാക്കിയിട്ട് ഒരു ഫലവുമില്ല.” “ഇതിനാണോ അങ്കിൾ ഇപ്പോൾ എന്നെ വിളിച്ചു വരുത്തിയത്” “ഞാൻ സ്ഥലം വിൽക്കാൻ ആണ് വിളിച്ചത്… അതിനിടയ്ക്ക് പെണ്കുട്ടികളുടെ പിറകേ നടന്നാൽ ഇങ്ങനൊക്കെ നടക്കും”അയാൾ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. “പിന്നെ…രക്ഷപ്പെടാനൊന്നും നോക്കിയിട്ട് കാര്യമില്ല…വീടിന് ചുറ്റും നാട്ടുകാരുടെ ശ്രദ്ധ ഉണ്ട്…പ്രശ്നം ഇനിയും വലുതാക്കാതിരിക്കുന്നതാവും നല്ലത്”അയാൾ എന്തോ ഓർത്ത് പറഞ്ഞിട്ട് പോയി. ആയുഷിനെ തനിച്ചാക്കിയിട്ട് മറ്റു രണ്ടു പേരും റൂമിലേക്ക് പോയി.ഉറക്കം വരാതെ അവൻ കട്ടിലിൽ കിടന്നു.

ഇതേസമയം നന്ദു വീട്ടിലിരുന്ന് കരയുകയാണ്. “എന്തിനാ മോളേ കരയുന്നത്?” “ഒന്നും വേണ്ടായിരുന്നു…എല്ലാം എന്റെ തെറ്റായിരുന്നു… വേണ്ടാത്തതൊന്നും ഞാൻ ആഗ്രഹിക്കരുതായിരുന്നു.പെട്ടെന്ന് സ്നേഹം കിട്ടിയപ്പോൾ അറിയാതെ ഞാനും സ്വപ്നം കണ്ടു…” “ഇനി പറഞ്ഞിട്ടെന്തു കാര്യം…എല്ലാം ശരിയായല്ലോ…മോള് കരയണ്ട.നാളെ മോളുടെ വിവാഹമാണ്…” “അതിൽ എന്തർഥം ആണുള്ളത്… ഏട്ടന് എന്നെ ഇഷ്ടമല്ലല്ലോ…എന്നോട് ഇപ്പോൾ വെറുപ്പായിരിക്കും.അപ്പോൾ അങ്ങ് എല്ലാം തീർന്നാൽ മതിയായിരുന്നു” “എന്താ മോളേ പറയുന്നേ…മോള് എന്നെക്കുറിച്ച് ഓർത്തോ…ഞാൻ എന്ത് വിഷമിച്ചൂന്ന് അറിയോ?..എല്ലാം ശരിയാകും.ഞാൻ പറഞ്ഞില്ലേ മോളെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരുമെന്ന്.അത് ആ മോനാ” അവൾ മുത്തശ്ശിയുടെ മടിയിൽ തല വച്ച് കിടന്നു.

പിറ്റേന്ന് പുലർച്ചെ തന്നെ ജാനു ചേച്ചിയും കൂട്ടരും അവളുടെ വീട്ടിലെത്തി…അവളെ ഒരുക്കി.ഒരു സെറ്റ് സാരിയാണ് അവൾ ധരിച്ചത്.അവൾ അതിസുന്ദരിയായിരുന്നു ആ സാരിയിൽ. ആയുഷിനെ നിർബന്ധിച്ച് വിവാൻ വെള്ള ഷർട്ടും മുണ്ടും ധരിപ്പിച്ചു. ഒട്ടും താൽപ്പര്യം ഇല്ലാഞ്ഞിട്ടും ദിയയും അവർക്കൊപ്പം ക്ഷേത്രത്തിൽ പോയി. മുഹൂർത്ത സമയത്ത് തന്നെ നന്ദുവും എത്തിച്ചേർന്നു.പരസ്പരം നോക്കാതെ രണ്ടു പേരും മുഖം കുനിച്ചു നിന്നു.തിരുമേനി പറഞ്ഞതനുസരിച്ച് അവൻ താലിയെടുത്ത് കെട്ടി.അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ അവന്റെ കയ്യിൽ വീണു. ‘ഓ…വീണ്ടും ഡ്രാമ തുടങ്ങി…ഇപ്പോൾ കരയുന്നത് എന്തിനാ..ആഗ്രഹിച്ച പോലെ തന്നെ നടന്നല്ലോ’അവൻ ചിന്തിച്ചു. തുടർന്ന് അവൻ ഒരു നുള്ള് സിന്ദൂരം അവൾക്ക് ചാർത്തി കൊടുത്തു.

വിവാൻ ഇതെല്ലാം കാമറയിൽ പകർത്തി. ഗോപാലൻ സദ്യ ഏർപ്പാട് ചെയ്തിരുന്നു. വന്നവരെല്ലാം സദ്യ കഴിഞ്ഞു പിരിഞ്ഞു പോയി.ആയുഷിനൊപ്പം നന്ദുവും വാര്യംബലത്തേക്ക് ചെന്നു.അവിടെ അവരെ സ്വീകരിക്കാനൊന്നും ആരും ഇല്ലായിരുന്നു. ചെന്നയുടൻ ആയുഷ് റൂമിൽ പോയി കതകടച്ചു. “മോള് വിഷമിക്കേണ്ട.എല്ലാം ശരിയാവും..”ഗോപാലൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആയുഷ് ബാഗുകളുമായി പുറത്തേക്ക് വന്നു. “ദിയ….ദിയ….” അവൻ ഉറക്കെ വിളിച്ചു. അവൾ അങ്ങോട്ട് വന്നു.ഒപ്പം ആയുഷും.നന്ദന ആയുഷിനെ തന്നെ നോക്കി നിൽപ്പുണ്ട്. “എല്ലാം പാക്ക് ചെയ്തല്ലോ…നമുക്ക് പോണം…റൈറ്റ് നൗ” “അപ്പോൾ നന്ദന…”വിവാൻ ചോദിച്ചു. “അത് എനിക്കറിയേണ്ട കാര്യമില്ല”ആയുഷ് പറഞ്ഞു. “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…അവളിപ്പോൾ ലീഗലി നിന്റെ ഭാര്യയാണ്.അവളെ തനിച്ചാക്കി നിന്നെ പോകാൻ ഈ നാട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”ഗോപാലൻ ചോദിച്ചു.

“അതെനിക്ക് അറിയണ്ട…ഞാൻ പോകും.” “അത് നീയറിയണം.നിന്റെ കൂടെ അവളും വരും.എവിടേക്കാണേലും”അയാൾ ഉറപ്പിച്ചു പറഞ്ഞു. അവളെ ഒപ്പം കൂട്ടാതെ മറ്റു വഴിയൊന്നും അവന് മുന്നിൽ ഇല്ലായിരുന്നു. അങ്ങനെ രാത്രിയിലെ ഫ്ളൈറ്റിൽ അവൾക്ക് കൂടി ടിക്കറ്റ് ബുക്ക് ചെയ്തു. അതിനിടയ്ക്ക് അവളുടെ ബാഗുമായി മുത്തശ്ശി വന്നു.അവൾ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. “മുത്തശ്ശി… മുത്തശ്ശിയെ തനിച്ചാക്കി ഞാൻ എങ്ങനെ പോകും…അതും ഇത്ര ദൂരെ…” “അങ്ങനെ പറയല്ലേ മോളേ…മോളുടെ ഭാവിയാ മുത്തശ്ശിക്ക് വലുത്.എവിടെ ആയാലും മോള് സന്തോഷമായി ജീവിച്ചാൽ മതി…വേറൊന്നും വേണ്ട എനിക്ക്” “മോള് പേടിക്കണ്ട…അമ്മയെ നമുക്ക് കരുണാലയത്തിൽ നിർത്താം..അവിടെ എല്ലാവരും ഉണ്ടല്ലോ.അമ്മയ്ക്ക് കൂട്ടുമാവും.മോള് പൊയ്ക്കോളൂ… ഞാൻ എല്ലാം നോക്കിക്കോളാം..”ഗോപാലൻ അവൾക്ക് ഉറപ്പ് നൽകി. വൈകിട്ട് തന്നെ അവർ എയർ പോർട്ടിലേക്ക് പുറപ്പെട്ടു.കാറിൽ വിൻഡോ സീറ്റിൽ അവൾ ഇരുന്നു.

തന്നെ നോക്കി കൈവീശി കാട്ടുന്ന മുത്തശ്ശിയെ നോക്കി അവൾ കരഞ്ഞു.കാർ ഗേറ്റ് കടന്ന് നീങ്ങി.ആ നാട് തനിക്ക് അന്യമാവുകയാണെന്ന സത്യം അവൾ മനസിലാക്കി.ഓർമവച്ച നാൾ മുതൽ തനിക്ക് പരിഹാസം മാത്രമേ നല്കിയിട്ടുള്ളൂ എങ്കിലും ഏറെ പ്രിയപ്പെട്ടതായിരുന്നു അവൾക്ക് ആ നാട്. കുറച്ച് നേരം കഴിഞ്ഞതും കാർ എയർ പോർട്ടിൽ എത്തി.തന്റെ കയ്യിലെ ബാഗും എടുത്ത് അവൾ പുറത്തേക്ക് ഇറങ്ങി.ആയുഷ് അവളെ നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയി. “നന്ദന…”ആയുഷിന് പിറകേ പോയ നന്ദനയെ വിവാൻ വിളിച്ചു. “നന്ദന ദിയയോടൊപ്പം ഇവിടെ വൈറ്റ് ചെയ്താൽ മതി.അവൻ ടിക്കറ്റ് കണ്ഫോം ചെയ്യാൻ പോയതാ” അവൾ ദിയയെ നോക്കി. അവൾ പുച്ഛത്തോടെ തന്നെ നോക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞു അവർ ഫ്ലൈറ്റിൽ കയറി. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദ്ദേശം വന്നു.അവൾ ശ്രമിച്ചിട്ടും നടന്നില്ല.അവസാനം ആയുഷ് തന്നെ അവളെ സഹായിച്ചു.

“മൈ ഗോഡ്…ഇനി ഈ വേസ്റ്റ് ഞാൻ ചുമക്കണമല്ലോ”അവൻ പിറുപിറുത്തു. വിൻഡോ സീറ്റിലാണ് അവൾ.ടേക്ക് ഓഫിന്റെ സമയത്ത്‌ അവൾ പുറത്തേക്ക് നോക്കി.അവളുടെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി.തൊട്ടടുത്ത് കൂളായിട്ട് ഇരിക്കുന്ന ആയുഷിനെ നോക്കി.അവൾ കണ്ണടച്ചിരുന്നു.കുറച്ച് നേരം കൊണ്ട് തന്നെ അവർ ഡൽഹിയിൽ എത്തി ചേർന്നു. അവിടുന്ന് നേരത്തെ ഏർപ്പെടുത്തിയ കാറിൽ അവർ വീട്ടിലെത്തി.നന്ദു എല്ലാം കൗതുകത്തോടെ നോക്കിയിരുന്നു. ആയുഷും ദിയയും തങ്ങളുടെ ബാഗും എടുത്ത് വീട്ടിലേക്ക് കയറി.പിറകെ വിവാനും. നന്ദന കാറിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കി.സമയം പന്ത്രണ്ട് ആവാറായിരുന്നു.എന്നിട്ടും നഗരം സജീവമാണ്.സ്വന്തം ജില്ല വിട്ട് പുറത്തു പോയിട്ടില്ലാത്ത അവൾക്ക് ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ട് വിവാൻ പറഞ്ഞു. “കേറി വാ…ഇനി ഇതാണല്ലോ തന്റെ വീട്.. വെൽക്കം ഹോം” അവൾ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.

“ഇവിടിപ്പോൾ വെൽക്കം ചെയ്യാനൊന്നും ആരും ഇല്ല.ഞങ്ങടെ രീതി അനുസരിച്ച് എന്തൊക്കെയോ തട്ടിയിട്ടും റെഡ് കളറിൽ കൂടി നടന്നുമൊക്കെയാ…ഞാൻ പണ്ട് ബാബയുടെ ആരുടെയോ കല്യാണത്തിന് കണ്ടിട്ടുണ്ട്.” അവൾ ഒന്ന് മൂളി. “മുകളിൽ കാണുന്ന ഫസ്റ്റ് റൂമാ ആയുഷിന്റെ…സോറി നിങ്ങളുടെ…”അവൻ സ്റ്റെപ്പുകളിലേക്ക് ചൂണ്ടിക്കാട്ടി. അവൾ പതിയെ സ്റ്റെപ്പുകൾ കയറി മുറിയിലേക്ക് ചെന്നു.ആയുഷ് ഫോണിൽ സംസാരിച്ചു നിൽക്കുകയാണ്. “ഐ വിൽ കാൾ യു ലേറ്റർ”അവൻ ഫോൺ കട്ട് ചെയ്തു. “മ്.. എന്തു വേണം..” “ഞാൻ…ഇവിടെ…” “ഇത് എന്റെ റൂമാണ്…എനിക്ക് ഇഷ്ടമില്ലാത്ത ആരും ഇവിടെ കയറുന്നത് എനിക്കിഷ്ടമല്ല..ഭാര്യ എന്ന അധികാരവും പറഞ്ഞു ഇങ്ങോട്ട് വരണ്ട.ഗെറ്റ് ഔട്ട്” “ഏട്ടാ…” “പറഞ്ഞത് മനസിലായില്ലേ…ഗെറ്റ് ഔട്ട് ഓഫ് മൈ റൂം” അവൻ അവളെ പുറത്തേക്ക് തള്ളി വാതിൽ അടച്ചു.അവൾ കരഞ്ഞു കൊണ്ട് ബാഗ് ചേർത്ത് പിടിച്ചു നിന്നു.അപ്പോഴേക്കും വിവാൻ അവിടെ വന്നിരുന്നു.

അവളുടെ നിൽപ്പ് കണ്ടപ്പോഴേ അവന് കാര്യം മനസിലായി. “സാരമില്ല…എല്ലാം ശെരിയാകും…അവന് കുറച്ചു ടൈം കൊടുക്ക്.അതുവരെ ഗസ്റ്റ് റൂമിൽ നിൽക്കാം..” അവൻ അവൾക്ക് താഴത്തെ ഗസ്റ്റ് റൂം കാണിച്ചു കൊടുത്തു. തൊട്ടടുത്ത റൂമിൽ തന്നെ ദിയയും ഉണ്ട്.അവൾ ബാഗ് മേശപ്പുറത്ത് വച്ചിട്ട് കട്ടിലിൽ ഇരുന്നു കരഞ്ഞു. “എന്തിനാ ദേവീ എന്നോട് ഇങ്ങനൊരു പരീക്ഷണം…ആർക്കും ഒരു ദ്രോഹവും അറിഞ്ഞോണ്ട്‌ ചെയ്തിട്ടില്ല.എന്നിട്ടും എനിക്ക് ഈ ഗതി വന്നല്ലോ.മുത്തശ്ശി കൂടെ ഉണ്ടായിരുന്നെങ്കിൽ…പാവം..എല്ലാം ശരിയായി എന്ന് കരുതി സമാധാനിക്കുവാ…” കരഞ്ഞു കരഞ്ഞു അവൾ ഉറങ്ങിയത് അറിഞ്ഞില്ല. പതിവുപോലെ നേരം പുലർന്നപ്പോൾ അവൾ എഴുന്നേറ്റു. കുളിച്ചു ഫ്രഷായി വന്നു.കണ്ണാടിയിൽ നോക്കിയപ്പോൾ അവൻ കെട്ടിയ താലി കണ്ടു.അത് കയ്യിലെടുത്തപ്പോൾ രണ്ടു തുള്ളി കണ്ണുനീർ ഒഴുകി. അവൾ സിന്ദൂരം അണിഞ്ഞ് റൂമിന് പുറത്തേക്ക് പോയി.

ആരും ഉണർന്നിട്ടില്ലായെന്ന് അവൾക്ക് തോന്നി.അടുക്കളയിലേക്ക് നടന്നു. കുറച്ച് ദിവസങ്ങളായി ആരും ഇല്ലാത്തതിനാലാകും ആകെ പൊടി പിടിച്ചു കിടക്കുകയാണ്.അവൾ അവിടെ എല്ലാം വൃത്തിയാക്കി.പാൽ ഉണ്ടാവാൻ വഴിയില്ലാത്തതിനാൽ പാൽപ്പൊടി അന്വേഷിച്ചു. ഷെൽഫിൽ നിന്നും കിട്ടിയ പാൽപ്പൊടി എടുത്ത് നാല് ഗ്ലാസ് ചായ ഇട്ടു.ഒരു കപ്പിൽ തനിക്കുള്ള ചായയുമായി അവൾ കതകു തുറന്ന് പുറത്തേക്ക് നടന്നു. ഒരു റസിഡൻഷ്യൽ ഏരിയ ആണ് അതെന്ന് അവൾക്ക് മനസിലായി.പലരും ജോഗിങ്ങിന് പോകുന്നുണ്ട്. ചിലർ ബാഗുമായി വീടുകളിലേക്ക് കയറുന്നു.നൈറ്റ് ഡ്യുട്ടി ഉള്ളവരാകും.അവൾ ഗേറ്റിനടുത്തേക്ക് നീങ്ങി.വീട് വലുതാണെങ്കിലും മുറ്റം എന്ന് പറയാനില്ല.സ്ഥലക്കുറവ് കൊണ്ടാകും.എല്ലാ വീടുകളും അങ്ങനെ തന്നെയാണ്.

പരിചയമില്ലാത്ത ആളെ കണ്ടിട്ടാകണം ചിലരെങ്കിലും തന്നെ സൂക്ഷ്മമായി നോക്കുന്നതായി അവൾക്ക് തോന്നി.അവൾക്ക് ചിരിക്കണോ വേണ്ടയോ എന്ന കണ്ഫ്യൂഷൻ തോന്നി.അധിക നേരം അവിടെ നിൽക്കാതെ അവൾ അകത്തേക്ക് നടന്നു. “ഹലോ….” ഒരു സ്ത്രീ ശബ്ദം കേട്ട് അവൾ അങ്ങോട്ട് നോക്കി.ഒരു പെണ്ണ് ഗേറ്റിൽ ചാരി നിന്ന് തന്നെ നോക്കുന്നതായാണ് കണ്ടത്.അവൾ ഒന്ന് മടിച്ചു നിന്നിട്ട് അങ്ങോട്ട് നീങ്ങി.അവളെ നോക്കി പുഞ്ചിരിച്ചു. “ആരാ മനസിലായില്ല?ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ല”ആ പെണ്കുട്ടി ചോദിച്ചു. “ഹാവൂ…മലയാളിയാണോ…” “ആയിപ്പോയി…അതല്ലേ പുതിയൊരാളെ കണ്ടപ്പോൾ ഇത്ര കൗതുകം.” അവർ ഇരുവരും പുഞ്ചിരിച്ചു. “ഞാൻ നന്ദന…ആയുഷ് ഏട്ടന്റെ…” “ഓഹോ….അപ്പോൾ ആ കള്ളൻ അവസാനം ഒരെണ്ണം ഫിക്സ് ചെയ്തോ… ഇതെപ്പോൾ” നന്ദു ഒന്ന് ചിരിച്ചതേ ഉളളൂ. “മൈസെൽഫ് വർഷ…ആയുഷിന്റെ കോളേജ് ഫ്രണ്ട് ആണ്.ഞാൻ ഇപ്പോൾ ഒരു ഫാഷൻ ഡിസൈനർ ആണ്.” അവരിരുവരും കുറച്ചു നേരം സംസാരിച്ചു നിന്നു.രണ്ടു പേരും നല്ല കൂട്ടായി.

“അപ്പോൾ ഇവിടൊക്കെ വച്ച് കാണാം..ഞാൻ ദേ തൊട്ടടുത്ത വീട്ടിലെ ആണ്.കുറച്ച് ദിവസം കൂടിയേ ഞാൻ ഇവിടെ കാണൂ…പിന്നെ നേരെ മുംബൈ… ഒരു ഫാഷൻ വീക് പ്രോഗ്രാം..അപ്പൊ ബൈ” “ഇതാരാ ഡോർ തുറന്നിട്ട് പോയത്.”ആയുഷ് ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് പുറത്തേക്ക് വന്നു. “ഹേയ്…ആംഗ്രി യങ് മാൻ…ഇവിടെ കമോൺ..ഒന്ന് കാണട്ടെ”വർഷ പറഞ്ഞു. വർഷയുമായി സംസാരിച്ചു നിൽക്കുന്ന നന്ദുവിനെ കണ്ട് ദേഷ്യത്തിൽ അവൻ അങ്ങോട്ട് ചെന്നു. “അവസാനം നന്ദന കാസനോവയെ ചങ്ങലയ്ക്കിട്ടു അല്ലേ.. കൊള്ളാം രണ്ടു പേരും നന്നായി ചേരും…ക്യൂട്ട് കപ്പിൾ.അപ്പൊ ബൈ”വർഷ റ്റാറ്റ പറഞ്ഞു പോയി. “നീയെന്താ ഇവിടെ?എല്ലാവരെയും അറിയിക്കാൻ വേണ്ടി നിൽക്കുവാണോ…കേറിപ്പോടി അകത്ത്”നന്ദന ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

അകത്ത് ചെന്നപ്പോൾ എല്ലാവരും ഉണർന്നിരുന്നു. “ഗുഡ് മോണിംഗ് ഗയ്‌സ്”വിവാൻ പറഞ്ഞു. നന്ദന അവനെ നോക്കി ചിരിച്ചു. ആയുഷ് കലിപ്പിൽ നിൽക്കുന്ന കണ്ട് പറയണ്ടായിരുന്നു എന്നവന് തോന്നി. നന്ദന അടുക്കളയിൽ ചെന്ന് എല്ലാവർക്കും ചായയും എടുത്ത് വന്നു. “താങ്ക്സ്”ദിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞുകൊണ്ട് എടുത്തു. “താങ്ക്സ്….ആ നൈസ്..”ചായ ആസ്വദിച്ചു കുടിച്ചു കൊണ്ട് വിവാൻ പറഞ്ഞു. അവൾ ആയുഷിന് നേരെ ട്രേ നീട്ടി.അവൻ കപ്പ് കൈയിലെടുത്ത് കുടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. അന്നത്തെ ദിവസം ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയതും അവൾ തന്നെ ആണ്. അന്ന് എല്ലാവരും ഓഫീസിൽ പോകുകയും ചെയ്തു. എല്ലാവരും പോയപ്പോൾ ആ വീട്ടിൽ അവൾ തനിച്ചായി.എന്ത്‌ ചെയ്യണമെന്ന് അറിയാതെ അവൾ കുറച്ച് നേരം പുറത്തേക്ക് നോക്കി ഇരുന്നു.എന്നിട്ട് വീട് മുഴുവൻ അടിച്ചു വാരാൻ തുടങ്ങി. അങ്ങനെ അവന്റെ റൂമിൽ എത്തി.ഒരുപാട് ബുക്കുകൾ ഇരിക്കുന്നത് കണ്ടു.

കൂടുതലും ഇംഗ്ലീഷ് ബുക്കുകളാണ്.അതിൽ പലതും അവൾ വായിച്ചിട്ടുണ്ട്. അതിനിടയിൽ ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് ഇരിക്കുന്നത് കണ്ടു.താൻ ഏറെ വായിക്കാൻ കൊതിച്ച ബുക്കാണ്. അവൾ അത് വായിക്കാനായി താഴേക്ക് കൊണ്ട് പോയി. ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും ആയുഷിന് congratulation പറഞ്ഞു.വിവാഹക്കാര്യം എല്ലാരും അറിഞ്ഞെന്ന് അവന് മനസിലായി. “ഇവരെല്ലാം എങ്ങനെ അറിഞ്ഞു?”അവൻ വിവാനോട് ചോദിച്ചു. “അത് ഞാൻ ഗ്രൂപ്പിൽ…ഫോട്ടോ…”വിവാൻ ചമ്മലോടെ പറഞ്ഞു.ആയുഷ് അവനെ തറപ്പിച്ചു നോക്കി. “സോ…ഇറ്റ്‌സ് എ റീസൻ ഫോൺ പാർട്ടി”എല്ലാവരും പറഞ്ഞിട്ട് ആയുഷിനെ നോക്കി. ഗത്യന്തരമില്ലാതെ അവൻ സമ്മതിച്ചു. അന്ന് വൈകിട്ട് തന്നെ പാർട്ടി തന്നോളാം എന്ന് അവൻ എല്ലാവർക്കും വാക്ക് നൽകി.കൂടെ നന്ദനയെ കൊണ്ട് വരാമെന്നും പറഞ്ഞു. അന്ന് നേരത്തെ തന്നെ അവർ ഓഫീസിൽ നിന്നിറങ്ങി.വീട്ടിലെത്തിയപ്പോൾ നന്ദു വർഷയുമായി സംസാരിച്ചിരിക്കുകയാണ്.

“ഹായ്”വർഷ പറഞ്ഞു.അവൻ വരുന്നത് കണ്ട നന്ദു എഴുനേറ്റു. വർഷയെ നോക്കി പുഞ്ചിരിച്ചിട്ട് അവൻ നന്ദുവിനോടായി പറഞ്ഞു. “ഓഫീസിലെ ഫ്രണ്ട്സിന് ഇന്ന് ട്രീറ്റ് വേണമെന്ന് പറഞ്ഞു.വൈകിട്ട് നമുക്ക് അങ്ങോട്ട് പോണം.സോ..ഷാർപ് സെവൻ” “ഓഹോ…ഓഫീസിലെ ഫ്രണ്ട്സിന് മാത്രേ ഉള്ളോ…നമ്മളൊക്കെ ഇപ്പോൾ ഔട്ട് ആയോ” “സോറി…വർഷയ്ക്കും വരാം..നീയായിട്ട് കുറയ്‌ക്കേണ്ട”അവൻ ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയി. നന്ദുവിന് ഏറെ സന്തോഷം തോന്നി.വർഷ പോയതിന് ശേഷം അവൾ വേഗം ചെന്ന് ഫ്രഷായി കഴിഞ്ഞ വർഷം കാവിലെ ഉത്സവത്തിന് എടുത്ത ചുരിദാർ ഇട്ടു.കുറച്ച് പഴകിയതാണെങ്കിലും അതിൽ അവൾ സുന്ദരിയായിരുന്നു. അപ്പോഴേക്കും വർഷ റെഡിയായി എത്തിയിരുന്നു.കൈയിൽ ഒരു കവറുമുണ്ട്. “ഇത് ഇട്ടാണോ പോണത്?”വർഷ ചോദിച്ചു. “മ്… കൊള്ളില്ലേ…”നന്ദു വിഷമത്തോടെ ചോദിച്ചു. “കൊള്ളാം… പക്ഷേ പാർട്ടിക്കൊക്കെ പോകുമ്പോൾ…നന്ദു ഇതൊന്ന് നോക്കിക്കേ…ഞാൻ ഡിസൈൻ ചെയ്തതാ.നിനക്കൊരു ഗിഫ്റ്റ് തരാന്ന് കരുതി.” നന്ദു കവർ തുറന്നു നോക്കി.മനോഹരമായ ഒരു ഗൗണ് ആയിരുന്നു അതിൽ.അവൾ അത് എടുത്ത് നോക്കി.

“കൊള്ളാട്ടോ…ഞാൻ ഇതൊന്നും ഇട്ടിട്ടില്ല..” “ഇങ്ങനൊക്കെ അല്ലെ ശീലിക്കുന്നേ… താൻ ഇങ്ങ് വന്നേ”വർഷ അവളെ ഒരുക്കി. “നൈസ്…നന്ദുവിനായിട്ട് ഉണ്ടാക്കിയ പോലുണ്ട്.”വർഷ അവളെ നോക്കിക്കൊണ്ട് പറഞ്ഞു. അവര് രണ്ട് പേരും റെഡിയായി റൂമിന് പുറത്ത് വന്നപ്പോഴേക്കും ആയുഷ് സ്റ്റെപ് ഇറങ്ങി വരികയായിരുന്നു.അവൻ അവളെ നോക്കി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. ഇടക്കെപ്പോഴോ ബാലൻസ് തെറ്റിയപ്പോഴാണ് ബോധം വന്നത്. “അവന്റെ ബാലൻസ് ഇപ്പോഴേ പോയിട്ടോ”വർഷ കളിയായി പറഞ്ഞു. വിവാൻ ആദ്യമേ തന്നേ കാറിൽ കയറി ഇരിപ്പുണ്ടായിരുന്നു.അവർ ചെന്ന് കാറിൽ കയറി.വർഷ ഓടിച്ചെന്ന് മുൻസീറ്റിൽ കയറിയതിനാൽ അവരിരുവരും പിൻ സീറ്റിലാണ് ഇരുന്നത്.ദിയ വരുന്നില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു.അങ്ങനെ റെസ്റ്റോറന്റിലേക്ക് കാർ നീങ്ങി. (തുടരും)