18/04/2026

നീയറിയാതെ : ഭാഗം 14

രചന – അയിഷ അക്ബർ

മോളേ മാധു….. ആ സ്ത്രീ ശബ്ദം അങ്ങേയറ്റം ഹൃദ്യമായിരുന്നു….. അക്ഷരങ്ങളിൽ നനവ് പറ്റിപ്പിടിച്ചിരുന്നു… ദയനീയതയോടെ കുര്യൻ പാർവതിയിലേക്ക്‌ നോക്കി.. മോൾക്ക്..മോൾക്ക് ഞങ്ങളെ ഓർമ്മയുണ്ടോ… ചോദ്യം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണെന്നറിയാവുന്നത് കൊണ്ട് തന്നെ അവളവരെ ഓർത്തെടുക്കാൻ ശ്രമിച്ചു…. അത്ര മേൽ മനസ്സറിഞ്ഞെന്നെ മോളെയെന്ന് വിളിക്കണമെങ്കിൽ ഇതവര് തന്നെയാണെന്നവളുടെ മനസ്സ് പറഞ്ഞിരുന്നു…. അവൾ ആ ചോദ്യത്തിനുതരമായി തലയാട്ടി…. അവരുടെ ഓർമകൾ അവളുടെ മിഴികളിൽ നിറഞ്ഞു നിന്നിരുന്നു….. നിങ്ങളുടെ മുഖത്തെ മറവി അപഹരിച്ചെങ്കിലും നിങ്ങളുടെ ഓർമ്മകൾ എന്നും ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു…. എന്റെ പ്രാർഥനയിൽ എന്നും നിറഞ്ഞു നിൽക്കുന്നുണ്ട് നിങ്ങൾ…. പറഞ്ഞു കൊണ്ടവൾ അവർക്ക് നേരെ കൈകൾ കൂപ്പി… അവരവളുടെ കൈകൾ വിടുവിച്ചവളെ കെട്ടിപ്പിടിച്ചു…

മോൾക്ക് വേദന യുണ്ടോ… അവളുടെ മുടികളിൽ തലോടി കുര്യനത് ചോദിക്കുമ്പോഴും സിദ്ധു അതേ നിൽപ്പ് നിൽക്കുകയായിരുന്നു…. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവൻ അവരെ തന്നെ നോക്കി നിന്നു…. നിങ്ങൾ തമ്മിലെങ്ങനെയാ പരിചയം… അവനവിടെ ഉണ്ടെന്ന് പോലും മറന്ന് സ്നേഹപ്രകടനങ്ങൾ നടത്തുന്നവരോട് ആകാംക്ഷ അടക്കാൻ കഴിയാതെ അവൻ ചോദിച്ചു ….. അവരുടെ മൂന്ന് പേരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു… അവനും അവരുമായി എന്താണ് ബന്ധമെന്നത് അവളുടെ മനസ്സിലും കുരുങ്ങി കിടന്നെങ്കിലും എങ്ങനെ ചോദിക്കണമെന്നറിയില്ലായിരുന്നു…… നീയറിയാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിൽ മാത്രമല്ല… നിങ്ങൾ തമ്മിലുമുണ്ട്…. പറയുമ്പോൾ അവൻ എന്തെന്ന ഭാവതിൽ അവളെ നോക്കുമ്പോൾ അവരുടെ വാക്കുകൾക്കായി അവളും കാതോർക്കുകയായിരുന്നു….

അവളുടെ കണ്ണുകൾ…. നമ്മുടെ മാധുവിന്റേതാണ്….. ഒരു നിമിഷം അവൻ ശ്വാസം എടുക്കാൻ പോലും മറന്ന് നിൽക്കുമ്പോൾ അവളും അതേ അവസ്ഥയിൽ തന്നെയായിരുന്നു…. ഇവരുടെ മകളുടെ കണ്ണുകളാണ് തനിക്ക് കാഴ്ച തന്നതെന്നറിയാമെങ്കിലും അതൊരിക്കലും സിദ്ദുവേട്ടൻ ഹൃദയത്തിൽ ചുമക്കുന്ന മാധുവിന്റേതാണെന്നറിയുമായിരുന്നില്ല…… അവന്റെ ഓർമകളപ്പോൾ വർഷങ്ങൾ പിറകിലേക്ക് നീങ്ങിപ്പോയിരുന്നു…. നേത്രധാന ക്യാമ്പ് എന്ന് ബോർഡ്‌ തൂക്കിയ ആ സ്ഥലത്ത് വണ്ടി നിർത്തിയപ്പോൾ അവളുടെ പിറകിൽ നിന്നും അവൻ ചാടിയിറങ്ങിയിരുന്നു….. വേണ്ട മാധു…. ഞാനിതിനു സമ്മതിക്കില്ല….. ദേഷ്യം അടക്കി പിടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. അവൾ പതിയെ അവനെ നോക്കി പുഞ്ചിരിച്ചു….

എപ്പോ വേണമെങ്കിലും അസ്തമിച്ചു പോകാവുന്ന ഈ സൂര്യനു അസ്തമയ ശേഷവും വെളിച്ചം പകരാൻ കിട്ടുന്ന ഒരവസരമായി ഞാനിതിനെ കാണുന്നു സിദ്ധു….. എന്ന് വെച്ച്…. മരണ ശേഷവും നിന്നെ വേദനിപ്പിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല മാധു …. വാ നമുക്ക് തിരിച്ചു പോകാം….. നിന്നെ വിട്ട് പോകുന്നതിനേക്കാൾ വേദന മറ്റൊന്നിലും എനിക്കില്ല സിദ്ധു…. പോകാൻ നിന്ന അവന്റെ കൈകളിൽ പിടിച്ചവളത് പറയുമ്പോൾ അവൻ അത്രമേൽ സങ്കടത്തോടെ അവളെ നോക്കി…. ഞാൻ കാരണം ഒരാളുടെ ഇരുട്ടിനെ നീക്കാൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ… അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു… ലോകത്തിന്റെ ഏത് കോണിലായാലും എന്റെ മിഴികൾ നിന്നെ തേടിയെത്തും സിദ്ധു…. അവളുടെ വാക്കുകൾ കാതിൽ മുഴങ്ങിയപ്പോഴേക്കും അവന് ശരീരം തളരുന്നതായി തോന്നി…. അവൻ പതിയെ ഒരു കസേരയിലേക്കാമർന്നു….

മാധു പോയതിൽ പിന്നെ മനം നൊന്ത് ആകെ തകർന്നിരിക്കുന്ന നിന്നോട് ഒന്നും പറയാൻ ഞങ്ങൾക്കാവുമായിരുന്നില്ല മോനെ….. അവന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടലിലായിരുന്നു അന്നയപ്പോഴും….. മോൾടെ പേരെന്തായിരുന്നു… കുര്യൻ ആയിരുന്നത് ചോദിച്ചത്…. അന്ന…… പേരെന്തായാലും ഞങ്ങളുടെ മനസ്സിൽ നീ ഞങ്ങളുടെ മാധു തന്നെയാ…. പറയുമ്പോൾ ആ വാക്കുകളിൽ നൊമ്പരം ചേർന്ന് നിന്നിരുന്നു….. അന്ന് നീ ആശുപത്രി വിട്ട് പോകുന്ന സമയം നിന്നെ ചേർത്ത് നിർത്തിയെടുത്ത ആ കുഞ്ഞു ഫോട്ടോ ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…. നിന്നെ ഒന്ന് കൂടി കാണാൻ ഹൃദയം വല്ലാതെ ആഗ്രഹിച്ചിരുന്നു മോളേ…കുര്യനത് പറയുമ്പോഴും പാർവതി കണ്ണ് തുടക്കുകയായിരുന്നു…. അൽപ നേരം അവളോട്‌ കൂടിയിരുന്നാണ് അവര് പോകാനൊരുങ്ങിയത്…. അപ്പോഴാണ് അമ്മയും അച്ഛനും കയറി വന്നത്… രണ്ടു പേരുടെയും മുഖത്ത് വേവലാതി നിറഞ്ഞു നിന്നു….

പെട്ടെന്ന് പ്രതീക്ഷിക്കാത്ത അതിഥികളെ കണ്ടപ്പോൾ അവരോന്നു ഞെട്ടി…. പെട്ടെന്നുള്ള ഞെട്ടൽ മുഖത്ത് നിന്ന് മായ്ച്ചു കൊണ്ട് അവർ പുഞ്ചിരിക്കുമ്പോഴും കണ്ണുകൾ അന്നയിലായിരുന്നു….. മോളേ….. വേദനയുണ്ടോ… ചോദ്യത്തിൽ അമ്മയുടെ അങ്ങേയറ്റം വാത്സല്യമുണ്ടായിരുന്നു…. ഇല്ലമ്മേ…. കുറവുണ്ട്…. മാറ്റാരോ പറഞ്ഞറിഞ്ഞായിരുന്നവർ എത്തിയത് ….. സിദ്ധു പറയാത്തത്തിലുള്ള ദേഷ്യത്തിൽ സീത അവനെ കടുപ്പിച്ചു നോക്കുന്നുണ്ടായിരുന്നു…. വീട്ടിലേക്ക് വിളിക്കാനൊരുങ്ങുമ്പോഴായിരുന്നു ഇവരെ കണ്ടതെന്നവനോർത്തു…. സുഖമാണോ പാർവതി…. സീതയും പാർവതിയും വിശേഷങ്ങൾ പുതുക്കുന്നിതിനിടക്ക് മാധവനും കുര്യനും സംസാരിച്ചിരുന്നു….. മുറിവൊക്കെ മാറി ഉഷാറായിട്ടൊരു ദിവസം സിദ്ധുവിന്റെ കൂടെ വരണം വീട്ടിലേക്ക്…. പോകാൻ നേരം അവളുടെ കവിളുകളെ തഴുകി കുര്യനാണത് പറഞ്ഞത്…. അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി… അവളുടെ വിടർന്ന മിഴികളിൽ നോക്കി അപ്പോഴും അവരുടെ ഉള്ളം നീറുകയായിരുന്നു…..

മുറിക്ക് പുറത്തിറങ്ങിയപ്പോൾ സിദ്ദുവും അവരെ അനുഗമിച്ചു…. ആത്മാർത്ഥമായ പ്രണയത്തിനു വല്ലാത്ത ശക്തിയാടോ….. കുര്യനത് പറയുമ്പോൾ സിദ്ധു ഒന്നും മിണ്ടിയില്ല… അത് കൊണ്ടാണല്ലോ വിധി അവളെ മറ്റാർക്കും കൊടുക്കാതെ നിന്നിലേക്കെത്തിച്ചത്….നിനക്കൊരു കൂട്ട് വേണമെന്ന് മാധു വല്ലാതെ ആഗ്രഹിക്കുന്നുണ്ടാവും….. അവിടമാകെ ഒരു നിശബ്ദത പരന്നിരുന്നെങ്കിലും മൂവരുടെയും ഹൃദയത്തിൽ അലയടിക്കുന്ന സാഗരം അവരിൽ മാത്രമായോതുങ്ങി….. അവരുടെ കൂടെ അവൻ പോയത് മിത്രയുടെ കുഞ്ഞിനെ കാണാനായിരുന്നു…. മുറി തുറന്ന് കയറി ചെന്ന അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു നിന്നു…. സിദ്ധു….. അവളറിയാതെ നാവിൽ നിന്നാ വാക്കടർന്നു വീണു….. അവൻ മനോഹരമായോന്ന് പുഞ്ചിരിച്ചു…

മിത്ര ചേച്ചിയും ഞാനും പകർപ്പാണ് സിദ്ധു… എന്റെ വാശികൾക്ക് മുമ്പിൽ എപ്പോഴും തോറ്റു തരുന്ന അവളെ പോലെയാണ് എനിക്ക് നിന്നെ പരിചയപ്പെട്ട അന്ന് മുതൽ തോന്നാറുള്ളത്… മിത്രയുടെ കുഞ്ഞിനെ കാണുമ്പോഴും ഓർമകളിൽ മാധുവിന്റെ വാക്കുകളായിരുന്നു….. മുറിയുടെ വാതിൽ തുറന്ന് കയറുമ്പോഴും അമ്മയവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…. ഇത്രയും പറ്റിയിട്ടീ കൊചിവിടെ കിടക്കുമ്പോഴും പോലീസ് ഏമാനു അതൊന്ന് അറിയിക്കാൻ ഒത്തില്ലായിരിക്കും…. അമ്മേ…. അത്….. പറഞ്ഞു മുഴുവനാക്കാനുള്ള സമയം പോലും അവനവർ കൊടുത്തില്ല…. ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു….

എന്താ സിദ്ധു ഒന്നറിയിക്കാഞ്ഞത്….. മാധവനായിരുന്നത് ചോദിച്ചത്….. അച്ഛാ… അത്… അതെങ്ങനാ…. അവനിവളെ കണ്ടു കൂടല്ലോ…… പറഞ്ഞു മുഴുവനാക്കും മുന്പേ സീത ഇടയിൽ കയറി…. അതല്ല അച്ഛാ…. ഞാൻ വിളിക്കാൻ തുടങ്ങുമ്പോഴാണ് കുര്യനങ്കിളിനെ കണ്ടത്…. പിന്നെ സംസാരത്തിനിടക്ക്….. സംസാരത്തിനിടക്ക് അവൻ മറന്നു പോയി കാണും…. അതാണല്ലോ അവന് വലുത്….. അർത്ഥം വെച് സീതയത് പറയുമ്പോഴും സിദ്ധു തിരിച്ചൊന്നും പറഞ്ഞില്ല…. നീയൊന്ന് നിർത്തു സീതേ…. മാധവന്നത് പറഞ്ഞപ്പോൾ സീതായൊന്നടങ്ങി….. സിദ്ധു പതിയെ ആ മുറിയിൽ നിന്നും പുറത്തിറങ്ങി…. (തുടരും )