രചന – അഞ്ജു തങ്കച്ചൻ
വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങി നന്ദൻ വൈകിട്ട് വീട്ടിൽ എത്തി.
ഷോപ്പിൽ പണി നടക്കുന്നത് കൊണ്ട് ജ്വാലയും, മീരയും വീട്ടിൽ ഉണ്ടായിരുന്നു.
അയാൾ കൊണ്ടുവന്ന കവറുകൾ ടേബിളിൽ വച്ചിട്ട് മുറിയിലേക്ക് കയറിപ്പോയി.
മീരയും,ജ്വാലയും കൂടി എല്ലാം എടുത്തുനോക്കി.
ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഉണ്ട്.
കിട്ടിയ സാലറി മുഴുവനും എടുത്തെന്നു തോന്നുന്നു.അല്ലെങ്കിൽ ഇത്രയധികം മേടിക്കാൻ ഒക്കില്ല.ജ്വാല പറഞ്ഞു.
ഒരു പ്ലാസ്റ്റിക് കൂട്ടിൽ ,
വെട്ടി വൃത്തിയാക്കിയ മീൻ പൊതിഞ്ഞു വച്ചിട്ടുണ്ട്.
മറ്റൊന്നിൽ ചിക്കനും.
വാ.. മോളേ നമുക്ക് ഇതൊക്കെ ഉണ്ടാക്കി വയ്ക്കാം.
രണ്ടാളും കൂടി അടുക്കളയിൽ പാചകത്തിലാണ്.
പതിവില്ലാതെ മീരയുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിക്കുന്നുണ്ടായിരുന്നു.
മീരക്കുട്ടി ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ.ജ്വാല അവളുടെ തോളിൽ കൈവച്ചുകൊണ്ട് ചോദിച്ചു.
അതേലോ.. ഞാൻ സന്തോഷത്തിൽ ആണ്.
മ്മ്… മനസിലായി… മനസിലായി..
എന്തോന്ന് മനസിലായെന്ന്?
നീയപ്രത്തെങ്ങാനും പോ പെണ്ണേ…ചുമ്മാ ഓരോന്നും പറയാതെ.അവർ കൈയിലിരുന്ന ചട്ടുകം അവൾക്ക് നേരെ നീട്ടി.
ഓഹ്… നമ്മള് പോയേക്കാം.സുന്ദരിക്കുട്ടി,കെട്ടിയോന് വെച്ച് വിളമ്പി ഊട്ടിക്കോ.ഞാൻ മാറിതന്നേക്കാം
ഓഹ്…ഈ പെണ്ണിന്റെ ഒരു നാവ്.
ഞാൻ പോകുവാ…
മീര തയ്യാറാക്കിയ വിഭവങ്ങൾ ഓരോന്നും പാത്രങ്ങളിൽ ആക്കി ടേബിളിൽ എടുത്തു വച്ചു.
ജോലി കഴിഞ്ഞ് ആദിത്യനും എത്തിയിട്ടുണ്ട്.
അവൻ കുളി കഴിഞ്ഞ് ടീവി കാണുകയാണ്.
നന്ദേട്ടനെ കാണുന്നില്ല.മീര പതിയെ മുറിയിൽ എത്തി നോക്കി.
അയാൾ കിടക്കുകയാണ്.
അവൾ തിരികെ ഡൈനിങ് റൂമിൽ എത്തി.
ഉറക്കെ എല്ലാവരും കേൾക്കെ ഉച്ചത്തിൽ,
ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞു.
ആരും വരുന്നില്ല. വിളിച്ചത് കേൾക്കാഞ്ഞിട്ടൊന്നും അല്ല എന്ന് മീരക്ക് മനസിലായി.
ആരും വരുന്നില്ലല്ലോ മോളേ, മീര ശബ്ദം താഴ്ത്തി അടുത്തു നിന്ന ജ്വാലയോട് പറഞ്ഞു.
അവര് മനപ്പൂർവം വരാത്തതാ അമ്മേ, എന്തായാലും അവർ നമ്മുടെ വഴിക്ക് വന്നല്ലോ,അമ്മ പോയി അച്ഛനെ വിളിക്ക്.
ഉം…
മീര അയാളുടെ അടുത്തേക്ക് ചെന്നു.
മീര ചെന്നത് അറിഞ്ഞിട്ട് അയാൾ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.
നന്ദേട്ടാ… ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്.വന്ന് കഴിക്ക്.
ഉം… അയാൾ മൂളി
നടക്കാൻ ആഞ്ഞ മീരയുടെ കൈയിൽ അയാൾ പിടിച്ചു നിർത്തി.
നിനക്ക് എന്നോട് പൊറുക്കാൻ പറ്റുമോടി?
അയാളുടെ മൂക്കിൻതുമ്പ് ചുവന്നിട്ടുണ്ട്,കവിളുകൾ വിറക്കുന്നു.
പറ്റില്ല അല്ലേ? ഞാൻ ഒരിക്കലും നിന്നെക്കുറിച്ച് ഓർത്തില്ല.എന്റെ കുഞ്ഞിന്റെ അമ്മയാണ് നീയെന്നു പോലും ഞാൻ ഓർത്തില്ല.. പറഞ്ഞു പറഞ്ഞ് അയാളുടെ സ്വരം ഇടറി.
ഇനിയും പിടിച്ചു നിൽക്കാൻ മീരക്ക് ആവില്ലായിരുന്നു.ഇരു കൈകൾ കൊണ്ടും അയാളെ ചേർത്ത് പിടിച്ച്,അയാളുടെ നെഞ്ചിൽ ഒതുങ്ങി നിൽക്കുമ്പോൾ,അയാൾ ഒരു കുഞ്ഞാണെന്ന് അവൾക്ക് തോന്നി.എത്ര തെറ്റ് ചെയ്താലും കഷമിക്കുന്ന,പൊറുത്തു കൊടുക്കുന്ന അമ്മയെ പോലെ അവളുടെ ഇടംനെഞ്ചിൽ സ്നേഹം നിറഞ്ഞു.
അത് മതിയാരുന്നു.അയാൾക്ക്.
അയാൾക്ക് ഭക്ഷണം വിളമ്പിയിട്ട് മീര,ആദിത്യനെ നോക്കി.
ആദിത്യാ വന്ന് ഭക്ഷണം കഴിക്ക്.മീര പറഞ്ഞു.
അയാൾ കൈ കഴുകി വന്നിരുന്നു.
മീര വിളമ്പിയത് അയാൾ കഴിക്കുവാൻ തുടങ്ങി.തൊട്ടടുത്തിരിക്കുന്ന ജ്വാലയെ അവൻ ശ്രെദ്ദിച്ചത് പോലുമില്ല.
ആദിത്യനാണ് ആദ്യം കഴിച്ച് കഴിഞ്ഞത്.കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടു പോയി കഴുകി വച്ചിട്ട് അയാൾ മുറിയിലേക്ക് പോയി.
ജോലിയെക്കുറിച്ചും മറ്റും,നന്ദൻ വാതോരാതെ മീരയോട് പറഞ്ഞു കൊണ്ടിരുന്നു.
മീരയും എന്തൊക്കെയോ പറയുകയും,ചിരിക്കുകയും ചെയ്യുന്നു.
ജ്വാല പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.വിശപ്പ് കെട്ട് പോയിരിക്കുന്നു.
എന്തോ തന്റെ മനസിനെ അലട്ടുന്നു.
അവൾ പാത്രം കഴുകി വച്ചിട്ട്.മുറിയിലേക്ക് ചെന്നു.
ആദിത്യൻ ഫോൺ നോക്കുകയാണ്.അവളെ അയാൾ ശ്രെദ്ദിച്ചത് പോലുമില്ല.
അവൾ കട്ടിലിന്റെ ഒരരുകിൽ ഇരുന്നതും .
അയാൾ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി.
***********
മാസങ്ങൾ അതിവേഗം കടന്ന് പോയി.
ഷോപ്പിന്റെ പണികൾ തീർന്നു,കൂടുതൽ സ്റ്റാഫിനെ നിയമിച്ച്.കൂടുതൽ തുണിത്തരങ്ങൾ കൊണ്ടുവന്നതോടെ കച്ചവടം നല്ലരീതിയിൽ നടന്നു.
അതിൽ ജ്വാലക്ക് ഒരുപാട് സന്തോഷം തോന്നി.
ജ്വാലയുടെ മേൽനോട്ടത്തിൽ ഷോപ്പ് നല്ലരീതിയിൽ മുന്നോട്ട് പോകുന്നത് കൊണ്ട് മീര ഷോപ്പിന്റെ പൂർണ്ണഉത്തരവാദിത്തം ജ്വാലക്ക് നൽകി.
ആദിത്യനും,നന്ദനും ഇപ്പോൾ പഴയത് പോലെയല്ല,വീട്ടിലെ കാര്യങ്ങൾ ഒക്കെ കണ്ടറിഞ്ഞു ചെയ്യും.
അതുമാത്രമല്ല,ജ്വാലക്കും മീരക്കും ഒപ്പം പറ്റുന്നത് പോലെ അടുക്കളയിൽ സഹായിക്കാനും തുടങ്ങി അവർ.
അവർ ജോലികൾ തീർത്ത് ഒരുമിച്ച് വീട്ടിൽ നിന്നിറങ്ങി,അവരുടേതായ ജോലിസ്ഥലങ്ങളിലേക്ക് പോയി.
ആദിത്യനും,ജ്വാലയും തമ്മിലുള്ള അകലം മീരയെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
മോളേ… അവൻ ഇപ്പോൾ മോൾ ആഗ്രഹിക്കുന്ന രീതിയിൽ കുടുംബം നോക്കുന്നുണ്ട്.പക്ഷെ നിങ്ങൾ രണ്ടാളും ഇങ്ങനെ പിണങ്ങിയിരിക്കുന്നത് ഇനിയും അമ്മക്ക് കാണാൻ വയ്യാ.
ഞാൻ ആദിത്യനോട് സംസാരിക്കട്ടെ മോളേ…
ഞാൻ സംസാരിച്ചതാണ് ആദിയോട്.
പക്ഷെ,ആദി പറയുന്നത്…
അവനെന്തു പറഞ്ഞു?
ഈ ബന്ധം അവസാനിപ്പിക്കണമെന്ന്.
മോളേ….. മീര ഞെട്ടലോടെ വിളിച്ചു.
ഭൂമി തനിക്ക് ചുറ്റിലും കറങ്ങുകയാണ്.
മീര ഭിത്തിയിൽ പിടിച്ച് നിൽക്കാൻ ശ്രെമിച്ചു..
അമ്മേ… എന്താ പറ്റിയത്.ജ്വാല അവരെ പിടിച്ച് സെറ്റിയിലേക്ക് ഇരുത്തി.
വെള്ളം വേണോ അമ്മേ…
മീരയുടെ കണ്ണുകൾ ചുവന്നു വിങ്ങി നിറഞ്ഞൊഴുകുകയാണ്.ഉടൽ വിറക്കുന്നു.ശരീരമാകെ വിയർത്തു കുളിച്ചു.
ജ്വാല വെള്ളമെടുത്തുകൊണ്ട് വന്ന് മീരയുടെ മുഖം കഴുകി.ഫാൻ ഓൺ ചെയ്തു.
കുറച്ച് വെള്ളം അവരെക്കൊണ്ട് കുടിപ്പിച്ചു.
അമ്മേ നമുക്ക് ഹോസ്പിറ്റലിൽ പോകാം.
വേണ്ട. …എനിക്ക് മരിച്ചാൽ മതി.
എന്താ അമ്മേ ഇത്?
എന്തിനാ… എന്തിനു വേണ്ടിയാ ഇങ്ങനെ ജീവിക്കുന്നത്.
നീയുണ്ടെങ്കിലെ ഞാൻ ഉള്ളൂ…
അല്ലാത്ത പക്ഷം ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.
എന്തൊക്കെയാ അമ്മേ ഈ പറയുന്നത്.അതിനും മാത്രം എന്തുണ്ടായി.
എന്തുണ്ടായെന്നോ…. എന്റെ കുഞ്ഞേ.. നിന്നെ വേണ്ടെന്ന് വയ്ക്കാൻ അവന് കഴിഞ്ഞാലും എനിക്ക് പറ്റില്ല.
എനിക്കിപ്പോൾ എന്നെക്കാളും വലുത് നീയാ… അവർ അവളുടെ കവിളിൽ തലോടി.
ഈ കുടുംബത്തിന് വേണ്ടി എന്റെ മോൾ എന്തൊക്കെ ചെയ്തു.
എന്നിട്ട് അവസാനം എന്റെ കുഞ്ഞ് ഒന്നും നേടിയില്ലല്ലോ…
അവർ ഉറക്കെയുറക്കെ കരഞ്ഞു.
സാരമില്ലമ്മേ ഇതായിരിക്കും വിധി.
ഇല്ല ഒരു വിധിക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല.എനിക്ക് വേണം മോളേ നിന്നെ…
************
ജ്വാലക്ക് ഉള്ളം പിടയുന്നത് പോലെ തോന്നി.
ഒറ്റ നോട്ടത്തിൽ പ്രണയം തോന്നിയ,ജീവനായ് താൻ കരുതിയ ആളാണ്,തന്നെ വേണ്ടെന്ന് പറയുന്നത്.
എന്തിന് വേണ്ടിയാരുന്നുവോ,താനീ കഷ്ടപ്പെട്ടതൊക്കെയും? അമ്മ പറഞ്ഞത് ശരിയാണ്.ഒടുവിൽ ഞാൻ ഒന്നും നേടുന്നില്ലല്ലോ.
വീട്ടിൽ അച്ഛനോടും,അമ്മയോടും ഒന്നും പറഞ്ഞിട്ടില്ല.
അവരിപ്പോൾ ഒന്നും അറിയണ്ട.പതിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം.
അന്ന് രാത്രിയിൽ ഭക്ഷണം കഴിക്കാൻ അവൾ താഴേക്ക് ഇറങ്ങി ചെന്നില്ല.
മീര വിളിച്ചിട്ടും അവൾ മുറിയിൽ തന്നെ ഇരുന്നു.
അൽപ്പം കഴിഞ്ഞതും അച്ഛൻ മുറിയിലേക്ക് വന്നു.
നന്ദനെ മുറിയിൽ കണ്ടതും,അവൾ എഴുന്നേറ്റു.
മോള് കഴിക്കാൻ വരുന്നില്ലേ?
വിശപ്പില്ലച്ഛാ….
മോളേ…. അയാൾ അവളുടെ ചുമലിൽ പിടിച്ചു.മോൾ വന്നതിൽ പിന്നെയാണ്,ജീവിതത്തിന്റെ,ആത്മാഭിമാനത്തിന്റെ വില ഞാൻ അറിഞ്ഞത്.
അച്ഛാ ഇങ്ങനൊന്നും പറയല്ലേ…
പറയണം മോളേ,എന്റെ മനസ്സിലെ മോളുടെ സ്ഥാനം , അതച്ഛന് പറഞ്ഞു മനസിലാക്കി തരാൻ അറിയില്ല.
അച്ഛാ…. ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു അല്ലേ..
ഇല്ല… നീയെന്റെ കണ്ണ് തുറപ്പിച്ചു.
മോൾ കഴിക്കാൻ വാ… മീര നോക്കിയിരിക്കുവാ.
വരാം.. അച്ഛാ.
ഭക്ഷണം വിളമ്പുമ്പോൾ മീര ഒന്നും മിണ്ടുന്നില്ലായിരുന്നു.
കണ്ണുനീർ ഉണങ്ങിയ പാട് മുഖത്ത് കാണാം. അമ്മ കുളിച്ചിട്ടുപോലുമില്ല എന്ന് അവൾക്ക് മനസിലായി.
യാന്ത്രികമായി ഭക്ഷണം വിളമ്പിയിട്ട് അവർ കസേരയിൽ ഇരുന്നു.
ആദിത്യൻ ഭക്ഷണം കഴിച്ച് തുടങ്ങി.
അച്ഛൻ വെറുതെ ചോറിൽ വിരൽ ഇളക്കിക്കൊണ്ടിരുന്നു.
മീര മറ്റേതോ ലോകത്തിലെന്ന പോലെ ഇരിക്കുകയാണ്.
അച്ഛാ… എനിക്ക് ബാങ്കിൽ ജോലി കിട്ടി.ആദിത്യൻ പറഞ്ഞു.
ഉം…
അമ്മേ… അയാൾ വിളിച്ചു.
ങ്ങേ… അവർ ഞെട്ടിയത് പോലെ തല ഉയർത്തി.
എനിക്ക് ജോലി കിട്ടിയെന്ന്, ബാങ്കിൽ.
അവർ മറുപടിയൊന്നും പറഞ്ഞില്ല.
ജ്വാല ആദിത്യന്റെ മുഖത്തേക്ക് നോക്കി.
അയാൾ തന്നെ ശ്രെദ്ദിക്കുന്നത് പോലുമില്ല.
അവൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് പോയി.
മുറിയിൽ എത്തി കട്ടിലിലേക്ക് കിടന്നു.
വയ്യാ നെഞ്ചിൽ എന്തോ തിക്കുമുട്ടുന്നു.
കണ്ണുകൾ പുകയുന്നു
വിങ്ങി വിങ്ങി കരഞ്ഞവൾ എപ്പോഴോ ഉറങ്ങിപ്പോയി.
തന്റെ കാലുകൾ ആരോ തഴുകുന്നത് പോലെ തോന്നിയപ്പോൾ അവൾ ഞെട്ടിയുണർന്നു.
ആദിത്യനാണ്….അയാളുടെ കൈയിൽ വെള്ളിക്കൊലുസുകൾ.
കിലുങ്ങുന്ന മണികളുള്ള കൊലുസ് അവളുടെ കാലുകളിൽ ഇട്ട് കൊടുത്തിട്ട് അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.
എന്റെ പെണ്ണിന്റെ കൊലുസിന്റെ താളം കേട്ട് വേണം എനിക്കുറങ്ങാൻ…ഉണരാൻ… നിന്റെ ചിരി പോലെ,ഈ മണിക്കിലുക്കം എനിക്ക് കേൾക്കണം.
പെട്ടന്നവൾ അയാളുടെ മുഖം പിടിച്ച് നെറ്റിയിൽ ചുണ്ടികളമർത്തി,…. പിന്നെ കണ്ണിൽ…. കവിളിൽ…..
അവളുടെ കണ്ണുനീരിന്റെ ഉപ്പ് അയാളുടെ ചുണ്ടിൽ പതിഞ്ഞു.
അവളെ ചേർത്തണച്ചു പിടിക്കുമ്പോൾ.അവളൊരു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു
എന്തിനാ എന്നെ വേണ്ടെന്ന് പറഞ്ഞത്,അവൾ ചോദിച്ചു.
പിന്നെ… എന്നെ വാക്കുകൾ കൊണ്ട് വധിച്ച ആളല്ലേ ഇച്ചിരി നോവട്ടെ എന്ന് ഞാനും കരുതി.
പുറത്തപ്പോൾ പതിയെ മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു.
മുറിയിൽ അവരുടെ പ്രണയവും,മഴപോലെ പെയ്തു തുടങ്ങിയിരുന്നു.
*************
ശുഭം.

by