19/04/2026

നീയറിയാതെ : ഭാഗം 10

രചന – അയിഷ അക്ബർ

എന്തിനാ സീതേ ആ കൊച്ചിനെ പുറത്ത് കൊടുക്കുന്നത്… നിനക്കങ്ങെടുത്തു കൂടെ സിദ്ധാർത്തിന്….. താടിയിൽ കൈ വെച്ചു കൊണ്ട് ജാനു പറയുമ്പോഴും തിരിച്ചൊന്നും പറയാനില്ലാത്ത പോൽ സീത മൗനയായി….. ഞാനും അങ്ങനെ തന്നെ വിചാരിചെന്റെ ജാനു ചേച്ചി…..അന്ന മോളേ സിദ്ധു കൊച്ചു കേട്ടുമെന്ന്…. ബിന്ദു കൂട്ടിച്ചേർക്കുമ്പോൾ ചായ ഊതി കുടിക്കുന്ന ആമി യൊന്നു മുഖമുയർത്തി നോക്കി…. നമുക്കാഗ്രഹിക്കാനല്ലേ ജാനു പറ്റു….. തീരുമാനിക്കുന്നതെല്ലാം ഈശ്വരനല്ലേ….. അവന് കല്യാണം വേണ്ടെങ്കി പിന്നെ നമുക്കെന്ത് ചെയ്യാൻ പറ്റും…. നെടുവീർപ്പോട് കൂടിയത് പറഞ്ഞു നിർത്തുമ്പോഴും അവരിലെ നിരാശ മുഖത്ത് പടർന്നിരുന്നു….

അല്ലെങ്കിലും മാധു മോളെക്കാൾ എന്ത് കൊണ്ടും നല്ലത് അന്ന മോള് തന്നെയാണ്…. അന്ന മോൾടെ സ്വഭാവവും പെരുമാറ്റവുമൊക്കെയൊന്ന് വേറെ തന്നെയാണ്…. പോരാധത്തിനു സുന്ദരിയും….. ഇത്രയും വർഷമായിട്ടും ആ കൊച്ചിനെ മറക്കാതിരിക്കാൻ മാത്രം എന്താ ഉള്ളതെന്ന് എനിക്കിപ്പോഴും അറിയില്ല…. ബിന്ദു തന്റെ നയം വ്യക്തമാക്കുമ്പോഴും സിദ്ധാർത്തെങ്ങാൻ കേട്ട് വരോയെന്ന പേടിയിലാവണം ശബ്ദം വളരേ താഴ്ന്നു പോയത്…. ദൂരെ നിന്ന് നോക്കി കാണുന്നവർക്ക് മാതങ്കി ഒന്നുമല്ലായിരിക്കാം…. എന്നാൽ അവളോട് അടുത്തവർക്ക്‌ അവളെ കുറിച് പറഞ്ഞാൽ തീരില്ല…. അത് വരെ നിശബ്ദമായിരുന്ന ആമിയ ത് പറയുമ്പോൾ മാധുവിന്റെ ഓർമകളാൽ അവളുടെ കണ്ണുകൾ വിടർന്നിരുന്നു….. സിദ്ദുവിനോടൊന്ന് കൂടി സംസാരിച്ചു നോക്കിയാലോ അപ്പച്ചീ…. ഒത്തിരി പ്രതീക്ഷയോടെയാണ് ആമിയത് ചോദിച്ചത്…..

കാര്യമില്ല മോളേ….. അവനൊരിക്കലും മാറില്ല…. ഇനിയും പ്രതീക്ഷകൾ കൊടുത്ത് എന്റെ മനസ്സിനെ ഞാൻ വേദനിപ്പിക്കുന്നില്ല….. അവളെവിടെയായാലും സന്തോഷമായിരുന്നാൽ മതി….. അടുക്കളയിലെ ചർച്ചകളൊക്കെ വാതിലിനോരം ചേർന്ന് നിന്ന് അന്ന കേൾക്കുന്നുണ്ടായിരുന്നു.. ഒന്നിനും മറുപടി കൊടുക്കാനോ ആർക്കും മുഖം കൊടുക്കാനോ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ അവൾ പതിയെ മുറിയിലേക്ക് ഉൾവലിഞ്ഞു….. അവളുടെ മുഖത്തെ സന്തോഷങ്ങളെല്ലാം തന്നെ ഇതിനോടകം മാഞ്ഞു കഴിഞ്ഞിരുന്നു…. വിടർന്ന കണ്ണുകളിൽ എപ്പോഴും കണ്ണ് നീർ തളം കെട്ടി നിന്നു….. കണ്ണിനു ചുറ്റും കറുപ്പ് പടർന്നു തുടങ്ങി…..

ഇളം റോസ് നിറത്തിലുള്ള കവിളുകളിൽ കണ്ണുനീര് പാടുകൾ തീർത്തു കൊണ്ടിരുന്നു… അവളുടെ പുഞ്ചിരിയും കുസൃതിയുമെല്ലാം അവൾക്കന്യമായി……. ആ വീട്ടിലെ ഓരോ ഹൃദയങ്ങളെയും അവളുടെ അവസ്ഥ അത്രമേൽ നോവിക്കുന്നുണ്ടായിരുന്നു….. എന്നാൽ വില കൊടുത്ത് വാങ്ങാൻ കഴിയാത്ത അവളുടെ സന്തോഷം അവൾക്ക് കൊടുക്കാൻ അവരുടെ കയ്യിൽ മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല…… ഭക്ഷണം കഴിക്കാതെ ഊണു മേശയെ പിറകിലാക്കി നടന്നകലുന്നവൾ കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടെയും മനസ്സിൽ മുറിവുകൾ ബാക്കിയാക്കി… അവളുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്ന സിദ്ധുവിന്റെ മിഴികൾ നിറയുന്നത് മറ്റാരും കാണാതിരിക്കാൻ അവൻ പാട് പെട്ടു…..

അവളെ കുറിച്ചുള്ള ചിന്തയിൽ അവന്റെ ഹൃദയത്തിലും അസ്വസ്ഥകൾ പടർന്നിരുന്നു… അലക്സ്സ്മായുള്ള കല്യാണത്തിന് വാക്ക് കൊടുത്ത് വന്നതും അവളുടെ അവസ്ഥ ഏറെ സങ്കടകരമായിരുന്നു…. തല വേദന യെന്ന് പറഞ്ഞു ക്ലാസിനു പോലും പോവാതെയായി….. എപ്പോഴും നനഞ്ഞു കുതിർന്ന മിഴികൾ മുറിക്ക് പുറത്തേക്ക് വരാതെയായി…. വീടിലാകെ അലയടിച്ചിരുന്ന അവളുടെ ശബ്ദം നാല് ചുമരുകൾക്കുള്ളിലെ തേങ്ങലുകളായി ബാക്കി നിന്നു….. വിവാഹത്തോടെ എല്ലാം ശെരിയാവുമെന്ന് കരുതി സീതയും മാധവനും ആശ്വസിക്കുമ്പോഴും സിദ്ധു വിനോടുള്ള മൗനത്തിലൂടെ അവനോടുള്ള ദേഷ്യം അവർ പ്രകടിപ്പിച്ചു കൊണ്ടിരുന്നു…. എന്താ സീതേ ഇനി നമ്മൾ ചെയ്യുക…. സീത കൊടുത്ത ഗുളിക കൈകളിൽ വാങ്ങുമ്പോഴാണ് മാധവനത് ചോദിച്ചത്…

എന്റെ പരമ്പര ഇവിടെ നിന്നു പോകുമെന്നോർത്ത് വല്ലാത്ത സങ്കടം തോന്നാ….. അവനാ കൊച്ചിനെ കല്യാണം കഴിച്ചു അവളുടെ ചിരി കളികൾ എന്നും ഇവിടെ ഉണ്ടാവണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു ഞാൻ….. വല്ലാത്തൊരു സങ്കടം ആ മിഴികളിൽ നിറഞ്ഞു നിന്നു…. നമുക്കതിനൊന്നും ഭാഗ്യമില്ലെന്ന് കരുതാം… നെടുവീർപ്പോടെ സീത അതിനെ പിടിച്ചു നിർത്തി…. ആ കൊച്ചിന്റെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയുന്നില്ല…. അവിടമാകെ കനത്ത നിശബ്ദത കൂട്ട് പിടിച്ചു…. അതിൽ നിറഞ്ഞു നിന്നതത്രയും അന്നയെ കുറിച്ചുള്ള വേവലാതിയായിരുന്നു….. അന്നാ….. നീയെന്താ ക്ലാസിനു പോവാതിരുന്നത്… ഏറെ നാളുകൾക്ക് ശേഷമായിരുന്നു അവളോടായി അവൻ മിണ്ടുന്നതു…. കാലുകൾക്ക് മേൽ തല വെച്ചു കിടക്കുന്ന അവളൊന്നു മുഖമുയർത്തി അവനെ നോക്കി…… വയ്യാന്ന് തോന്നി…. പറയുമ്പോഴും ശബ്ദത്തിനൊരു ചിലമ്പലുണ്ടായിരുന്നു…..

നീയിങ്ങനെ കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ സങ്കടങ്ങളൊക്കെ തീരുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ…. അവൻ ആർദ്രമായി ചോദിക്കുമ്പോൾ അവളുടെ അവസ്ഥ കണ്ട് മനസ്സ് വേദനിച്ചാണത് ചോദിക്കുന്നതെന്ന് വ്യക്തമായിരുന്നു….. ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്ക് വേണ്ടി നിങ്ങൾ ജീവിതം തന്നെ വേണ്ടെന്ന് വച്ചേക്കുവല്ലേ…. അങ്ങനെ ചെയ്തത് കൊണ്ട് അവൾ തിരിച്ചു വരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ….. എടുത്തടിച്ച പോലുള്ള അവളുടെ മറുപടി എനിക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പോലുമായില്ല…. മറക്കാൻ ശ്രമിക്കുകയാണ് ഞാൻ നിങ്ങളെ…. പറ്റുമോയെന്നറിയില്ല…. എവിടെ നിന്നോ വന്ന എന്നെ സ്വന്തം മകളായി കണക്കാക്കിയവർക്ക് വേണ്ടി … എല്ലാ സ്നേഹവും തന്ന് ചേർത്ത് പിടിച്ചതിനു എന്നോടവരാദ്യമായി ആവശ്യപ്പെട്ടത് ഇതാണ്…. ഞാനെന്റെ സന്തോഷങ്ങളെ മറന്ന് അവരുടെ സന്തോഷങ്ങളെ ചേർത്ത് പിടിക്കാൻ ശ്രമിക്കുകയാണ്..

മാത്രവുമല്ല…. മരണത്തിൽ നിന്നും കൈ പിടിച് ജീവിതത്തിലേക്കെന്നെ കൂട്ടിച്ചേർത്ത ആൾ ഞാൻ കാരണം വേദനിക്കരുതെന്നെനിക്ക് തോന്നുന്നു….. അവന്റെ മിഴികളിൽ നോക്കിയത് പറയുമ്പോൾ അവളുടെ മിഴികളെ താങ്ങാന് ശേഷിയില്ലാതെ അവൻ നോട്ടം ദൂരേക്ക് പായിച്ചു…. വല്ലാത്തൊരവസ്തയോടെ അവൻ ആ മുറി വീട്ടിറങ്ങുമ്പോഴും മുറിക്കിപ്പുറം എല്ലാം കേട്ടു നിന്നിരുന്ന സീതയുടെ കണ്ണുകളിൽ മുഴുവൻ അവനോടുള്ള ദേഷ്യമായിരുന്നു…. പ്രാണൻ പോകുന്ന വേദനയിലും നിന്നെ അവൾ മറക്കാൻ ശ്രമിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണ്….. അത് പോലെ നീയൊന്ന് ശ്രമിച്ചാൽ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കഴിയും… പറ്റുന്നില്ലമ്മേ….. അവന്റെ കൈകൾ കൊണ്ട് മുഖം പൊത്തിയിരുന്നു…..

മറവി ദൈവം തന്ന ഒരാനുഗ്രഹമാണ് സിദ്ധൂ… മറക്കില്ലെന്ന നിന്റെ മനസ്സിന്റെ വാശിയെയാണ് നീ നിയന്ത്രിക്കേണ്ടത്…. നടന്നു തുടങ്ങിയ അവരോന്ന് തിരിഞ്ഞു നിന്നു…. നിനക്കവളോട് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാണ് അവളെ നീ ഇവിടെ നിർത്തിയത്…. സംരക്ഷിക്കാനായിരുന്നെങ്കിൽ നിനക്കവൾക്ക് മറ്റൊരു സ്ഥലം ഒരുക്കി കൊടുക്കാമായിരുന്നു…. എങ്കിലവളിത്രത്തോളം വേദനിക്കില്ലായിരുന്നു….. പറയുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു…. അതേ അവളെയെനിക്ക് മറ്റെവിടെയെങ്കിലും സുരക്ഷിതയാക്കാമായിരുന്നിട്ടും എന്തിനാനവളെ എന്റെ ജീവിതത്തോട് കൂട്ടിച്ചേർത്തത്…..

ഞാൻ പോലുമറിയാതെ ഏതോ ഒരു ശക്തി എന്റെ ജീവിതത്തിലേക്കും എന്റെ ഹൃദയത്തിലേക്കും അവളെ ചേർത്ത് നിർത്തുന്നുണ്ട്….. അന്ന പതിയെ കാട്ടിലിലേക്ക് ചാഞ്ഞിരുന്നു….. തലക്ക് മുകളിൽ പെട്ടെന്ന് കണ്ട പുക അവളെ എഴുന്നേൽപ്പിച്ചു….. എവിടെ നിന്നോ വന്ന കാറ്റ് ഒരുതരം മടുപ്പുളവാക്കുന്ന ഗന്ധത്തെ മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു…. ആ പുക ചുരുലുകൾക്കിടയിൽ നിന്ന് വെള്ള പുതച്ച ആ രൂപം അവളെ ഉറ്റു നോക്കി കൊണ്ടിരുന്നു…. എന്തിനാ…. എന്തിനാ എന്നെ പിന്തുടരുന്നത്… ഭയതിലേറെ സങ്കടത്തോടെ അവളത് ചോദിക്കുമ്പോൾ ഇരുൾ മൂടിയ മിഴികൾ അവളെ തുറിച്ചു നോക്കിയിരുന്നു….

ആ രൂപത്തിൽ നിന്നും നീണ്ടു വന്ന കൈകൾ അവളിലേക്ക് വരുന്നെന്നുറപ്പായതും അവൾ വേഗത്തിൽ മിഴികൾ കൂട്ടി പിടിച്ചു….. മാധവേട്ടാ…. ഒന്നെഴുന്നേറ്റെ….. അന്ന മോളേ എങ്ങും കാണുന്നില്ല……. വെപ്രാളത്തോടെയുള്ള സീതയുടെ ശബ്ദമാണ് മാധവനെ വിളിച്ചുണർത്തിയത്….. അവിടെയെങ്ങാൻ കാണും… നീ നോക്ക്…. ഇല്ല മാധവേട്ടാ… ഈ വീട് മുഴുവൻ ഞാനവളെ തിരഞ്ഞു.. അവളെങ്ങുമില്ല… എന്നോട് പറയാതെ എങ്ങും പോകുകയുമില്ല…. മിഴികൾ നിറച്ചു സീതയത് പറയുമ്പോൾ ഈശ്വരാ ചതിച്ചോ യെന്ന് പറഞ്ഞു മാധവൻ നെഞ്ചത് കൈ വെച്ചു നിന്നു…… (തുടരും )