രചന – അയിഷ അക്ബർ
വയലുകളും പാടങ്ങളും ഇരുവശങ്ങളെ മനോഹരമാക്കുന്ന ആ റോഡിലൂടെ ഞങ്ങളുടെ കാർ വളരേ വേഗത്തിൽ ചെന്നു നിന്നത് എന്റെ വീടിന്റെ മുന്നിലായിരുന്നു… പഴമയുടെ പ്രൗടി വിളിച്ചോതുന്ന ആ ഇരു നില വീട് ഞങ്ങളെ കാത്തെന്ന പോൽ നിൽക്കുന്നുണ്ടായിരുന്നു…. മരങ്ങളാൽ ചുറ്റപ്പെട്ട ആ വീടിന്റെ മുറ്റത്തു കാർ വന്നു നിൽക്കുമ്പോഴേക്കും ശബ്ദം കേട്ടിട്ടാവണം അമ്മയും അച്ഛനും ഉമ്മറത്തേക്ക് വന്നത്…. കാറിൽ നിന്നിറങ്ങിയ എന്നെ കണ്ട് പുഞ്ചിരിച്ചു കൊണ്ടോടി വരാൻ തുടങ്ങിയ അമ്മ പതിയെ നിശ്ചലയായത് മറു വശത്തു കൂടി അവളിറങ്ങിയപ്പോഴാണ്…. അവളെ കണ്ടതും അവരുടെ മുഖത്താകെ അത്ഭുതമോ ആശങ്കയോ നിറഞ്ഞു നിന്നിരുന്നു….
അന്ന കയറ്….. ഞാൻ പടികൾ കയറുമ്പോഴും മുറ്റത്തു തന്നെ നിൽക്കുന്ന അവളോടായി ഞാൻ പറഞ്ഞു…. അമ്മയും അച്ഛനും എന്നെ കണ്ട ഭാവം പോലുമില്ലാതെ ചോദ്യങ്ങൾ പോലും ചോദിക്കാൻ മറന്ന് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…. സിദ്ധൂ…. ഏതാ ഈ കുട്ടി… ഞാൻ അവളെ കൂട്ടി അകത്തേക്ക് കയറാനൊരുങ്ങുമ്പോഴാണ് പിറകിൽ നിന്നച്ചൻ ചോദിച്ചത്… അച്ഛാ ഇത് അന്ന….. അവളവിടെ തനിച്ചായത് കൊണ്ടും അവളെ കൂട്ടാതെ പോരാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു… അത്രയും പറഞ്ഞു കൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറി….
അവളെ ഉറ്റു നോക്കിയിരുന്ന കണ്ണുകൾക്ക് വളരേ നിഷ്കളങ്കമായ ഒരു നോട്ടം നൽകി അവളും എന്റെ കൂടെ വന്നിരുന്നു….. എന്റെ മുറിയോട് ചേർന്നുള്ള വരാന്തയിലെ ഒരു ഇരിപ്പീടത്തിൽ അവളെ ഞാനിരുത്തി….. വേഗം തന്നെ കുളിച് യൂണിഫോം മാറ്റി ഞാൻ പുറത്തേക്കിറങ്ങിയപ്പോഴും ദൂരെയെങ്ങോ നോക്കിയവളവിടെ തന്നെയിരിക്കുന്നുണ്ടായിരുന്നു……. അന്നാ….. വിളിക്കുമ്പോൾ അവൾ എന്തോ ഓർമയിലെന്ന പോൽ ഞെട്ടിയെഴുന്നേറ്റെന്നെ നോക്കി…..
നീ ഈ മുറിയിലേക്കിരുന്നോളൂ…. എനിക്ക് ഇന്ന് തന്നെ സ്റ്റേഷനിൽ എത്തണം….. കുറച്ചു കഴിഞ്ഞ് ദേഷ്യമൊക്കെ ഒന്ന് കുറയുമ്പോൾ അമ്മ തീർച്ചയായും കഴിക്കാൻ വിളിക്കും….. അപ്പൊ പോയി ഭക്ഷണം കഴിക്കണം…… എനിക്ക് കഴിക്കാൻ നിൽക്കാൻ നേരമില്ല…. ഇപ്പൊ തന്നെ വൈകി….. പറഞ്ഞു തീരുമ്പോഴും അവളുടെ മുഖത്തൊരു ദുഖത്തിന്റെ നിഴൽ തെളിഞ്ഞു കാണപ്പെട്ടു…. പിന്നീടൊന്നും പറയാൻ നിൽക്കാതെ ഞാൻ തിരിയുമ്പോഴാണ് എന്റെ കൈകളിൽ ഒരു പിടുത്തം വീഴുന്നത് ഞാനറിഞ്ഞത്… പെട്ടെന്നുള്ള പ്രവർത്തിയിൽ ഞാൻ ഞെട്ടി അവളിലേക്ക് നോക്കുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു….
അയാളിനിയും വരുമോ സാറേ…. മനസ്സിലെ ഭയം അവളുടെ മിഴികളിൽ പ്രകടമായിരുന്നു…. ഇന്നലത്തെ സംഭവം അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചിരിക്കുന്നുവെന്നെനിക്ക് വ്യക്തമായിരുന്നു….. ഇവിടെ നിന്നെന്റെ സമ്മതമില്ലാതെ ഒരുത്തനും നിന്നെ കൊണ്ട് പോവില്ല….. നീ പോയി വിശ്രമിക്ക്…. എന്റെ വാക്കുകൾ അവളിലുണ്ടാക്കിയ ചെറിയൊരാശ്വാസത്തെ എന്റെ മിഴികളോപ്പിയെടുക്കുന്നുണ്ടായിരുന്നു…… സിദ്ധൂ…. കഴിച്ചിട്ട് പോ…. കഴിക്കാൻ ഇരുത്തി എന്നോടൊന്ന് സംസാരിക്കാൻ അമ്മക്കുള്ള അവസരം പാടേ നിരാശയിലാക്കി ഞാൻ പറഞ്ഞു നിർത്തുമ്പോൾ അമ്മയുടെ ഭാവമെന്തെന്ന് മുഖത്ത് നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു….
അമ്മാ… അവളെയൊന്ന് ശ്രദ്ധിക്കണേ…. കുസൃതിയോടെ ഞാനത് പറഞ്ഞു നിർത്തുമ്പോൾ ചുണ്ട് കൂർപ്പിച്ചു അമ്മയെന്നെ നോക്കുന്നുണ്ടായിരുന്നു…. ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി കാണിച് അവിടെ നിന്നും പുറപ്പെട്ടിരുന്നു…… സീതേ…..ഒരു ഗ്ലാസ് ചൂട് വെള്ളമിങ്ങെടുത്തെ….. മാധവൻ ഉമ്മറത്തിരുന്ന് അടുക്കളയിലേക്ക് നീട്ടി വിളിച്ചു……ദ മാധവേട്ടാ … വെള്ളം…. നീയാ കൊച്ചിനടുത്തേക്ക് പോയി നോക്കിയോ സീതേ.. ഗ്ലാസ് സീതയുടെ കയ്യിൽ നിന്നും വാങ്ങുന്നതിനിടയിലാണ് മാധവനത് ചോദിച്ചത്… ഇല്ല മാധവേട്ടാ….. സിദ്ധുവിന്റെ മുറിയിലാണാ കുട്ടി… പ്രാതൽ തയ്യാറായി കഴിക്കാൻ വിളിക്കാമെന്ന് കരുതി…. മ്മ്മ്….മൂളലിനൊപ്പം ചൂട് വെള്ളം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ഗ്ലാസ്സവർക്ക് നേരെ നീട്ടിയിരുന്നു……
സീത മുറിയിലെത്തുമ്പോൾ ജനലരികെ ദൂരേക്ക് മിഴികൾ പായിച്ചു നിൽക്കുന്നവളെയാണ് കണ്ടത്…… ഭക്ഷണം കഴിക്കാൻ വന്നോളൂ….. അത് പറഞ്ഞു തിരികെ പോരാൻ നിൽക്കുമ്പോഴാണ് അവരവളെ ശ്രദ്ധിച്ചത്…. പാറിപ്പറന്ന മുടിയിഴകൾ…. കരഞ്ഞു തളർന്ന മിഴിയിണകൾ….നെറ്റിയിലെ മുറിവിൽ രക്തം പറ്റിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു… ഒരു ഭാഗം കീറിയ ഒരു ചുരിദാരായിരുന്നു വേഷം…. അവർ പെട്ടെന്ന് തന്നെ ആ മുറിക്കുള്ളിലേക്ക് കയറി… അലമാര തുറന്ന് ഒരു ഡ്രെസ്സെടുത്തവൾക്ക് നേരെ നീട്ടി…
ആദ്യം കുളിചൊന്ന് വസ്ത്രം മാറിക്കോളു…. മുറിക്കുള്ളിലുള്ള കുളിമുറിയിലേക്ക് ചൂണ്ടിയവരത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നിയിരുന്നവൾക്ക്…. അവൾ ആ വസ്ത്രവും വാങ്ങി കുളിമുറിയിലേക്ക് കയറി കുളിച്ചു വന്നപ്പോഴും അവർ മുറിയിലുണ്ടായിരുന്നു….. ഒരു പെട്ടിയിൽ നിന്ന് കയ്യിട്ടെന്തൊക്കെയോ എടുക്കുന്നുണ്ടായിരുന്നു.. മഞ്ഞ യും പച്ചയുമായ ഒരു ദാവണിയായിരുന്നവർ അവൾക്ക് കൊടുത്തിരുന്നത്…. ദാവണി എങ്ങനെ ഉടുക്കണമെന്നറിയാത്ത അവൾ എങ്ങനെയോ അതിനെ ചുറ്റി വെച്ചിരുന്നു… എങ്കിലും ആ നിറത്തിൽ അവളുടെ സൗന്ദര്യം കത്തി നിന്നിരുന്നു…..
അവളെ കണ്ട പാടേ അൽപ സമയം അവളെ തന്നെ നോക്കിയവർ നിന്നു… പിന്നീട് അവർ ചുറ്റിക്കെട്ടിയ ആ ശാളിനെ എടുത്ത് വൃത്തിയായി അവൾക്ക് മേലാ ദാവണി ചുറ്റി കൊടുത്തു.. പെട്ടെന്നുള്ള പ്രവർത്തിയിൽ അവളൊന്ന് അമ്പരന്നെങ്കിലും കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്തൊരു പ്രകാശം പരന്നിരുന്നു….. ഒരു നാട്ടിൻ പുറത്തുകാരിയിലേക്കുള്ള അവളുടെ മാറ്റം അവളിൽ സന്തോഷമുണ്ടാക്കിയിരുന്നു…… അപ്പോഴും അവരുടെ മുഖത്ത് ഒരു ഗൗരവം നിറഞ്ഞു നിന്നിരുന്നു…..അതവളിൽ വല്ലാത്തോരു വേദനയായി നിന്നു…..
നേരത്തെ നീക്കി വെച്ച പെട്ടിയിൽ നിന്നും മരുന്നെടുത് അവൾക്ക് നേരെ നീട്ടിയിരുന്നു…. ഇത് മുറിയിൽ പുരട്ടിക്കോളൂ….. പറഞ്ഞു കൊണ്ട് അവിടെ നിന്നും തിരിഞ്ഞിറങ്ങുമ്പോഴാണവൾ അവരെ വിളിച്ചത്…. അമ്മേ… അവർ പതുക്കെ തിരിഞ്ഞു നോക്കി…. അമ്മേയെന്ന് വിളിക്കാൻ പറ്റുമോയെന്നറിയില്ല…. ഞാനും സാറും തമ്മിലൊരു ബന്ധവുമില്ല….. ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയാണ് സാറേന്നെ കൊണ്ട് വന്നത്.. എത്രയും പെട്ടെന്ന് തന്നെ ഞാനിവിടെ നിന്ന് മാറിക്കോളാം……. പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു… നീയും അവനുമായി ഒരു ബന്ധവുമില്ലാന്ന് അമ്മക്ക് നന്നായറിയാം….. നിന്നെയെന്നല്ല ഒരു പെണ്ണിനും കയറി കൂടാനുള്ള ഒരിടം ആ മനസ്സിലില്ല…..
ഒരുപക്ഷെ അവൻ നിന്നെ കല്യാണം കഴിച്ചായിരുന്നു കൂട്ടി കൊണ്ട് വന്നതെങ്കിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും….. അവൻ സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്നത് കാണാൻ നേർച്ചയും വഴിപാടുമായി നടക്കുന്നവരാണ് മോളേ ഞങ്ങൾ….. സിദ്ധാർത്തിന്റെ ജീവിതത്തെ കുറിച് അറിയണമെന്നുണ്ടായിരുന്നെങ്കിലും ചോദ്യങ്ങൾ ചോദിക്കാൻ മാത്രം താനാരുമല്ലെന്നുള്ള തിരിച്ചറിവ് അവളിൽ നിറഞ്ഞു നിന്നു… മോളോട് ഈ അമ്മക്കൊരു ദേഷ്യവുമില്ല… എത്ര വേണമെങ്കിലും മോൾക്കിവിടെ താമസിക്കാം…..ഒരുപാട് യാത്ര ചെയ്തതല്ലേ… ഭക്ഷണം കഴിച്ചു വന്നൊന്ന് കിടന്നോളു…
പറഞ്ഞു കൊണ്ട് അവളുടെ മുഖത്ത് തഴുകുമ്പോൾ അവളറിയുന്നുണ്ടായിരുന്നു ഒരമ്മയുടെ വാത്സല്യം…. അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ പോകുമ്പോഴു ഹൃദയത്തിൽ വല്ലാത്തൊരു തണുപ്പ് നിറഞ്ഞു നിന്നിരുന്നു….. മേശ മേൽ വിളമ്പി വെച്ചിരുന്ന ഭക്ഷണങ്ങൾക്കരികിലായി മാധവൻ ഇരിക്കുന്നുണ്ടായിരുന്നു… അങ്ങോട്ടിരുന്നോളൂ…. അവൾക്ക് വെച്ച പാത്രത്തിലേക്ക് ചൂണ്ടി സീതയത് പറയുമ്പോഴും അവളൊന്നു മടിച്ചു നിന്നു…. ഞാൻ അടുക്കളയിലിരുന്നോളാം… വളരേ ശാന്തമായി അത് പറയുമ്പോൾ മാധവനവളെയൊന്ന് നോക്കിയിരുന്നു….. ഞാനിരിക്കുന്നത് കൊണ്ടാണ് മോൾക്ക് ബുദ്ധിമുട്ടെങ്കിൽ ഞാൻ മാറി തരാം…. സീതേ അവൾക്ക് വയറു നിറച്ചു ഭക്ഷണം കൊടുക്ക്…..
അത് പറഞ്ഞു എഴുന്നേൽക്കാൻ നിന്ന മാധവനെ അവൾ അത്ഭുതത്തോടെ നോക്കി നിന്നു…… ഇത്രയും ഹൃദയ വിശാലതയുള്ളവർക്കിടയിലേക്കെത്തി പെട്ടതിന് അവൾ കർത്താവിനോട് നന്ദി പറയുകയായിരുന്നുന്നേരം….. വേണ്ട….. എഴുന്നേൽക്കേണ്ടാ….. ഞാനിവിടെ തന്നെയിരുന്നോളാം….എനിക്കൊരു ബുദ്ധിമുട്ടുമില്ല…… പറയുമ്പോൾ ആ സ്വരം അത്രയേറെ നേർത്തതായിരുന്നു….. ഒരു കസേര എടുത്ത് അവളതിലേക്കിരിക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് മാധവനും കഴിച്ചു തുടങ്ങിയിരുന്നു….. അത്രമേൽ സ്നേഹത്തോടെ തന്നെ ഊട്ടുമ്പോഴും അവൾ നിറ മിഴികളോടെയായിരുന്നു കഴിച്ചത്…. അമ്മച്ചി പോയതിനു ശേഷം വയറു നിറച്ചു ഭക്ഷണം കഴിച്ചത് അന്നായിരുന്നു….
വയറിനൊപ്പം മനസ്സും നിറഞ്ഞാണന്നാ മേശയിൽ നിന്നും എഴുന്നേറ്റത്….. സന്ധ്യാ നാമം ജപിക്കുകയായിരുന്ന സീതക്കടുത്തായി അവളിരുന്നു…… ഉമ്മറത്തെ ചാരു കസേരയിൽ മാധവനും ഇരിക്കുന്നുണ്ടായിരുന്നു…. എന്തോ ആവശ്യത്തിനായി സീത അടുക്കളയിലേക്ക് തിരിഞ്ഞപ്പോഴാണ് മുറ്റത്തു വണ്ടി വന്നു നിന്നത്….. അവനാണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവളെഴുന്നേറ്റ് വാതിലിന്റെ മറവിൽ നിന്നൊന്ന് പാളി നോക്കിയിരുന്നു…. അവൻ അകത്തേക്ക് കയറിയതും വാതിലിനോരത്തായി നിൽക്കുന്ന വളെയാണ് കണ്ടത്….. അവന്റെ കണ്ണുകൾ ചുവന്നിരുന്നു…..
ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത പോൽ അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു… എവിടെയൊക്കെയോ ദുഖത്തിന്റെ ഒരു നിഴലും അവനിൽ പ്രത്യക്ഷമായി…. ആരോട് ചോദിച്ചിട്ടാടീ നീയിതുടുത്തത്….. അവളുടുത്ത വസ്ത്രങ്ങളിലേക്ക് നോക്കിയവൻ അലറുമ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു….. ചുവന്ന മിഴികളുമായി അവനവളുടെയെടുത്തേക്ക് നീങ്ങി തുടങ്ങുമ്പോൾ അവൾ ഭയന്ന് പിറകിലേക്ക് പോയിരുന്നു… എടാ പോലീസുകാരാ….. പെട്ടെന്നുള്ള സീതയുടെ വിളിയിൽ അവൻ തിരിഞ്ഞു നോക്കി…..
നിന്റെ ചോദ്യം ചെയ്യലൊക്കെ നിന്റെ സ്റ്റേഷനിൽ മതി… ഇതെന്റെ വീടാ…. അല്ലെങ്കിൽ തന്നെ നീയെന്തിനാ അവളുടെ മെക്കിട്ടു കയറുന്നത്…. ഞാനാ അതവൾക്ക് കൊടുത്തത്….. നീയാദ്യം എന്നെ ചോദ്യം ചെയ്യടാ…. അതൊന്ന് ഉടുത്തെന്ന് വെച്ച് ആ വസ്ത്രത്തിനോ അവൾക്കോ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല…. പിന്നെന്താടാ….. കീറിപ്പറിഞ്ഞ ഒരു കുപ്പായമിട്ട് നിൽക്കുന്നവൾക്ക് മാറ്റിയുടുക്കാനെന്തെങ്കിലും ഉണ്ടോയെന്നു നീയന്ന്വേഷിച്ചോ….. എന്നിട്ടവൻ ചോദ്യം ചെയ്യാൻ വന്നേക്കുന്നു…..
ഇത്രയും പറഞ്ഞു സീത നിർത്തുമ്പോഴേക്കും അവനൊന്ന് കെട്ടടങ്ങിയിരുന്നു….. മോള് വാ….. അവനരികിലായി മിഴികൾ നിറച്ചു നിൽക്കുന്നവളെ കൈ പിടിച്ചവരകത്തേക്ക് കൊണ്ട് പോകുമ്പോഴും അവളുടെ മിഴികൾ അവനിൽ തന്നെ തറഞ്ഞ് നിന്നു….. മോള് സങ്കടപ്പെടണ്ട…. അവനു പെട്ടെന്ന് ദേഷ്യം വരും അത് പോലെ പോകുകയും ചെയ്യും…. ഇനി മുതൽ ഇതാണ് മോൾടെ മുറി…..വളരേ വിശാലമായ ആ മുറി തന്റെ വീടിനോളം വലിപ്പമുണ്ടെന്ന് അവൾ മനസ്സിലോർത്തു….. അപ്പോഴും അവളുടെ മനസ്സിൽ സങ്കടം അണപൊട്ടിയോഴുകിയിരുന്നു……
അവളുടെ മുറിയിലിരുന്നാൽ സിദ്ധുവിന്റെ മുറിയിലേക്ക് നേരെ കാണാമായിരുന്നു… അവൻ മുറിയിലേക്ക് വരുന്നത് കണ്ടതും അവൾ അവളുടെ മുറിയുടെ വാതിലടച്ചിരുന്നു…… രാത്രി ഭക്ഷണം കഴിക്കാൻ വന്നിരിക്കുമ്പോൾ സീത പാത്രങ്ങൾ മേശ മേൽ വെക്കുകയായിരുന്നു…. അമ്മേ…. അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ലേ….. അവളെ കാണാത്തത് കൊണ്ട് തന്നെ ചോദ്യം മനസ്സിലൊതുക്കാൻ എനിക്കാവുമായിരുന്നില്ല…. അമ്മ തന്നോടല്ലെന്ന ഭാവത്തിൽ ജോലി തുടർന്ന് കൊണ്ടിരുന്നു…. അമ്മേ….. ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ ഞാൻ വീണ്ടും വിളിച്ചു….
എനിക്കാരേയും വിളിക്കണ്ട കാര്യമില്ല…. നീയല്ലേ അവളെ കൊണ്ട് വന്നത് അവളെ വഴക്ക് പറയാനുള്ള അധികാരം നിനക്കുണ്ടെങ്കിൽ അവളെ കഴിപ്പിക്കേണ്ടതും നീ തന്നെയാണ്….. അവളെ വഴക്ക് പറഞ്ഞതിലുള്ള പ്രതിഷേധം അമ്മയിൽ പ്രകടമായിരുന്നു…. അച്ഛൻ വന്നിരിക്കുമ്പോഴും ആദ്യം അന്നേഷിച്ചത് അവളെയായിരുന്നു…. അവൾക്ക് വേണ്ടാന്ന് പറഞ്ഞു മാധവേട്ടാ….ആ കൊച്ചാകെ പേടിച്ചിട്ടുണ്ട്…. അച്ഛനോട് അമ്മയത് പറയുമ്പോഴും എന്നെ തുറിച്ചു നോക്കുന്നത് ഞാനറിഞ്ഞിരുന്നു…. ഹാ… എങ്ങനെയാ പേടിക്കാതിരിക്കാ…. അവന്റെ അലർച്ച കേട്ട് ഞാൻ തന്നെ പേടിച് പോയി……
പറയുമ്പോൾ എന്നെ ഒന്ന് കടുപ്പിച്ചു നോക്കാനും അച്ഛൻ മറന്നിരുന്നില്ല….. അവരൊക്കെ കഴിച്ചു തുടങ്ങിയപ്പോഴും എനിക്കെന്തോ ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല…. ഞാൻ പതിയെ എഴുന്നേറ്റു… അമ്മയും അച്ഛനും എന്നെ തന്നെ നോക്കുന്നുണ്ട്….. ഞാൻ നടന്നവളുടെ മുറിയുടെ വാതിലിൽ മുട്ടി… അവൾ പതിയെ കതക് തുറന്ന്…..കണ്ണുകൾ ചുവന്നിരുന്നു…. നീയെന്താ ഭക്ഷണം കഴിക്കാൻ വരാത്തത്…. വിശപ്പില്ല…. മുഖത്ത് നോക്കാതെ തന്നെ മറുപടി തന്നു…… വിശപ്പൊക്കെ ഉണ്ടായിക്കോളും… വന്ന് ഭക്ഷണം കഴിക്ക്….. എനിക്ക് വേണ്ട…..
വീണ്ടും രണ്ട് തവണ കൂടി പറയുമ്പോഴും അവൾ പിടിവാശിയിൽ തന്നെയായിരുന്നു…..അപ്പോഴേക്കും എനിക്കാകെ ദേഷ്യം വന്നിരുന്നു…. വന്ന് ഭക്ഷണം കഴിക്കെടീ…. ഞാൻ അവളോട് ദേഷ്യപ്പെട്ടപ്പോഴേക്കും അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ അവളെന്റെ കൂടെ വന്നിരുന്നു….. എന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു നിന്നു…. അവളെയും കൊണ്ട് മേശ മേലെത്തിയപ്പോൾ കണ്ടിരുന്നു എന്നെ അത്ഭുതത്തോടെ നോക്കുന്ന അച്ഛനെയും അമ്മയെയും…. എന്നിൽ നിന്നിങ്ങനൊരു പ്രവർത്തി അവർ പ്രതീക്ഷിച്ചിട്ടില്ലെന്നവരുടെ മിഴികളെന്നോട്പറഞ്ഞിരുന്നു….. അപ്പോഴേക്കും അവരുടെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിടർന്നിരുന്നു…..

by