രചന – അയിഷ അക്ബർ
ആ വീട് മുഴുവൻ അവരവളെ തിരഞ്ഞു…. എന്നാൽ അവളവിടെയെങ്ങുമുണ്ടായിരുന്നില്ല….. നീ പോയി സിദ്ധൂനെ വിളിച്ചിട്ട് വാ സീതേ…. വെപ്രാളത്തോടെ മാധവന്നത് പറഞ്ഞു നിർത്തുമ്പോഴേക്കും സീത സിദ്ധുവിന്റെ മുറിയിലേക്ക് പോയിരുന്നു…. സിദ്ധൂ….. സിദ്ധൂ…. തുടരെ തുടരെ സീത വാതിലിൽ മുട്ടി കൊണ്ടിരുന്നു… വാതിൽ അകത്തു നിന്ന് പൂട്ടിയിട്ടില്ലെന്ന് തോന്നിയപ്പോഴാനവർ വാതിൽ തുറന്നു നോക്കിയത്….. പെട്ടെന്ന് കണ്ട കാഴ്ചയിൽ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….. കണ്മുന്നിൽ കണ്ട കാഴ്ചയിൽ അവർ സ്വപ്ന ലോകത്താണെന്നൊരുവേള ചിന്തിച്ചു പോയി…. അന്നയും സിദ്ദുവും ആ മുറിയിൽ മുഖത്തോട് മുഖം നോക്കി നിന്നിരുന്നു..
കുറ്റവാളികളെ പോലെ തന്റെ മുന്നിൽ നിൽക്കുന്ന അവരോട് എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ സീത വല്ലാതായി….. അവളുടെ മുടിയിഴകൾ അലക്ഷ്യമായി പാറി പറന്നു..അവരുടെ മിഴികളിൽ ഉറക്കത്തിന്റെ ആലസ്യം വിട്ടു മാറിയിരുന്നില്ല… ഒട്ടും പ്രതീക്ഷിക്കാത്ത ആ കാര്യത്തിന് സാക്ഷിയാവാൻ സീതക്ക് പിറകെ മാധവനുമെത്തിയിരുന്നു… അവരെ കണ്ട മാത്രയിൽ ഒരു നിമിഷം മാധവനും നിശ്ചലനായി…… പിന്നീട് പതിയെ അവിടെ നിന്നും നടന്നകന്നു…. അമ്മേ….. മാധവന് പിറകെ ഒന്നും മിണ്ടാനില്ലാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് സീതയെ സിദ്ധാർഥ് വിളിച്ചത്…. ന്യായീകരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല……
അലെക്സിന്റെ വീട്ടിലേക്ക് വിളിച്ചു പറയണം ഈ കല്യാണം നടക്കില്ലേന്ന്…. മാത്രവുമല്ല എത്രയും പെട്ടെന്ന് തന്നെ നല്ലൊരു മുഹൂർത്തം നോക്കി നീയിവളുടെ കഴുത്തിൽ താലി കെട്ടിയിരിക്കും…. തിരിഞ്ഞു നിന്നവരത് പറയുമ്പോൾ എതിർക്കാനാവാത്ത വിധം ദൃഢമായിരുന്നാ വാക്കുകൾ….. തെറ്റ് പറ്റിയെന്ന കാരണത്താൽ തിരിച്ചു പറയാനുള്ള അവന്റെ ധൈര്യവും എങ്ങോ ചോർന്നു പോയ്…. അവളുടെ മിഴികളിൽ അപ്പോഴും സങ്കടം നിഴലിട്ട് നിന്നു…… അവന്റെ മുഖത്തേക്ക് സഹതാപത്തോടെ നോക്കിയ നോട്ടത്തിൽ അവൻ താഴേക്ക് നോക്കി നിന്നു…… പിന്നീടങ്ങോട്ട് കല്യാണത്തിനുള്ള ഒരുക്കങ്ങളായിരുന്നു…. അമ്മയും അച്ഛനും ഓടിനടന്ന് എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുമ്പോഴും മുഖത്തെപ്പോഴും ഗൗരവം കാണപ്പെട്ടു….
അവരിൽ നിന്നും മനസ്സ് കൊണ്ടൊത്തിരി അകന്ന പോലെ തോന്നിയിരുന്നവൾക്ക്…. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം കയ്യിലെത്തുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു….. അച്ഛന്റെയും അമ്മയുടെയും മൗനം അവളെ അത്രത്തോളം വേദനിപ്പിക്കുന്നുണ്ടായിരുന്നു……. ആ ദിവസത്തിന് ശേഷം സിദ്ധു ആർക്കും മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല….. രാവിലെ പോയാൽ രാത്രി ഒത്തിരി വൈകിയെ വരുമായിരുന്നുള്ളു… അന്നത്തെ രാത്രിയെ കുറിച് സംസാരിക്കാൻ പോലുമരവസരം അവൻ നൽകിയില്ല….. അങ്ങനെ ആ ദിവസം വന്നെത്തി…. അടുത്ത ബന്ധുക്കളും അയൽവക്കക്കാരുമായി കുറച്ചാളുകൾ മാത്രം ആ നിമിഷത്തിന് സാക്ഷിയായി… സിദ്ധുവിന്റെ താലി ഏറ്റു വാങ്ങുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണെന്നവൾക്കറിയാമായിരുന്നു വെങ്കിലും എന്തോ മനസ്സിലൊരു ഭാരം നിറഞ്ഞു നിന്നു…..
സീതയും മാധവനും സന്തോഷം കൊണ്ട് മിഴികളോപ്പുമ്പോഴും സിദ്ധുവിന്റെ മുഖത്ത് നിർവികാരത നിറഞ്ഞു നിന്നു….. ചടങ്ങേല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും എന്തോ ഒരുതരം ഒറ്റപ്പെടൽ അവളറിഞ്ഞിരുന്നു….. അമ്മയും അച്ഛനും അവരുടെ തിരക്കുകളിലേക്ക് ഊളിയിടുമ്പോഴും സിദ്ദു അവിടെയുണ്ടായിരുന്നില്ല… അവൻ കയറി വന്നപ്പോഴേക്കും നേരം ഒത്തിരി ഇരുട്ടിയിരുന്നു….. സിദ്ദുവിനെ കണ്ടതും കയ്യിലൊരു ഗ്ലാസ് പാല് തന്ന് കൊണ്ട് മുറിയിലേക്ക് പൊയ്ക്കോളൂ എന്നമ്മ പറഞ്ഞപ്പോൾ അവളാ കൈകളിൽ പിടിച്ചു…. ഞാനൊരു തെറ്റും ചെയ്തിട്ടില്പമ്മേ…. നിങ്ങളെന്നോട് കാണിക്കുന്ന അകൽച്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു… സ്വന്തമെന്ന് പറയാൻ ആരുമില്ലാതെനിക്ക് എല്ലാം നിങ്ങളാ….. പെറ്റമ്മയുടെ സ്നേഹം തന്ന് ചേർത്ത് പിടിച്ച ആളിന്ന് അന്യമായി പെരുമാറുമ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം… പറയുമ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു തൂവി…
അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട നിമിഷത്തിൽ പോലും അവൾക്കാരുമില്ലെന്ന തിരിച്ചറിവ് സീതയെയും നൊമ്പരപ്പെടുത്തിയിരുന്നു… അവൾ അമ്മയുടെ ചേർത്ത് പിടിക്കലിനോത്തിരി ആഗ്രഹിക്കുന്ന സമയമായിരിക്കു ഇതെന്ന് സീത നോവോടെ ഓർത്തു …. അമ്മക്ക് മോളോട് ദേഷ്യമൊന്നുമില്ല…. ഏറെ ആഗ്രഹിച്ചൊരു കാര്യമാണിന്ന് നടന്നതെങ്കിലും മനസ്സിലൊരു ഭാരം…. എന്തായാലും നടന്നത് നടന്നു…. ഇനിയിപ്പോ അതൊന്നും ആലോചിക്കേണ്ട…. അവനെ മനസ്സറിഞ്ഞു സ്നേഹിച്ചാൽ മതി…. അവളുടെ കവിളിൽ തലോടി സീതായത് പറയുമ്പോൾ അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു… താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ വിശ്വസിച്ചിട്ടില്ലെന്ന് അവൾക്ക് തോന്നി… ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും മുമ്പിൽ നിരത്താൻ അവളുടെ കയ്യിൽ തെളിവുകളെത്തുമില്ലാത്തത് കൊണ്ട് തന്നെ അവളുടെ വാക്കുകളെ മൗനത്തിലൊതുക്കി…
പതിയെ മുറിയിലേക്ക് നടന്നു പോകുമ്പോൾ മനസ്സിൽ മുഴുവൻ ഭയമായിരുന്നു…. മുറിയിലേക്കവൾ കയറി ചെല്ലുമ്പോൾ സിദ്ധു കണ്ണുകളടച്ചു കട്ടിലിൽ കിടക്കുകയായിരുന്നു… അവളുടെ കാൽപെരുമാറ്റം കേട്ടിട്ടൊന്നും അവൻ കണ്ണുകൾ തുറന്നില്ല…. അവൾ കയ്യിലുള്ള ഗ്ലാസ് അരികിലായുള്ള മേശമേൽ വെച്ചു കൊണ്ട് അവനെ നോക്കി നിന്നു.. എന്നാൽ അവൻ യാതൊരു വ്യത്യാസവുമില്ലാതെ മിഴികളടച്ചു തന്നെ കിടന്നു… അന്നത്തെ ആ സംഭവത്തിന് ശേഷം സിദ്ദുവിനെ ഇത്ര അടുത്തവൾ കാണുന്നത് തന്നെ ആദ്യമായിരുന്നു…. അവനോടൊന്ന് സംസാരിക്കാൻ അവളുടെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു……
സിദ്ദുവേട്ടാ….. അവൾ പതിയെ വിളിച്ചു…. അവൻ പതിയെ മിഴികൾ തുറന്ന് അവളെ നോക്കി… അന്ന് ഞാൻ….. പറഞ്ഞു മുഴുവനാക്കും മുന്പേ അവൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റിരുന്നു…. മിണ്ടരുത് നീ….. അവന്റെ മുഖത്തെ അവളുടെ മുഖത്തേക്കടുപ്പിച്ചു ചൂണ്ടു വിരലിനെ ചുണ്ടുകൾക്ക് മേൽ വെച്ചവനത് പറയുമ്പോൾ കണ്ണുകളിൽ തീയായിരുന്നു….. അവൾ ഭയന്ന് കൊണ്ടല്പം പുറകിലേക്ക് നീങ്ങി നിന്നിരുന്നു…. നീ ആഗ്രഹിച്ച പോലെ നേടിയെടുത്തല്ലോ നീ സിദ്ധാർത്തിന്റെ ഭാര്യാ പദവി….. അതിനിത്രയും തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല….. അവളുടെ സങ്കടങ്ങളെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ട അവ മിഴികളിലൂടെ പെയ്തിറങ്ങിയിരുന്നു…. എന്റെ ഭാര്യ ആയി കഴിഞ്ഞാൽ നിന്നെ സ്നേഹിക്കുമെന്നും അവളെ മറക്കുമെന്നും കരുതിയെങ്കിൽ നിനക്ക് തെറ്റി….. ഈ സിദ്ധുവിന്റെ ശ്വാസം നിലക്കുന്നത് വരേയീ ചങ്കിൽ അവൾ മാത്രമേ ഉണ്ടാവുകയുള്ളു…
പലവട്ടം കേട്ടതാണെങ്കിലും ഇന്നത് കേൾക്കുമ്പോൾ അവളുടെ മനസ്സ് ആഴത്തിൽ മുറിപ്പെടുന്നുണ്ടായിരുന്നു… നീ പറഞ്ഞത് ശെരിയാ… അവൾക്ക് ശേഷം മാറ്റാരോടും തോന്നാത്ത ഒരടുപ്പം നിന്നോട് എപ്പോഴൊക്കെയോ തോന്നിയിരുന്നു….മാധുവിനെ ഞാൻ മറന്ന് പോകുമോയെന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു… ആ സ്വരം അത്ര മേൽ ആർദ്രമാവുന്നതവളറിഞ്ഞു…… എന്നാലിപ്പോളെനിക്കാ ഭയമില്ല…. നിന്നോട് തോന്നിയ ആ ഇഷ്ടത്തിന്റെ പതിന്മടങ് ഞാൻ നിന്നെയിപ്പോൾ വെറുക്കുന്നു…. നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴി….. പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്പേ തലയണ കയ്യിലെടുത്തവൻ തറയിലേക്ക് കിടന്നിരുന്നു.. തിരിച്ചൊന്നും പറയാൻ പോലുമാവാതെ ശില കണക്കെ അവൾ നിന്നു.. അവന്റെ പല ഭാവങ്ങളും അവൾ കണ്ടിട്ടുണ്ടെങ്കിലും വെറുപ്പിന്റെ ഭാവം അവൾക്ക് തീർത്തും അപരിചിതമായിരുന്നു… എന്നാലിനി മുതൽ തനിക്ക് നേരെ നീളുള്ള ഓരോ നോട്ടങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്നത് ആ ഭാവം മാത്രമാണെന്ന് അവളുടെയുള്ളിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു…. അവൾ പതിയെ കട്ടിലിലേക്ക് ചാഞ്ഞിരുന്നു….
മിഴികളിൽ നിന്നും പൊഴിഞ്ഞ കണ്ണുനീരവളുടെ തലയണയെ നനച്ചു കുതിർത്തിയിരുന്നു….. അന്നത്തെ രാത്രി ആ രൂപം കണ്ടവൾ വല്ലാതെ ഭയന്നിരുന്നു.. പിന്നീട് എന്ത് സംഭവിച്ചുവെന്നറിയില്ല…. വാതിലിൽ മുട്ട് കേട്ടാണ് മിഴികൾ തുറന്നത്…. എന്നാൽ തന്റെ മുറിയല്ലായിതെന്ന് ഓർത്തപ്പോഴേക്കും കൂടെ കട്ടിലിൽ കിടക്കുന്ന സിദ്ദുവിനെ കണ്ടിരുന്നു.. നീയെന്താ ഇവിടെയെന്ന ഭാവത്തിൽ അവനവളെ നോക്കുന്നുണ്ടായിരുന്നു… ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഒന്നും പറ്റിയ സമയമായിരുന്നില്ലത്….. അമ്മ വാതിലിൽ മുട്ടി കൊണ്ടിരുന്നു….. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ആ നിമിഷം വാതിൽ തുറക്കപ്പെട്ടു …
അമ്മയുടെയും അച്ഛന്റെയും മുമ്പിൽ കുറ്റവാളിയെപ്പോലെ നിൽക്കുമ്പോഴും തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസം രണ്ടു പേർക്കുള്ളിലുമുണ്ടായിരുന്നു… എന്നാൽ അവരെ വിശ്വസിപ്പിക്കാനുള്ള മാർഗങ്ങളൊന്നും മുമ്പിലില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണിരുവരും മൗനമായത്…… ഓർക്കും തോറും അവളുടെ ഹൃദയം നോവുന്നുണ്ടായിരുന്നു…. അവളെഴുന്നേൽക്കുമ്പോഴും അവൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല… അടുക്കളയിലേക്ക് കയറി ചെല്ലുമ്പോഴേ അമ്മയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു…. മകനൊരു ജീവിതമുണ്ടായിയെന്ന് സമാധാനിക്കുന്ന ആ അമ്മയോട് അവൾക്കൊന്നും പറയാനുണ്ടായിരുന്നില്ല… അവളും ചിരിക്കാൻ ശ്രമിച്ചു…. കുളിയൊക്കെ കഴിഞ്ഞ് യൂണിഫോം മാറ്റി വരുന്നത് കണ്ടപ്പോഴാണ് ചായ കൊണ്ടവൾ അവനടുത്തേക്ക് ചെന്നത്..
അവളെ കണ്ടതും അവന്റെ മുഖ ഭാവം ആകെ മാറിയിരുന്നു….. ചായ ഗ്ലാസ് വാങ്ങി നിലത്തേക്കോരൊറ്റ ഏറായിരുന്നു…. എന്റെ കാര്യങ്ങളിലൊന്നും നീയിടപെടരുത്…. നമ്മൾ തമ്മിലൊരു ബന്ധവുമില്ല…. പറഞ്ഞു കൊണ്ട് ശര വേഗത്തിൽ അവനിറങ്ങി പോയി….. നാല് പാടും ചിഞ്ഞി ചിതറിയ കുപ്പി ചില്ലുകൾ അവൾ പുച്ഛത്തോടെ നോക്കി…. അതിനേക്കാൾ ഒരായിരം കഷ്ണങ്ങളായി ചിതറിയ മനസ്സായിരുന്നു അവളുടേത്…ഹൃദയത്തിലേക്ക് മുറിവിൽ നിന്ന് കിനിഞ്ഞ രക്തം കൺകോണിലൂടെ പെയ്തിറങ്ങി…. അവൾ പതിയെ ചില്ലുകൾ കൈ കൊണ്ട് വാരിയെടുക്കാൻ തുടങ്ങി.. എന്താ മോളേ… എന്ത് പറ്റി.. ഗ്ലാസ്സന്റെ കയ്യിൽ നിന്നു വീണതാ…. പറയുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു… ശബ്ദം ഇടറിയിരുന്നു…
അത് സാരമില്ല… അതിനെന്തിനാ കൊച്ചു കുട്ടികളെ പോലെ കരയുന്നത്…. ഗ്ലാസിനിയും ഇവിടെയുണ്ടല്ലോ… സാരമില്ല….. ആശ്വാസ വാക്കുകൾ കൊണ്ട് മൂടുന്ന അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു സങ്കടങ്ങൾ ഒഴുക്കി തീർക്കാൻ അവളുടെ ഹൃദയം അത്രമേൽ ആഗ്രഹിച്ചു…. എന്നാൽ അവരെ കൂടി സങ്കടപ്പെടുത്താൻ അവൾ ക്ക് മനസ്സ് വന്നില്ല…. അവൾ മിഴികൾ തുടച്ചു…. സിദ്ധു അപ്പൊ ചായ കുടിച്ചില്ലേ….. നിലത്തു വീണ ചായ നോക്കിയവരത് ചോദിക്കുമ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു….. ഇല്ലാ…. സമയമില്ലെന്ന് പറഞ്ഞു പെട്ടെന്ന് പോയി… പെറുക്കിയ ചില്ലുകൾ കയ്യിൽ പിടിച്ചു അവൾ വേഗം തന്നെ അവിടെ നിന്നും പോയി… പിറക് വശത്തെ വിറക് പുരയോട് ചേർന്ന് നിന്ന് ആരും കാണാതെ കരഞ്ഞു തീർത്തത്രയും ഹൃദയത്തിന്റെ നോവായിരുന്നു….. (തുടരും ) Aysha Akbar

by