17/04/2026

നിനക്കായി മാത്രം : ഭാഗം 22

രചന – റോസാ തോമസ്

ഇവളിത് എന്തൊക്കെയാ ഈ പറയുന്നത്….. ആരു കള്ളം പറഞ്ഞുന്ന… ആരുടെ മകൾ … വന്നുവന്ന് തലയ്ക്ക് ബോധമില്ലെന്ന് ആയി… റീനയുടെ സംസാരം കേട്ടുകൊണ്ടുവന്ന ത്രേസ്യാമ്മ വല്യമ്മച്ചി പറഞ്ഞു. ബോധമില്ലാത്തത് എനിക്ക് അല്ല.. നിങ്ങൾക്കാണ്.. എന്നെക്കൊണ്ട് ആരും ഒന്നും പറയിപ്പിക്കരുത്.. റീന ദേഷ്യം കൊണ്ട് പറഞ്ഞു. ഡാ ഇവൾ ഇതെന്തുവാടാ പറയുന്നത്.. വല്യമ്മച്ചി ചെന്ന് ടോമിച്ചന്റെ അടുത്ത് ചോദിച്ചു. ടോമിച്ചന് ഒരു ഉത്തരവും പറയാനായില്ല… അയാൾക്ക് തലയ്ക്ക് ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി… കാര്യമറിയാതെ സുമിയും അമ്പരന്ന് നിന്നു. ഓ നിങ്ങൾക്ക് അറിയണം അല്ലേ? എന്താന്ന്.. ആ ഒരുമ്പെട്ടവൾ ഉണ്ടല്ലോ.. ആനി.. അവൾ ഇപ്പോൾ ഒരുത്തിയെ കൊണ്ട് വന്നിരിക്കുന്നു… മകളാണെന്ന് പറഞ്ഞ് ..മാത്രമല്ല കുറെ ദിവസമായി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു… എന്നിട്ട് ഒന്നും പറയാതെ ഒളിപ്പിച്ചു വെച്ചു.. അല്ല അത് എന്തിനാ പറയുന്നേ… ഇത്രയും വർഷങ്ങൾ അവൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു…

ഞങ്ങൾ എന്താ പിടിച്ച് വീഴുങ്ങുമോ…ഇനി അത് അവളുടെ തന്നെയാണെന്ന് ആർക്കറിയാം…. എനിക്കറിയാം അവൾ ആ കൊച്ചിനെ അനാഥാലയത്തിൽ കൊടുത്തതു തന്നെയാ.. ഇത് വേറെ ഏതോ കൊച്ചാ.. റീനയുടെ വായിൽ നിന്ന് വീണ കാര്യങ്ങൾ കേട്ട് വല്യമ്മച്ചിയും സുമിയും ഞെട്ടിത്തരിച്ചു നിന്നു.. ആനിയുടെ മകൾ തിരിച്ചു വന്നെന്നോ.. വല്യമ്മച്ചിക്ക് ഒരുവേള സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു.. ആ കുഞ്ഞിനെയൊർത് എത്രയോ ദിവസങ്ങൾ തന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്.. ഇപ്പോൾ സമാധാനമായി.. അവൾ അനാഥാലയത്തിലോന്നും കൊടുത്തില്ലല്ലോ.. അല്ലെങ്കിലും അവൾ അങ്ങനെ ചെയ്യുമോന്ന് താൻ പലതവണ സംശയിച്ചു… പിന്നെ ഭദ്രനെയും ടോമിച്ചനേയും ഓർത്തു അത് ചെയ്തു കാണും എന്ന് വിചാരിച്ചു.. ഇപ്പോൾ ചങ്കിൽ നിന്നു ഒരു കല്ലെടുത്ത് മാറ്റിയത് പോലെ തോന്നുന്നു.. ഇനി തനിക്ക് സമാധാനത്തോടെ മരിക്കാം..

ഇല്ല കുറച്ചൂടെ കഴിയണം.. അവൾക്കെതിരായി ഇവിടെ ആരെങ്കിലും തന്ത്രങ്ങൾ മെനയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം…. തന്റെ ചോരയാണ്.. തന്റെ മകന്റെ ചോര… അവനതു ഓർമ്മയില്ലേലും താൻ ഓർക്കണം..ഓരോന്നോർത്ത് വല്യമ്മച്ചി നിന്നു.. റീന ദേഷ്യം സഹിക്കാൻ വയ്യാതെ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് എറിയാൻ തുടങ്ങി. ഓർക്കുന്തോറും അവർക്ക് സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ തടസ്സം ആയിരുന്നു…. ടോമിച്ചന്റെയും ആനിയുടെ മകൾ…അവൾ ഒരിക്കലും തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നില്ലെന്ന് കരുതി ആശ്വസിച്ചു… എല്ലാവരും അറിയുന്നതിന് മുമ്പേ താൻ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു.. ഇനിയിപ്പോ എല്ലാവരും അറിഞ്ഞു… അവളെ തൊടാൻ പോലും പറ്റില്ല..ശ്ശെ.. അവസാനമായി കയ്യിൽ കിട്ടിയ ഒരു ബോട്ടിലും കൂടെ അവൾ എടുത്തെറിഞ്ഞു പൊട്ടിച്ചു.. നീ…. എന്തായി കാണിക്കുന്നത്.. എല്ലാം എറിഞ്ഞു പൊട്ടിക്കുവാണോ.. വല്യമ്മച്ചി ചോദിച്ചതും റീന വീണ്ടും പൊട്ടിത്തെറിച്ചു…

അതെ… നശിപ്പിച്ചു… ഇനിയും നശിപ്പിക്കും… അവളേം.. ആ ആനിയേം… എന്താ കാണണോ.. കുഞ്ഞിനെ നഷ്ടപ്പെട്ട്..ജീവിതം നഷ്ടപ്പെട്ടു.. എങ്ങനെയെങ്കിലും ജീവിചോളുമെന്നു കരുതി വെറുതെ വിട്ടതാ.. അപ്പോൾ അവൾ വലിയ ആളായി.. എന്നാൽ അവൾ എന്നും ദുഃഖിക്കുമെന്ന് മാത്രം ഞാൻ കരുതി.. അതാണ് വെറുതെ വിട്ടതു.. പക്ഷേ അവൾ.. ആ നശിച്ചവൾ… അവളെന്നെ തോൽപ്പിച്ചു… എന്നെ മാത്രമല്ല നിങ്ങളെയെല്ലാവരെയും… റീനയുടെ ഓരോ വാക്കുകളും വല്യമ്മച്ചിയുടെ ദേഷ്യം കൂട്ടുകയായിരുന്നു… അവർക്കു സഹിക്കാൻ ആയില്ല.. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ഒക്കെ ചെയ്യാനാവുമോ… റീനയുടെ ഉള്ള് ഇത്ര ക്രൂരമാണെന്ന് താൻ മനസ്സിലാക്കിയില്ല.. പക്ഷേ ഈ അവസരത്തിൽ മൗനം ആണ് നല്ലത്.. മാത്രമല്ല ഇവൾ ഇത്രയൊക്കെ ഇവിടെ കാട്ടി കൂട്ടിയിട്ടും ടോമിച്ചൻ ഒരക്ഷരം മിണ്ടിയിട്ടില്ല…

എന്താണ് അതിന്റെ അർത്ഥം.. അമ്മേ… അമ്മ.. എന്തായി കാണിക്കുന്നത്.. ഒന്ന് എഴുന്നേറ്റു വന്നെ.. സുമി റീനയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി.. റീന വകവെച്ചില്ല…സുമി എഴുന്നേറ്റു തന്റെ ആങ്ങള സുബിനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു… അന്നുച്ചക്കു ആ വീട്ടിൽ ആരും ഭക്ഷണം കഴിച്ചില്ല..ശോകം ആയിരുന്നു അവിടം.. വല്യമ്മച്ചിക്ക് മാത്രം മനസ്സിനുള്ളിൽ സന്തോഷമായതുകൊണ്ട് ആരും കാണാതെ അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു.. ഇവിടെന്താ ഇന്ന് എല്ലാവരും പട്ടിണിയാണോ… ഇത്രമാത്രം ദുഃഖിക്കാൻ ഇവിടെ ആർക്കേലും എന്തെങ്കിലും സംഭവിച്ചോ.. ആരും അനങ്ങുന്നില്ലെന്നു കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ വല്യമ്മച്ചി ചോദിച്ചു.. ദേഷ്യം സഹിക്കാനാവാതെ റീന എഴുന്നേറ്റ് വല്യമ്മച്ചിയെ പിടിച്ചു തള്ളി.. വല്യമ്മച്ചി പുറകോട്ട് മറിഞ്ഞുവീണു…

വീണ ശബ്ദം കേട്ടതും സുമിയും ടോമിച്ചനും ഓടിവന്ന് വല്യമ്മച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.. ടോമിച്ചൻ ദേഷ്യത്തിൽ റീനയുടെ നേരെ തിരിഞ്ഞതും വല്യമ്മച്ചി മകനെ തടഞ്ഞു. വേണ്ട മോനെ.. ഇപ്പൊ അവളോട് ഒന്നും പറയണ്ട… ഇപ്പൊ പറഞ്ഞാൽ അവൾക്കൊന്നും തലയിൽ കയറില്ല.. എന്നാ ശരി..അമ്മച്ചി വാ.. ഹോസ്പിറ്റലിൽ കൊണ്ടുപോകാം.. അമ്മച്ചി നടുവു അടിച്ചല്ലേ വീണത്.. അത് വേണ്ട മോനെ.. വേദനയുണ്ട്.. പക്ഷേ ഇപ്പോൾ പോയ ശരിയാവില്ല.. ഇന്നത്തെ ദിവസം എല്ലാവരും അറിഞ്ഞു കാണില്ലേ.. കാര്യങ്ങളൊക്കെ… അപ്പോൾ ഞാൻ ഇന്ന് തന്നെ ഹോസ്പിറ്റലിൽ പോയാൽ.. അത് ശരിയാവില്ല.. ഇനിയെങ്ങാനും അവൾ തള്ളിയിട്ടതാണെന്ന് ആരെങ്കിലും അറിഞ്ഞാൽ.. നമ്മുടെ കുടുംബത്തിന് അത് നാണക്കേടാ.. എന്തൊക്കെ പറഞ്ഞാലും സ്വന്തം കുടുംബത്തിന്റെ അന്തസ്സ് പോകാതിരിക്കാൻ ഇങ്ങനെയൊക്കെ സഹിക്കേണ്ടിവരും.ഞാൻ അങ്ങനെ കരുതിക്കോളാം….നീയാ കുഴമ്പ് ഇങ്ങെടുക്ക്..

മോളെ ഇത് കഴിച്ചേ.. വായങ്ങു പൊളിച്ചേ.. ഇതു മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി.. വയറു നിറഞ്ഞിട്ടും പിന്നെയും പിന്നെയും കുത്തി കേറ്റി കഴിപ്പിക്കുകയാണ് മറിയാമ്മച്ചി..വാ നിറഞ്ഞിരിക്കുന്നത് കൊണ്ട് അന്നക്കു വേണ്ടാന്നു പറയാൻ പോലും പറ്റുന്നില്ല.. വെല്ലുമ്മച്ചി ചോറ് വാരി കൊടുത്തു കൊണ്ടിരിക്കുകയാണ്… എന്റെ അമ്മച്ചി അവൾക്ക് വയറുനിറഞ്ഞു കാണും ഇനി നിർത്ത്…. ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.. നീ ഒന്ന് പോയെ ആനി.. ഞാനേ എന്റെ കൊച്ചു മകൾക്കാ കൊടുക്കുന്നത്..കണ്ടില്ലേ ഇരിക്കുന്ന കോലം.. അതൊക്കെ ഞാൻ ശരിയാക്കി എടുത്തോളാം.. നിങ്ങൾ ഇവിടുന്നു ഇറങ്ങിയപ്പോൾ തൊട്ട് ഞാനും ജാനമ്മയും കൂടെ ഉണ്ടാക്കിയതാ ഈ സദ്യ എല്ലാം.. എല്ലാ എന്റെ മോൾക്ക് വേണ്ടിയാ… ആഹാ അപ്പൊ അടുക്കളയിൽ കയറി അല്ലേ… അമ്മച്ചിയോട് ഞാൻ പറഞ്ഞില്ലേ പണിയൊന്നും ചെയ്യേണ്ട എന്ന്.. അതിപ്പോ എന്റെ മോള് വരും എന്ന് പറഞ്ഞു കൊണ്ടല്ലേ.. എന്നാലും എന്റെ ആനി…ഇന്നലെ രാത്രി വിളിച്ചപ്പോൾ പോലും നീ ഒന്ന് പറഞ്ഞില്ലല്ലോ..എന്റെ മോളിവിടെ എന്റെ തൊട്ടടുത്ത ഉണ്ടെന്ന്..നഷ്ടപ്പെട്ടു എന്ന് കരുതിയ കൊച്ചാണ്..വല്യമ്മച്ചി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…

വല്യ..മ്മച്ചി…. കരയല്ലേ..അന്ന വീക്കികൊണ്ട് പറഞ്ഞു. എന്റെ പൊന്നാന്റി… അന്നക്ക് കുറച്ചു വെള്ളം കൊടുക്കു… വല്യമ്മച്ചി വായിൽ കുത്തി കേറ്റി കൊണ്ടിരിക്കുകയല്ലേ…അവൾക്കും മിണ്ടാൻ പോലും പറ്റുന്നില്ല.. എല്ലാം കണ്ടുകൊണ്ടിരുന്ന അബി ചിരിച്ചുകൊണ്ട് പറഞ്ഞു.. അബി മോനെ…..നിനക്ക് കുറച്ചു കൂടി എടുക്കട്ടെ ഫുഡ്..ആനി അവനോട് ചോദിച്ചു. യ്യോ… വേണ്ടെ.. ഇവിടെ വന്നപ്പോൾ തൊട്ട് അന്നയെ പിടിച്ചിരുത്തിയത് കൊണ്ട് ഞാനും ഇവിടെ പെട്ടിരിക്കുകയല്ലേ..കഴിച്ചു കഴിഞ്ഞിട്ട് വേണം ഇവിടൊന്നു ശരിക്കും കാണാൻ. ഇപ്പത്തന്നെ ലേറ്റ് ആയി… തിരിച്ചുപോണം. വല്യമ്മച്ചി ഇത്രേം സംസാരിക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്ന..ഭദ്രനും പറഞ്ഞു. അത് മോളേ ആദ്യമായിട്ട് കാണുന്ന കൊണ്ടാ.. വല്യമ്മച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞു തിരിഞ്ഞതും അന്നെ കണ്ടില്ല.. നോക്കണ്ട.. വല്യമ്മച്ചി സംസാരിച്ച സമയം കൊണ്ട് അവൾ ഓടി രക്ഷപ്പെട്ടു.. ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്ശോ.. ഈ കുട്ടി ഒന്നും കഴിച്ചില്ല… അല്ല മോൻ എന്താ ഒന്നും കഴിക്കാതെ.. യോ.. വേണ്ടായേ.. എന്നും പറഞ്ഞുകൊണ്ട് അവൻ ഓടി…

ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ അന്നയും അബിയും കൂടി ആ വീട് മുഴുവൻ ചുറ്റി കറങ്ങി കണ്ടു. അന്നു വന്നപ്പോൾ ശരിക്കും കാണാൻ പറ്റിയില്ല.. ഡി നിനക്ക് കാല് വയ്യാത്തതല്ലേ… ഇ കാല് കൊണ്ട് നടക്കണ്ട.. മതി ഇനി ഞാൻ തന്നെ കണ്ടോളാം.. നിനക്ക് വയ്യാത്ത കൊണ്ട… അല്ലെങ്കിൽ നമുക്ക് ബൈക്ക് എടുത്ത് ഒരു റൈഡ് പോകാമായിരുന്നു.. ഈ നാട് ഒന്ന് ശരിക്കും കണ്ടില്ല.. ഏഹ്..അപ്പോൾ നീ ബൈക്കിൽ ആണോ ബാംഗ്ളൂരിൽ നിന്നു ഇവിടം വരെ വന്നേ. പിന്നല്ലാതെ.. എല്ലാവരും നിന്നെ പോലെ പേടിയുള്ളവരാണെന്ന് കരുതിയോ.. പോ അബി… പിന്നെ അമ്മ അവിടെ വെച്ച് പറഞ്ഞല്ലോ…കേസ് കൊടുക്കണം എന്നൊക്ക.. അതൊന്നും വേണ്ട എന്ന് അമ്മയോട് പറയണം.. എങ്കിൽ പിന്നെ നിനക്ക് പറഞ്ഞുകൂടെ.. അബി ചോദിച്ചു. ഓ.. അപ്പോ കേസ് പിൻവലിക്കാൻ നിനക്ക് താല്പര്യമില്ലെന്നർദ്ധം അല്ലേ.. അല്ലെങ്കിലും ഇത് നിന്റെ ഐപിഎസ് ബുദ്ധിയാണ്.. എനിക്കറിയാം.. എടി പൊട്ടി കാളി അതൊന്നുമല്ല… വെറുതെ മറിയാമ്മ തള്ളി എന്ന് പറഞ്ഞു കൊടുക്കാൻ ആനി ആന്റിക്ക് എന്താ വട്ടാണോ.. പിന്നെ… കേസ് അങ്ങനെ തന്നെയാ കൊടുക്കുന്നെ… പക്ഷേ നിന്നെ തള്ളിയിട്ടതിൽ അവർക്ക് എന്തെങ്കിലും മുൻവൈര്യാഗ്യമോ അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും പ്രേരണയോ ഉണ്ടോ എന്നും മകളുടെ ജീവന് ഭീഷണി ഉണ്ടോ എന്ന് സംശയമുണ്ട് എന്നും ആണ് എഴുതി കൊടുത്തിരിക്കുന്നത്…

കാരണം എന്താണെന്ന് വെച്ചാൽ ടോമിച്ചനോ റീനയോ മറ്റാരെങ്കിലുമോ മൂലം പിന്നീട് എപ്പോഴെങ്കിലും നിനക്ക് എതിരായി എന്തെങ്കിലും പ്രവർത്തിച്ചാൽ അല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കാൻ… അതിനുവേണ്ടിയുള്ള ഒരു എവിഡൻസ് ആണിത്… അതായത് നിനക്കെതിരെ ജീവനു ഭീഷണിയുണ്ട് എന്ന തരത്തിൽ ആനി ആന്റിയുടെ ഒരു പരാതി നേരത്തെ തന്നെ സ്റ്റേഷനിൽ കിടക്കണം.. ഇത്രയും നാളും മാറി നിന്നിട്ട് ഇപ്പോൾ നീ വരുമ്പോൾ നമ്മൾ എന്തെങ്കിലും ഒരു മുൻകരുതൽ എടക്കണ്ടേ നേരത്തെ.. അതിനുവേണ്ടിയാണ് നിന്നെക്കൊണ്ട് പേപ്പറിലോക്കെ സൈൻ ചെയ്യിച്ചത്.. ഓ പോലീസ് ബുദ്ധി.. ട്രെയിനിങ് കഴിഞ്ഞു വന്നതല്ലേ ഉള്ളൂ.. എവിടാ ആദ്യത്തെ പോസ്റ്റ്.. ബാംഗ്ലൂർ തന്നെ… നാളെ കഴിഞ്ഞ് രാവിലെ ഡ്യൂട്ടിക്ക് കേറണം…എന്റെ സീനിയർ ആയിട്ടുള്ള ഒന്ന് രണ്ട് പേരുണ്ട് ഇവിടെ.. അവരുടെയൊക്കെ സപ്പോർട്ടിൽ ആണ് നമ്മൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്…തൽക്കാലം മറിയാമ്മയ്ക്കെതിരായി നടപടി ഒന്നും ഉണ്ടാവില്ല.. നിനക്കെതിരായി ആരെങ്കിലും എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് തോന്നിയാൽ അപ്പോൾ നമ്മൾ കേസ് റീസ്റ്റാർട്ട് ചെയ്യും..അതിനുള്ളതൊക്കെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്.. നീ ഒന്നുകൊണ്ടും പേടിക്കേണ്ട.. ഇനി നീ കുറച്ചു നേരം കിടക്ക്..

കാലിന് റസ്റ്റ് വേണം.. നടന്ന ശരിയാവില്ല. വൈകുന്നേരം ആയപ്പോൾ അബി യാത്ര പറഞ്ഞു പോയി.. കുറച്ചു കഴിഞ്ഞപ്പോൾ എബിന്റെ കുടുംബത്തിലുള്ള എല്ലാവരും വന്നു.. അന്നെ കാണാൻ.. എബിൻ നേരത്തെ കണ്ടിട്ടുള്ളതിനാൽ അവൻ മാത്രം ഹോസ്പിറ്റലിലേക്ക് പോയി.. ജോസേട്ടൻ വാതോരാതെ സംസാരിക്കുന്നത് കണ്ട് അന്നക്ക് അത്ഭുതമായിരുന്നു.. ജോസങ്കിൾ ഇത്രക്ക് സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. പിന്നെ ലിസാന്റിയും എമിയും.. എബിന്റെ അമ്മയും പെങ്ങളും.. കുറച്ചു കഴിഞ്ഞപ്പോൾ ജൂലിയും വീട്ടുകാരും വന്നു.. ജൂലിയുടെ വീട്ടുകാർ അന്നേ പറഞ്ഞു കേട്ടിട്ടേയുള്ളൂ.. അതുകൊണ്ട് കാണാൻ വന്നതേയുള്ളൂ.. അവരെല്ലാരും പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ ദദ്രന്റെ പെങ്ങൾ ഗൗരി വീഡിയോ കോൾ വിളിച്ച് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ റോയിയും സാബുവും ഫാമിലിയും വന്നു.. അന്ന അവരെയൊക്കെ ആദ്യമായി കാണുകയാണ്..

റോയ് വല്യമ്മച്ചിയെ വിളിച്ചെങ്കിലും അന്ന ഉള്ളതുകൊണ്ട് വല്യമ്മച്ചി പോയില്ല.. അവർക്ക് ഒക്കെ അന്നെ കണ്ടതിൽ വലിയ സന്തോഷമായിരുന്നു.. അവർക്ക് മാത്രമല്ല ആ നാടുമുഴുവനും കഥകളൊക്കെ അറിഞ്ഞ് സന്തോഷിച്ചു… മാലിനി സ്വീറ്റ്സ് വാങ്ങി ഹോസ്പിറ്റൽ മുഴുവൻ വിതരണം ചെയ്തു.. മനോജും കോശിയും കൂടി ടെക്സ്റ്റൈൽസ് മുഴുവൻ സ്വീറ്റ്സ് വിതരണം ചെയ്തു…. റസ്റ്റോറന്റിലെ മുസ്തഫാ സ്വീറ്റ്സ് പോരാഞ്ഞിട്ട് പടക്കം പോലും പൊട്ടിച്ചു.. ആരുമില്ലാത്ത അയാൾക്ക് ജോലിയും കിടപ്പാടവും ഒക്കെ നൽകിയത് ആനിയാണ്.. ഒളിപ്പിച്ചുവെച്ച പേന കത്തി ഒന്നുകൂടി അയാൾ മൂർച്ച കൂട്ടി വെച്ചു.. ആനിക്കെതിരെയോ മോൾക്കെതിരായോ ആരെങ്കിലും വന്നാൽ ഒറ്റക്കുത്തിനു അയാളെ താൻ തന്നെ തീർക്കും… തന്റെ മുതലാളിക്കുള്ള തന്റെ നന്ദിയാണ് അത്..

ആ ഇന്നൊരു ദിവസത്തേക്ക് വിട്ടു തരുന്നു….. പിന്നെ വേണമെങ്കിൽ കുറച്ച് ദിവസം കൂടി… എന്റെ കൂടെയും ഒന്ന് കിടത്തിയേക്കണം.. വല്യമ്മച്ചി മനസ്സില്ലാ മനസ്സോടെ പറഞ്ഞു.. അവരു രണ്ടുപേരും കിടക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞ് വല്യമ്മച്ചിയും കിടക്കാൻ പോയി. ഭദ്രൻ തനിക്ക് രാത്രിയിൽ ഹെല്പ് വേണ്ട.. താൻ തന്നെ കിടന്നോളാം എന്ന് പറഞ്ഞ് ആനിയെ അന്നയുടെ അടുത്തേക്ക് നിർബന്ധിച്ചു പറഞ്ഞു വിട്ടതാണ്… അന്ന് രാത്രി രണ്ടു പേർക്കും ഉറക്കം വന്നില്ല.. എങ്കിലും രണ്ടുപേരും ഒന്നും മിണ്ടാതെ കിടന്നു.. തന്റെ അമ്മയുടെ നെഞ്ചോരം കിടക്കുന്ന സ്വപ്നങ്ങൾ എല്ലാം നിറവേറിയതോർത്ത് അന്നയും… 23 വർഷങ്ങൾക്ക് ശേഷം തന്റെ മകളെ ആ നെഞ്ചോരം ചേർത്ത് ആനിയും. തുടരും..