രചന – അയിഷ അക്ബർ
അവന്റെ ഓർമ്മകൾ തികട്ടി വന്നവളുടെ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു… തലയിണയെ കുതിർത്തിയോഴുകിയ ചുടു കണ്ണീർ അവളുടെ ഹൃദയത്തിലേ ചൂടിൽ നിന്നായിരുന്നു….. സിദ്ധാർഥ് സാറിനെ കാണാൻ എന്തൊരു ഭംഗിയാ….പണ്ടിവിടെയായിരുന്ന സമയത്ത് ബസ് സ്റ്റോപ്പിലൊക്കെ നില്കുമ്പോൾ ഞങ്ങളൊക്കെ നോക്കിനിന്നിരുന്നു….. ജോസഫ്വേട്ടന്റെ മകൾ ലീന കുസൃതിയോടെ പറയുമ്പോൾ ഹൃദയം അവന്റെ ഓർമകളിൽ നീറി പുകഞ്ഞു… മലകളെയും കാപ്പി തോട്ടങ്ങളെയും തേയില തോട്ടങ്ങളെയും തഴുകിയകലുന്ന തണുത്ത കാറ്റ് പോലും അവളുടെ ഉള്ളിലെ കനലിനെ ആളികത്താൻ സഹായിച്ചിരുന്നു…. അവനെ മറക്കാൻ ദിവസങ്ങളോ മാസങ്ങളോ അതിനേക്കാളൊരു പക്ഷെ ഈ ജന്മം മുഴുവൻ വേണ്ടി വരുമെന്നവൾക്ക് തോന്നി…
അവൾ നടന്നു ശീലിച്ച നാട്ടുപാതകളിലൂടെ നടന്നു…. എല്ലാവരുടെയും കുശലാന്വേഷണങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്നത് ആ പഴയ പാവപ്പെട്ട പെണ്ണിനോടുള്ള പുച്ഛമായിരുന്നില്ല…. മറിച്ചു പോലീസ് കാരന്റെ ഭാര്യയോടുള്ള ഒരു തരം ആദരവായി തോന്നി… എന്നാൽ അവൾ ആ പഴയ അന്ന തന്നെയായിരുന്നു… ഉറ്റവരെന്ന് പറയാൻ പോലും ആരുമില്ലാത്ത അവളെ കുറിച്ചാലോചിക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. പള്ളിയിൽ പോയപ്പോൾ മനോഹരമായി പാടുന്ന ആ കോയറിലേക്കാവൾ നോക്കി…. അതിലവളും ഉള്ളത് പോലെ തോന്നിയവൾക്ക്…. എന്നാൽ പള്ളിമുറ്റത്തു വെച്ച് സംസാരിക്കുന്ന അവനെന്ന ഓർമ്മകൾ അവളെ വീണ്ടും ബലഹീനയാക്കുകയായിരുന്നു….. അവന്റെ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു….
ആരോടും സംസാരിക്കാൻ നിൽക്കാതെ പള്ളിയിൽ നിന്നിറങ്ങി പൊന്നതും കണ്ണുകൾ നിറഞ്ഞത് മറ്റാരും കാണാതിരിക്കാനായിരുന്നു….. അമ്മച്ചിയുടെ കല്ലറയിൽ പോയി അൽപ നേരം കണ്ണുകളടച്ചു നിൽക്കുമ്പോൾ ഉള്ളിലുള്ള നൊമ്പരങ്ങളെല്ലാം പങ്കു വെക്കുകയായിരുന്നു….. കണ്ണുകളടച്ചു പങ്കു വെച്ചതത്രയും ഉള്ളിലെ നൊമ്പരങ്ങളായിരുന്നു…. തന്റെ സങ്കടങ്ങളറിയാനും ആശ്വസിപ്പിക്കാനും താൻ മാത്രമേ ഉള്ളുവെന്ന ചിന്ത അവളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ തീർത്തു കൊണ്ടിരുന്നു….. തിരിച്ചു വരും വഴിയാണ് ബീന ചേച്ചിയുടെ അടുത്ത് കയറിയത്… അന്നമോളെ…. സുഖമല്ലേ നിനക്ക്…. ഒരു ചെറു പുഞ്ചിരിക്കു പിറകിൽ ദുഖങ്ങളെ അവളൊപ്പിച്ചിരുന്നു… സിദുവേട്ടനെ കുറിച്ചും കുടുംബത്തെ കുറിച്ചും അവിടുത്തെ ചുറ്റുപാടിനെ കുറിച്ചുമൊക്കെ അറിയാൻ ബീന ചേച്ചിയിൽ വല്ലാത്ത ഉത്‍സാഹം കണ്ടിരുന്നു…. ചോദ്യങ്ങക്കുള്ള മറുപടി പറയുമ്പോൾ അവിടുത്തെ ഓർമകളിൽ ഞാൻ തളർന്നു വീഴുമോയെന്നു പോലും ഭയപ്പെട്ടപ്പോഴാണ് തന്ന കാപ്പി പോലും മുഴുവനാകാതെ അവിടെ നിന്നിറങ്ങിയത്…..
വന്നിട്ട് രണ്ട് മൂന്ന് ദിവസമായിട്ടും തന്റെ വീട്ടിലൊന്ന് പോയി നോക്കിയിട്ട് പോലുമില്ലെന്ന ഓർമയിലാണ് ജോസഫ്വേട്ടന്റെ മകൾ ലീനയെ കൂട്ടി അവളവിടം വരെയൊന്ന് പോയത്…. താൻ അടിച്ചു വാരി മനോഹരമായ ചെടികൾ കൊണ്ട് അലങ്കരിച്ചിരുന്ന മുറ്റം മുട്ടോളം കരിയിലകളാൽ നിറഞ്ഞു കാണപ്പെട്ടു…. അകത്തേക്കുള്ള വാതിൽ തുറക്കുമ്പോഴേ വാതിൽ പടിയിൽ സ്വസ്ഥമായി ഗൃഹഭരണം ചെയ്യുന്ന ചിതൽ പുറ്റുകളെ അവൾ നടു വിരൽ കൊണ്ടൊന്നു തള്ളിയിട്ടു….. ആകെ പൊടി പിടിച്ചു കിടന്നിരുന്ന അവിടം മാറാലയും നിറഞ്ഞു കാണപ്പെട്ടു…. അവിടെ നിറഞ്ഞു നിന്ന ഓർമ്മകൾ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു….. ദാരിദ്ര്യത്തിനിടയിലും സ്നേഹത്തോടെ വാത്സല്യത്തോടെ തഴുകിയിരുന്ന അമ്മച്ചിയുടെ കൈകളായിരുന്നു മനസ്സ് നിറയെ…… അവിടം മുഴുവൻ വൃത്തിയാക്കുമ്പോഴാണ് പഴയ ഡയറി അവൾക്ക് കിട്ടിയത്…. ഓരോ താളുകൾ മറിക്കും തോറും ഓരോ ഓർമ്മകൾ അവളിലേക്കൊഴുകിയെത്തി….. തന്റെ ആദ്യ പ്രണയത്തെ അതിൽ മനോഹരമായി വർണിച്ചിരുന്നു…. പ്രണയം വരുമ്പോൾ നമ്മൾ സ്വയമൊരു കവിയായി മാറും….. അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു….
അവന്റെ ഓമകളിൽ മിഴികൾ കാണുന്നതെല്ലാം അവന്റെ ചിത്രമായിരുന്നു…. കേൾക്കുന്നതെല്ലാം അവന്റെ ശബ്ദമായിരുന്നു…. അനുഭവപ്പെടുന്നതെല്ലാം അവന്റെ ശരീരത്തിന്റെ ചൂടായിരുന്നു…… അന്ന മോളെ…. പോയിട്ടിപ്പോ ഒരാഴ്ച കഴിഞ്ഞില്ലേ…. വരാനായില്ലേ….. അമ്മയായിരുന്നു ഫോണിൽ … എന്ത് പറയണമെന്നറിയാതെ അവൾ വിതുമ്പി… അവനിതു വരയും അവിടെയൊന്നും പറഞ്ഞിട്ടില്ലെന്നവൾക്ക് മനസ്സിലായിരുന്നു…. സ്വന്തം മകളെ പോലെ കണ്ട് ഹൃദയത്തിലേ സ്നേഹം മുഴുവൻ തന്നിലേക്ക് ചുരത്തിയ അവരെ വേദനിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല……. വരാം എന്നൊരു വാക്കിനാൽ അവളാ സംഭാഷണം അവസാനിപ്പിക്കുമ്പോഴും ഹൃദയത്തിൽ പെയ്യുന്ന ആർത്തലച്ചുള്ള മഴയിൽ അവൾ നനഞ്ഞു കുതിർന്നു..
പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പള്ളിയിലേക്കുള്ള പടികളൊന്നിൽ അവനിരിക്കുന്നത്….. നോക്കുന്നിടത്തെല്ലാം അവനെ കാണുന്നു…. കാണുമ്പോഴെല്ലാം ഹൃദയം നീറിപ്പുകയുന്നു….. നിറഞ്ഞ മിഴികൾ താഴെക്കൂന്നി അവൾ പടവുകലിറങ്ങി…. അന്നാ….. വിളിച്ചത് പോലെ തോന്നിയത് കൊണ്ടാണ് അവൾ തിരിഞ്ഞു നോക്കിയത്…. അത് വരെ ഇരിക്കുകയാണെന്ന് തോന്നിയിരുന്ന ആളിപ്പോ അവിടെ നിൽക്കുന്നുണ്ട്…. തന്റെ മനസ്സ് അവനിൽ മാത്രമായി ചുരുങ്ങിയത് കൊണ്ട് തന്നെ കണ്ണുകൾ കാണുന്നത് അവന്റെ മുഖമാണ് കാതുകളിൽ മുഴങ്ങുന്നത് അവന്റെ സ്വരമാണ്….. തനിക്ക് മോഹം തന്ന് കൊണ്ട് വേദനിപ്പിക്കുന്ന ഹൃദയത്തെ പഴിച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു…. അന്നാ…. വീണ്ടും കേട്ട ആ വിളിയാണ് അവളെ പിടിച്ചു നിർത്തിയത്…. തീരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധുവിനെയായിരുന്നു അവൾ കണ്ടത്…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..
ആ പടവുകളിൽ കൂടി അവളോടുകയായിരുന്നു… സ്വയം മറന്നെന്ന പോൽ…. അവനിലേക്ക് ഓടിയെത്തുമ്പോഴഴും സൂക്ഷിച്…. എന്നവൻ പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല…. പടവുകളെ പിറകിലാക്കി അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ ഇരു കൈകൾ കൊണ്ടവളവനെ ചുറ്റിപ്പിടിച്ചിരുന്നു…. ഒരു കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന വാത്സല്യത്തോടെ അവനും അവളെ തന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു….. അവളുടെ കണ്ണുനീർ വീണു അവന്റെ വെള്ള നിറത്തിലുള്ള ഷർട്ടാകെ നനഞ്ഞു കുതിർന്നു…. തന്റെ മറുപടിക്കായി കാത്തു നിൽക്കാതെ പോയതിലുള്ള അമർഷവും ഇത് വരെ കാണാത്തതിലുള്ള പരിഭവവും അവനുമേലവൾ പെയ്തു തീർക്കുകയായിരുന്നു….. അവളുടെസങ്കടങ്ങളെയെല്ലാം ഏറ്റുവാങ്ങാനെന്ന പോലവനവളോട് ചേർന്ന് നിന്നു…. ആ ഹൃദയത്തിൽ അവളുണ്ടെന്ന് ഇപ്പോളവൾക്കറിയാമായിരുന്നത് കൊണ്ട് തന്നെ അങ്ങേയറ്റം സമാധാനത്തോടെയാണാ നെഞ്ചിലേക്കവൾ ചേർന്ന് കിടന്നത്…..
അവൾ കണ്ണുകൾ തുടച് കൊണ്ട് പതിയെ അവനിൽ നിന്നകന്നു മാറി… എന്തിനാ വന്നത്…. മുഖത്തല്പം ഗൗരവം വരുത്തിയെങ്കിലും കണ്ണുകൾ കലങ്ങിയിരുന്നു… കഴിഞ്ഞ തവണ വന്നപ്പോൾ ഒരു സാധനം ഇവിടെ ഇട്ടേച്ചു പോയിരുന്നു…. അത് തിരിച്ചെടുക്കാൻ വന്നതാ… കുസൃതി ചിരിയോടെ അവൻ പറയുമ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി…. ഇത്രയും ദിവസം കഴിഞ്ഞാണോ ഓർമ വന്നത്…. അവളുടെ വാക്കുകൾക്ക് നനവ് തോന്നിയവന്… ഒരുമിച്ചുള്ള വർഷങ്ങളെക്കാറേറെ അകന്നു നിന്ന ഈ കുറച്ചു ദിവസങ്ങളായിരുന്നില്ലേ എത്രത്തോളം തമ്മിൽ സ്നേഹിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി തന്നത്… ശരിയായിരുന്നു…. അവനില്ലാത്ത നേരം ശ്വാസം പോലും എടുക്കാൻ പറ്റാത്ത വിധം അവൾ അവന്റെ ഓർമകളിൽ കുരുങ്ങിയിട്ടുണ്ട്… അവൾ നിറഞ്ഞ മിഴികൾ നിലത്തേക്കൂന്നി….
നിന്നെ ഇവിടെ ഇട്ടിട്ട് പോയത് നിന്നെ വേണ്ടാനിട്ടല്ല….നീയെന്റെ ഹൃദയത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് സ്വയം മനസ്സിലാക്കാൻ…. നിന്നെയൊർത്തൊന്ന് സങ്കടപ്പെടാൻ….നീ കഴിച്ചിട്ടുണ്ടാവുമോയെന്ന സങ്കടത്താൽ തൊണ്ടക്കുഴിയിൽ കുരുങ്ങി കിടക്കുന്ന ഭക്ഷണവും ശൂന്യത പോലും എന്നിൽ തെളിയിക്കുന്ന നിന്റെ ചിത്രങ്ങളും എനിക്ക് പഠിപ്പിച്ചു തന്നു നീയെനിക്കാരാണെന്ന്…. ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും നിന്നെ ഞാൻ വിട്ട് കളയുന്നില്ല…. അവളുടെ മുഖം കയ്യിൽ പിടിച്ചാണവന്നത് പറഞ്ഞത്…. അവളുടെ മിഴികളിൽ വിരിയുന്ന ആനന്ദശ്രൂ ഒരു നിമിഷം അവൻ നോക്കി നിന്നു….. പിന്നെ…… അവനെന്തോ പറയാനെന്ന പോൽ വന്നിരുന്നു….. അവളെന്തെന്ന ഭാവത്തിൽ പുരികമുയർത്തി…. പിന്നേ….. എന്റെ കൊച്ചിന്റെ അമ്മ ആദ്യമായിട്ട് എന്നോടാവശ്യപ്പെട്ടത് സ്വന്തം നാട്ടിലേക്കൊന്ന് പോണമെന്നായിരുന്നു…. അത് ഞാൻ സാധിച്ചു കൊടുക്കാതിരിക്കാൻ പറ്റുമോ…..
അവളുടെ വിടർന്ന കണ്ണുകൾ ഒന്ന് കൂടി വിടർന്നു….. ഒത്തിരി ചോദ്യങ്ങൾ നിറഞ്ഞു നിന്നിരുന്നാ മിഴികളിൽ….. കുസൃതി ചിരിയോടെ അവന്റെ കൈകൾ അവളുടെ വയറിനു മീതെയവൻ വെച്ചു…. അപ്പോഴും അവൾ വിശ്വസിക്കാനാവാതെ അതേ നിൽപ്പ് നിൽക്കുകയായിരുന്നു…. അവൻ ഇടതു കൈ കൊണ്ടവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…. അവൾ സന്തോഷത്താൽ മിഴികൾ നനക്കുമ്പോഴും അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചത് കൊണ്ട് തന്നെ ബട്ടൺ കയ്യിൽ പോന്നിരുന്നു…. അവളാ നെഞ്ചിൽ നിന്നും മാറി നിന്നു കൊണ്ട് ആ ബട്ടണവന് നേറെ നീട്ടി…. അവളുടെ മിഴികൾ നനഞ്ഞിരുന്നുവെങ്കിലും ചൊടികളിൽ പുഞ്ചിരിയുണ്ടായിരുന്നു..കവിളുകൾ നാണത്താൽ ചുവന്നിരുന്നു…. സാരമില്ല…. അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു കൂടിയാ നെഞ്ചിലെ ചൂടിലെക്കമർന്നിരുന്നു…. പള്ളിയിലേക്ക് വരുന്ന ആളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും അവരെ ബാധിക്കുന്നുണ്ടായിരുന്നില്ല….. അവർ അവരുടേതായ ലോകത്തായിരുന്നു…. (തുടരും )

by