23/04/2026

നീയറിയാതെ : ഭാഗം 27

രചന – അയിഷ അക്ബർ

അവൾ പൂമുഖത്തേക്ക് എത്തിയപ്പോൾ ചാരു കസേരയിൽ പത്രവും വായിച്ചു കൊണ്ട് മാധവനിരിക്കുന്നുണ്ടായിരുന്നു…… അവൾ പിറകിലൂടെ ചെന്ന് കൈകൾ കൊണ്ട് അവരുടെ കണ്ണുകൾ മൂടി….. അവളുടെ കൈകളിൽ പതിയെ തൊട്ട് നോക്കിയ ശേഷം മാധവൻ മനോഹരമായോന്ന് പുഞ്ചിരിച്ചു….. അത് കണ്ടതും അവൾ കൈകളയച്ചു….. അത്ര മേൽ നിഷ്കളങ്കമായിരുന്നാ പുഞ്ചിരി…. അതിൽ നിറഞ്ഞു നിന്നതത്രയും അവളോടുള്ള വാത്സല്യമായിരുന്നു… അവളുടെ കൈകളിൽ പിടിച്ചപ്പോൾ അവൾ കസേരക്കരികിലായി താഴെയിരുന്നു…. എത്ര ദിവസായി കുട്ടീ പോയിട്ട്…. അയാളുടെ വാക്കുകളിൽ പരിഭവം നിറഞ്ഞു നിന്നിരുന്നു…. ഞാൻ വന്നല്ലോ…. അവൾ കണ്ണിറുക്കി പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ മാധവനും മനസ്സറിഞ്ഞു ചിരിച്ചു…..

അവൾ മുറ്റത്തും തൊടിയിലും ഓടി നടന്നു…. നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചു കിട്ടിയ ആഹ്ലാദത്തിലായിരുന്നു അവൾ…. മോളേ അന്നാ…. ഭക്ഷണം കഴിക്കാൻ വരൂ…. സീതയുടെ വിളിക്ക് മറുപടിയായായാണ് അവൾ അടുക്കളയിലെത്തിയത്…. ഇപ്പൊ തന്നെ കഴിക്കാനായോ….. നീ കഴിക്ക്…. ഞങ്ങൾ കുറച്ചു കഴിഞ്ഞേ കഴിക്കുന്നുള്ളു….. പണ്ടത്തെ പോലെയല്ല… നിന്റെ വയറ്റിലൊരാൾ കൂടിയുണ്ട്… സീതയത് പറഞ്ഞപ്പോൾ അവൾക്കെന്തോ ശരീരത്തിലാകെ ഒരു കുളിര് നിറഞ്ഞു…. അല്ലാ….. ഗർഭിണികളാകുമ്പോ ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടും ശർദ്ധിയൊക്കെ ഉണ്ടാവില്ലേ…. ഇവൾക്കിതൊന്നും ബാധകമല്ലേ…. നല്ല തീറ്റയാണല്ലോ….. സീത അവളെ നിർബന്ധിച് ഭക്ഷണം കഴിപ്പിക്കുന്നത് കണ്ട് അവളെ ദേഷ്യപ്പിടിപ്പിക്കാനെന്ന പോലെ ചിരിച്ചു കൊണ്ടാണ് സിദ്ധുവത് പറഞ്ഞത്…. അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ടവനെ നോക്കി….

അതെത്ര മാത്രം അവനാസ്വദിക്കുന്നുണ്ടെന്ന് ഇതിനോടകം അവന് മനസ്സിലായിരുന്നു…. മോള് കഴിക്ക്….അവൻ പറയുന്നതൊന്നും നോക്കേണ്ട…. ഇപ്പൊ നല്ലോണം ഭക്ഷണം കഴിച്ചാലെ കൊച്ചിന് വളർച്ചയുണ്ടാവു….. സീത അവളുടെ മുടിയിഴകളിൽ തലോടി യത് പറയുമ്പോൾ സിദ്ധു പതിയെ പുഞ്ചിരിച്ചു…. ചിലർക്ക്‌ ശർദ്ധിയൊക്കെ കുറച്ചു വൈകിയാവും… ചിലർക്ക് ആദ്യം മുതലേ ഉണ്ടാവും…. ശർദ്ധി തുടങ്ങിയാലെന്റെ കൊച്ചിനൊന്നും കഴിക്കാനും പറ്റില്ലല്ലോ… അത്രയും സങ്കടത്തോടെ സീതയത് പറയുമ്പോൾ സിദ്ധു പൊട്ടിച്ചിരിച്ചു…. ഇവളോ….കഴിക്കാതിരിക്കുകയോ…. നടന്നത് തന്നെ…. പറഞ്ഞത് തമാശയോടെയായിരുന്നെങ്കിലും അവന്റെ വാക്കുകളെ കുറിച്ചോർത്തു സങ്കടപ്പെടുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ….. ശർദിച്ചു തളർന്നു കിടക്കുന്ന അവളെ കാൺകെ അവന്റെ ഹൃദയം നീറുന്നുണ്ടായിരുന്നു….. ഭക്ഷണം കാണുമ്പോഴേക്കും വാ പൊത്തി പിടിച്ചു പിറകു വശത്തേക്ക് ഓടുന്നവൾ അവനിൽ വേദന തീർത്തിരുന്നു…..

ശർദ്ധിക്കുമ്പോൾ മുതുകുഴിഞ്ഞും തളർന്നു കിടക്കുമ്പോൾ ചേർത്ത് പിടിച്ചും അവനൊരു നല്ല ഭർത്താവാകുകയായിരുന്നു… ക്ഷീണം കൊണ്ട് തളർന്നു കിടക്കുമ്പോൾ അലസമായി കിടക്കുന്ന അവളുടെ മുടി അവൻ കെട്ടി വെക്കുമായിരുന്നു…. അവൾക്കിഷ്ടപ്പെട്ട പലഹാരങ്ങളാൽ ആ മേശ നിറയുമ്പോഴും സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞിരുന്നു…. ആരോരുമില്ലാത്ത അനാഥ പെണ്ണിനെ അത്രയേറെ സ്നേഹിച് കീഴ്പ്പെടുത്താൻ കഴിയുന്ന ആ മൂന്ന് ജന്മങ്ങളെ കുറിച്ചോർക്കേ അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു തൂവിയിരുന്നു…. അവളുടെ വയറിനോട് മുഖം ചേർത്തവൻ കിടക്കുമ്പോഴാണ് താൻ ഉദരത്തിൽ ചുമക്കുന്നയാളെ ഹൃദയത്തിൽ ചുമക്കുന്നവന്റെ ഉള്ളിനുള്ളിലെ തുടിപ്പവളറിഞ്ഞിരുന്നത്…. ഒരുവിധം എല്ലാ സ്ത്രീകളും കടന്നു പോകുന്ന സമയമാണ് ഗർഭകാലമെങ്കിലും അതോരോരുത്തരിലും നൽകുന്ന അനുഭൂതി പുതിയതാണ്….. തനിക്കുള്ളിൽ തുടിച്ചു തുടങ്ങിയ ജീവനും അതിനായി കാത്തിരിക്കുന്നവരും മനസ്സിലേക്ക് നൽകുന്ന നിർവൃതി വാക്കുകളിൽ വിവരിക്കേണ്ടതെങ്ങനെയെന്നവൾക്കറിയില്ലായിരുന്നു……..

പുളിയുള്ള മാങ്ങക്ക് വേണ്ടി മാവിൻ മേൽ നോക്കി നില്കുന്നവൾക്ക് മാങ്ങായിറുത്ത് കൊടുക്കുന്നതും അവനായിരുന്നു…. തോട്ടി കൊണ്ട് മാങ്ങമേൽ തട്ടുന്ന സമയം കണ്ണിലേക്കു വീണ കരടിനെ കളയാൻ കണ്ണുകളിലേക്ക് എത്തിയത് അവളുടെ ചുടു നിശ്വാസമായായിരുന്നു…. താഴേക്ക് വീണ മാങ്ങ പെറുക്കി അതിന്റെ ഞെട്ടിഭാഗം ചുമരിൽ ഉരതിയ ശേഷം കഴുകിയവൻ വന്നപ്പോഴേക്കും ഉപ്പും മുളക് പൊടിയുമായി സീത ഉമ്മറത്തെത്തിയിരുന്നു…. പുളിയുള്ള മാങ്ങ ഉപ്പും മുളകും കൂട്ടിയവൾ വായിലേക്ക് വെക്കുമ്പോൾ കണ്ടു നിൽക്കുന്ന വരുടെയെല്ലാം മുഖത്ത് പുളി പടർന്നിരുന്നെങ്കിലും വളരേ ലാഘവത്തോടെ അതിലേറെ ആസ്വദിച്ചവൾ കഴിച്ചു കൊണ്ടിരുന്നു…. അത് നോക്കി നിൽക്കെ എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു….

ഹേയ് സിദ്ധാർഥ്….. അന്നയും സിദ്ധാർഥും ആശുപത്രിയിലേക്ക് കയറുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി അവരിലേക്കെത്തിയത്…. അവർ തിരിഞ്ഞു നോക്കി ആളെ കണ്ടതും സിദ്ധാർത്തിന്റെ മുഖത്തൊരു സന്തോഷം പടർന്നെങ്കിലും അന്നയുടെ മുഖം ചെറുതായി വിളറി പോയിരുന്നു….. അലക്സ്‌….. സിദ്ധാർഥ് അവന് നേറെ കൈകൾ നീട്ടി…. അവൻ പതിയെ അന്നയിലേക്ക് നോക്കി…. അപ്പോഴാണ് പിറകിൽ നിന്നും അവന്റെ കൂടെയുള്ള സ്ത്രീ മുമ്പിലേക്ക് വന്നത്….. ഇതെന്റെ ഭാര്യ…. സോഫിയ…. സോഫിയാ….. ഇതെന്റെ പഴയൊരു ഫ്രണ്ട് ആണ് സിദ്ധാർഥ്…. ഇത്…. ഇത് അന്ന….. അവർ പരസ്പരം നോക്കുന്നത് കണ്ടിട്ടാണ് അലക്സ്‌ അവരെ തമ്മിൽ പരിചയപ്പെടുത്തിയത്…. അന്നയെന്ന പേര് കേട്ടപ്പോഴേക്കും സോഫിയയുടെ മുഖത്തൊരു ചിരി വിരിഞ്ഞു….. ഇതാണോ….. ഇച്ചായന്റെ പഴയ അന്ന…. അവൾ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…

സിദ്ധുവും അന്നയും മുഖത്തോട് മുഖം നോക്കുകയായിരുന്നപ്പോൾ….. കേട്ടോ അന്നാ….. അലെക്സിച്ചായനു അന്നയെ പോലെയുള്ള പെണ്ണിനെ വേണമെന്ന് പറഞ്ഞിട്ടാണ് എന്നെ കെട്ടിയതെന്ന് അമ്മച്ചി പറയാറുണ്ട്….. നമ്മൾ തമ്മിൽ വല്ല സാമ്യവുമുണ്ടോ…. അവൾ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവിടെയാകെ ഒരു കൂട്ടച്ചിരി മുഴങ്ങിയിരുന്നു… അലെക്സിന്റെ മുഖത്തൊരു ചമ്മിയ ചിരി തെളിഞ്ഞു നിന്നു….. നമക്കൊരു കോഫി കുടിച്ചാലോ സിദ്ധാർഥ്…. പിന്നെയാവട്ടെ അലക്സ്‌… അന്ന കാരിയിങ് ആണ്.. ഡോക്ടറെ കാണിക്കാൻ വന്നതാ ഞങ്ങൾ…. ഓഹ്… കൺഗ്രാറ്റ്സ്…. സോഫിയ അവളെ ചേർത്ത് പിടിച്ചു… പരസ്പരം കൈകൾ കൊടുത്ത് പിരിയുമ്പോൾ നാല് പേരുടെ മുഖത്തും ഒരു പുഞ്ചിരിയുണ്ടായിരുന്നു…. സിദ്ധുവട്ടാ….. അന്ന് രാത്രി ശെരിക്കും എന്താ സംഭവിച്ചത്….. ഡോക്ടറെ കാണാനായി കാത്തിരിക്കുമ്പോഴാണ് അന്നയത് ചോദിച്ചത്…. നീ ഉറക്കത്തിലെങ്ങാനും വന്നു എന്റെ കട്ടിലിൽ കയറി കിടന്നു കാണും…. അമ്മയത് കണ്ടോണ്ട് വന്നു….. നിന്നെ എന്റെ തലയിൽ വെച്ചു തന്നു….

അവൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അന്നയവന്റെ കൈതണ്ടയിൽ അവളുടെ നഖങ്ങളമർത്തി…. അപ്പോഴും അവൻ ചിരിക്കുകയായിരുന്നു…. വളരേ നിസ്സാരമായി അവനതിനെ കുറിച് പറയുമ്പോഴും അവനത് പാടേ മറന്നിട്ടുണ്ടെന്നവൾക്ക് തോന്നി…. എന്നാൽ അവളുടെ ഹൃദയത്തിൽ എങ്ങനെയെന്ന ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു….. സീതയെ തിരഞ്ഞു കൊണ്ട് പിറക് വശത്തു കൂടെ പോയപ്പോഴാണ് കുളക്കടവിൽ നിന്നൊരു ശബ്ദം പോലെയവൾക്ക് തോന്നിയത്…. കുളക്കടവ് ആരും ഉപയോഗിക്കാത്തത് കൊണ്ട് തന്നെ തൊടിയുടെ ഒരു മൂലയിൽ അത് പൊന്ത പിടിച്ചു കിടന്നിരുന്നു….. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും എന്തോ വല്ലാത്തൊരു ശബ്ദം പോലെ വീണ്ടും തോന്നിയപ്പോഴാണ് അവളുടെ കാലുകൾ അവൾ പോലുമറിയാതെ കുളക്കടവിലേക്ക് നീങ്ങിയത്……. എന്നാൽ അവിടം ശൂന്യമായിരുന്നു…. അവസാന പടികളിൽ നിന്ന് ശബ്ദം കേൾക്കുന്ന പോലെ തോന്നിയത് കൊണ്ട് തന്നെ അവളുടെ കാലുകൾ അവസാന പടവുകളിലേക്കിറങ്ങി…. പെട്ടെന്നായിരുന്നു പ്രതീക്ഷിക്കാത്തൊരു സംഭവം.. ശക്തമായ കരങ്ങൾ അവളുടെ മുടിക്കുത്തിൽ അമർന്നതോടൊപ്പം അവളെ വെള്ളത്തിലേക്ക് മുക്കി പിടിച്ചിരുന്നു….

അവൾ ശ്വാസമെടുക്കാനാവാതെ പിടഞ്ഞു കൊണ്ടിരുന്നു…. തന്റെ മേലിലുള്ള കൈകളുടെ ശക്തി കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു…. കുറച്ചു സമയത്തിന് ശേഷം ആ കൈകൾ അയയുന്നതോടൊപ്പം മറ്റൊരു കൈകൾ വെള്ളത്തിൽ നിന്നും വലിച്ചെടുത്തവളെ നെഞ്ചോട് ചേർത്തിരുന്നു…. വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരുമ്പോഴും തന്നെ രക്ഷിച്ച കൈകളുടെ ഉടമസ്താനിലേക്കവൾ നോക്കി…. ആ മുഖം കണ്ടതും അവളുടെ മനസ്സിലൊരു തണുപ്പിറങ്ങിയിരുന്നു… സിദ്ധുവേട്ടാ എന്ന് വിളിച്ചവളുടെ മിഴികൾ നിറയുമ്പോഴും അവന്റെ നോട്ടം അവളെ അപായപ്പെടുത്താൻ ശ്രമിച്ച ആ സ്ത്രീ രൂപത്തിലേക്കായിരുന്നു…. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചിരുന്നു…… അവന്റെ ശക്തമായ ചവിട്ടിൽ പിറകിലേക്ക് തെറിച്ചു പോയെങ്കിലും വീണ്ടും അലറി വിളിചവരിലേക്കോടിയടുക്കുന്നവളെ കണ്ടതും സിദ്ധുവിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി……
(തുടരും )