Karimizhi

The World of Malayalam Stories

Malayalam novels

നീയറിയാതെ : ഭാഗം 02

രചന – അയിഷ അക്ബർ

ആ വഴി പോയപ്പോഴായിരുന്നു ത്രേസ്സ്യ ചേച്ചിയെന്നെ വീട്ടിലേക്ക് ക്ഷണിച്ചത്… സന്തോഷപൂർവം അവരുടെ ക്ഷണം സ്വീകരിച്ചകത്തിരുന്നപ്പോഴേക്കും ചൂടുള്ള കാപ്പിയുമായി അവൾ വന്നിരുന്നു….. അതാരാ….. ചുമരിൽ തൂക്കിയ മാലയിട്ട ഫോട്ടോയിലേക്ക് നോക്കി ഞാൻ ചോദിക്കുമ്പോൾ അവരുടെ മുഖത്തൊരു നൊമ്പരം പടർന്നിരുന്നു….അത് അന്നയുടെ അമ്മച്ചിയാ….. അപ്പൊ അന്ന നിങ്ങളുടെ മകളല്ലേ… മുഖത്ത് നിറഞ്ഞ ആകാംഷ അടച്ചു വെക്കാൻ കഴിയാതെ ഞാൻ ചോദിച്ചു….. അല്ല സാറേ … അവളെന്റെ ചേച്ചിയുടെ മോളാ…..

അച്ഛന് പിറകെ അമ്മച്ചിയും പോയതോടെ ഞങ്ങൾ രണ്ട് പെൺകുട്ടികൾ തനിച്ചായിരുന്നു…. നാട്ടുകാരുടെയും പള്ളിയുടേയും ഒക്കെ സഹായത്തോടെ ജീവിക്കുന്നതിനിടയിലേക്കാണവൻ വന്നത്….. ചേച്ചിയോട് പ്രണയം നടിച്ചിട്ടൊന്നും രക്ഷയില്ലെന്നറിഞ്ഞത് കൊണ്ട് തന്നെയാണവൻ അച്ഛനോട് സംസാരിച്ചത്… അന്ന് ക്രിസ്ത്യനിയാണെന്നൊക്കെ പറഞ്ഞാ കല്യാണം നടന്നത്…. എന്നെ വിട്ട് പോവാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഇവിടെ താമസിക്കുന്ന ഒരാളെ മതിയെന്ന ചേച്ചിയുടെ വാശിയും ആ കല്യാണത്തിനൊരു കാരണമായി…. കല്യാണം കഴിഞ്ഞപ്പോഴാണവന്റെ സ്വഭാവം പുറത്ത് വന്നു തുടങ്ങിയത്….. കള്ളും കഞ്ചാവുമായി നടക്കുന്ന അവൻ എനിക്കു മേലിലും ഉപദ്രവമായി തുടങ്ങിയപ്പോഴാണ് ചേച്ചി അവന്റെ കൂടെ ഇവിടെ നിന്നിറങ്ങിയത്….

അന്ന് ചേച്ചി ഗർഭിണിയായിരുന്നു…. ഞാൻ തനിച്ചാവുമെന്നറിയാമെങ്കിലും രാഘവൻ കാരണം എനിക്കൊന്നും വരരുതേയെന്ന് കരുതി നിറവയറുമായി ഹൃദയം നുറുങ്ങുന്ന വേദനയിലവൾ ഇവിടെ നിന്നിറങ്ങി…… പിന്നീടറിഞ്ഞത് പാറക്കെട്ടിൽ രക്തത്തിൽ കുളിച് കിടക്കുന്ന അവളെ കുറിച്ചാണ്…. എങ്കിലും ഉള്ളിലുള്ള കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടില്ലായിരുന്നു….. വെള്ള പുതച്ച അവളുടെ ശരീരത്തിനൊപ്പം മറ്റൊരു ശരീരം കൂടി ഞാനേറ്റു വാങ്ങി….. കൊന്നതവനാണെന്ന തെളിവുകൾക്ക് മേൽ രാഘവനെ പോലീസ് അറസ്റ് ചെയ്തു…..

ഞാൻ ഇത്രയും കാലം ജീവിച്ചത് ഇവൾക്ക് വേണ്ടിയാണ്….. വർഷങ്ങൾക്ക് ശേഷം എന്റെ മോൾക്ക് വേണ്ടിയവൻ വന്നിരിക്കുകയാണ്…. എന്തും ചെയ്യാൻ മടിക്കാത്തവനാണവൻ…. ദേഷ്യമോ സങ്കടമോ ഭയമോ എന്നറിയാനാവാത്ത ഒരു വികാരം അവരുടെ മുഖത്ത് ഞാൻ കണ്ടു…. അപ്പോഴും എനിക്ക് പിറകിലായി നിന്നിരുന്ന അന്നയുടെ മിഴികൾ നിറയുന്നത് മുൻവശത്തുള്ള കണ്ണാടിയിലൂടെ ഞാൻ നോക്കി കണ്ടു…… ഒന്നും സംഭവിക്കില്ല…. വരട്ടെ അവൻ….. അവനുള്ള മരുന്നെന്റെ കയ്യിലുണ്ടല്ലോ….. സിരകളിൽ ചൂട് പിടിച് ഞാനത് പറയുമ്പോഴും എന്നെ പൂർണമായി വിശ്വസിക്കുന്നെന്ന പോലവരുടെ മിഴികളെന്നെ നോക്കിയിരുന്നു….. ഞാനിനി എത്ര കാലമുണ്ടെന്നറിയില്ല… ഹൃദയം പണി മുടക്കി തുടങ്ങി…ഞാൻ മരിക്കുന്നതിന് മുൻപ് ഇവളെ ആരുടെയെങ്കിലും കൈ പിടിച്ചൊന്നേൽപ്പിക്കണം… രാഘവനെ പേടിച് ആരാ വരാ…..

നെടുവീർപ്പിന്റെ സഹായത്തിൽ അവരതിനെ പറഞ്ഞു നിർത്തുമ്പോഴും ആ വാക്കുകളിലെ നീറ്റൽ എനിക്ക് വ്യക്തമായി അറിയാനാവുന്നുണ്ടായിരുന്നു….. അതോക്കെ വരും…. അന്ന നല്ല കുട്ടിയാ…. അവളെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്നൊരാൾ തീർച്ചയായും വരും…. പുഞ്ചിരിച്ചു കൊണ്ട് ഞാനത് പറയുമ്പോൾ അവളുടെ നാണത്തിൽ കലർന്ന പുഞ്ചിരി ഞാൻ കണ്ടില്ലെന്ന് നടിച്ചിരുന്നു…. ടൗണിലേക്കിറങ്ങിയപ്പോഴാണ് അവളുടെ പുറകിൽ നിൽക്കുന്ന തൊമ്മിച്ചായന്റെ മകൻ ജോജോയെ കണ്ടത്…. അവനെന്തോ അവളോട് പറയുന്നതോടൊപ്പം അവളുടെ മുഖത്തെ അസ്വസ്ഥത എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……

ഞാൻ അവളുടെയെടുത്തായി ജീപ്പ് കൊണ്ട് പോയി നിർത്തിയതും അവളുടെ മിഴികൾ വിടർന്നിരുന്നു….. ഞാൻ മുഖത്ത് ഗൗരവം നിറച്ചു ജോജോയെ നോക്കിയതും അവനാകെ ചൂളിപ്പോയിരുന്നു….. അവൻ പതിയെ അവിടെ നിന്നും നടന്നു പോയി…. സാർ വീട്ടിലേക്കാണോ…. അതേല്ലോ…. പറഞ്ഞ നിമിഷം അവൾ ജീപ്പിൽ കയറിയിരുന്നു….. അവനെ കൊണ്ട് വല്യ ശല്യമാ സാറേ…. അവൾ പിന്നെയും മറ്റെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. എന്നാൽ ഞാനതൊന്നും കേട്ടിരുന്നില്ല…. ദിവസങ്ങൾ കഴിയും തോറും അവളെന്നോട് വല്ലാതെയടുക്കുന്നത് ഞാനറിഞ്ഞിരുന്നു… ഇത്രയേറെ സ്വാതന്ത്ര്യത്തോടെ അവളെന്നോട് പെരുമാറുന്നതും അവസാനം അവളിലൊരു മുറിവായി അവശേഷിക്കുമോയെന്ന് ഞാൻ ഭയന്നിരുന്നു….

ദിവസങ്ങളും മാസങ്ങളും വേഗത്തിൽ തന്നെ കടന്നു പോയി കൊണ്ടിരുന്നു…. ആ നാട്ടുകാർക്ക് ഞാൻ പ്രിയപ്പെട്ട ഒരാളായി മാറിയിരുന്നു….. ആർക്കും എപ്പോഴും ഭയമില്ലാതെ കയറി വരാനുള്ള ഒരിടമായി മാറിയിരുന്നു ഞാൻ താസിച്ചിരുന്ന ആ കൊച്ചു വീട്…. പലരുടെയും തൊടിയിൽ കായ്ച്ചതും അടുക്കളയിൽ വെന്തതുമെല്ലാം എന്നോടുള്ള സ്നേഹ സൂചകമായി എന്റെ അടുത്തെത്തിയിരുന്നു…. അന്ന ദിവസം തോറും എന്നോടടുത്തു കൊണ്ടിരുന്നു….. പലപ്പോഴും ഒഴിഞ്ഞു മാറാൻ നോക്കിയിരുന്നെങ്കിലും എന്തോ ഒരു ശക്തി ഞങ്ങളെ പിടിച്ചു നിർത്തുന്നത് ഞാൻ അത്ഭുതത്തോടെ തിരിച്ചറിഞ്ഞിരുന്നു… അവളുടെ കണ്ണുകളിലെ പ്രണയം ഞാൻ വ്യക്തമായറിഞ്ഞിരുന്നെങ്കിലും അവൾ എന്നോട് പറയാത്തിടത്തോളം കാലം അവളെയെങ്ങനെ പിന്തിരിപ്പിക്കുമെന്നെനിക്കറിയില്ലായിരുന്നു…… ഒരു രാത്രി ഭക്ഷണം കഴിച്ചു കൈ കഴുകുമ്പോഴാണ് അവളോടി വന്നത്…

എന്താ അന്നാ… എന്ത് പറ്റി… അമ്മച്ചിക്ക് തീരെ വയ്യ സാറേ….. ഞാൻ അയയിൽ കിടന്നിരുന്ന ഷർട്ടെടുത്തിട്ട് അവളുടെ അമ്മച്ചിയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി….. ഹൃദയം മുടക്കി തുടങ്ങിയിരുന്ന അവർക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കുമെന്ന അവസ്ഥയിലായിരുന്നു….. ആശുപത്രിയിൽ ഞാനവരുടെ കൂടെ നിന്നിരുന്നു…. ഡിസ്ചാർജ് ആയി വീട്ടിലേക്ക് കൊണ്ട് വന്നാക്കിയതും ഞാൻ തന്നെയായിരുന്നു….. മോനെ….. ഇറങ്ങാൻ നേരം അവർ പുറകിൽ നിന്നും വിളിച്ച വിളിയിൽ ഞാൻ അവരിലേക്ക് തിരിഞ്ഞു… സാറെന്ന വിളിയിൽ നിന്നും മോനെയെന്ന വിളിക്കിയിലേക്കവരെത്തിയതെന്നെ വല്ലാതെ സന്തോഷിപ്പിച്ചുവെങ്കിലും അവർക്കെന്നോടെന്തോ കാര്യമായി പറയാനുണ്ടെന്നത് അവരുടെ മുഖ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു…..

അവർ കാട്ടിലിനടുത്തെ കസേരയിലേക്ക് ചൂണ്ടിയെവിടെ യിരിക്കാൻ പറഞ്ഞു…. എനിക്കിനി അധിക കാലമില്ല …… മരിക്കുന്നതിന് മുൻപ് ഇവളെ ആരുടെയെങ്കിലും കൈകളിൽ ഏൽപ്പിക്കണമെന്നുണ്ട്…. ശബ്ദം ഇടറി കൊണ്ടവർ പറഞ്ഞു നിർത്തുമ്പോഴും അവരുടെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു ഞാൻ…. വരുന്ന കല്യാണങ്ങൾക്കൊന്നും ഇവൾ സമ്മതിക്കുന്നില്ല… അതിനുള്ള കാരണം മോനാണെന്നെനിക്കവൾ പറയാതെ തന്നെയറിയാം… എന്റെ മുഖത്ത് നിർവികാരത നിറഞ്ഞു നിന്നു…. എനിക്ക് അറിയാവുന്ന കാര്യമാണെങ്കിലും അതിനെ കുറിച്ചൊരിക്കൽ പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല….. ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ടാവണം അവര് വീണ്ടും തുടർന്നത്…. ഭാര്യ ഇട്ടേച്ചു പോയതാണെന്നും ഇപ്പൊ ഒറ്റക്കാണെന്നുമൊക്കെ ജോസേഫെട്ടൻ പറഞ്ഞിരുന്നു…. അതൊന്നും അവൾക്കൊരു പ്രശ്നമല്ല…. നിങ്ങളിലാണിപ്പോ അവളുടെ ശ്വാസം പോലും…..

ചുമരിനോട് ചാരി നിന്നിരുന്ന അന്നയുടെ മിഴികൾ സന്തോഷത്താൽ വിടരുന്നത് ഞാനറിഞ്ഞിരുന്നു…. അവൾക്ക് തോന്നിയ പോലൊരിഷ്ടം നിങ്ങൾക്കും തിരിച്ചു തോന്നിയിട്ടുണ്ടെങ്കിൽ അവളെയെല്പ്പിക്കാൻ നിങ്ങളെക്കാൾ സുരക്ഷിതമായ വേറൊരു കരമെന്റെ മുമ്പിലില്ല…. സമാധാനത്തോടെ എനിക്ക് മരിക്കാം…. അതല്ലായെങ്കിൽ എന്റെ മോൾക്കിനിയും പ്രതീക്ഷകൾ കൊടുത്തവളെ വേദനിപ്പിക്കരുത്…… അവരുടെ മിഴികൾ നിറഞ്ഞിരുന്നു…. മകളെ പറ്റിയുള്ള ആശങ്കകൾ അവരുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു……. എന്താ പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു……എന്റെ വാക്കുകൾക്ക് അവൾ ഹൃദയ മിടിപ്പോടെ കാതോർത്തു നിന്നു….

എന്റെ ഭാര്യ എന്നെ ഇട്ടേച്ചു പോയി…. ഞങ്ങൾ അകന്നാണ് കഴിയുന്നത് …. പക്ഷെ ഞങ്ങൾ തീർച്ചയായും ഒരുമിക്കും…. ആ ദിവസത്തിന് വേണ്ടിയാണെന്റെ ഓരോ നിമിഷവും തള്ളി നീക്കുന്നത്….. അന്ന വിചാരിക്കുന്നത് പോലൊരിഷ്ടം എനിക്കവളോടൊരിക്കലും തോന്നിയിട്ടില്ല…… അന്നയോടെന്നല്ല മറ്റൊരാളോടും…… എന്റെ മറുപടിയിൽ നിറഞ്ഞൊഴുകുന്ന മിഴികൾ ഹൃദയത്തിൽ നോവുകൾ തീർത്തു കൊണ്ടിരുന്നു….. ഞാൻ മറ്റൊരു സംസാരത്തിനിടം കൊടുക്കാതെ അവിടെ നിന്നും നടന്നകന്നു….. പിന്നീട് അവളെന്നെ കാണുമ്പോഴൊക്കെ കാണാത്ത ഭാവത്തിൽ നടന്നു മറഞ്ഞു…. എങ്കിലും നനഞ്ഞു കുതിർന്ന ആ മിഴികൾ ഞാൻ അറിയാതെ എന്നെ തിരഞ്ഞു വന്നിരുന്നു….. എന്നാൽ തിരിച്ചൊരു നോട്ടത്തിനിടം കൊടുത്താ മനസ്സ് വീണ്ടും വിഷമിപ്പിക്കാനെനിക്ക് താല്പര്യമില്ലായിരുന്നു….

എത്രയും പെട്ടെന്ന് ട്രാൻസ്ഫർ വാങ്ങി പോകാനുള്ള ഒരുക്കങ്ങൾ ഞാൻ തുടങ്ങിയിരുന്നു…. ആ ത്രേസ്സ്യയുടെ മോൾടെ കല്യാണം ഉറപ്പീറായിരുന്നു സാറേ ഇന്ന് …. നമ്മടെ ചായക്കടക്കാരൻ വറീദിന്റെ മോനാ പയ്യൻ…. കേൾക്കുമ്പോൾ സന്തോഷം തോന്നിയെങ്കിലും എന്തോ ഞാനറിയാത്ത ഒരു ഭാരം മനസ്സിൽ തങ്ങി നിന്നിരുന്നു…. ട്രാൻസ്ഫറിന്റെ ഒരുക്കങ്ങളൊക്കെ പൂർത്തിയയെങ്കിലും ഞാൻ പോകുന്നതിന്റെ വിഷമം കൊണ്ട് എല്ലാവരും എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി…… ഇത്രയും സമയം കൊണ്ട് തന്നെ അവർക്കെല്ലാം ഞാൻ സ്വന്തക്കാരനായി ആയി മാറിയിരുന്നു…. നാട്ടിലേക്ക് പോകുന്നതിനു തലേന്ന് രാത്രി ഒരു നിലവിളി കേട്ടാണ് ഞാൻ ജോസഫ്വേട്ടനെ വിളിച്ചത്… അത് അന്നയുടെ നിലവിളിയാണെന്നെനിക്ക് വ്യക്തമായറിയാമായിരുന്നു…..

അവളുടെ അമ്മച്ചി ഈ ലോകത്തോട് വിട പറഞ്ഞിരുന്നു….. ഞങ്ങളെല്ലാം ചേർന്ന് എല്ലാ കാര്യങ്ങളും നടത്തി… ഒറ്റക്കായി പോയ ആ പെൺകുട്ടിയെ എല്ലാവരും സഹതാപത്തോടെ നോക്കി…. അവളുടെ നിറഞ്ഞ മിഴികൾ കാണവേ എന്റെ ഹൃദയത്തിലും ഒരു സാഗരം അലയടിക്കുന്നുണ്ടായിരുന്നു…… മരണ വീടൊന്ന് ശാന്തമാവാൻ കാത്തു നിന്നത് കൊണ്ട് രണ്ട് ദിവസം വൈകിയിരുന്നു… നാളെ എന്തായാലും അവിടെ എത്തണമെന്നുള്ളത് കൊണ്ട് തന്നെ അന്ന് രാത്രി തന്നെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു പുറപ്പെട്ടു…. ഇറങ്ങാൻ നേരം ജോസഫ്വേട്ടനെ കെട്ടിപ്പിടിച്ചപ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നു… എന്തിനും നിഴലായി കൂടെയണ്ടായിരുന്ന ജോസേഫെട്ടൻ എനിക്ക് ആരൊക്കെയോ ആയിരുന്നു…

അന്നയെ കാണണമെന്ന് മനസ്സ് പറഞ്ഞിരുന്നെങ്കിലും എന്തോ എന്റെ സാമീപ്യം വീണ്ടും അവളെ മുറിപ്പെടുത്തുമോയെന്ന് ഞാൻ ഭയന്നു….. ചാറ്റൽ മഴ പതിക്കുമ്പോൾ വൈപ്പറതിനെ തുടച്ചു നീക്കിയെങ്കിലും പുക മറഞ്ഞു കാഴ്ചകലെനിക്ക് വ്യക്തമായിരുന്നില്ല….. രണ്ടു വർഷക്കാലം സുഖമുള്ള ഒത്തിരി ഓർമകളും നല്ലവരായ ഒത്തിരി മനുഷ്യരെയും സമ്മാനിച്ച ഈ നാട് വിട്ട് എന്നുന്നേക്കുമായി പോകുകയാണെന്നോർക്കുമ്പോൾ ഒരു നൊമ്പരം മനസ്സിൽ കൂടു കൂട്ടിയിരുന്നു…. പെട്ടെന്നാണ് ഹെഡ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ പുക പടലങ്ങൾക്കിടയിലൂടെ ആരോ ഓടി വരുന്നത് കണ്ടത്….. ആരെന്ന് വ്യക്തമല്ലെങ്കിലും ഞാൻ ബ്രേക്ക്‌ ചവിട്ടി….. കാറിൽ നിന്ന് പുറത്തിറങ്ങിയതും അവളെന്റെ കൈകളിലേക്ക് വന്ന് വീണിരുന്നു……

അന്നാ…… അവളെന്റെ മുഖത്തേക്ക് നോക്കി…. ചുരിദാറിന്റെ കൈകൾ കീറിയിട്ടുണ്ടായിരുന്നു…. അവളുടെ നെറ്റിയിൽ മുറിപ്പെട്ടിരുന്നു…. എന്ത് പറ്റി അന്നാ.. മറുപടി പറയാനാവാത്ത വിധം അവളെന്നിലേക്ക് ചാഞ്ഞിരുന്നു….. അവൾ പറഞ്ഞില്ലെങ്കിലും മറുപടി അവൾക്ക് പുറകിലായി വരുന്നുണ്ടായിരുന്നു…. രാഘവൻ….. എന്റെ സിരകളിൽ ചൂട് പിടിച്ചു… ഭയന്ന് വിറച്ച അവളുടെ മിഴികൾ ഹൃദയത്തെ നൊമ്പരപ്പെടുത്തുമ്പോഴും ഒരു കൈ കൊണ്ടവളെ ഞാൻ ചേർത്ത് പിടിച്ചിരുന്നു….. എന്നെ കണ്ടതിലുള്ള പകപ്പ് അയാളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നു….. അടുത്തേക്ക് വരാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് തന്നെ പുകപടലങ്ങൾക്കിടയിലൂടെ അയാൾ ഓടിയകന്നു….

അവളെ ഞാൻ പതിയെ കാറിന്റെ സീറ്റിലേക്കിരുതി…. വെള്ളം വേണോ… കുപ്പി അവളിലേക്ക് നീട്ടിയപ്പോഴേക്കും ആ കുപ്പിയെന്റെ കൈകളിൽ നിന്നും വാങ്ങിയവളതു മുഴുവൻ കുടിച്ചിരുന്നു….. ഞാൻ വീട്ടിലേക്കാക്കിത്തരാം…. അവളുടെ നിശ്വാസത്തിന്റെ ശക്തി കുറഞ്ഞെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു…. അവൾ മിഴികൾ നിറച്ചു കൊണ്ട് എന്നെ നോക്കി…. ഞാൻ പൊയ്ക്കോളാം… സാർ ബുദ്ധിമുട്ടണ്ടാ… ഗൗരവം നിറച്ചത് പറഞ്ഞു കൊണ്ടവൾ നടന്നു തുടങ്ങിയിരുന്നു…… തിരിച്ചു ഞാനെന്തെങ്കിലും പറയും മുന്പേ അവൾ പുകക്കുള്ളിൽ മറഞ്ഞിരുന്നു…… ഇനിയും രാഘവൻ വരുമോയെന്ന ഭയത്തിൽ അവളുടെ വീട് വരെ കൂടെ പോകാമെന്നു വിചാരിച്ചു ഞാനും അവളുടെ പിറകെ നടന്നു…..

അവൾ ചെന്നു നിന്നത് ആഴമുള്ള കൊക്കയുടെ ഓരത്തായിരുന്നു….. എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ മരവിച്ചു നിന്നു പോയി…. അവൾ ചാടാൻ നിന്ന ആ നേരം അവളുടെ കൈകൾ പിടിച്ചു ഞാനെന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു… എന്റെ മുഖത്തേക്ക്‌ നിറഞ്ഞ മിഴികളുയർത്തി അവൾ നോക്കി…. വീണ്ടും എന്റെ കൈകളെ വിടുവിച്ചു കൊക്കയിലേക്ക് ചാടാൻ നോക്കിയ അവളുടെ മുഖത്ത് പതിച്ചതെന്റെ വിരലുകളായിരുന്നു…. അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ അവളൊന്നടങ്ങി…. മരിക്കാനെനിക്ക് പേടിയില്ല സാറേ….. എന്നാൽ ജീവിക്കാൻ ഞാൻ വല്ലാതെ ഭയക്കുന്നു…. അയാളിനിയും വരും….

മിഴികൾ നിറഞ്ഞു വിതുമ്പുന്നവളോടെന്ത് പറയണമെന്നറിയില്ലെങ്കിലും കൈ പിടിച്ചവളെ ഞാൻ കാറിലേക്ക് കയറ്റി.. ഞാൻ വീണ്ടും അവളെ വീട്ടിലേക്കാക്കാനാണെന്ന ഭയം അവളിൽ നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞിരുന്നു…. എന്നാൽ ഞാൻ വണ്ടി മുന്നോട്ടെടുത്തതും അവളുടെ മിഴികളിൽ ആശ്വാസം തളം കെട്ടി നിന്നു…. ചുരം ഇറങ്ങാൻ തുടങ്ങിയതും അവൾ പതിയെ മിഴികലടച്ചു….. അത്രമേൽ എന്റെ മേലുള്ള വിശ്വാസത്തോടെ അവൾ ഉറങ്ങുകയായിരുന്നു… സ്വസ്ഥമായി….. കാപ്പി തോട്ടങ്ങളും തേയില തോട്ടങ്ങളും മലകളും മഞ്ഞിൽ പൊതിഞ്ഞ ഈ നാട്ടിൽ നിന്നും വയലുകളും തോടുകളും പാടങ്ങളും നിറഞ്ഞ മറ്റൊരു നാട്ടിലേക്കവൾ പറിച്ചു നടുകയാണെന്നറിയാതെ അത്രമേൽ സമാധാനത്തോടെ കിടന്നുറങ്ങുന്നവളെ ഞാൻ അൽപ നേരം നോക്കി നിന്നു….. അപ്പോഴും എന്റെ വിരൽ പാടുകൾ അവളുടെ കവിളുകളിൽ തുടുത്തു കാണപ്പെട്ടു….. എന്റെ മനസപ്പോഴും ശൂന്യമായിരുന്നു.
( തുടരും )

LEAVE A RESPONSE