17/04/2026

നീയറിയാതെ : ഭാഗം 20

രചന – അയിഷ അക്ബർ

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട സീത വാതിൽ തുറന്നപ്പോഴാണ് അവരെ കണ്ടത്…. മോളേ…. അന്നാ…. ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കു….. അന്ന കോണിപ്പടികളിറങ്ങി വന്നു…. അവരെ കണ്ടതും അവളുടെ മുഖം വിടർന്നു… അതിലേറെ സന്തോഷം അവളെ കണ്ടതിൽ അവർക്കായിരുന്നു….. സംസാരം കേട്ട് ആരെന്ന് നോക്കാൻ സിദ്ദുവും മുറിക്ക് പുറത്തേക്ക് വന്നു… കുര്യനങ്കിൾ….. അവന്റെ നാവിൽ നിന്നും അല്പം ശബ്ദത്തിൽ തന്നെയാണാ വാക്കുകൾ വീണത്….. പാർവതിയും കൂടെയുണ്ടായിരുന്നു…. അവൻ ഹൃദയം കൊണ്ടവരോട് പുഞ്ചിരിച്ചു… ഊണ് കഴിച്ചേ പോകാവുയെന്ന നിർബന്ധത്തിൽ സീതയവരെ സ്നേഹത്താൽ തടഞ്ഞു നിർത്തി…. സീതയെ സഹായിച്ചു കൂടെ നിൽക്കുന്ന അന്നയെ കാണുമ്പോൾ അവരുടെ മനസ്സിൽ സന്തോഷമോ സങ്കടമോ എന്നറിയാത്ത ഒരു വികാരം സ്ഥാനം പിടിച്ചിരുന്നു…..

മാധു ഉള്ള സമയത്ത് ഇവിടെ വരുമ്പോൾ അവൾ ഇത്രയും സീതയോട് ഇണങ്ങിയിട്ടില്ലെന്നത് അവരോർത്തു…. എങ്കിലും സീതക്ക് യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല…. സീതക്ക് മനസ്സിനിണങ്ങിയ മരുമോളെ കിട്ടിയല്ലേ… പാത്രങ്ങളെടുത്തു വെക്കുന്നതിനിടയിലാണ് പാർവതിയത് ചോദിച്ചത്…. അന്നേരം അവിടെ മറ്റാരുമുണ്ടായിരുന്നില്ല…. അവരുടെ സ്വരത്തിനു ഇടർച്ചയുണ്ടായിരുന്നത് പറയുമ്പോൾ…. സീത ഒരു നിമിഷം നിശ്ചലയായി.. പിന്നെ പതിയെ പുഞ്ചിരിച്ചു…. പെൺകുട്ടികളില്ലാത്ത എനിക്ക് മരുമകളുടെ രൂപത്തിൽ ഒരു മകളെ കിട്ടുമെന്ന് കാത്തിരുന്ന ആളാണ് ഞാൻ….. മാധു മോൾക്ക് ഞാൻ കൊടുത്ത സ്നേഹവും ഇപ്പൊ അന്നയോടുള്ള എന്റെ സ്നേഹവും ഒരേ അളവിൽ തന്നെയാണ്…. എന്നാൽ മാധുവിനു സ്നേഹം കൊടുക്കാൻ ചുറ്റും നിങ്ങളെല്ലാവരുമുണ്ടായിരുന്നു…..

അത് കൊണ്ട് തന്നെ എന്റെ സ്നേഹത്തിന്റെ ആഴം ഒരുപക്ഷെ അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല…. എന്നാൽ അന്നക്ക് അങ്ങനെയല്ല…. ആരോരും സ്നേഹിക്കാനില്ലാത്ത അവൾക്ക് ഞാൻ കൊടുക്കുന്ന സ്നേഹത്തിന്റെ പത്തിരട്ടി അവളെനിക്ക് തിരിച്ചു തരുന്നതായി തോന്നിയിട്ടുണ്ട്….. ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തുമ്പോൾ അവരുടെ മുഖത്ത് വല്ലാത്തൊരു സംതൃപ്തി കാണപ്പെട്ടിരുന്നു….. അപ്പോഴേക്കും അന്നയങ്ങോട്ട് വന്നു… പാർവതി എന്റെ മക്കളെ മനസ്സറിഞ്ഞു തന്നെ അനുഗ്രഹിക്കണം…. അന്നയെ ചേർത്ത് പിടിച്ചത് പറയുമ്പോൾ സീതയുടെ മിഴികൾ നിറഞ്ഞിരുന്നു…. നന്നായി വരും….നന്നായി വരും….. പറയുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു….. എങ്കിലും അത്രമേൽ ആത്മാർഥത നിറഞ്ഞിരുന്നാ വാക്കുകളിൽ…….

അന്നാ…..ആ അച്ചാറു കൂടിയിങ്ങെടുത്തോ….. ഭക്ഷണം വിളമ്പുന്നതിനിടയിലാണ് സിദ്ധു അത് പറഞ്ഞത്… അവളൊരു നിമിഷം കേട്ടത് വിശ്വസിക്കാനാവാതെ നിശ്ചലയായി ….. സീതയും മാധവനും മുഖത്തോട് മുഖം നോക്കി… ആദ്യമായായിരുന്നു അവളുടെ പേര് അവന്റെ വായിൽ നിന്നും കേൾക്കുന്നത്…… അതിന്റെ ഞെട്ടൽ ബിന്ദുവടക്കം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണപ്പെട്ടു…. പറഞ്ഞു കഴിഞ്ഞു എല്ലാവരുടെയും മുഖത്തെ ഭാവം കണ്ടപ്പോഴാനവന് കാര്യം മനസ്സിലായത്…. അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു… അവക്കപ്പോൾ നാണത്തിന്റെ കലർപ്പുണ്ടായിരുന്നു……. അന്നയുടെ മുഖത്ത് സന്തോഷത്തിന്റെ സാഗരം അലയടിക്കുന്നുണ്ടായിരുന്നു…. അവൾ വേഗത്തിൽ തന്നെ ഭരണിയിൽ നിന്നും അച്ഛാറെടുത്തൊരു പാത്രത്തിലേക്കിട്ട് അവന്റെ കൈകളിൽ കൊടുത്തു… അവളുടെ കൈകളിൽ നിന്നാ പാത്രം വാങ്ങുമ്പോഴും അവളുടെ മുഖത്ത് നോക്കാൻ അവനൊരു ജാള്യത തോന്നിയിരുന്നു….

എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ സിദ്ധുവിന്റെ അരികിലായി അവളെയിരുത്തിയത് പാർവതിയായിരുന്നു…. കഴിച്ചു കഴിഞ്ഞേഴുന്നേൽക്കാൻ നേരമാണ് അവർ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുന്നത്…. ഞങ്ങൾ തിങ്കളാഴ്ച സിങ്കപ്പൂരിലേക്ക് തിരിച്ചു പോകും…. അതിനു മുന്പേ നിങ്ങളെല്ലാവരും ഒരു ദിവസം വീട്ടിലേക്ക് വരണം….. അന്ന മോള് വീടൊന്നും കണ്ടിട്ടില്ലല്ലോ…. ഇനി പോയാൽ എന്ന് തിരിച്ചു വരുമെന്നറിയില്ല…. സീതയുടെ കൈകളിൽ പിടിച്ചാണ് പാർവതിയത് പറഞ്ഞത്.. ഞങ്ങളുടെ കാര്യത്തിൽ ഉറപ്പൊന്നും പറയുന്നില്ല….. മക്കളെ എന്തായാലും പറഞ്ഞയക്കാം…. മാധവൻ അത് പറഞ്ഞു നിർത്തുമ്പോൾ സീതയും അത് ശരി വെച്ചിരുന്നു….. അങ്ങനെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും അന്നയുടെ കൈകളിൽ പിടിച്ചിരുന്നു….. മോള് സിദ്ധുവിന്റെ കൂടെ വരണം…… അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…..

ഡാ….. സിദ്ധു…. ഇന്നല്ലേ കുര്യന്റെ വീട്ടിലേക്ക് ക്ഷണിച്ചത്….. ആ… അമ്മേ…. എന്നിട്ട് പോകുന്നില്ലേ…. മൊബൈലിൽ നോക്കി കൊണ്ടിരുന്ന അവൻ അത് ഓഫ്‌ ആക്കിയ ശേഷം സീതയെ നോക്കി…. പോകണോ അമ്മേ…. അവന്റെ മുഖത്തെ ഭാവവും ആ ചോദ്യവും ഒത്തിരി വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ സീത കഴുകി കൊണ്ടിരിക്കുന്ന പാത്രങ്ങൾ അവിടെ വെച്ച് അവനിലേക്ക് തിരിഞ്ഞു നോക്കി…. ഒത്തിരി വർഷങ്ങളായി അന്യമായ തന്റെ മകന്റെ പല മുഖങ്ങളും തനിക്ക് തിരിച്ചു കിട്ടുന്നതായി സീതക്ക് തോന്നി…. ഒരു കൊച്ചു കുട്ടിയെ പോലെ തന്നോട് വന്നു പല കാര്യങ്ങൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അനുവാദവുമെല്ലാം വാങ്ങിയിരുന്ന ആ പഴയ സിദ്ധുവിനെ അവർക്കവനിൽ വീണ്ടും കാണാൻ കഴിഞ്ഞു…. പോവണം…. അവരിവിടെ വന്നു ക്ഷണിച്ചതല്ലേ… പിന്നെ നീയും അന്നയും തനിച്ചേവിടെയും ഇത് വരെ പോയിട്ടില്ലല്ലോ…… അവനൊന്നും മിണ്ടിയില്ല…. അവന്റെ മൗനത്തെ സമ്മതമായി കണക്കിലെടുത്തു കൊണ്ട് സീത വീണ്ടും ജോലികളിലേക്ക് തിരിഞ്ഞു……

വേഗം ഒരുങ്ങിക്കോ….. കുര്യനങ്കിളിന്റെ വീട്ടിലേക്ക് പോവണം…. ഞാനൊന്ന് പുറത്ത് പോയി വരാം….. മുറിയിൽ തുണികൾ മടക്കി വെക്കുന്നതിനിടയിലാണ് അന്നയോട് സിദ്ധുവത് പറഞ്ഞത്…. അത്ഭുതത്താൽ അവളുടെ കണ്ണുകൾ വിടർന്നു…. അതിനോടൊപ്പം അതിരു കവിഞ്ഞ സന്തോഷത്താൽ ആ മിഴികൾ നിറയുന്നതും അവൻ കണ്ടിരുന്നു… പിന്നേയ്…. ഞാൻ വരുമ്പോഴേക്കും എന്റെ മെറൂൺ കളർ ഷർട്ടും ഒരു മുണ്ടും തേച് വെക്ക്….. അവൻ തിരിഞ്ഞു നിന്ന് കൊണ്ടവളോടതു പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരിയുണ്ടായിരുന്നു…. മനപ്പൂർവം തന്നിൽ നിന്നാട്ടിയാകറ്റിയവളെ തന്നിലേക്ക് ചേർക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നിരിക്കണമത്….. തന്റെ ഒരു സാധനത്തിലും തൊടരുതെന്ന് പറഞ്ഞു വിലക്കിയപ്പോൾ അവളുടെ ഹൃദയത്തിൽ ഉണ്ടായ മുറിവിലേക്കുള്ള മരുന്ന് കൂടിയാണവൻ നൽകിയതെന്നവൾക്കറിയാമായിരുന്നു….. അവൾ ഹൃദയം കൊണ്ട് പുഞ്ചിരിക്കുമ്പോഴും ആ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…..

അമ്മേ…… പിറകിലൂടെ കൈകൾ ചേർത്ത് സീതയെ അവൾ കെട്ടിപ്പിടിക്കുന്നതോടൊപ്പം അവരുടെ കവിളുകളിലൊരുമ്മ കൊടുക്കാനും അവൾ മറന്നിരുന്നില്ല….. എന്താ അന്നകൊച്ചിന്നു വല്യ സന്തോഷത്തിലാണല്ലോ…. ബിന്ദു ചേച്ചി യുടെ ചോദ്യം അവളെ ആ നിമിഷങ്ങളിലേക്കെത്തിച്ചിരുന്നു….. അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു….. സിദ്ദുവേട്ടൻ മുണ്ടും ഷർട്ടും തേച് വെക്കാനെന്നോട് പറഞ്ഞമ്മേ….. ഒപ്പം പോവാനൊരുങ്ങി നിൽക്കാനും പറഞ്ഞു….. അവളുടെ മിഴികളിലെ സന്തോഷം വാക്കുകളിലും പ്രകടമായിരുന്നു… സീതയുടെ കണ്ണുകളും വിടർന്നിരുന്നു…. ആ…. അവന് നിന്നെ ഇപ്പൊ വേണമെന്നല്ലേ അതിനർത്ഥം…. ബിന്ദു കണ്ണിറുക്കി ചിരിച്ചു കൊണ്ടത് പറയുമ്പോൾ അന്നയുടെ കവിളുകളിൽ ചുവപ്പ് നിറം പടർന്നിരുന്നു…. എങ്കി മോള് പോയി വേഗം കുളിച്ചൊരുങ്ങിക്കോ…ഇനിയവനെ ദേഷ്യം പിടിപ്പിക്കണ്ട….. സീതയത് പറഞ്ഞപ്പോഴേക്കും അന്ന വേഗം തന്നെ കുളിക്കാനായി പോയി…. സീതയുടെ മനസ്സിൽ ഒരായിരം ദീപങ്ങൾ ഒപ്പം കത്തി നിന്നിരുന്നു…. അവരുടെ കണ്ണുകളിലേക്കും ആ പ്രകാശം വ്യാപിച്ചിരുന്നു….. (തുടരും ) Aysha Akbar