രചന – അയിഷ അക്ബർ
കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് സീതയാണ് വാതിൽ തുറന്നത്… വെളുത്തു ഉയരമുള്ള ഒരു യുവാവ്…. കൂടെ അവന്റെ മാതാപിതാകളെന്ന് തോന്നിക്കുന്ന മധ്യ വയസ്കരും…. ഞാൻ അലക്സ്…. ആന്റിക്കെന്നെ ഓർമ്മയുണ്ടോ ഞാൻ സിദ്ധാരത്തിന്റെ കൂടെയിവിടെ വന്നിട്ടുണ്ട്…. അന്നവനെ കുറിച്ചുള്ള സംസാരം എത്തി നിന്നത് വല്ലാത്തൊരു മാനസിക സംഘർഷത്തിലായത് കൊണ്ട് തന്നെ അവനെ പെട്ടെന്ന് അവർ തിരിച്ചറിഞ്ഞു… ആ… ഓർമയുണ്ട്… കയറു… വരുത്തി തീർത്ത ഒരു പുഞ്ചിരിയാൽ അവരെ അകത്തേക്ക് ക്ഷണിക്കുമ്പോഴും ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു…. സീത പോയി വേഗം തന്നെ മാധവനെ വിളിച്ചു കൊണ്ട് വന്നു…. ഞങ്ങൾ അന്നയെ കാണാൻ വേണ്ടി വന്നതാ .. എനിക്കവളെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്…. മാധവനോടായവൻ പറയുമ്പോഴും തിരിച്ചു പറയാനൊരു മറുപടിയില്ലാതയാൾ കുഴങ്ങി….
ആ….. ആമി മോള് പറഞ്ഞിരുന്നു….. സീതേ നീ സിദ്ദുവിനെ വിളിക്ക്…. കൂടുതലൊന്നും പറയാൻ കഴിയാത്തത് കൊണ്ട് തന്നെ യാവാം അയാൾ സ്ഥാനം കയ്മാറിയത് …. അലക്സ്…..സിദ്ധു പുഞ്ചിരിച്ചു കൊണ്ടവന് കൈകൾ കൊടുത്തു….. അവരുടെ കുശലം പറച്ചിലിനിടെ സീത പതിയെ അടുക്കളയിലേക്ക് ഉൾവലിഞ്ഞു….. മോളേ…. നീ മുടിയൊക്കെ ഒന്ന് ചീകി വരൂ…. ഈ ചായ അവർക്കൊന്ന് കൊണ്ട് കൊടുക്കണം…. ആരാ വന്നതെന്നറിയാതെ എത്തി നോക്കുകയായിരുന്ന അന്നയോടായവർ പറഞ്ഞു…. അവൾ എന്തിനെന്ന ഭാവത്തിൽ സീതയെ നോക്കി….. അവര് നിന്നെയൊന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ മോളേ….. നിന്നെ പള്ളിയിൽ നിന്നെങ്ങാൻ കണ്ട് ഇഷ്ടമായതാണത്രേ… അവൾ അനിഷ്ടത്തോടെ ചുണ്ട് കൂർപ്പിച്ചു….
ഒന്ന് കണ്ടു പോവുന്നതിനെന്താ…. ബിന്ദു ചേച്ചി ഇടയ്ക്കു കയറി…. എങ്കിലെന്നെ ഇങ്ങനെ കണ്ടാൽ മതി…. അവളുടെ ഇഷ്ടക്കേട് മുഖത്ത് പ്രകടമായിരുന്നെങ്കിലും ഒന്നും പറയാനില്ലാത്ത പോൽ സീത നിർവികാരയായി നിന്നു…. സീതേ…. മോളേയിങ് വിളിക്കു…. അവൾ ചായയുമായി വരുമ്പോൾ അലക്സ് അവളെ തന്നെ നോക്കിയിരുന്നു…. അവന്റെ അച്ഛനും അമ്മയും അവളെ കണ്ട മാത്രയിൽ മുഖത്തോട് മുഖം നോക്കി നിന്നു…. അവളുടെ സൗന്ദര്യത്തിൽ അവർ തൃപ്തരായിരുന്നെന്ന് അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു … അലക്സ് കള്ള ചിരിയോടെ അവളെ നോക്കി നിന്നെങ്കിലും അവൾ കണ്ട ഭാവം പോലും നടിച്ചില്ല… അലെക്സിന്റെ മാതാപിതാക്കൾക്ക് നേരെ ഒരു കുഞ്ഞു പുഞ്ചിരി വീശിയവൾ വാതിലിനു പിറകിലേക്ക് പോയി നിന്നു….
ഞങ്ങൾക്ക് കൊച്ചിനെയൊഷ്ടമായി…. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നമുക്കിത്തങ്ങു നടത്താം…. ആവേശത്തോടെ അലെക്സിന്റെ അച്ഛനത് പറയുമ്പോഴും അവിടം മുഴുവൻ ഒരു നിശബ്ദത നിറഞ്ഞു നിന്നു…. മാധവന്റെ മുഖത്ത് നിറഞ്ഞു നിന്നതത്രയും ദുഖമായിരുന്നു.. അവൾക്കങ്ങനെ സ്വന്തമെന്ന് പറയാൻ മറ്റാരുമില്ല…. സിദ്ദുവാണത് പറഞ്ഞത്… അതൊക്കെ അഭിരാമി പറഞ്ഞിരുന്നു….. അതിനെ കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ല സിദ്ധാർഥ്… അവൾ പഠിക്കുകയാണ്… പഠിത്തം കഴിയാൻ കുറച്ചു സമയം കൂടിയുണ്ട്… അത് കഴിഞ്ഞിട്ടേ കല്യാണം നടക്കു…. അവളോടൊന്ന് കൂടിയാലോചിച്ചിട്ട് ഞാൻ വിളിക്കാം….. സിദ്ധാർഥ് അത്രയും പറഞ്ഞു നിർത്തിയപ്പോൾ അവിശ്വസനീയതയോടെ അവൾ അവനെ നോക്കി നിന്നു…. അവർ കൈ കൊടുത്ത് പിരിഞ്ഞു പോകുമ്പോഴും അലക്സ് അന്നയെ പാളി നോക്കിയിരുന്നു….
എന്നാൽ അവളുടെ മിഴികളപ്പോഴും സിദ്ദുവിൽ കുരുങ്ങി കിടന്നു….. ഞാൻ ഇവിടെ ഒരു അധികപ്പറ്റാണല്ലേ.. അടുക്കളയുടെ വാതിലിൽ ചാരി നിന്നവളത് ചോദിക്കുമ്പോൾ കയ്യിലുള്ള പാത്രം താഴെ വെച്ച് സീത അവളുടെയെടുത്തേക്ക് വന്നു….. ആര് പറഞ്ഞു മോള് അധികപ്പറ്റാണെന്ന്….ഒരു പ്രായമെത്തുമ്പോൾ മക്കളെ സുരക്ഷിതമായ കരങ്ങളിലെത്തിക്കേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്….. പുഞ്ചിരിച്ചു കൊണ്ടവർ അവളുടെ കവിളിൽ തലോടി…. അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.. മോൾക്ക് പയ്യനെ ഇഷ്ടമായില്ലെങ്കിൽ വേണ്ട… നമുക്കത് വിട്ട് കളയാം….. അതോർതിനി സങ്കടപ്പെടണ്ടാ… അവർ അവളെ ചേർത്ത് പിടിച്ചത് പറയുമ്പോൾ പ്രതീക്ഷകളെല്ലാം അസ്തമിച്ച അവരുടെ മുമ്പിൽ അവളോടുള്ള വാത്സല്യം മാത്രമേ ഉണ്ടായിരുന്നുള്ളു…..
എന്നാൽ അവളുടെ മനസ്സിലെരിയുന്ന കനലിനെ കെടുത്താൻ ശക്തിയുള്ളതായിരുന്നില്ലാ വാക്കുകളൊന്നും….. എന്നായാലും ഇവിടെ നിന്നിറങ്ങേണ്ടവളാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു…. എനിക്ക് നിങ്ങളുടെ മരുമകളായി ഈ വീട്ടിലെന്നും ഉണ്ടാവണമെന്ന് മനസ്സൊരായിരം തവണ പറഞ്ഞു കഴിഞ്ഞിരുന്നു…. അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവനെന്തോ എഴുതുകയായിരുന്നു…. ആളനക്കം അറിഞ്ഞതും അവൻ പതിയെ മുഖമുയർത്തി…. എന്തെന്ന ഭാവത്തിൽ അവളെ നോക്കി….. എനിക്ക് കല്യാണം വേണ്ട… അവളുടെ സ്വരം അത്രയേറെ നേർത്തതായിരുന്നു…. എന്തേ.. അലെക്സിനെ ഇഷ്ടമായില്ലേ… ഞാൻ നോക്കിയില്ല… പറയുമ്പോളും അവൾ തല കുനിച്ചു തന്നെ നിന്നു… അതെന്താ നോക്കാതിരുന്നത്…. കുസൃതിയോടെ അവൻ ചോദിച്ചു….
എനിക്ക് കല്യാണം വേണ്ടാത്തത് കൊണ്ട്…. അവൾ തറപ്പിച്ചു…. അതിനു കല്യാണം ഇപ്പോഴെങ്ങുമില്ലല്ലോ… പഠിത്തമൊക്കെ കഴിഞ്ഞിട്ടല്ലേ….. അവൻ നിസാരമായി പറഞ്ഞു….. എനിക്കിവിടം വിട്ട് പോവാനെന്തോ ഭയമാണ്…. അവളുടെ മിഴികൾ നിറയുന്നത് പോലെ തോന്നി… അവൻ അമേരിക്കയിലാണ്… വിവാഹം കഴിഞ്ഞാൽ നിന്നെ അവൻ കൊണ്ട് പോവും…. പിന്നെ നിനക്കാരെയും ഭയക്കേണ്ടതില്ലല്ലോ….എനിക്കീ വിവാഹത്തിനോട് താല്പര്യം തോന്നാൻ തന്നെ കാരണം അതാണ്…. എന്റെ ഉള്ളിലെ ഭയം നിങ്ങളെ നഷ്ടപ്പെടുന്നതാണെന്ന് പറയാൻ ഹൃദയം തുടിച്ചു…. എന്നാൽ പുറത്തേക്ക് വാക്കുകൾ വരുന്നുണ്ടായിരുന്നില്ല….. നിനക്കിഷ്ടമായില്ലെങ്കിൽ വേണ്ട…. നമുക്ക് വേറെ നോക്കാം…
ഇത് പോലെ പുറത്തെവിടെയെങ്കിലും ഉള്ളവരെ നോക്കണം…നിന്റെ അച്ഛന്റെ കണ്ണെത്തിപ്പെടാത്തൊരിടത്തു….. അവൾ നിശബ്ദയായി നിന്നത് കണ്ടിട്ടാവണം അവനത് പറഞ്ഞത്…. എനിക്ക്…. എനിക്ക് സിദ്ദുവേട്ടനെ വിട്ടേങ്ങും പോവണ്ട….. പറഞ്ഞു നിർത്തുമ്പോൾ അവളുടെ മിഴികളിലെ സമുദ്രം അലയടിച്ചു തുടങ്ങിയിരുന്നു…. മറുപടി പറയും മുന്പേ അവൻ കസേര ശക്തിയായി പിറകിലേക്ക് തള്ളി എഴുന്നേറ്റു നിന്നിരുന്നു… ഇങ്ങനെയൊരു സങ്കടം കാണരുതെന്ന് കരുതി ആദ്യമേ വിലക്കിയതാണ് ഞാൻ നിന്നെ….. എന്റെ ഹൃദയത്തിലൊരു സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാരും കാത്തു നിൽക്കുകയും വേണ്ട…. അവനത് പറയുമ്പോൾ ശബ്ദം വളരേ ഉയർന്നിരുന്നു….
അവളുടെ വിതുമ്പലിന്റെ ശബ്ദം കൂടി ക്കൂടി വന്നു.. ഭാര്യയുമായി വൈകാതെ ഒരുമിക്കുമെന്ന കള്ളം പറഞ്ഞല്ലേ നിങ്ങളെന്നെ അകറ്റി നിർത്തിയത്…. അവളുടെ അത് വരെ കാണാത്ത സങ്കടത്തിൽ നിന്നും രൂപം കൊണ്ടൊരു ദേഷ്യത്തെ സിദ്ധു കാണുകയായിരുന്നു….. ആര് പറഞ്ഞു അതൊരു കള്ളമാണെന്ന്.. പകൽ വെളിച്ചം പോലെ സത്യമാണത്….. ഈ ജീവിതം ഞാൻ തള്ളി നീക്കുകയാണ്….. എന്റെ മരണത്തോട് കൂടി ഞങ്ങളൊന്നാവും…. ആ സംഗമത്തിന് വേണ്ടിയാണെന്റെ കാത്തിരിപ്പ്……അന്ന ഇമ വെട്ടാതെ അവനെ നോക്കി നിന്നു….. നിനക്ക് ഞാൻ തന്നത് സംരക്ഷണമാണ്…. അല്ലാതെ പ്രണയമല്ല…. സിദ്ധുവിന്റെ ഹൃദയത്തിൽ നിനക്കീ ജന്മം ഒരു പ്രണയിനിയാവാൻ കഴിയില്ല….. അവന്റെ വാക്കുകളും മൂർച്ചയേറിയതായിരുന്നു….
നിങ്ങൾ പറയുന്നത് കള്ളമാണ്….. നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണിൽ ഈ ഞാനുണ്ട്.. എന്നാൽ അത് സമ്മതിച്ചു തരുന്ന നിമിഷം മാധുവിന്റെ ഓർമ്മകൾ മരിച്ചു പോകുമോയെന്ന ഭയമാണ് നിങ്ങളെ എന്നിൽ നിന്നും അകറ്റി നിർത്തുന്നത്…… അവൾ വല്ലാത്തൊരു ഭാവത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ ഹൃദയത്തിലൊരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു… ഷട്ടപ്പ് ആൻഡ് ഗെറ്റ് ലോസ്റ്റ്….. അവൻ അലറി വിളിച്ചു….. പോവാൻ മാത്രം പറയല്ലേ സിദ്ദുവേട്ടാ….. പ്രണയിനിയായോ ഭാര്യയായോ വേണ്ട ഒരു വേലക്കാരി ആയിട്ടെങ്കിലും ഞാൻ ഈ വീട്ടിൽ കഴിയട്ടെ….. എല്ലായപ്പോഴും നിങ്ങളുടെ നിഴലിനെ ചുറ്റി ഞാൻ ജീവിച്ചോളാം…എന്റെ ശ്വാസം നിലക്കുന്നത് വരെ എന്റെ സിദ്ദുവേട്ടനെ കാണാമല്ലോ… അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പി…
അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു…..തനിക്ക് വേണ്ടി മുന്നിൽ നിന്ന് യാചിക്കുന്നവളെ ആലോചിച്ചപ്പഴോ അവന്റെ മിഴികൾ നിറഞ്ഞിരുന്നു….അവൾ കാണാതിരിക്കാൻ പുറം തിരിഞ്ഞു തന്നെ നിന്നു…… അവൻ തിരിയുന്നില്ലെന്ന് കണ്ടതും അവൾ കരഞ്ഞു കൊണ്ടാ മുറി വീട്ടിറങ്ങി…. എന്നാൽ വാതിൽ പടിയിൽ അവരുടെ സംസാരം കേട്ട് നിൽക്കുന്നവരെ കണ്ടപ്പോൾ അവളാകെ സ്തംഭിച്ചു പോയിരുന്നു… രണ്ടു പേരുടെയും മിഴികൾ നിറഞ്ഞിരുന്നു….. സീതയും മാധവനും മുഖത്തോട് മുഖം നോക്കി മിഴികൾ തുടക്കുമ്പോൾ അവളവർക്ക് മുമ്പിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു… നിന്റെ കല്യാണത്തെ കുറിച്ചിത് വരെ ഞങ്ങളൊന്നും തീരുമാനിച്ചിട്ടില്ല…. അലെക്സിന്റെ വീട്ടുകാരെ വിളിച്ചു എത്രയും പെട്ടെന്ന് കെട്ടുറപ്പിക്കണമെന്ന് ഇപ്പോൾ ഞങ്ങള്ക്ക് തോന്നുന്നു… മാധവൻ ഇടറിയ ശബ്ദത്തിൽ അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ നിറഞ്ഞ മിഴികൾ വിടർന്നു….
നിന്റെ മനസ്സിലിങ്ങനൊരാഗ്രഹം ഉള്ള കാര്യം ഞങ്ങൾക്കിതു വരെ അറിയില്ലായിരുന്നു… എന്നാലിനി നിന്നെ ഇവിടെ നിർത്തി കൂടുതൽ സങ്കടപ്പെടുത്താൻ ഞങ്ങളുദ്ദേശിക്കുന്നില്ല…. നീയെത്ര കാത്തിരുന്നാലും അവൻ മാറില്ല മോളേ…. മരിച്ച ഒരാൾക്ക് വേണ്ടി നമ്മളൊരുപാട് പേരെ അവൻ കൊന്നു കൊണ്ടിരിക്കുകയാണ്…. അവളുടെ മിഴികൾ തുടച്ചു കൊണ്ട് സീതയത് പറയുമ്പോൾ അവളാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു….. ഇത് കേട്ട് മുറിയിൽ നിന്നിരുന്ന സിദ്ധുവിന്റെ മനസ് നൊമ്പരപ്പെട്ടെങ്കിലും മാധുവിന്റെ ഓർമകളിൽ തട്ടി ആ നൊമ്പരം അല്പം ദൂരേക്ക് നീങ്ങി നിന്നു…..
മോള് ഞങ്ങൾക്ക് വേണ്ടി ഈ വിവാഹത്തിന് സമ്മതിക്കണം…. ഇനിയും ഇവനെ മനസ്സിൽ കൊണ്ട് നടന്നാൽ മോൾടെ വേദന കൂടുകയേയുള്ളൂ…. ഇനി മോള് ഇക്കാര്യത്തിൽ വാശി പിടിക്കരുത്….. സാരിതലപ്പ് കൊണ്ട് കണ്ണുകൾ തുടച് സീത പോകുമ്പോൾ അവളുടെ കവിളിൽ തലോടി മാധവനും നടന്നിരുന്നു…. അവളൊരു പ്രതിമ കണക്കെ നിന്നു.. ആഗ്രഹങ്ങളും സ്വപ്നങ്ങളും നോവിന്റെ ഭിത്തിയിൽ തട്ടി ചിഞ്ഞി ചിതറി….. നിർവികാരയായി അവളിരുന്നു… അവനെനിക്കെന്നുന്നേക്കുമായി അകന്ന് പോകുകയാണെന്നോർക്കും തോറും അവളുടെ ശ്വാസം നിലച്ചു പോകുന്നുണ്ടായിരുന്നു……തുടരും…

by