17/04/2026

ഞാൻ ആമി : ഭാഗം 09

രചന – സുധീ മുട്ടം

ദിനങ്ങൾ പിന്നെയും ഇതളടർന്ന് കൊഴിഞ്ഞു വീണു കൊണ്ടിരുന്നു…ആമി നല്ല മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു.. ഒരാഴ്ചയിലേറെയായി ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു പഠിക്കണോ അതോ റിയൽ ലൈഫുമായി ഇഴുകി ചേരണമോന്ന്….

പഠിച്ചാൽ തന്റെ ആഗ്രഹം പോലെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് പറന്നുയരാം…അല്ലെങ്കിൽ ഇയലിനെ പോലെ ചിറകരിഞ്ഞ് വീഴ്ത്തി വീട്ടമ്മയായി കഴിഞ്ഞു കൂടാം….

പക്ഷേ അപ്പോഴും അഖിലെന്ന പ്രണയം നൽകിയ നോവിൽ നിന്ന് അകന്ന് പോകാനും കഴിയിന്നില്ല..പ്രണയത്തിന് ഇത്രയേറെ വിരഹത്തിനും തീവ്രതയും ഉണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നു….

“ആമീ…..

മുറിയിലേക്ക് കടന്നു വന്ന അഖിലിനെ വേദനയോടെ നോക്കി‌‌.. ഇതുവരെ മുഷിഞ്ഞൊന്ന് സംസാരിച്ചിട്ടില്ല.. ഒരുവാക്കിനാൽ നോവിക്കുകയോ നോട്ടത്താൽ വേദനിപ്പിക്കുകയോ ചെയ്തട്ടില്ല..സ്നേഹം തന്നിട്ടേയുള്ളൂ… കൂടെ ചേർത്ത് പിടിച്ചിട്ടേയുള്ളൂ…നോവോടെ ആമി ഓർത്തു …

” എന്തിനാ ആമീ ഇത്രയേറെ ചിന്തിച്ചു കൂട്ടി ടെൻഷൻ അടിക്കുന്നത്.. വിശപ്ലില്ല.ദാഹമില്ല.സമയത്ത് ഒന്നും കഴിക്കുക പോലുമില്ല..ഇങ്ങനെ ആയാൽ പറ്റില്ല ആമീ…യെസ് ഓർ നോ ഇതിലൊരു തീരുമാനം എടുക്കുന്നതിന് എന്താണിത്ര താമസം…തന്റെ ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലേ….

“അഖീ…അത് പിന്നെ…. എനിക്ക് പഠിക്കുകയും വേണം അഖിയുടെ പ്രണയവും വേണം….

” എന്റെ പ്രണയം അതെന്നും തന്നോടൊപ്പം ഉണ്ടാകും….പ്രോമിസ്….

എത്രയൊക്കെ പ്രോമിസ് നൽകിയാലും തമ്മിൽ പിരിഞ്ഞിരിക്കുകയെന്നത് തീർത്താൽ തീരാത്ത നോവാണ്..അതാണിപ്പോൾ ഏറെ അലട്ടുന്നതും…..
മൂന്ന് വർഷം അതൊരു വലിയ കാലയളവ് തന്നെയാണ്….

💥💥💥💥💥💥💥💥💥💥💥💥💥

അന്നത്തെ രാത്രിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു… പൂനിലാവിൽ കുളിച്ച് ഭൂമി സുന്ദരിയായി കിടന്നിരുന്ന രാത്രി..ആകാശത്ത് നിറയെ താരക പൂക്കൾ പുഞ്ചിരിയോടെ പ്രകാശിച്ചു നിന്നിരുന്നു…തണുപ്പ് കലർന്ന കാറ്റ് പതിയെ വീശിക്കൊണ്ടിരുന്നു..

ടെറസ്സിൽ നിൽക്കുമ്പോൾ അഖിൽ ആകെ ടെൻഷനിൽ ആയിരുന്നു…ആമിയെ കുറിച്ച് ആയിരുന്നു അവന്റെ ചിന്ത മുഴുവനും….

വിവാഹത്തിന് മുമ്പ് വാക്ക് കൊടുത്തിരുന്നെങ്കിലും ഇന്നത് ഓർക്കുമ്പോൾ വേദന തോന്നു… എന്നാലും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിര് നിൽക്കാനാകില്ല….

“അഖീ…..

തോളിലൊരു കര സ്പർശവും ഒപ്പം ആമിയുടെ ശബ്ദവും.. പിന്തിരിഞ്ഞ് നോക്കി…

” കിടന്നിട്ട് ഉറക്കം വന്നില്ല അതാ. ഞാൻ…

“മ്മമ്മ്… എനിക്കും …

” ഒരുവേള ചിന്തിച്ചു പോകുവാ ആമീ…തമ്മിൽ കാണാതിരുന്നെങ്കിലെന്ന്….വിവാഹം കഴിക്കാതിരുന്നെങ്കിലെന്ന്…എങ്കിൽ എന്റെ ആമി ഇത്രയും ടെൻഷൻ ആകേണ്ടി വരില്ലായിരുന്നു..ആമി മറ്റൊരാളെ വിവാഹം…..

വാക്കുകൾ പൂർത്തിയാക്കും മുമ്പ് കൈകൾ എടുത്തു അവന്റെ ചുണ്ടോട് ചേർത്തു…

“അഖീ… നിന്നെയല്ലാതെ എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല…എന്റെ പ്രണയം അത് നിന്നോട് മാത്രമാണ്…. നീയില്ലാതെ ഞാനില്ല…

അവനെ പുണർന്നു കൊണ്ട് തേങ്ങുന്നവളെ ആശ്വസിപ്പിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു…അങ്ങനെ പറയേണ്ടി ഇരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു….

” ആമീ തീരുമാനം ഞാൻ പറയാം… നീ കോളേജിൽ പോകുന്നു… നിന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം എന്റേതും കൂടിയാണ്….

പറയുമ്പോൾ നെഞ്ച് പൊടിയുന്നുണ്ട്…എങ്കിലും ആമി സന്തോഷവതി ആയിരിക്കണം… അവളെ നോവിച്ച് ഒന്നും വേണ്ടാ….

“അഖീ…..

വിശ്വാസം വരാതെ തുറിച്ചു നോക്കി…

” ചിലതൊക്കെ നഷ്ടപ്പെടുത്തിയാലേ മറ്റ് ചിലതൊക്കെ നേടാനാകൂ…..

മനസിലെ പതർച്ചയും ഹൃദയത്തിന്റെ നോവും പുറമേക്ക് കാണിച്ചില്ല….

“ശനിയും ഞായറും വീട്ടിൽ വരാം. പിന്നെ ഇടക്ക് അവധി ദിവസങ്ങൾ കിട്ടും..ദിവസവും വീഡിയോ കോളിൽ സംസാരിക്കാം..നേരിട്ട് കാണണമെന്ന് തോന്നിയാൽ എപ്പോൾ വേണമെങ്കിലും ഓടി വരാം….

” മ്ം…. ശരി അഖി….

നിറഞ്ഞ മനസ്സോടെ അവനെ ആഞ്ഞു പുൽകുമ്പോൾ അഖിലിന്റെ മനസ്സ് ആർത്തു കരയുകയായിരുന്നു… ഒരുവേള അവൾ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി കൊതിച്ചു പോയി….

💥💥💥💥💥💥💥💥💥💥💥💥💥💥

രണ്ടു ദിവസം രണ്ടു പേരും നല്ല തിരക്കിൽ ആയിരുന്നു… മൂന്നാമത്തെ ദിവസം മുതൽ ആമി കോളേജിൽ പോകുന്നു…ആവശ്യമാതെല്ലാം വാങ്ങി വന്നപ്പോഴേക്കും രാത്രിയായി….

രാത്രിൽ വിയർപ്പ് ചാലിട്ടൊഴുകിയ രണ്ടു ന ഗ്ന ശരീരങ്ങളും ഒന്നായി കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു വേർപ്പെട്ടുമാറി….

നാളത്തെ ദിവസം ഓർക്കുമ്പോൾ….ഇരുവരുടേയും മനസ്സ് വിങ്ങി കൊണ്ടിരുന്നു…പരസ്പരം ഒന്നും ഉരിയാടാതെ നിദ്ര വിരുന്നിനെത്തുന്നത് കാത്ത് മിഴികൾ അടച്ചു പിടിച്ചു കിടന്നു….

“ആമീ മോളേ…മോനേ അഖിലെ….എഴുന്നേൽക്ക്…

അമ്മയുടെ തുടരെ തുടരെയുള്ള വിളി കേട്ടാണ് ഇരുവരും ഉണർന്നത്…രാത്രി വൈകി ഉറങ്ങിയതിനാൽ നേരം വെളുത്തത് അറിഞ്ഞില്ല….

ആമി എഴുന്നേറ്റു ഫ്രഷാകാനായി പോയി..അവൾ വന്നപ്പോഴേക്കും കുളിക്കാനായി അഖിലും തയ്യാറെടുത്തു….

കുളി കഴിഞ്ഞു വന്നു പിങ്ക് കളർ ചുരീദാർ എടുത്തു ധരിച്ചു..ഐലൈനറിനാൽ കണ്ണെഴുതി ചുണ്ടിൽ ലിപ്സ്റ്റിക്ക് ചെറുതായി തേച്ചു പിടിപ്പിച്ചു…മുടി ചീകി ഒതുക്കി പോകാനായി തയ്യാറെടുത്തു….

അഖിൽ വന്നപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനയി പോയെങ്കിലും ഇരുവരുടേയും മുഖം മ്ലാനമായിരുന്നു…അവിനാശും നന്ദിതയും കൂടി വന്നപ്പോൾ പോകാനായി ഇറങ്ങി…

💥💥💥💥💥💥💥💥💥💥💥

ഹോസ്റ്റലിന്റെ കവാടത്തിൽ കാറ് നിന്നപ്പോൾ എല്ലാവരും ഇറങ്ങി…നന്ദിതയും അവിനാശും ഹാപ്പി മൂഡിൽ ആയിരുന്നെങ്കിൽ അഖിലും ആമിയും ഡള്ളായിരുന്നു….

” ഉഴപ്പാതെ നന്നായി പഠിച്ചോണം രണ്ടും…

അവിനാശിന്റെ സ്വരത്തിൽ ഗൗരവം കലർന്നെങ്കിലും മുഖത്ത് ചിരി ആയിരുന്നു….

ആമിയും അഖിലും പരസ്പരം ഒന്നും മിണ്ടിയില്ല.. പക്ഷേ ഹൃദയങ്ങൾ തമ്മിൽ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു…

“പോകുവാ….

മൗനത്താൽ യാത്ര ചോദിക്കുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു….നടന്നു അകലുമ്പോൾ പ്രിയപ്പെട്ടതെന്തോ നഷ്ടമായത് പോലെ…പെട്ടന്നാണ് ആമി ഓടി വന്നു അഖിലിനെ മുറുകെ പുണർന്നു അലമുറയിട്ട് കരഞ്ഞത്….അതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങൾ മുഴുവനും മിഴിനീരിൽ അലിയിച്ചു കളഞ്ഞു…..

” ഛെ… എന്താ ആമീ ഇത് കൊച്ചു കുട്ടികളെ പോലെ….

സങ്കടം തെല്ലൊന്ന് കുറഞ്ഞപ്പോൾ നോവോടെ ചോദിച്ചു…

“ദേ നോക്ക്… ഇപ്പോൾ നിന്റെ മുമ്പിലുള്ളത് നമ്മുടെ സ്വപ്നങ്ങളാണ് മറക്കരുത്…

” മ്മം…

തേങ്ങലോടെ ശിരസ്സ് ചലിപ്പിച്ചു….

“നല്ല കുട്ടിയായി നന്ദിതക്കൊപ്പം ചെല്ല്…

“മ്ം……

പ്രിയപ്പെട്ടവൻ കാറിലേക്ക് കയറുന്നതും നോക്കിയങ്ങനെ നിന്നു…കാഴ്ചയിൽ നിന്ന് കാറ് മറഞ്ഞപ്പോൾ തിരിഞ്ഞ് നടന്നു…

പിരിഞ്ഞ് ഇരിക്കുമ്പോഴാണ് ശൂന്യതയുടെ ആഴവും നഷ്ടപ്പെടലിന്റെ വേദനയും എത്രത്തോളമെന്ന് മനസ്സിലാകൂ…അതിപ്പോൾ നേരിട്ട് അനുഭവിക്കുന്നു…നോവോടെ ഓർത്തു പോയി….

തുടരും