രചന : അമ്മു
ശ്രേയ പോയ വഴിയേ ഒന്നു നോക്കി നിന്ന ശേഷം നന്ദു വേഗം പോയി ഷെൽഫ് തുറന്നു ആ ബോട്ടിൽ കൈയിലേക്ക് എടുത്തു…… അതു മുഖത്തിന് നേരെ ഉയർത്തി പിടിച്ചു നിൽക്കുമ്പോൾ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവൾ മനസ്സിൽ തന്നെ ഒന്നു കൂടെ പ്ലാൻ ചെയ്തു കൊണ്ടിരുന്നു…….നന്ദു പതിയെ ആ ബോട്ടിലിലെ വെളുത്ത പൊടി ഒരു പേപ്പർ എടുത്തു അതിലേക്കു തട്ടി…. ശേഷം അതിലേക്കു കുറച്ചു പൗഡർ തട്ടി ഇട്ടു തിരികെ അതു പോലെ ഷെൽഫിലേക്ക് വച്ചു…..
പേപ്പറിൽ തട്ടി ഇട്ട പൊടി മടക്കി എടുത്തു അവൾ തന്റെ റൂമിലേക്ക് പോയി…. വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം അവൾ ആ പൊടി തന്റെ ടേബിളിന് മേലെ സൂക്ഷിച്ചു വച്ചു….. ശേഷം അവൾ ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു…… ആ നിമിഷം അവളുടെ മനസ്സിൽ തന്റെ ശത്രുക്കളെ നിലം പരിശാക്കുക എന്നൊരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ……. അവൾ രാത്രി ആകാൻ വേണ്ടി കാത്തിരുന്നു……. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു….. വൈകുന്നേരം ആയപ്പോഴേക്കും അവൾ ഒന്നു ഫ്രഷായി താഴേക്ക് ഇറങ്ങി ചെന്നു…… നന്ദു ഹാളിലേയ്ക്ക് ചെന്നതും ഡൈനിംഗ് ടേബിളിൽ ഇരുന്നു ചായ കുടിക്കുന്ന ഗൗതമനെയും ശാരികയെയും ശ്രേയയെയും കണ്ടു അവൾ ഒന്നു നിന്നു…. അവളുടെ മനസ്സിലേക്ക് ഔട്ട് ഹൗസിൽ വച്ചു അവർ സംസാരിച്ചത് ഓരോന്നും കടന്നു വന്നു…. ഓടി ചെന്നു മൂന്നിന്റെയും ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ തോന്നി എങ്കിലും അവൾ സംയമനം പാലിച്ചു നിന്നു….. ശേഷം സ്വയം മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് അവൾ അവരുടെ അരികിലേക്ക് നടന്നു……
അവൾ മുന്നിൽ എത്തിയപ്പോൾ ആണ് അവർ അവളെ കാണുന്നത്…. പെട്ടെന്ന് അവളെ അവിടെ കണ്ടതും അവർ ചാടി എഴുന്നേറ്റു….അതു… മോ…. മോള് എപ്പോഴാ വന്നത്….. ഞാൻ കണ്ടിരുന്നില്ല…… ശാരികയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ ചെയർ വലിച്ചു ഇട്ടു അതിലേക്കു ഇരുന്നു…..മോൾക്ക് ഞാൻ ഇപ്പോൾ ചായ എടുക്കാം……അതും പറഞ്ഞു കൊണ്ട് അവർ ശ്രയയെ ഒന്നു നോക്കി ശേഷം കിച്ചനിലേക്ക് നടന്നു…… നന്ദു ആരെയും ശ്രദ്ധിക്കാതെ ടേബിളിൽ ഇരുന്ന സ്നാക്സ് എടുത്തു കഴിക്കാൻ തുടങ്ങി….. ആ സമയം കൊണ്ട് ശ്രേയയും ഗൗതമനും പതിയെ അടുക്കളയിലേക്ക് വലിഞ്ഞു……
അവർ പോകുന്നത് കൺകോണിലൂടെ കണ്ട നന്ദു ഒന്നു പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു…..മോളെ… നമുക്ക് ആ ഉറക്കഗുളിക അവളുടെ ചായയിൽ കലക്കി കൊടുത്താലോ…..അടുക്കളയിൽ കയറി ചായ ഉണ്ടാക്കുന്നതിന് ഇടയിൽ ശാരിക ശ്രേയയോടായി ചോദിച്ചു…..ഓഹ്… എന്റെ അമ്മേ…. അതൊന്നും പറ്റില്ല….. ഇപ്പോ അവൾക്ക് കൊടുത്താൽ അവൾ രാത്രി ആകുമ്പോഴേക്കും ഉണരും…. ആ മെഡിസിൻ വളരെ ഡോസ് കുറഞ്ഞതാ…. ഏകദേശം മൂന്നോ നാലോ മണിക്കൂർ നേരത്തെ മയക്കം അത്രയേ ഉണ്ടാകൂ……..ശ്രേയ പറഞ്ഞതു കേട്ട് അവർ ഒന്നു തലയാട്ടി…… മ്മ്… ഞാൻ ഇതു കൊണ്ട് പോയി അവൾക്ക് കൊടുത്തിട്ട് വരാം…..
ചായ ആയതും അവരോടായി പറഞ്ഞു കൊണ്ട് അവർ പുറത്തേക്ക് നടന്നു…….. എല്ലാം നമ്മൾ വിചാരിച്ചത് പോലെ തന്നെ നടന്നാൽ മതി അല്ലേ മോളേ….ശാരിക പോകുന്ന വഴിയേ ഒന്നു നോക്കി കൊണ്ട് ഗൗതമൻ ശ്രേയയോടായി ചോദിച്ചു……
മ്മ്… നടക്കും അച്ഛാ…. ഇന്നത്തെ രാത്രി അവളുടെ സന്തോഷങ്ങളുടെ അവസാന രാത്രി ആണ്….. നാളെ മുതൽ അവൾക്ക് കണ്ണുനീർ ഒഴിഞ്ഞിട്ട് നേരം ഉണ്ടാകില്ല…… പകയോടെ പറയുന്നവളുടെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു നിന്നിരുന്നു……. അതു കണ്ടതും അയാളുടെ മുഖവും സന്തോഷം കൊണ്ട് വിടർന്നു വന്നു……
ആഹ് അച്ഛാ…. പിന്നെ ഇന്ന് രജിസ്റ്റർ ഓഫീസിൽ പോയിട്ട് എന്തായി…. നാളെ തന്നെ അധാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ലേ….. പെട്ടെന്ന് അവൾ എന്തോ ഓർത്തത് പോലെ അയാളോട് ചോദിച്ചു……മ്മ്… പറ്റും മോളെ…. നാളെ എന്തായാലും നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ കാര്യങ്ങൾ നടക്കും….. അതു കഴിഞ്ഞാൽ പിന്നെ അവൾക്ക് അവന്റെ കൂടെ പോയേ മതിയാകൂ…… അതിന് മുൻപ് തന്നെ അവളുടെ സ്വത്തുക്കൾ എല്ലാം നമ്മുടെ പേരിലേക്ക് അവളെ കൊണ്ട് മാറ്റി എഴുതി തരാം എന്ന് സാഹിർ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്…….
അയാൾ ചിരിയോടെ മറുപടി പറഞ്ഞു…..അല്ലാ… ആ സാഹിറിന് അപ്പോൾ ഈ സ്വത്തുക്കൾ നമുക്ക് തരുന്നതിൽ എതിർപ്പ് ഒന്നും ഇല്ല അല്ലേ…..
ശ്രേയ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു……എവിടുന്നു…. അയാൾക്ക് ബോംബെയിൽ കോടികളുടെ ആസ്ഥി ഉണ്ട്…… എത്ര എത്ര സ്ഥാപനങ്ങൾ അയാൾക്ക് ഉണ്ടെന്ന് മോൾക്ക് അറിയോ….. പിന്നെ അയാൾക്ക് ഈ നക്കാപ്പിച്ച കിട്ടിയിട്ട് എന്തിനാ…..
അയാൾ പറഞ്ഞത് കേട്ട് ശ്രേയയുടെ കണ്ണുകൾ ഒന്നു വിടർന്നു…. കോടികളുടെ ആസ്ഥിയോ…. എന്നിട്ട് അച്ഛൻ എന്താ നേരത്തെ എന്നോട് പറയാഞ്ഞത്….. മനപൂർവം പറയാത്തത് തന്നെയാ…. നിന്റെ മനസ്സിൽ ഇരുപ്പ് എനിക്ക് അറിയാം….. അവന് കോടികളുടെ ആസ്ഥി മാത്രം അല്ല…. ആ കോടികൾ ഉണ്ടാക്കാൻ അവൻ ചെയ്യുന്ന ബിസിനസ്സുകൾ പലതാണ്…. അവന്റെ ബിസിനസിന്റെ മറവിൽ സെക്സ് റാക്കറ്റ് വരെ ഉണ്ട്……. നീ എങ്ങാനും അവനെ കെട്ടിയാൽ രണ്ടോ മൂന്നോ മാസം കഴിഞ്ഞു അവൻ നിന്നെ ഏതെങ്കിലും ഹിന്ദിക്കാരന് കൊണ്ട് പോയി വിൽക്കും…….അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്…… സെ… സെക്സ് റാക്കറ്റോ…..
അയാൾ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു…..മ്മ്….. അയാൾ ഒന്നു മൂളി കൊണ്ട് തലയാട്ടി……അ.. അപ്പോൾ അയാൾ ഇവളെ കെട്ടുന്നത്….. ആഹ്… അതൊക്കെ ഇനി കണ്ടറിയണം….. എന്തായാലും ഉപയോഗിച്ചു മടുത്തു കഴിയുമ്പോൾ അയാൾ ഇവളെ വല്ല മാർവാടിക്കും വിൽക്കും എന്ന് തന്നെ ആണ് എന്റെ പ്രതീക്ഷ…..അയാൾ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ തിളങ്ങി….മ്ഹ്…. അങ്ങനെ തന്നെ ആവും അച്ഛാ….. ഇത്രയും നേരം അയാളുടെ കൂടെ അവൾ ചിലപ്പോൾ സന്തോഷത്തോടെ ജീവിച്ചാലോ എന്ന് കരുതി ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു…. ഇപ്പോൾ അതു മാറി….
വർദ്ധിച്ച സന്തോഷത്തോടെ പറയുന്നവളെ നോക്കി അയാൾ പൊട്ടി ചിരിക്കുമ്പോൾ ഒരു ചുവരിനപ്പുറം എല്ലാം കേട്ടു കൊണ്ട് നിന്നവളുടെ കണ്ണിലെ പക ഇരുവരുടേയും നാശത്തിലേക്ക് ഉളളത് ആണെന്ന് ആ നിമിഷം അവർ അറിഞ്ഞില്ല……
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
മോള് ഇതു എവിടെ പോയിരുന്നു…..പുറത്തു നിന്നും കയറി വരുന്ന നന്ദുവിനെ നേരെ ചായ കപ്പ് നീട്ടി കൊണ്ട് ശാരിക ചോദിച്ചതും അവൾ അവരെ തറപ്പിച്ചു ഒന്നു നോക്കി കൊണ്ട് ചായ കപ്പ് വാങ്ങി അകത്തേക്ക് നടന്നു……അഹങ്കാരി…..
അവൾ പോയ വഴിയേ നോക്കി പിറു പിറുത്തു കൊണ്ട് അവർ നേരെ കിച്ചനിലേക്ക് നടന്നു……
പിന്നെ രാത്രി ആവാനുളള കാത്തിരുപ്പ് ആയിരുന്നു…… എട്ട് മണി ആയപ്പോഴേക്കും ശ്രേയ ഭക്ഷണം കഴിക്കാനെന്നും പറഞ്ഞു വന്നു വിളിച്ചു…. അതു കണ്ടപ്പോൾ വിചാരിച്ചത് തന്നെ ആണെങ്കിൽ പോലും ആദ്യം അദ്ഭുതം ആണ് തോന്നിയത്……. കാരണം ഭക്ഷണം ഉണ്ടാക്കുമെങ്കിലും ഒരിക്കൽ പോലും അവർ ആരും അവളെ കഴിക്കാനായി വിളിച്ചിട്ടില്ല…… എന്നാൽ ഇപ്പോൾ തന്നെ കുടുക്കാൻ വേണ്ടി ഇത്രയും ആത്മാർത്ഥതയോടെ വന്നു വിളിക്കുന്നവളെ കണ്ടതും അവൾക്ക് യഥാർത്ഥത്തിൽ ചിരി വന്നു…..
പൊട്ടി വന്ന ചിരി അടക്കി നിർത്തി കൊണ്ട് അവൾ ശ്രേയ ഗൗരവത്തോടെ ഒന്നു നോക്കി….. ശേഷം ഒന്നും മിണ്ടാതെ ബുക്കും അടച്ചു വച്ചു അവൾ താഴേക്ക് ഇറങ്ങി…. ആ നിമിഷം അവളുടെ കൈയിൽ ശ്രേയയുടെ കൈയിൽ നിന്നും എടുത്തു മാറ്റിയ സ്ലീപ്പിംഗ് പിൽസിന്റെ പൊടി അവൾ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്നു……ഹാളിൽ എത്തിയതും ഗൗതമന്റെയും ശാരികയുടേയും സ്നേഹ പ്രകടനങ്ങൾ കണ്ടു അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു….. മനസ്സിൽ അവരോട് ഉളള പക ആളി കത്തി കൊണ്ടിരുന്നു……
അവർ തനിക്കായി വിളമ്പി വച്ച ഭക്ഷണത്തിൽ താൻ നേരത്തെ മാറ്റി വച്ച പൗഡർ പൊടി തൂകിയിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു…. അതു കൊണ്ട് തന്നെ അവരുടെ മുന്നിൽ വച്ചു അവൾ അതു നന്നായിട്ട് ആസ്വദിച്ചു കഴിച്ചു….. അതിനിടയിൽ തന്നെ അവരുടെ ശ്രദ്ധ മാറിയതും അവൾ കൈയിൽ ഇരുന്ന പൊടി ചിക്കൻ കറിയിലേക്ക് കലർത്തി……ശേഷം ഗൂഢമായ ഒരു പുഞ്ചിരിയോടെ അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു……
താൻ ഭക്ഷണം കഴിക്കുന്നത് കണ്ടു അവരുടെ മുഖത്ത് തെളിഞ്ഞ വിജയ ചിരി കണ്ടതും അവൾ പുച്ഛത്തോടെ മുഖം കോട്ടി കൊണ്ട് എഴുന്നേറ്റു കൈ കഴുകാനായി പോയി…… കൈ കഴുകി മുകളിലേക്ക് കയറുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്നവരെ അവളും ഒന്നു രൂക്ഷമായി നോക്കി കൊണ്ട് പതിയെ പടികൾ കയറി……
റൂമിൽ എത്തി ബുക്ക് എടുത്തു ബാക്കി പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് റൂമിന്റെ പുറത്ത് ആരുടേയോ നിഴൽ വെട്ടം കണ്ടത്…. ശ്രേയ ആയിരിക്കും എന്ന് ഉറപ്പ് ഉളളത് കൊണ്ട് തന്നെ അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു കൊണ്ട് ഉറക്കം വരുന്നത് പോലെ കോട്ടുവായിട്ടു….. ശേഷം പതിയെ എഴുന്നേറ്റ് വാഷ്റൂമിലേക് കയറി ഒന്നു ഫ്രഷായി വന്ന ശേഷം ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അവൾ കട്ടിലിലേക്കു കിടന്നു…….
അവൾ കിടന്നത് കണ്ട് ഒട്ടൊരു നിമിഷത്തിന് ശേഷം അകത്തേക്ക് കയറി വന്ന ശ്രേയ ഡിം ലൈറ്റിന്റെ വെട്ടത്തിൽ അവളുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു കൊണ്ട് അവൾ ഉറങ്ങിയോ എന്ന് നോക്കി…. നന്ദുവിൽ നിന്നും യാതൊരു അനക്കവും ഇല്ലാതെ വന്നതും അവൾ സന്തോഷത്തോടെ പുറത്തേക്ക് ഓടി….. അവൾ പോകുന്നതു കണ്ടു കണ്ണുകൾ തുറന്നു നോക്കിയ നന്ദു പുച്ഛത്തോടെ ഒന്നു ചിരിച്ചു കൊണ്ട് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു……
അച്ഛാ…. അവൾ ഉറങ്ങി….. ഇനി ഒരു നാല് അഞ്ച് മണിക്കൂറത്തേക്ക് അവൾ നല്ല ഉറക്കം ആയിരിക്കും….. താഴേക്ക് ഇറങ്ങിയ ശ്രേയ ഗൗതമനെ നോക്കി കൊണ്ട് അതീവ സന്തോഷത്തോടെ പറഞ്ഞു….ആണോ…. എങ്കിൽ പിന്നെ ഇപ്പോൾ തന്നെ നമുക്ക് ഔട്ട് ഹൗസിലേക്ക് ചെന്നു സാഹിർ സാറിനോട് വിവരം പറഞ്ഞാലോ…. അവൾ പറഞ്ഞത് കേട്ട് ശാരിക അവരോട് പറഞ്ഞു…..
ഏയ്… അതു വേണ്ട…. ഇപ്പോൾ അവളെ ഇവിടെ നിന്നും എടുത്തോണ്ട് പോകുന്നത് ആരെങ്കിലും കണ്ടാൽ അതു പ്രശ്നം ആകും….. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആൾക്കാർ ഉളളതാ….. ആരും ഉറങ്ങിയിട്ടൊന്നും ഉണ്ടാവില്ല….. പോരാത്തതിന് ചുറ്റിനും ലൈറ്റും…… അബദ്ധത്തിൽ എങ്ങാനും ആരുടെ എങ്കിലും കണ്ണിൽ പെട്ടാൽ എല്ലാം ഇന്നത്തോടെ തീരും…. ഇതു വരെ നമ്മൾ ചെയ്തു കൂട്ടിയത് എല്ലാം പാഴാകും…… അങ്ങനെ സംഭവിക്കാൻ പാടില്ല…… അതു കൊണ്ട് കുറച്ചു കൂടെ കഴിയട്ടെ….. ഒരു പത്ത് പതിനൊന്നു മണി ഒക്കെ ആകുമ്പോൾ എല്ലാവരും ഉറങ്ങും….. അപ്പോഴേക്കും നമുക്ക് അദ്ദേഹത്തിനോട് ചെന്നു വിവരം പറയാം……
അയാൾ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാനായി ഡൈനിംഗ് ടേബിളിലേക്ക് ഇരുന്നു….. അയാൾ പറഞ്ഞതു ശരിയാണെന്നു തോന്നിയതും മറ്റുളളവരും പിന്നെ ഒന്നും മിണ്ടാതെ അയാളോടൊപ്പം വന്നു ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി……മുകളിൽ നിന്നും ഇവരുടെ സംഭാഷണം എല്ലാം കേട്ടു കൊണ്ടിരുന്ന നന്ദു കണ്ണിൽ എരിഞ്ഞ പകയോടെ തിരിഞ്ഞു നടന്നു…… സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു…… ഏകദേശം പത്ത് മണി ആകാറായതും നന്ദു പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്ക് നോക്കി….. ലൈറ്റുകൾ എല്ലാം അണഞ്ഞത് കണ്ടതും നന്ദു പതിയെ ശ്രേയയുടെ മുറി ലക്ഷ്യമാക്കി നടന്നു…..
ശ്രേയയുടെ മുറിയുടെ മുന്നിൽ എത്തിയതും ചാരി ഇട്ടിരുന്ന വാതിൽ പതിയെ തള്ളി തുറന്നു അവൾ അകത്തേക്ക് കയറി….. ബെഡിൽ ബോധം കെട്ടു ഉറങ്ങുന്ന ശ്രേയയെ കണ്ടു അവളുടെ കണ്ണുകളിൽ പക എരിഞ്ഞു…..നിനക്ക് എന്നെ അയാളുടെ ബെഡിൽ എത്തിക്കണം അല്ലേടി…… അവൾ പകയോടെ മുരണ്ടു കൊണ്ട് കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ശ്രേയയുടെ കവിളിൽ ആഞ്ഞടിച്ചു…….
(തുടരും)

by