17/04/2026

മൗനം : അവസാന ഭാഗം

രചന – റോസാ തോമസ്

എനിക്ക് തന്നെ ഇഷ്ടമാണ്.” ഞാൻ സ്തബ്ധയായി പോയി. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.. ഞാൻ മിണ്ടാതെ നിന്നു. കുറച്ചുകഴിഞ്ഞ് തലയുയർത്തി നോക്കിയപ്പോൾ മാഷ് കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി എന്നെ തന്നെ നോക്കി നിൽക്കുവാണ് ഒന്നും മിണ്ടുന്നില്ല. ഞാൻ വീണ്ടും ഒന്നൂടെ തലപൊക്കി നോക്കി… അവസാനം മാഷ് തന്നെ സംസാരിച്ചു തുടങ്ങി. ” ഡോ തനിക്ക് ഒന്നും പറയാനില്ലേ.. എന്തെങ്കിലുമൊന്ന് പറ….ഞാൻ പറഞ്ഞത് തനിക്ക് ഇഷ്ടമായില്ലേ….

” തന്നെ പ്രണയിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല എന്നറിയാം.. തന്നെ കണ്ടപ്പോൾ ഒരു ക്രഷ് തോന്നിയിരുന്നു… പക്ഷേ നമ്മുടെ കുടുംബങ്ങൾ തമ്മിലുള്ള അന്തരം ഓർത്ത് ഞാൻ അത് വേണ്ടെന്ന് വച്ചതാണ്.. ഇനി ഒന്നിനെ പ്രതിയും അത് വേണ്ടെന്ന് വയ്ക്കുന്നില്ല. ആർക്കുവേണ്ടിയും വിട്ടുകൊടുക്കുന്നു ഇല്ല. അതുകൊണ്ട് പറഞ്ഞുവെന്നേയുള്ളൂ.” “മാഷ് എന്താ ഈ പറയുന്നത്…. മാഷിന് എന്ത് യോഗ്യത കുറവാണുള്ളത്.. അങ്ങനെയൊന്നും പറയല്ലേ..” “എനിക്ക് എന്ത് പറയേണ്ടതെന്നറിയില്ല മാഷേ.. ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടു ഇല്ല.. ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നല്ലോ..”

” ഇനി ചിന്തിച്ചാൽ മതിയല്ലോ.. ” മാഷ് കളിയായി പറഞ്ഞു.. അതൊക്കെ പോട്ടെ.. താൻ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കു.. എന്നിട്ട് തന്റെ മമ്മി യുടെ ഫോണിൽ എന്നെ ഒന്ന് വിളിച്ചു പറയൂ.. തനിക്ക് സമ്മതമാണെങ്കിൽ ഞാൻ തന്റെ പപ്പയോട് നേരിട്ട് വന്ന് ചോദിക്കും.. അല്ലെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടരും.. അത്രയേ ഉള്ളൂ..
ഇനി അതെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട.. നമുക്ക് പോവാം..

” ഡോ… താൻ എന്താ ആലോചിക്കുന്നത്…ഞാൻ പറഞ്ഞത് എന്തെങ്കിലും കേട്ടോ ..” ” ആ കേട്ടു…ഞാൻ പറയാം… അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു. അങ്ങനെ ഞങ്ങൾ തിരിച്ചു പോയി. ഞാൻ ഒരുപാട് ആലോചിച്ചു.. ആലോചിച്ച് തല പുകയ്ക്കുന്ന എന്നെ കണ്ട് സംശയിച്ച നിയയോടും മമ്മിയോടും ഞാൻ കാര്യം തുറന്നു പറഞ്ഞു. മമ്മിക്ക് വെപ്രാളം.. നിയ തുള്ളിച്ചാടി..അവൾ വേണമെങ്കിൽ ഇപ്പോൾ തന്നെ മാഷിനെ വിളിക്കുന്ന മട്ടാണ്. അവളെ എങ്ങനെയോ പറഞ്ഞ അനുനയിപ്പിച്ച് പറഞ്ഞുവിട്ടു. മമ്മി ഒന്നും പറഞ്ഞില്ല. അവിടെ മൗനമാണ്.

അവസാനം ഞാൻ വിളിച്ചു.. നീയാ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയിട്ട് ആണ് വിളിച്ചത്. “ഹലോ..”. കോൾ കണക്ട് ആയി മാഷിന്റെ സ്വരം കേട്ടതും ഇതുവരെയില്ലാത്ത ഒരു തരം വെപ്രാളം തുടങ്ങി. ” ഡോ പറയെടോ ” മാഷ് ഫോണിലൂടെ പറഞ്ഞു. “മാഷേ…മാഷ് വന്നു പപ്പയോട് ചോദിച്ചോളൂ…” അത് പറഞ്ഞതും ഞാൻ ഫോൺ കട്ട് ചെയ്തു…സംസാരിക്കാൻ പറ്റുന്നില്ല… ഒന്നും ആലോചിക്കാൻ പോലും വയ്യ…കണ്ണടച്ച് പിടിച്ച് കമിഴ്ന്ന് കിടന്നു ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ മാഷ് വന്നു. ഞാൻ പേടിച്ച് റൂമിൽ തന്നെ ഇരുന്നു.നീയാ രണ്ടു ചെവിയും കൂർപ്പിച്ച വാതിലിനു മറവിൽ നിന്ന് കേൾക്കുന്നുണ്ട്.. മമ്മി ചായ ഇടുകയാവും എന്ന് ഞാൻ ഊഹിച്ചു.

എന്താണ് സംസാരിക്കുന്നത് എന്ന് ഒന്നും കേൾക്കാൻ പറ്റിയില്ല… കുറേനേരം നോക്കിയിട്ട് ടെൻഷൻ കാരണം താഴെ ഇറങ്ങാം എന്ന് വെച്ചപ്പോൾ മാഷിന്റെ ബൈക്ക് സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു.. ഒരു നിമിഷം കാതുകൾ കൊട്ടി അടച്ചത് പോലെ തോന്നി.. തൊണ്ട വരണ്ടതുപോലെ….പെട്ടെന്ന നീയാ ഓടിക്കയറി വന്നു. അവളുടെ മുഖത്ത് ഗൗരവം. ” എന്തായി “….ഞാൻ കഷ്ടപ്പെട്ട് ചോദിച്ചു. ” എന്താവാൻ “…അവൾക്ക് വീണ്ടും ഭയങ്കര ഗൗരവം. ” എന്താ “…എനിക്ക് ദേഷ്യം വന്നു. “ചേച്ചി എന്താ വിയർക്കുന്നത്.. മാഷ് വന്നത് എന്തിനാണെന്ന് അറിയാലോ പിന്നെന്താ..” ഇവൾ ഇതെന്താ പറയുന്നേ.. ” ഡീ പപ്പ എന്തു പറഞ്ഞു എന്ന് പറ “.. ഞാൻ ചോദിച്ചു. ” ഓ അങ്ങനെ.. അതിനു ചേച്ചി എന്താ വിയർക്കുന്നത്…..എന്നാണ് ഞാൻ ചോദിച്ചത്. ” ഡി എനിക്ക് ദേഷ്യം വരുന്നുണ്ടേ.. പെട്ടെന്ന് അവളുടെ ആ ഗൗരവം മാറി ചിരിയായി.

” ഡീ ചേച്ചി.. ഈ വിറയലും പരിഭ്രമവും ഒക്കെ എന്താണ്.. ഇതിന്റെ ഒക്കേ അർത്ഥം എന്താണെന്ന് അറിയുമോ….. ഇതാണ് പ്രണയം “… ” ഒന്നു പോടി… നീ ചുമ്മാ “…. “മോളെ നീലു…. പപ്പ വിളിക്കുന്നുണ്ട് “”… മമ്മിയുടെ സ്വരം താഴെന്ന് കേട്ടു. ഞാൻ വേഗം ഓടി താഴേക്ക് ചെന്നു. ” നീലു… ബിജോയ് ഒരു ജോലിയുടെ കാര്യം പറഞ്ഞു എന്നോട്… നിന്നോട് സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു… നീ എന്ത് പറയുന്നു?” ” ബാംഗ്ലൂർ ആണ് പോകേണ്ടത്…ഞാൻ പറഞ്ഞു. പപ്പയ്ക്ക് സമ്മതമാണെങ്കിൽ ഞാൻ പോകാം. ”

” നീ എങ്ങനെ തനിച്ച് അവിടെ…” ” പോവാൻ നേരം പപ്പാ കൊണ്ടുപോയി വിടില്ലേ…. പിന്നെ മാഷിന്റെ ഫ്രണ്ട് താമസസ്ഥലം ശരിയാക്കാം എന്ന് പറഞ്ഞു. മാഷ് എന്ന് പറഞ്ഞപ്പോൾ പപ്പ എന്നെ ഒന്ന് നോക്കുന്നത് ഞാൻ കണ്ടു. ഞാൻ തുടർന്നു…. “പരിചയക്കുറവുണ്ട്….പക്ഷേ അവിടെ നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയാൽ അത് എന്റെ പ്രൊഫഷന ഒരുപാട് ഗുണം ചെയ്യും…ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടെങ്കിൽ തിരിച്ചുവരാം….

” എങ്കിൽ ശരി, നീ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കോ… ” ഞാൻ ഞെട്ടിപ്പോയി. ഇങ്ങനെ ഒരു മറുപടി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ ആശ്വാസത്തോടെ പോവാനായി തിരിഞ്ഞു. ” ഒന്ന് നിന്നേ…ബിജോയ് ഒരു കാര്യം കൂടി എന്നോട് പറഞ്ഞു.. ” നീയുമായുള്ള വിവാഹകാര്യം..എന്താണ് നിന്റെ അഭിപ്രായം?…

“ഞാൻ… അത്…എനിക്ക്….”ഞാൻ പെട്ടെന്ന് എന്താ പറയേണ്ടതെന്ന് അറിയാതെ നിന്നുപോയി. പിന്നെ പെട്ടെന്ന് സമനില വീണ്ടെടുത്ത്…”എനിക്ക് കുഴപ്പമില്ല… പപ്പയുടെ ഇഷ്ടം….” എന്ന് പറഞ്ഞു ഒപ്പിച്ചു. “ഞാൻ ഒന്ന് ആലോചിക്കട്ടെ”…. എന്നു പറഞ്ഞ് പോയി. ഞാൻ അവിടുന്ന് വേഗം ഓടി രക്ഷപ്പെട്ടു.നിയ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.ഞാൻ അവളെ തിരിച്ച് കെട്ടിപ്പിടിച്ചുകൊണ്ട് മമ്മിയുടെ മുഖത്തേക്ക് നോക്കി. മമ്മിയുടെ കണ്ണുകളിൽ സന്തോഷ തിരയിളക്കം… ഞാൻ അവളെ വിട്ട് മമ്മിക്ക് ഒരു മുത്തം കൊടുത്തിട്ട് ഓടിപ്പോയി…..അതിലുണ്ടായിരുന്നു എല്ലാം.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു… നാളെ ഞാൻ ബാംഗ്ലൂരിലേക്ക് പോവുകയാണ്. ബാഗ് എല്ലാം എടുത്തു വെച്ചു. മമ്മി കിടക്കാൻ നേരം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.”മോളെ നാളെ വൈകിട്ട് അല്ലേ പോകുന്നത്…എനിക്ക് കൂടി വരണം എന്നുണ്ടായിരുന്നു. നിയയ്ക്ക് ക്ലാസ് ഉണ്ട്..അതുകൊണ്ട് ഞങ്ങൾക്ക് വരാൻ പറ്റില്ല.”

” അത് എനിക്ക് അറിയാമല്ലോ.. അതൊന്നും സാരമില്ല ” ഞാൻ മമ്മിയെ ആശ്വസിപ്പിച്ചു. മമ്മി വീണ്ടും പറഞ്ഞു.. “പിന്നെ മോളെ ഒരു കാര്യം പറയാനുണ്ട്.. ബിജോയിയുടെ കാര്യമാണ്… ” അതു കേട്ടതും ഞാൻ ആകാംക്ഷയോടെ നോക്കി.പപ്പാ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല…മോളെ…അത് പപ്പയ്ക്ക് അത്ര താല്പര്യം ഒന്നും ഇല്ല എന്നാലും ബിജോയെ ഇഷ്ടപ്പെട്ടു…. അതുകൊണ്ട് വേറെ ഒന്നും നോക്കുന്നില്ല എന്ന് പറഞ്ഞു. പിന്നെ കുടുംബങ്ങൾ തമ്മിൽ അത്ര വലിയ വ്യത്യാസം ഒന്നും ഇല്ലല്ലോ… ചെറിയ ഒരു സാമ്പത്തിക വ്യത്യാസം അല്ലേ ഉള്ളൂ…. പപ്പയുടെ അനിയന്മാർക്കും ഇതേ അഭിപ്രായമാണ്.

” മോളെ…നാളെ അവരോട് കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്… മോള് പോകുന്നതിനു മുൻപ് ആയിട്ട് അവർ വരും…. “കേട്ടതൊക്കെ സത്യമാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല.. രാത്രി ഒക്കെ ഒരുപാട് ദൈർഘ്യം ഉള്ളതുപോലെ തോന്നി.. എങ്ങനെയൊക്കെ അന്ന് രാത്രി കഴിച്ചുകൂട്ടി എന്ന് പറയാം. പിറ്റേന്ന് രാവിലെ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ വന്നു.മാഷിന്റെ മാതാപിതാക്കളും ചേച്ചിമാരും ഫാമിലിയും കുട്ടികളും ജോണി അങ്കിളും ഒക്കെ ഉണ്ടായിരുന്നു.. അവരോട് സംസാരിക്കാൻ ഒക്കെ നല്ല രസമാണ്.. പാവം മനുഷ്യര്.. നല്ല കുടുംബം.. അവർ യാത്ര പറഞ്ഞു പോയതിനുശേഷം വൈകുന്നേരമായപ്പോൾ ഞങ്ങൾ തിരിച്ചു. മമ്മിക്ക് വലിയ സങ്കടമായിരുന്നു.. നീയാ കെട്ടിപ്പിടിച്ച് കണ്ണുനിറച്ച് നിന്നതേയുള്ളൂ.. ഞാൻ പെട്ടെന്ന് കാറിൽ കയറി.. തിരിഞ്ഞുനോക്കിയില്ല…

അങ്ങനെ പിറ്റേന്ന് ഞങ്ങൾ ബാംഗ്ലൂർ നഗരത്തിൽ എത്തി.. ആദ്യം തന്നെ ഓഫീസിൽ പോയി വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു.. അതിനുശേഷം താമസസ്ഥലത്തേക്ക് പോയി. പിജി ഹോസ്റ്റൽ ആയിരുന്നു അത്. എന്നെ അവിടെ ആക്കിയതിന ശേഷം പപ്പാ തിരിച്ചു പോയി.

അന്ന് വൈകിട്ട് ഒരു ഫോൺ കോൾ വന്നു.. കോൾ കണക്ട് ചെയ്തു നോക്കിയപ്പോൾ മാഷാണ്. മാഷിന്റെ സ്വരം കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് വന്ന് നിറഞ്ഞു.
📞മാഷേ… ഞാൻ വിളിച്ചു 📞”ആഹ..ഇപ്പോഴും മാഷ് എന്ന് തന്നെയാണ് വിളിക്കുന്നത് അല്ലേ?… 📞അതിനെന്ത മാഷേ കുഴപ്പം…എനിക്ക് ഇതാണ് സുഖം.. ഇതു പോരേ…?ഞാൻ ചോദിച്ചു. 📞” തനിക്ക് ഇഷ്ടമാണെങ്കിൽ അങ്ങനെ വിളിച്ചോ.. ഞാൻ ചുമ്മാ ചോദിച്ചതാ “. 📞 പിന്നെ അവിടെ എന്തൊക്കെയുണ്ട്.. മാഷ് ചോദിച്ചു.. ഞാൻ അന്നത്തെ വിശേഷങ്ങളെല്ലാം പറഞ്ഞു. 📞 നീലു.. ആർദ്രമായിവിളിച്ചു. 📞 തനിക്ക് ശരിക്കും സമ്മതം ആണോ…അതോ വീട്ടുകാരുടെ ഇഷ്ടം നോക്കിയിട്ടാണോ.. 📞 എന്താ മാഷിന് സംശയമുണ്ടോ.. 📞ഏയ് ഇല്ല.. ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ.. 📞അങ്ങനെ ഇപ്പോ വെറുതെ ചോദിക്കേണ്ട..ഞാൻ പറഞ്ഞു. അങ്ങനെ കുറച്ച് സംസാരിച്ചതിന് ശേഷം ഞങ്ങൾ വെച്ചു..

പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഓഫീസിൽ പോയി. ഓഫീസിലെ കാര്യങ്ങൾ എല്ലാം പഠിക്കാൻ കുറച്ചു ദിവസമെടുത്തു.എന്നാലും കുഴപ്പമില്ല..പിന്നെ ഭാഷയുടെയും പരിചയക്കുറവ്ന്റെയും പ്രശ്നങ്ങൾ ഒക്കെ ഉള്ളൂ.. കുറച്ചു ദിവസങ്ങൾ കൊണ്ട് അതൊക്കെ പരിചയമായി.ഹോസ്റ്റലിൽ നിന്ന് കുറച്ച് സൗഹൃദങ്ങൾ ഒക്കെ കിട്ടി. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു പലതരത്തിലുള്ള കുട്ടികൾ.. അവരുടെയൊക്കെ ഫോൺവിളികളും ചാറ്റിംഗ് ഒക്കെ കണ്ടു എന്റെ തല മരവിച്ചു പോയി.. പിന്നെ കുറച്ചു ദിവസങ്ങൾ കൊണ്ട് എല്ലാം പരിചയമായി.. എനിക്ക് പറ്റിയ കുറച്ച് കൂട്ടുകാരെ ഞാൻ സംഘടിപ്പിച്ചു.. പിന്നെ അവരുടെ റൂമിലേക്ക് മാറി.. എല്ലാത്തിനും മാഷിന്റെ ഉപദേശങ്ങൾ കൂടെയുണ്ടായിരുന്നു.. അവിടുത്തെ രീതികൾ ഒക്കെ അങ്ങനെയാണ് നല്ലതും ഉണ്ട് ചീത്തയും ഉണ്ട്…നമ്മൾ നിൽക്കേണ്ട രീതിയിൽ നമ്മൾ നിന്നാൽ മതി..

മാഷിന്റെ അച്ഛനും അമ്മയ്ക്കും കൃഷിയാണ്.. അവർ ഇടയ്ക്കൊക്കെ വിളിക്കും… കൂടുതലും റബ്ബറാണ്..പിന്നെ പറമ്പ് നിറച്ചു തെങ്ങും വാഴയും മാവും പ്ലാവും ഒക്കെയുണ്ട്.. പോരാഞ്ഞിട്ട് പശുവും ആടും പിന്നെ മുയൽ കൃഷിയും.. മാഷിന്റെ അമ്മയ്ക്ക് ഒട്ടും സമയമില്ല..എപ്പോഴും തിരക്കാണ്.. പച്ചക്കറി തോട്ടത്തെ കുറിച്ച് ഒക്കെ പറയുമ്പോൾ അതൊക്കെ കാണാൻ കൊതിയാവും.. ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ കുറിച്ച് ഓർത്ത് നിരാശ തോന്നും..

കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ ഓഫീസ് പരിചയപ്പെട്ടു…എനിക്ക് അങ്ങനെ പതിയെ ബാംഗ്ലൂർ സിറ്റി ഇഷ്ടമായി. ഫ്രീ ആകുമ്പോൾ ഞങ്ങൾ പുറത്ത് ഔട്ടിംഗ് ഒക്കെ പോയി തുടങ്ങി.എന്നാലും എപ്പോഴും ഒന്നും ആരും കൂട്ട് കാണില്ല.. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒക്കെ, തന്നെ പോവാനും ബസ്സിൽ സഞ്ചരിക്കാനും ഒക്കെ ഞാൻ പഠിച്ചു..ഓഫീസിലേക്ക് പോകാൻ രണ്ടു ബസ് മാറി കയറണം.. അതായിരുന്നു ആകെയുള്ള ബുദ്ധിമുട്ട്.. കുറച്ചു ദിവസങ്ങൾ കൊണ്ട് അതൊക്കെ പഠിച്ചു. ഒന്ന് രണ്ടു പ്രാവശ്യം ബസ് മാറി കയറിയതിനു ശേഷം .

അങ്ങനെ ആറു മാസങ്ങൾക്ക് ശേഷം ഞാൻ വീട്ടിലേക്ക് ലീവിന് പോവുകയാണ്.. ഒരു മാസത്തെ ലീവ് ആണ്.. എൻഗേജ്മെന്റ് ഉം കല്യാണവും ഒരു മാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചു.. രണ്ടാഴ്ച സമയം ഇടവിട്ട്.. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം വീട്ടിൽ പോയി വന്നു.. ഓരോ മാസവും പോകുമ്പോഴും നിയക്ക് ഒരു കെട്ട് സാധനങ്ങൾ വേണം.. ഇന്ന് തിരിച്ചു പോകുമ്പോൾ ഒരുപാട് ലഗേജ് ഉണ്ട്..

എൻഗേജ്മെന്റ് നുള്ള ഡ്രസ്സും കോസ്റ്റ്യൂംസ് എല്ലാം ഞാൻ തന്നെ വാങ്ങി.. ബാംഗ്ലൂർ ആകുമ്പോൾ ഒരുപാട് സെലക്ഷൻ ഉണ്ടല്ലോ.. കുറച്ചു കഷ്ടപ്പെട്ടു.. എന്നാലും സാരമില്ല.. തനിയെ കഷ്ടപ്പെട്ട് സെലക്ട് ചെയ്തു വാങ്ങുമ്പോൾ ഒരു അഭിമാനം ഒക്കെ തോന്നുന്നുണ്ട്.. അതിനേക്കാൾ ഉപരി ഒരുപാട് സന്തോഷവും.. അന്ന് അവിടെ വച്ച് തന്നെ കല്യാണം നടത്തുക ആയിരുന്നുവെങ്ങ്കിൽ എനിക്ക് ഇത്രയും സന്തോഷം ഉണ്ടാവില്ലായിരുന്നു. ഇപ്പോൾ ഞാൻ തനിയെ നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും കഴിവുള്ള ഒരു വ്യക്തിയാണ്..

കല്യാണത്തിന് ശേഷം മാഷിന്റെ ഒപ്പം നിൽക്കാനാണ് എനിക്ക് ആഗ്രഹം.. എന്നാലും ഒരു വർഷം പൂർത്തിയാക്കിയിട്ട് തിരിച്ചു വന്നാൽ മതി എന്ന് മാഷ് നിർബന്ധം പിടിച്ചു.. എനിക്ക് വിഷമം ഒക്കെ തോന്നി എങ്കിലും എക്സ്പീരിയൻസ് ഒരു വർഷമെങ്കിലും വേണമല്ലോ.. എല്ലാം മാഷ് പറയുന്നതുപോലെ.. മാഷാണ് എന്നെ ഇത്രയും ആക്കിയത്. എന്നെ കൈപിടിച്ചുയർത്തിയത്… ആ മാഷിന്റെ കൈ പിടിച്ച് നടക്കാൻ അനുവദിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.. [അവസാനിച്ചു]..
[എനിക്കായി രണ്ടുവരി കുറിക്കുമോ…]