രചന – റോസാ തോമസ്
ചോദിച്ചത് കേട്ടില്ലേടി.. എന്റെ മകൾ എവിടെയെന്ന്.. സതീശന്റെ സ്വരം കടുത്തു.. റീന ഉത്തരമില്ലാത്ത നിന്നു. എനിക്കിനി എന്റെ മകളെ എങ്കിലും വേണം.. പറ അവൾ എവിടെ… അവളുടെ വിവാഹം കഴിഞ്ഞു.. ദയവുചെയ്ത് ഇനി അവിടെച്ചെന്ന് അവളെ ഉപദ്രവിക്കരുത്.. അവൾക്ക് ആ വീട്ടിൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം… വിവാഹം കഴിഞ്ഞ കഥയെല്ലാം ഞാൻ അറിഞ്ഞു.. ഓഹോ… അറിഞ്ഞിട്ടാണോ വന്നത്.. പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്.. അതുപിന്നെ നിന്റെ മകളല്ലേ.. നീയല്ലേ വളർത്തിയത്… അപ്പൊ പിന്നെ അതിന്റെ മഹിമ അവൾ കാണിക്കുമല്ലോ… പിന്നെ ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്.. കൊച്ചിന്റെ അപ്പനെ അവൾ മാറ്റി പറഞ്ഞില്ല… നിന്നെപ്പോലെ. റീനക്ക് ഇനി ഒന്നും കേൾക്കാൻ വയ്യായിരുന്നു.. അവൾ ഒന്നും പറയാതെ പുറകിലോട്ട് വലിഞ്ഞു…
പക്ഷേ അപ്പോഴാണ് പുറകിൽ നിൽക്കുന്ന ആളെ കണ്ടത്.. ത്രേസ്യമ്മച്ചി.. റീന ഞെട്ടിതരിച്ചു പോയി.. നീ ഇനി വലിയ ഞെട്ടുവൊന്നും വേണ്ട… ഞാൻ എല്ലാം കേട്ടു.. അവർ എരിയുന്ന കണ്ണുകളോടെ അവളെ നോക്കി.. ഡാ കൊച്ചനെ… നീ ആ പഴയ ടോമിച്ചന്റെ കൂട്ടുകാരൻ അല്ലേ.. പേര് ഞാൻ മറന്നല്ലോ.. സതീശൻ.. അയാൾ വല്ലായ്മയോടെ മറുപടി പറഞ്ഞു. എന്നാലും നീ ഞങ്ങളോട് ഇങ്ങനെ ചെയ്തല്ലോടാ… ഞാൻ നിങ്ങളോട് എന്ത് ചെയ്തു എന്നാ അമ്മച്ചി പറയുന്നത്.. അയാൾ സംസാരിച്ചു തുടങ്ങി..ഞാൻ നിങ്ങളെ ആരെയും മനപൂർവം ചതിച്ചിട്ടില്ല.. പിന്നെ പഴയ കൂട്ടുകാരുടെ കൂടെ അന്നൊക്കെ കുറച്ച് കള്ളുകുടിയും തല്ലിപ്പൊളിയും ഒക്കെ ആയിരുന്നു എന്നത് ശരിയാണ്.. പക്ഷേ ടോമിച്ചന്റെ കല്യാണം കഴിഞ്ഞതോടുകൂടി ടോമിച്ചൻ ചതിച്ചു എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ ഞാൻ ഇവൾക്കൊരു ജീവിതം കൊടുക്കാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടുപേരും കൂടി നാടുവിട്ടു..
ഇവൾക്കൊരു ചീത്ത പേരുണ്ടാകാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും രണ്ടായിട്ടാണ് നാടുവിട്ടത് പോലും… പക്ഷേ അത് ഇവൾ ദുരുപയോഗിച്ചു എന്ന് പിന്നീടാണ് അറിഞ്ഞത്.. തമിഴ്നാട്ടിൽ പോയി ഒരു താലി കെട്ടി ഒരുമിച്ചു താമസിച്ചു രണ്ടു മാസത്തിനുള്ളിൽ ഗൾഫിൽ പോകാനുള്ള വിസ കിട്ടി.. കള്ള വിസ ആയിരുന്നു.. പക്ഷേ ഇവൾ ഗർഭിണിയായി എന്നറിഞ്ഞപ്പോൾ ഒരു നല്ല ജീവിതം ഉണ്ടാക്കണം എന്ന് വിചാരിച്ച് അങ്ങനെയൊക്കെ ചെയ്തതാണ്.. പക്ഷേ അവിടെ ചെന്നപ്പോൾ പോലീസ് പിടിച്ചു ജയിലിൽ ആയി… എന്നിട്ട് ഇവൾ ചെയ്തത് എന്താ.. കാത്തിരിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല കാരണം അത്രയേറെ വർഷങ്ങൾ എടുത്തു… എന്റെ താലിക്ക് ഒരു വിലയും കൊടുക്കാതെ വലിച്ചുപൊട്ടിച്ചു… അതും പോട്ടെ….പക്ഷേ കൊച്ചിന്റെ അപ്പനെ മാറ്റി പറയാമോ.. ഇവൾ ഇവിടെ തിരിച്ചു വന്നപ്പോൾ ടോമിച്ചന്റെ കൊച്ചാണ് ഇതെന്ന് ടോമിച്ചനോട് പറഞ്ഞു.. അങ്ങനെ ഇവരുടെ വിവാഹവും നടന്നു…
ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല… ഞാൻ തിരിച്ചു പോവില്ല.. ഇവളുടെ മുമ്പിൽ കൂടി ഇവിടെയൊക്കെ തന്നെ താമസിക്കും.. എന്റെ മകളെ പക്ഷേ എനിക്കൊന്നു കാണണം.. അതിനുള്ള അവസരം ഇവൾ ഇവിടെ ഉണ്ടാക്കണം.. ഞാൻ പോകുന്നു.. എന്നുപറഞ്ഞ് അയാൾ പോയി. വല്യമ്മച്ചി ഒരക്ഷരം മിണ്ടാതെ തന്റെ മുറിക്കകത്തേക്ക് പോയി.. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ കതകു തുറന്നു.. അവരുടെ കയ്യിൽ കുറെ പെട്ടികളുമുണ്ടായിരുന്നു..അവർ സെറ്റിയിൽ കരഞ്ഞുകൊണ്ടിരുന്ന റീനയുടെ അടുത്ത് ചെന്ന് അവളോട് പറഞ്ഞു.. ഓഹ്.. നിനക്ക് കരയാനൊക്കെ അറിയുമോ.. അല്ല..ആദ്യമായിട്ടാണ് കാണുന്നത്.. അതുകൊണ്ട് ചോദിച്ചതാ.. വല്യമ്മച്ചി എവിടെ പോകുവാ.. ആ കയ്യിലിരുന്ന പെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
ഞാനിവിടെ നിന്ന് താമസം മാറുവാ.. ഞാൻ എല്ലാ കാര്യങ്ങളും എന്റെ ഇളയ മകൻ സണ്ണിച്ചനോടും പിന്നെ സുബിനോടും വിളിച്ചുപറഞ്ഞു.. സുബിനോട് പറഞ്ഞു എന്ന് കേട്ടപ്പോൾ റീന വേദനിച്ചു.. സണ്ണിച്ചൻ ഇപ്പൊ വരും..ഇനി ഞാൻ അവന്റെ കൂടെയാ താമസിക്കുന്നത്..ടോമിച്ചൻ വരുന്നതിനു മുന്നേ ആയിട്ട് ഞാൻ ഇറങ്ങുകയാണ്.. എന്തൊക്കെയായാലും അവൻ എന്റെ മകനല്ലേ.. അവന്റെ മുഖത്ത് നോക്കി ഇത് പറയാൻ എനിക്കാവില്ല.. നീ അവനോട് പറയുകയോ പറയാതിരിക്കുവോ എന്തു വേണമെങ്കിലും ചെയ്തോ.. പിന്നെ അവൻ വരുന്നതിനുമുമ്പ് ഞാൻ ഇറങ്ങും.. പറയാൻ പറ്റില്ലല്ലോ.. എന്റെ മകൻ ഒന്നുമറിയാതിരിക്കാൻ അവൻ വരുമ്പോഴേക്കും നീ എന്നെ കൊന്നാലോ… സ്വന്തം കൊച്ചിന്റെ അപ്പനെ മാറ്റി പറഞ്ഞവളല്ലേ..അതുകൊണ്ട് എല്ലാ കാര്യങ്ങളും സണ്ണിച്ചനോടും സുബിനോടും ഞാൻ തുറന്നു പറഞ്ഞു..
സുബിനെ നീ ഇനി പ്രതീക്ഷിക്കേണ്ട.. അവനെ ഞാനും സണ്ണിച്ചനും കൂടി നോക്കും.. പിന്നെ ഈ വീട്… അത് സുബിനുള്ളതാണ്.. ദാ സണ്ണിച്ചൻ വന്നു…..ഞാൻ പോവാ.. അമ്മച്ചിയുടെ പെട്ടികളെല്ലാം കാറിൽ കേറ്റി വെച്ച് അമ്മച്ചിയെ കൊണ്ടുപോയി.. അമ്മച്ചി… സുബിന് ഭയങ്കര വിഷമമായില്ലേ…അവനോട് നമുക്ക് പതിയെ പറയാമായിരുന്നു..സണ്ണിച്ചൻ അമ്മച്ചിയോടു പറഞ്ഞു.. അത് സാരമില്ലടാ.. അവൻ എപ്പോഴാണേലും അറിയേണ്ടതല്ലേ.. ഉം.. അവൻ അടുത്ത ആഴ്ച വരാമെന്ന് പറഞ്ഞു.. ഞാനും അവനെ വിളിച്ചിരുന്നു.. സാരമില്ല അവൻ ഇതൊക്കെ മറികടന്നോളും.. നമ്മളൊക്കെ ഇല്ലേ അവന്.. പിന്നെ ഞാൻ ടോമിച്ചനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു.. അമ്മച്ചിയെ കൊണ്ടുപോകുമ്പോൾ ഒരു വാക്ക് പറയണ്ടേ… അതുകൊണ്ട് വിളിച്ചതാ… വിളിച്ചപ്പോൾ എല്ലാം പറഞ്ഞു..സണ്ണിച്ചൻ പറഞ്ഞു.
എന്നിട്ട് അവൻ എന്തു പറഞ്ഞു… എന്തു പറയാൻ.. എന്നോട് ഒന്നും മിണ്ടിയില്ല.. ഇനി അവരെന്തെങ്കിലും ചെയ്യട്ടെ.. നമുക്കതറിയേണ്ട കാര്യമില്ല.. ആനിയോടും അന്നയോടും ചെയ്തതിന്റെ തിരിച്ചടിയാണ്..അത് ടോമിച്ചൻ അനുഭവിച്ചേ പറ്റൂ.. തന്നത്താനെ ഉണ്ടാക്കിയത് തന്നെതാനെ അനുഭവിക്കട്ടെ..നമുക്ക് നോക്കാം.. മോനെ… പോകുന്ന വഴിക്ക് നീ ആലത്തറയിൽ ഒന്നു നിർത്തണം.. എന്റെ കൊച്ചുമോളെ ഒന്ന് കാണണം.. സണ്ണിച്ചൻ വണ്ടി ആലത്തറയിലേക്ക് തിരിച്ചു.. ഭാഗ്യത്തിന് എല്ലാവരും അവിടെ ഉണ്ടായിരുന്നു.. ആനി പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു.. വല്യമ്മച്ചി ആനിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.. സണ്ണിച്ചൻ അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു. ആനി മോളെ.. അന്നമോളു വന്നു എന്നറിഞ്ഞപ്പോൾ തൊട്ട് ഒന്നു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.. എവിടെ എന്റെ മോള്.. ദേ നിൽക്കുന്നു എന്ന് പറഞ്ഞ് അന്നയെ ആനി വല്യമ്മച്ചിയ്ക്ക് കാണിച്ചു കൊടുത്തു. വല്യമ്മച്ചി അന്നയെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു..
ആനി അവരെ ഒരു മുറിയിലേക്ക് ഇരുത്തി. അമ്മച്ചി കുറെ നേരം കൂടെ അന്നയുടെ കൂടെ ചെലവഴിച്ചു.. വല്യമ്മച്ചി ഒരു ബോക്സ് എടുത്ത് അന്നയ്ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു. ഇത് എന്റെ കല്യാണത്തിന് എന്റെ അമ്മച്ചി എനിക്ക് തന്നതാണ്.. കുറച്ച് ആഭരണങ്ങളാണ്..നീ ഉണ്ടായി നിന്നെ കയ്യിൽ വാങ്ങിയപ്പോൾ തന്നെ ഞാൻ ഇത് മനസ്സിൽ കുറിച്ചതാണ്.. നിനക്കുള്ളതാണെന്ന്.. അന്ന നിറഞ്ഞ കണ്ണുകളോട് അത് വാങ്ങി.. അപ്പോഴേക്കും ഗൗരി വന്ന് അവരെ ഭക്ഷണത്തിന് വിളിച്ചു.. വല്യമ്മച്ചി അന്നയ്ക്ക് ചോറ് വാരി കൊടുത്തു.. നിനക്ക് രണ്ടു വയസ്സ് ആകുന്നതുവരെ ഞാനാണ് ചോറ് തന്നുകൊണ്ടിരുന്നത്.. ആനിയെ പോലും തൊടിക്കില്ലായിരുന്നു.. പിന്നെ കാണാതായ അന്ന് മുതൽ ഞാനിതൊക്കെ ഓർത്തു വിഷമിക്കുമായിരുന്നു.. അമ്മ പറഞ്ഞു എനിക്ക് ഇതെല്ലാം അറിയാം അമ്മച്ചി..അന്ന നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. പോവാൻ നേരം സണ്ണിച്ചൻ അന്നയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
മോളെ… എനിക്ക് നീ മകൾ തന്നെയാണ് കേട്ടോ…. ഇടയ്ക്കിടക്കൊക്കെ അങ്ങോട്ട് വരണം എന്റെ കുട്ടി… അവർ യാത്ര പറഞ്ഞ് ഇറങ്ങി..അവർ പോകുന്നത് അന്ന കൺകുളിർക്കെ കണ്ടുകൊണ്ട് നിന്നു.. ഇപ്പൊ തോന്നുവാ… അന്നയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന്.. എല്ലാവർക്കും എന്ത് സ്നേഹം.. കാണാതിരുന്നത് കൊണ്ട് എല്ലാവർക്കും ഭയങ്കര സ്നേഹം.. ഇനി ഇപ്പോൾ ഒരു വഴിയുള്ളത് എങ്ങോട്ടെങ്കിലും കുറച്ചുനാൾ ഒളിച്ചോടി പോവാം.. അത് കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞ് സർപ്രൈസ് ആയി എല്ലാവരുടെയും അടുത്തേക്ക് വരാം.. ആദി ചിരിയോടെ പറഞ്ഞു.. ഡി..നീ നിന്റെ മകനെ ഒന്ന് സൂക്ഷിച്ചോ.. ഇവന് ആരുടെ കൂടെയോ ഒളിച്ചോടാൻ ഉള്ള പ്ലാൻ ഉണ്ട്.. അതാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്.. പോ അച്ഛാ… ഒന്നു…അച്ഛൻ സ്വന്തം കാര്യം നോക്കിയാൽ മതി.. വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോവല്ലേ… അമ്മ ഒന്ന് സൂക്ഷിച്ചോ കേട്ടോ.. കെട്ടിയോനെ.. എന്റെ പൊന്നാദി ഞാനൊന്നും പറഞ്ഞില്ല..
ഗൗരി പറ്റുമെങ്കിൽ ഇവനെ ഒന്ന് കെട്ടിച്ചു വിട്….. എന്നും പറഞ്ഞ് ജയൻ പോയി.. അവർ ജയന്റെ നാട്ടിൽ പോവുകയാണ്.. സാധാരണ വരുമ്പോൾ അവിടെ മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ.. ഇവിടെ ഭദ്രന് മാറ്റം വന്നതിനുശേഷം ആദ്യമാണ്.. നേരത്തെ ഗൗരി ഭദ്രനോട് സംസാരിക്കു പോലും ഇല്ലായിരുന്നു.. അങ്ങനെ വൈകുന്നേരം, കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരാം എന്ന് പറഞ്ഞ് അവരും പോയി.. റീന എന്ത് ചെയ്യണമെന്ന് അറിയാതെ സെറ്റിയിൽ തന്നെയിരിക്കുകയാണ്.. ടോമിച്ചൻ കേറി വന്ന ഉടനെ ചെകിട്ടത്തിനിട്ട് ഒറ്റ അടിയായിരുന്നു.. ഒരക്ഷരം മിണ്ടിയില്ല..അതിനുശേഷം മുറിയിൽ കയറി കതകടചിരിക്കുകയാണ്.. കുറേനേരം കഴിഞ്ഞിട്ടും ഇറങ്ങി വന്നിട്ടില്ല..എല്ലാം അറിഞ്ഞു എന്ന് ഉറപ്പാണ്.. മുറിയിൽ എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേൾക്കാം… സണ്ണിച്ചൻ ആയിരിക്കും പറഞ്ഞത്.. കുറെ നേരം കാത്തുനിന്നിട്ടും തുറക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി..
പെട്ടെന്ന് വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടു.. റീന പെട്ടെന്ന് പേടിച്ച് പുറകോട്ട് ആഞ്ഞു.. നിന്നോട് ഇനി കൂടുതൽ ഒന്നും പറയാനില്ല.. എന്താ എടുക്കാനുള്ളതെന്ന് വച്ചാൽ എടുക്കാം….. പത്തുമിനിറ്റ് തരും..അതിനുള്ളിൽ ഒരുങ്ങണം…… എന്ന് പറഞ്ഞ് അയാൾ വീണ്ടും മുറിയിലേക്ക് കയറിപ്പോയി.. ഇനി സംസാരിച്ചിട്ട് ഒന്നും കാര്യമില്ലെന്ന് മനസ്സിലാക്കിയ റീന പോവാൻ ഒരുങ്ങി.. സാധനങ്ങളുമായി തിരിച്ചുവന്നു.. ടോമിച്ചൻ വണ്ടി സ്റ്റാർട്ട് ആക്കി.. റീന അതിൽ കയറിയിരുന്നു.. വണ്ടി ചീറി പാഞ്ഞു പോയി.. റീനയുടെ വീട് എത്തിയപ്പോൾ നിന്നു.. റീന വണ്ടിയിൽ നിന്ന് ഇറങ്ങിയതും ടോമിച്ചൻ വണ്ടിയുമായി തിരിഞ്ഞു.. റീന ആദ്യമായി സർവ്വവും നഷ്ടപ്പെട്ടവളെ പോലെ അവിടെ നിന്നു… ആങ്ങളയും ഭാര്യയും മക്കളും ആണ് ഇവിടുത്തെ താമസിക്കുന്നത്.. നാത്തൂനെ പണ്ടേ തനിക്ക് കാണരുതായിരുന്നു.. അവർക്ക് ഇങ്ങോട്ടും.. തനിക്ക് നല്ല നിലയിൽ എത്തിയപ്പോൾ താൻ അവരെ കുറച്ചു ദ്രോഹിച്ചിട്ടുമുണ്ട്.. ഇനിയെങ്ങനെ അങ്ങോട്ട് കയറി ചെല്ലും.. റീന ആ വീട്ടിലോട്ടു നോക്കി.. ഓടിട്ട ഒരു കുഞ്ഞു വീട്.. മണിമാളികയിൽ നിന്നും താൻ ഇറങ്ങി വന്നത് ഇങ്ങോട്ടാണെന്ന് ഓർത്തപ്പോൾ അവർക്ക് സഹിക്കാൻ പറ്റിയില്ല.. നാത്തൂന്റെ മകൾ പ്രസവിച്ചു കിടക്കുകയാണ്.. അപ്പോൾ എന്തായാലും ഒരു കൈ സഹായം അവർക്ക് വേണ്ടിവരും.. അതും പറഞ്ഞ് എങ്ങനെയെങ്കിലും കേറിക്കൂടാം…. എന്ത് ജോലിയും ചെയ്യാം..ഇറക്കി വിടാതിരുന്നാൽ മതിയായിരുന്നു.. റീന ഓരോന്നാലോചിച്ചുകൊണ്ട് അങ്ങോട്ട് നടന്നു.
ജയന്റെ വീട്ടിൽ പോയിട്ട് തിരിച്ചു വന്നപ്പോൾ ആദി അവിടുന്ന് ഒരു ബൈക്കും എടുത്താണ് വന്നത്.. ക്രിസ്മസ് ആയതു കൊണ്ട് നിലയും നിളയും അന്നയും കൂടി പുൽക്കൂട് ഒരുക്കുകയാണ്.. ഇപ്പോൾ ജോലി കഴിഞ്ഞു വന്ന ഉടനെ അന്നയ്ക്ക് ഒന്നരാടൻ ദിവസം ഇടവിട്ട് ടെക്സ്റ്റൈൽസിലും റസ്റ്റോറന്റലും പോണം… ഇനിയെന്നും രണ്ടു മണിക്കൂർ അവിടെ ചെലവഴിക്കണം എന്നാണ് ആനിയുടെ ഓർഡർ.. ഇനി അന്ന ഓരോന്ന് പഠിച്ച് തുടങ്ങണം എന്നാണ് ആനിയുടെ കണക്കുകൂട്ടൽ..ആദി കൂടി കൂട്ടുവരാമെന്ന് പറഞ്ഞപ്പോൾ അന്നയ്ക്ക് ഉത്സാഹമായി.. അതെല്ലാം കഴിഞ്ഞു വന്നിട്ടാണ് പുൽക്കൂട് ഒരുക്കൽ.. ഒന്നു വേഗം വാ അന്നേ.. അന്നൊരു ദിവസം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരം അന്നയെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് ആദി.. ആനി കുറച്ചുകൂടെ കഴിഞ്ഞിട്ട് വരു.. അന്ന ഓടി വന്നതും ആദി പറഞ്ഞു..
എടി അന്നേ.. ഒന്ന് വേഗം ആവട്ടെ.. വീട്ടിൽ പോയി ഫ്രഷ് ആയിട്ട് വീണ്ടും റസ്റ്റോറന്റിൽ പോകേണ്ടതാണ്.. അവിടെ ചെന്നാൽ വല്ലതും കഴിക്കാമല്ലോ ഒന്ന് ഓർത്താണ് പിന്നെ ഒരു ആശ്വാസം.. ദാ വന്നു ആദിയേട്ടാ.. എന്നുപറഞ്ഞ് അന്ന ബൈക്കിൽ ആദിയുടെ പുറകിൽ കയറി.. എന്താടാ നോക്കി നിൽക്കുന്നത്… അതെ അവളുടെ മുറ ചെറുക്കനാ.. നീയൊന്നു സൂക്ഷിച്ചോ.. ആദിയുടെയും അന്നയുടെയും പോക്ക് നോക്കിക്കൊണ്ട് നിന്ന എബിന്റെ അടുത്ത് വന്നിട്ട് സച്ചി പറഞ്ഞിട്ട് ഓടി.. ഓടിയില്ലെങ്കിൽ ശരിയാവില്ല.. എബിൻ ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് തിരിഞ്ഞതും മുന്നിൽ ആനി.. എന്താ ആന്റി.. എബിൻ ചോദിച്ചു. നീയെന്താ നോക്കുന്നത്.. ഒന്നുമില്ല ആന്റി.. നീ കള്ളം ഒന്നും പറയണ്ട ഞാൻ കണ്ടു.. സച്ചി പറയുന്നത് കേൾക്കുകയും ചെയ്തു.. ആന്റി അത് അവൻ ചുമ്മാ.. എന്ത് ചുമ്മാ.. അപ്പോ എന്തോ കാര്യമുണ്ട്.. പറയടാ.. ഏയ്..ഒന്നുമില്ല ആന്റി..എബിൻ ഒന്ന് പതറി.. എന്റെ പൊന്നെബിനെ നീ നോക്കുവൊന്നും വേണ്ട.. അവൾ നിനക്കുള്ളതാണ്.. ആനി പുഞ്ചിരിയോടെ പറഞ്ഞതും എബിൻ വിശ്വാസം വരാതെ നോക്കി.. തുടരും….

by