18/04/2026

അരികിലായ് : ഭാഗം 19

രചന – കാർത്തിക ശ്രീ

തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഉച്ചയായി.. ഋതുവിനെയും റിച്ചുവിനെയും കാത്തുനിൽക്കുകയായിരുന്നു മറ്റുള്ളവർ.. പിറന്നാൾ ആയതിനാൽ രണ്ട് അമ്മമാരുടെ വക ചെറിയ സദ്യ ഒരുക്കിയിരുന്നു… താഴെയുള്ള ജയേട്ടനും സതിയേച്ചിയും അപ്പുവും അമ്മുവും എല്ലാരുടെയും കൂടെ കൂടി…

റിച്ചു എത്തിയതോടെ പുതിയ വിശേഷം എല്ലാരോടും പറഞ്ഞു..

“എല്ലാരും ഒന്ന് കാണേണ്ടതായിരുന്നു ഇവളുടെ ഡാൻസ്.. പൊളിയായിരുന്നു..”

“അവൻ വെറുതെ പറയുന്നതാ പപ്പ..”

“പിന്നെ.. തനു ഈ ഫോൺ ലാപ്പിൽ കണക്ട് ചെയ്തേ.. എല്ലാരും കണ്ടിട്ട് പറയട്ടെ അഭിപ്രായം..”

എല്ലാരും അവളുടെ ഡാൻസ് കാണുമ്പോൾ അവൾ ചിന്തിച്ചത് റിച്ചു എപ്പോൾ ഈ വീഡിയോ എടുത്തെന്നാണ്..

കണ്ടു കഴിഞ്ഞപ്പോൾ എല്ലാർക്കും അത്ഭുതമായിരുന്നു..

“എന്റെ ചേച്ചി..ഒന്നും പറയാനില്ല.. നന്നായി കളിച്ചു..അടിപൊളി ആയിരുന്നു.. “-മാളു

“നന്നായിരുന്നു ഡി..” അവളെ ചേർത്തുനിർത്തി തനു പറഞ്ഞു..

എല്ലാരും അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി എന്ന് പറയാം.. എല്ലാരുടെയും ആശംസകൾ അവളുടെ ആത്മവിശ്വാസം കൂട്ടി..

ഭക്ഷണം കഴിച്ച് സതിയും ജയനും പിള്ളേരും താഴേക്ക് പോയി.. ബാക്കിയുള്ളവർ ഒന്നിച്ചിരിക്കുമ്പോൾ റിച്ചുവിന്റെയും തനുവിന്റെയും വിവാഹം ചർച്ചയായി..

“ഇങ്ങനെ ഇവരെ ഇനി അഴിച്ചു വിടണോ ഡേവിഡേ??”

“വേണ്ടെന്നാണ് എന്റെ അഭിപ്രായം മാത്യു.. ”

” പക്ഷെ ലിനുവിന്റെ കെട്ട് കഴിയാതെ എങ്ങനെ ഇവനെ പിടിച്ചു കെട്ടിക്കും മാത്യു ??? ”

“അവനോട് പറഞ്ഞേനിക്ക് മതിയായി.. ഇനി പെണ്ണിനെ നമ്മൾ തന്നെ കണ്ടെത്തേണ്ടി വരും..” – മാത്യു

“അങ്ങനെയെങ്കിൽ നമ്മുടെ വടക്കേടത്തെ ഫിലിപ്പിന്റെ മോളുണ്ട്.. നല്ല കൊച്ചാണ്.. നേഴ്സ് ആണ്…ഇവിടെ മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ” -മേരി

“എന്നാൽ ഒന്ന് നോക്കിയാലോ ഇച്ചായ??”

“മം .. അവനോട് രാത്രി സംസാരിക്കട്ടെ ..എന്നിട്ട് പറയാം ”

ഈ ചർച്ചയ്ക്ക് ഒരുവളുടെ ഹൃദയം തകർക്കാനുള്ള ശക്തി ഉണ്ടായിരുന്നു… ഇതുവരെ സന്തോഷം നിറഞ്ഞ മുഖത്ത് വേദന സ്ഥാനം പിടിച്ചു..അറിയാതെ കണ്ണുകൾ നിറഞ്ഞു..ആരെയും നോക്കത്തെ ഒന്നും പറയാതെ അവൾ റൂമിലേക്ക് നടന്നു..

“ഇത്ര വേണ്ടായിരുന്നു പപ്പ.. അവൾക്ക് സങ്കടായി..”

“ചെറിയ സങ്കടം വലിയ സന്തോഷത്തിനായല്ലേ തനു.. “- മാത്യു

“അവൾ അവളെ മനസിലാക്കട്ടെ തനു.. ഇച്ചായനില്ലാതെ അവൾക്ക് പറ്റില്ലെന്ന് അവൾക്ക് മനസിലാക്കാൻ ഇതേ വഴിയുള്ളു..”

“ഒന്ന് അത്രമേൽ പ്രിയപ്പെട്ടതാണെന്നു നാം തിരിച്ചറിയുന്നത് അത് നഷ്ടപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്.. അങ്ങനെയെങ്കിലും അവളുടെ ഉള്ളിലുള്ളത് പുറത്തു വരട്ടെ…അല്ലെ ഇച്ചായ??”

“അതേ മേരി.. എന്റെ മോൾ തിരിച്ചറിയട്ടെ..”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഋതു ബാത്‌റൂമിൽ കയറി വാതിലടച്ചു. ഷവർ തുറന്ന് അതിന്റെ ചുവട്ടിൽ നിന്നു.. അതിൽ നിന്നും വരുന്ന വെള്ളത്തുള്ളികളോടൊപ്പം അവളുടെ കണ്ണുനീരും കലർന്നു.. മറ്റാരും കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചു കരഞ്ഞു അവൾ..

പ്രണയം ഇത്രമേൽ വേദനയാണോ?? എന്തിനാ കൃഷ്ണാ എനിക്ക് ഇങ്ങനൊരു ഇഷ്ടം തോന്നിച്ചത്??? വേണ്ടായിരുന്നു… അർഹത ഇല്ലാതെ മാറി നിൽക്കാൻ തീരുമാനിക്കുമ്പോഴും അദ്ദേഹം മറ്റൊരാൾക്ക്‌ സ്വന്തമാകുന്നത് കാണാൻ തനിക്ക് കഴിയുന്നില്ലല്ലോ കൃഷ്ണ… അൽപ്പം മുന്നേ വലിയ സന്തോഷം തന്നത് ഇത്രമേൽ എന്നെ വേദനിപ്പിക്കായിരുന്നോ??

“ഋതു.. നീ കുളിക്കുവാണോ ?? ”

തനുവിന്റെ ശബ്ദം കേട്ട് ഋതു ഒന്ന് ഞെട്ടി… മുഖം അമർത്തി തുടച്ചു..

“ആ.. കഴിഞ്ഞു… ഇപ്പോൾ വരാം..”
വാക്കുകൾ ഇടാറാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

“വേഗം വാ എല്ലാരും നിന്നെ കാത്തുനിൽക്കുവാണ്.. ബീച്ചിൽ പോകണ്ടേ??”

“ഞാൻ ഇല്ല തനു.. ചെറിയ തലവേദന.. നിങ്ങൾ പോയി വാ..”

“അതെന്താ.. നീ എന്തായാലും പുറത്തേക്ക് വാ..”

“മം ”

അധികം അവളിൽ നിന്നും മറക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു ഋതു.. കൂടുതൽ ചിന്തിക്കാതെ വാതിൽ തുറക്കാൻ തുടങ്ങി

വാതിൽ തുറക്കുന്ന ശബ്ദം കേട്ട നോക്കിയ തനു അവളുടെ കോലം കണ്ട് ഞെട്ടി.. നേരത്തെ ഇട്ട ചുരിദാർ മൊത്തം നനഞ്ഞിട്ടുണ്ട്..മുടിയിൽ നിന്നും വെള്ളം താഴേക്ക് വീഴുന്നുണ്ട്… കണ്ണുകൾ ചുവന്നു കലങ്ങി.. മുഖം വല്ലാതെ വീങ്ങിട്ടുണ്ട്.. അവളുടെ അവസ്ഥയിൽ സങ്കടം തോന്നി തനുവിന് എങ്കിലും നല്ലതിന് വേണ്ടിയല്ലേ ഇതൊക്കെ എന്ന് മനസിലാക്കി സംസാരിക്കാൻ തുടങ്ങി..

“എന്താടാ?? എന്താ ഇതു??”

ടവൽ എടുത്ത് അവളെ തോർത്തികൊണ്ട് ചോദിച്ച തനുവിനോട് എന്തുപറയുമെന്നറിയാതെ കുഴങ്ങി ഋതു…

“എനി.ക്ക് വല്ലാ.തെ തല വേദനി.ക്കുന്നു തനു.. എനിക്ക് ഒന്ന് കിടക്കണം… ”

അതിനൊന്നു മൂളി തനു അവൾക്ക് വേണ്ട ഡ്രസ്സ്‌ എടുത്ത് കൈയിൽ കൊടുത്തു..

“വേഗം മാറ്റിട്ട് വാ.. ഞാൻ ചായ ഉണ്ടാക്കി തരാം.. എന്നിട്ട് കിടന്നോ..”

“മം ”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“വേണ്ടായിരുന്നു റിച്ചു.. അവൾ വല്ലാത്ത ഒരു അവസ്ഥയിലാണ്.. കാണുമ്പോൾ സങ്കടം തോന്നുന്നു.. എല്ലാം ഉള്ളിൽ ഒതുക്കി നിൽക്കുകയാണ് അവൾ..”

“നീ സമാധാനിക്ക്.. എല്ലാം ശരിയാകും..”

“മോള് വിഷമിക്കാതെ.. ഈ ചായ കൊടുക്ക്..”

“ശരി മമ്മ..”

അവൾക്ക് ചായ കൊടുത്തു തനു..

“നീ കിടന്നോ.. എല്ലാരും പോകാൻ ഇറങ്ങുവാണ്.. ഞാൻ പറഞ്ഞോളാം തലവേദനയാണെന്ന്.. ”

“മാളൂ..ട്ടി പോകുന്നുണ്ടോ?? ”

“മം.. നാളെ കോളേജ് തുറക്കും എന്ന് പറഞ്ഞു പപ്പ..”

“ഉറങ്ങിക്കോ.. കുറഞ്ഞില്ലെങ്കിൽ ആശുപത്രിയിൽ പോകാം..”

എന്നോട് ക്ഷമിക്ക് തനു.. പറ്റില്ല പറയാൻ… പറഞ്ഞാൽ നിങ്ങൾ എന്റെ കൂടെ നിൽക്കും എനിക്കറിയാം..നന്ദികേട് കാണിക്കാൻ പാടില്ല ഞാൻ .ഒന്നും വേണ്ടാ… എന്റെ പ്രണയം എന്നിൽ മാത്രം നിൽക്കട്ടെ.

അവൾ മെല്ലെ കണ്ണുകൾ അടച്ചു.. തനു അവളുടെ മുടിയിൽ കൂടി തഴുകികൊണ്ടിരുന്നു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുറച്ചു സമയത്തിന് ശേഷം ഋതു ഉറങ്ങി എന്ന് കണ്ടതും മേരിയും ലിസയും അവളുടെ അടുത്തിരുന്നു.. അവിടേക്ക് മാത്യുവും ഡേവിഡും വന്നു..

“നമുക്ക് ഇറങ്ങാം.. മോൾ ഉറങ്ങട്ടെ..”

ഒന്നുകൂടി അവളെ നോക്കിയശേഷം അവർ പോകാനിറങ്ങി..

“റിച്ചു പറഞ്ഞത് ഓർമയുണ്ടല്ലോ.. അവളെ ശ്രദ്ധിക്കണം.. നല്ലതിന് വേണ്ടിയാണു ഞങ്ങളും ഇതിന് കൂട്ട് നിന്നത് എന്ന് വെച്ചു ഇനി അവളെ വേദനിപ്പിക്കരുത്..”

“ഇല്ല പപ്പ.. എല്ലാം ശരിയാക്കാം..”

അവർ ഇറങ്ങിയതും വിക്കിയും റിച്ചുവും തനുവും ഹാളിൽ ടിവിയുടെ മുന്നിൽ ഇരുന്നു..കുറച്ചു സമയത്തിന് ശേഷം

“ഞങ്ങൾ ഇറങ്ങട്ടെടി??
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി..”

“ശരി.. ”

തുടരും..