22/04/2026

ആത്മരാഗം : ഭാഗം 05

രചന – ഗൗരിലക്ഷ്മി

കാർ ആ റോഡ് കടന്നു പോയതും നിയ ഒന്ന് ദീർഘമായി നിശ്വസിച്ചു..

ഒരു കടമ്പ കടന്നിരിക്കുന്നു..

അപ്പോഴും അവരുടെ പോക്ക് നോക്കി റോഡരികിലെ വള്ളിപടർപ്പിനിടയിൽ നിന്ന കണ്ണുകളെ അവർ കണ്ടിരുന്നില്ല..

അതിന് പിന്നാലെ തേടിയെത്താൻ പോകുന്ന അപകടത്തെയും..

****************************

ഇവിടെ..

രജിസ്ട്രർ പറഞ്ഞതും നിയ അയാൾ ചൂണ്ടികാണിച്ചിടത്ത് ഒപ്പ് വെച്ചു. പുറകെ ആദിയും..

അല്ലിയും ശിവയും പുഞ്ചിരിയോടെ കൈ അടിച്ചു..

മാല..

അല്ലി പറഞ്ഞതും പീയൂണ് മാല അവർക്ക് നൽകി..

അപ്പോഴേയ്ക്കും അല്ലി തന്റെ ബാഗിൽ നിന്നും താലിമാല എടുത്ത് ആദിയ്ക്ക് നൽകിയിരുന്നു..

അമ്പലത്തിൽ പൂജിച്ചതാ.. കെട്ടിക്കോ..

അല്ലി പുഞ്ചിരിയോടെ പറഞ്ഞു..

ആദി അവൾക്ക് നിറഞ്ഞ പുഞ്ചിരി നൽകി ആ താലി കയ്യിൽ എടുത്തു..

നിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

അവൻ നിറഞ്ഞ പുഞ്ചിരിയോടെ നിയയുടെ കഴുത്തിൽ ആ താലി ചാർത്തി..

ശേഷം അല്ലിയുടെ കയ്യിലിരുന്ന ചെപ്പിൽ നിന്നും ചോര ചുവപ്പുള്ള കുങ്കുമം എടുത്ത് നിയയുടെ സീമന്തരേഖ ചുവപ്പിച്ചു..

നിയ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു..

അവനവളെ ചേർത്തു പിടിച്ചു. നെറുകയിൽ ചുംബിച്ചു..

മതി മതി.. ഇനിയീ മാല ഇട്ടോ..

ശിവ പറഞ്ഞു..

അവർ പരസ്പരം മാല ചാർത്തി…

ഇനി സാക്ഷികൾ ഒപ്പ് വെയ്ക്കണം.

അല്ലി അയാൾ ചൂണ്ടി കാണിച്ചിടത്ത് ഒപ്പ് വെച്ചു. പുറകെ ശിവയും.

അപ്പോൾ രജിസ്‌ട്രേഷൻ കഴിഞ്ഞു..

അത് കേട്ടതും നാല് പേരുടെയും ചുണ്ടിൽനിറഞ്ഞ പുഞ്ചിരി വിരിഞ്ഞിരുന്നു..
ശിവയുടെ രണ്ടുമൂന്ന് ഫ്രണ്ട്സ് കൂടെ ഉണ്ടായിരുന്നു. അവർ കയ്യിലിരുന്ന ബോക്‌സിൽ നിന്നും ലഡു എടുത്ത് എല്ലാവർക്കും നൽകി..

ആദിയുടെ കൈകൾ നിയയെ ചേർത്തു പിടിച്ചിരുന്നു..

അത്രമേൽ പ്രണയതോടെ..

അവളുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു.. തന്റെ പ്രാണന്റെ പാതിയായവന്റെ താലിയുടെ അവകാശം കിട്ടിയതോർത്ത്..

താങ്ക്സ് ടാ..

ആദി ശിവയെ ചേർത്തു പിടിച്ചു..

നീ ഇന്ന് തന്നെ പോകുന്നില്ലേ..

ഇല്ല.. ഇന്നൊരു ദിവസം ഇവിടെ… നാളെ കാലത്തെ ഞങ്ങൾ പോകും..

അവൻ പറഞ്ഞു..

ശിവ ചിരിച്ചു..

സൂക്ഷിക്കണം.. ഡേവിഡ് സർ നിസ്സാരനല്ല..

കല്യാണം കഴിഞ്ഞില്ലേ.. ഇനിയെന്ത് പേടിക്കാനാ..

ആദി പറഞ്ഞു.

മ്മ്.. എനിക്ക് നാട്ടിൽ പോകണം.. അത്യാവിശമാണ്..അല്ലെങ്കിൽ ഇന്നൊരു രാത്രി ഇവിടെ നിൽക്കാമായിരുന്നു..

ഹേയ്.. അതിന്റെ ആവശ്യമില്ല..പിന്നെ ഞാൻ പറഞ്ഞതൊക്കെ സെറ്റായിട്ടുണ്ടല്ലോ..

ഓ.. എല്ലാം ശെരിയായി….

ശിവ ചിരിയോടെ അവനെ തട്ടി.

എല്ലാവരും ചിരിച്ചു..

ഇനി നിന്റെ കാര്യം.. അതെങ്കിലും ഇത്തിരി സമാധാനത്തോടെ വേണമെന്നാ ആഗ്രഹം.. നടക്കുവോടി..

ശിവ അല്ലിയെ നോക്കി..

ഓ.. അത് കുഴപ്പമില്ല.. ഇവടച്ഛൻ ഒരു പാവമായത് കൊണ്ട് കാർത്തിയ്ക്ക് ഈ വെപ്രാളത്തിന്റെ ആവശ്യമൊന്നുമില്ല..

പറഞ്ഞു തീർന്നതും ഡേവിഡിന്റെ കാർ രജിസ്ട്രാർ ഓഫീസിന്റെ മുൻപിൽ വന്നു നിന്നു. റീനയും ഡേവിഡും അതിൽ നിന്നിറങ്ങി..

നിയ ഭയത്തോടെ ആദിയുടെ കയ്യിൽ പിടിച്ചു.. അത്ര നേരവും ചിരിയോടെ നിന്ന അല്ലിയുടെയും ശിവയുടെയും കൂട്ടുകാരുടെയും മുഖം മങ്ങി..

ചതിച്ചല്ലേ നീ..

അതും പറഞ്ഞു റീന വന്ന് നിയയുടെ കവിളിൽ ആഞ്ഞടിച്ചു..

വീണ്ടും അവർ കയ്യുയർത്തിയതും ആദി അവരുടെ കൈ തടുത്തു..

അവളിപ്പോൾ എന്റെ ഭാര്യയാണ്.. തൊട്ട് പോകരുത് അവളെ..

ഇവൾ നിന്റെ ഭാര്യയായി വരും മുൻപേ തന്നെ അവളെന്റെ മോളാ.. ഈ ഉദരത്തിൽ ജനിച്ചവൾ..

റീന കരച്ചിലോടെ പറഞ്ഞു..

ഇപ്പോ നിനക്ക് വലുത് ഇവനായിരിക്കും.. മമ്മിയെയും പപ്പയെയും ഒന്നും വേണ്ടല്ലോ നിനക്ക്..

ദേ നോക്ക്.. പച്ച വെള്ളം കുടിച്ചിട്ടില്ല ആ മനുഷ്യൻ..ഇവനുമായി ഇഷ്ടത്തിലാണെന്ന നീ പറഞ്ഞപ്പോഴും ഈ നാട്ടിലെ ഈ മനുഷ്യന്റെ നിലയും വിലയും പോകാതെയിരിക്കാനാ ജിജോയുമായി നിന്റെ കെട്ടുറപ്പിച്ചത്..ഇന്ന് ഇത്രേം വലിയ ചതി നീ ചെയ്തിട്ടുമാ മനുഷ്യൻ പറഞ്ഞത് എന്താണെന്നോ.. നിന്റെ കണ്ണുനീര് കൊണ്ട് ലോകം തന്നെ കിട്ടിയാലും അങ്ങേർക്ക് വേണ്ടെന്ന്..

റീന ഏങ്ങി..അവരുടെ വാക്ക് കേട്ടതും നിയയുടെ ഹൃദയം കീറി മുറിക്കപ്പെട്ടു.. ആ മുറിവിൽ നിന്നും രക്തം കിനിഞ്ഞു..

നിന്റെ ഇഷ്ടത്തിന് പോയാലും നീ ഞങ്ങൾക്ക് വേറെ ആകില്ലല്ലോ.. അതുകൊണ്ടാ വന്നത്.. ഇപ്പൊ മനസ്സിലായി. നിനക്ക് ഞാനാരുമല്ല..അല്ലേടി..

ആദി എന്തോ പറയാൻ ശ്രമിച്ചതും അല്ലി തടഞ്ഞു..

പെറ്റമ്മയാണ്… ആ വേദന അവർക്കെ അറിയൂ..

അവൾ പതുക്കെ പറഞ്ഞു..അതോടെ ആദി മൗനമായി..

നിയ അവന്റെ കൈ വിടുവിച്ചു അവരുടെ കാലിലേക്ക് വീണു..

സ്നേഹിച്ചു പോയി മമ്മേ.. അതോണ്ടാ.. ആദിയില്ലാതെ എനിക്ക് പറ്റില്ല മമ്മേ.. സോറി മമ്മാ..

അവൾ പൊട്ടിക്കരഞ്ഞു.. ആദിയുടെയും അല്ലിയുടെയും കണ്ണു നിറഞ്ഞു..

മാപ്പ് പറയേണ്ടത് എന്നോടല്ല.. ജനിച്ചിട്ട് ഇന്നുവരെ നിന്റെയേതാഗ്രഹത്തിനും തടസ്സം നിൽക്കാതെ പൊന്നു പോലെ ഒരു കഷ്ടപ്പാടും അറിയിക്കാതെ നിന്നെ വളർത്തിയ ആ മനുഷ്യനോടാ..

കാറിൽ ചാരി സർവ്വം തളർന്നെന്നോണം നിൽക്കുന്ന ഡേവിഡിനെ ചൂണ്ടി അവർ പറഞ്ഞു..

നിയ എഴുന്നേറ്റു.. അവളോടി പപ്പയുടെ അടുത്തു ചെന്നു..

സോറി പപ്പേ.. സോറി..

അവളതും പറഞ്ഞാ കാലിലേക്ക് വീഴാൻ തുടങ്ങിയതും അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു നെഞ്ചിലേക്ക് ചേർത്തു.. അവൾ പൊട്ടിക്കരഞ്ഞു.. അയാളവളെ നെഞ്ചോട് ചേർത്തുപിടിച്ചാശ്വസിപ്പിച്ചു..

പോട്ടെ..

നെറ്റിയിൽ കുങ്കുമവും നെഞ്ചിൽ ആദി കെട്ടിയ താലിയുമായി നിൽക്കുന്ന അവളെ അയാൾ നോക്കി..

ആദി അപ്പോഴേയ്ക്കും അയാൾക്കരികിൽ ചെന്നു..

സോറി സർ..

ഹേയ്.. ഞാനാണ് മാപ്പ് ചോദിക്കേണ്ടത്.. എന്റെ മോള് അവശ്യപ്പെട്ടിട്ടൊന്നും ഇന്നുവരെഞ്ഞൻ നിരസിച്ചിട്ടില്ല..ആദ്യമായിട്ടാണ്.. അതവളുടെ ജീവിതവും ജീവനുമായിരുന്നു എന്ന് ഇപ്പൊ മനസ്സിലായി.. ഹാ.. പോട്ടെ.. എല്ലാം കഴിഞ്ഞില്ലേ..

അയാൾ അവന്റെ തോളിൽ തട്ടി..

എന്നാലും കൊച്ചേ.. ഒരു നേരമെങ്കിലും ഞാൻ വിളമ്പി തന്ന ചോറും കഴിച്ചിട്ട് ചതിച്ചല്ലോ നീ..

റീന പുച്ഛത്തോടെ ചോദിച്ചതും അല്ലിയുടെ മിഴിയൊന്ന് കലങ്ങി.. ആ ചോദ്യം അവളുടെ ഉള്ളിൽ തറഞ്ഞു..

സോറി ആന്റി.. ഞാൻ.

അല്ല.. ആദിയുടെ ആരാ നീ..

ഫ്രണ്ടാ..

അല്ലി പറഞ്ഞു..

വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ.. ഇങ്ങനെ തൊടലും പൊട്ടിച്ച് നടക്കുന്നോണ്ട് ചോയ്ക്കുവാ..

അവൾ തല താഴ്ത്തി..

അല്ല ഇങ്ങനെ നടക്കുന്നതിനെ ഒന്നും വിശ്വസിക്കാൻ പറ്റുകേല.. നാളെ ആദിയുടെ കൊച്ച് നിന്റെ വയറ്റിലുണ്ടെന്ന് പറഞ്ഞാൽ ആർക്ക് പോയി.. എന്റെ കൊച്ചിന്..

അവർ പുച്ഛിച്ചു..

ആദിയുടെ ബെസ്റ്റ് ഫ്രണ്ടാണ് അല്ലി . നിയയ്ക്കും മുൻപേ ഓര്മവെച്ച കാലം മുതൽ ഒരു കൂടെപ്പിറപ്പിനെ പോലെ അവന്റെ കൂടെ ഉള്ളവൾ..അവളുടെ പരിശുദ്ധി തൽക്കാലം ആരും നോക്കേണ്ട..

ശിവ ഈർഷ്യയോടെ പറഞ്ഞു..

അവരുടെ മുഖം മാറി.. അല്ലിയുടെ കണ്ണൊക്കെ നിറഞ്ഞ് വല്ലാതെ ആയിരുന്നു..

ഹാ.. എല്ലാം കഴിഞ്ഞില്ലേ.. ഇനി ഏതായാലും വീട്ടിലേയ്ക്ക് വാ..

ഹേയ്.. ഞങ്ങൾ ഹോട്ടലിൽ റൂം എടുത്തു..

ആദി പറഞ്ഞു..

തൽക്കാലം അത് വേണ്ട.. താൻ ഇപ്പോൾ വീട്ടിലേയ്ക്ക് വാ.. നാളെ ഞാനും വരുന്നു തന്റെ നാട്ടിലോട്ട്.. ഇങ്ങനെ ധർമ്മക്കല്യാണം കഴിച്ചു ഞങ്ങളുടെ കൊച്ചിനെ അങ്ങോട്ട് വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.. നാളെ ഞാൻ തന്റെ വീട്ടിൽ ഒന്ന് സംസാരിക്കട്ടെ.. എന്നിട്ട് നല്ലൊരു തീയതി നോക്കി കെട്ടങ്ങ് നടത്താം എന്നാ..

അയാൾ അവനെ നോക്കി. ആദി എന്ത് പറയണം എന്നറിയാതെ നിയയെ നോക്കി.. അവൾ ആ നെഞ്ചിലെ ചൂടിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുകയാണ്.. അച്ഛന്റെ വാത്സല്യത്തിന്റെ ചൂട്..

മ്മ് . അവൻ മൂളി..

എന്നാൽ വന്ന് കേറ്..

അയാൾ കാർ ചൂണ്ടി പറഞ്ഞു..

അത്..അല്ലി..

ആദി അല്ലിയെ നോക്കി.. ആ മുഖത്തെ വെത്യാസം കണ്ടവൻ അവൾക്കരികിൽ ചെന്നു..

എന്താടാ..

കുനിഞ്ഞു നിന്നയവളുടെ മുഖം പിടിച്ചുയർത്തി അവൻ ചോദിച്ചു.. അവളുടെ കലങ്ങിയ കണ്ണുകൾ അവനെ കുത്തി നോവിച്ചു..

എന്താടാ..

ഹേയ്.. ഒന്നൂല്യ..

അല്ലി അവന്റെ കൈ മാറ്റി കണ്ണു തുടച്ചു..

ഒന്നുമില്ലാഞ്ഞിട്ടാണോ നിന്റെ കണ്ണ് നിറഞ്ഞത്.. എന്താ.

ആദിയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു..

ഇതൊക്കെ കണ്ട സന്തോഷത്തിൽ..

അവളുടെ ശബ്ദം ഇടറി..

ആ കൊച്ചിനൊന്നുമില്ല.. മോൻ പോയി വണ്ടിയിൽ കേറ്..

റീന പറഞ്ഞു..

അല്ലി വാ..

ഹേയ് ഞാനില്ല..

നീ പിന്നെ എങ്ങോട്ട് പോകും..

ഞാൻ ശിവയോടൊപ്പം പോവാ ആദീ.. ഹോട്ടലിൽ ശിവയെന്നെ ഡ്രോപ്പ് ചെയ്യും..

അല്ലി പറഞ്ഞു..

നീ ഒറ്റയ്ക്കോ..

സാരമില്ല..

നടക്കില്ല അല്ലീ നീ ഇല്ലെങ്കിൽ ഞാനും പോകില്ല..

എന്താ ഇവിടെ..

നിയ വന്നു..

നിങ്ങൾ ചെല്ലു.. ഇന്ന് ഒരീസം അല്ലെ.. എന്നെ കാക്ക കൊത്തിപോകുകയൊന്നുമില്ല..

അല്ലി ചിരിയോടെ പറഞ്ഞു..

അങ്ങനെ പോയാലോ.

നിയ അവളെ നോക്കി..

ദേ പെണ്ണേ.. ഇങ്ങോട്ട് വന്നില്ലേൽ ഞാൻ പിടിച്ചു വലിച്ചുകൊണ്ടുപോകും കേട്ടോ.. വന്നെ..

അല്ലി മറുത്തു പറയുംമുമ്പേ അവൾ ബലമായി അല്ലിയെ പിടിച്ചുകൊണ്ടുപോയി വണ്ടിയിൽ കയറ്റിയിരുന്നു..

അല്ലിയെ ഞാൻ നാട്ടിലേയ്ക്ക് ആക്കിയേനെ..

എന്താടാ..

ആദി അവനെ നോക്കി..

അല്ല.. അവളവിടെ ചിലപ്പോ കംഫർട്ട് ആകില്ല..അതാ..

ശിവാ..

ആ വിളിയുടെ അർത്ഥം ബോധ്യമായതും ശിവ മുഖം താഴ്ത്തി..

എന്താ കാര്യം..

അപ്പോഴേയ്ക്കും റീന പോയി വണ്ടിയിൽ കയറിയിരുന്നു..

ശിവാ..

ആ തള്ളയുടെ നാക്ക് ശെരിയല്ല.. അത്ര തന്നെ..

ശിവ തെല്ല് ദേഷ്യത്തോടെ അവനെ നോക്കി..

നീ കാര്യം.പറയുന്നോ..

അവർക്കൊരുസംശയം.. നാളെ അല്ലിയുടെ കൊച്ചിന്റെ അവകാശവും ചോദിച്ച് അവൾ നിന്റടുത്ത് വരുമോന്ന്..

അത് കേട്ടതും ആദി ദേഷ്യത്തോടെഅങ്ങോട്ട് നടന്നു.. ശിവ അവന്റെ കയ്യിൽ പിടിച്ചു.. വിടെടാ.. ഞാൻ ചോദിക്കട്ടെ..

നീ എന്തൊ ചോദിക്കാൻ പോവാ..ആ നിയ ഒന്ന് ഹാപ്പി ആയേയുള്ളൂ..വെറുതെ അത് കളയേണ്ട..

പിന്നെ എന്റെ അല്ലിയെ നോവിച്ചാൽ..

വിട്ട് കളയ്.. അല്ലേലും അവർ എന്ത് പറഞ്ഞാൽ എന്താ..തൽക്കാലം ഒരു പ്രശ്നത്തിന് പോകേണ്ട.. പറയുന്നത് കേൾക്ക് ആദീ…

ആദി ഒന്ന് ശാന്തനായി.. അവരെ യാത്രയാക്കിയ ശേഷമാണ് ശിവ പോയത്..

പോകും വഴിയും നിറകണ്ണുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന അല്ലി ആദിയുടെ മനസ്സിൽ വല്ലാത്ത നോവ് സൃഷ്ടിക്കുന്നുണ്ടായിരുന്നു.. നിസ്സഹായമായി ആ വേദന സഹിക്കാൻ മാത്രമേ അപ്പോഴും അവനു കഴിയുമായിരുന്നുള്ളൂ..

തങ്ങൾക്കിടയിൽ താൻ പോലുമറിയാതെ വന്ന വലിയൊരു വിടവ് ഒരു ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു ആദിയപ്പോൾ..

*************************

എന്താ പപ്പാ ഇവിടെ..

ഒരു പഴയ വീടിന് മുൻപിൽ വണ്ടി നിന്നതും നിയ ചോദിച്ചു..

ഇതാണ് എന്റെ അപ്പന്റെ കുടുംബം.. ഇറങ്ങ്..

ആദിയോടായി അതുംപറഞ്ഞു ഡേവിഡ് ഇറങ്ങി..

ചുറ്റും കാട് മൂടിയ ഒരു പ്രദേശം..ഡേവിഡിനു പിന്നാലെ അവർ 4 പേരും ഇറങ്ങി..

വീട്ടിൽ നിറയെ പല ആൾക്കാരാണ്.. ജിജോയുടെ വീട്ടിൽ നിന്നും ആരെങ്കിലുമൊക്കെ വരാനും സാധ്യതയുണ്ട്…വെറുതെ അവർക്ക് മുന്പിൽനിന്ന് കൊടുക്കേണ്ട.. കെട്ട് കഴിഞ്ഞല്ലേയുള്ളൂ..ഒരു പ്രൈവസി ആയിക്കോട്ടെ എന്നു കരുതി..

സാമാന്യം നല്ല വലിപ്പമുള്ള ആ പഴയ വീടിന്റെ ഉമ്മറത്ത് കയറി ഡേവിഡ് കോളിങ് ബെൽ അടിച്ചു..

പ്രായമായ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു..

ഇത് അച്ചാമ്മ. അച്ചാമ്മയാണ് പകൽ ഈ വീട് നോക്കുന്നത്.. എന്നായാലും ആദ്യമായി കെട്ട് കഴിഞ്ഞുവരുവല്ലേ.. റീനെ.. ചെന്നൊരുമെഴുകുതിരി കത്തിച്ചു വാ.

റീന ഒന്നും മിണ്ടാതെ അകത്തേയ്ക്ക് പോയി.

ശേഷം ഒരു മെഴുകുതിരിയുമായി വന്നു..

നിയ നിറഞ്ഞ പുഞ്ചിരിയോടെ അതുമായി കയറുമ്പോഴും അല്ലിയുടെയും ആദിയുടെയും മനസ്സ് വിങ്ങുന്നുണ്ടായൊരുന്നു. പേരറിയാത്ത ഒരു തീവ്രമായ വേദന തന്റെ ഹൃദയത്തിൽ നിറയുന്നത് ആദി അറിയുകയായിരുന്നു..

ഡേവിഡ് അകത്തേയ്ക്ക് കയറി.. പിന്നാലെ റീനയും..

മെഴുകുതിരിയുമായി നിയ ആ വീട്ടിലേയ്ക്ക് പ്രവേശിച്ചു.. പിന്നാലെ ആദിയും.. അല്ലി പുറത്ത് നിന്നതെയുള്ളൂ..

അവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി..

വേദന തോന്നി..കരച്ചിൽ വന്നു..

കേറി വാ അല്ലീ..

നിയ ഓടിച്ചെന്നവളുടെ കൈ പിടിച്ചകത്തേയ്ക്ക് കൊണ്ടുപോയി..

മുറിയൊക്കെ ക്ളീൻ ആയിരിക്കും.. മോളെ.. ആദിയുമായി ചെല്ലു.. ഇഷ്ടമുള്ള മുറി എടുത്തോ..

ഡേവിഡ് പറഞ്ഞു..

നിയ അവന്റെ കൈപിടിച്ചകത്തേയ്ക്ക് നടന്നു..

അല്ലി മുഖം താഴ്ത്തി മാറി നിൽക്കുകയായിരുന്നു.. ആദിയുടെ ഹൃദയം മുറിഞ്ഞു.. അവന്റെ കണ്ണു നിറഞ്ഞു. താൻ നിസ്സഹായനാണ് എന്നവന് ബോധ്യമായി.. നിയയ്ക്കൊപ്പം നടക്കുമ്പോഴും പല വട്ടം അവന്റെ കണ്ണുകൾ അവളെ തേടി ചെന്നിരുന്നു.. അപ്പോഴും അവനെ ഒന്ന് നോക്കാൻ പോലും തയാറാകാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു അവൾ.. വേദനയോടെ..

മോളെ..

ഡേവിഡ് വാത്സല്യത്തോടെ വിളിച്ചു..

അവൾ അയാളെ നോക്കി..

അച്ചാമ്മേ. മോൾക്ക് ഒരു റൂം കൊടുക്ക്.. പിന്നെ ഞങ്ങൾ ഇറങ്ങുവാ കേട്ടോ മോളെ.. നിങ്ങൾക്കുള്ള ഫുഡ്ഡൊക്കെ അച്ചാമ്മ അറേഞ്ച് ചെയ്യും..

മ്മ്..

അല്ലി മൂളി..

വീട്ടിൽ ബന്ധുക്കളൊക്കെ വന്നു കാണും..പിള്ളേരെ നോക്കിക്കൊണെ മോളെ.. ഞങ്ങൾ നാളെ രാവിലെ എത്താം..

മ്മ്..

അല്ലി വെറുതെ മൂളി..

അവർ യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇഷ്ടക്കേടോടെയുള്ള റീനയുടെ നോട്ടം താങ്ങാൻ വയ്യാതെ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു അവൾ..

അവളെ പകയോടെ നോക്കി അവർ അയാൾക്കൊപ്പം യാത്രയാകുമ്പോഴേയ്ക്കും തികട്ടി വന്ന വേദനയെ അച്ചാമ്മ കാണിച്ചു കൊടുത്ത മുറിയിലെ കിടക്കയിലെ തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർക്കുകയായിരുന്നു അവൾ.. അത്രമേൽ വേദനയോടെ.

******************************

എന്താ ആദീ മുഖമൊക്കെ വല്ലാതെ..

ആദി നിയയെ നോക്കി..

അവനൊന്ന് ചിരിച്ചു..

ആദി ഹാപ്പിയല്ലേ.

ആ ചോദ്യം ആദി തന്നോട് തന്നെ ചോദിക്കുകയായിരുന്നു.. താൻ ഹാപ്പിയാണോ..

സ്നേഹിച്ച പെണ്ണ്.. ഇന്നവൾ തന്റെ പാതിയാണ്.. ഒരിക്കലും സമ്മതിക്കില്ല എന്നും എന്നും ശത്രുവിനെ പോലെ കാണുമെന്നും കരുതിയ അവളുടെ വീട്ടുകാരും തന്നെ അംഗീകരിച്ചു കഴിഞ്ഞു..

പക്ഷെ തന്റെ മനസ്സിൽ ഒരിറ്റ് സന്തോഷം പോലുമില്ല എന്നവൻ അത്ഭുതത്തോടെ ഓർത്തു..

പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴ പോലെതന്റെ മനസ്സിലും ഒരു മഴ പെയ്യുന്നുണ്ട്.. ഒരു പേമാരി..

ആദീ..

നിയ അവന്റെ തോളിൽ കിടന്നു..

അവനവളെ ചേർത്തു പിടിച്ചു..

നല്ല മഴ..

മ്മ്..

നമുക്ക് അത്താഴം കഴിക്കേണ്ടേ..

അല്ലി..

അതാ രസം.. വന്ന പാടെ അവൾ കേറി കിടന്നുറങ്ങി.. പാവം നല്ല ക്ഷീണം കാണും.. ഇന്നലെ രാത്രി എന്റെ സങ്കടങ്ങളും കേട്ട് ഒരുപോള കണ്ണടച്ചിട്ടില്ല പാവം.

നിയ ഒന്നുകൂടി അവനിലേക്ക് ചേർന്നു.. ആദിയ്ക്കെന്തോ വല്ലായ്ക തോന്നി..

മനസ്സിൽ വല്ലാത്ത വെപ്രാളം.. എന്തോ അരുതാത്തത് നടന്നത് പോലെ.. വേണ്ടിയിരുന്നില്ല.. ഇങ്ങോട്ടുള്ള യാത്ര..

ചുറ്റിനുമുള്ള കാടിന്റെ ഇരുട്ടിൽ മഴ വീഴുന്നതും നോക്കി നിൽക്കവേ അവനോർത്തു..

അവളെ പൂർണ്ണ സന്തോഷത്തോടെ ഒന്ന് ചേർത്തു പിടിക്കാൻ പോലും കഴിയുന്നില്ല..

ആദീ.. ഏത് ലോകത്താ താൻ..

നിയ അവനെ തട്ടി..

വിശക്കുന്നു ആദീ.. വാ കഴിക്കാം..

നിയ വിളിച്ചതും അവൻ അവൾക്കൊപ്പം താഴേയ്ക്ക് ചെന്നു..

നിങ്ങളെത്തിയോ.. ഞാൻ വിളിക്കാൻ വരുവായിരുന്നു.. സമയം 8 ആകുന്നു. എനിക്ക് പോണമായിരുന്നു..

അച്ചാമ്മ തല ചൊറിഞ്ഞു..

അല്ലി എവിടെ അച്ചാമ്മേ..

ആ കൊച്ചിനെ ഞാൻ മുന്നേ ഒന്നു വിളിച്ചതാ.. തലവേദനയാണെന്ന് പറഞ്ഞു.. വിളിക്കേണ്ടെന്നും പറഞ്ഞു..

ഞാൻ വിളിക്കാം..

ഹേയ്..ആദീ.. തലവേദനയാണെങ്കിൽ കിടന്നോട്ടെ ആദീ..

നിയ പറഞ്ഞു..

അത് വേണ്ട..

ആദി അല്ലിയുടെ റൂമിൽ തട്ടി..

ഏറെ നേരം കഴിഞ്ഞാണ് അവൾ വാതിൽ തുറന്നത്..

അവളുടെ ചുവന്ന മുഖവും വീങ്ങിയ കവിളും അലങ്കോലമായ നീളൻ മുടിയും കാണവേ ആദിയുടെ ഹൃദയവും വിങ്ങി..

എന്താടാ..

അവന്റെ ശബ്ദം വല്ലാതെ ആർദ്രമായി..

തലവേദന…

അവൾക്ക് ഒച്ച പോലും ഉണ്ടായിരുന്നില്ല. അവളേറെ കരഞ്ഞുവെന്നവന് ബോധ്യമായി..

കഴിക്കാം.. വാ..

അവൻ പറഞ്ഞു..

വേണ്ട.. വിശപ്പില്ല.. കഴിച്ചാൽ ചിലപ്പോ വോമിറ്റ് ചെയ്യും..

എങ്കിലും കഴിച്ചേ പറ്റൂ.. വാ..

ആദി അവളെ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.. കൊണ്ടുവന്നിരുത്തി..

നിയയെ പോലും അവൾ നോക്കിയില്ല..

അച്ചാമ്മ വിളമ്പി കൊടുത്ത ഭക്ഷണം വെറുതെ കഴിച്ചുവെന്ന് വരുത്തി എഴുന്നേറ്റവൾ മുറിയിലേയ്ക്ക് പോയി..

എന്ത് പറ്റി അല്ലിയ്ക്ക്..

നിയ ചോദിച്ചു..

അറിയില്ല.. തലവേദന കൂടിയാൽ അവളങ്ങനെയാ..

അവൻ പറഞ്ഞു..

ആദി കഴിക്ക്..

നിയ പറഞ്ഞു..

വേണ്ട വിശപ്പില്ല.. അതും പറഞ്ഞ് ആദിയും എഴുന്നേറ്റ് കൈകഴുകി മുറിയിലേയ്ക്ക് പോയി.

എന്നാ മോളെ.. എന്നതേലും പ്രശ്നമുണ്ടോ..

അച്ചാമ്മ ചോദിച്ചു.. ഒന്നുമില്ല അച്ചാമ്മേ.. അച്ചാമ്മ ഇതൊക്കെ ക്ലിയർ ചെയ്തിട്ട് പൊയ്ക്കോ. മോനച്ചൻ വരില്ലേ..

മ്മ്..

അവളും എഴുന്നേറ്റു..

അവരുടെ പോക്ക് നോക്കി അച്ചാമ്മ നിന്നു.. ശേഷം എന്തോ ആലോചിച്ചു പാത്രവും എടുത്തവർ പോയി..

അച്ചാമ്മ പോയോ..

റൂമിലേക്ക് വന്ന് പാലുമായി വാതിൽ ചാരുന്ന നിയയോടായി ആദി ചോദിച്ചു..

അച്ചാമ്മേടെ മോൻ വന്നു കൊണ്ടുപോകാറാ പതിവ്.. അവരുടെ വീട്ടിലോട്ട് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ..ഇന്നെന്തായാലും പോകേണ്ട എന്നിപ്പോ പപ്പ വിളിച്ചു പറഞ്ഞു.. താഴത്തെ റൂമിലുണ്ട്..

അവൾ പറഞ്ഞുകൊണ്ട് പാല് ആദിയ്ക്ക് നൽകി..

എനിക്ക് രാത്രി പാല് കുടിക്കുന്ന ശീലമില്ല..

ആദി പറഞ്ഞു..

ഇതൊരു കസ്റ്റം അല്ലെ ആദീ..

എനിക്കിപ്പോ വേണ്ടെടോ..

അവൻ പറഞ്ഞു.. നിയയുടെ മുഖം മങ്ങി..

അത് കണ്ടതും അവൻ മൗനമായി അത് വാങ്ങി ഒന്ന് സിപ്പ് ചെയ്തവൾക്ക് നൽകി…

ഡു യു മിസ് അല്ലി..

ആ ചോദ്യം കേട്ടതും ഞെട്ടലോടെ ആദി നിയയെ നോക്കി..

എന്താ..

നിങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ്പ് അല്ലാതെ എന്തെങ്കിലും റിലേഷൻ ഉണ്ടായിരുന്നോ ആദീ..

നിയ അവനെ നോക്കി..

നീ എന്താ ഉദ്ദേശിക്കുന്നത്..

ഐ മീൻ ആൻ അഫയർ..

ഒട്ടും കൂസാതെ അവൾ മറുപടി പറഞ്ഞതും ആദി പിടഞ്ഞെഴുന്നേറ്റു.. അവന്റെ നോട്ടത്തിൽ തീ പാറും പോലെ അവൾക്ക് തോന്നി..

ഒരാണും പെണ്ണും തമ്മിൽ ഒരിത്തിരി അടുപ്പത്തിൽ ആയാൽ ഉടനെ നിന്നെപോലെയുള്ള കുറെയെണ്ണത്തിന്റെ കണ്ണിൽ അതൊക്കെ പ്രേമം മാത്രമായി മാറിക്കോളും.. എടി പ്രേമം എന്നല്ലാതെ സൗഹൃദം എന്ന് പേരുള്ള ഒരുപാട് ബന്ധമുണ്ട് ഈ ലോകത്ത്.. കൂടെ നടക്കുന്നവരുടെ മുഖമൊന്ന് വാടിയാൽ പോലും സഹിക്കാൻ കഴിയാത്ത സൗഹൃദങ്ങൾ.. നിനക്കും നിന്റെ മമ്മിയ്ക്കുമൊന്നും അത് മനസ്സിലാകില്ല.. അതുകൊണ്ടാണല്ലോ നാളെ എന്റെ കൊച്ചുമായി അവകാശം ചോദിച്ചു വരുമോ എന്ന് നിന്റെ മമ്മി അവളുടെ മുഖത്ത് നോക്കി ചോദിച്ചത്..

ആദീ..

നിയ ശാസനയോടെ വിളിച്ചു..

എന്താ..എന്താ നീ പറഞ്ഞത്..

അവളവന്റെ കോളറിൽ പിടിച്ചു..

സത്യമാണ്..എന്നിട്ടും നിന്റെ സന്തോഷത്തിന് വേണ്ടിയാ എനിക്ക് വേണ്ടിയാ ആ പാവം വേദനിച്ചിട്ടും ഇവിടെ നിൽക്കുന്നത്..

നിയ കരഞ്ഞുപോയി..

നീ.. നീ ഇങ്ങനെ ചോദിക്കുമെന്ന് കരുതിയില്ല നിയാ..

അതും പറഞ്ഞവൻ കട്ടിലിലേയ്ക്കിരുന്നു.. തളർച്ചയോടെ..

സോറി..

നിയ നിലത്തേയ്ക്കിരുന്നവന്റെ മടിയിലേയ്ക്ക് തല ചായ്ച്ചു..

അവൻ കുറച്ചു നേരം അനങ്ങിയില്ല.. ശേഷം അവളുടെ തലയിൽ മെല്ലെ തഴുകി.. പ്രണയതോടെ..

അപ്പോഴും ഉള്ളുരുകുന്ന വേദനയിലും തനിക്കായി പുഞ്ചിരിക്കുന്നവളുടെ മുഖമായിരുന്നു ആദിയുടെ മനസ്സ് നിറയെ..

വല്ലാതെ ഉറക്കം വരുന്നു ആദീ.. കിടക്കാം നമുക്ക്…

മ്മ്..

അവൻ കിടന്നു.. നിയ മെല്ലെ അവന്റെ നെഞ്ചിലേക്ക് കിടന്നു.. അവളുടെ കൈ അവനെ ഇറുകെ പുണർന്നു.. അവളെ തഴുകിക്കൊണ്ട് മെല്ലെ ആദിയും ഉറക്കത്തിലേക്ക് വീണിരുന്നു..

***********************

കോളിങ്ങ് ബെല്ലിന്റെ തുടർച്ചയായ ശബ്ദം കേട്ടാണ് നിയ കണ്ണ് തുറന്നത്..

അവൾ എഴുന്നേറ്റ് കട്ടിലിൽ നോക്കി…

ആരുമില്ല..

ആദി നേരത്തെ എഴുന്നേറ്റോ..

അവൾ ക്ലോക്കിലേയ്ക്ക് നോക്കി..സമയം 10 ആകുന്നു… എന്റെ കർത്താവേ ഇത്രേം നേരമായോ..

അതും പറഞ്ഞവൾ മുടി വാരിക്കെട്ടി എഴുന്നേറ്റു..

അവൾ വേഗം താഴേയ്‌ക്ക് ഓടി..

അപ്പോഴും കോളിങ് ബെൽ മുഴങ്ങുന്നു..

അല്ലിയുടെ റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്..

ഈ ആദി എവിടെ പോയി..പുറത്തെങ്ങാനും പോയോ..

അവൾ പിറുപിറുത്തു.. അപ്പോഴേയ്ക്കും അച്ചാമ്മ വാതിൽ തുറന്നു.. പുറത്തുണ്ടായിരുന്നവർ അകത്തേയ്ക്ക് വന്നു.. അവളും ഹാളിലേക്ക് വന്നു..

മുൻപിൽ നിൽക്കുന്നവരെ കണ്ടതും അവളുടെ മുഖത്തൊരു ചമ്മിയ ചിരി വിരിഞ്ഞു..

പപ്പയും അമ്മയും…ആദിയുടെ അച്ഛനും അമ്മയും ടോം അങ്കിളും അല്ലിയുടെ അച്ഛനും അമ്മയും പിന്നെ ഒരു ചെറുപ്പക്കാരനും അപരിചിതയായ ഒരു സ്ത്രീയും. ആദ്യമായി നേരിൽ കാണുകയാണെങ്കിലും അതിൽ പലരെയും അവൾക്ക് നന്നേ പരിചയമുണ്ടായിരുന്നു..

ഏറ്റവും പിന്നിലായി ജിജോയും..

അത്ര നേരവും അവളിൽ ഉണ്ടായിരുന്ന ചിരി അവനെ കണ്ടതോടെ അവളിൽ നിന്നും മാഞ്ഞു പോയിരുന്നു..

എണീറ്റെയുള്ളോ നീ..

റീന തെല്ല് ദേഷ്യത്തോടെ ചോദിച്ചു..

ബാക്കി എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി ആയിരുന്നു..

ഉറങ്ങിപ്പോയി..

അവൾ ചമ്മലോടെ പറഞ്ഞു..

മ്മ്.. പോയി പല്ല് തേച്ചിട്ട് വാ..

അവർ പറഞ്ഞു..

എല്ലാരും വാ.. ഇരിക്ക്..

അവൾ പറഞ്ഞു..

റീന വീണ്ടും നോക്കിയതും അവൾ മുകളിലേയ്‌ക്കോടി..

സോറി..

ഫ്രഷായി വന്ന് അച്ചാമ്മ ഇട്ട ചായ എല്ലാവർക്കും നല്കുന്നതിനിടയിൽ അവൾ പറഞ്ഞു..

സാരമില്ല..

ആദിയുടെ അമ്മ ഭാമ ചിരിച്ചു..

അല്ല ആദിയും എണീറ്റില്ലേ..

പ്രസാദ് ചോദിച്ചു..

എണീറ്റു.. ബാൽക്കണിയിൽ കാണും.ഞാനിപ്പോ വിളിക്കാം..

അവൾ പറഞ്ഞു.

അല്ലിയോ..

അല്ലിയും എണീറ്റില്ല…

അപരിചിതയായ ആ സ്ത്രീയുടെ ചോദ്യത്തിനവൾ മറുപടി നൽകി..

ഇത്രേം നേരയിട്ടും ഉണർന്നില്ലേ..

അവർ സംശയത്തോടെ ചോദിച്ചു..

ഇന്നലെ അല്ലിക്ക് ഭയങ്കര തലവേദനയായിരുന്നു..

അവരുടെ മുഖം മങ്ങി.. എവിടെ മോള്.. ഞാൻ വിളിക്കാം..

അല്ലിയുടെ അമ്മ മീന എഴുന്നേറ്റു..

ഹേയ് ഞാൻ വിളിച്ചോളാം ആന്റി..

അവൾ പുഞ്ചിരിച്ചു..

ആ മോൾക്ക് അറിയില്ലല്ലോ.. ഇത് കാർത്തിക്ക്.. അല്ലിയുടെ..

മനസ്സിലായി.

ഇത് കാർത്തിക്കിന്റെ അമ്മ..പ്രസീദ..

നിങ്ങളുടെ കല്യാണത്തിന് ചുക്കാൻ പിടിച്ചത് ആ കുട്ടിയല്ലേ.. അതുകൊണ്ട് കൊണ്ടുവന്നപ്പോൾ എല്ലാവരെയും വിളിച്ചു..

ഡേവിഡ് പറഞ്ഞു.. നിയ ചായ ജിജോയ്ക്ക് കൊടുത്തു.. അവൻ അവൾക്കൊരു നനുത്ത പുഞ്ചിരി നൽകി.. വേദനയോടെ..

അവളും തിരിച്ചൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

ഞാൻ അല്ലിയെ വിളിക്കാം..

അതും പറഞ്ഞവൾ ട്രേയുമായി അല്ലിയുടെ റൂമിൽ ചെന്ന് തട്ടി..

രണ്ടുവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനാൽ അവൾ ഒന്നുകൂടി ആഞ്ഞു തട്ടി..

അപ്പോഴേയ്ക്കും വാതിൽ തള്ളി തുറന്നു പോയിരുന്നു.

അവൾ അകത്തേയ്ക്ക്ക് അയറി..

പക്ഷെ കണ്മുന്പിൽ കണ്ട കാഴ്ചയിൽ അവൾ തകർന്നു പോയിരുന്നു.. നിയയുടെ കയ്യിലിരുന്ന ട്രേ അപ്പാടെ നിലത്തേയ്ക്ക് വീണു.. ട്രെയിലിരുന്ന ചായ ഗ്ലാസുകൾ നിലത്തേയ്ക്ക് വീണു തകർന്നു..

നോ..

അലറിക്കരഞ്ഞുകൊണ്ട് നിയ കണ്ണു പൊത്തി പൊട്ടിക്കരഞ്ഞു….

തുടരും..