22/04/2026

ശ്രുതി : ഭാഗം 36

രചന – ഭദ്ര രുദ്ര

യാൾ പവിഴത്തിന്റെയും മുരുകന്റെയും അടുത്തേക്ക് ചലിക്കാൻ തുടങ്ങി . എന്നിട്ട് ശ്രുതിയെ ചൂണ്ടിക്കാണിച്ച് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി . അവർ അതിനുള്ള മറുപടിയും കൊടുത്തു . ആൾക്കുവേണ്ട ഉത്തരം കിട്ടിയതിനുശേഷം , അയാൾ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് പോയി . പോകുമ്പോഴും അയാൾ ഇടയ്ക്കിടയ്ക്ക് ശ്രുതിയെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു . ഞങ്ങൾ ഇതൊന്നുമറിയാതെ ആർത്തുല്ലസിക്കുകയായിരുന്നു . അയാൾ വന്നു പോയതിനു ശേഷം പവിഴവും മുരുകനും നല്ല ടെൻഷനിലായിരുന്നു . എന്നാൽ അയാളുടെ വരവിനെക്കുറിച്ച് അവരൊന്നും തന്നെ അഭിയോട് പറയാൻ തുനിഞ്ഞില്ല . ഒരു പക്ഷേ , വർഷങ്ങൾക്കു ശേഷമാണ് അവർ അഭിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് .

ആ സന്തോഷം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കേണ്ടന്ന് കരുതിയാവും അവരാരും വന്നയാളെ കുറിച്ച് ഒന്നും തന്നെ അഭിയോട് പറയാതിരുന്നത് . അന്നു വൈകുന്നേരം അവരെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഷീറ്റ് കളിക്കാൻ തുടങ്ങി . മുരുകണ്ണന് ഏറ്റവും ഇഷ്ട്ടപെട്ട കളിയാണ് ഷീറ്റുകളി . കളികളെല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ ശ്രുതി മറ്റാരെക്കാളും സന്തോഷവതിയായിരുന്നു . രാവിലെ ഉറക്കമുണർന്ന ശ്രുതിയുടെ കണ്ണുകൾ അപ്രതീക്ഷിതമായാണ് മുരുകണ്ണൻ രാവിലെ കൊണ്ടുവച്ച പത്ര കെട്ടിലിലേക്ക് പോയത് . പത്രത്തിന്റെ ഹെഡ് ഒന്നു നോക്കിയശേഷം പത്രം തിരിച്ചുവെച് നടക്കാൻ തുടങ്ങുമ്പോഴാണ് ശ്രുതി പത്രത്തിലെ ഡേറ്റ് ശ്രദ്ധിച്ചത് . ആ ഡേറ്റ് കണ്ടതോടെ അവളുടെ മുഖഭാവം തന്നെ മാറി . ആരോടും ഒന്നും പറയാതെ അവൾ തിരിച്ച് റൂമിലേക്ക് തന്നെ കയറി പോകുന്നത് ജോഗിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന ആർമി കണ്ടു .

” പെട്ടെന്ന് ഇങ്ങനെ വിഷമിച്ചു പോകാൻ മാത്രം എന്താണ് പത്രത്തിൽ ഉള്ളത് ? ” ആർമിയുടെ മനസ്സിൽ സംശയം ശക്തമായതോടെ അവൻ വേഗം വന്നാ പത്രം എടുത്തു നോക്കി , അതിൽ ഹെഡ്ലൈൻസ് തന്നെ ‘ സുഷമാ സ്വരാജ് വിട വാങ്ങി ‘ എന്നായിരുന്നു . ഓഹോ , അപ്പൊ ഇത് കണ്ടിട്ടാണ് അവൾക്ക് പെട്ടെന്ന് വിഷമമായത് . അല്ല , പുറത്തു ജനിച്ചു വളർന്ന ഇവൾക്ക് ഈ പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടോ ? ഒരുപക്ഷേ , പൊളിറ്റിക്സ് തന്നെ ആകണം എന്നില്ലല്ലോ . ഒരു പാർട്ടിയിൽ പോലും ഇല്ലാത്തവർക്ക് വരെ സുഷമ സ്വരാജ് എന്ന ഉരുക്കു വനിതയെ ഇഷ്ടമായിരുന്നു . എന്തിനേറെ പറയുന്നു , പൊളിറ്റിക്സിൽ ഒട്ടും താല്പര്യം ഇല്ലാത്ത എനിക്ക് പോലും ഒരുപാട് ആരാധന തോന്നിയ വ്യക്തിത്വങ്ങളിൽ ഒരാൾ . ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ് അവരുടെ വിയോഗം . പാവം , ദൈവം കുറച്ചു കൂടി ആയുസ്സ് കൊടുത്തിരുന്നെങ്കിൽ അവർക്ക് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയുമായിരുന്നു . **************

രാവിലെ ശ്രുതി ചായകുടിക്കാൻ വന്നില്ല , ഉച്ചയ്ക്കും ഇതുതന്നെയായിരുന്നു അവസ്ഥ . ചോദിക്കണം എന്ന് കരുതി യതാണ് , പക്ഷേ എന്റെ ചോദ്യം അവളെ വേദനിപ്പിച്ചാലോ എന്ന് കരുതി ഒന്നും ചോദിച്ചില്ല . അതുകൊണ്ടുതന്നെ അവൾ മനപ്പൂർവ്വം എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി നടന്നു . രാത്രിയും പട്ടിണി കിടക്കാൻ ആണ് അവളുടെ ഉദ്ദേശം എന്ന് അറിഞ്ഞപ്പോൾ വീണ്ടും മൗനം ആയിരിക്കാൻ തോന്നിയില്ല . അവളെ കഴിക്കാൻ വിളിക്കാനായി ഞാൻ മുകളിലേക്ക് ചെന്നു . രാത്രി ബംഗ്ലാവിന്റെ ബാൽക്കണിയിൽ നിന്നു ആകാശം നോക്കി നിൽക്കുകയായിരുന്നു ശ്രുതി . അപ്പോഴാണ് അവളെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി ആർമി അതിലെ പോയത് . ആകാശം നോക്കിയുള്ള ശ്രുതിയുടെ നിൽപ്പ് കണ്ടപ്പോൾ അവൾ എന്തു ചെയ്യുകയാണ് എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് അവൻ ശബ്ദമുണ്ടാക്കാതെ ബാൽക്കണിയുടെ സൈഡിൽ ഉണ്ടായിരുന്ന തുണിന്റെ മറവിൽ ഒളിച്ചിരുന്നു .

ഇതൊന്നുമറിയാതെ ശ്രുതി ആകാശം നോക്കി സംസാരിക്കാൻ തുടങ്ങി . ” അമ്മേ … അമ്മയ്ക്ക് ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ , ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഇന്ന് . എന്നാൽ , ജീവിതത്തിലാദ്യമായി എനിക്ക് ഈ ദിവസം ഓർമ്മിക്കാൻ ഇന്നത്തെ പത്രത്തിന്റെ സഹായം വേണ്ടി വന്നു . ആരെയും സ്നേഹിക്കാൻ അറിയാത്ത , കരിങ്കല്ല് പോലെ ഹൃദയം ഉള്ളവളാണ് ശ്രുതി എന്നാണ് എല്ലാവർക്കും അമ്മയുടെ മകളെ കുറിച്ചുള്ള അഭിപ്രായം . അങ്ങനെയുള്ള ഈ ശ്രുതി ഇന്ന് എവിടെയാണെന്ന് അമ്മയ്ക്ക് അറിയുമോ , അമ്മ ഇതൊക്കെ കാണുന്നുണ്ടോ , അമ്മയുടെ മകൾ ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ് . ശരിക്കും ഇവരുടെയൊക്കെ കൂടെ കഴിയാൻ എന്ത് രസമാണെന്നോ , ഇവിടെയുള്ള എല്ലാവരും പാവങ്ങളാണ് . മുരുകണ്ണനും പവിഴവും അവരുടെ മക്കളും . ശരിക്കും അവർ എത്ര സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത് എന്ന് അറിയുമോ , അവർ ഇവിടെ ജോലി ചെയ്യുന്നവരാണ് . പറയുമ്പോൾ സമ്പത്തുകൊണ്ട് അവർ അത്ര വലിയ ധനികർ ഒന്നുമല്ല .

പക്ഷേ സ്നേഹം കൊണ്ട് അവർ മറ്റാരെക്കാളും കൂടുതൽ ധനികരാണ് . അവരുടെ ഇരുവരുടെയും ആകെയുള്ള സമ്പാദ്യം എന്ന് പറയുന്നത് അവരുടെ മൂന്നു മക്കളാണ് . ആ കുട്ടികൾ എന്നുവച്ചാൽ അവർക്ക് ജീവനാണ് . അമ്മേ പണ്ടൊരിക്കൽ ഹരി മാമൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ‘ കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് ‘ അത് പവിഴത്തിന്റെയും മുരുകണ്ണന്റെയും കാര്യത്തിൽ വളരെ ശരിയാണ് . പക്ഷേ എന്റെ കാര്യത്തിൽ അത് തെറ്റായിപ്പോയി . ” ” ഇവൾക്കെന്താ വട്ടായിപ്പോയോ , ആകാശത്തുള്ള നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്നു ! ഇത് എനിക്കറിയുന്ന ശ്രുതി തന്നെയാണോ , ഇവൾക്ക് എന്താ പറ്റിയത് ? പെട്ടെന്ന് ഇത്രയ്ക്ക് ഡൗൺ ആവാൻ എന്താ കാരണം ? ” കരച്ചിലിന്റെ വക്കത്ത് എത്തിനിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമിക്ക് എന്തോ സഹിക്കാൻ കഴിഞ്ഞില്ല . അവനു അവളെ ഒന്ന് സാന്ത്വനിപ്പിക്കാൻ തോന്നി . പക്ഷേ അപ്പോഴേക്കും അവൾ വീണ്ടും ആകാശത്തെ നക്ഷത്രങ്ങളോട് സംസാരിച്ചു തുടങ്ങിയിരുന്നു .

” അമ്മേ , അമ്മയ്ക്ക് ഒരു കാര്യം അറിയുമോ , ഞാൻ ഈ നാട്ടിൽ വരുമ്പോൾ എനിക്കിവിടെ ആരുമുണ്ടായിരുന്നില്ല . പക്ഷേ ഓരോ സാഹചര്യത്തിലും എന്നെ സഹായിക്കാൻ ഒരുപാട് പേർ എത്തി . അപ്പോഴൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞത് എന്റെ അമ്മ എന്റെകൂടെ തന്നെ ഉണ്ടെന്നാണ് . ഹരിമാമ എന്താ പറഞ്ഞതെന്ന് അറിയോ , എന്റെ അമ്മ ചെയ്ത പുണ്യങ്ങൾ ആണ് എന്റെ രക്ഷയ്ക്കായി എത്തുന്നതെന്ന് . ദൈവത്തിന്റെ കൃപകൊണ്ട് ആണത്രേ എനിക്ക് ഇത്രയും സ്നേഹമുള്ള ആളുകളെ കിട്ടുന്നത് , ശരിയാണോ അമ്മേ , അത് ശരിയാണോ ? അല്ല അമ്മേ , ഒരിക്കലും ശരിയല്ല . ഈ ഭൂമിയിൽ ദൈവങ്ങളില്ല . അതാണ് സത്യം അതുമാത്രമാണ് സത്യം . ഉണ്ടായിരുന്നെങ്കിൽ , എല്ലാവരും ഉണ്ടായിട്ടും എന്നെ ഒരു അനാഥയാക്കി മാറ്റില്ലായിരുന്നു . ( ശ്രുതി വിങ്ങി പൊട്ടി കരയാൻ തുടങ്ങി ) ഈ ഭൂമിയിൽ ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ എല്ലാവർക്കും നല്ലതു വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു . അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ ഒരു പാഴ്ജന്മം ആയി എനിക്ക് വളരേണ്ടി വരില്ലായിരുന്നു

. ഇല്ല അമ്മേ , ഇപ്പോൾ ആരൊക്കെ കൂടെയുണ്ട് എന്ന് പറഞ്ഞാലും ഈ ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കാണ് . എനിക്ക് ആരുമില്ല എന്നതാണ് സത്യം 😔 എനിക്ക് ആരുമില്ല അമ്മേ , മനസ്സു നോവുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ , കരയുമ്പോൾ ഒന്ന് കണ്ണീരൊപ്പാൻ , തളർന്നു വീഴുമ്പോൾ ഒരു താങ്ങായി നിൽക്കാൻ , അമ്മയുടെ മോൾക്ക് ആരുമില്ല . ഞാൻ ഇവിടെ ഒറ്റയ്ക്കാണ് . എന്തിനാ അമ്മേ , എന്നെ ഈ ലോകത്ത് ഒറ്റയ്ക്കാക്കി പോയത് 😣 . ” അതും പറഞ്ഞ് ശ്രുതി നിലത്തുവീണ് പൊട്ടി കരയാൻ തുടങ്ങി . ഒരു കൊച്ചു കുഞ്ഞിനെ പോലെ ആർത്ത് കരയുന്ന അവളെ കണ്ടപ്പോൾ ആർമി സ്വയം മറന്ന് അവളിലേക്ക് ഓടിവന്നു . നിലത്തിരുന്ന് കരയുന്നവളുടെ മുഖം തന്റെ കൈകളാൽ കോരിയെടുത്തു , പെട്ടെന്ന് ശ്രുതി ഒന്ന് അമ്പരന്നെങ്കിലും ആർമിയെ കണ്ടപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു . പാവം , ഉള്ളിൽ ഒത്തിരി വേദന അടക്കിപ്പിടിച്ച് നടക്കുവായിരുന്നെന്ന് അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ ചുടുകണ്ണീരും മന്ത്രിച്ചുകൊണ്ടിരുന്നു . അവളുടെ ഇരു കണ്ണുകളും കരഞ്ഞു കരഞ്ഞു കലങ്ങിയിരിക്കുന്നു . അവളുടെ മുഖം വാടിപ്പോയ ഒരു താമരപ്പൂ പോലെ ക്ഷീണിച്ചിരുന്നു .

തന്റെ മാറിലേക്ക് മുഖം പൊത്തി കരയുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമിയുടെ ഹൃദയം വല്ലാതെ പിടഞ്ഞു . അപ്പോഴാണ് അവൻ ആ സത്യം മനസ്സിലാക്കിയത് , അവളുടെ നൊമ്പരം അവന്റെ യും കണ്ണു നിറച്ചു എന്നത് . അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ മൗനമായി ഇരുന്നു . പെട്ടെന്ന് ശ്രുതി , ആ കരച്ചിലിനിടയിൽ അവനോട് സംസാരിക്കാൻ ശ്രമിച്ചു . ” അഭിയേട്ടാ …… എന്റെ അമ്മ …… എനിക്ക് ആരുമില്ല അഭിയേട്ടാ …… ” അവൾ അതു പറഞ്ഞു മുഴുവൻ ആകുന്നതിനു മുമ്പ് അവൻ ഒരു കൈകൊണ്ട് അവളുടെ വാ പൊത്തി . എന്നിട്ട് മറുകൈ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു . എന്നിട്ടവാളോടായി പറഞ്ഞു : ” നിനക്ക് ഞാനുണ്ട് , എന്നും ഞാൻ ഉണ്ടാകും കൂടെ നീ പറഞ്ഞപോലെ നിനക്ക് ഒരു താങ്ങായി തണലായി , നീയായിട്ട് എന്ന് എന്നെ നിന്നിൽ നിന്നും അകറ്റുന്നുവോ അന്നേ ഞാൻ നിന്നെ വിട്ടു പോകു ” ഈ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് പുറത്ത് പവിഴം നിൽക്കുന്നുണ്ടായിരുന്നു .

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് പവിഴം അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു താഴേക്കിറങ്ങി . ശ്രുതി യേയും അഭിയെയും ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയ പവിഴം തനിച്ചു തിരികെ വരുന്നത് കണ്ടപ്പോൾ മുരുകൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു . ” അഭി സാറും ശ്രുതി മോളും എവിടെ ? ” ” അവർ മുകളിൽ ഉണ്ട് , ഇപ്പോ അങ്ങോട്ട് പോവണ്ട . അവര് ഇങ്ങോട്ട് വന്നോളും ” അതും പറഞ്ഞ് പവിഴം എല്ലാവർക്കും ഉള്ള ഫുഡ് വിളമ്പി വെക്കാൻ തുടങ്ങി . അല്പസമയത്തിനുശേഷവും അവരെ താഴേക്ക് കാണാതായപ്പോൾ മുരുകൻ മുകളിലേക്ക് പോകാൻ തുനിഞ്ഞു . അതുകണ്ട് പവിഴം മുരുകനെ വിലക്കി , എന്നിട്ട് മുകളിൽ നടന്ന കാര്യങ്ങളെല്ലാം മുരുകനോട് തുറന്നു പറഞ്ഞു . ” പാവം കുട്ടി . അതിനെ കണ്ടാൽ പറയുമോ ആരോരുമില്ലാത്തതാണെന്ന് . അഭി സാർ ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായത് തന്നെ വളരെ നല്ലൊരു കാര്യമാണ് . പക്ഷേ അഭി സാറിനെ വീട്ടിലുള്ളവർ ഇതറിഞ്ഞാൽ , ആ കുട്ടിയെ ദ്രോഹിക്കും ” ” ഇന്നലെ ഇവിടെ ശങ്കുണ്ണിനായർ ( അഭിയുടെ കുടുംബ കാര്യസ്ഥൻ ) വന്ന കാര്യം അഭിസാറോട് പറയേണ്ടതായിരുന്നു . ” ” അത് ശരിയാണ് , ഇന്നലെ അയാൾ ഇവിടെ വന്നപ്പോൾ ശ്രുതിയെയും അഭി സാറേയും ഒരുമിച്ച് കണ്ടതാണ് .

ഇതെന്തായാലും അയാൾ അഭി സാറിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടാവും . ഇനി അവിടെ നിന്ന് എപ്പോഴാ ഇങ്ങോട്ട് ഒരു പട വരുന്നത് എന്ന് മാത്രം നോക്കിയാൽ മതി . ” ” ഇന്നെന്തായാലും ഇത് അഭി സാറിനോട് പറയണ്ട , നാളെ രാവിലെ പറയാം ” അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്നും ശ്രുതിയുടെ കയ്യും പിടിച്ച് ഭക്ഷണം കഴിക്കാൻ താഴത്തേക്ക് വരുന്ന അഭിയെ അവർ കണ്ടത് . അവരെ കണ്ട ഉടനെ പവിഴവും മുരുകനും സംസാരം നിർത്തി അവരെ തന്നെ നോക്കിനിന്നു . ” മുരുകണ്ണ , ശരിക്കും അവർ നല്ല ജോഡികൾ ആണല്ലേ ” ” ശരിയാ പവിഴം ” ശ്രുതിയുടെ മുഖം കരഞ്ഞ് ചുവന്നിരുന്നു . അഭിയുടെ മുഖവും ചുവന്നിരുന്നു . കാര്യം അറിയാവുന്നതു കൊണ്ട് പവിഴവും മുരുകനും അവരോട് ഒന്നും ചോദിക്കാൻ പോയില്ല . അവർ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ മൗനമായിരുന്നു . എല്ലാവരുടെയും മൗനം കണ്ടിട്ടാകാം മക്കളും ഒന്നും മിണ്ടാൻ പോയില്ല . രാത്രി ഉറങ്ങാൻ പോകുമ്പോഴും എല്ലാവരും മൗനമായിരുന്നു . അഭിയും ശ്രുതിയോടൊപ്പം അവളുടെ റൂമിലേക്ക് പോയി . സൈലന്റ് ആയിരിക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ആർമി ക്കും ആകെ ടെൻഷനായി .

അവൾ ആകെ മൂഡ് ഓഫ് ആണല്ലോ , ഇനി ഇപ്പോൾ എന്താ ചെയ്യുക ? ” അല്ല ശ്രുതി ഞാനൊരു കാര്യം ചോദിക്കട്ടെ ? ” ” എന്താ ” ” താനെന്താണ് പവിഴത്തിനോടും മുരുകണ്ണനോടും നമ്മുടെ റിലേഷനെ കുറിച്ച് പറഞ്ഞത് ? ” അവളെ മൂഡോഫ് ഒന്ന് മാറ്റാം എന്ന് കരുതിയാണ് വേഗം വിഷയം മാറ്റി സംസാരിച്ചത് . പക്ഷേ അവൾ ഒരു മറുപടിയും തരാത്തത് കണ്ടപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ അവൾ സംസാരിച്ചു തുടങ്ങി . ” എന്തിനാ അഭി ഏട്ടാ എന്റെ കൂടെ എപ്പോഴും ഒരു നിഴലായി ഇങ്ങനെ നിൽക്കുന്നത് ? ഞാൻ എത്രയൊക്കെ ആട്ടിട്ടും അകന്നു പോവാത്തത് ? ” ” അതിന് കാരണം എന്താണെന്ന് എനിക്കറിയില്ല ശ്രുതി . പക്ഷേ , എനിക്ക് ഒന്നറിയാം നീ എന്റെ കൂടെ ഉള്ളപ്പോൾ ഈ ഭൂമിയിൽ മറ്റാരെക്കാളും സന്തോഷം എന്റെ കൂടെയുണ്ട് . നീ എന്നിൽ നിന്നും അകന്നു പോകുമ്പോൾ ഞാൻ ആരുമില്ലാത്തവൻ ആയി മാറുന്നു ” ” ആർമി എന്താ ഇതൊക്കെ , എന്താ ഇതിന്റെ അർത്ഥം ” ” ഇതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് പോലും അറിയില്ല ,

പക്ഷേ ഒന്നു ഞാൻ പറയാം നീ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം . നിന്റെ സങ്കടങ്ങൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട് . നിന്റെ സന്തോഷങ്ങൾ എന്നെ ഒരുപാട് സന്തോഷപെടുത്തുന്നുണ്ട് . ” ” അഭിയേട്ടാ എനിക്ക് കുറച്ച് ഡ്രിങ്ക്സ് തരൂമോ ? ” ” എന്ത് ? അതെന്തിനാ നിനക്ക് ? ” ” അതൊരു നല്ല മരുന്നാണ് . എല്ലാ വേദനകളും മറക്കാൻ ഉള്ള മരുന്ന് , തണുപ്പിൽ നിന്നും അതിജീവനം തേടാനുള്ള മരുന്ന് , അതൊന്ന് എനിക്ക് തരുമോ ” ” ശ്രുതി അത്ര നല്ലതല്ല , ആരോഗ്യത്തിന് കേടാണ് ” ” അഭിയേട്ടൻ കുടിക്കാറില്ലേ , പറ്റുമെങ്കിൽ എനിക്ക് കൂടെ തരുമോ , എനിക്ക് അഭിയേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട് . അതിന് എനിക്ക് അതിന്റെ ആവശ്യമുണ്ട് ” അവളോട് എത്ര വാധിച്ചിട്ടും ഒരു കാര്യവുമില്ല , അതുകൊണ്ട് ബംഗ്ലാവിൽ നല്ല അടിപൊളി വൈൻ ഉണ്ടായിരുന്നു . കുടിച്ചാൽ പെട്ടെന്ന് തന്നെ കിക്ക് ആവുന്ന നല്ല ഒന്നാന്തരം വൈൻ . ഞാൻ രണ്ടു ഗ്ലാസിൽ ഒഴിച്ച് അവൾക്ക് കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും ബോട്ടിൽ പിടിച്ചു വാങ്ങി ചിയേഴ്സ് പറഞ്ഞ് അടിക്കാൻ തുടങ്ങി .

വൈനിന്റെ രുചി വിത്യാസം കാരണം അവളുടെ മുഖത്ത് പലതരത്തിലുള്ള എക്സ്പ്രഷൻസ് വരാൻ തുടങ്ങി . അല്ലെങ്കിലും അടിച്ച് ഫിറ്റായി കഴിഞ്ഞാൽ ശ്രുതി പിന്നെ കുട്ടി കുറുമ്പി ആണ് . അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ക്യൂട്ട്നസ് ഒന്നുകൂടി കൂടിയ പോലെ എനിക്ക് തോന്നി . ” ഓയ് ആർമി , ഇതാരെ നോക്കി നിൽക്കുവാ ? ” അടിപൊളി … പെണ്ണ് ഫിറ്റ് ആയെന്നു തോന്നുന്നു . ” ആരെയും നോക്കിയില്ല ഉണ്ണിയാർച്ചേ ” ” അതെയ് ഒന്നിങ്ങു വന്നേ ” ” എന്താണാവോ ? ” ” വേറൊന്നുമല്ല , എനിക്ക് ഒരു വല്ലാത്ത സംശയം ” ” എന്ത് സംശയം ? ” ” ആരാ അഞ്ചു ??? ” ആ പേരു പറഞ്ഞപ്പോൾ ആർമിയുടെ മുഖത്ത് വീണ്ടും ദേഷ്യം വന്നു . ” ദേഷ്യമൊക്കെ കയ്യിൽ വച്ചാൽ മതി , കണ്ണുരുട്ടി പേടിപ്പിക്കണ്ട എനിക്ക് പേടി ആവുന്നില്ല , എനിക്കിന്ന് അറിയണം ആരാ അഞ്ചു ” ” നിന്നോട് ഞാൻ അന്ന് പറഞ്ഞതല്ലേ അതെന്റെ അങ്കിളിന്റെ മോള് ആണെന്ന് ” ” അങ്കിളിന്റെ മോള് വിളിച്ചിട്ട് അഭിയേട്ടൻ എന്താ ഫോൺ എടുക്കാത്തെ ? ”

” എനിക്ക് അവളെ ഇഷ്ടമല്ലത്തതുകൊണ്ട് ” ” അതെന്താ അവളെ ഇഷ്ടം അല്ലാതത് ? ” ” നിനക്കിപ്പോ എന്തൊക്കെയാണ് അറിയേണ്ടത് ? ” ” ദേ അഭിയേട്ടാ , മര്യാദയ്ക്ക് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കിൽ ……….. ? ” ” ഇല്ലെങ്കിൽ ??? ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ??? ” ” ഞാൻ ഇപ്പോൾ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകും ” ” ആഹാ ബെസ്റ്റ് , നീ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇറങ്ങി പോയാൽ നാളെ സൂര്യോദയം കാണാൻ മോള് ബാക്കി ഉണ്ടാവില്ല ” ” അതെന്താ എന്നെ കടുവ പിടിക്കുമോ ? ” ” ഹേയ് മൃഗങ്ങളെയൊന്നും നിന്നെ ഒന്നും ചെയ്യില്ല . കാരണം അവർക്ക് പ്രേതങ്ങളെ പേടിയാണ് 😆😉 . ” ” അഭിയേട്ടാ 😡😡😡 ” ” കിടന്ന് ഒച്ഛ ഇടാതിരി , പവിഴവും മുരുകനും കേൾക്കും ” ” ഞാനിപ്പോ ഒച്ചയും വിളിയും ഉണ്ടാകും ” ” എന്റെ പൊന്നു ശ്രുതി ചതിക്കല്ലേ , അവരുടെ മുന്നിൽ ഒക്കെ എനിക്ക് ഒരു ഇമേജ് ഉള്ളതാണ് . നീ ആയിട്ട് അത് ഇല്ലാതാക്കരുത് ” ” ഇല്ല ഞാൻ ബഹളം വെക്കില്ല , എന്നാ എന്നോട് പറ , എന്തുകൊണ്ടാണ് അഞ്ജുവിനെ ഇഷ്ടമല്ലാത്തത് ? ” ” അതൊക്കെ ഞാൻ നിന്നോട് പറഞ്ഞു തരാം . അതുപോലെ എനിക്കൊരു കാര്യം അറിയണം , നിന്നോട് ചോദിക്കരുതെന്ന് കരുതിയതാണ് . പക്ഷേ , എന്തോ നിന്റെ വിഷമങ്ങൾ കാണുമ്പോൾ അറിയാൻ തന്നെ തോന്നുന്നു .

ഒരു പക്ഷേ എനിക്ക് നിന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞാലോ ? ” ” എന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്റെ മരണമാണ് . എന്താ പരിഹാരം കണ്ടെത്തി തരാമോ ” ” ശ്രുതി … ” ” ഒച്ച എടുക്കണ്ട . എന്റെ ഒരു പ്രശ്നത്തിനും ആർക്കും ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ല . പിന്നെ എന്റെ പ്രശ്നങ്ങൾ എന്താണെന്ന് ഒക്കെ ആരോടും പറയുന്നത് എനിക്കിഷ്ടമല്ല . അത് വേറൊന്നും കൊണ്ടല്ല , എല്ലാം അറിഞ്ഞു കഴിഞ്ഞാൽ അവർ ഒരു തരം ചീപ്പ് സിമ്പതി എന്നോട് കാണിക്കും . അതെനിക്കിഷ്ടമല്ല ” ” എന്നെയും നീ അങ്ങനെയാണോ കാണുന്നത് ? ” കുറച്ചു വേദനയോടെ കൂടി തന്നെയാണ് ഞാനവളോട് ചോദിച്ചത് . ” അല്ല അഭിയേട്ടാ , അങ്ങനെയൊക്കെ കരുതി അകറ്റിനിർത്താനാണ് ഞാൻ ആദ്യമൊക്കെ ആഗ്രഹിച്ചത് , പക്ഷെ ഇപ്പൊ എന്തുകൊണ്ടോ എനിക്ക് അതിന് കഴിയുന്നില്ല ” ” എന്നുവച്ചാൽ ????? ” ” എനിക്കറിയില്ല അഭിയേട്ടാ നിങ്ങൾ എനിക്ക് ആരാണെന്ന് . ഓരോ തവണയും ആരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും , എന്റെ ആരൊക്കെയോ ആണെന്ന് മനസ്സ് എപ്പോഴും എന്നോട് തിരിച്ചു പറയും . എന്താ അഭിയേട്ടാ അങ്ങനെ ? ” അവൾ അത് എന്റെ മുഖത്തുനോക്കി പറഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി .

ഒപ്പം ഒത്തിരി സന്തോഷവും . ” ഒരു പക്ഷേ നമ്മൾ തമ്മിൽ എന്തെങ്കിലും മുജ്ജന്മ ബന്ധം ഉണ്ടെങ്കിലോ ? ” ” അഭിയേട്ടന് അതിലൊക്കെ വിശ്വാസം ഉണ്ടോ ? ” ” ഇല്ലായിരുന്നു . ഇപ്പോൾ ഉണ്ട് . നിന്നെ ഞാൻ അന്നാദ്യമായി കണ്ടത് നിനക്ക് ഓർമ്മയുണ്ടോ ” ” അന്ന് അവന്മാര് ഉപദ്രവിക്കാൻ വന്നപ്പോൾ അല്ലേ ? അതിനുശേഷം പലപ്പോഴും ആർമി ശരിക്കും എന്റെ രക്ഷകനായി വന്നിരുന്നു ” ” അന്നാണ് ഒരുപക്ഷേ നമ്മൾ ആദ്യമായി കണ്ടത് , പക്ഷേ നിന്റെ ഈ മുഖം ഞാൻ പണ്ടെപ്പോഴോ കണ്ടു മറന്നത് പോലെ എനിക്ക് തോന്നുന്നു ” ” അഭിയേട്ടാ ഞാൻ ഫിറ്റ് ആണെന്ന് കരുതി ഇങ്ങനെ വെടി പൊട്ടിക്കരുത് ” ” അല്ല ശ്രുതി ഞാൻ പറഞ്ഞത് സത്യമാണ് . നിനക്ക് അങ്ങനെ ഒരു ഫീൽ തോന്നിയില്ലെങ്കിൽ കുഴപ്പമില്ല . എനിക്ക് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ” ” അതൊക്കെ പോട്ടെ അഭിയേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? ” ” അതൊക്കെ നീ അധികം വൈകാതെ തന്നെ അറിയും . നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? ” ” ആരുമില്ല . അതുകൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് ? ” ” ആരുമില്ലെന്ന് പറയുമ്പോൾ ? ” ” എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടല്ലോ , പക്ഷേ എന്നെ വേദനിപ്പിക്കണ്ടെന്നു കരുതി ചോദിക്കാതിരിക്കുകയാണ് അല്ലേ ”

” എന്താ നിനക്ക് അങ്ങനെ തോന്നിയോ ? ” ” തോന്നി … തോന്നൽ അല്ല അതാണ് സത്യം . അഭിയേട്ടാ , എനിക്കും എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു . അമ്മ മരിച്ചുപോയി . അച്ഛൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു . ” ” എന്നിട്ടും നീ എന്താ നിന്റെ അച്ഛന്റെ അടുത്തേക്ക് പോകാത്തത് ? ” ” അച്ഛനെ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ” പെട്ടെന്ന് അവളിൽ നിന്ന് അങ്ങനെ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ ഒരു ഞെട്ടലോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി . ” നോക്കണ്ട സത്യം പറഞ്ഞതാണ് , എനിക്ക് എന്റെ അച്ഛനെ ഇഷ്ടമല്ല . ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരൻ ഒരുപക്ഷേ എന്റെ അച്ഛനാണ് . എനിക്കും ഹരി മാമക്കും മാത്രമേ ഇത് അറിയുകയുള്ളൂ . ഇപ്പോൾ ഇത് അഭിയേട്ടനും അറിയാം . ” ” ശ്രുതി നീ എന്തൊക്കെയാ ഈ പറയുന്നത് ? ” ” സത്യം മാത്രമാണ് അഭിയേട്ടാ . തൽക്കാലം ഒന്നു മാത്രം ഞാൻ പറയാം , എനിക്ക് എന്റെ അച്ഛനെ വെറുപ്പാണ് അതിനേക്കാളേറെ പേടിയാണ് ” ” എന്തിനാ നീ പേടിക്കുന്നത് ? ” ” ഇപ്പൊ അഭിയേട്ടൻ എന്നോടൊന്നും ചോദിക്കരുത് .

ഇപ്പോൾ അഭിയേട്ടന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ ഉള്ളത് . എന്നെക്കുറിച്ച് കുറച്ചെങ്കിലും അഭിയേട്ടൻ അറിയണം എന്ന് എനിക്ക് തോന്നി . ” അത്രയും പറഞ്ഞ് അവൾ വളരെ ശാന്തമായി കട്ടിലിലേക്ക് വീണു . ഉറക്കത്തിലും എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നുണ്ട് . പിന്നെ ചെറുതായൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ വളരെ ശാന്തമായി ഉറങ്ങാൻ തുടങ്ങി . ശ്രുതി നീയെനിക്കെപ്പോഴും ഒരു ചോദ്യ ചിഹ്നമായിരുന്നു . അയക്കാൻ ശ്രമിക്കുന്തോറും വീണ്ടും കെട്ടി കുടുങ്ങുന്ന ഒരു കടങ്കഥ പോലെയാണെന്ന് സാരം . പക്ഷേ ഇന്നല്ലെങ്കിൽ മറ്റൊരു നാൾ നീയെന്ന കടംകഥയെ ഞാൻ പൂർണമായി മനസ്സിലാക്കുക തന്നെ ചെയ്യും . നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്കറിയണം . ഇനി അതിനായി കാത്തിരിക്കാൻ ഞാൻ തയ്യാറല്ല . കണ്ടുപിടിക്കും ഞാൻ നിന്റെ എല്ലാ പ്രശ്നങ്ങളും . അത്രയും പറഞ്ഞ് ഒരു ദൃഢനിശ്ചയത്തോടെ ആർമി അവളുടെ റൂമിൽ നിന്നും ഇറങ്ങി പോയി . പിറ്റേദിവസം ബംഗ്ലാവിൽ നേരം പുലർന്നത് തന്നെ ഒരു അതിഥി യുടെ വരവോട് കൂടിയാണ് . ( തുടരും )