19/04/2026

ശിവനയനം : ഭാഗം 03

രചന – നിള നന്ദ

” ഷി ഈസ്‌ എ റേപ്പ് വിക്‌ടിം… ആ കുട്ടിയെ ആരോ ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. ” ” എന്ത്‌….? ” വിവേകിന്റെ വാക്കുകൾ കേട്ടതും ദേവകി തരിച്ച് നിന്നു. ” അതെ ദേവകിയമ്മേ ഒരു റോഡ് ആക്‌സിഡന്റ് എന്നതിലും അപ്പുറം ഇതിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്… ” ” ഈ ആക്‌സിഡന്റ് ആരോ കരുതി കൂട്ടി ചെയ്ത് ആണെന്നാണോ മോൻ പറഞ്ഞു വരുന്നത്…? ” ദേവകി സംശയത്തോടെ വിവേകിനെ നോക്കി. ” അങ്ങനെ അല്ലെന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല. ആ കുട്ടിയെ ഇടിച്ച വണ്ടി നിർത്താതെ പോയതിന് പിന്നിലെ കാരണം ഇതാണെങ്കിലോ…? ” വിവേക് തന്റെ സംശയം വ്യക്തമാക്കി. ” മോനെ…. ആക്‌സിഡന്റ് വിവരം അവരിപ്പോ പോലീസിൽ അറിയിച്ചിട്ടുണ്ടാവില്ലേ.. പോലീസ് വരുമ്പോ ഈ കാര്യം പറഞ്ഞാൽ… ” വാക്കുകൾ പൂർത്തിയാകാതെ ദേവകി വിവേകിനെ നോക്കി.

” പറഞ്ഞാൽ എന്താ…? അങ്ങനെ മറച്ചു പിടിക്കേണ്ട കാര്യം ഒന്നും അല്ലല്ലോ. പെൺകുട്ടികളുടെ ഭാവി എന്താവും എന്റെ എന്നോർത്ത് ഇത്തരം കാര്യങ്ങൾ മറച്ച് വയ്ക്കുന്നത് കൊണ്ടാണ് പലർക്കും ഇതൊക്കെ വീണ്ടും ആവർത്തിക്കാൻ തോന്നുന്നത്. ” വിവേകിന്റെ വാക്കുകളിൽ രോഷം നിറഞ്ഞിരുന്നു. ” അതുകൊണ്ടല്ല മോനെ അമ്മ പറഞ്ഞത്. ആ കുട്ടിയെ പറ്റി നമുക്ക് ഒന്നും അറിയില്ല. പേരോ വീടോ നാടോ ഒന്നും. ആ കുട്ടിക്ക് എന്താ സംഭവിച്ചതെന്നും എങ്ങനെ അവിടെ എത്തി എന്നും അറിയാതെ നമ്മൾ എന്തെങ്കിലും ചെയ്യുന്നത് ശരി ആണെന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടി ഉണർന്നതിന് ശേഷം കാര്യങ്ങളൊക്കെ ചോദിച്ചിട്ട് പോരേ.. ” ദേവകി പറഞ്ഞത് കേട്ട് വിവേക് കുറച്ച് നേരം അതെ കുറിച്ച് ആലോചിച്ചു. ” ഓക്കേ. ഞാൻ ഡോക്ടറോട് ഒന്ന് സംസാരിക്കട്ടെ. ദേവകിയമ്മ ഇവിടെ ഇരുന്നോളു. ” വിവേക് പുറത്തേക്ക് പോവാൻ തുടങ്ങിയതും ഡോക്ടർ അകത്തേക്ക് വന്നു. ” ഡോക്ടർ ആ കുട്ടിക്ക് ഇപ്പോ..? ” വിവേക്ക് ഡോക്ടറെ നോക്കി.

” അപകടനില തരണം ചെയ്തു. നാളെയെ റൂമിലേക്ക് മാറ്റു. ബോധം വീണാലെ ഇനി എന്തെങ്കിലും പറയാൻ പറ്റു… ” ” എനിക്ക് ഒന്ന് ആ കുട്ടിയെ കാണാൻ പറ്റുമോ ഡോക്ടർ…? ” ദേവകി ഡോക്ടറുടെ അടുത്തേക്ക് വന്ന് ചോദിച്ചു. ” ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ. കുറച്ച് നേരം കൂടെ കഴിഞ്ഞിട്ട് കയറി കാണാം. ” ഡോക്ടർ ദേവകിയെ നോക്കി പറഞ്ഞു. ” ഡോക്ടർ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. ഒന്ന് വരൂ . ” വിവേക് ഡോക്ടറെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. താൻ പറഞ്ഞ കാര്യത്തെ പറ്റിയാണ് വിവേക് സംസാരിക്കാൻ പോയതെന്ന് ദേവകിക്ക് മനസിലായി. കുറച്ച് നേരം ദേവകി എന്തോ ചിന്തിച്ച് അവിടെ നിന്നു. പിന്നെ പുറത്തിറങ്ങി നേരേ ഐസിയൂ വിന്റെ മുന്നിലേക്ക് പോയി. ഡോറിന്റെ കുഞ്ഞു വട്ടത്തിലൂടെ ഉള്ളിലേക്ക് നോക്കിയതും അവളുടെ കിടപ്പ് കണ്ട് എന്തെന്നറിയാതെ ദേവകിയുടെ ഉള്ള് പിടഞ്ഞു. അറിയാതെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു വീണു.

” നിങ്ങളാണോ ആ കുട്ടിയെ ഇവിടെ കൊണ്ട് വന്നത്..? ” ചോദ്യം കേട്ട് ദേവകി തിരിഞ്ഞു നോക്കി. രണ്ട് പോലീസ്‌കാർ ആണ്. അവരുടെ അടുത്ത് വിവേകും ഡോക്ടറും ഉണ്ട്. ” അതെ സാർ.. ” ദേവകി പോലീസ്കാരോട് പറഞ്ഞ് വിവേകിനെ നോക്കി. ഒന്നും ഇല്ലെന്ന് വിവേക് കണ്ണടച്ച് കാണിച്ചു. അപ്പോഴാണ് ദേവകിക്ക് ആശ്വാസം ആയത്. കാര്യങ്ങളൊക്കെ പോലീസ് അറിഞ്ഞു കാണുമോ എന്ന് ദേവകി ഒന്ന് ഭയന്നിരുന്നു. ” എന്താ ഉണ്ടായതെന്ന് ഒന്ന് വിശദീകരിച്ച് പറയാമോ..? ” വീണ്ടും എസ് ഐ ചോദിച്ചതും ദേവകി ഉണ്ടായതെല്ലാം പറഞ്ഞു. ” അപ്പോൾ നിങ്ങൾ ആക്‌സിഡന്റ് ഉണ്ടയാത് കണ്ടിട്ടില്ല.. ” ” ഇല്ല സാർ. ” എസ് ഐ ഒന്ന് മൂളി കൊണ്ട് ഡോക്ടറുടെ നേരേ തിരിഞ്ഞു. ” എന്താ ഇപ്പൊ ആ കുട്ടിടെ കണ്ടിഷൻ..” ” ഇപ്പൊ ഓക്കേ ആണ്. ബോധം തെളിഞ്ഞാലേ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റു. ” ” ഓക്കേ. ആ കുട്ടിക്ക് ബോധം വീണാൽ ഉടൻ ഞങ്ങളെ വിവരം അറിയിക്കണം. ” ഡോക്ടറോട് പറഞ്ഞ് എസ് ഐ വീണ്ടും ദേവകിയുടെ നേരേ തിരിഞ്ഞു. ” ആ കുട്ടിക്ക് ബോധം തെളിയുന്നത് വരെ നിങ്ങൾ ഇവിടെ നിന്നും പോവരുത് കേട്ടല്ലോ.. ” ദേവകിയുടെ നേരേ നോക്കി പറഞ്ഞ് എസ് ഐ മുന്നോട്ട് നടന്നു. ദേവകിക്ക് അവരുടെ പ്രവർത്തിയിൽ അതൃപ്തി തോന്നി.

ഒന്ന് എത്തി നോക്കിയപ്പോഴേക്കും അവരുടെ ഉത്തരവാദിത്തം തീർന്നു. അല്ലെങ്കിലും എവിടെയും കാണുമല്ലോ ചെയ്യുന്ന ജോലിയോട് കൂറില്ലാത്ത കുറേ എണ്ണം. ” ഇത് ആ കുട്ടിയുടെ സാധനങ്ങൾ ആണ്. ” ഒരു നേഴ്സ് ഐ സി യൂ വിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി ഒരു ബാഗ് ദേവകിയുടെ നേരേ നീട്ടി. രണ്ട് കൈ നീട്ടി രക്തം പുരണ്ട ആ ബാഗ് വാങ്ങി ദേവകി നെഞ്ചോടമർത്തി. ” ദേവകിയമ്മേ കുറേ നേരം ആയില്ലെ ഇങ്ങനെ നിൽക്കുന്നു. ഇവിടെ അടുത്താ ഞാൻ താമസിക്കുന്നത്. നമുക്ക് അങ്ങോട്ട് പോവാം. ഫ്രഷ് ആയി വേഷമൊക്കെ ഒന്ന് മാറാം. ” വിവേക് ദേവകിയുടെ അടുത്തേക്ക് വന്നു. ഒന്ന് ഫ്രഷ് ആവാൻ ആഗ്രഹിച്ചത് കൊണ്ട് ദേവകി അത് നിരസിച്ചില്ല. നാരായണനെയും കൂട്ടി അവർ വിവേകിന്റെ കൂടെ പോയി. ദേവകി ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്കും വിവേക് കോഫി ഉണ്ടാക്കിയിരുന്നു.

റൂമിൽ ഇരുന്ന് ചൂട് കോഫി ഊതി കുടിക്കുന്നതിന് ഇടയിലാണ് നേഴ്സ് കൊടുത്ത ബാഗ് ദേവകിയുടെ കണ്ണിൽ പെട്ടത്. കപ്പ്‌ ടേബിളിൽ വെച്ച് ദേവകി ആ ബാഗ് എടുത്ത് തുറന്ന് നോക്കി. നൂറിന്റെ കുറച്ച് നോട്ടും ഒരു എടിഎം കാർഡും ഉണ്ടായിരുന്നു അതിൽ. ഒരു മൊബൈൽ ഫോൺ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. ആ കുട്ടിയെ കുറിച്ച് അറിയുന്ന എന്തെങ്കിലും ഒന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ ദേവകി ബാഗ് കമഴ്ത്തി കുടഞ്ഞു. ബാഗിൽ നിന്ന് ഊർന്ന് താഴെ വീണ ഒരു പേപ്പർ പ്രതീക്ഷയോടെ എടുത്ത് ദേവകി നിവർത്തി നോക്കി. ‘ പ്രിയപ്പെട്ട മദർ…. മീനുവിന്റെ കാര്യം ഓർത്ത് ആരും വിഷമിക്കേണ്ട. അവളുടെ ഓപ്പറേഷന് ആവശ്യമുള്ള പണം നമുക്ക് എങ്ങനയെങ്കിലും കണ്ടെത്താം. ഈശ്വരൻ അതിനൊരു വഴി കാണിച്ചു തരാതിരിക്കില്ല. മീനുവിനോട് പറയണം ഒന്നും ഓർത്ത് വിഷമിക്കാതെ സന്തോഷമായിരിക്കാൻ. എല്ലാവരെയും കാണാൻ എനിക്ക് കൊതിയാവുന്നു. ഞാൻ പെട്ടന്ന് അങ്ങോട്ട്‌ വരുന്നുണ്ട്. എല്ലാവരോടും തിരക്കിയതായി പറയണം. സ്നേഹത്തോടെ നയന രണ്ട് തവണ ദേവകി ആ കത്ത് വായിച്ചു. നയന… ആ പേരിനും അപ്പുറം അവർക്കൊന്നും മനസിലായില്ല. എന്തൊക്കെയോ ഇതിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നുണ്ടെന്ന് ദേവകിക്ക് മനസിലായി. നയനക്ക് ബോധം തെളിയാതെ ഒന്നും അറിയാൻ കഴിയില്ലെന്ന് ചിന്തിച്ച് ദേവകി വീണ്ടും ആ കത്തിലൂടെ കണ്ണോടിച്ചു. **

” ഉന്നൈ നമ്പി താനെ നാൻ അന്ത പൊണ്ണേ ഇങ്കെ അണുപ്പിയത്. അന്ത പൊണ് തപ്പിച്ച് പോണതിക്ക് നീ താൻ കാരണം. ” കവിളിൽ ആഞ്ഞു കിട്ടിയ അടിയുടെ വേദനയിൽ ദേവ് കവിളിൽ കൈ വെച്ച് സെൽവരാജിനെ നോക്കി. ” എന്നടാ ബതിൽ പെസാമേ നിൽക്കിറേൻ. ” ” അണ്ണാ അത് വന്ത്… ” സെൽവരാജിന്റെ ശബ്‌ദം ഉയർന്നതും ദേവ് മറുപടി പറയാനാവാതെ പരുങ്ങി. ” നയന നാൻ റൊമ്പ ആശിച്ച പൊണ് താ. അവളെ എപ്പടിയവത് എനക് തിരുമ്പേ കൊടുത്തിട് ഇല്ലെന്നാ നീ ഉയിരോടെ ഇറുക്ക കൂടാത്. ” സെൽവരാജ് തോക്ക് എടുത്ത് ദേവിന്റെ കഴുത്തിൽ അമർത്തി. ശരീരത്തിലൂടെ ഒരു വിറയൽ പോയത് അവനറിഞ്ഞു. ” ഞാൻ…. ഞാൻ അവളെ കണ്ടുപിടിച്ച് കൊണ്ട് വരാം. എന്നെ ഒന്നും ചെയ്യരുത്. ” ദേവ് ഇടറിയ ശബ്‌ദത്തിൽ പറഞ്ഞു. സെൽവരാജിന്റെ ചുവന്ന കണ്ണുകളിലേക്ക് നോക്കുമ്പോൾ ദേവിന് വല്ലാത്ത പേടി അനുഭവപ്പെട്ടു. ” രണ്ട് നാൾ മുടിഞ്ചു നാൻ വരുവേൻ. അന്ത പൊണേ കടക്കലെന്ന എന്നുടെ ഇന്നൊരു മുഖം നീ പാക്കിറേൻ. ” ഒരു താക്കിത്തോടെ പറഞ്ഞ് ദേവിനെ കനപ്പിച്ചൊന്ന് നോക്കി സെൽവരാജ് തിരിഞ്ഞു നടന്നു.

സെൽവരാജും അയാളുടെ കൂട്ടാളികളും കാറിൽ കയറി പോയതും ദേവ് ദേഷ്യത്തോടെ അവന്റെ കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. തന്റെ ഈ അവസ്ഥയ്ക്ക് കരണകാരിയായ നയനയോട് അവന്റെ ഉള്ളിൽ പക നിറഞ്ഞു. മദ്യത്തിന്റെ കെട്ടിറങ്ങി എഴുന്നേറ്റപ്പോൾ നയന രക്ഷപെട്ടതറിഞ്ഞ് തിരക്കി ഇറങ്ങിയതായിരുന്നു അവൻ. അവളെ കണ്ടെത്തുന്നതിന് മുൻപ് സെൽവരാജ് വിവരം അറിഞ്ഞു എത്തി. എത്രയും പെട്ടന്ന് ഇനി നയനയെ കണ്ടെത്തി കൊടുത്തില്ലെങ്കിൽ പറഞ്ഞത് പോലെ അയാൾ തന്നെ കൊന്നു കളയുമെന്ന് ദേവിന് അറിയാമായിരുന്നു. മോളെ നയനെ ഈ ദേവിന്റെ കയ്യിൽ നിന്ന് രക്ഷപെട്ട് പോകാമെന്ന് നീ കരുതണ്ട. എവിടെ ആയാലും ഞാൻ നിന്നെ കണ്ടെത്തും. ഈ കാണിച്ച സാഹത്തിന് അന്ന് നീ വലിയ വില കൊടുക്കേണ്ടി വരും. നയനയോടുള്ള ദേഷ്യത്തിൽ ദേവ് പല്ല് ഞെരിച്ചു. **

” എന്താ കുട്ടിയുടെ പേര്…? ” നയനക്ക് അരികിലേക്ക് നിന്ന് എസ് ഐ ചോദിച്ചു. അവളുടെ ഉത്തരത്തിനായി ദേവകിയും വിവേകും കാതോർത്തു. ” എന്റെ… എന്റെ പേര്… എന്താ എന്റെ പേര്… എനിക്ക്…. എനിക്കോർക്കാൻ കഴിയുന്നില്ല. ” തലയിലെ കെട്ടിൽ കൈ വെച്ച് നയന വേദനയോടെ മുഖം ചുളിച്ചു. ” കുട്ടിക്ക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്…? ഒന്ന് ഓർത്ത് നോക്കാൻ ശ്രെമിക്ക്.. ” എസ് ഐ വീണ്ടും പറഞ്ഞതും നയന കണ്ണുകളടച്ച് ഓർക്കാൻ ശ്രെമിച്ചു. മനസ്സ് ഒരു വെള്ള പേപ്പർ പോലെ ശൂന്യം ആയിരുന്നു. ” ഇല്ല… എനിക്ക്… എനിക്ക് ഒന്നും ഓർക്കാൻ കഴിയുന്നില്ല. ഞാൻ…. ഞാൻ ആരാ…. ഞാൻ എങ്ങനെയാ ഇവിടെ എത്തിയത്…? എനിക്ക് എന്താ പറ്റിയത്..? ” ഉച്ചത്തിൽ പറഞ്ഞ് അവൾ ബെഡിൽ നിന്ന് എഴുനേൽക്കാൻ ശ്രെമിച്ചു. അവൾ വൈലന്റാവുന്നത് കണ്ടതോടെ ഡോക്ടർ വേഗം ഒരു ഇൻജെക്ഷൻ കൊടുത്തു. ” നല്ല ആഴത്തിലുള്ള ഹെഡ് ഇഞ്ചുറി ആയത് കൊണ്ട് ഈ കുട്ടിക്ക് കഴിഞ്ഞു പോയതിനെ കുറിച്ചൊന്നും ഓർമ്മ ഇല്ല. ” നയന മയങ്ങിയെന്ന് ഉറപ്പായതും ഡോക്ടർ എല്ലാവരോടായി പറഞ്ഞു. ” ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവില്ലേ ഡോക്ടർ…? ” എസ് ഐ ഡോക്ടറേ നോക്കി ചോദിച്ചു.

” മാറും. പക്ഷേ അതിന് എത്ര സമയം എടുക്കും എന്ന് പറയാൻ പറ്റില്ല. എന്തെങ്കിലും ഓർമ്മപെടുത്താൻ ശ്രെമിച്ചാൽ ഇത്പോലെ ഇനിയും വൈലൻറ്റ് ആവാനുള്ള സാധ്യത ഉണ്ട്. ” ഡോക്ടറുടെ വാക്കുകൾ കേട്ടതും ദേവകിയുടെ ഉള്ളൊന്ന് പിടഞ്ഞു. നയനയുടെ അവസ്ഥയിൽ ദേവകിക്ക് വല്ലാത്ത വേദന തോന്നി. ” ഇനി ഈ കുട്ടിയുടെ വായിൽ നിന്ന് ഒന്നും അറിയാൻ കഴിയാത്ത സ്ഥിതിക്ക് ഞാൻ വേറെ വഴിക്കൊന്ന് അനേഷിക്കട്ടെ. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം. ” എസ് ഐ അതും പറഞ്ഞ് നയനയെ ഒന്നൂടെ നോക്കിയിട്ട് പുറത്തേക്ക് പോയി. ദേവകിയുടെ ഉള്ളിൽ വീണ്ടും അയാളോട് ദേഷ്യം തോന്നി. അയാളിനി ഇതേ പറ്റി ഒന്നും അനേഷിക്കാൻ പോകുന്നില്ലെന്ന് ദേവകി മനസ്സിലോർത്തു. എസ് ഐ പോയി കഴിഞ്ഞതും ദേവകി ആ കത്തിന്റെ കാര്യം വിവേകിനോട് പറഞ്ഞു. ” ദേവകിയമ്മ എന്തായാലും ആ എസ് ഐ യോട് ഈ കാര്യം പറയാതിരുന്നത് നന്നായി. അയാളെ എനിക്കത്ര വിശ്വാസം പോരാ. നമുക്ക് വേറെ വഴിക്കൊന്ന് അനേഷികാം. ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വിവേക് ദേവകിയെ നോക്കി പറഞ്ഞു. ” രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ഈ കുട്ടിയെ ഡിസ്ചാർജ് ചെയ്യാം. അത് കഴിഞ്ഞാൽ പിന്നെ എന്ത്‌ ചെയ്യും…? ” ഡോക്ടറുടെ ചോദ്യം കേട്ട് ദേവകി നയനയെ ഒന്ന് നോക്കി.

” നയന മോളെ ഞാൻ എന്റെ കൂടെ കൊണ്ട് പൊയ്ക്കോളാം. ഈ കുട്ടിയെ കാണുമ്പോഴൊക്കെ എനിക്ക് നഷ്ട്ടപെട്ട എന്റെ ലച്ചു മോളെയാ ഓർമ്മ വരുന്നത്. ” ദേവകി നയനയുടെ അരികിൽ പോയിരുന്ന് നെറുകയിൽ തലോടി. ലച്ചുവിന്റെ പേര് കേട്ടതും വിവേകിന്റെ കണ്ണുകളും നിറഞ്ഞു. പിന്നെ അവിടെ നിൽക്കാതെ വിവേക് പുറത്തേക്ക് പോയി. നയനയുടെ അടുത്ത് കുറച്ച് നേരം ഇരുന്ന് ദേവകി എഴുന്നേറ്റ് പുറത്തേക്ക് പോയി. അരവിന്ദിന്റെ വിളിച്ച് കാര്യം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് നയനയെയും കുട്ടിയെ വരുന്നുള്ളു എന്ന് പറഞ്ഞു. ഹോസ്പിറ്റലിലേക്ക് വരണം എന്നുണ്ടായിരുന്നെങ്കിലും വീട്ടിൽ നിന്ന് മാറി നിൽക്കാൻ അരവിന്ദിന് പറ്റില്ലായിരുന്നു. ” നിങ്ങള് എന്റെ ആരാ… എനിക്ക് എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല. ” ദേവകി കോരി കൊടുത്ത കഞ്ഞി കുടിക്കുന്നതിനിടയ്ക്ക് നയന നിറ കണ്ണുകളോടെ അവരെ നോക്കി. ” ഇത് വരെ ഞാൻ മോളുടെ ആരും അല്ലായിരുന്നു. പക്ഷേ ഇപ്പൊ ഞാൻ മോളുടെ അമ്മ ആണ്. എന്നെ അങ്ങനെ വിളിച്ചാൽ മതി.

” ദേവകി വാത്സല്യത്തോടെ നയനയുടെ കവിളിൽ തലോടി. അമ്മ… ദേവകിയുടെ കൈക്ക് മുകളിൽ കൈ വെച്ച് നയന പതിയെ പറഞ്ഞു. ” അമ്മയ്ക്ക്….. അമ്മയ്ക്ക് എന്റെ പേരെന്താണെന്ന് അറിയോ….? ” നയനയുടെ ചോദ്യം കേട്ടതും ദേവകിയുടെ ഉള്ളം വിങ്ങി. സ്വന്തം പേര് പോലും ഓർക്കാൻ കഴിയാതെ ഭൂതകാലം മറന്നു പോവുന്നത് വല്ലാത്തൊരു അവസ്ഥ ആണ്. ” നയന. അതാ മോളുടെ പേര്. കൂടുതൽ ഒന്നും ചിന്തിക്കണ്ട. എല്ലാം ശരി ആവും. മോള് റസ്റ്റ്‌ എടുത്തോ. ” ദേവകി അവളെ നോക്കിയൊന്ന് പുഞ്ചിരിച്ച് എഴുന്നേറ്റ് പോയി. ” നയനയെ പഴയതൊന്നും നിർബന്ധിച്ച് ഓർമ്മിക്കാൻ ശ്രെമിക്കരുത്. ചിലപ്പോൾ അവൾ അന്നത്തെ പോലെ വൈലൻറ്റ് ആവും. വല്ലാതെ ദേഷ്യപ്പെടാനും സാധ്യത ഉണ്ട്. അതൊന്ന് ശ്രെദ്ധിക്കണം. ചെക്കപ്പ് ഒന്നും മുടക്കരുത്. പതിയെ പതിയെ എല്ലാം ഓർമ്മ വന്നോളും. ” ഡിസ്ചാർജ് എഴുതി കൊടുക്കുന്നതിനിടയിൽ ഡോക്ടർ ദേവകിയെ നോക്കി പറഞ്ഞു.

” ഞാൻ ശ്രെദ്ധിച്ചോളാം ഡോക്ടർ എന്റെ മോളെ.. ” ദേവകി പുഞ്ചിരിച്ചോണ്ട് ഡോക്ടറെ നോക്കി. ” ഹോസ്പിറ്റലിൽ തിരക്ക് ആയത് കൊണ്ടാണ് ഇല്ലെങ്കിൽ നാട്ടിലേക്ക് ഞാനും വന്നേനെ.. ” പോവാൻ കാറിൽ കയറാൻ നിന്ന ദേവകിയോട് വിവേക് പറഞ്ഞു. ” സാരമില്ല മോനെ ഞങ്ങൾ പൊയ്ക്കൊള്ളാം. ” ” അവിടെ എത്തിയാൽ ഉടൻ വിളിക്കണം. ” ” ശരി ” പുഞ്ചിരിച്ചോണ്ട് തലയാട്ടി ദേവകി കാറിൽ കയറി. നയന ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു. ഓർത്തെടുക്കാൻ ഒന്നും ഇല്ലാത്ത വേദന ആ കണ്ണുകളിൽ ഉണ്ടായിരുന്നു. ദേവകി നയനയെ ശല്യം ചെയ്യാതെ ഡോറിൽ ചാരി കിടന്നു. മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവിൽ കാർ പാലക്കാട് ബോർഡർ കടന്ന് ഒരു ഗ്രാമത്തിൽ ചെന്നു. ദേവകി നോക്കുമ്പോൾ നയന നല്ല ഉറക്കം ആയിരുന്നു.

അവളെ നോക്കി ദേവകി വാത്സല്യത്തോടെ ചിരിച്ചു. വീടിന്റെ മുന്നിൽ വണ്ടി നിന്നതും ഡോർ തുറന്ന് ഇറങ്ങി ദേവകി നയനയുടെ സൈഡിലെ ഡോർ തുറന്നു. ” മോളെ ഇറങ്ങ്. വീടെത്തി. ” ദേവകി തട്ടി വിളിച്ചതും നയന പതിയെ കണ്ണ് തുറന്നു. ദേവകിയെ ഒന്ന് നോക്കി നയന പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. വലിയൊരു പറമ്പിൽ പഴയൊരു ഇരുനില വീട്. ഒരു സൈഡിൽ വലിയൊരു മാവുണ്ട്. മറ്റേ സൈഡിൽ ഒരു പൂത്തോട്ടവും. കണ്ണടച്ച് നയന മുൻപ് എവിടെയെങ്കിലും ഈ വീട് കണ്ടിട്ടുണ്ടോ എന്നോർക്കാൻ ശ്രെമിച്ചു. രണ്ട് ദിവസത്തെ ഹോസ്പിറ്റലിൽ ജീവിതം അല്ലാതെ തന്റെ ഓർമകളിൽ ഒന്നും ഇല്ലെന്ന് വീണ്ടും തിരിച്ചറിഞ്ഞതും നയനയുടെ കണ്ണുകളിൽ ഈറനണിയിച്ചു. ( തുടരും )