രചന – ഐശ്വര്യ അനിൽകുമാർ
“എന്താ എല്ലാവരുംകൂടി ഒരു രഹസ്യം?സാറിന് ഇവരെ അറിയാമോ?”അമ്മു ചോദിച്ചു. “അറിയാം.അതാ കണ്ടപ്പോൾ ഇങ്ങോട്ട് വന്നത്.ഒക്കെ ബൈ വിവേക്”അയാൾ പോയി. “അല്ല…ഇതാരന്ന് നീ പറഞ്ഞില്ല…നിന്റെ ഫിയൻസി ആണോ?”അവൾ കള്ളച്ചിരിയോടെ ഗീതുവിനെ നോക്കി. “ഏയ് അല്ല.. ഞാൻ ഗീതുവിന്റെ കസിൻ ആണ്.വിവേക്.”വിവേക് പറഞ്ഞു. കുറേ നേരം ഗീതുവും അമ്മുവും സംസാരിച്ചിരുന്നു.അപ്പോൾ കാർത്തിക്കും ഗിരിയും വിവേകിനോട് സംസാരിച്ചിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഗിരി പറഞ്ഞു.”ഞങ്ങൾ ഇവളുടെ വിവാഹം ഉറപ്പിച്ചു കാർത്തിയുമായിട്ട്. അവളറിഞ്ഞിട്ടില്ല.സർപ്രൈസ് ആയിട്ട് വച്ചിരിക്കുവാ.” “ഓ..ഗ്രേറ്റ്.. Congrats കാർത്തിക്.”വിവേക് അല്പം വിഷമത്തോടെ പറഞ്ഞു. കാർത്തി ചിരിച്ചുകൊണ്ട് താങ്ക്സ് പറഞ്ഞു. കുറച്ച് കഴിഞ്ഞ് അവർ യാത്ര പറഞ്ഞ് ഇറങ്ങി. ഗീതുവാണ് തിരിച്ച് കാർ ഓടിച്ചത്. “അവൾ ചേട്ടനെ മറന്നെന്നുള്ളത് വിശ്വസിക്കാനാകുന്നില്ല.വിധിയുടെ ഓരോ കളികൾ”അവൾ അതിശയത്തോടെ പറഞ്ഞു.
“അതാകും വിധി”അവൻ കണ്ണുകളടച്ചിരുന്നു.അവന്റെ ഓർമകൾ കുറച്ച് പുറകിലേക്ക് സഞ്ചരിച്ചു. ഈ വർഷത്തിന്റെ ആദ്യനാളുകളിൽ ഒരിക്കൽ അവൻ മെഡിക്കൽ കോളേജിൽ ജോലിക്ക് പ്രവേശിച്ച ദിവസം അവൻ ഓർത്തു. ഗീതുവിന് ഒരു സർപ്രൈസ് കൊടുക്കാനായി അവളോട് പറയാതെയാണ് ചെന്നത്.അവളെ ഒന്നു ഞെട്ടിക്കണം എന്ന് തീരുമാനിച്ചിരുന്നു. അവിടെ ചെന്നുകയറിയപ്പോൾ തന്നെ അവൾ മറ്റൊരു പെണ്കുട്ടിയുമായി സംസാരിക്കുന്നത് കണ്ടു.ചുറ്റും മറ്റാരുമില്ല.പുറകെ ചെന്ന് അവളെ പൊക്കിയെടുത്തു കറക്കാനാണ് പ്ലാൻ.ഓടിച്ചെന്ന് അവളെ എടുത്തുപോക്കാനാഞ്ഞതും കൂട നിന്ന് കുരുപ്പ് തിരിഞ്ഞ് നിന്ന് കരാട്ടെ സ്റ്റൈലിൽ ഒറ്റ ചവിട്ട്. “എന്റെ സിവനെ…”ഞാൻ വിളിച്ചുപോയി.’ഈ പെണ്ണിന് പുറകിലും കണ്ണുണ്ടോ?’അവൻ അതിശയിച്ചു. അവൾ അടുത്ത ചവിട്ടിനുള്ള പുറപ്പാടാണ്.”എന്റെ പൊന്ന് ഗീതൂ… ഈ പിശാശിനോട് ഒന്ന് പറ അറിയാന്നുള്ള ആളാണെന്ന്.എനിക്കിനി ഒരു ചവിട്ട് താങ്ങാൻ വയ്യ”. ഗീതു അപ്പോഴാണ് ഷോക്കേറ്റപോലെ നിന്നിട്ട് അവളെ പിടിച്ച് മാറ്റിയത്. “അമ്മൂ…ചവിട്ടല്ലേ…ഇതെന്റെ കസിനാ…” അമ്മു പെട്ടെന്ന് സ്റ്റക്കായി നിന്നു.
“അയ്യോ…സോറി കേട്ടോ.ഞാനാരോ ആക്രമിക്കാൻ വരുന്നെന്ന് കരുതി…ഇയാൾക്ക് മര്യാദയ്ക്ക് വന്ന് കണ്ടൂടെ… ഇതൊരുമാതിരി ഞരമ്പന്മാരെപ്പോലെ…” “ഇനി പറഞ്ഞിട്ടെന്തിനാ…കിട്ടാനുള്ളത് കിട്ടിയല്ലോ.കൊല്ലാൻ വരുന്നവരേം ഇങ്ങനെ ചവിട്ടല്ലേ”അവൻ തൊഴുതുകൊണ്ട് ഗ്രീഷ്മയോട് പറഞ്ഞു. “ഞാനേ കരാട്ടെ ബ്ലാക് ബെൽറ്റാ…അതോണ്ടാ.. എന്റെ കാൽ മരത്തിന്ന് വീണ് ഒന്നൊടിഞ്ഞോണ്ട് ഫുൾ ഫോഴ്‌സിൽ ചവിട്ടാൻ പറ്റിയില്ല.”അവൾ അല്പം വിഷമത്തോടെ പറഞ്ഞു. “നീയൊക്ക മരത്തിന്നല്ല…ഫ്ലൈറ്റിന്ന് വീഴണം.ആളെകൊല്ലി…”അവൻ പിറുപിറുത്തു. “വല്ലതും പറഞ്ഞോ?”അമ്മു അവനെ നോക്കി കണ്ണുരുട്ടി. “ഇല്ലായെ” “രണ്ടും ഒന്ന് നിർത്തോ…അല്ല വിവേകെന്താ ഇവിടെ?അതും ഒരു മുന്നറിയിപ്പില്ലാതെ?”ഗീതു ചോദിച്ചു. “ഒരബദ്ധം പറ്റിപ്പോയി.നിനക്ക് സർപ്രൈസ് തരാൻ വന്നതാ.കിട്ടിയത് എനിക്കും.ഞാൻ ഇന്ന് തൊട്ട് ഇവിടെ ജോയിൻ ചെയ്യുവാണ്. കാർഡിയാക് സർജൻ ആയിട്ട്.നിന്ന കണ്ടിട്ട് കേറാന്ന് കരുതി.ഞാൻ അറിഞ്ഞില്ലല്ലോ നിന്റെ കൂടെ ഇങ്ങാനുള്ള ജീവികളുണ്ടെന്ന്.”അവൻ അമ്മുവിനെ നോക്കി കൊണ്ട് പറഞ്ഞു.
“അപ്പോൾ ശരി പിന്നെ കാണാം.ഞാനിവിടൊക്കെ തന്നെ കാണും.” അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ നടന്നു. “ആരാടി അത്?”അമ്മു ആകാംഷയോടെ ചോദിച്ചു. “അതെന്റെ കസിനാടി. വിവേക്.പുള്ളി വല്യ ഡോക്ടറാണ്. ഇപ്പോൾ ഇവിടെ ജോബ് ആയിന്ന് തോന്നുന്നു.”ഗീതു പറഞ്ഞു.അമ്മു ഒന്നു പുഞ്ചിരിച്ചു. പിന്നീട് പലപ്പോഴും ഗീതുവിനെ കാണാൻ വരുമ്പോൾ അവൻ അമ്മുവിനോട് അടുത്തു.അവളും അവനോട് പെട്ടെന്ന് കൂട്ടായി.പതിയെ അവൻ മനസിലാക്കുകയായിരുന്നു അവന്റെ ബന്ധം സൗഹൃദത്തിൽ നിന്ന് ഉയരുകയാണെന്ന്. ലീവെടുത്ത് ഒരു മാസം മുൻപ് അവൻ വീട്ടിലേക്ക് പോയിരുന്നു.അവന്റെ പെങ്ങളുടെ കല്യാണവും കഴിഞ്ഞ് വീട്ടുകാരുടെ സമ്മതം വാങ്ങാനാണ് പോയത്.പിന്നീട് ഇന്നാണ് കാണുന്നത്. “എനിക്കറിയാം വിവേകിന് അവളെ ഇഷ്ടമായിരുന്നെന്ന്.പിന്നെന്താ അതൊന്നും പറയാതിരുന്നത്?”ഗീതുവിന്റെ ചോദ്യം കേട്ടാണ് വിവേക് കണ്ണുകൾ തുറന്നത്. “എനിക്കു പറയാമായിരുന്നു.പക്ഷേ അത് അവളെ കൂടുതൽ കൺഫ്യൂസ്സ്ഡ് ആകുകയെ ഉളളൂ.
അവളുടെ വിവാഹം കാർത്തിക്കുമായി വീട്ടുകാർ ഉറപ്പിച്ചിരിക്കുവാണ്. അവളുടെ ഇടക്കിടക്കുള്ള നോട്ടം കണ്ടിട്ടും അവൾക്കിപ്പോൾ അവനെ ഇഷ്ടമാണെന്നാണ് തോന്നുന്നത്.നമുക്കിഷ്ടമുള്ളത് നേടിയെടുക്കുന്നതല്ലല്ലോ വിട്ടുകൊടുക്കുന്നതല്ലേ പ്രണയം.എന്റെ പ്രണയം അവൾക്കൊരു ബാധ്യതയാവരുത്.ഞാൻ അതു മാത്രമേ ചിന്തിക്കുന്നുള്ളു. അവളുടെ നന്മയാണ് എനിക്ക് വലുത്.അവൾ സന്തോഷത്തോടെ ജീവിക്കട്ടെ.”അവൻ ഒന്നു പുഞ്ചിരിച്ചു. ആ ചിരിയിൽ വലിയൊരു ദുഃഖം ഒളിപ്പിച്ചിരിക്കുന്നതായി ഗീതുവിന് മനസിലായി.അവൾ പിന്നീടൊന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ പ്രഭാകരനും രേണുകയും വന്നു.അടുത്ത ദിവസം തന്നെ അവളെ ഡിസ്ചാർജ് ചെയ്തു.വീട്ടിൽ തന്നെ രണ്ടു മാസം കംപ്ലീറ്റ് റെസ്റ്റിന് പറഞ്ഞിട്ടുണ്ട്. ദിവസവും അവളുടെ വീട്ടിൽ ചെന്ന് കാർത്തി അവളോട് സംസാരിച്ചിരിക്കുമായിരുന്നു. വീട്ടിൽ റോസാപ്പൂ വിരിഞ്ഞാൽ അത് അവൻ അവൾക്കു കൊണ്ടു കൊടുക്കും.അവൾ അവനുമായി കൂടുതൽ അടുത്തു.അവളുടെ മനസിലും പ്രണയം മുളപൊട്ടുകയായിരുന്നു.കുറച്ചു ദിവസം കൊണ്ട് തന്നെ അവൾക്ക് തനിയെ നടക്കാമെന്നായി.
അതിനു ശേഷം അവൾ പഴയതുപോലെ കളിച്ചു ചിരിച്ചു നടന്നു.ഇടക്കിടക്ക് കാർത്തിക്കിന്റെ വീട്ടിലേക്കും പോകും.മഞ്ജുവുമായി പകൽസമയങ്ങളിൽ സംസാരിച്ചിരിക്കും. “അമ്മേ….ഈ ബുക്ക്സ് ഒക്കെ ആരാ വായിക്കുന്നത്.ഒരുപാടുണ്ടല്ലോ.” “അതെല്ലാം കാർത്തിയുടെ അച്ഛന്റെ കളക്ഷൻ ആയിരുന്നു.സാർ പോയതിൽ പിന്നെ എല്ലാം അവനാ സൂക്ഷിക്കുന്നത്.അവനും നന്നായി വായിക്കുന്ന കൂട്ടത്തിലാണ്.അവന്റെ മുറിയിലും കുറേ ഉണ്ട്.”മഞ്ജു പറഞ്ഞു. “ആണോ…ഞാൻ കാർത്തിയേട്ടന്റെ മുറിയിൽ പോയിട്ടില്ല. ഞാൻ നോക്കിയിട്ട് വരാം.”അവൾ മുകളിലേക്ക് നടന്നു. അവന്റെ മുറി തുറന്നു.നല്ല അടക്കവും ഒതുക്കവുമുള്ള മുറി.അതിൽ ഒരു ഷെൽഫ് നിറച്ചും ബുക്കുകൾ.അവൾ അതിന് മുകളിലൂടെ വിരലുകൾ ഓടിച്ചു.അതിനടുത്തുള്ള ടേബിളിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ടു.അവൾ ഒന്നുകൂടി ശ്രദ്ധിച്ചപ്പോളാണ് അതിന്റെ മുന്നിൽ ‘എന്റെ പെണ്ണ്’ എന്നെഴുതിയിരിക്കുന്നത് കണ്ടത്. അവൾക്ക് കുറച്ചു വിഷമം തോന്നി.
“എന്റെ പെണ്ണ്…അതായത് കാർത്തിയേട്ടന്റെ മനസ്സിൽ മറ്റാരോ ഉണ്ട്.നോക്കണോ…വേണ്ട.ഒരാളുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടുന്നത് ശെരിയല്ലല്ലോ…”അവൾ പുറത്തേക്ക് നടക്കാൻ തിരിഞ്ഞു. “അല്ല…വായിക്കുന്നതിനിപ്പോൾ എന്താ…ആരും അറിയില്ലല്ലോ..ആ ഭാഗ്യവതി ആരാന്ന് അറിയാല്ലോ”അവളുടെ ആകാംക്ഷ അവളെ വായിക്കാതെ പോവാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. അവൾ ആ ഡയറി കയ്യിലെടുത്തു.എന്നിട്ട് പതിയെ പറഞ്ഞു.’എന്റെ പെണ്ണ്’.ആദ്യ പേജുകളിൽ ചില കവിതകളായിരുന്നു.ഏതോ പെണ്കുട്ടിയെ പറ്റി വിവരിക്കുന്നത്.അതിമനോഹരമായ പ്രണയം തുളുമ്പുന്ന വരികൾ. “ആള് കൊള്ളാല്ലോ…ഈ പുസ്തകപ്പുഴുവിന് നന്നായി എഴുതാനും അറിയാല്ലോ.”അടുത്ത പേജിൽ അവൾ രണ്ടു കണ്ണുകൾ കണ്ടു.
ആ കണ്ണുകൾ നല്ല പരിചയമുള്ളതായി അവൾക്ക് തോന്നി.”അപ്പോൾ ചിത്രകാരനുമാണ്”അവൾ അടുത്ത പേജ് മറിച്ചപ്പോൾ ഞെട്ടിപ്പോയി. കയ്യിൽ റോസപ്പൂവുമായി മതിലിനു മുകളിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന തന്റെ ചിത്രം. തൊട്ടടുത്ത പേജുകളിൽ എന്റെ അമ്മുവിന് എന്നു എഴുതി ഒരു റോസാപ്പൂവിന്റെ ചിത്രം.പിന്നീടുള്ള പേജുകളിൽ ‘അമ്മു’ എന്ന് പല രീതികളിൽ ഭംഗിയായി എഴുതിയിരിക്കുന്നു. ‘ഒരു പനിനീർ പൂവുമായി വന്ന് എന്റെ ഹൃദയം കവർന്ന കുറുമ്പി’ആ വരി വായിച്ചപ്പോൾ അവൾ സന്തോഷത്തോടെ ചിരിച്ചു. പെട്ടെന്നാണ് ആരോ മുറിയിലേക്ക് കയറി വന്നത് അവൾ അറിഞ്ഞത്. “അമ്മൂ…നീയെന്താ…ഇവിടെ…”കാർത്തിക്ക് ചിരിച്ചുകൊണ്ട് നിൽക്കുന്ന അവളെയും അവളുടെ കയ്യിലുള്ള തന്റെ ഡയറിയേയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. “അതിങ്ങ് താ അമ്മൂ..മറ്റുള്ളവരുടെ ഡയറി വായിക്കരുതെന്ന് അറിയില്ലേ” അവൾ ഡയറി പിന്നിലായി പിടിച്ചുകൊണ്ട് പറഞ്ഞു.”അതിനിത് മറ്റുള്ളവരുടെ അല്ലല്ലോ…എന്റെ സ്വന്തം കാര്യങ്ങൾ അല്ലേ ഇതിൽ”അവൾ നാണത്താൽ മുഖം കുനിച്ചു. “അതിങ്ങ് തരൂ..”അവൻ അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറഞ്ഞു.
“ഇല്ലെങ്കിലോ…ഞാൻ മുഴുവനും വായിക്കട്ടെ…അറിയണമല്ലോ…ഈ കള്ളക്കാമുകന്റെ രഹസ്യങ്ങൾ”അവൾ ഡയറി ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. രണ്ടുപേരും തമ്മിൽ ഡയറിക്കായി പിടിവലിയായി.അവസാനം രണ്ടും കൂടി കട്ടിലിലേക്ക് മറിഞ്ഞു.അവന്റെ പുറത്തായി അവൾ വീണു.അവൻ അവളെ പിടിച്ചിട്ടുണ്ടായിരുന്നു.രണ്ടുപേരും കണ്ണിൽക്കണ്ണിൽ നോക്കി കുറച്ച് നിമിഷങ്ങൾ അങ്ങനെ കിടന്നു. പെട്ടെന്ന് അവൾ ചിരിച്ചു കൊണ്ട് അവനെ പുറകിലേക്ക് തള്ളി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. “എനിക്കും ഇഷ്ട്ടമാണ്…ഈ ചിത്രകാരനെ”അവൾ പറഞ്ഞുകൊണ്ട് ഓടി.അവൻ ആ ഡയറി നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് ചിരിച്ചു. വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മാവനും എല്ലാം കൂടിയിരുന്നു എന്തോ വല്യ ചർച്ചയിലാണ്. “ദേ വന്നല്ലോ ആള്… ഞങ്ങൾ മോളുടെ കല്യാണതിനെ പറ്റി പറയുവായിരുന്നു.പ്രായം ഇരുപത്തിരണ്ട് ആയില്ലേ.ഇനി കുട്ടിക്കളിയൊക്കെ കുറക്കണം”അമ്മാവൻ പറഞ്ഞു.
“അതമ്മാവാ…ഞാൻ”അവൾ പറഞ്ഞു തുടങ്ങി. “മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്.മോൾക്കറിയം പയ്യനെ. മിടുക്കനാണ്. മോൾക്ക് നന്നായി ചേരും.ഗിരിയുടെ കൂട്ടുകാരനാണ്.”അമ്മാവൻ പറയുന്നത് കേട്ട് അവൾ ഗിരിയെ നോക്കി അവൻ ഞാനൊന്നും അറിഞ്ഞില്ലേയെന്ന ഭാവത്തിൽ നിൽക്കുവാണ്. “എനിക്കൊരു കാര്യം പറയാനുണ്ട്.എനിക്ക്….എനിക്കൊരാളെ ഇഷ്ടമാണ്.ഞാൻ അയാളെ മാത്രമേ വിവാഹം കഴിക്കൂ.”അവൾ ഉറപ്പിച്ചു പറഞ്ഞു. “ആരാണാവോ നീ കണ്ടെത്തിയ എന്റെ മരുമകൻ?”പ്രഭാകരൻ ചിരിച്ചുകൊണ്ട് ചോദിച്ചു. “അച്ഛാ…ഞാൻ സീരിയസ് ആയിട്ടാ പറഞ്ഞത്.എനിക്ക് കാർത്തിയേട്ടനെ ഇഷ്ടമാണ്.മറ്റാരെയും ഞാൻ വിവാഹം ചെയ്യില്ല.”പറഞ്ഞു തീർന്ന് അവൾ എല്ലാവരുടെയും മുഖത്തു നോക്കി. എല്ലാവരും പരസ്പരം നോക്കി ചിരിക്കുവായിരുന്നു. “ചിരിക്കാനല്ല.. ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.”അവൾ ദേഷ്യത്തോടെ പറഞ്ഞു. “എടി മരത്തവളെ….കാര്യമായിട്ട് തന്നെയാ ഞങ്ങളും പറയുന്നത്.ഞങ്ങൾ നിനക്കായി കണ്ടെത്തിയ പയ്യൻ കാർത്തി തന്നെയാ.”ഗിരി അവളുടെ അടുത്തു വന്ന് തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു.
“അവനാടി ആണ്.ജോലികിട്ടിയ ഉടൻ അവൻ ഇവിടെ വന്ന് നിന്നെ പെണ്ണ് ചോദിച്ചു.ഞങ്ങൾ അപ്പോഴേ എല്ലാം തീരുമാനിച്ചതാണ്.” അവൾ സന്തോഷത്തോടെ അച്ഛനെ നോക്കി.”സത്യം..?”അയാൾ തലയാട്ടിക്കാണിച്ചു. അപ്പോഴേക്കും മഞ്ജുവും രേണുകയും അങ്ങോട്ടേക്ക് വന്നു. “മരുമകളായിട്ടല്ല മകളായിട്ടാ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോകുന്നത്.”മഞ്ജു പറഞ്ഞു. “ഇതാവുമ്പോൾ എനിക്കെന്റെ കുഞ്ഞിനെ എന്നും കാണാല്ലോ.”രേണുക അവളെ സ്നേഹത്തോടെ നോക്കി. സന്തോഷവും നാണവുമൊക്കെ ചേർന്ന് വല്ലാത്തൊരു ഫീൽ അവൾക്കുണ്ടായി.അവൾ മുഖം കുനിച്ചു നിന്നു. “കെട്ടിച്ചു വിട്ടാലെങ്കിലും ഇതിന്റെ ശല്യം തീരുമെന്നാ കരുതിയത്.ഇതെന്നേം കൊണ്ടേ പോകൂ എന്ന് ഇപ്പോൾ മനസിലായി.”ഗിരി പറഞ്ഞു. “അയ്യടാ…ഞാൻ ശല്യമാണല്ലേ.. കാണിച്ചുതരാം ഞാൻ”അവൾ അവനെ തല്ലാനോങ്ങി. “വേണ്ടട്ടോ ഭാവി അമ്മായി അമ്മ നിക്കുവാ…കണ്ട്രോൾ കണ്ട്രോൾ”അവൻ ഒഴിഞ്ഞുമാറി.
അവൾ മഞ്ജുവിനെ നോക്കിയിട്ട് അടങ്ങി നിന്നു.എല്ലാവരും ചിരിച്ചു. അപ്പോഴേക്കും കാർത്തിക്ക് അങ്ങോട്ട് വന്നു. “അളിയൻ വന്നല്ലോ…ഇനി ഈ മരത്തവളയുടെ അടി കൊള്ളേണ്ട ആളല്ലേ..ഇപ്പോഴേ ഞാനൊന്ന് കണ്ട് വക്കട്ടെ.കല്യാണം കഴിഞ്ഞ് ഈ രൂപത്തിൽ ചിലപ്പോൾ കാണാൻ കിട്ടിയെന്ന് വരില്ല.”ഗിരി കാർത്തിയെ ഉഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി ചിരിച്ചു. കാർത്തിയും ഗ്രീഷ്മയും കണ്ണുകളിൽ നോക്കി നിന്നു.അവരുടെ കണ്ണുകൾ ഭാവി ജീവിതം സ്വപ്നം കാണുകയായിരുന്നു. (തുടരും)

by