രചന – സിന്ധു അപ്പുക്കുട്ടൻ
ലഞ്ച് കഴിഞ്ഞ് ജീനയോട് സംസാരിച്ച് അവളുടെ കാബിനിൽ ഇരിക്കുകയായിരുന്നു ആതിര. വാട്ട്സാപ്പിൽ തുടരെത്തുടരേ മെസ്സേജ് ടോൺ കേട്ട് അവൾ ഫോണെടുത്ത് നോക്കി.
പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും അവളുടെ കുറെ ഫോട്ടോസ് വന്നു കിടക്കുന്നുണ്ടായിരുന്നു.
ചകിതമായ മനസ്സോടെ വെപ്രാളപ്പെട്ട് അവളത് ഓപ്പൺ ചെയ്തു.
മഞ്ജുവിന്റെ വിവാഹപ്പന്തലിൽ ആതുവിന്റെ ചലനങ്ങളോരൊന്നും കാമറ കണ്ണുകളാൽ അതേപടി ഒപ്പിയെടുത്തിരിക്കുന്നു.
“എന്താ ആതു..?
അവളുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ജീന ചോദിച്ചു.
ഹേയ്.. ഒന്നുമില്ലെടി.. ഒരു മിനിറ്റ്.
ജീനയോട് ചെറുവിരൽ ഉയർത്തിക്കാട്ടി അവൾ പുറത്തേക്കിറങ്ങി നിന്നു.
പിന്നെ ആ നമ്പറിലേക്ക് കാൾ ചെയ്തു.
“നിങ്ങളാരാ.. എവിടുന്ന് കിട്ടി ഈ ഫോട്ടോസ്..
മറുവശത്ത് കാൾ എടുത്തതും അവൾ ഒച്ചയുയർത്തി.
“ഹാ… അതു കൊള്ളാം. ഇമ്മാതിരി അടിപൊളി ലുക്കിൽ സ്വന്തം ഫോട്ടോ കണ്ടിട്ട് ചൂടാവുന്നോ. വേറെ വല്ലവരും ആയിരുന്നെങ്കിൽ ചിരിച്ചോണ്ട് ഒരു താങ്ക്സ് പറഞ്ഞേനെ.
“എന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനു കംപ്ലയിന്റ് കൊടുക്കാനാ എന്റെ തീരുമാനം.
“ഹഹഹ… പരാതിക്കാരിയുടെ ഫിയാൻസേയാണെന്നറിയുമ്പോ കോടതി നമ്മളെ വെറുതെ വിടുമായിരിക്കും.
അപ്പുറത്ത് വിഷ്ണുവാണെന്ന് അവൾക്ക് മനസ്സിലായി. അവളുടനെ കാൾ കട്ട് ചെയ്തു. അവൻ തിരിച്ചു വിളിച്ചെങ്കിലും പിന്നെയവൾ ഫോണെടുത്തില്ല.
****-****************-*–******
ദാ… ഇത് കണ്ടോ.?
അവനെപ്പോലെ ഒരലവലാതിയുടെ തലയിൽത്തന്നെ എന്നെ കെട്ടിവെക്കണം ല്ലേ..?
വിഷ്ണു അയച്ചു കൊടുത്തഫോട്ടോസ് കൃഷ്ണനുണ്ണിയുടെ നേരെ നീട്ടി ആതിര.
“ങേ… ഇഷ്ടം തോന്നിയ പെണ്ണിന്റെ ഫോട്ടോ എടുക്കുന്നവരൊക്കെ അലവലാതികളാണെന്നു നിന്നോടാരാ പറഞ്ഞെ.?
“അനുവാദമില്ലാതെ എടുത്താൽ അത് തോന്നിവാസം തന്നെയാ.
നീ വെറുതെ ഓരോ മണ്ടത്തരം വിളിച്ചു പറയാതെടി മരമാക്രി..ഒരു കല്യാണവീടാകുമ്പോ ഫോട്ടോഗ്രാഫർമാര് കാണാൻ കൊള്ളാവുന്ന സകല പെമ്പിള്ളേരേം ക്യാമറക്കണ്ണോണ്ട് വായിനോക്കും അതിനിങ്ങനെയൊക്കെ രോഷം കൊള്ളേണ്ട കാര്യമില്ല.
“അതിനവൻ ഫോട്ടോഗ്രാഫർ അല്ലായിരുന്നുലോ. അവന്റെ മൊബൈലിൽ എടുത്തത് തന്നെയാ.”
അവളോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നയാൾക്ക് തോന്നി.
ആ.. ഞാൻ വിളിച്ചു ചോദിക്കാം. പോരേ.
കൃഷ്ണനുണ്ണി വലിയ താല്പര്യമില്ലാത്ത പോലെ പറഞ്ഞു.
അവൾക്കതു കണ്ട് കോപമടക്കാനായില്ല.
“ഞാൻ വല്ലതും പറഞ്ഞാലുണ്ടല്ലോ കൂടി പോകും.എന്റെ നമ്പർ ചോദിച്ചപ്പോഴേക്കും എടുത്തു കൊടുത്തതും പോരാഞ്ഞിട്ട് ന്യായം പറയുന്നു.
“ങേ… അതിന് നിന്റെ നമ്പർ ആര് കൊടുത്തു..?
“എന്റെ ക്ഷമ പരീക്ഷിക്കരുത്. വീണിടത്തു കിടന്നു ഉരുളണ്ട ഇനി.
അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു പോയ്..
രാത്രി
ആതുവിന്റെ ഫോണിലേക്ക് വിഷ്ണുവിന്റെ മെസ്സേജ് വന്നു.
ഹായ്.. ആതു… ഉറങ്ങിയോ.
അവളതിന് റിപ്ലൈ കൊടുക്കാൻ പോയില്ല.
അല്പം കഴിഞ്ഞ് അവന്റെ കാൾ കയറി വന്നു.
അവൾ ഫോണെടുത്തു ചെവിയിൽ ചേർത്തു.
“ഡോ… തനിക്കെന്താ എന്നോടിത്ര ദേഷ്യം.തന്നെ കണ്ടു, ഇഷ്ടപ്പെട്ടു മാന്യമായി വീട്ടുകാരേം കൂട്ടി വന്ന് പെണ്ണ് ചോദിച്ചു. അതിലെന്താ തെറ്റ്.
“എനിക്കാരോടും ദേഷ്യമൊന്നുമില്ല.എനിക്കിപ്പോ കല്യാണം വേണ്ട.ജോലി കിട്ടിയിട്ട് ഒരു മാസമാകുന്നുള്ളു. കല്യാണം കഴിഞ്ഞു വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാൻ താല്പര്യമില്ല.അത് തന്നെ കാരണം.
“കല്യാണം കഴിഞ്ഞു വീട്ടിലിരുന്നോളാൻ ഞാൻ പറഞ്ഞില്ല ല്ലോ.”
“എന്നാലും എനിക്കിപ്പോ കല്യാണം വേണ്ട.”
“എന്നാപ്പിന്നെ തനിക്ക് കല്യാണം വേണം എന്ന് തോന്നുന്നവരെ ഞാൻ വെയ്റ്റ് ചെയ്യാം പോരേ.
ആതിര ഒരുനിമിഷം മൗനം പൂണ്ടു.
ഹലോ… ആതു.. എന്താ മിണ്ടാത്തെ.
ഞാനൊന്നു ആലോചിക്കട്ടെ.
ഓക്കേ… സാവധാനം ആലോചിച്ചു പറഞ്ഞാ മതി. എന്നെ ഇഷ്ടമല്ലെന്നു മാത്രം പറയരുത്. എനിക്കതു സഹിക്കൂല.
അവളത്കേട്ട് ചിരിച്ചു പോയി.
അവളൊന്ന് മൂളിക്കൊണ്ട് കാൾ കട്ട് ചെയ്തു.
“ആതിര മാഡത്തിന്റെ കലിപ്പൊക്കെ തീർന്നോ. ഭയങ്കര ചിരിയൊക്കെ കേട്ടല്ലോ.?
കൃഷ്ണനുണ്ണി വാതിൽക്കൽ നിന്ന് അകത്തേക്ക് തല നീട്ടി.
“നിന്റെ ലീവിന്റെ കാര്യം എന്തായി. കിട്ടുമോ.,,?
അയാൾ അവൾക്കരികിൽ വന്നിരുന്നു.
സാറിനോട് പറഞ്ഞിട്ടുണ്ട്…
അവൾ അയാൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നുകൊണ്ട് അലസമായി പറഞ്ഞു.
ആഹാ ഇപ്പൊ അങ്ങനെ ആയോ. നീ ഒഴികഴിവൊന്നും പറയണ്ട. എന്റെ കൂടെ വന്നേ പറ്റു.
ഒരു വർഷമായി എസ് എസ് എൽ സി ബാച്ചിന്റെ റീ യൂണിയൻ സംഘടിപ്പിക്കാൻ എല്ലാരും കൂടി പരിശ്രമിക്കുന്നു. എല്ലാം ഓക്കേ ആയി ഡേറ്റും തീരുമാനിച്ചു.ഇനിയിപ്പോ രണ്ടു ദിവസം കൂടിയേയുള്ളു.
എല്ലാരും ഫാമിലിയായി വരുമ്പോൾ ഞാൻ മാത്രം…
അയാൾ ഒരു നെടുവീർപ്പോടെ പാതിയിൽ നിർത്തി
“ആതിരയിൽ നിന്ന് അതിനും മറുപടി ഇല്ലെന്ന് കണ്ട് അയാൾ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
*******************************
“ഒരുവട്ടം കൂടി ”
സ്കൂൾ ഗേറ്റിനരികിൽ വലിയൊരു ഫ്ലെക്സ് ബോർഡ്.
കൃഷ്ണനുണ്ണിയുടെ മിഴികൾ സന്തോഷം കൊണ്ടോ സങ്കടംകൊണ്ടോ എന്നറിയാതെ നിറഞ്ഞു തുളുമ്പി.
ഒരായിരം ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന സ്കൂൾ മുറ്റം.
ചിരിയും കരച്ചിലും സൗഹൃദവും പ്രണയവുമെല്ലാം കൂടിക്കലർന്ന കലിപിലയൊച്ചകൾ വീണ്ടും കേൾക്കുന്നുണ്ടോ എന്നയാൾ കാതോർത്തു.
“ഡാ… ഉണ്ണി…
ടോമി സ്കൂൾ മുറ്റത്തെക്ക് നടന്നു കയറുന്ന പടിക്കെട്ടുകൾക്ക് മുകളിൽ നിന്ന് അയാളെ നോക്കി കൈ വീശി.
കയറി വാടാ.. അവിടെ നിന്ന് സ്വപ്നം കാണാതെ.
കൃഷ്ണനുണ്ണി പ്രായം മറന്ന് പടിക്കെട്ടുകൾ ഓടിക്കയറി.
ശ്രീനിവാസൻ, ബാബു, രാജൻ, സന്തോഷ്
എല്ലാ മുഖങ്ങളിലും,അമ്പരപ്പ് നിറഞ്ഞ ആഹ്ലാദം.
ഉണ്ണിയെ കണ്ടതും എല്ലാരും ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.
മുപ്പത്തഞ്ചു വർഷങ്ങളുടെ ഇടവേള എല്ലാവരിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. എന്നിരുന്നാലും മനസ്സുകളിൽ ആർക്കും അപരിചിതത്വം ഉളവായില്ല.
ക്ലാസ്സ് റൂമിന്റെ നീളൻ വരാന്തയിൽ പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു.
കൃഷ്ണനുണ്ണി അവർക്കരികിലേക്ക് ചെന്നു.
“ആഹാ.. തൈക്കിളവികളെല്ലാം രാവിലെ ബ്യൂട്ടിപാർലറിൽ പോയി പുട്ടിയുമിട്ട് വന്നിട്ടുണ്ടല്ലോ.
“പോടാ കൊരങ്ങാ.. ഞങ്ങൾക്കൊന്നും ഇപ്പോഴും പുട്ടിയുടെ ആവശ്യമില്ലെടാ. നാച്ചുറൽ ആയിട്ടുള്ള ഗ്ലാമറാ ഇതൊക്കെ.
ബിനി അയാളുടെ കൈത്തണ്ടയിൽ നഖമമർത്തി.
നിന്റെ കെട്ട്യോനും പിള്ളേരുമൊക്കെ എവിടെ.
മോൾടെ കല്യാണം കഴിഞ്ഞു. ഞാനത് വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ മോൻ ഭയങ്കര ബിസി. കെട്ട്യോൻ വന്നിട്ടുണ്ട്. അവിടെ എവിടെയെങ്കിലും കാണും.
അല്ല, നിന്റെ ആതു മോൾ വന്നില്ലേ.?
ഇല്ലടി. അവൾക്ക് ലീവില്ല.
ഉണ്ണി.. നിനക്കെന്നെ മനസ്സിലായോ.?
സ്റ്റെല്ല ഓടി വന്ന് അവന്റെ കയ്യിൽ പിടിച്ചു.
ഹോ.. എന്തൊരു ചേഞ്ചാടി ഇത്. നീർക്കോലി പോലിരുന്ന നീ ഉപ്പുമാങ്ങാ ഭരണിപോലെ ആയല്ലോ.
കൃഷ്ണനുണ്ണി പൊട്ടിച്ചിരിച്ചു. യാതൊരു പരാതിയും പരിഭവവുമില്ലാതെ സ്റ്റെല്ലയും അവനൊപ്പം നിറഞ്ഞു ചിരിച്ചു.
ഫാമിലിയെ പരസ്പരം പരിചയപ്പെടുത്തുമ്പോൾ കൃഷ്ണനുണ്ണിക്ക് നെഞ്ച് വിങ്ങുംപോലെ തോന്നി. മാളു ഉണ്ടായിരുന്നെങ്കിൽ.
ഒരു നെടു വീർപ്പോടെ അയാൾ വെറുതെ നൊമ്പരപ്പെട്ടു
അടുത്ത നിമിഷം അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.
ആതു വണ്ടിയൊതുക്കി വെച്ച് അയാൾക്കരികിലേക്ക് നടന്നു വരുന്നു.
അവളെക്കണ്ടു മനസ്സ് തുടിച്ചെങ്കിലും കൃഷ്ണനുണ്ണി ആ വരവ് കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു നിന്നു.
“തനിയെ വന്ന് പഴയ കാമുകിമാരെയൊക്കെ കണ്ട് നിർവൃതിയടയാമെന്ന് കരുതി അല്ലെ..? വിടില്ല മോനേ… എനിക്കും കാണണം അവരെയൊക്കെ.. ഞാനില്ലെങ്കി വല്ലാതെ കിടന്നു വിലസും. അത് വേണ്ടാട്ട.
ആതിര അയാൾക്കരികിൽ വന്ന് തോളിൽ കയ്യിട്ട് ചുണ്ടുകൾ ചെവിയോട് ചേർത്ത് മെല്ലെ പറഞ്ഞു.
ചിരി വന്നെങ്കിലും കൃഷ്ണനുണ്ണി പരിഭവം പൂണ്ട് നിന്നു
സൂചിക്കൊരു കുത്തു തന്നാൽ ഇപ്പൊ പൊട്ടുമല്ലോ
അയാളുടെ വീർപ്പിച്ചു പിടിച്ച മുഖം കണ്ട് ആതിര പിന്നെയും പിറുപിറുത്തു.
നിന്റെ നാവൊന്ന് അടക്കിവെക്ക് പിശാശ്ശെ. വീടല്ല ഇത്.
അവളതിന് മറുപടി പറയാൻ തുടങ്ങിയതും സുഭാഷ് ഓടി വന്ന് അയാളുടെ കൈ പിടിച്ചു.
ആ.. ഉണ്ണി.. നീയിവിടെ നിൽക്കുവാണോ. ടീച്ചേർസ് എല്ലാം എത്താറായി. സ്റ്റേജിൽ കുറച്ചു മിനുക്കുപണികൾ കൂടിയുണ്ട് നീ വാ.
ആതുമോളെ, നമുക്ക് പരിചയപ്പെടാട്ടോ. ഈ തിരക്കൊന്നു തീർന്നോട്ടെ.
ഓക്കേ അങ്കിൾ..
കവിത വന്നില്ലേ ? വരുമെന്ന് പറഞ്ഞിരുന്നോ..?
സ്റ്റേജിലേക്ക് കയറുമ്പോൾ കൃഷ്ണനുണ്ണി സുഭാഷിനോട് ചോദിച്ചു.
നീ കിടന്നു പിടക്കാതെടാ കള്ളക്കഴുവേറി..അവള് വരും.
ഉം..
ടോമി…കവിതയെ ഒന്ന് വിളിച്ചു നോക്കിയേ. എവിടെ എത്തിയെന്ന് ചോദിക്ക്.
സുഭാഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
കൃഷ്ണനുണ്ണി ഒരു ചമ്മലോടെ അവന്റെ തോളിൽ ഒരടി കൊടുത്തു.
ശ്ശെ.. എന്താടാ ഇത്.
ഹഹഹ… വെറുതെ.. ഒരു മനസുഖം.
ദാ നോക്കടാ പറഞ്ഞു തീർന്നില്ല എത്തിയല്ലോ നിന്റെ കവിത.
സുഭാഷ് ചിരിച്ചു കൊണ്ട് പുറത്തേക്ക് കൈ ചൂണ്ടി.
സുമുഖനായ ഒരു ചെറുപ്പക്കാരനൊപ്പം കവിത ഹാളിനരികിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു
അവർ അടുത്തെത്തിയപ്പോൾ അവൾക്കൊപ്പമുള്ളത് വിഷ്ണുവാണെന്നു കൃഷ്ണനുണ്ണി തിരിച്ചറിഞ്ഞു.
അയാൾ അമ്പരപ്പോടെ ആതിരയെ തിരഞ്ഞു . അവളും അവരെ കണ്ട് അന്തംവിട്ടു നിൽക്കുന്നുണ്ടായിരുന്നു.
തുടരും.

by