23/04/2026

നിന്നോളം : ഭാഗം 07

രചന – ഫൗസിയ യൂസഫ്

“ചാരുവാണ്, ഇന്നെന്റെയീ അവസ്ഥക്ക് കാരണം..
ഒരുപക്ഷെ അവൾ വന്നില്ലായിരുന്നെങ്കിൽ, കണ്ണേട്ടനെന്നെ സ്നേഹിച്ചേനെ…
സ്വന്തമാക്കാൻ ആഗ്രഹിച്ചേനെ…”

മുറിയിലിരുന്ന് ഗാഢമായ ചിന്തയിലായിരുന്നു ഭദ്ര…..

ഏറെ മോഹിച്ചത് ഉള്ളങ്കയ്യിൽ കിട്ടിയിട്ടും, ഞാൻ അനുഭവിക്കാൻ യോഗമില്ലാത്തവളായതിന് അവളൊരാൾ മാത്രമാണ് ഉത്തരവാദി…
ഇതിനും മറുമരുന്ന് കാണേണ്ടത് അവൾ തന്നെയാണ്…
പക്ഷേ എങ്ങനെ…?

എങ്ങനെ താനവളോട് പറയും…
അതെന്റെ പരാജയമാവില്ലേ…?
അവളെ തഴഞ് കണ്ണേട്ടനെ എന്റേതാക്കി വിജയം നേടിയെടുത്തവളാണ് താൻ…
ആ ഞാനെങ്ങനെ അവൾക്കു മുന്നിൽ തോൽവി സമ്മതിക്കും…?
കഴിയില്ലെനിക്ക്…
നൂറു ജന്മം, കണ്ണേട്ടനോടൊത്തു ജീവിക്കാൻ ഭാഗ്യം ലഭിച്ചാലും, ഈയൊരു തോൽവി മതി തന്റെ സന്തോഷം ഇല്ലാതാക്കാൻ…

ചിന്തകൾക്ക് ഭംഗം വരുത്തിക്കൊണ്ടാണ്, ലക്ഷ്മി മുറിയിലേക്ക് കടന്നു വന്നത്…

“” എന്താമ്മേ..? “” ഭദ്ര ചോദിച്ചു.

“” ചാരുമോള് പോയിട്ട് മാസം ഏഴായില്ലേ… ഇതുവരെ അവളൊന്ന് വന്നില്ലല്ലോ…
ആറുമാസം കഴിഞ്ഞാൽ ലീവ് കിട്ടും എന്നല്ലേ പറഞ്ഞത്… പിന്നെന്താ? “” അവർ, വ്യസനത്തോടെ പറഞ്ഞു.

“” അവൾക്ക് വരാൻ താല്പര്യമില്ലായിരിക്കും.. “” ഭദ്ര, അലസതയോടെ മറുപടി പറഞ്ഞു.

“” വിളിച്ചപ്പോ ഞാൻ ചോദിച്ചിരുന്നു വരവിനെപ്പറ്റി.. പക്ഷേ, അവളൊന്നും പറഞ്ഞില്ല!
നീയൊന്ന് പറയൂ അവളോട്.. പറഞ്ഞാൽ പോര, നിർബന്ധിക്കണം..
കണ്ണ് പൊരിഞ്ഞു തുടങ്ങീക്കണു കുട്ടിയെ കാണാഞ്ഞിട്ട്..
അച്ഛനും പറഞ്ഞു..
ധിക്കാരം കാട്ടി എന്ന തോന്നലോണ്ട്, മുഖത്തു നോക്കാൻ പ്രയാസണ്ടാവും..
അതൊന്നും വേണ്ടാന്ന് പറയൂ കുട്ട്യോട്.. “”

“” മ്മ്ഹ്.. പറഞ്ഞു നോക്കാം “” വീണ്ടും, താല്പര്യമില്ലാത്ത മട്ടിലായിരുന്നു അവളുടെ മറുപടി..
അത് ലക്ഷ്മിയെ ചൊടിപ്പിച്ചു..

“” നെന്റെ പരിഭവം ഇതുവരെ മാറീല്ലേ ഭദ്രേ…
അത് കേറിവരുമ്പോ, മുഖം കറുപ്പിക്കണ്ട അതിനോട്..
പാവം, ആരൂല്ല്യ.. നമ്മളേ ള്ളൂ കുട്ടിക്ക്..
വിഷമിക്കാൻ ഇട കൊടുക്കരുത്!”” എന്ന്, ഭദ്രയെ ഉപദേശിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോഴാണ് കണ്ണൻ, ജോലികഴിഞ്ഞു വന്നത്..
അമ്മയെകണ്ട്, കണ്ണാനൊന്ന് പുഞ്ചിരിച്ചു..

“” ഞാൻ, ചാരുവിനെപ്പറ്റി പറയായിരുന്നു ഭദ്രയോട്.. പോയിട്ട് ഒരിക്കൽ പോലും വന്നില്ലല്ലോ കുട്ടി..
ഒന്ന് വന്നിട്ടു പോവാൻ പറയണമെന്ന് പറയായിരുന്നു…”” അതും പറഞ്, ചിരിയോടെ പുറത്തേക്ക് കടക്കുന്ന അമ്മയെ നോക്കി കണ്ണാനൊന്ന് മൂളി..

ഭദ്രയോടുള്ള പരിഹാസവും, പുച്ഛവും ഇടകലർന്നിരുന്നു ആ മൂളലിൽ…

“” പാവങ്ങൾ…
മകളുടെ തനിനിറമറിയാതെ, വിഡ്ഢിവേഷം കേട്ടാനാണല്ലോ ഇവരുടെ വിധി…
ഹും… കഷ്ടം!”” ഭദ്രയെ നോക്കി, അയാൾ പുച്ഛത്തോടെ പറഞ്ഞപ്പോൾ
കേൾക്കാൻ താല്പര്യമില്ലാതെ അവളും തലവെട്ടിച്ചു…

കണ്ണൻ, കുളിക്കാനായി ബാത്‌റൂമിൽ കയറിയ സമയം, ഭദ്ര എന്തൊക്കെയോ കണക്കു കൂട്ടലിലായിരുന്നു…
അവസാനം, ഉത്തരം കിട്ടിയ സന്തോഷത്തിൽ അവളുടെ ചുണ്ടിലൊരു വിജയച്ചിരി മിന്നിമാഞ്ഞു…

ഞാൻ, ഓഫീസിൽ നിന്നിറങ്ങുമ്പോഴായിരുന്നു ഭദ്രേച്ചീടെ കോൾ വന്നത്…
ഇപ്പോഴും, ഭദ്രേച്ചീടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണുമ്പോൾ
ചങ്കിലൊരു പിടച്ചിലാണ്.. വല്ലാത്തൊരു ഭയവും!

“” ഭദ്രേച്ചി.. “”

“” നിന്നെ കാണണം എന്നും പറഞ്, രണ്ടുപേരിവിടെ കയറ് പൊട്ടിക്കുന്നുണ്ട്…
നോക്കിയിരുന്ന് നോക്കിയിരുന്ന്, കണ്ണിനൊക്കെ നീരുവന്ന് വീർത്തിരിക്കുവാ..
നീ വരുന്നില്ലെടി, അവരെ കാണാൻ? “”
ചേച്ചിയുടെ വാക്കുകളിലെ പരിഹാസത്തിന്റെ ധ്വനി ഞാൻ അറിയുന്നുണ്ടായിരുന്നു..

“” എന്നോടുള്ള ദേഷ്യത്തിന്, എന്തിനാ ചേച്ചി അവരെ പരിഹസിക്കുന്നേ…?””
എനിക്കത് ചോദിക്കാതെ വയ്യായിരുന്നു..

“” എന്റച്ഛന്റേം അമ്മേടേം കാര്യം, നീ നോക്കണ്ട!
പിന്നെ, അവർക്ക് മാത്രല്ല നിന്നെ കാണേണ്ടത്… എനിക്കും നിന്നെ അത്യാവശ്യമായിട്ടൊന്ന് കാണണം..
ചിലത് പറയാനുണ്ട്.. “” ചേച്ചി പറഞ്ഞു.

“” ചേച്ചി പറഞ്ഞോളൂ, ഞാൻ കേൾക്കാം “”

“” പറയാനുള്ളത് നേരിട്ട് പറയണം..
അതുകൊണ്ടാണല്ലോ നിന്നെ വിളിച്ചു വരുത്തുന്നത്…
നീ വരണം.. വന്നേ പറ്റൂ…
എത്രയും പെട്ടന്ന്!””

ഞാനെന്തെങ്കിലും പറയും മുൻപേ, ഭദ്രേച്ചി ഫോൺ വെച്ചു..
” എന്തായിരിക്കും ഭദ്രേച്ചീടെ അടുത്ത ഡിമാന്റ്? ” ഞാൻ ചിന്തിച്ചു.

“” എന്തുവാ പെണ്ണേ ആലോചിക്കുന്നേ..?
അവളെന്താ പറഞ്ഞേ..? “” നീലിമേച്ചി ചോദിച്ചു.

“” ഭദ്രേചിക്കെന്നെ അത്യാവശ്യായിട്ട് കാണണംന്ന്.. എന്നോട് എത്രയും വേഗം ചെല്ലാൻ പറഞ്ഞു. “”

“” ഇനിയവള് പറയാൻ പോകുന്നതെന്താന്ന് ഞാൻ പറയട്ടെ? “”

“” ന്താ? “”

“” നിന്നോട് പോയി തൂങ്ങിച്ചാവാൻ…
അല്ലാതെന്താ.. “”

നീലിമേച്ചി പറഞ്ഞപ്പോ, ഞാൻ മുഖം വീർപ്പിച്ചു..

“” നീ മുഖം കേറ്റുവൊന്നും വേണ്ട…
അവളത് പറഞ്ഞാൽ, നീയതും ചെയ്യും..
പിന്നൊരു കാര്യം..
അങ്ങനെ വല്ല പ്ലാനും ഉണ്ടെങ്കിൽ, എനിക്കൊരു സൂചന തരണം കേട്ടോ..
നിന്നെ അവസാനമായി വന്നൊന്ന് കാണാനാ.. “” പറഞ്ഞത് കളിയായിട്ടാണെങ്കിലും, നിലിമേച്ചിയുടെ മുഖത്ത് നല്ല ഗൗരവമുണ്ടായിരുന്നു..

ഞാൻ ചിരിച്ചു…
എങ്കിലും, നല്ല ടെൻഷനുണ്ടായിരുന്നു ഭദ്രേച്ചി എനിക്കായി കാത്തുവെച്ച അടുത്ത ടാസ്കിനെ കുറിച്ചോർത്തപ്പോൾ…

പോകാൻ തന്നെ തീരുമാനിച്ചു..

ഞാനിവിടെ ആദ്യമായതുകൊണ്ട്, ഏഴു മാസമായി നീലിമേച്ചിയും വീട്ടിൽ പോയിട്ടില്ല..
എങ്കിൽ പിന്നെ രണ്ടാളുംകൂടി ഒന്നിച്ച് പോകാൻ തീരുമാനമായി..
ഓഫീസിൽ രണ്ടുദിവസത്തെ ലീവിന് കൊടുത്ത് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…
വരുംവഴി, അച്ഛനും അമ്മയ്ക്കും ഓരോ ജോഡി ഡ്രസ്സെടുത്തു..
എന്നും എനിക്കിങ്ങോട്ടെ വാങ്ങിത്തന്നിട്ടുള്ളൂ…
അങ്ങോട്ടൊന്നും പ്രതീക്ഷിച്ചിട്ടില്ല!

കൂട്ടത്തിൽ, ഭദ്രേച്ചിക്കും എടുത്തു ഒരു ചുരിദാറ്..
കണ്ണേട്ടനെടുക്കാൻ ധൈര്യം വന്നില്ല..

“” അവള് നിന്നെ ഒരുപാട് വേദനിപ്പിച്ചതല്ലേ, രണ്ട് ചുരിദാറും കൂടി എടുക്കാർന്നു.. “” ഭദ്രേച്ചിക്കെടുത്തത് കണ്ടപ്പോൾ നീലിമേച്ചി ദേഷ്യപ്പെട്ടു..

“” ഞാനാദ്യായിട്ട് നിറം മങ്ങാത്ത, പിന്നിപ്പോവാത്ത ഉടുപ്പിട്ടത് ഭദ്രേച്ചി തന്നിട്ടാ..
ഭദ്രേച്ചീടെ കുഞ്ഞുടുപ്പ്… “”
ഞാൻ പറഞ്ഞപ്പോൾ, നീലിമേച്ചി പിന്നൊന്നും പറഞ്ഞില്ല..

വഴിക്കുവെച്ച്, നീലിമേച്ചിയുമായി പിരിയേണ്ടി വന്നപ്പോൾ ഉള്ളിലെന്തോ വിഷമം പോലെ…
കുറച്ചു മാസങ്ങൾ കൊണ്ട്, അത്രയേറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഞങ്ങൾ…
ചേച്ചിക്കും, വിഷമമുള്ളതായി തോന്നി ആ കണ്ണുകൾ കണ്ടപ്പോൾ…

“” രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും കാണില്ലേടി നമ്മൾ..
ഞാൻ വിളിക്കാടി പെണ്ണേ.. “” ചേച്ചിയെന്നെ കെട്ടിപ്പിടിച്ചു..

എന്നെ, നാട്ടിലേക്കുള്ള ബസ് കയറ്റിവിട്ട ശേഷമാണ് ചേച്ചി പോയത്…

യാത്രയിലെല്ലാം മനസ്സ് വീട്ടിലായിരുന്നു…
അച്ഛന്, ദേഷ്യം കാണുമോ ഇപ്പോഴും?
അമ്മ ക്ഷീണിച്ചു കാണുമോ?
ഭദ്രേച്ചി……..?
ആ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ എന്തോ അകാരണമായ ഉൾഭയമെന്നെ കീഴ്പ്പെടുത്തും പോലെ…

വീട്ടിൽ ചെന്നുകേറുമ്പോൾ, നേരം സന്ധ്യയായിരുന്നു…
അച്ഛൻ പൂമുഖത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു…
അച്ഛനെ കണ്ട നിമിഷം വല്ലാത്തൊരാഹ്ലാദമെന്നെ പൊതിഞ്ഞു പിടിക്കുന്നു…

“” അ.. അച്ഛാ “”

കണ്ഠമിടറിയാണ് വിളിച്ചത്..

അച്ഛൻ, തലയുയർത്തി നോക്കി.. ആ മുഖത്ത് വിരിഞ്ഞ ഭാവത്തിന്റെ വ്യാപ്തിയെന്തെന്ന് എനിക്കളക്കാൻ കഴിയുമായിരുന്നില്ല…

“” ഈ നേരത്ത് വരുമായിരുന്നെങ്കിൽ, ഒന്ന് വിളിച്ച് പറഞ്ഞൂടാർന്നോ മോളെ
അച്ഛൻ വരുമായിരുന്നില്ലേ സ്റ്റാൻഡിലേക്ക്..? “”

ആ ചോദ്യമെന്നെ തളർത്തിക്കളഞ്ഞു.

ഒന്ന് ശകാരിച്ചിരുന്നെങ്കിൽ ഞാനിത്രയും വേദനിക്കില്ലായിരുന്നു..
സ്നേഹംകൊണ്ടെന്നും വേദനയില്ലാത്ത, നോവ് നൽകുകയായിരുന്നു എനിക്കച്ഛൻ…

“” അച്ഛാ.. “”

ഓടിച്ചെന്ന് വാരിപ്പുണർന്നു ഞാനച്ഛനെ…

“” ന്നോട്.. ന്നോടൊന്ന് ദേഷ്യപ്പെട്ടൂടെ അച്ഛന്?? “”

“” എന്തിന്?
അതിനെന്റെ മോള് തെറ്റൊന്നും ചെയ്തില്ലല്ലോ…
നീ പോയാതൊരു ജോലിക്കല്ലേ..
പിന്നെന്താ.. “”

അച്ഛൻ പറഞ്ഞത് കേൾക്കെ, ഞാനൊന്നുകൂടി അച്ഛനെ ചുറ്റിപ്പിടിച്ചു..

ബാഗിൽ നിന്നും കവറെടുത്ത് അച്ഛനു നീട്ടി..

“” ഞാൻ വാങ്ങീതാ… ഇഷ്ടായോന്ന് നോക്കൂ “” ഞാൻ പറഞ്ഞു.

അച്ഛന്റെ കണ്ണുകൾ നിറയുന്നത് കണ്ടു.. അപ്പോഴേക്കും, അമ്മയും അങ്ങോട്ടെത്തിയിരുന്നു..
അമ്മയ്ക്കുള്ളത് അമ്മയ്ക്ക് നൽകിക്കൊണ്ട്, ഞാനമ്മയെ കെട്ടിപ്പിടിച്ചു…

“” നീയാകെ ക്ഷീണിച്ചല്ലോ മോളെ.. ഒന്നും കഴിക്കണുണ്ടാവില്ല നേരാംവണ്ണം.. “” അമ്മേടെ പരാതി.

“” അതൊക്കെ അമ്മയ്ക്ക് തോന്നണതാ… നിക്കൊരു മാറ്റോമില്ല..”” ഞാൻ അമ്മേടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“” നീയ് സുഖിപ്പിക്കൊന്നും വേണ്ട..
നാളിത്രയായിട്ടും ഒന്നിങ്ങോട്ട് വരാൻ തോന്ന്യോ നിനക്ക്?
ഭദ്ര വിളിച്ചോണ്ടല്ലേ, ഇപ്പഴേലും വന്നത്? “” അമ്മ പരിഭവിച്ചു.

“” വിശേഷങ്ങളൊക്കെ പിന്നെ…
നീ പോയി മോൾക്കെന്തേലും കഴിക്കാൻ കൊടുക്ക് ലക്ഷ്മി… “” അച്ഛൻ പറഞ്ഞപ്പോൾ, പരിഭവം മറന്ന് അമ്മയെന്നെ അകത്തേക്ക് കൊണ്ടുപോയി..

“” ഭദ്രേച്ചി…..
ഭദ്രേച്ചിയെവിടെ അമ്മേ? “”

“” അവള് മുകളിലുണ്ട്..
കണ്ണൻ എത്തിയിട്ടില്ല.. കല്യാണം കഴിഞ്ഞതിൽ പിന്നെ, അവനൊട്ടും നേരമില്ലാതായിരിക്കണു..”” അമ്മ ചിരിയോടെ പറഞ്ഞു.

“” കുട്ടി പോയി കുളിച്ചു വരൂ…
അമ്മ ഭക്ഷണം എടുക്കാട്ടോ.. “”എന്നും പറഞ് അമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ, ഞാൻ മുകളിലേക്ക് ചെന്നു..

ഭദ്രേച്ചി, എന്തോ വായിക്കുകയായിരുന്നു..

“” ഭദ്രേച്ചി.. “” ഞാൻ വിളിച്ചു.

“” ആഹ്, നീ വന്നോ…”” ഭദ്രേച്ചി എഴുനേറ്റു.

ഞാൻ കയ്യിൽ കരുതിയ ചുരിദാറിന്റെ കവർ ഭദ്രേച്ചിക്കു നീട്ടി..

“” ഇതെന്താ..? “”

“” ചുരിദാറാ.. ഞാൻ വാങ്ങീതാ “”

നീട്ടി, കുറച്ചു കഴിഞ്ഞ ശേഷമാണ് ചേച്ചിയത് വാങ്ങീത്..

“” നീയിപ്പോ ശമ്പളക്കാരി ആയല്ലോ ല്ലേ? “” അതിലൊരു, കളിയാക്കലിന്റെ കലർപ്പുണ്ടായിരുന്നു..
വാങ്ങിയ കവർ, തുറന്നു നോക്കുകപോലും ചെയ്യാതെ, ബെഡിലേക്കെറിഞ്ഞപ്പോൾ എന്റെ മനസ്സൊന്ന് നൊന്തു..

“” ചേച്ചിക്കെന്താ പ…പറയാനുണ്ടെന്ന് പറഞ്ഞേ..? “” ഞാൻ ചോദിച്ചു.

മറുപടി വരുമ്മുമ്പേ, അമ്മ വിളിച്ചു ഭക്ഷണം കഴിക്കാൻ..

“” ദേ വിളിക്കുന്നു വേഗം ചെല്ല്…
ഇന്നിനിയിപ്പോ ഊട്ടലും ഉറക്കലുമൊക്കെയായി, സംസാരിക്കാൻ സമയം കിട്ടിയെന്നു വരില്ല…
അതുകൊണ്ട്,
പറയാനുള്ളത് വിശദമായിത്തന്നെ നാളെ പറയാം..
നീ പൊയ്ക്കോ.. “” ഭദ്രേച്ചി പറഞ്ഞപ്പോ ഞാൻ മുറിയിൽ നിന്നുമിറങ്ങി..

ചെറുപ്പത്തിൽപോലും, അച്ഛനുമമ്മയും എന്നെ ലാളിക്കുന്നതിനോ സ്നേഹിക്കുന്നതിനോ തരിമ്പുപോലും
അസൂയ വെക്കാത്ത കുട്ടിയായിരുന്നു ഭദ്രേച്ചി…
ഇപ്പോൾ,,
അവരെന്നെ സ്നേഹത്തോടെ വിളിക്കുന്നതുപോലും ഭദ്രേച്ചിക്ക് ഇഷ്ടപ്പെടാതെ വന്നിരിക്കുന്നുവെന്ന് ഞാനോർത്തു…

ഞാൻ വേഗം മുറിയിൽ ചെന്ന് കുളിച്ച് വേഷംമാറി അമ്മയ്ക്കടുക്കലേക്ക് ചെന്നു…
അമ്മയപ്പോഴേക്കും, ഭക്ഷണമെല്ലാം ടേബിളിൽ നിരത്തിയിരുന്നു..

“” ഇതെന്താമ്മേ ഒരുമാതിരി വിരുന്നുകാരെപോലെ…
ഞാൻ അടുക്കളയിലിരുന്ന് കഴിച്ചോളാം.. നിക്കതല്ലേ ഇഷ്ടം.. “” ഞാൻ പറഞ്ഞു.

“” നീയിപ്പോ ഇവിടിരിക്ക് കുട്ടി… “”

അമ്മയെന്നെ കസേരയിൽ പിടിച്ചിരുത്തി…
പ്ലേറ്റിൽ ചോറ് വിളമ്പിയതും, കറികളൊഴിച്ചതുമെല്ലാം അമ്മയായിരുന്നു…

ഞാൻ കഴിച്ചു തുടങ്ങി..

ഒത്തിരി നാളായി, നാവിൽനിന്നും വേറിട്ടു നിന്നിരുന്ന അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി…
ഞാൻ ആസ്വദിച്ചു കഴിച്ചു..

“” മോളെ.. “” അമ്മ പതിയെ വിളിച്ചു.

“” എന്താമ്മേ..? “”

അമ്മേടെ മുഖത്ത് എന്തൊക്കെയോ ആശങ്കകൾ നിഴലിക്കുന്നത് പോലെ തോന്നിയെനിക്ക്…

“” എനിക്കെന്തോ, കണ്ണന്റേം ഭദ്രേടേം ബന്ധത്തില് എന്തൊക്കെയോ ഉലച്ചില് ഉള്ളതുപോലൊരു തോന്നല്…
ന്റെ തോന്നല് മാത്രാണോന്നും അറിയില്യ.. “” അമ്മ, വളരെപതുക്കെ പറഞ്ഞു.

എനിക്കെന്തോ വല്ലായ്മ തോന്നി…
ഞാൻ, അമ്മേടെ മുഖത്തേക്കു നോക്കി..

“” കണ്ണൻ… കണ്ണൻ മനസ്സറിഞ്ഞല്ലേ ഈ കല്യാണത്തിന് സമ്മതിച്ചത് എന്നൊരു സംശയം!”” അമ്മ വീണ്ടും പറഞ്ഞു.
ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു…

അമ്മയുടെ സംശയമെന്നെ, പെട്ടന്ന് ബന്ധസ്ഥയാക്കി…
കഴിച്ചുകൊണ്ടിരുന്ന ചോരുരുള ശിരസ്സിൽ കയറി, ഞാൻ ശക്തിയിൽ ചുമച്ചു…

“” ശ്രദ്ധിച്ച് കഴിക്ക് കുട്ടി.. “”

അമ്മയെന്റെ ശിരസ്സിൽ തട്ടി, എന്നെ വെള്ളം കുടിപ്പിച്ചു..

“” അമ്മ.. അമ്മയ്ക്കെന്താ അങ്ങനെ തോന്നാൻ?? “” തെല്ലിടകഴിഞ്ഞു ഞാൻ ചോദിച്ചു.

“” എന്തോ, അവര് തമ്മിലുള്ള പെരുമാറ്റം കാണുമ്പോ അങ്ങന്യാ തോന്നണേ.. അവരിപ്പോ വേളി കഴിഞ്ഞവരല്ലേ, അതിന്റൊരു പുതുക്കമെങ്കിലും കാണണ്ടേ. “” അമ്മേടെ സംശയം ന്യായമാണോ എന്നൊരു ചിന്തയിലായിരുന്നു ഞാൻ..

ഇനി അതിനെക്കുറിച്ചാവോ, ഭദ്രേച്ചിക്കെന്നോട് സംസാരിക്കാനുണ്ടാവുക?
അങ്ങനൊരു സംശയം എനിക്കുള്ളിലൂടെയും കടന്നുപോയി..

“” അമ്മയ്ക്ക് ചോദിക്കാനൊരു മടി.
മോളൊന്ന് ചോദിക്കൂ, അവളോട്..
നിന്നോടാവുമ്പോ അവള് ചിലപ്പോ എന്തേലും പറഞ്ഞെന്നു വരും… “”

“” അത് പിന്നെ… അമ്മേ ഞാനെങ്ങനാ ചേച്ചിയോട്…… “”

“” അറിയാം മോളെ, നിനക്ക് ഇത്തരം കാര്യങ്ങളൊക്കെ ചോദിക്കാൻ മനപ്രയാസം കാണുംന്ന്…
നീ വെറുതെ, തമാശപോലെ ചോദിച്ചാ മതി.. അറിയാലോ അവളുടെ ഉള്ളിലെന്താന്ന് “”

അതും പറഞ്, അമ്മ എഴുനേറ്റു പോയി…
എനിക്ക് പിന്നൊന്നും കഴിക്കാൻ തോന്നിയില്ല… ഞാനും എഴുനേറ്റു..

പ്ലേറ്റെടുത്ത് തിരുയുമ്പോഴാണ് പൂമുഖപ്പടിയിൽ ആളനക്കം കേട്ടത്..
നോക്കുമ്പോൾ, കണ്ണേട്ടനായിരുന്നു…
അറിയാതെയെങ്കിലും, ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…
ഞാൻ വേഗം നോട്ടം പിൻവലിച്ചു…

“” താ… താനെപ്പഴാ വന്നേ? “”

മുമ്പത്തെ പ്രസരിപ്പില്ലായിരുന്നു ആ ശബ്ദത്തിന്…

“” കുറച്ചു നേരായി.. “”

പറഞ്ഞു തീരും മുമ്പേ, മുകളിൽനിന്നും ഓടിപ്പിടച്ചു വരുന്നത് കണ്ടു, ഭദ്രേച്ചി!

കണ്ണേട്ടൻ വന്നത് അറിഞ്ഞിട്ടുള്ള വരവാണ്…

“” എന്തേ ഇത്ര ലേറ്റായത്?
എത്ര നേരായി ഞാൻ കാത്തിരിക്കണു
വിളിച്ചിട്ട് കിട്ടുന്നും ഇല്ല… “”

വന്നപാടെ, കണ്ണേട്ടന്റെ ബാഗ് വാങ്ങി
എന്നെയൊന്ന് നോക്കി, ഭദ്രേച്ചി..
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…
പക്ഷേ, കണ്ണേട്ടന്റെ മിഴികളപ്പോഴും എന്റെ മുഖത്ത് മാത്രമായിരുന്നു…
ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു….

“” അവിടെത്തന്നെ നിൽക്കാതെ വരൂ കണ്ണേട്ടാ.. “” മുകളിലേക്ക് കയറുമ്പോൾ, ഭദ്രേച്ചി വിളിക്കുന്നത് കേൾക്കാമായിരുന്നു…

രാത്രി എല്ലാവരും അത്താഴത്തിനിരിക്കുമ്പോൾ, നേരത്തെ കഴിച്ച കാരണം പറഞ് ഞാൻ മാറിനിന്നു..

“” കുറച്ചേ കഴിച്ചിട്ടുള്ളു ഈ കുട്ടി…
വെറുതെയല്ല കോലം ഇങ്ങനെ.. “”

അമ്മ എന്നെ വഴക്ക് പറഞ്ഞെങ്കിലും, ഞാൻ ഒഴിഞ്ഞു മാറി…
ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു ഭദ്രേച്ചിയും,
പിറകെ കണ്ണേട്ടനും വന്നത്…

“” അങ്ങനങ്ങു പോയാലോ…” ഭദ്രേച്ചി എന്റെ കയ്യിൽ പിടുത്തമിട്ടു..

“” നിനക്ക് വേണ്ടെങ്കിൽ വേണ്ട…,
വേണ്ടവർക്ക് വിളമ്പിത്തരാലോ…
എത്ര ദിവസായെടി നീ വിളമ്പിയത് കഴിച്ചിട്ട്…
കല്ല്യാണത്തിനോ വന്നില്ല.. അതിന്റെ ഒരു ശിക്ഷയാണെന്ന് കൂട്ടിക്കോ.. “” ഭദ്രേച്ചി ചിരിച്ചുകൊണ്ടെന്നെ, ടേബിളിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി…

മനപ്പൂർവ്വമാണെന്ന് എനിക്ക് അറിയാമായിരുന്നു…
എല്ലാവരെയും കാണിക്കാൻ…
പിന്നെ,
എന്റെ വേദന കാണാൻ…!

“” കണ്ണേട്ടനിരിക്കൂ.. “” ഭദ്രേച്ചി വിളിച്ചു.

“” എനിക്കു വേണ്ട “” പെട്ടന്നായിരുന്നു കണ്ണേട്ടൻ പറഞ്ഞത്..

ഭദ്രേച്ചി ആകെ വല്ലാതാകുന്നത് ഞാനറിഞ്ഞു..

“” അമ്മേ, കോളേജിൽ കുട്ടികളുടെ വക ട്രീറ്റ്‌ ഉണ്ടായിരുന്നു.. അതാ ഞാൻ ലേറ്റ് ആയത്..
ഇന്നിനി ഒന്നും വേണ്ട…
വിശപ്പില്ല..”” കണ്ണേട്ടൻ പറഞ്ഞു.

അമ്മയും അച്ഛനും അത് ശരിവെക്കും വിധം തലകുലുക്കുകയും, ഭദ്രേച്ചി ചൂളിപ്പോകുന്നതും ഞാനറിഞ്ഞു..
അധികസമയം അവിടെ നിൽക്കാതെ ഞാൻ മുറിയിലേക്ക് പോയി…

“” തന്റേടിയായ ഭദ്രയിപ്പോ നന്നായി പേടിക്കുന്നുണ്ടല്ലോ…
ആരെയാ, ചാരുവിനേയാ? “” കണ്ണൻ പരിഹാസ രൂപേണ ചോദിച്ചു.

“” എനിക്കറിയാം, നിങ്ങള് കള്ളം പറഞ്ഞതാണെന്ന്…
നിങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് “” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“” അതേലോ, കള്ളമാണ്..
അവളുടെ മുന്നിൽ ആളാവാൻ നോക്കിയതല്ലേ നീ.. അതുകൊണ്ടു തന്നെയാ ഞാൻ കള്ളം പറഞ് കഴിക്കാതെ പോന്നത്…
അച്ഛനോട് പറയുന്നെങ്കിൽ പറഞ്ഞോ എനിക്കൊരു വിരോധവുമില്ല…
കാരണം ചോദിക്കുമ്പോൾ, എല്ലാം വ്യക്തമായി പറഞ്ഞേക്കണം.. കേട്ടല്ലോ “” അയാൾ വീണ്ടും ചിരിച്ചു.
പുച്ഛത്തിന്റെ ചിരി…

ഭദ്രയ്ക്കൊന്നും പറയാനില്ലായിരുന്നു..
അവൾ വേഗം, കട്ടിലിൽ ചെന്നിരുന്നു..
ദേഷ്യംകൊണ്ട് മുഖമാകെ ചുവന്നിരുന്നു…

” ഒരിക്കൽ നീ തന്നെ പറയും, ആഗ്രഹത്തോടെ തട്ടിപ്പറിച്ചെടുത്ത ഈ ജീവിതം എനിക്ക് വേണ്ടിയിരുന്നില്ലെന്ന്…!
അത് നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കും… ” അവളെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട്, കണ്ണൻ ഉറങ്ങാൻ കിടന്നു…

“” നീ എത്രയുംവേഗം, ഒരു വിവാഹത്തിന് തയ്യാറാവണം…””

കുളപ്പടവിലിരുന്നാണ്, ഭദ്രേച്ചി അക്കാര്യമെന്നോട് ആവശ്യപ്പെട്ടത്…

“” ഭദ്രേച്ചി..!” ഞാൻ വിളിച്ചു.

“” ഇന്നല്ലെങ്കിൽ നാളെ നിനക്കും വേണ്ടതല്ലേ അങ്ങനൊന്ന്…
അത് എത്രയും നേരത്തെ വേണമെന്നാ ഞാൻ പറഞ്ഞത്…
നീ അനുസരിച്ചേ പറ്റൂ…!”” ഭദ്രേച്ചി തറപ്പിച്ചു പറഞ്ഞു.

“” സാധ്യമല്ല…!!””

ഞാൻ പറഞ്ഞതും, ഭദ്രേച്ചിയെന്നെ അവിശ്വസനീയതയോടെ നോക്കി..

“” ഇതുവരെ പറഞ്ഞതെല്ലാം ഞാൻ അതേപടി അനുസരിച്ചില്ലേ…
ഇക്കാര്യത്തിൽ അത് പ്രതീക്ഷിക്കണ്ട!
എന്റെ വിവാഹക്കാര്യത്തിൽ , മാറ്റാരെക്കാളും തീരുമാനമെടുക്കേണ്ടത് ഞാനാണ്…
അതെന്റെ അവകാശവുമാണ്…
എല്ലാം സഹിച്ച്, കൂടെ നിൽക്കുന്നു എന്നു കരുതി ഇത് ഞാൻ അനുസരിക്കും എന്ന് കരുതരുത്…

എന്റെ മനസ്സിൽ ഒരു പുരുഷനേ ഉണ്ടായിട്ടുള്ളൂ, അത് കണ്ണേട്ടനാണ്..
ആ ആളിപ്പോ ചേച്ചീടെ ഭർത്താവാണ്… അത് ഞാൻ അംഗീകരിക്കുന്നു…
എല്ലാം മറക്കുകയും ചെയ്യുന്നു…
എന്നുകരുതി, മറ്റൊരു പുരുഷനെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…
അതിനെന്നെ നിർബന്ധിക്കേം വേണ്ട…
ആരും!!””

കാത്തിരിക്കണേ.. ❤

 

Part 8 :https://m.facebook.com/groups/1725045934377816/permalink/3130890313793364/