രചന – നന്ദിത ദാസ്
“ഇവൻ ഇത് എന്ത് ഭാവിച്ചാണ്… കിട്ടിയതൊന്നും പോരെ? ”
“എബി… വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട… നടു റോഡാണ്… നമ്മുക്ക് പോയേക്കാം… ”
“അവന്റെ ഉദ്ദേശം എന്താണെന്നു നോക്കട്ടെ… ”
ജിതിൻ ഞങ്ങളുടെ അടുത്തെത്തി…
“ദിൽന… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ഒരു ടെൻ മിനിറ്റ് പ്ലീസ്… ”
“എനിക്കൊന്നും കേൾക്കണ്ട… നിങ്ങൾക്ക് പോകാം… വണ്ടി എടുക്ക് എബി… ”
“എബി എന്നാണ് പേര് അല്ലേ… പ്ലീസ് എബി എനിക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിക്കണം… ”
“എന്റെ മുന്നിൽ വെച്ചു പറയാനുള്ളത് പറഞ്ഞാൽ മതി താൻ ഇവളോട്… ഞാൻ കേൾക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ”
“ഹേയ് ഇല്ല… ശരിക്കും നിങ്ങളോട് രണ്ടാളോടും ഒരുമിച്ചു സംസാരിക്കുന്നത് തന്നെയാ അതിന്റെ ശരി… ”
ഞാൻ അയാളെ സൂക്ഷിച്ചു നോക്കി… മുൻപെങ്ങും ഇല്ലാത്തൊരു ഭാവം ആ മുഖത്ത് പ്രകടം ആയിരുന്നു…
“എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റായ സമീപനത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു… റിയലി സോറി ദിൽന…. ക്ഷമ ചോദിക്കാൻ പോലും ഞാൻ അർഹനല്ല… ചോരത്തിളപ്പിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർക്കുമ്പോൾ സ്വയം എന്നെ തന്നെ വെറുത്തു പോകുന്നു ഞാൻ….
കോടിശ്വരനായ അച്ഛന്റെ മകൻ… വളർന്നതും പഠിച്ചതും എല്ലാം സുഖലോലുപരനായിട്ടാണ്… ഒന്നിനും ഒരു കുറവില്ല… ഇതിന്റെ എല്ലാം കൂട്ടത്തിൽ ബന്ധങ്ങളുടെ വില മനസ്സിലാക്കാനും പരസ്പരം സ്നേഹിക്കാനും മറന്നു പോയി….
എന്റെ ഏറ്റവും വലിയ കുറവും അത് തന്നെ ആയിരുന്നു…
പെണ്ണ് എന്നും എനിക്കൊരു ലഹരി ആയിരുന്നു… മണിക്കൂറുകൾക്കു വേണ്ടി മാത്രം പലരെയും ഞാൻ ഉപയോഗിച്ചു… ക്യാഷ് മാത്രം ആയിരുന്നു അവരുടെയും ആവിശ്യം… കൈ നിറയെ കൊടുത്തു… ചുരുക്കം ചിലർ മാത്രമാണ് എന്നോട് എതിർത്തു നിന്നത്… അവരെ ബലമായി തന്നെ ഞാൻ ഭോഗിച്ചു… ഒരു കുറ്റബോധവും തോന്നിയിട്ടില്ല… പെണ്ണിന് വെറും മാംസത്തിന്റെ വില മാത്രമാണ് ഞാൻ നൽകിയത്… പക്ഷേ… ദിൽന… നീ എന്റെ കണ്ണ് തുറപ്പിച്ചു… എന്റെ തെറ്റുകൾ മനസിലാക്കാൻ എനിക്ക് നീ വേണ്ടി വന്നു…
ഇനി ഒരിക്കലും ഞാൻ പഴയ ജിതിൻ ആകില്ല… പ്രോമിസ്… എന്നെ വിശ്വസിക്കണം… തുടർന്നും കമ്പനിയിൽ ജോയിൻ ചെയ്യണം… ഇത് എന്റെ ഒരു അപേക്ഷ ആണ് പ്ലീസ്… ”
അയാളുടെ തൊണ്ട ഇടറുന്നുണ്ട്… ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ തന്നെ ആണോ? അതോ ഇനിയും വേറെ വല്ലതും മനസ്സിൽ കണക്കു കൂട്ടിയാണോ? ഒന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ…
“വീണ്ടും ജോലിക്ക് വരുന്നതിനോട് എനിക്ക് താല്പര്യം ഇല്ല സർ… ഒരു നല്ല മനുഷ്യനായി ജീവിക്കു… അത്രയും മാത്രമേ എനിക്ക് പറയാനുള്ളു… ”
“അതിനർത്ഥം എന്നെ വിശ്വാസം ഇല്ല എന്നല്ലേ… എനിക്കറിയില്ല എങ്ങനെ ഞാൻ നിങ്ങളെ വിശ്വസിപ്പിക്കുമെന്നു… എബി… ഒരു ഫൈവ് മിനിറ്റ്സ്…. ”
എന്തായിരിക്കും അയാൾക്ക് എബിയോട് സംസാരിക്കാൻ ഉള്ളത്…
എന്റെ അരികിൽ നിന്നും കുറച്ചു മാറി അവർ സംസാരിക്കാൻ തുടങ്ങി…
“എബി… ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ തെറ്റിദ്ധരിക്കരുത്… ദിൽന എബിയുടെ ആരാണ്? കാമുകിയോ അതോ സുഹൃത്തോ? എനിക്ക് അത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്… ”
അവന്റെ ചോദ്യം നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാക്കി… അവൾ എന്റെ എല്ലാം ആണെന്ന് പറയണമെന്നാണ് തോന്നിയത്… പക്ഷേ…
“ഹേയ്… ഞങ്ങൾ സുഹൃത്തുക്കൾ മാത്രം ആണ്… പിന്നെ ഒരേ നാട്ടുകാരും… ”
ഞാൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടു വിടരുന്നതായി കണ്ടു…
“എന്റെ ചെറിയ ഒരു സംശയം അത് ഇപ്പോൾ മാറി… എനിക്കറിയാം ഷീ ഈസ് ഗുഡ്… ”
“ഇതാണോ താൻ എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്… ”
“ഇത് മാത്രം അല്ല… എനിക്ക് ദിൽനയെ ഇഷ്ടമാണ്… വിവാഹം കഴിച്ചാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ട്… വെറുതെ പറയുന്നതല്ല… ആത്മാർത്ഥമായി ഹൃദയത്തിൽ തട്ടി തന്നെ പറയുന്നതാ… ഞാൻ അവളോട് ചെയ്ത തെറ്റ് ഇങ്ങനെ എങ്കിലും എനിക്ക് തിരുത്തണം… എന്നെ നേരെ ആക്കാൻ അവളെ പോലെ ഒരു പെണ്ണിനെ കഴിയു… അവൾ അല്ലാതെ വേറെ ഒരു പെണ്ണിനും എന്റെ ജീവിതത്തിൽ ഇനി സ്ഥാനം ഇല്ല… ”
ഞെട്ടലോടെ എല്ലാം കേട്ടിരിക്കാൻ മാത്രമേ എനിക്കായുള്ളു… കൈവെള്ളയിൽ ഇരിക്കുന്ന മാണിക്യം വഴുതി പോകുന്നപോലെ…
“എബി എന്താ ഒന്നും പറയാത്തത്… ദിൽനയോടു താൻ ഈ കാര്യം പറയണം… അവൾക്ക് ഇഷ്ടമായാൽ ഞാൻ വീട്ടിൽ പോയി ആലോചിച്ചോളാം ”
ചങ്ക് തകരുന്ന വേദനയിൽ “പറയാം ”
എന്ന് മാത്രം പറഞ്ഞു ഞാൻ തിരികെ നടന്നു…
“എന്തായിരുന്നു എബി അവിടെ വല്യ ചർച്ച… ”
“റൂമിൽ ചെന്നിട്ടു പറയാം.. വാ നമുക്ക് പോകാം ”
“മ്മ് ”
എബിക്ക് ഇതു എന്തു പറ്റി… പോയപോലെ അല്ലല്ലോ തിരികെ വന്നത്… അയാൾ ഇനി വല്ല ബ്ലാക്ക് മെയിലും ചെയ്തു കാണുമോ….
റൂമിൽ ചെന്നിട്ടും എബിയുടെ മുഖത്ത് എന്തോ വല്യ സങ്കടം പോലെ തോന്നി എനിക്ക്… എബിയുടെ മുന്നിലേക്ക് കയറി നിന്ന് ആ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു
“പറ എബി… എന്താ പ്രോബ്ലം… ”
“എന്ത് പ്രോബ്ലം… നോ പ്രോബ്ലം ”
“പിന്നെ എന്താ ഭയങ്കര സങ്കടം… എബിയെ കാണാൻ തുടങ്ങിയിട്ട് കുറേ ദിവസം ആയില്ലേ ഞാൻ ”
“ചെറിയ ഒരു നെഞ്ച് വേദന… ഞാൻ ഒന്ന് കിടക്കട്ടെ… ”
എബി റൂമിലേക്ക് കയറി… പുറകെ ഞാനും..
“ഹോസ്പിറ്റലിൽ പോകണോ എബി.. ? ”
“വേണ്ട… കിടന്നാൽ മാറും… ”
ബെഡിലേക്കു ഒരു സൈഡ് ചരിഞ്ഞു കിടക്കുന്ന എബിയെ നോക്കി കുറച്ചു സമയം ഞാൻ അവിടെ നിന്നു… വലതു കൈ കൊണ്ട് നെഞ്ച് നന്നായി തടവുന്നുണ്ടായിരുന്നു എബി… അത് കണ്ടപ്പോൾ റൂം വിട്ടു പുറത്ത് പോകാൻ എനിക്ക് തോന്നിയില്ല… ഞാൻ ചെന്ന് എബിയുടെ അരികിലായി ഇരുന്നു…
“അയ്യോ… ഇതെന്താ എബി കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ… നല്ല വേദന ഉണ്ടോ… ”
“കുഴപ്പം ഒന്നുല്ല… നീ ഒന്ന് പോകുവോ റൂമിൽ നിന്ന്… എനിക്ക് കുറച്ചു പ്രൈവസി വേണം… ”
“ഞാൻ പോകില്ല എബി… എന്തൊക്കെ പറഞ്ഞാലും പോകില്ല… ജിതിൻ എന്താ തന്നോട് പറഞ്ഞത്… അപ്പോൾ തുടങ്ങിയതാ തനിക്കു ഈ നെഞ്ച് വേദന… അതിനു മാത്രം എബിയോട് എന്താ അയാൾ പറഞ്ഞത് ”
“അത് അറിഞ്ഞാൽ നീ റൂമിന് വെളിയിൽ പോകുമോ? ”
“പോകാം… പറ.. എന്താ പറഞ്ഞത്? ”
“നീ എന്റെ കാമുകി ആണോന്നു അവനു അറിയണമെന്ന്… ”
“എന്നിട്ട്… എന്നിട്ട്… എബി എന്ത് പറഞ്ഞു… ”
ഉള്ളിലെ ആകാംക്ഷ ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു…
“എന്തായിരിക്കും ഞാൻ പറഞ്ഞതെന്ന് നിനക്കു ഊഹിക്കാമല്ലോ… നമ്മൾ തമ്മിൽ അങ്ങനെ യാതൊന്നും ഇല്ലാന്ന് പറഞ്ഞു… ”
എബിയുടെ വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു… വെറുതെ എങ്കിലും എബിക്ക് പറഞ്ഞു കൂടായിരുന്നോ ഞാൻ എബിയുടെ എല്ലാം ആണെന്ന്… ഉള്ളിലെ പിടപ്പ് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു
“നന്നായി…. എന്തിനാ അയാൾക്ക് ഇതൊക്കെ അറിഞ്ഞിട്ട്… ”
“നിന്നെ കെട്ടാൻ… അവനു നിന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്… നിന്നെ മാത്രമേ കെട്ടുള്ളു എന്ന്… നീ അവനു ഒരു അവസരം കൊടുക്കണമെന്ന് പറയാൻ പറഞ്ഞു എന്നോട്… ”
“പിന്നേ… കണ്ട തെമ്മാടികളായൊക്കെ ഞാൻ കെട്ടാൻ പോകുവല്ലേ…. ഒന്ന് ചുമ്മാതിരി എബി… ”
“അവൻ എന്നോട് പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞു… മാനസാന്തരം വന്ന പാപി അല്ലേ… ക്ഷമിക്കണമെന്നു അല്ലേ കർത്താവു പഠിപ്പിച്ചു തന്നത്… അവന്റെ സംസാരം ആത്മാർത്ഥമാണെന്ന് എനിക്ക് തോന്നി… നീ ആലോചിക്ക്…. ”
“അയാളുടെ സംസാരം കേട്ടിട്ട് ഒന്നും കള്ളത്തരം ആണെന്ന് എനിക്ക് തോന്നിയില്ല… ബട്ട് അങ്ങോട്ട് വിശ്വസിക്കാനും തോന്നുന്നില്ല… എനിക്ക് അയാളെ വിവാഹവും കഴിക്കണ്ട… എന്റെ പപ്പ കണ്ടുപിടിച്ചു തരുന്ന ആളിനെ മാത്രമേ ഞാൻ വിവാഹം കഴിക്കു…. ”
“നിനക്കു ഇഷ്ടം ഇല്ലങ്കിൽ വേണ്ട… ഞാൻ അവനോടു പറഞ്ഞേക്കാം പോരെ… എന്തായാലും ആ ശല്യം ഒഴിയുമല്ലോ… ”
“മ്മ്.. എബി…. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ എന്നോട്…? ”
“എന്താ… നീ ചോദിക്കു? ”
“ഇത്രയും ദിവസം നമ്മൾ ഒരുമിച്ചുണ്ടായിരുന്നല്ലോ… ഈ ദിവസങ്ങളിൽ എപ്പോൾ എങ്കിലും ഒരു സൗഹൃദത്തിനു അപ്പുറം എന്തെങ്കിലും എബിക്ക് എന്നോട് തോന്നിയിട്ടുണ്ടോ ”
ഉള്ളിൽ വന്ന ഞെട്ടലോടെ തന്നെ ഞാൻ അവളോട് ചോദിച്ചു…
“എനിക്ക് അങ്ങനെ വല്ലതും നിന്നോട് ഉണ്ടെന്ന് നിനക്കു എപ്പോൾ എങ്കിലും തോന്നിയിട്ടുണ്ടോ…?
“ഇത് ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആകുന്നില്ലലോ എബി… എബിക്ക് എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ…? ”
“ഇല്ല…. ”
എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു… അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്…
“മ്മ് ഒക്കെ… എനിക്കറിയാരുന്നു… എങ്കിൽ എബി ഉറങ്ങിക്കോ.. ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ് ”
പെട്ടെന്നുള്ള അവളുടെ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു…തുറന്നു സമ്മതിക്കേണ്ടി വന്നിരുന്നേൽ ചിലപ്പോൾ അവളുമായുള്ള സൗഹൃദം എന്നെന്നേക്കുമായി നഷ്ടമായിന്നു വരാം… അങ്ങനെ ഒരിക്കലും ഉണ്ടാകാൻ പാടില്ല… ഒരു നല്ല സുഹൃത്തായിട്ടെങ്കിലും അവൾ എന്റെ കൂടെ വേണം…
എന്തിനാ എബി മുഖത്ത് നോക്കി കള്ളം പറഞ്ഞത്… എന്നോടുള്ള ഇഷ്ടം ആ കണ്ണുകളിൽ ഞാൻ കണ്ടതല്ലേ… അതോ എനിക്ക് തോന്നിയതാണോ… നിന്റെ വാക്കുകളിലെ പതർച്ച… അത് സത്യം ആയിരുന്നില്ലേ… എനിക്ക് ഉറപ്പുണ്ട് എബി എന്നെ പോലെ തനിക്കും എന്നോട് പ്രണയം ഉണ്ടെന്ന്… പക്ഷേ അത് തുറന്നു സമ്മതിക്കാൻ നമുക്ക് കഴിയാത്തോളം കാലം ഉള്ളിൽ ഒളിപ്പിച്ച പ്രണയമായി അത് നിലകൊള്ളും….
(തുടരും )

by