20/04/2026

സന്ധ്യാംബരം : ഭാഗം 06

രചന – സിന്ധു അപ്പുക്കുട്ടൻ

“ഹായ് സർ…

ലിഫ്റ്റിലേക്ക് കയറാനൊരുങ്ങുമ്പോൾ പിന്നിൽനിന്ന് ആരോ വിളിക്കുന്ന കേട്ട് ജയകൃഷ്ണൻ തിരിഞ്ഞു നോക്കി.

എം ഡിയുടെ അസിസ്റ്റന്റ് മൃദുല അയാൾക്കരികിലേക്ക് ഓടി വരുന്നുണ്ടായിരുന്നു.

അവൾ അടുത്തെത്തിയതും എന്താ എന്ന ചോദ്യഭാവത്തിൽ അയാളവളെ ഉറ്റു നോക്കി.

“നതിങ് സർ .. ഞാനുമുണ്ട് എന്ന് പറഞ്ഞതാ.

അവന്റെ മുഖത്തെ ചോദ്യഭാവം വായിച്ചെടുത്ത മൃദുല മനോഹരമായ ഒരു ചിരിയോടെ പറഞ്ഞു.

അവനതിനു മറുപടി പറയാതെ ലിഫ്റ്റിലേക്ക് കടന്ന് നിന്നു. പിന്നാലെ മൃദുലയും.

“ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത സോങ് കേട്ടു ട്ടോ.. സോങ് സെലെക്ഷൻ സൂപ്പർ.. എന്തൊരു ഫീലാ സാറിന്റെ വോയ്‌സിന്. യു ആർ എ ടാലെന്റെഡ് സിങ്ങർ. വേണ്ട വിധത്തിൽ വിനിയോഗിക്കുന്നില്ല എന്ന് തോന്നുന്നു.

“ഉം..

അവനൊന്നു മൂളി.

“എന്തിനാ ഇത്ര ഗൗരവം. ഒരു താങ്ക്സ് പറഞ്ഞൂടെ.

“ഓഹ്… സോറി…. താങ്ക്യു..

മൃദുല പിന്നെയുമെന്തോ പറയാൻ തുടങ്ങിയതും ലിഫ്റ്റ് അവർക്കിറങ്ങേണ്ട ഫ്ലോറിൽ എത്തി നിന്നിരുന്നു.

ജയകൃഷ്ണൻ അവളെ ഗൗനിക്കാതേ ഇറങ്ങി പോകുകയും ചെയ്തു.

ആ.. പിന്നെ ഞാനൊരു ഫയൽ തന്റെ ടേബിളിലേക്ക് കൊടുത്തിട്ടുണ്ട് ഇന്നലെ.. താൻ ഉച്ചക്ക് ശേഷം ലീവായിരുന്നല്ലോ. അതിലെ ഡീറ്റെയിൽസ് വെച്ച് ഒരു പ്രസന്റേഷൻ റെഡിയാക്കി എംഡിയെ കാണിക്കാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ലീവാ. റെഡിയായി കഴിയുമ്പോ എന്റെ ടേബിളിൽ എത്തിച്ചാൽ മതി.എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിച്ചോളൂ.

രണ്ടടി മുന്നോട്ട് നടന്നതിനു ശേഷം അവൻ തിരിഞ്ഞു നിന്ന് മൃദുലയോട് പറഞ്ഞു.

ഓക്കേ സർ..

ഉം..

“ഹൗ… എന്തൊരു ജാതി മനുഷ്യൻ. സുന്ദരിയയൊരു പെൺകുട്ടി കൂടെ നടക്കാൻ ശ്രമിക്കുമ്പോൾ തട്ടി മാറ്റുന്ന മരങ്ങോടൻ.

മൃദുല പിറുപിറുത്തുകൊണ്ട് അവളുടെ കേബിനിലേക്ക് കയറിപ്പോയി.

“എന്താടി ജയകൃഷ്ണൻ സാറുമായി ഒരു പഞ്ചാരയടി

ലിയ അവളുടെ കാബിനിൽ നിന്ന് എത്തി നോക്കി.

“പഞ്ചാരയോ… അങ്ങേരോടോ.. നല്ല കാര്യായി…ഇങ്ങനെയൊരു മനുഷ്യനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല. എഡ്യൂക്കേറ്റഡ് ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. മനുഷ്യരെ കണ്ടിട്ടില്ല എന്നാ തോന്നുന്നേ.

“ഒന്ന് പോടീ.. അങ്ങേരോരു പാവമാ. ഒരുപാട് ജീവിതനുഭവങ്ങൾ ഉള്ളൊരു വ്യക്തി. അതിനേ വെറുതെ വിട്ടേക്ക് നീ.. നീയെന്നല്ല നിന്നെക്കാൾ വലിയ സുന്ദരികൾ വിചാരിച്ചാലും വളയാത്ത ഇനമാ.

“ഉം…നീ നോക്കിക്കോ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നമ്മുടെ അസിസ്റ്റന്റ് മാനേജർ ജയകൃഷ്ണൻ എന്റെ കയ്യിലിരിക്കുമെടി.

“നേരത്തെ നിന്റെ ചെയറിൽ ഉണ്ടായിരുന്ന ഊർമിള നിന്നെക്കാൾ സുന്ദരിയായിരുന്നു. രണ്ടു പേരെയും ഒന്നിച്ചു കണ്ടാൽ മേഡ് ഫോർ ഈച്ചദർ എന്ന് പറയുമായിരുന്നു.എന്നിട്ടും എന്താ കാര്യം. സാറവളുടെ മുഖത്തു നോക്കില്ലായിരുന്നു.

ആ കുട്ടി നമ്മുടെ സോഫ്റ്റ്‌വെയർ കാശി ഗ്രൂപ്പിന് ചോർത്തി കൊടുത്തു. അതറിഞ്ഞപ്പോ ജയകൃഷ്ണൻ സാറിന്റെ ഒരു ഭാവം കാണണമായിരുന്നു. അടിച്ചില്ല എന്നേയുള്ളു. അന്നാ ഇങ്ങേർക്ക് അങ്ങനൊരു ഭാവം കൂടിയുണ്ടെന്നു എനിക്ക് മനസ്സിലായെ. നോക്കീം കണ്ടും നിന്നോ അവൾക്ക് കൊടുക്കാൻ വെച്ചതും കൂടി നീ മേടിക്കും എന്നാ എനിക്ക് തോന്നുന്നേ.

“ഒന്നു പോടീ…

മൃദുല ചിരിച്ചു കൊണ്ട് തന്റെ കമ്പ്യൂട്ടർ ഓണാക്കി.

***********************—-*******

വൈകുന്നേരം സന്ധ്യ ചെടികൾ നനച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ജയകൃഷ്ണന്റെ ബൈക്ക് ഗേറ്റിനപ്പുറം വന്ന് ഹോണടിച്ചത്. അവൾ ഹോസ് താഴെയിട്ട് വേഗം നടന്നു ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു.

“താനെന്തിനാ ഈ വയ്യാത്ത കാലും വലിച്ചു വെച്ച് ഇങ്ങനെ ഓടുന്നെ?

മെല്ലെ വന്നു തുറന്നാൽ പോരേ. തനിവിടുത്തെ സെർവന്റാന്നുമല്ലല്ലോ.

ജയകൃഷ്ണൻ അവളെ ശാസിച്ചു.

ജോലി ചെയ്തിരുന്ന വീട്ടിലെ ശീലം ഓർമ്മ വന്നു ഏട്ടാ.

ഹും…

ബൈക്ക് സ്റ്റാൻഡിൽ വെച്ച് അവനകത്തേക്ക് കയറിപ്പോയി.

സന്ധ്യ ഹോസെടുത്തു നന്ദൂട്ടിയുടെ കയ്യിൽ കൊടുത്തു.

അമ്മ ഇപ്പൊ വരാട്ടോ. അങ്കിൾന് ചായയെടുത്തു കൊടുക്കട്ടെ.

ചായ മുകളിലേക്കു കൊണ്ടു കൊടുക്കണോ വേണ്ടയോ എന്ന ചിന്തയോടെ കോണിച്ചുവട്ടിൽ നിൽക്കുമ്പോൾ ജയകൃഷ്ണൻ പടികളിറങ്ങി വന്നു.

“ആഹാ ഇത്ര പെട്ടന്ന് ചായയും ഉണ്ടാക്കിയോ. സാധാരണ ഞാൻ തന്നെയാ എനിക്കുള്ള ടീ ഉണ്ടാക്കാറ്. താൻ ബുദ്ധിമുട്ടണം എന്നില്ല.

സാരമില്ല ഏട്ടാ. ഇവിടിപ്പോ ഞാനുണ്ടല്ലോ

ഹും.. മോളെവിടെ?

അവൾ പുറത്തുണ്ട്.

അവൻ ചായ ഗ്ലാസുമായി പുറത്തേക്കു നടന്നു.

സന്ധ്യയും പിന്നാലെ മുറ്റത്തേക്കിറങ്ങി മോൾടെ കയ്യിൽ നിന്നും ഹോസ് വാങ്ങി വീണ്ടും ചെടികൾ നനക്കാൻ തുടങ്ങി.

“താൻ എത്രവരെ പഠിച്ചു..?

.സിറ്റൗട്ടിലെ ചാരുകസേരയിലിരുന്ന ജയകൃഷ്ണൻ വിളിച്ചു ചോദിച്ചു.

പത്തിൽ തോറ്റു പോയി.

സന്ധ്യ ഒരു ചമ്മലോടെ മുഖം താഴ്ത്തി.

രണ്ടാമതൊന്നു കൂടി ട്രൈ ചെയ്യരുന്നില്ലേ..?

അന്നതിനു ശ്രമിച്ചില്ല. തുടർന്നു പഠിപ്പിക്കാനുള്ള കഴിവ് അച്ഛനും ഉണ്ടായിരുന്നില്ല.

ശ്രമിച്ചിരുന്നെങ്കിൽ തന്നെപ്പോലുള്ള ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഗവണ്മെന്റ് സർവീസിൽ തന്നെ കയറിപ്പറ്റാമായിരുന്നു.

അന്ന് അതേക്കുറിച്ചൊന്നും വലിയ അറിവുകൾ ഇല്ലാ. പറഞ്ഞു തരാനും ആരുമുണ്ടായില്ല. തയ്യൽ പഠിച്ചാൽ ഒരു തൊഴിലാകും എന്ന് അച്ഛൻ പറഞ്ഞു. ഞാനും അത് ശരി വെച്ചു. പിന്നെ ഞങ്ങളുടെ വാർഡ് മെമ്പർ സഹായിച്ച്, പഞ്ചായത്തിൽ നിന്നും ഒരു പെൻഷൻ റെഡിയാക്കിത്തന്നു. ജീവിച്ചു പോകാൻ അതൊക്കെ മതി എന്നയിരുന്നു എന്റെ മൂഢവിശ്വാസം.

പിന്നെ അച്ഛനും അമ്മയ്ക്കും ഒരു പ്രതീക്ഷയുണ്ടായിരുന്നു എന്റെ കുറവുകൾ എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കാനും ജീവിതകാലം മുഴുവൻ സംരക്ഷിക്കാനും ആണൊരുത്തൻ വന്നു ചേരുമെന്ന്.

പക്ഷേ…

സന്ധ്യ പാതിയിൽ നിർത്തി. പിന്നെ തന്റെ ജോലി തുടർന്നു.

************************

വീടിനു പുതിയൊരു തിളക്കം വന്നിട്ടുണ്ടല്ലോ എന്ന ആശ്ചര്യത്തോടെയാണ് ദീപ്തി കയറി വന്നത്.

രാവിലെ ഞാൻ പോയപ്പോൾ ഇവിടെ ഉണ്ടായിരുന്ന വീടല്ല ല്ലോ ഇത്. മൊത്തം മാറ്റി മറിച്ചോ നീ..?

അവൾ സന്ധ്യയെ നോക്കി താടിക്ക് കൈകൊടുത്തു.

ജനൽച്ചില്ലുകളെല്ലാം തുടച്ചു വൃത്തിയാക്കി അലക്കിയുണക്കിയ കർട്ടനുകൾ വിരിച്ചിട്ടുണ്ട്. വാതിൽ വിരികളും അലക്കി വൃത്തിയാക്കിയിട്ടുണ്ട്.

മുഷിഞ്ഞു കിടന്ന തുണികൾ എല്ലാം വാഷ് ചെയ്ത് ഓരോന്നും തരം തിരിച്ച് കട്ടിലിൽ മടക്കി വെച്ചിട്ടുണ്ട്.

അടുക്കളയിൽ, എന്നുമവളെ വരവേൽക്കാറുള്ള പുളിച്ച മണമില്ല. വാഷ് ബേസിനിൽ കുന്നു കൂടി കിടക്കാറുള്ള എച്ചിൽ പാത്രങ്ങളില്ല. എല്ലാം അടുക്കും ചിട്ടയുമായി അതതിന്റെ സ്ഥാനങ്ങളിൽ വെണ്മപടർത്തിയിരിപ്പുണ്ട്.

ദീപ്തി അവളെ കെട്ടിപ്പിടിച്ചു.

“ഇപ്പോഴാടി ഇതൊരു വീടായേ. എനിക്ക് ഒന്നിനും നേരമുണ്ടാകില്ല. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച അടിക്കലും തുടക്കലുമൊക്കെയായി പൊരിഞ്ഞ പണികൾ ആയിരിക്കും. എന്നാലും ഇതിങ്ങനെ വൃത്തിയാവില്ലയിരുന്നു.

“ഞനിവിടെ ഉള്ളിടത്തോളം വീടിനെക്കുറിച്ച് നീയിനി ആകുലപ്പെടേണ്ട ദീപു.

“അയ്യടാ.. വീട്ടു ജോലിക്കു നിർത്താനല്ല നിന്നെയിങ്ങോട്ട് കൊണ്ട് വന്നേ. അടുത്തയാഴ്ചമുതൽ എന്റൊപ്പം ഷോപ്പിലേക്കു വന്നേക്കണം. അവിടെയാ നിന്റെ ഡ്യൂട്ടി.

“ഓ… അങ്ങനെയാവട്ടെ…

സന്ധ്യ ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി.

രാത്രി ചപ്പാത്തിക്കുള്ള കറികളെല്ലാം സന്ധ്യ നേരെത്തെ തയ്യാറാക്കിയതുകൊണ്ട് ദീപ്തിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

സന്ധ്യേ… അച്ഛന്റേം അമ്മയുടേം മൂന്ന് ഏട്ടന്മാരുടെയും പുന്നാരവാവയായിരുന്നല്ലോ നീ. പിന്നെ നിനക്കെന്താ സംഭവിച്ചേ.?

സന്ധ്യ കുളി കഴിഞ്ഞ് മുടി വിതർത്തുകയായിരുന്നു. ദീപ്തിയുടെ ചോദ്യം കേട്ട് അവളുടെ മിഴികളിൽ രണ്ടു നീർമുത്തുകൾ ഉരുണ്ടു കൂടി.

അവൾ ജനലോരം ചാരി നിന്ന് പുറത്തേക്ക് നോക്കി.

ഏട്ടൻമാർക്ക് അവരവരുടെ കാര്യം കഴിഞ്ഞപ്പോ ഞാനും അച്ഛനും അമ്മയും ഒരു ബാധ്യതയായി. ഒരുപാട് വൈകിയുണ്ടായ പെങ്ങളല്ലേ . ഞാൻ ചെറിയ ക്ലാസ്സിൽ ആയിരിക്കുമ്പോഴേ മൂത്ത രണ്ടുപേരും കല്യാണം കഴിച്ചു കുട്ടികളും ആയി. എങ്കിലും അവരെന്നെ നോക്കിക്കൊള്ളും എന്ന അമിത വിശ്വാസമായിരുന്നു അച്ഛന്.

സന്ധ്യ ഒരു നെടുവീർപ്പോടെ ഓർമ്മകളെ അടുക്കിപ്പെറുക്കിയെടുത്തു.

“ഈ വീടും പറമ്പും എന്റെ പേരിലാക്കി തന്നാൽ ഞാനീ കല്യാണം നടത്താം. ആരുടേയും സഹായമില്ലാതെ. അതിനു സമ്മതമില്ലെങ്കിൽ എന്നെ നോക്കണ്ട ഒരു കാര്യത്തിനും. എനിക്കും രണ്ടു പെൺകൊച്ചുങ്ങൾ വളർന്നു വരുന്നുണ്ട്. അവർക്ക് വേണ്ടി ഇപ്പോഴേ വല്ലതും കരുതി വെച്ചെങ്കിലെ അതുങ്ങളുടെ ഭാവി സുരക്ഷിതമാവുള്ളു.

സതീശന്റെ ഭീഷണിച്ചുവയുള്ള വാക്കുകൾ അടുക്കളയിലിരുന്ന് സന്ധ്യയും കേൾക്കുന്നുണ്ടായിരുന്നു.

“നീയിങ്ങനെ വാശിപിടിച്ചാലെങ്ങനാ.. നിനക്ക് തന്നാൽ നാളെ രമേശനും, സന്തോഷും അവരുടെ വീതം ചോദിച്ചു വന്നാൽ ഞാനേന്ത് ചെയ്യും.

അച്ഛന്റെ സ്വരം വല്ലാതെ തളർന്നിട്ടുണ്ട്. സന്ധ്യ അമ്മയെ നോക്കി. അവർ ഇതൊന്നും കേൾക്കുന്നില്ല എന്ന് തോന്നി. തോരനുള്ള ബീൻസ് അരിഞ്ഞു കൂട്ടുകയാണ്.

“എന്നാപ്പിന്നെ അച്ഛൻ അച്ഛന്റിഷ്ടം പോലെ ചെയ്യ്. എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇതെങ്കിലും നടന്നില്ലെങ്കിൽ അവള് ഇവിടെ തന്നെ നിന്ന് പോകുകെയുള്ളു. വയസ്സ് മുപ്പത്തിരണ്ടായി.

കുറച്ചു ദിവസം മുൻപ് സതീശൻ തന്നെയാണ് അവൾക്കൊരു ചെറുക്കനെ കിട്ടിയിട്ടുണ്ട് എന്നും പറഞ്ഞുകയറി വന്നത്.

“രണ്ടാം കെട്ടാ. രണ്ടു പിള്ളേരും ഉണ്ട്. പ്രായം ഇത്തിരി കൂടുതൽ ആണെങ്കിലും ഇവൾക്ക് ചേരും. അത്യാവശ്യം സാമ്പത്തികവുമുണ്ട്.

“നിനക്ക് വേറെ ആരെയും കിട്ടിയില്ലേ സതീശാ. എന്റെ കൊച്ചിന് കാലിനിത്തിരി വയ്യായ ഉണ്ടെന്നല്ലേ ഉള്ളു. ഇങ്ങനെ മൂത്ത് നരച്ച ഒരുത്തന്റെ പിടലിക്കു കെട്ടിവെക്കാനും മാത്രം ഗതികെട്ടോ അവള്.

“കാലിന്റെ വയ്യായ നിങ്ങൾക്ക് നിസാരമായിരിക്കും പക്ഷേ പെണ്ണ് ചോദിച്ച് വരുന്നവരുടെ കണ്ണിൽ അതൊരു കുറവ് തന്നെയാ. ഒന്നുമില്ലെങ്കിലും മൂത്തു നരച്ച് ഇവിടെ നിന്ന് പോകുന്നതിലും ഭേദമല്ലേ..

പിന്നെ അച്ഛന്റെ ശബ്ദമൊന്നും കേട്ടില്ല.

സന്ധ്യ മുറ്റത്തേക്കിറങ്ങി അലക്കു കല്ലിനരികിൽ മറിഞ്ഞു കിടന്നിരുന്ന പഴയ ഉരലിന്റെ മുകളിൽ ചെന്നിരുന്നു.

വിരലുകൾ ഇല്ലാതെ, ഒരു മാംസക്കഷ്ണം പോലെ ഉരുണ്ടു കൂടിയിരിക്കുന്ന വലതു കാൽപ്പാദത്തിലേക്ക് അവൾ തുറിച്ചു നോക്കി.. കണ്ണുനീർ വറ്റിപ്പോയതുകൊണ്ടോ എന്തോ അവ പെയ്യാൻ മടിച്ചു. നിസ്സഹായതയുടെ കൊടുമുടിയിൽ നിന്നവൾ താഴേക്കു നോക്കി. പ്രതീക്ഷയുടെ ഒരു തിരിവെട്ടം പോലും എങ്ങും കാണാൻ കഴിഞ്ഞില്ല.

തുടരും..