17/04/2026

ആര്യതീർത്ഥം

ആര്യതീർത്ഥം

രചന – അഗ്നിമിത്ര

കൈയിലിരിക്കുന്ന കാച്ചി കുറുക്കിയ പാൽ ഗ്ലാസിലേയ്ക്ക് നീട്ടിയൊഴിക്കുമ്പോൾ അടുക്കളയിലെങ്ങും ഫിൽറ്റർ കോഫിയുടെ ഗന്ധം പരന്നിരുന്നു. മഞ്ഞു മൂടിയ പ്രഭാതത്തിൽ ആ ഗന്ധം ആസ്വദിച്ചു കൊണ്ടവൾ ഉമ്മറത്തേയ്ക്ക് ചെന്നു. നടുത്തളത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന തുളസിത്തറയ്ക്ക് മുമ്പിൽ കണ്ണുമടച്ചു പ്രാർത്ഥിക്കുവാണ് പാട്ടി.

കൃഷ്ണമൂർത്തിയുടെ അമ്മയാണ് ദേവകിയമ്മാൾ. പ്രായം എൺപത് കഴിഞ്ഞെങ്കിലും അതിന്റെ അവശതകൾ ഒന്നുമില്ലാതെ വേദവും മന്ത്രവുമെല്ലാമായി ജീവിതം മുന്നോട്ട് നീക്കുകയാണ് കക്ഷി. ബ്രാഹ്മിണ ആചാരങ്ങൾ മുറുക്കെ പിടിക്കുന്ന സാധാരണയൊരു വൃദ്ധയാണെങ്കിലും മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും അതിയായ വാത്സല്യമാണവർക്ക്. കാലത്തെ പ്രഭാത വന്ദനമൊക്കെ കഴിഞ്ഞ് വരുമ്പോഴേയ്ക്കും ഒരു ഗ്ലാസ്‌ ഫിൽറ്റർ കോഫി അവർക്ക് നിർബന്ധമാണ്.

ചുമന്ന കല്ലിന്റെ വലിയ മൂക്കുത്തിയും നിറപകിട്ടേറിയ സാരിയും നെറ്റിത്തടത്തിലെ ചന്ദനവും മുറുക്കി ചുമന്ന ചുണ്ടുകളുമെല്ലാം അവരുടെ ഐശ്വര്യത്തെ എടുത്തു കാട്ടുന്ന ഘടകങ്ങളാണ്.

“നിനക്കിന്ന് ക്ലാസ്സില്ലേ കുട്ടി”

“സമയമാകുന്നതല്ലേ ഉള്ളു. ദാ കാപ്പി ”

തീർത്ഥ നീട്ടിയ സ്റ്റീൽ ഗ്ലാസ്‌ കൈയിൽ വാങ്ങി അതിന്റെ സുഗന്ധം ആസ്വദിച്ചു കൊണ്ടവർ നടുത്തളത്തിന് സമീപം ഇരിപ്പുറപ്പിച്ചു.

“തീർത്ഥെ… വെള്ളം കോരി വെച്ചോ ”

“ഇല്ല അമ്മാ. പാട്ടിയ്ക്ക് കാപ്പി തയ്യാറാക്കിയിട്ട് കോരാമെന്ന് ഓർത്തു. ”

“വേഗാകട്ടെ. നിനക്ക് 8 മണിക്ക് പോകേണ്ടതല്ലേ ”

കൈയിലിരുന്ന തട്ടുമായി അമ്മാളു അകത്തേയ്‌ക്ക് നടന്നു. കോലം എഴുതി കഴിഞ്ഞുള്ള വരവാണത്..
അമ്പതിനോടടുത്തു പ്രായം ഉള്ള സാധാരണ വീട്ടമ്മയാണ് അമ്മാളു. കൃഷ്ണമൂർത്തിയുടെ പ്രിയ പത്നി. കാലത്തെ കുളിയെല്ലാം കഴിഞ്ഞ് ആദ്യം ചെയ്യുക കോലമെഴുത്താണ്. മറ്റാര് ചെയ്താലും ആ കാര്യത്തിൽ അമ്മാളുവിന് തൃപ്തി വരില്ല. അതുകൊണ്ട് തന്നെ ആ കാര്യത്തിലേയ്ക്ക് ആരും ശ്രദ്ധിക്കാറുമില്ല. വീട്ടമ്മയാണെങ്കിലും ആളൊരു സംഗീതജ്ഞയാണ്. അഗ്രഹാരത്തിലെ ചില കുട്ടികൾക്ക് സംഗീത ക്ലാസുകൾ എടുക്കുന്നുമുണ്ട്.

അടുക്കളയിൽ നിന്നും സ്റ്റീലിന്റെ കുടവുമെടുത്ത് തീർത്ഥ പുറത്തേക്കിറങ്ങി. ആ വീട്ടിൽ ഓരോ നേരവും ഓരോരുത്തർ ചുമതലയേറ്റിരിക്കുന്ന ജോലികളുണ്ട്. രാവിലത്തെ ജല ശേഖരണം തീർത്ഥയുടെ ജോലിയാണ്.

അഗ്രഹാരത്തിലെ ഓരോ വീടുകളും ഉണർന്നു വരുന്നതേ ഉള്ളു. പല വീടിന്റെയും ഉമ്മറത്ത് കോലമെഴുതികൊണ്ട് സ്ത്രീജനങ്ങൾ സജീവമാണ്. എല്ലാവർക്കും പുഞ്ചിരി നൽകി കിണറ്റിൻ കരയിൽ തന്റെ ഊഴത്തിനായി അവൾ കാത്തു നിന്നു.

“നീ ഇങ്ങനേ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായല്ലോ തീർത്ഥെ. നിന്നെ കഴിഞ്ഞ് വന്നവർ വരെ വീടെത്തിയല്ലോ ”

“തിരക്ക് കഴിയട്ടെ എന്ന് വിചാരിച്ചു സീതേച്ചി ”

“ഇങ്ങനെ ആടി തൂങ്ങി നിന്നാൽ അവിടെ നിൽക്കും. നീ കുറച്ചൊക്കെ ഒന്ന് ഉഷാറാക് ”

അഗ്രഹാരത്തിലെ തന്നെ ഒരു വീട്ടമ്മയാണ് സീത. തീർത്ഥയുടെ പല രീതികളും അവർക്ക് അത്ര സ്വീകാര്യമല്ല. സീതയ്ക്കെന്നല്ല മിക്കവർക്കും അങ്ങനെ തന്നെയാണ്. കൃഷ്ണമൂർത്തിയുടെയും അമ്മാളുവിന്റെയും ഒറ്റ മകൾ ആയതുകൊണ്ട് തന്നെ ആ വീട്ടിലെ ചെല്ലക്കുട്ടിയാണ് ആര്യതീർത്ഥ. പ്രായം 22 കഴിഞ്ഞെങ്കിലും, കോളേജിലും വീട്ടിലും അഗ്രഹാരത്തിലുമെല്ലാം ആള് പൊതുവെ ഉൾ വലിഞ്ഞൊരു സ്വഭാവക്കാരിയാണ്. ചുറുചുറുക്ക് തീരെയില്ലെന്ന് എടുത്തു പറയേണ്ടി വരും. അതുകൊണ്ട് തന്നെ പരിപാടികളിലോ ആളുകൾ അധികം കൂടുന്നിടത്തേയ്ക്കോ തീർത്ഥ ശ്രദ്ധിക്കാറില്ല.

പഠിക്കാൻ ശരാശരി ആയൊരു പെൺകുട്ടി. എങ്കിലും ഇപ്പോൾ പിജി ചെയ്യുന്നുണ്ട്. തീർത്ഥയ്ക്ക് അതിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. കൃഷ്ണമൂർത്തിയുടെ നിർബന്ധപ്രകാരമാണ് പിജിയ്ക്ക് ചേർന്നത് തന്നെ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അറിവും നിർബന്ധമാണെന്ന് അദ്ദേഹം കൂടെ കൂടെ പറയാറുണ്ട്. അപ്പയുടെയും അമ്മയുടെയും പാട്ടിയുടെയും തീരുമാനത്തിന് അപ്പുറത്തേയ്ക്ക് തീരുമാനമില്ലാത്തവൾക്ക് അപ്പയുടെ ആ തീരുമാനം സ്വീകാര്യമായിരുന്നു.

രണ്ടു കുടത്തിലും വെള്ളം നിറച്ച് വീട്ടിലെത്തിയപ്പോൾ അമ്മാളുവിന്റെ മുഖം കുറച്ച് കടുപ്പമായിരുന്നു.

“ഇന്നും എല്ലാവരും പോകാൻ കാത്തു നിന്നല്ലേ. ഇങ്ങനെ ഒതുങ്ങി കൂടിയാൽ എങ്ങനെയാ തീർത്ഥെ. എപ്പോഴും ഞങ്ങൾ കൂടെ ഉണ്ടാകണമെന്നുണ്ടോ. നാളെ മറ്റൊരിടത്തു പോയി ജീവിക്കേണ്ടതാ നീ. നിന്റെ ഈ സ്വഭാവവും കൊണ്ട് മറ്റൊരു വീട്ടിൽ ചെന്നു കയറിയാൽ ജീവിക്കാൻ പറ്റില്ല. ”

“അവള് പഠിക്കുന്നതല്ലേ ഉള്ളു അമ്മാളു. അവൾക്ക് ഇഷ്ടമുള്ളപ്പോൾ മതി വിവാഹമൊക്കെ. അവൾക്ക് ഇഷ്ടമില്ലെങ്കിൽ നടത്തുകയുമില്ല. അതും പറഞ്ഞ് അവളെ ഇങ്ങനെ പേടിപ്പിക്കാതെ ”

അമ്മാളുവിന്റെ സംസാരം കേട്ട് അങ്ങോട്ടേക്ക് വന്ന പാട്ടി അവരെ ശാസിച്ചു.

“അവളുടെ ഇഷ്ടം. അങ്ങനെയൊന്ന് അമ്മ കേട്ടിട്ടുണ്ടോ. എപ്പോഴും നമ്മുടെ ഇഷ്ടം. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം. ഒരു വസ്ത്രം പോലും തനിയെ എടുക്കാൻ അറിയില്ല. എല്ലാ കാര്യത്തിനും ആരെങ്കിലും ഒപ്പം വേണം. ഇപ്പോൾ തന്നെ അവളുടെ കാര്യമാ പറയുന്നത്. എന്നിട്ട് നിൽക്കുന്നത് നോക്കിക്കേ. വേറെ ആരുടെയോ കാര്യം പറയുന്നത് പോലെ ”

അടുപ്പിൽ നിന്ന് ഉപ്പുമാവ് ഇറക്കി വെയ്ക്കുമ്പോഴും അമ്മാളുവിന്റെ നോട്ടം പതിഞ്ഞ ചിരിയോടെ അടുത്തു നിൽക്കുന്ന തീർത്ഥയിൽ പതിഞ്ഞു. അവിടെ ആ നോട്ടം കണ്ടിട്ടും ഭാവമാറ്റം ഒന്നുമുണ്ടായില്ല.

“എന്ത് നോക്കി നിൽക്കുവാ. പോയി ഒരുങ്ങ്. സമയമാകുന്നു ”

“മ്മ്. അപ്പയോട് ഫീസിന്റെ കാര്യം പറഞ്ഞോ അമ്മ ”

“പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞേ പൈസ ശരിയാകു. നെയ്ത്തൊക്കെ കുറവാണെന്നാ അപ്പ പറഞ്ഞത്. എനിക്കും പൈസയൊന്നും കിട്ടിയില്ല. ഉണ്ടായിരുന്നത് കൊണ്ട് വീട്ടിലേയ്ക്ക് വേണ്ടതും പാട്ടിയുടെ കുഴമ്പും കഷായവും വാങ്ങി.”

“കിട്ടുമ്പോ മതിയമ്മ. ഒരാഴ്ച സമയമുണ്ട്. ”

“പിജി ഈ മാസം കഴിയില്ലേ. അത് കഴിഞ്ഞ് എന്ത് ചെയ്യാനാ ”

“അറിയില്ല.”

തീർത്ഥ തലകുനിച്ചു. എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അമ്മാളു മറ്റു ജോലികളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. തീർത്ഥയാകട്ടെ എല്ലാവരെയും നോക്കിയിട്ട് ഒരുങ്ങാനായി മുറിയിലേയ്ക്ക് നടന്നു. സാധാരണ ഒരു ചുരിദാറുമിട്ട് രണ്ടു സൈഡിൽ നിന്ന് അല്പം മുടിയെടുത്തു ക്ലിപ്പിട്ടതോടെ അവളുടെ ഒരുക്കം കഴിഞ്ഞു. പോകുന്ന വഴി ക്ഷേത്രത്തിൽ കയറി ഒരു ചന്ദന കുറി കൂടെ ആയാൽ അവൾ തൃപ്തയാകും. വർഷങ്ങളായി ഇങ്ങനെയാണ് തീർത്ഥ. പൊട്ടു പോലും അമിത ഒരുക്കമായി കണക്കാക്കുന്ന കൂട്ടത്തിലാണ് ആള് .

അമ്മ വിളമ്പി നൽകിയ ഉപ്പുമാവും കഴിച്ച് മേശപ്പുറത്തിരിക്കുന്ന ചോറും പാത്രവും കറികളും ശ്രദ്ധയോടെ ബാഗിലേയ്ക്ക് വെച്ചിട്ടവൾ കോളേജിലേക്കിറങ്ങി. ആ പോക്ക് കാൺകെ അമ്മാളുവിൽ നിന്ന് ഒരു ദീർഘ നിശ്വാസം ഉയർന്നു.

“അമ്മാളു… അവളെങ്ങനെയാണെന്ന് നമുക്ക് അറിയാല്ലോ. ഇതൊക്കെ ഒരു പ്രായം ആകുമ്പോ മാറിക്കോളുമെന്നേ. നീയതിന് ചുമ്മാ ചിന്തിച്ചു കൂട്ടാതെ ”

“ചിന്തിക്കാതെ എങ്ങനെയാ അമ്മേ. അവൾ കുഞ്ഞല്ല. വയസ്സ് 22 ആയി. ഈ സ്വഭാവവും വെച്ച്…”

“ഒന്നുമില്ല. എല്ലാം ശരിയാകും ”

പാട്ടി അവരെ ആശ്വസിപ്പിക്കുമ്പോഴും അവർക്കും തീർത്ഥയുടെ സ്വഭാവത്തിൽ ആശങ്കയുണ്ടായിരുന്നു. അല്ലെങ്കിലും ഒരാളുടെ കൈയിലെ നൂലിൽ ചലിക്കുന്ന പാവ പോലെയുള്ള ഒരുവളുടെ സ്വഭാവം ആർക്കെങ്കിലും അംഗീകരിക്കാൻ പറ്റുന്നതാണോ?.

(തുടരും…)