22/04/2026

ആത്മരാഗം : ഭാഗം 39

രചന – ഗൗരി ലക്ഷ്മി

ആദിക്ക് എന്തെങ്കിലും പറയാനുണ്ടോ..

അല്ലി.. ഞാൻ.. ഞാനിതൊന്നുമറിഞ്ഞതല്ല..

ആദി വേദനയോടെ പറഞ്ഞു..

അവരുടെ ശബ്ദം കേട്ട് സ്റ്റാഫുകൾ പലരും അല്ലിയുടെ ക്യാബിനിൽ വന്നു നോക്കുന്നുണ്ടായിരുന്നു..

നീയറിയാതെ.. ഇതിപ്പോ എത്രാമത്തെ തവണയാണ് ആദി നീയീ എക്സ്ക്യൂസ് പറയുന്നത്..

എന്താ.. എന്താ കാര്യം..

ക്രിസ്റ്റി കൂടി നിന്നവരോട് ചോദിച്ചതും എല്ലാവരും പരസ്പരം നോക്കി..

എന്താ നിധിനെ പ്രശ്നം..

ക്രിസ്റ്റി മറുപടി കിട്ടതായതും നിധിനോട് ചോദിച്ചു..

അറിയില്ല ക്രിസ്റ്റി.. ഇന്ന് ഇപ്പോഴാണ് അല്ലി ഇങ്ങോട്ട് വന്നത്.. വന്ന പാടെ ആദിയെ വിളിപ്പിച്ചു.. എന്തോ പ്രശ്നമുണ്ട്..

അവൻ പറഞ്ഞു.. ക്രിസ്റ്റി അവരെ കടന്ന് അകത്തേയ്ക്ക് കയറി..

എന്താ അല്ലി.. എന്താ പ്രശ്നം..

ക്രിസ്റ്റി ചോദിച്ചു..

പ്രശ്നമെന്താണെന്നു ഇവനോട് ചോദിക്കണം ക്രിസ്റ്റി.. നീ അറിഞ്ഞില്ലേ നമ്മുടെ രണ്ടു പുതിയ പ്രോജക്ട് റിജക്ട് ആയത്.. ഇപ്പൊ ദാ നമ്മൾ തയാറാക്കിയ പുതിയ പ്രോജക്ടും അതേപടി കോപ്പി ചെയ്തു വി എം ഗ്രൂപ്പ്‌സ് പ്രോജക്ട് പ്രെസെന്റ് ചെയ്തു.. വേറെ ആരെയും അറിയിക്കാതെ നമ്മൾ പ്രിപ്പയർ ചെയ്ത രണ്ടാമത്തെ പ്രോജക്ട് ഇല്ലായിരുന്നെങ്കിൽ പിന്നെയും ഇതും റിജക്ട് ആയേനെ..

അവൾ പറഞ്ഞു..

അതിന് ആദി എന്ത് ചെയ്തു..

ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു..

എന്ത് ചെയ്തെന്നോ.. ഇവനാണ്.. ഇവനാ നമ്മുടെ പ്രോജക്ട് എല്ലാം അവർക്ക് ചോർത്തി കൊടുത്തത്..

അല്ലി.. അറിയാത്ത കാര്യം പറയരുത് നീ..

ആദി അവൾക്ക് നേരെ കയർത്തു..

അറിയാത്ത കാര്യമോ.. ഈ പ്രോജക്ട് റിജക്ട് ആയ പാടേ വി എം ഗ്രൂപ്പിലെ സോബിൻ വിളിച്ചത് ഇവനെയാണ്..

ആദി..

ക്രിസ്റ്റി അവനെ ഞെട്ടലോടെ നോക്കി..

ആദി അങ്ങനെയൊന്നും ചെയ്യില്ല അല്ലി..

നിധിൻ പറഞ്ഞു..

നിധിനുറപ്പുണ്ടോ.. എങ്കിൽ പറയ്.. ആരാ ഇതൊക്കെ ചെയ്തത്..

അല്ലി അവനു നേരെ ചൂടായി..

അല്ലി നീ ഒന്ന് കൂൾ ആക്.. ഇങ്ങനെ ഷൗട് ചെയ്യാതെ നമുക്ക് സമാധാനമായി സംസാരിക്കാം.. അല്ലേലും ഇവൻ ഇങ്ങനൊക്കെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..

ക്രിസ്റ്റി ചോദിച്ചു..

അങ്ങനെ ഒക്കെത്തന്നെയാണ് ക്രിസ്റ്റി ഞാനും കരുതിയത്.. പക്ഷെ.. ഇവൻ.. ഇവൻ ചതിക്കുവായിരുന്നു നമ്മളെ..

അല്ലി പ്ലീസ്..

ആദി പറഞ്ഞു..

ഒന്നും പറയേണ്ട ആദി.. ഇനി ഒന്നും കേൾക്കേണ്ട എനിക്ക്.. ഇത്രയുമായ സ്ഥിതിക്ക് നീ നിരപരാധിയാണെങ്കിൽ തന്നെ അത് പ്രൂവ് ചെയ്യേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്വമാണ്.. അതിന് കമ്പനി റെസ്പോൻസിബിൾ അല്ല..

അവൾ പറഞ്ഞു..

അല്ലി.. റോയിച്ചൻ ഇതറിഞ്ഞോ..

അറിയിക്കാതെ പറ്റുമോ ക്രിസ്റ്റി.. ഞാൻ പറഞ്ഞു..

ആൻഡ് ആദി.. യു ആർ സസ്പെൻഡഡ്..

അല്ലി..

അവൻ നിസ്സഹായനായി വിളിച്ചു..

സോറി ആദി.. എനിക്ക് ഈ ജോലിയുടേതായ റെസ്പോൻസിബിലിറ്റി ഉണ്ട്.. അതിന് മുൻപിൽ വ്യക്തി ബന്ധങ്ങളില്ല.. എന്റെ മുൻപിൽ വേറെ വഴിയില്ല. സോറി..

അവൾ അല്പം ശാന്തമായി പറഞ്ഞു..

ആദി എല്ലാവരെയും ഒന്ന് നോക്കി..

ശേഷം പുറത്തേക്കിറങ്ങി നടന്നു..

അല്ലി.. ഇത്രേം വേണ്ടായിരുന്നു.. അവൻ നമ്മുടെ ഫ്രണ്ടാണ്..

ക്രിസ്റ്റി പറഞ്ഞു..

ഫ്രണ്ട്ഷിപ് ഈ ഓഫീസിന് പുറത്താണ് ക്രിസ്റ്റി..

അവൻ.. അവനിങ്ങനൊക്കെ ചെയ്യുമോ..

ചെയ്യാതെ ഇത്രേം തെളിവുണ്ടാകുമോ..

അവൾ അവനെ നോക്കി.. ശേഷം എല്ലാവരെയും..

ഇനി മറ്റൊരാൾ ഇങ്ങനെയൊരു ആരോപണത്തിൽ വന്നാലും ഇതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട.. സോ ആദിയുടെ ഈ പ്രവർത്തിയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് തുറന്നു പറഞ്ഞോ.. മാനേജ്‌മെന്റ് ആയിട്ട് കണ്ടെത്തിയാൽ ആ നിമിഷം ഇവിടുന്ന് പുറത്താ.. ഓർത്തോ അത്..

അത്രയും പറഞ്ഞു പുറത്തേയ്ക്ക് അല്ലി നടന്നു.. എല്ലാവരെയും ഒന്ന് നോക്കി അവൾക്ക് പിന്നാലെ ക്രിസ്റ്റിയും..

എന്താല്ലേ.. ആദി അങ്ങനെയൊക്കെ ചെയ്യുമോ..

ചെയ്യാൻ ഒരു സാധ്യതയുമില്ല..

സെബിന്റെ ചോദ്യത്തിന് നിധിൻ പറഞ്ഞു..

ഒരു കാര്യവുമില്ലാതെ ആദിയെ അവർ പുറത്താക്കുമോ.. അതും അല്ലിയുടെ ഭർത്താവല്ലേ ആദി..

മൃദുല ചോദിച്ചതും പരസ്പരം പല ചർച്ചകളിലേയ്ക്ക് സ്റ്റാഫുകൾ കടന്നിരുന്നു..

നിധിൻ എല്ലാം നോക്കി നിന്നു.. ശേഷം ഫോണുമായി പുറത്തേക്കിറങ്ങി..

പപ്പാ..

കോൾ അറ്റൻഡ് ആയപാടെ അവൻ വിളിച്ചു..

എന്താടാ..

പപ്പാ ഇവിടെന്തൊക്കെയാ നടക്കുന്നത്..

അതെന്നോടാണോ നീ ചോദിക്കുന്നത്.. അവിടെന്താ നടക്കുന്നത്..

സൈമൺ ചോദിച്ചു..

പപ്പാ.. ഇവിടെ ആദിയെ അല്ലി പിരിച്ചുവിട്ടു..

ആദിയെ അല്ലിയോ..

മ്മ്.. അതേ പപ്പാ.. ഇവിടെ എന്തോ പുകഞ്ഞു മണക്കുന്നുണ്ട്.. രണ്ടാളും നല്ല വഴക്കായിരുന്നു.. സ്റ്റാഫ് മൊത്തം അറിഞ്ഞു..

അത് മാത്രമല്ല പപ്പേ.. ആ പുതിയ പ്രോജക്ട് ലോസ് ആയപ്പോ സോബിൻ നമ്മളെ കോണ്ടാക്ട് ചെയ്ത നമ്പർ അവറ്റകൾ ട്രേസ് ചെയ്തിട്ടുണ്ട്..

മറുപുറത്തുനിന്നൊരു പൊട്ടിച്ചിരി മുഴങ്ങി..

എന്നിട്ട്.. കണ്ടെത്തിയോ..

പപ്പേടെ ഈ ചിരി നിർത്ത്..

നിധിൻ പറഞ്ഞു..

നീ എന്തിനാടാ ഉവ്വേ ഇങ്ങനെ കഷ്ടപ്പെടുന്നത്.. അവന്മാർക്ക് കുറച്ചു ബുദ്ധിയുണ്ടേൽ എളുപ്പമായി ആ നമ്പറിൽ ഉടമയെ കണ്ടെത്താൻ കഴിയും.. അതറിയതെയല്ലല്ലോ നമ്മളീ കളിക്കിറങ്ങിയത്..

വെറുതെയല്ല അവളാ കോന്തനെ അടിച്ചു വെളിയിലിറക്കിയത്.. സ്വന്തം ഐഡന്റിറ്റി പോലും മറ്റൊരാൾ ഉപയോഗിക്കുന്നെന്ന് മനസ്സിലാക്കിയിട്ടും ഒരു ചുക്കും ചെയ്യാനില്ലാതെ നിൽക്കാൻ അവനു പറ്റുന്നെങ്കിൽ പിന്നെ അടിച്ചിറക്കുന്നതാ നല്ലത്..

സൈമൻ ചിരിച്ചു..

പപ്പാ.. ഒരു കാര്യം ഞാൻ പറയാം.. അല്ലി ആദിയെ അടിച്ചിറക്കിയെങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണം കാണും.. അത് നമ്മൾ വിചാരിക്കുന്നത് പോലെ ആകണം എന്നുണ്ടോ.. അവർക്കും നമുക്കെതിരെ പ്ലാൻ ചെയ്യാം..

നിധിൻ പറഞ്ഞു..

എന്തോന്ന് പ്ലാൻ.. ടാ.. പ്ലാൻ ചെയ്താൽ ഇവിടെ വരെ പോകും.. ഈ നിധിനിൽ വരെ. അത് കഴിഞ്ഞോ.. സൈമണിൽ വരെ.. ഇവിടെ വന്നു നിൽക്കും എല്ലാം..

പപ്പാ.. ഞാൻ വീണ്ടും ചോദിക്കുവാ.. പപ്പയ്ക്ക് പിന്നിലാരാ..

നിധിൻ ചോദിച്ചു..

അത് നീയറിയേണ്ട കാര്യമല്ല.. പിന്നെ അവിടെ നിന്നാണ് നീ സംസാരിക്കുന്നത്.. അവിടുത്തെ ചുമരിന് പോലും കണ്ണും കാതുമുണ്ട്.. അത് മറക്കരുത് നീ..

സൈമൻ മുന്നറിയിപ്പ് നൽകി…

പപ്പാ.. ഇത് തീക്കളിയാണ്.. മുങ്ങിപോയ ഒരു കമ്പനിയെ ഈ നിലയിൽ അവർ കൊണ്ടുവന്നെങ്കിൽ അവർ പൊട്ടന്മാരല്ല.. എന്റെ കരിയർ കൂടെകൊണ്ടാണ് ഞാനീ കളിക്കുന്നത്..

നിധിൻ ഓർമിപ്പിച്ചു..

ചുമ്മാതല്ലല്ലോ.. അതിനുള്ള കാശ് നിന്റെ അകൗണ്ടിൽ വന്നിട്ടല്ലേ.. അതുകൊണ്ട് നീ കിടന്ന് തിളയ്ക്കേണ്ട. നിന്നോട് പറയുന്ന പണി എടുത്താൽ മതി.. റോയിക്കോ കുടുംബത്തിനോ പിന്നെ അവൾക്കോ അവന്മാർക്കോ ഒരു സംശയം പോലും തോന്നരുത്.. മനസ്സിലായോ..

മ്മ്..

നിധിൻ ഒന്ന് മൂളി..

പൊടുന്നനെ എതിർവശത്ത് കോൾ കട്ട് ആയതും നിധിൻ ഫോൺ എടുത്തൊന്ന് നോക്കി..

തീ കൊണ്ടാണ് കളിക്കുന്നതെന്ന് മനസ്സൊരു നൂറാവർത്തി പറഞ്ഞിട്ടും താൻ ഇതിലേക്ക് എടുത്തുചാടിയ നിമിഷത്തെ പഴിക്കുകയായിരുന്നു അവന്റെ മനസ്സപ്പോഴും..

അപ്പോഴും ആ നിമിഷവും കരകയറാൻ കഴിയാത്തത്ര ആഴമുള്ള ഒരു കാപട്യത്തിന്റെ ചുഴിയിൽ പെട്ടുപോയികഴിഞ്ഞിരുന്നു അവനും അവന്റെ ജീവിതവും..

തീർത്തും നിസ്സഹായമായി..

***************

എന്താ റോയിച്ചാ ഈ പറയുന്നത്.. ആദിയെ പിരിച്ചുവിടാനോ…

ജോയ് ഒച്ചയുയർത്തി..

വേറെ വഴിയില്ല ജോയ്.. അതല്ലെങ്കിൽ അല്ലി അവിടുന്നിറങ്ങും..

പിള്ളേർക്കിതെന്താ എന്നു ജോളിമ്മ ആംഗ്യം കാണിച്ചു..

വേറെ വഴിയില്ല അവൾക്കും.. ഇത് ഇപ്പൊ ഒന്നോ രണ്ടോ തവണയല്ലല്ലോ..മറ്റുള്ള സ്റ്റാഫിനും ഇതൊരു മാതൃകയാകട്ടെ..

ആദിമോൻ എന്തിയെ..

ജോളിമ്മ ചോദിച്ചു..

അപ്പൊ തന്നെ ഓഫീസിൽ നിന്നിറങ്ങിയെന്നാണ് ക്രിസ്റ്റി പറഞ്ഞത്..

റോയിച്ചൻ പറഞ്ഞു..

എന്നാണേലും റോയിച്ചൻ ഇതിന് കൂട്ടു നിൽക്കേണ്ടയിരുന്നു. അവനെ നമുക്കറിയില്ലേ.. അത് മാത്രമല്ല.. പിള്ളേരുടെ ജീവിതം കൂടിയാണ് ഇത്.. അല്ലിയും ആദിയും തമ്മിൽ പരസ്യമായി ഇത്രേം പ്രശ്നം വരുമ്പോ അതവരുടെ ജീവിതത്തെ ബാധിക്കില്ലേ റോയിച്ചാ..

ജോയ് ചോദിച്ചു..

എനിക്ക് അല്ലിയോട് സംസാരിക്കണം..

ജോളിമ്മ പറഞ്ഞു.. അവൾ ഓഫീസിൽ നിന്നിറങ്ങി.. എങ്ങോട്ടാണ് പോയതെന്നറിയില്ല.. ഈ പ്രശ്‌നത്തിന്റെ പേരിൽ ആദിയുമായി പേഴ്‌സണൽ ആയി ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നവൾ എനിക്ക് വാക്ക് തന്നിട്ടുണ്ട്… അതുകൊണ്ട് ഈ വിഷയത്തിൽ നിങ്ങളാരും ഒട്ടും വിഷമിക്കേണ്ട..

അവനെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടിട്ടൊന്നുമില്ല.. താൽക്കാലികമായി ഒന്ന് മാറ്റി നിർത്തുന്നു എന്നേയുള്ളു.. അവനെ കിട്ടിയാൽ ഞാൻ വിളിക്കാൻ പറയാം.. ഇപ്പൊ ടെൻഷൻ ആകേണ്ട കേട്ടോ..

റോയിച്ചൻ പറഞ്ഞതും ജോളിമ്മ വേദനയോടെ തലയാട്ടി..

അവരെ ഒന്ന് നോക്കി പുഞ്ചിരിച്ചു അയാൾ പുറത്തേയ്ക്ക് പോകുമ്പോഴും അസ്വസ്ഥമായ ആ ‘അമ്മ മനസ്സ് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.. നിഷ്കളങ്കമായി..

*********************

കോളിംഗ് ബെൽ അമർത്തി ഏറെ നേരമായിട്ടും തുറക്കാത്ത വാതിലിൽ നീരസത്തോടെ ഒന്ന് നോക്കി വീണ്ടും കോളിംഗ് ബെല്ലിലേയ്ക്ക് ആദി കൈ നീട്ടുമ്പോഴേയ്ക്കും നിയ വാതിൽ തുറന്നിരുന്നു..

അല്ലി വന്നില്ലേ..

അകത്തേയ്ക്കു കയറി ഒന്നും മിണ്ടാതെ പോകുന്നവന് പിന്നിൽ നിന്നത് ചോദിക്കുമ്പോൾ എന്തുകൊണ്ടോ പതിവില്ലാത്ത പോലെയൊരു വിറയൽ അവളുടെ ശബ്ദത്തിനുണ്ടായിരുന്നു..

ഇല്ല.. അല്ലി ചിലപ്പോ വൈകുമായിരിക്കും..

അവൻ അവളെ ഒന്ന് നോക്കി പറഞ്ഞ ശേഷം മുറിയിലേയ്ക്ക് കയറി വാതിൽ അടച്ചു..

കട്ടിലിലേക്ക് ചെന്നു വീണ് കണ്ണൊന്നടച്ചപ്പോഴേയ്ക്കും മനസ്സിൽ നടന്ന കാര്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു തുടങ്ങിയിരുന്നു..

ഫോണിൽ പൊടുന്നനെ തെളിഞ്ഞ കോൾ ഒന്ന് നോക്കുക പോലും ചെയ്യാതെ അറ്റൻഡ് ചെയ്യുമ്പോൾ തന്നെ അവനൂഹിച്ചിരുന്നു എതിർഭാഗം ആരായിരിക്കുമെന്നു..

നീ എവിടെയാ..

ക്രിസ്റ്റിയുടെ ശബ്ദം..

വീട്ടിൽ.. ഇപ്പൊ സുഖമല്ലേ.. ഇനി ഇങ്ങനെ കിടക്കാം..

അവനൊരു ചിരിയോടെ പറഞ്ഞെങ്കിലും ഉള്ളിലുള്ള വേദന ക്രിസ്റ്റിയ്ക്ക് വായിച്ചെടുക്കമായിരുന്നു..

നീ വിഷമിക്കേണ്ട.. ഒരാഴ്ചയ്ക്കുള്ളിൽ നമ്മളീ പ്രശ്നം സോൾവ് ചെയ്യും.. അതിനുള്ളത് നമ്മൾ ചെയ്തിരിക്കും.. അതുവരെ ഒന്ന് റിലാക്സ് ആക് നീ..

ക്രിസ്റ്റി പറഞ്ഞു..

പറ്റുന്നില്ലെടാ.. എന്റെ മിസ്റ്റേക്ക്.. സൂക്ഷിക്കേണ്ടത് ഞാനായിരുന്നു.. അറ്റ്ലീസ്റ്റ്
കഴിഞ്ഞവട്ടം ഒരു ചതി ഉണ്ടായപ്പോഴെങ്കിലും.. പക്ഷെ.. അവിടെയും ഞാനിപ്പോ ഒരു പരാജയമായി..

നീ എന്തൊക്കെയാ ആദി പറയുന്നേ.. ചുമ്മാ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിക്കേണ്ട..

ക്രിസ്റ്റി പറഞ്ഞു..

വെറുതെ..

മ്മ്.. ഒരുപാട് വെറുതെ ചിന്തിച്ചു സമയം കളയേണ്ട നീ.. അവിടെ ചുമ്മാ കേറി കിടക്കാതെ നീ കൂടെ ഇറങ്ങ്.. നമുക്കിട്ട് പണിഞ്ഞവനെ കണ്ടെത്തേണ്ടേ നമുക്ക്..

ക്രിസ്റ്റി ചോദിച്ചു..

മ്മ്.. കണ്ടെത്തണം.. അതിനാദ്യം ആദി തകർന്നുപോയെന്ന തോന്നൽ അവരിൽ ഉണ്ടാക്കേണ്ടേ.. വേണം.. അല്ലി എന്തിയെ..

അവൾ റോയിച്ചനോട് സംസാരിക്കുവാ.. ഞാൻ കാറിന് പുറത്താണ്..

ക്രിസ്റ്റി പറഞ്ഞു..

മ്മ്.. നിങ്ങളിപ്പോ വരില്ലേ.. ഇവിടെ നിയ അല്ലിയെ ചോദിച്ചു നടപ്പുണ്ട്.

മ്മ്.. ഞങ്ങൾക്ക് ഒരാളെ കാണാനുണ്ട്.. അത് കഴിഞ്ഞാൽ പെട്ടെന്നെത്താം..

ഓകെ..

ആദി അതും പറഞ്ഞു ഫോൺ കട്ട് ചെയ്തതും വാതിലിൽ തട്ട് കേട്ടു.. അവൻ ചെന്ന് വാതിൽ തുറന്നു..

എന്താ നിയാ..

ഫുഡ് കഴിച്ചിരുന്നോ..

ഞാൻ കഴിച്ചതാണ്..

ആദി..

അവൻ പറഞ്ഞു കൊണ്ട് ഡോർ അടയ്ക്കാൻ തുടങ്ങിയതും നിയ വിളിച്ചു..

എന്താ നിയാ..

അവൻ ചോദിച്ചു..

ആദിക്ക്.. ആദിക്ക് ഞാൻ ഇവിടെ താമസിക്കുന്നതിൽ വിരോധമുണ്ടോ..

ഉണ്ടെന്ന് ഞാൻ നിയയോട് പറഞ്ഞില്ലല്ലോ..

ആദി നേരിട്ട് പറഞ്ഞിട്ടുണ്ടാകില്ല.. പക്ഷെ എനിക്ക് അങ്ങനെ ഫീൽ ചെയ്തു.. വന്നിട്ട് രണ്ട് ദിവസമായിട്ടും ആദി എന്നോടൊന്ന് സംസാരിക്കാൻ പോലും കൂട്ടാക്കിയിട്ടില്ല.. അല്ലി തെറ്റിദ്ധരിക്കുമെന്നോർത്താകും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇന്നിപ്പോ ആരും ഇല്ലാഞ്ഞിട്ട് പോലും ഒരു വാക്ക് പോലും മിണ്ടുന്നില്ല..

ആദി ഒന്ന് ചിരിച്ചു..

അല്ലി നിയയല്ല.. ആരോടെങ്കിലും ഒന്ന് മിണ്ടുമ്പോഴും ചിരിക്കുമ്പോഴും സംശയിക്കാൻ.. പിന്നെ എനിക്ക് നിയ ഇവിടെ വന്നു നിൽക്കുന്നതിനോട് പ്രത്യേകിച്ചൊരു താത്പര്യമോ വിരോധമോ ഇല്ല..

അതിന് കാരണം അല്ലിയോ അല്ലെങ്കിൽ നിയയോട് എനിക്കുണ്ടായിരുന്ന ഇഷ്ടമോ അല്ല.. ഐ റിപ്പീറ്റ്.. ഉണ്ടായിരുന്ന.. ആ പ്രണയം.. അത് പാസ്റ്റ് ആണ് നിയാ.. അത് കഴിഞ്ഞിപ്പോ വർഷം ഒന്നാകുന്നു.. ആ പ്രണയത്തിനപ്പുറം നമുക്കിടയിൽ ഒരു കല്യാണം വരെ നടന്നു..

നിയ തലകുനിച്ചു..

ആ താലി നീയായി ഉപേക്ഷിച്ച ദിവസം നീ ഉപേക്ഷിച്ചത് വലിച്ചെറിഞ്ഞത് എന്റെ പ്രണയമായിരുന്നു.. അത്രയ്ക്ക് ആത്മാർത്ഥമായി ഞാൻ തന്നെ പ്രണയിച്ചിട്ടുണ്ട്.. ആ ദിവസം തന്നെ ഞാനേട്ടവും സ്നേഹിച്ചിരുന്ന ഒരുവൾക്കും ഞാൻ കാരണം എന്റെ പ്രണയം കാരണമുണ്ടായ നഷ്ടം ചെറുതല്ല..

നമ്മുടെ പ്രണയം പോലെ.. അല്ലെങ്കിൽ അതിനും ഒരുപാട് മുകളിൽ അല്ലിയ്ക്കും ഒരു പ്രണയമുണ്ടായിരുന്നു.. കാർത്തി.. ആ പ്രണയം കല്യാണം വരെ എത്തിയ അവസ്ഥയിലാണ് ആ സംഭവം.. അതവളെ അവളുടെ വീട്ടുകാരെ എത്രത്തോളം ബാധിച്ചു എന്നറിയോ നിനക്ക്..

ഞങ്ങൾക്ക് രണ്ടുപേർക്കും കല്യാണം മാത്രമായിരുന്നു മുൻപിലുള്ള ഓപ്ഷൻ.. അങ്ങനെ ലൈഫിൽ ഒരല്പം പോലും ആഗ്രഹിക്കാതെ കല്യാണം കഴിച്ചവരാണ് ഞങ്ങൾ.. അന്ന് മുതൽ ഇന്ന് വരെയും ആ പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൊണ്ട് പല വട്ടം പല പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട് ഞങ്ങൾ..

ഞങ്ങളിൽ ഒരാൾ തളർന്നു പോകുകയോ പിന്നോട്ട് പോകുകയോ മറ്റൊരാളെ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നെങ്കിൽ തീരുന്നത്ര സിംപിൾ ആയൊരു ബന്ധമായിട്ട് കൂടെ അങ്ങനെ ഒരു നിമിഷം പോലും ലൈഫിൽ ഇതുവരെ ഉണ്ടായിട്ടില്ല..

ഇപ്പോഴും നിന്നെ ഇവിടെ കൊണ്ട് നിർത്തിയെങ്കിൽ അതിനർത്ഥം നിന്റെ പ്രസൻസ് ഞങ്ങൾക്കിടയിൽ ഒരു ചെറു കാറ്റിന്റെ എഫക്ട് പോലുമുണ്ടാക്കില്ല എന്നത്രയ്ക്കുറപ്പുള്ളത് കൊണ്ടാണ്.. ആൻഡ്.. നൗ ആം ഇൻ ലവ് വിത്ത് ഹെർ..

ഞങ്ങൾക്കിടയിലിനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അത് ഒരിക്കലും നിന്റെ പേരിലാകില്ല നിയാ.. ബിക്കോസ് അത്രമാത്രം അല്ലി എന്നെ മനസ്സിലാക്കിയിട്ടുണ്ട്..

അതുകൊണ്ട് പ്ലീസ്.. താനിവിടെ കുറച്ചു ദിവസം നിൽക്കാൻ വന്നതല്ലേ.. ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ട്.. ഓഫീസ് കാര്യവുമായി ബന്ധപ്പെട്ട്.. അല്ലിയും ഞാനും ഒക്കെ തിരക്കിലാകും.. എനിവേ . താൻ അതൊന്നും കാര്യമാക്കേണ്ട.. ബി ഹാപ്പി.. പോകുന്നതിന് മുൻപ് സമയമുണ്ടെങ്കിൽ ബാംഗ്ലൂർ ഒക്കെ ഒന്ന് കറങ്ങു.. ഞങ്ങൾക്ക് പറ്റിയില്ലെങ്കിൽ അതിനുള്ള അറേഞ്ച്മെന്റ് ഞാൻ ചെയ്യാം.. ടേക്ക് കെയർ…

അതും പറഞ്ഞവൾക്ക് ഒരു പുഞ്ചിരി നൽകി അവൻ അകത്തേയ്ക്ക് കയറി വാതിൽ അടയ്ക്കുമ്പോഴും ഇനിയൊരിക്കലും തുറക്കാത്ത വണ്ണം അവന്റെ മനസ്സിന്റെ വാതിൽ കൂടി തന്നിൽ നിന്നെന്നെന്നേയ്ക്കുമായി അടഞ്ഞു പോയിക്കഴിഞ്ഞു എന്നവൾ തിരിച്ചറിഞ്ഞിരുന്നു…

വേദനയോടെ..

അതിലുപരി നിസ്സംഗതയോടെ..

തുടരും..