16/04/2026

സായൂജ്യം : ഭാഗം 30

രചന – തൻശി തനു

“എറണാകുളം കമ്മീഷണർ മാഹീന്ദ്രന്റെ സഹോദരനും പിഎം ഗ്രൂപ്പ്‌ കമ്പനി ഉടമസ്ഥരിൽ ഒരാളുമായ ആനന്ദ് മേനോൻ കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോൾ ഇതുവരെ പ്രതികളെ കണ്ടത്താൻ കഴിയാത്തത് പോലീസുകാരുടെ അനാസ്ഥയും കഴിവിക്കേടുമാണിവിടെ കാണാൻ പറ്റുള്ളൂ..” ടീ.വി ന്യൂസ്‌ കണ്ടതും ദേഷ്യത്താൽ വിവേക് ടീവി ഓഫ് ചെയ്യ്തു റിമോട്ട് എടുത്ത് അടുത്തുള്ള സോഫയിൽ വലിച്ചെറിഞ്ഞു… “കേസ് അന്വേഷണം തുടങ്ങിയില്ല അപ്പഴേയ്ക്കും പോലീസിന്റെ അനാസ്ഥ കഴിവുകേട്.. ഈ പത്രക്കാരൊക്കെ എടുത്ത് വല്ല കിണറ്റിൽ ഇടണം…” “അല്ലടാ അവര് പറഞ്ഞതിൽ എന്താ തെറ്റ് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പറ്റിയോ ഇല്ലല്ലോ…” “അല്ലാച്ഛ പ്രതികൾ എന്താ പിടിച്ചോ പിടിച്ചോ എന്നും പറഞ്ഞ് മുന്നിൽ വന്നു നിൽക്കോ…” വിവേക് അൽപ്പം അമർഷത്തോടെ അവന്റെ അച്ഛനോട് പറഞ്ഞു… “അങ്ങനെ നില്കുന്നെങ്കിൽ പിന്നെ പോലീസുകാർക് എന്താ പിന്നെ പണി അന്വേഷിച്ചു കണ്ടു പിടിക്കണം…. ”

“ആ അന്വേഷണത്തിൽ തന്നെയാ ഞാനും അതങ്ങനാ മരിച്ചുപോയ ആനന്ദ് സാറിന്റെ മൊഴിയിൽ എംകെ ഗ്രൂപ്പിന്റെ ഓണർ മോഹനന്റെ മകൻ ആണ് പ്രതി അതിനു ഒരു തർക്കവും ഇല്ല പക്ഷേ അവനെ അന്വേഷിച്ചു ചെന്നപ്പോൾ അറിഞ്ഞത് ആ മോൻ 4 ദിവസം മുന്നേ ടൂർ പോയന്ന്..  പിന്നെ അവൻ ഈ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല ബിസിനസ്‌ പരമായുള്ള ശത്രുത കൊണ്ട് നാട്ടിൽ ഇല്ലാത്ത തന്റെ മകനെ പ്രതി സ്ഥാനത്തു നിർത്തുന്നു എന്ന് പറഞ്ഞ് അവന്റെ തന്തപ്പടി ഇതിനെതിരെ കേസ് കൊടുത്തത് … ആ ചെറ്റ തന്നെയായും പ്രതി… പോലീസിന്റെ കൈയിൽ ആകുമെന്ന് അറിഞ്ഞ ഉടനെ നാടുകടത്തിയതാ… ഇനി തെളിവ് എന്ന് പറയാൻ ആനന്ദ് സാറിന്റെ ഭാര്യ ഒന്ന് സംസാരിച്ചു തുടങ്ങണം… ബോധം വന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ സംസാരിക്കാൻ അവർക്ക് പറ്റിയിട്ടില്ല… അവർ ജീവനോടെ ഉണ്ടെന്നു അറിഞ്ഞു 2 തവണ ഹോസ്പിറ്റലിൽ വച്ചു വധശ്രമം നടന്നു.. അതുകൊണ്ട് ഇപ്പോൾ അവരെ ജോൺസി സാറും ഫാമിലിയിയും മഹി സാറിന്റെ ഫാമിലിയും എല്ലാവരും കൂടി ഒരുമിച്ച് ഒരുവീട്ടിൽ  താമസിച്ചു സംരക്ഷിക്കുവ…

പിന്നെ അവരുടെ ഇളയ മകൾ അനുവിനെ കുറിച്ച് ഒരു വിവരം ഇല്ല.. അവൾ മിസ്സിംഗ്‌ എന്ന കാര്യം നാട്ടുകാർ ഇതുവരെ അറിഞ്ഞിട്ടില്ല… പുറത്തു പഠിക്കുന്നു എന്ന് എല്ലാരോടും പറഞ്ഞത് മഹി സാർ…”. “ആ കൊച്ചിന്റെ ഒരു വിവരമില്ലേ മോനെ…” അച്ഛനും മകനും സംസാരിച്ചിരിക്കെ ചായയുമായി വന്ന വിവേകിന്റെ അമ്മ തിരക്കി.. “അന്വേഷണത്തിലാണമ്മേ… എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നു അറിഞ്ഞാൽ മതിയായിരുന്നു…” “നീ വിഷമിക്കാതെ വിക്കി ആ കൊച്ചിനെ തിരിച്ചു കിട്ടും കുഴപ്പങ്ങളൊന്നും ഇല്ലാതെ തന്നെ.. വിഷമിക്കാതെ…” വിവേക് അമ്മയേനോക്കി നിശ്വസിച്ചുകൊണ്ട് അവർ കൊണ്ടുവന്ന ചായ എടുത്ത് കുടിച്ചു.. ടേബിളിൽ ഇരുന്ന ഫോൺ ബെൽ കേട്ട് വിവേക് ചായ കപ്പ്‌ ടേബിളിൽ വച്ചു ഫോൺ കൈയിൽ എടുത്തു. ഡിസ്പ്ലേയിൽ കമ്മീഷണർ കാളിങ് എന്ന് കണ്ടതും ധൃതിയിൽ ഫോൺ എടുത്തു.. ഹലോ പറഞ്ഞതും മറുതലപ്പത്തു നിന്നും മഹി പറഞ്ഞത് കേൾക്കേ അവൻ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു…

“ഗ്രേറ്റ്‌ ന്യൂസ്‌ സാർ… ഒരു 10 മിനിറ്റ് ഞാൻ ഇപ്പോ എത്താം..” പറഞ്ഞുകൊണ്ട് ഫോൺ വെച്ചവൻ വേഗം തന്നെ മുറിയിലേക് ഓടി പെട്ടന്ന് വേഷം മാറി കാറിന്റെ കീ എടുത്തു പുറത്തിറങ്ങി.. എന്താ സംഭവം എന്നറിയാതെ വിവേകിന്റെ അച്ഛനും അമ്മയും പരസ്പരം നോക്കി നിന്നു… 10 മിനിറ്റിനുള്ളിൽ തന്നെ വിവേകിന്റെ കാർ മേലേടത്തു എത്തി.. കാറിൽ നിന്നും വേഗം ഇറങ്ങി വീട്ടിനകത്തു കേറി… “സാർ പറഞ്ഞത് സത്യമാണോ തുളസി മാം സംസാരിച്ചോ…” മഹിയേ കണ്ടതും ആശ്ചര്യത്തോടെ ചോദിച്ചു “സംസാരിച്ചു…” “എന്നിട്ട് അന്ന് എന്താ സംഭവിച്ചതെന്നു പറഞ്ഞോ…” “ഇല്ലടോ അജുനോട് കുറച്ചു നേരം സംസാരിച്ചിരുന്നു… പിന്നെ അനു മോളേ കുറിച്ച് പറഞ്ഞ് കരഞ്ഞു.. ഇപ്പോൾ ഡോക്ടർ വന്നു നോക്കി ബെറ്റർ ട്രീറ്റ്മെന്റിന് വേണ്ടി വിദേശത്ത് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അവൾ എല്ലാരെ മുന്നിൽ വച്ച് ഒരു കാര്യം ആവിശ്യപ്പെട്ടു..

” “എന്താ സാർ..” “എത്രയും പെട്ടന്ന് തന്നെ അജുവിന്റെ കല്യാണം വേണം എന്ന് എങ്കിൽ മാത്രമേ അവൾ എവിടേയ്ക്കും ഉള്ളു എന്ന്…” “അജുവിന്റെ കല്യാണോ.. എന്നിട്ട് അജു സമ്മതിച്ചോ…” വിവേക് ആദ്യം പതിയെ പറഞ്ഞ് പിന്നെ മഹിയോടായി ചോദിച്ചു.. മഹി അവനെ നിസ്സഹായതയോടെ നോക്കി ചിരിച്ചു.. “സാർ അജു എവിടെ എനിക്കൊന്നു  കാണാൻ പറ്റുവോ…” അജുവിന്റെ കല്യാണം എന്ന് കേട്ടതും വിവേകിന്റെ മനസ്സിൽ SK യെ ഓർമ വന്നു… അജുവിന്റ സിറ്റുവേഷൻ അറിഞ്ഞശേഷം SK അറീകാം എന്ന് മനസ്സിൽ കരുതി വിവേക് മഹിയോട് ചോദിച്ചു… “മുകളിയുണ്ട് താൻ പോയി കണ്ടോളു…” മഹിയുടെ അനുവാദം കിട്ടിയുതും വിവേക് അജുവിനെ കാണാൻ മുകളിൽ പോയി… കേസിന്റെ കാര്യത്തിനും അല്ലാതെയും ഒത്തിരി ആ വീട്ടിൽ ഇടപെട്ടതിനാൽ തന്നെ വിവേകിനു ആ വീട്ടിൽ സ്വന്തം വീടുപോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു… എന്നാലും തന്റെ പരിധി വിട്ട് അവൻ പെരുമാറാറില്ല… അജുവിനോട് ടിജോയോടും നല്ലൊരു സൗഹൃദം വിവേക് രൂപപ്പെടുത്തിയെടുത്തിരുന്നു…

അജുവിന്റെ റൂമിലേയ്ക് എത്തിയതും ഡോർ തുറന്നു കിടന്നതിനാൽ അവൻ ഡോർ ജസ്റ്റ്‌ തട്ടി അകത്തേയ്ക് എന്നാൽ വിവേക് അജുവിന്റെ റൂമിൽ കണ്ടത് ഒന്നുമറിയാതെ ബെഡിൽ ഇരുന്നു ജാലകത്തിനു വെളിയിൽ നോക്കിയിരിക്കുന്ന ടെസയെയാണ്.. ആ കാഴ്ച അവന്റെ ഉള്ളിൽ ഒരു വിസ്പോടനം തന്നെ തീർത്തു… അനുവിന്റെ മിസ്സിംഗ്‌ അജുവിനെ പോലെ തളർത്തിയ ഒരുവൾ… അജു ബോൾഡായി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു എങ്കിൽ.. ശരീരം കൊണ്ടും മനസ് കൊണ്ടും തളർന്ന ഒരുവൾ അനുവിന്റെ സന്തതസഹചാരി എന്നും നിഴൽ പോലെ കൂടെ ഉണ്ടായവൾ… അന്ന് പോലീസ് സ്റ്റേഷനിൽ അനുവിന്റെ കൂടെ വന്നു ടെസയുടെ രൂപത്തിൽ നിന്നും ഭാവത്തിൽ നിന്നുമൊക്കെ തീർത്തും മാറിയിരിക്കുന്നു ഇപ്പോ കണ്ടാൽ മാറ്റാരോ പോലെ… കുറുമ്പോ കുസൃതിയോ ഇല്ലാതെ ആരോടും സംസാരിക്കാതെ തീർത്തും എകാന്തതയിൽ ജീവിക്കുന്ന പോലെ..

ഇങ്ങനയൊരാൾ ഈ വീട്ടിൽ ഉണ്ടെന്നും പോലും ആരും അറിയില്ല വിശനാൽ മാത്രം എന്തേലും കഴിച്ചാൽ ആയി അതും ആരേലും നിർബന്ധിച്ചോ വഴക്കു പറഞ്ഞാലോ മാത്രം… സന്തോഷം നിറഞ്ഞ കുടുംബത്തിൽ കരിനിഴൽ പോലെ വന്നു ചേർന്ന സംഭവം ആനന്ദ് സാറിന്റെ മരണം ആ ദിവസത്തിന് ശേഷം കുടുംബം കണ്ണീരിൽ  ആഴ്ന്നു… അനുവിന്റെ മിസ്സിംഗിന് ശേഷം ടെസ ചിരിച്ചോ സംസാരിച്ചോ കണ്ടിട്ടില്ല… ഒരു ദീഘശ്വാസം എടുത്ത് വിവേക് ടെസയ്ക്കു അരികിൽ നടന്നു… എന്നാൽ തന്റെ അരികിൽ ഒരാൾ  വന്നെന്ന് പോലും അറിയാതെ ടെസ മറ്റേതോ ലോകത്തായിരുന്നു… “ടെസ… ” വിവേക് വിളിച്ചെങ്കിലും അവൾ ആ വിളി കേട്ടില്ല…. വീണ്ടും രണ്ടുമൂന്നു തവണ വിളിച്ചിട്ടും അവളുടെ പ്രതികരണം ഇല്ലാത്തതിനാൽ വിവേക് മടിച്ചുകൊണ്ട് അവളുടെ ഷോൾഡറിൽ തൊട്ടു വിളിച്ചതും ടെസ ഞെട്ടി വിവേകിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… പെട്ടന്ന് ടെസയുടെ ഭാവം മാറി ദേഷ്യത്താൽ മുഖം ചുവന്നു അവൾ പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു…

“എന്റെ അനു എവിടെ പറ നിങ്ങളൊക്കെ കൂടി എങ്ങോട്ടാ മാറ്റിയത്… അന്ന് അവൾ നിങ്ങളെ കാണാൻ വന്നിട്ടാണോ എന്റെ അനുവിനെ അവരൊക്കെ കൂടെ കൊണ്ടുപോയത് പറ പറയാൻ..” വിവേകിന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു കുലുക്കി ദേഷ്യവും സങ്കടവും ചേർന്ന സ്വരത്തിൽ നേർത്ത കരച്ചിലോടെ ടെസ ചോദിച്ചത് കേൾക്കേ വിവേകിന് നോവ് ഉണർന്നു… ‘ശരിയാണ് അന്ന് ആ തെളിവുകൾ എനിക്കവൾ കൊണ്ടുവന്നില്ലെങ്കിൽ ഒരുപക്ഷേ ഇങ്ങനെ സംഭവിക്കില്ലായിരുന്നു….’ വിവേക് മനസ്സിൽ ചിന്തിച്ചു… പെട്ടന്ന് ടെസയുടെ അവസ്ഥ ഓർത്തതും അവൻ അവളുടെ കൈയിൽ പിടിച്ചു… “ടെസ അനുവിന് എന്ത് സംഭവിച്ചെന്ന നീ പറയുന്നേ അവൾക്കൊന്നുമില്ല നമ്മളെ പറ്റിക്കാൻ വേണ്ടി ഒളിച്ചിരിക്കുവാ…” കുറച്ചുറകെ വിവേക് അവളോട് പറഞ്ഞു.. ആണോ എന്ന രീതിയിൽ അവൾ അവനെ നോക്കി “ടെസ അനു എവിടെയുണ്ടേലും ഞാൻ കൊണ്ടു വരും നീ ഇങ്ങനെ സങ്കടപെടല്ലേ മോളേ…” വിവേക് അരുമയായി പറയുന്നത് കേൾക്കേ ടെസ അവന്റെ കണ്ണുകളിൽ നോക്കി..

“കൊണ്ടുതരുമോ എനിക്ക് അവളില്ലാതെ എനിക്ക് പറ്റുന്നില്ല  ഒറ്റപ്പെടും പോലെ തോന്നുവാ.. പേടിയാകുവ…” ടെസ വിങ്ങി പൊട്ടികരച്ചിലോടെ വിവേകിനെ കെട്ടിപിടിച്ചു പറഞ്ഞു.. ആദ്യമൊന്നു ഞെട്ടിയെങ്കിലും വിവേക് അവളെ ചേർത്തു പിടിച്ചു… “ഒന്നുമില്ലടാ ഞാനല്ലേ പറയുന്നേ അനു എവിടെ ഉണ്ടേലും നിന്റെ കൈയിൽ എത്തിക്കും വാക്ക് പേടിക്കേണ്ട ഞാനില്ലേ കൂടെ..” വിവേക് അവളെ ആശ്വസിപ്പിച്ചുകൊണ്ട് പുറകിൽ പതിയെ തടവി അവളുടെ കരച്ചിൽ ചെറിയ തേങ്ങലുകൾ ആയി മാറി ഒടുവിൽ അവന്റെ നെഞ്ചിലെ ചൂട് പറ്റി അവൾ ഉറക്കത്തിലേയ്ക് വഴുതി വീണു.. ടെസയുടെ ശബ്ദം കേട്ടു വന്ന അജുവും ടിജോയും വാതിലിനു വെളിയിൽ നിന്നു ഈ രംഗം കണ്ട് കണ്ണുകൾ അമർത്തി തുടച്ചു.. ഉറങ്ങിയെന്നു ഉറപ്പു വരുത്തി വിവേക് ടെസയെ ബെഡിൽ കിടത്തി പതിയെ നെറുകയിൽ തലോടി വാത്സല്യപൂർവ്വം സ്നേഹചുംബനം നൽകി.. ഇത് കണ്ടെങ്കിലും അജുവും ടിജോയും ഒന്നും മിണ്ടാതെ ഹോളിലേയ്ക് നടന്നു…

“കരൺ ഞാൻ നാളെ നാട്ടിലേയ്ക് പോകുന്നു..” “എന്തേ പെട്ടന്നു മടുത്തോ…” “മടുക്കാനോ ഈ ശില്പയ്ക് നിന്നെയോ അന്ന് നിന്നെ പരിചയപ്പെട്ടപ്പോഴേ ഞാൻ കൊതിച്ചത് കൊണ്ടാണ് നിന്നോട് അങ്കിൾ നാട് വിടാൻ പറഞ്ഞപ്പോൾ കൂടെ ഞാനും പോന്നത്…” ‘ഇന്നലെ അമ്മയെ വിളിച്ചു കേസ് ഒതുങ്ങി വരുന്നു എന്നാ കേട്ടെ… അമ്മയും അച്ഛനും നാട്ടിൽ മടങ്ങി കാരണം അവരുടെ ശത്രുക്കൾക് അല്ലേ നീ സമ്മാനം കൊടുത്തത്… പിന്നെ കമ്പനിയിൽ പോകണം അവിടെ എനിക്ക് പിടിച്ചെടുക്കണം… എന്ത് വിലകൊടുത്തും ഞാൻ അത് എന്റെ കൺട്രോളിൽ അതിനു അവരുടെ എല്ലാം കിച്ചുവിനെ ഞാൻ വശത്താകും…  ” “അവനെ വശത്താകുമ്പോൾ ഈ ഉള്ളവനെ മറക്കുമോ..” ” എന്ത് ചോദ്യമാ കരൺ നിന്നെ മറക്കാനോ ആ കിച്ചുവിനെ ന്റെ കൈപിടിയിൽ ഒതുക്കിയാലും നീ ആയിരിക്കും എന്റെ എല്ലാം.. നീ എന്നിൽ ഒഴുകി നടക്കുമ്പോൾ ഉള്ള സുഖം എനിക്ക് മറ്റെവിടെയും കിട്ടില്ല…” അതും പറഞ്ഞവൾ കരണിന്റെ ചുണ്ട് കവർന്നതും കരൺ ശില്പയെ ചേർത്തുപിടി കിടക്കയിലേയ്ക് മറിഞ്ഞു… (ബാക്കി നോക്കുന്നത് മോശമല്ലേ അതുകൊണ്ട് കർട്ടൻ ഇടല്ലേ 😁)

അജുവിനോട് സംസാരിക്കാൻ വിവേക് ശ്രമിച്ചെങ്കിലും അതിനൊരു അവസരം വിവേകിനു ലഭിച്ചില്ല…. തുളസിയുടെ ആവിശ്യപ്രകാരം അവരുടെ റൂമിൽ എല്ലാവരും എത്തി… അജു തുളസിയുടെ അരികിൽ ഇരുന്നു ശ്യാമയും ലിസയും അടുത്തന്നെ ഉണ്ട്… അജു തുളസിയെ ബെഡിൽ ചാരിയിരുത്തി… “മഹിയേട്ടാ ഞാൻ നേരത്തെ പറഞ്ഞതിനെ കുറിച്ച് അറിയാനാണു ഇപ്പോൾ എല്ലാവരോടും വരാൻ പറഞ്ഞത്..” “തുളസി പെട്ടന്ന് കല്യാണം എന്നൊക്കെ പറയുമ്പോൾ…” “ജോൺസിച്ചായാ ഞാൻ ഇവിടെന്നു പോയാലും അജു മഹിയേട്ടന്റെ അരികിൽ സേഫ് ആയിരിക്കും എന്നാലും എന്റെ ഒരു ആഗ്രഹമാണ് ഇവളുടെ കല്യാണം കാണണം എന്നത് ഇനി ഒരു പക്ഷേ ഇവിടന്ന് പോയാൽ മടങ്ങി വരില്ലെങ്കിലോ…” “മമ്മേ…” തുളസി പറഞ്ഞതും അജു താകീതുപോലെ വിളിച്ചു…

“അജു കണ്ണാ എനിക്ക് കാണണം നിന്റെ കല്യാണം അതുകഴിഞ്ഞു എവിടേയ്ക്കു വേണമെങ്കിലും പോകാൻ എനിക്ക് സമ്മതമാണ്…. എന്റെ മോള് ഈ മമ്മേടെ ആഗ്രഹം സാധിച്ചു തരണം.. എന്റെ നന്ദേട്ടന് മോളേ ആ കൈകളിൽ ഏൽപ്പിക്കാൻ ഭാഗ്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു നൽകണം..” “ആരുടെ കൈകളിലാണ് മമ്മ…” ടിജോ സംശയത്തോടെ ചോദിച്ചു അതേ ചോദ്യമായിരുന്നു എല്ലാവരില്ലും… ” ശ്യാമേഡത്തിയുടെ ഏട്ടന്റെ മകൻ കിച്ചുവിന്റെ കൈകളിൽ… ” തുളസി പറഞ്ഞത് കേട്ടതും എല്ലാവരിലും ഞെട്ടലുണ്ടായി… യദുവിനെ കാണാത്തതിൽ വിഷമിച്ചിരിക്കുന്ന ആ കുടുംബത്തോട് ഈ കല്യാണകാര്യം എങ്ങനെ പറയും എന്നായിരുന്നു അവിടെ ഉള്ളവരുടെ ചിന്തായെങ്കിൽ.. ഇതുവരെ പറഞ്ഞുകെട്ടു മാത്രം അറിവുള്ള ഒരാളെ എങ്ങനെ ലൈഫിൽ സെലക്ട്‌ ചെയ്യും എന്താ തന്റെ മാനസികാവസ്ഥ മമ്മ മനസിലാകാതെ എന്ന ചിന്തയായിരുന്നു അജുവിന്.. അവൾ നിസ്സഹായതയോടെ തുളസിയെ നോക്കി…

“അറിയാം മോളുടെ മനസ് ഈ മമ്മയ്ക് മനസിലാവാത്തതല്ല… പപ്പയുടെ ആഗ്രഹം എന്റെ മോള് സാധിച്ചു കൊടുക്കണം പറ്റില്ലേ…” തുളസി ചോദിച്ചതും പപ്പയുടെ ആഗ്രഹം എന്ന് കേട്ടതും അജുവിന്റെ ഉള്ളിൽ ഒരു മിന്നൽ പട പാഞ്ഞു… മമ്മയുടെ മുഖം നോക്കിയതും തന്റെ സമ്മതത്തിനായി അപേക്ഷിക്കുന്നതായി തോന്നിയത്തും അജു നിർവികാരത്തോടെ സമ്മതം അറീച്ചു… അജുവിന്റെ അവസ്ഥ അവിടെയുണ്ടായ മറ്റെല്ലാവരിലും വേദന തോന്നിയെങ്കിലും കിച്ചുവുമായുള്ള വിവാഹത്തിന് സമ്മതിച്ചത് ആശ്വാസം ഉണ്ടായി.. അജു ആരേയും നോക്കാതെ റൂമിൽ നിന്നും അവളുടെ റൂമിലേയ്ക് പോയി കതകടച്ചു.. കല്യാണം എന്ന് പറഞ്ഞതും അവളുടെ മനസിൽ സായിയുടെ മുഖം നിറഞ്ഞു നിന്നു.. ജീവിതത്തിൽ അപ്രതീക്ഷിതമായി നടന്ന കാര്യങ്ങൾ അച്ഛന്റെ മരണവും അനുവിന്റെയും കൂട്ടുകാരൻ യദുവിന്റെയും മിസ്സിംഗ്‌ എല്ലാ കൂടി ആയപ്പോൾ അവൾ സായിയെ തീർത്തും അജു അവോയ്ഡ് ചെയ്തെങ്കിലും എന്നും തനിക്കായി മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു… വരുന്ന ഓരോ മെസ്സേജ് റിപ്ലൈ ചെയ്തിലേലും മെസ്സേജ് കൺകെ ഒരു ധൈര്യം കിട്ടിയിരുന്നതായി ഓർത്തു.. വിവേക് വേഗം ഫോൺ എടുത്ത് SK യെ വിളിച്ചു ഫോൺ റിംഗ് ചെയ്യ്തു കട്ടായത്തും ഇനിയുയെന്തു ചെയ്യുമെന്നറിയാതെ അവൻ ഫോൺ കൈയിൽ നിന്നും അമർത്തി പിടിച്ചു.

തുളസിയുടെ തീരുമാനപ്രകാരം മഹി രാമനാഥിനോട്‌ വിവാഹകാര്യം പറയാൻ തീരുമാനിച്ചു.. “മഹിയേട്ടാ തുളസി പറയും പോലെ കിച്ചുവുമായുള്ള അജുവിന്റെ വിവാഹം നടക്കുന്നതാവും ശരി..” “എനിക്കും അതു തന്നെയാടാ തോന്നുന്നത്.. ” ജോൺസിയുടെ വാക്കുകൾ ശരി വെക്കും പോലെ മഹി പറഞ്ഞു.. “ട്രീറ്റ്മെന്റ്ന് തുളസിയെ കൊണ്ട് ഞാനും ലിസയും പോകാം…” “അപ്പോൾ കമ്പനി കാര്യം…” “ആനന്ദ് ഇല്ലാതെ കമ്പനി പോകാൻ തോന്നുന്നില്ല ഏട്ടാ അതുമല്ല ഇനി മക്കൾ നോക്കട്ടെ… ടെസയ്ക്കു ഒരു മാറ്റം നല്ലതാണെന്നു തോന്നുന്നു ഏട്ടാ ഞങ്ങളുടെ കൂടെ അവളെയും കൊണ്ടുപോകുവാ… അജുവിന്റെ കല്യാണം കഴിഞ്ഞാൽ ധൈര്യപൂർവ്വം കമ്പനി അവരെ ഏല്പിക്കാം കിച്ചു നോക്കിക്കോളും എന്റെ മക്കളെ അതുപോലെ ഏട്ടനും കൂടെ എന്തിനും ഉണ്ടാകും എന്നറിയാം…

നിങ്ങള് നാലുപേരും ഒറ്റകെട്ടായി നിന്നാൽ എന്റെ ആനന്ദിനെ ഇല്ലാതാകിയവരുടെ ഉന്മൂലനാശം ഉറപ്പായി എന്ന് തന്നെ പറയാം… എന്റെ അനു മോള് ജീവനോടെ എവിടെയെങ്കിലും ഉണ്ടാകും എന്നാ എന്റെ വിശ്വാസം അവളെ കൂടി കണ്ടത്താൻ നിങ്ങൾക് പറ്റും ഏട്ടാ… ഈ കല്യാണം എന്തുകൊണ്ടും എത്രയും വേഗം നടത്തുന്നതാവും നല്ലത് ഏട്ടനൊന്നു വിളിക്…” ജോൺസിയുടെ വാക്കുകൾ ആനന്ദ് പറയുന്നത് പോലെ തോന്നി മഹിക് അയാൾ ഫോൺ എടുത്തു നാഥനെ വിളിച്ചു.. “ഏട്ടാ, കുമാരൻ അളിയനും ചേച്ചിയും നന്ദേട്ടന്റെ കൊലപാതകത്തിനു പിന്നിൽ ഉണ്ടേൽ അവരുടെ അറിവോടെയാണ് ഇത് നടന്നതെങ്കിൽ സ്വന്തം പെങ്ങളാണെന്ന കാര്യം ഞാൻ അങ്ങ് മറക്കും അവരുടെ അത്യാഗ്രഹം തീർത്തുകൊടുക്കും… ശില്പ അവൾ ഓഫീസിൽ വന്നിട്ട് കുറച്ചായി വന്നിട്ട്… ഒന്ന് അന്വേഷിച്ചപ്പോൾ എറണാകുളം പോയതെന്ന് അറിയാൻ കഴിഞ്ഞു…

എന്തിന്നവർ എറണാകുളം പോയി ആരേ കാണാൻ പോയി കണ്ടെത്തണം എനിക്ക്.. അനു നമ്മുടെ അപ്പുവിന്റെ കൂടെ സേഫ് ആയിരിക്കും എന്ന് തോന്നുന്നു കിച്ചു അവരെ അന്വേഷിച്ചു പോകാത്ത സ്ഥിതിയ്ക് അവന് വല്ല സൂചന കിട്ടിയത് കൊണ്ടവനാണ് സാധ്യത… അജു അവൾ മറ്റുള്ളവരുടെ മുന്നിൽ സങ്കടങ്ങൾ മറച്ചു പിടിക്കുന്നു എന്നെ ഉള്ളു.. ചങ്കുപൊട്ടി കരയുകയാണെന്ന് നന്നായി അറിയാം… അന്ന് കണ്ടായതല്ലേ ഏട്ടാ ആനന്ദേട്ടന്റെ കർമങ്ങൾ കഴിയും വരെ ഒരു തുള്ളി കണ്ണുനീർ ഒഴിക്കിയില്ല അവൾ.. അവളുടെ കണ്ണിൽ അത് ചെയ്തവരോടുള്ള പ്രതികാരമായിരുന്നു… ആര് ചെയ്താലും ശരി അവർക്കുള്ള ശിക്ഷ വിധികാൻ അവൾക്കൊപ്പം ഞാൻ ഉണ്ടാകും… ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നേനെ അവളെ പിന്നെ മഹിയേട്ടൻ പറഞ്ഞു തുളസിയെ ചികിത്സയുടെ ഭാഗമായി വിദേശത്ത് കൊണ്ടുപോകുമ്പോൾ അജുവിനെ അല്ലുവിന്റെ കൂടെ തറവാട്ടിൽ ആകാം എന്ന്.. ” ഭരതൻ തന്റെ ജേഷ്ഠൻ രാമനാഥനോട് പറഞ്ഞുകൊണ്ടിരിക്കെ ഫോൺ ബെൽ കേട്ട് നാഥൻ ഫോൺ എടുത്തു..

“ഹലോ നാഥാ ഞാനാ ഇന്ദ്രൻ…” ഫോൺ എടുത്തതും മറുപുറത്തുനിന്നും മഹിയുടെ ശബ്ദം നാഥൻ കേട്ടു… “ആ ഇന്ദ്രാ പറയടാ…” ഇന്ദ്രനെന്നു കേട്ടതും ഭരതൻ അയാൾക്കരികിൽ വന്നു…. “നാഥാ ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ വേണ്ടിയാണു അത് നീ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല അറിയാം യദുവിനെ കുറിച്ച് ഒരു വിവരവും ഇല്ല എന്ന് അതിന്റെ ടെൻഷനിലാകുമെന്നും അറിയാം…” “നീ കാര്യം പറ ഇന്ദ്രാ എന്തിനാ ഈ മുഖവുര…” “അങ്ങനെയല്ലടാ ഈ കാര്യം ദേവിയുടെ അഭിപ്രായവും പിന്നെ കിച്ചൂന്റെ പൂർണസമ്മതവും വേണ്ട കാര്യമാണ് അവരുണ്ടോ അവിടെ… ‘ഉണ്ട് കിച്ചു മുറിയിലുണ്ട് ദേവി കിച്ചണിൽ ആണ് ഭരതൻ ഉണ്ട് കൂടെ…” “ഭരതനും ഉണ്ടോ നന്നായി നീ അവരെ കൂടി വിളിക് എന്നിട്ട് ലൗഡിൽ വെയ്ക്..” മഹി പറഞ്ഞതും നാഥൻ രണ്ടുപേരെയും വിളിച്ചു അവർ വന്നതും  ഫോൺ സ്പീക്കറിൽ ഇട്ടു.. “പറഞ്ഞോ ഇന്ദ്രാ എല്ലാവരും ഉണ്ട് ഇവിടെ…” “ഞാൻ പറയാൻ വന്നത് മറ്റൊന്നും അല്ല…” മഹി പിന്നീട് തുളസി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു…

“കിച്ചു നിന്റെ തീരുമാനമാണ്.. എന്റെ അജു ഇപ്പോ നമ്മുടെയൊക്കെ മുന്നിൽ പിടിച്ചു നിൽക്കുന്നു എന്നെ ഉള്ളു… ആരും അറിയാതെ കരയുകയാണെന്ന് നന്നായി അറിയാം..  എനിക്ക് ഇപ്പോഴത്തെ സിറ്റുവേഷനിൽ അവൾ ഇവിടെ നിന്നും മറ്റൊരിടത്തു മാറുന്നത് നല്ലതന്നെ എന്ന് എനിക്കും തോന്നി തുളസിയുടെ ട്രീറ്റ്മെന്റിന് വിദേശത്ത് പോകുമ്പോൾ ശ്യാമയുടെ കൂടെ അജുവിനെ തറവാട്ടിൽ മാറ്റാം എന്നാ കരുതിയെ പക്ഷേ തുളസി ഇങ്ങനെയൊരു കാര്യം പറഞ്ഞു വാശിയിൽ ആണ്… ജോൺസി തുളസിയെ കൊണ്ട് പോകാം എന്നാ ഇപ്പോ പറയുന്നത് ടെസ ദിവസം പോകും തോറും സൈലന്റ് ആയി വരുന്നു എല്ലാം കൊണ്ട് പേടി തോന്നുവാ… മോനെ കിച്ചു നിനക്ക് സമ്മതമാണോ… നീ ആലോചിച്ചു പറഞ്ഞാൽ മതി… ” ഒരു നിമിഷം എല്ലാവരും നിശബ്ദരായി.. കല്യാണം എന്ന് കേൾക്കുമ്പോൾ കടിച്ചു കീറാൻ വരുന്ന കിച്ചു ഇത് കേട്ട് എങ്ങനെ പ്രതികരിക്കും എന്നായിരുന്നു രാമനാഥിന്റേയും ശ്രീദേവിയും ടെൻഷൻ… എന്നാൽ ഭരതന്റെ കണ്ണുകൾ ഇത് കേട്ടതും തിളങ്ങി.. എല്ലാവരും കിച്ചുവിനെ നോക്കി… “നിങ്ങള് ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി..” ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും മഹി പറഞ്ഞു…

ഫോണിലൂടെ മഹിയുടെ ശബ്ദം കേട്ടതും കിച്ചു ഒന്ന് ദീർഘശ്വാസം എടുത്തു… “അജു സമ്മതിച്ചുവോ…?” കിച്ചുവിന്റെ ചോദ്യം കേട്ട് നാഥനും ശ്രീദേവിയും മുഖാമുഖം നോക്കി… “ആഹാ…. പപ്പയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ എന്റെ കുഞ്ഞ് സമ്മതം പറഞ്ഞു…” മഹി പറഞ്ഞത് കേൾക്കേ കിച്ചു കണ്ണുകൾ ഇരുകിയടച്ചു… “മോന്റെ തീരുമാനം എന്തായാലും പറയാൻ മടി വേണ്ട…” അൽപ്പം കഴിഞ്ഞു മഹി വീണ്ടും പറഞ്ഞു.. “എനിക്ക് കല്യാണത്തിന് സമ്മതം അങ്കിൾ എപ്പഴാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി…” കിച്ചു പറഞ്ഞതും ഭരതൻ പുഞ്ചിരിയോടെ കിച്ചുവിനെ നോക്കി… മഹിയിൽ ആശ്വാസം തോന്നി… യദുവിന്റെ മിസ്സിംഗ്‌ കാരണം അജുവുമായുള്ള കല്യാണത്തിന് പെട്ടന്ന് സമ്മതിക്കുമോ എന്നാ സംശയം ആയിരുന്നു അയാളിൽ… എന്നാൽ കല്യാണത്തിന് സമ്മതിച്ചു എന്ന് കേട്ടതും നാഥനും ശ്രീദേവി ആദ്യമൊന്നു ഞെട്ടി പിന്നെ അവരിലും ആശ്വാസം കണ്ടു… എന്നാൽ യദുവിനെ കുറിച്ചൊരു അറിവും ഇല്ലാത്തത് ഒരു വിഷമം തന്നെയാണേലും യദുവും അനുവും എവിടെയെങ്കിലും സേഫ് ആയിരിക്കും എന്നവർ വിശ്വസിച്ചു..

പിന്നീട് എല്ലാം പെട്ടന്നായിരുന്നു കിച്ചുവും ഫാമിലിയും എറണാകുളം എത്തി.. ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാത്ത ഒരു കല്യാണം… മേലേടത്തു വീട്ടിൽ ദുഃഖങ്ങൾക്കിടയിലും അജുവിനെ സന്തോഷപൂർവ്വം പറഞ്ഞയക്കാൻ തയ്യാറെടുത്തു കല്യാണം കഴിഞ്ഞു രണ്ടാം നാൾ തുളസിയെ ചികിത്സയ്ക്കായി വിദേശത്ത് പോകും.. തുളസിയുടെ അരികിൽ ഇരുന്ന അജുവിനെ നിർബന്ധപൂർവ്വം റൂമിലേക് പറഞ്ഞു വിട്ടു… അനുവിന്റെ ഫോട്ടോ എടുത്ത് അതിലേയ്ക് നോക്കി തന്നെ അവൾ കണ്ണുകൾ അടച്ചു തന്റെ കല്യാണ ദിവസം ഏറെ സ്വപ്നം കണ്ട വാവാച്ചി ഇന്ന് എവിടെയാണെന്നു പോലും അറിയില്ല… എന്റെ രാജകുമാരിയെ രാജകുമാരന്റെ കൈകളിൽ ഏൽപ്പിക്കാൻ ഏറെ കാത്തിരുന്ന ആൾ ഇന്ന് ഭൂമിയിൽ ഇല്ല എന്നൊക്കെ ഓർക്കെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി… പെട്ടെന്നെന്തോ ഓർത്ത പോലെ അജു ഫോൺ എടുത്തു വാട്സപ്പ് ഓപ്പൺ ചെയ്യ്തു ഇച്ഛൻ എന്ന് സേവ് ചെയ്യ്തു വന്നതിലെ മെസ്സേജ് ഓപ്പൺ ചെയ്യ്തു… “നാളെ എന്റെ കല്യാണമാണ്..” ഇത്രമാത്രം എഴുതികൊണ്ടവൾ ഇച്ഛന് മെസ്സേജ് അയച്ചു.. ആ സമയം ഓൺലൈനിൽ സായ് ഉണ്ടായിരുന്നില്ല..  ഉറക്കം പോയിട്ട് നാളുകൾ ആയെങ്കിലും ഫോൺ ഓഫ് ചെയ്യത് അവൾ കണ്ണുകൾ അടച്ചു…

രാവിലെ ഡോർ തട്ട് കേട്ട് അജു പതിയെ കണ്ണ് തുറന്നു… പുലർച്ചെ എപ്പോഴോ ആണ് താൻ ഉറങ്ങിയതെന്നു അവൾ ഓർത്തു.. കതക് വീണ്ടും തട്ട് കേട്ട് അവൾ വാതിൽ തുറന്നു… കൈയിൽ സാരിയുമായി നിൽക്കുന്ന ശ്യാമമ്മയും കൂടെ ഉള്ള അമ്മച്ചിയേയും നോക്കി അവൾ ഒന്ന് ചിരിച്ചു… “രജിസ്റ്റർ ഓഫീസിൽ ഒരു ഒപ്പ് വയ്ക്കാൻ എന്തിനാ ശ്യാമമ്മേ ഇതൊക്കെ..” “കല്യാണമല്ലേ മോളേ..” “അതിനു കല്യാണമായാൽ സാരി വേണമെന്നു നിർബന്ധം ഉണ്ടോ… ഇതൊന്നും വേണ്ട ഞാൻ എങ്ങനെയാണോ അങ്ങനെ മതി.. അണിഞ്ഞൊരുങ്ങി കാണാൻ പപ്പയോ വാവാച്ചിയോ ഇല്ലല്ലോ.. പിന്നെ മമ്മയുടെ നിർബന്ധം ആണേൽ അത് ഞാൻ പറഞ്ഞോളാം… ശ്യാമമേ പ്ലീസ് എന്നെ നിർബന്ധിപ്പിക്കല്ലേ….” :ഇതുമായി വരുമ്പോൾ ഇന്ദ്രേട്ടൻ പറഞ്ഞിരുന്നു അവളെ നിർബന്ധിച്ചു ഒന്നും ചെയ്യിപ്പിക്കരുത് എന്ന്…’ ശ്യാമ അജു പറഞ്ഞത് കേൾക്കേ മഹി പറഞ്ഞത് ഓർത്തു…

“ശരി മോളുടെ ഇഷ്ടം… 10 മണിക്ക് രജിസ്റ്റർ ഓഫീസിൽ എത്താൻ പറഞ്ഞത് മോള് റെഡിയായി വാ..” അതും പറഞ്ഞ് ശ്യാമയും ലിസയും പോയി അജു റൂമിൽ ചെന്നു ഫോൺ എടുത്ത് നോക്കി ഇച്ഛയുടെ മെസ്സേജ് വന്നിട്ടുണ്ടോ എന്നായിരുന്നു അവൾ ആദ്യം നോക്കിയത്.. താൻ അയച്ച മെസ്സേജ് നോക്കിയിട്ടും മറുപടി കാണാത്തപ്പോൾ ദേഷ്യം തോന്നി അവൾക് ഫോൺ ബെഡിലേയ്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൾ ഫ്രഷ് ആവാൻ പോയി.. ബ്ലൂ ജീൻസും വൈറ്റ് ഗ്രേ കളർ ടൈപ് ഫുൾസ്ലീവ് ടീഷർട്ടും ഇട്ട് മുടി എന്നും കെട്ടും പോലെ പേന് വച്ചു ഉച്ചിയിൽ ചുറ്റികെട്ടി കഴുത്തിൽ മാലയൊന്നും ഇടാതെ ഒഴിച്ചിട്ടു കാതിൽ കുഞ്ഞ് കമ്മലും അവളുടെ ഒരുക്കം കഴിഞ്ഞു.. റെഡിയായി താഴെ ഇറങ്ങിയതും എല്ലാവരും അവളെ അത്ഭുതജീവി പോലെ നോക്കി… “ടി നീയെന്താ ഈ വേഷത്തിൽ…” അജുവിന്റെ വരവ് കണ്ട് ഞെട്ടി ടിജോ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു തിരക്കി..

“ഇതിനെന്താ കുഴപ്പം…” “നിന്റെ കല്യാണമാടി..” “അതിനു..” “ഒരു സാരിയെങ്കിലും ആയിക്കൂടെ…” “കല്യാണത്തിന് പെണ്ണ് സാരി ഉടുക്കണം എന്ന് ആര് പറഞ്ഞ് ദേഹം മറയ്ക്കാൻ ഡ്രസ്സ്‌ അതു പോരെ അത് ഞാൻ ഇട്ടിട്ടുണ്ട്.. പിന്നെ രജിസ്റ്റർഓഫീസിൽ പോയി ഒരു ഒപ്പ് വെയ്ക്കാൻ സാരി നിർബന്ധം ഉണ്ടോ…” ടിജോയോട് തിരിച്ച് അജു ചോദിച്ചതും അവൻ പല്ല് കടിച്ചു രണ്ട് തെറി മനസ്സിൽ വിളിച്ചു പുറത്തിറങ്ങി.. “പോകാം…” മഹിയോടും ജോൺസിയോടുമായി അവൾ ചോദിച്ചു.. മറുതൊന്നും പറയാതെ അവർ തലയാട്ടി പുറത്തിറങ്ങി. മാര്യേജ് രജിസ്ട്രേഷൻ ഓഫീസിൽ അവർ എത്തുമ്പോൾ കിച്ചും ഫാമിലിയും എത്തിയിരുന്നു.. രാമനാഥനും ശ്രീദേവിയും ഭരതനും ആയിരുന്നു കിച്ചുവിന്റെ ഭാഗത്തു നിന്നും.. അജുവിന്റെ കൂടെ മഹിയും ജോൺസിയും ടൈജോയുമായിരുന്നു ഉണ്ടായത്… ശ്യാമയും ലിസയും തുളസിക്കൊപ്പം നിന്നു.. ടിജോ കാറിൽ നിന്നും ഇറങ്ങിയതും കിച്ചുവിനെ കണ്ട് ഞെട്ടി..

വെള്ള മുണ്ടും ഷർട്ടും പ്രതീക്ഷിച്ചിടത് അജുവിന്റെ ഡ്രസ്സ്‌ പോലെ ബ്ലൂ ജീൻസും വൈറ്റ് ഗ്രേ കളർ ഫുൾസ്ലീവ് ടീഷർട്ടും ആയിരുന്നു… “ഇവരെന്താ ഇങ്ങനെ..” ടിജോ അറിയാതെ തന്നെ സ്വയം ചോദിച്ചു… അജു കാറിൽ നിന്നും ഇറങ്ങുന്നത് കണ്ട് ഭരതൻ കിച്ചുവിന്റെ കൈയിൽ മുറുകെ പിടിച്ചു… “ഇപ്പോ എന്തായി ചിക്കപ്പാ ഞാൻ പറഞ്ഞതല്ലേ ഇവൾ ഇങ്ങനേ വരൂ എന്ന്… എനിക്ക് അറിയാം എന്റെ പെണ്ണിനെ…” ഭരതന്നോടായി കിച്ചു ഒരു ചിരിയോടെ പറഞ്ഞു.. “ഞാൻ ഒരു സാരി എങ്കിലും പ്രതീക്ഷിച്ചു… ആ എന്റെ തെറ്റ് ഇത് അജുവാണെന്ന കാര്യം ഞാൻ ഓർക്കണമായിരുന്നു..” ഭരതൻ ആരോടെന്നില്ലാതെ പറയുന്നേ കേൾക്കേ കിച്ചു ചിരി കടിച്ചമർത്തി. മഹിയും നാഥനും രജിസ്‌ട്രേറേ കണ്ട് എല്ലാം സംസാരിച്ചു റെഡി ആക്കി അവരെ അകത്തേക്കു വിളിച്ചു…

അജു ഇച്ഛയുടെ മെസ്സേജ് വരാത്ത ടെൻഷനിലും ദേഷ്യത്തിലും ഫോൺ കൈയിൽ പിടിച്ചു ഞെരിച്ചു… അവൾ മറ്റുള്ളവരെ ആരേയും ശ്രദ്ധിക്കാതെ ശ്രീദേവിയോട് മാത്രം അൽപ്പം സംസാരിച്ച് വീണ്ടും ഫോണിൽ ശ്രദ്ധ തിരിച്ചു എന്നാൽ കിച്ചുവിന്റെ കണ്ണ് അവളിൽ ആയിരുന്നു… ഭരതൻ സംസാരിക്കാൻ പോകാൻ നിന്നതും കിച്ചു കൈപിടിച്ച് തടഞ്ഞു… എല്ലാം ശരിയാക്കി നാഥൻ കിച്ചുവിനെ അകത്തേക്കു വിളിച്ച്.. മഹി അജുവിനെ കൈ ചേർത്തുപിടിച്ച് അകത്തേക്കു കൂട്ടി… കിച്ചു ആദ്യം സൈൻ ചെയ്യത് പേന അജുവിന് നീട്ടി.. അജു അവന്റെ മുഖം നോക്കാതെ പേന വാങ്ങി വധുവിന്റെ സ്ഥാനത് സൈൻ ചെയ്യാൻ തുടങ്ങിയതും പെട്ടന്നവളുടെ കണ്ണിൽ വരന്റെ പേര് തടഞ്ഞു ‘സായ് കൃഷ്ണ.. ” ചുണ്ടിൽ പതിയ ഉരുവിട്ട് വേഗം തിരിഞ്ഞു നോക്കി അവിടെ പുഞ്ചിരിയോടെ തന്നെ നോക്കുന്ന കാപ്പിപ്പൊടി കണ്ണുകൾ കണ്ടതും അവൾ സ്വയം പറഞ്ഞു. “ഇച്ഛൻ..❤” ബാക്കി പിന്നെ