രചന – ആരുണി കൃഷ്ണ
പതിയെ ആ കവിതയുള്ള പേജ് ചീന്തി എടുത്ത് അവൾ തന്റെ നെഞ്ചോടു ചേർത്തു… കവിതക്കൊപ്പം ഉള്ള ഫോട്ടോയിലേക്ക് മിഴികൾ നട്ട് അവൾ താഴെയുള്ള ആ പേരിലൂടെ വീണ്ടും കണ്ണോടിച്ചു…
********************************************
“അഭിരാം വാസുദേവ് ”
തേർഡ് ഇയർ ബിടെക്.( EEE)
“ശ്രീക്കുട്ടി…. മോളെ… ” ദേവൻ അവളെ വിളിച്ചു..
ശ്രീക്കുട്ടി അടുക്കിവെച്ച മിഥുവിന്റെ ഫോട്ടോസ് മാഗസീനിനു ഉള്ളിൽ ആക്കി ഷെൽഫിൽ യഥാസ്ഥാനത് തിരികെ വച്ചു… ചീന്തി എടുത്ത പേപ്പറിലുള്ള അഭിയുടെ ഫോട്ടോക്ക് ഒരു പുഞ്ചിരിച്ചു സമ്മാനിച്ചു കൊണ്ട് അവൾ അത് മടക്കി കയ്യിൽ ഭദ്രമായി ഒളുപ്പിച്ചു…
“ദാ വരുന്നച്ഛാ … ”
“മോളെ, അച്ഛൻ ഒരു പ്രൊപോസൽന്റെ കാര്യം പറഞ്ഞിരുന്നില്ലേ… എന്റെ ഫ്രണ്ടിന്റെ മകൻ… ”
“എനിക്ക് ഇപ്പൊ കല്യാണം വേണ്ട അച്ഛാ….” ദേവൻ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അവൾ ഇടയിൽ കയറി പറഞ്ഞു…
“ഇപ്പൊ അതിനു ആര് നടത്തുന്നു… അവർ ഒന്ന് കണ്ടു പോകുന്നു… ബാക്കി എല്ലാം നിന്റെ പഠിപ്പ് കഴിഞ്ഞിട്ട്…”
“അച്ഛാ പ്ലീസ് … അത് വേണ്ട, അങ്ങനെ ഒരു കമ്മിറ്റ്മെന്റ്സും എനിക്ക് ഇപ്പൊ താല്പര്യമില്ല … സമയം ആവട്ടെ ഞാൻ പറയാം… ”
“ആ ശരി ഡാ, മോൾക്ക് ഇപ്പൊ വേണ്ടങ്കിൽ വേണ്ട…നിന്റെ ഇഷ്ടം പോലെ മതി… അതല്ലേ അച്ഛന്റെ സന്തോഷം… ”
“താങ്ക്യൂ അച്ഛാ… ” അവൾ അച്ഛന് ഒരു ഉമ്മ നൽകി തിരിഞ്ഞു ഓടി….
“ഈശ്വരാ, അഭിയേട്ടനോടുള്ള എന്റെ ഇഷ്ടം എത്രയും വേഗം തുറന്ന് പറയണം… ശ്രീകുട്ടേട്ടന്റെ കൂടെ കൂടിയ കാലം തൊട്ട് മനസ്സിൽ പതിഞ്ഞ മുഖമാണ്… ഒരിക്കലും ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഉണ്ടായിട്ടില്ല… പക്ഷെ ഇനി… പറയണം… ആ മനസ്സ് അറിയണം… ”
©ആരുണി കൃഷ്ണ ❤️
വൈകുന്നേരത്തോടെ ശ്രീ ബില്ല് അടച്ചു എത്തിയപ്പോഴേക്കും, അഭിയും എത്തിയിരുന്നു…
“ആ നീ എത്തിയോ… ഞാൻ കരുതി ഇനി വേറെ വണ്ടി വിളിക്കേണ്ടി വരുമെന്ന്… ”
“ഏയ്, ഞാൻ വരും എന്ന് പറഞ്ഞതല്ലേ ഡാ… ”
“അയ്യോ ഇപ്പൊ തന്നെ നിങ്ങൾ രണ്ടാളും ഒരുപാട് ബുദ്ധിമുട്ടി… ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു വീട്ടിൽ പൊക്കോളാം… ” ആമി പറഞ്ഞു
“ഇപ്പൊ തന്നെ കുറച്ചു വൈകി, ഇനി കോളേജിൽ പോയി നിങ്ങളുടെ ബാഗ് ഒക്കെ എടുത്ത് തിരിച്ചു വീട്ടിൽ എത്തുമ്പോ ഒരു സമയം ആകും… മിഥു പിന്നെയും വൈകില്ലേ വീട്ടിൽ എത്താൻ… ” ശ്രീ പറഞ്ഞതും മിഥു അവന്റെ മുഖത്തേക്ക് നോക്കി…
“ഇതെന്ത് മായ, ഇന്ന് മൊത്തം പതിവില്ലാത്ത കേറിങ് ആണല്ലോ… ഈ പൊട്ടന് ഇത് എന്ത്പറ്റി… ”
“ആ പിന്നെ ആമിയുടെ വീട്ടിലും പറഞ്ഞില്ലല്ലോ കാര്യങ്ങൾ ഒന്നും… ” അഭി കൂട്ടിച്ചേർത്തു…
“സർ, നമ്മൾ കൂട്ടി ഇടിച്ചു വീണതാണെന്ന് ഒന്നും അമ്മയോട് പറയണ്ട … കതകിൽ തട്ടി എന്നോ മറ്റൊ പറഞ്ഞാ മതി … ഇല്ലേൽ വഴക്ക് പറയും…”
“ആരെ എന്നെയോ…? “അഭി തിരക്കി…
“അല്ല എന്നെ, മാനത്തു നോക്കി നടക്കുന്നതിന്… ”
“ഹഹ…. ” എല്ലാരും ഒരുപോലെ ചിരിച്ചു…
“ഞാൻ ഈ പെണ്ണിനെ നോക്കി ഇറങ്ങിയതാ… സാർ വഴക്ക് പറഞ്ഞതിന്റെ കലിപ്പിൽ ഒറ്റക്ക് ഇറങ്ങി പോയതാ… ”
“ആമി മിണ്ടാതിരിക്കാൻ … ” മിഥു മെല്ലെ അവളോട് ചേർന്ന് നിന്ന് പറഞ്ഞു…
” ആഹാ, ഇവൻ മിഥുവിനെ വഴക്ക് പറഞ്ഞോ… എന്തിന്…? ”
മിഥു അപ്പോഴേക്കും തല താഴ്ത്തി… എന്തോ ആദ്യമായി പഠനത്തിൽ അലസത കാട്ടിയതിന്റെ വേദന അവളിൽ ഉണ്ടെന്ന് ശ്രീക്ക് തോന്നി…
“അതൊന്നുമില്ല അഭി, അധ്യാപകർ ആകുമ്പോ വിദ്യാർത്ഥികളെ ശാസിക്കും… അത് അവരിൽ പ്രതീക്ഷ ഉള്ളത് കൊണ്ടാണ്… ”
മിഥു, പെട്ടന്ന് ഞെട്ടി പിടഞ്ഞു ശ്രീയുടെ മുഖത്തേക്ക് നോക്കി… അവന്റെ ചുണ്ടിൽ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി കൂടി ആയപ്പോൾ മിഥുവിന്റെ മനസ്സിലെ ദേഷ്യം എങ്ങോ മറഞ്ഞു… അവളും മനസ്സറിഞ്ഞു അവന് നേരെ പുഞ്ചിരിച്ചു…
“നിങ്ങൾ വാ, ഞാൻ വണ്ടി എടുത്തിട്ട് വരാം… ” അത് പറഞ്ഞു അഭി നടന്നപ്പോൾ, മിഥുവിനെ ഒന്ന് നോക്കി പോകുന്നു എന്ന് അർത്ഥത്തിൽ പറഞ്ഞുകൊണ്ട് ശ്രീ യും നടന്നു… തിരിച്ചു മിഥുവും ഒന്ന് തലയാട്ടി..
“കണ്ണും കണ്ണും….. ” ശ്രീ പോയതും ആമി പാടാൻ തുടങ്ങി…
“എന്താടി, തലയിൽ ആണി കൊണ്ടതോടെ ബോധവും പോയോ ”
“മ്മ്, എനിക്കല്ല… ഇവിടെ പലർക്കും സ്ഥലകാല ബോധം പോയി…. ഞാനും ഇവിടെ തന്നെ ഉണ്ട്… അഭി സാർ ഇറങ്ങിയപ്പോ നമ്മൾ എല്ലാരോടും കൂടി, ഇറങ്ങാ.. നിങ്ങളും വാ എന്ന് പറഞ്ഞാണ് പോയത്.. ഇപ്പൊ ദേ ചിലരൊക്കെ ചിലരോട് മാത്രം പോകുവാ, വന്നോളുല്ലോ, എന്നൊക്കെ പറഞ്ഞിട്ട് പോകുന്നു… അതും കണ്ണുകൾ കൊണ്ട്… ഇവിടുന്ന് കൃത്യമായി മറുപടിയും ഉണ്ട്… നമ്മളെ മൈൻഡ് പോലും ചെയ്യുന്നുണ്ടോ..ങേ ഹേ… ”
“എന്റെ ആമി അത് ശ്രീ സാർ ജസ്റ്റ് ചെല്ലാൻ പറഞ്ഞതല്ലേ… ”
“മ്മ്… മ്മ്…എന്തോ ശ്രീ സാറോ… ഓ ഇപ്പൊ ശ്രീ സാർ, നാളെ ശ്രീ ഏട്ടൻ…ആ ഒരുപാട് പ്രതീക്ഷ ഉള്ള കുട്ടി അല്ലെ … നമ്മളോട് പറയും തല്ലും പിടിയും എന്നൊക്കെ…എന്നിട്ട് നടക്കുന്നതോ… സത്യം പറ മോളെ മഞ്ഞുരുകിയോ… നിങ്ങൾ തമ്മിൽ ഇഷ്ടം അല്ലെ ”
“ആമി.. ” മിഥു ഒന്ന് ഉറക്കെ വിളിച്ചതും ആമി വാ പൊത്തി…
“വാ പോകാം… ” ഇരുവരും പുറത്തേക്ക് നടന്നു… മിഥു നിശ്ശബ്ദമായി തന്റെ മനസ്സിനോട് ആമിയുടെ ചോദ്യം ചോദിച്ചുകൊണ്ടിരുന്നു…
“സാറിനോട് എനിക്ക് അങ്ങനെ ഒരു ഇഷ്ടം…ഏയ് പ്രണയം ഇല്ല… എന്തോ ഞാൻ ആഗ്രഹിക്കുന്ന പലതും സാറിൽ ഉണ്ടെന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലാക്കിയ പോലെ തോന്നുന്നു … വെറും തോന്നൽ ആണോ ദൈവമേ … അറിയില്ല… പേരറിയാത്ത ഒരു അടുപ്പം തോന്നുന്നു… പ്രണയം എന്നോ സൗഹൃദം എന്നോ പറയാൻ കഴിയാത്ത, മറ്റാരും നൽകാത്ത ഒരു തരം കരുതൽ…
സാറിന് തിരിച്ചു എങ്ങനെ ആകും….ഒരു വിദ്യാർത്ഥിനി… അതിനും അപ്പുറം തോന്നാൻ, ഞങ്ങൾ തമ്മിൽ എന്ത് അടുപ്പം ആണ് ഉള്ളത്… ഇപ്പോഴല്ലേ കണ്ട് തുടങ്ങിയത്… കണ്ട അന്ന് തൊട്ട് അടിയും… ഒരു തരം ശത്രുക്കളെപ്പോലെ…
പക്ഷെ സാർ എന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധ നൽകുന്നുണ്ട്.. ആ കരുതൽ അല്ലെ, പല ദേഷ്യങ്ങൾക്കും കാരണം… അന്ന് ക്ഷേത്രത്തിൽ വെച്ച് എനിക്ക് വേണ്ടിയല്ലേ തല്ല് ഉണ്ടാക്കിയത്… എന്നിട്ടും ഞാൻ ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല… ചിലപ്പോൾ അപ്പോഴുത്തെ ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞതായിരിക്കും… പിന്നീട് അതിന് സോറി പറയാൻ വന്നതാകും… പക്ഷെ ഞാൻ തന്നെ അല്ലെ ഓരോന്ന് പറഞ്ഞു ചൊടിപ്പിച്ചത്… ”
“മിഥു, കേറാൻ ഉദ്ദേശം ഒന്നുമില്ലേ നിനക്ക്… ബാക്കി കാറിൽ ഇരുന്ന് ആലോചിക്കാം… ” ശ്രീ അവളെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു…
നോക്കിയപ്പോൾ എല്ലാവരും കാറിൽ കയറി കഴിഞ്ഞിരുന്നു..
മിഥുവും ആമിയും പിന്നിലാണ് ഇരുന്നത്… അഭി ഡ്രൈവിംഗ് സീറ്റിലും, ഒപ്പം ശ്രീയും… ഓരോരോ കാര്യങ്ങൾ സംസാരിച്ചു, ചിരിച്ചു വണ്ടി മുന്നോട്ടു നീങ്ങി.. ഇടക്ക് ആമിയും എന്തൊക്കെയോ മണ്ടത്തരം വിളമ്പുന്നുണ്ട്.. അതിനെ അപ്പപ്പോൾ തന്നെ അഭി ട്രോളുന്നുമുണ്ട്… മിഥു മാത്രം മൂകയായി പുറത്തേക്ക് നോക്കി ഇരുന്നു… അവളുടെ മനസ്സിൽ ശ്രീയെ കണ്ട നാൾ മുതൽ ഉണ്ടായ സംഭവങ്ങൾ ഓരോന്നായ് കടന്നു വന്നു..
കോളേജ് എത്തിയതും, ശ്രീ ഇറങ്ങി..
“ആമി, നീ ഇവിടെ ഇരുന്നോ… ഞാൻ എടുത്തിട്ട് വരാം ബാഗ്… ” മിഥു ഡോർ തുറന്ന് ഇറങ്ങി ശ്രീക്ക് പിന്നാലെ നടന്നു…
“മിഥു, നീ എങ്ങോട്ടാ…? ”
“ക്ലാസ്സിലേക്ക്… ”
“അതൊക്കെ പൂട്ടി… ”
“ബാഗ് ഒക്കെ റിഫ്രഷ്മെന്റ് റൂമിൽ എടുത്ത് വെക്കാൻ ഞാൻ വിളിച്ചു പറഞ്ഞിരുന്നു… കീ എന്റെ കയ്യിലുണ്ട്… വാ.. ”
സെക്യൂരിറ്റിയിൽ നിന്ന് കീ വാങ്ങി, റൂം തുറന്ന് ശ്രീ തന്റെ ബാഗ് എടുത്തു ഏതൊക്കെയോ ഫയൽസും പേപ്പേഴ്സും അടുക്കി വെച്ചു … ഒപ്പം മിഥുവും അകത്തേക്ക് കയറി, ബാഗുകൾ എടുത്ത് തിരിച്ച് ഇറങ്ങാൻ ഒരുങ്ങവെ ഡോർ ലോക്ക്ഡ് ആയി ..
“സാർ, ഇത് തുറക്കാൻ പറ്റുന്നില്ല… ”
“തുറക്കാൻ പറ്റുന്നില്ലേ… നോക്കട്ടെ… ”
ശ്രീ ശക്തമായി ഡോർ പിടിച്ചു വലിച്ചു… പക്ഷെ ഫലം ഉണ്ടായില്ല…
“ഈ ലോക്ക് തുറന്ന് ഞാൻ അകത്തു കയറിയതാണ്.. വാതിലും തുറന്നു കിടന്നതാണ്… പിന്നെ ആരാ ഇത് പുറത്ത് നിന്ന് പൂട്ടിയത്… ”
ശ്രീ ഡോറിൽ ആഞ്ഞു ചവിട്ടി… പക്ഷെ തുറക്കാൻ കഴിഞ്ഞില്ല…
“സാർ, എന്താ തുറക്കാൻ പറ്റുന്നില്ലേ… ”
“ഏയ്, നീ ടെൻഷൻ ആകേണ്ട മിഥു… ചിലപ്പോൾ ആരേലും അറിയാതെ ലോക്ക് ചെയ്തതാകും… ”
മിഥു ആകെ വിയർക്കാൻ തുടങ്ങി… അവൾക്ക് ബോധം മറയും പോലെ തോന്നീ…
“സാർ… ” ആ വിളി അവസാനിക്കും മുന്നേ അവൾ നിലത്തേക്ക് വീഴാൻ ഒരുങ്ങിയതും ശ്രീ അവളെ ചേർത്ത് പിടിച്ചു…
“മിഥു, മിഥു…. മോളെ കണ്ണ് തുറക്ക്… മിഥു… ” പരിഭ്രമത്തോടെയും, അതിലേറെ വേദനയോടും കൂടി ശ്രീ അവളുടെ കവിളിൽ തട്ടി വിളിച്ചു…
പെട്ടന്ന് തന്നെ ഫോൺ എടുത്ത് അഭിയെ വിളിച്ചു കാര്യം പറഞ്ഞതും, അഭിയും ആമിയും കൂടി ഓടിവന്നു… അവർ വന്നപ്പോൾ ഡോർ പുറത്ത് നിന്ന് ലോക്‌ഡ് ആയിരുന്നു…
“ശ്രീ, ഡാ ഇത് ലോക്‌ഡ് ആണ്…കീ എവിടെ ”
കതകിന്റെ താഴത്തെ വിടവിലൂടെ ശ്രീ താക്കോൽ പുറത്തേക്ക് ഇട്ടു..
ഡോർ തുറന്ന് അകത്തു കയറിയ ആമിയും അഭിയും കണ്ടത്, ശ്രീയുടെ മടിയിൽ തലവെച്ച് കിടക്കുന്ന മിഥുവിനെയാണ്…
“അയ്യോ, എന്ത് പറ്റി… ” ആമി ഓടി വന്നു..
“ഡോർ ലോക്‌ഡ് ആയപ്പോ പേടിച്ചു പോയത, മിഥു പെട്ടന്ന് തലകറങ്ങി വീണു… ” ശ്രീ ഇടർച്ചയോടെ പറഞ്ഞു..
ആമി പെട്ടന്ന് ബാഗ് തുറന്ന് വെള്ളം എടുത്ത്, മിഥുവിന്റെ മുഖത്തേക്ക് തളിച്ചു…
മിഥു കണ്ണ് തുറന്നു… കുറച്ചു വെള്ളം കുടിക്കാനും കൊടുത്തു…
“സാർ ഡോർ… ” ചോദിച്ചു തീരും മുന്നേ തുറന്നിട്ട വാതിലും, അഭിയേയും ആമിയെയും അവൾ കണ്ടു… അതവൾക്ക് പകുതി ആശ്വാസം നൽകി..
ശ്രീയുടെ മടിയിൽ അവനെ പറ്റി ചേർന്ന് കിടക്കാണ് താൻ എന്ന ബോധം അവളിൽ ജാള്യത നിറച്ചു… അതോർത്തു പെട്ടന്ന് ഞെട്ടി പിടഞ്ഞു എണീക്കാൻ തുനിഞ്ഞെങ്കിലും വീണ്ടും ആ മടിയിലേക്ക് തന്നെ വീണുപോയി അവൾ… ശ്രീയുടെ ഇടതു കയ്യ് അവളെ ചേർത്ത് പിടിച്ചിരുന്നു.. അവൻ ആ പിടി അയക്കാതെ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു… ആ നിമിഷം അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു തിരയിളക്കം അവൾ അറിഞ്ഞു… കരുണയോടെ, കരുതലോടെ നോക്കുന്ന ആ കണ്ണുകൾ തന്നോട് എന്തിനോ വേണ്ടി അപേക്ഷിക്കുന്നതായി മിഥുവിന് തോന്നി…
മെല്ലെ അവൻ തന്നെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു…
“മിഥു, ഹോസ്പിറ്റലിൽ പോണോ… ” ആമി ആയിരുന്നു..
“എങ്കിൽ നേരെ വന്ന വഴിയേ പോകാം… ” അഭി പറഞ്ഞു..
“ഏയ് വേണ്ട, എനിക്ക് കുഴപ്പമില്ല… നമുക്ക് വേഗം പോകാം… “മിഥു ശ്രീയെ നോക്കി പറഞ്ഞു…
“എങ്കിൽ ശരി വാ ”
അവർ പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു….അഭി ചുറ്റുപാടും കണ്ണോടിച്ചു… ഒപ്പം സെക്യൂരിറ്റിയോടും മറ്റാരെങ്കിലും ഇവിടെ വന്നിരുന്നോ എന്ന് തിരക്കി…
മിഥു പെട്ടന്ന് ഒന്ന് നിന്നു….
“ദാ എന്റെ സ്കൂട്ടി ഇവിടെ ഉണ്ട്… ഞാൻ അതിൽ വരാം…”
“ഈ നേരത്ത്… ഒറ്റക്കോ… വേണ്ട ആരെയെങ്കിലും പറഞ്ഞു വിട്ട് എടുപ്പിക്കാം… ”
“എന്തോ ബിസിനസ് ആവശ്യത്തിന് പോയിട്ട് അമ്മാവനും പ്രണവേട്ടനും തിരിച്ചു എത്തിയിട്ടില്ല…”
“ഒരു കാര്യം ചെയ്യ്… നീയും മിഥുവും കൂടി ടു വീലറിൽ വാ… ഞങ്ങളെ ഫോളോ ചെയ്തോ…. അല്ലെ ആമി.. ”
“ആ മിഥു, നീ ഒറ്റക്ക് വരണ്ടാ… ” ആമിയും അഭിയെ ശരി വച്ചു…
“അത് വേണ്ട… ഞാൻ ഒറ്റക്ക്… ” ശ്രീ ഒന്ന് നോക്കിയതും പറയാൻ വന്നതവൾ വിഴുങ്ങി…
ടു വീലറിൽ കയറി മിഥു വണ്ടി സ്റ്റാർട്ട് ചെയ്തതും, ശ്രീ അരികിൽ എത്തിയിരുന്നു…
“ഇറങ്ങ്… ” അവൻ വണ്ടി ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു…
തുടരും….

by