19/04/2026

സ്നേഹമയി : ഭാഗം 13

രചന – ആരുണി കൃഷ്ണ

“ഓ എല്ലാം തുലഞ്ഞു…. ” കള്ളത്തരം പൊളിയുന്നതിനും അപ്പുറം അവളെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു…. ****** “ശ്രീപോട്ടൻ കാളിങ്…. ” സ്‌ക്രീനിൽ തെളിഞ്ഞു വന്ന നമ്പർ കണ്ട് ശ്രീ പകച്ചു പോയി…. ഉള്ളാലെ പെണ്ണിന്റെ കുറുമ്പ് കണ്ട് ചിരി വന്നെങ്കിലും, മുഖത്ത് ഗൗരവം വരുത്തി, ഫോൺ ഡിസ്പ്ലേ അവൾക്ക് നേരെ നീട്ടി…. “എന്താ ഇത്…. ” “അത് സർ… ” “മിഥു, ഇതൊന്ന് വായിച്ചേ… ” അവൾ മടിച്ചു നിന്നു…. ” വായിക്കു മിഥു ” അവൻ ഒട്ടും ഗൗരവം വിടാതെ തന്നെ പറഞ്ഞു… “ശ്രീ പൊട്ടൻ… ” “ആരാ അത്… ” അവൻ തിരക്കി അവൾ കണ്ണടച്ചുകൊണ്ട് അവന് നേരെ കൈ ചൂണ്ടി… അവളുടെ ആ നിൽപ്പ് കണ്ട് ശ്രീക്ക് ശരിക്കും ചിരി വന്നു.. അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നോട് ചേർത്ത് തിരിച്ചു നിർത്തി… “സർ, അയ്യോ വിട്… അന്നത്തെ വേദന ഇപ്പോഴും ഉണ്ട്.. ” “അന്ന് ഈ കയ്യ് ഓടിച്ചു കളയണ്ടതായിരുന്നു…. കുരുത്തക്കേടിനു കയ്യും കാലും വെച്ചവൾ… അടങ്ങി മിണ്ടാതെ നിന്ന് സത്യം പറഞ്ഞാൽ വേദനിപ്പിക്കില്ല…

ഇല്ലേൽ അറിയാല്ലോ… ” “മ്മ്….”അവൾ… അനുസരണ ഉള്ള കുഞ്ഞിനെ പോലെ തലകുലുക്കി… “ഇന്നലെ മെസ്സേജ് ചെയ്തത് ഞാൻ ആണെന്ന് മനസ്സിലായില്ലേ നിനക്ക്…? ” “എപ്പോ..? ” “ഓഹോ… അവൻ പിടുത്തം ഒന്നൂടെ മുറുക്കി… ” “ആ, മനസ്സിലായി… മനസ്സിലായി… ” “പിന്നെ എന്തിനാ അങ്ങനെ ചോദിച്ചേ… ” “എങ്ങനെ…? ” “ഇവളെ ഇന്ന് ഞാൻ.. ” “അയ്യോ വേണ്ട… അത് ഞാൻ വെറുതെ… ഒരു രസത്തിന് ആരാന്ന് ചോദിച്ചതാ … ” “അപ്പൊ ശ്രീ പൊട്ടൻ എന്ന് സേവ് ചെയ്തതും രസത്തിനാകും… അല്ലേ… ” “അത്… ” പറഞ്ഞു തീരും മുന്നേ.. അവളെ തിരിച്ചു, തനിക്ക് അഭിമുഖമായി നിർത്തി ചേർത്ത് പിടിച്ചു… മിഥുവിന്റെ കൈ അവന്റെ നെഞ്ചിലും, അവന്റെ കൈ അവളുടെ ഇടുപ്പിലും അമർന്നു… ഒരു നിമിഷം ഇരുവരുടെയും ശ്വാസം നിലച്ചപോലെ തോന്നി… ഇപ്പ്രാവശ്യം പക്ഷെ ആദ്യം ബോധം വീണ്ടെടുത്തത് ശ്രീ ആയിരുന്നു… “ഈശ്വരാ, ഇത് ഇവള്ടെ വീട് അല്ലെ… ആരേലും കണ്ടെങ്കിലോ… ” അവൻ മനസ്സിൽ ഓർത്തു… പക്ഷെ കതകിൽ പിന്നിൽ ഇതൊക്കെ ഒളിഞ്ഞു നിന്ന് ശ്രീക്കുട്ടിയും മഞ്ജുവും കാണുന്നുണ്ടായിരുന്നു…

ആദ്യമായി മിഥുവിന് അവനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് തോന്നി… നാണത്താൽ ഇരുകവിളും ചുവന്നു തുടുത്തു… “ഈ ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്യ്… ” “എന്തിനാ… ” “പറഞ്ഞാലേ ചെയ്യാൻ പറ്റുള്ളൂ…? ” അവൾ ഫിംഗർ അക്സസ്സ് കൊടുത്ത്, ലോക്ക് ഓപ്പൺ ചെയ്തു… അവൻ ഫോണിൽ എന്തൊക്കെയോ ടൈപ് ചെയ്യുന്നത് കണ്ടു… ശേഷം തിരികെ ഫോൺ അവൾക്ക് നൽകി… “ഞാൻ ഇറങ്ങുന്നു.. അപ്പൊ ശരി കാണാം… ” അവൻ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അങ്ങനെ പറഞ്ഞു പോയതും അവൾക്ക് ദേഷ്യം തോന്നി… ഒപ്പം സങ്കടവും… “വാ വാ, ഏട്ടൻ വരുന്നു… ” ശ്രീക്കുട്ടി മഞ്ജുവിന്റെ കയ്യിൽ പിടിച്ചു താഴേക്ക് ഇറങ്ങി.. “നീ എന്താ ഇവിടെ… ” താഴെ തന്നെ കാത്ത് നിന്ന ശ്രീകുട്ടിയെ കണ്ട് ശ്രീ ചോദിച്ചു.. “ഇടക്ക് അഭിയേട്ടൻ ഒന്ന് വിളിച്ചു… ഏട്ടനെ വിളിച്ചപ്പോ.. ഔട്ട്‌ ഓഫ് കവറേജ്‌…. ഫ്രീ ആകുമ്പോ തിരിച്ചു വിളിക്കാൻ പറയണേ എന്ന്… ” “ആ അഭി പിന്നീട് എന്നെ വിളിച്ചു… നീ എന്താ എന്നിട്ട് ഉടനെ പറയാതിരുന്നത്… ” “നിങ്ങൾക്ക് ഒരു ഡിസ്റ്റർബൻസ് ആകേണ്ട എന്ന് കരുതി… ട്യൂഷൻ അല്ലേ… അല്ലെ മഞ്ജു…. ” “മ്മ്മ്… ” ശ്രീക്കുട്ടിയുടെ അർത്ഥം വെച്ചുള്ള പറച്ചിലിനു ഒരു മൂളൽ മാത്രം മറുപടി നൽകി അവൻ നടന്നു…

“ഹോ, തനി കാട്ടുപോത്ത് തന്നെ…” മനസ്സിൽ അങ്ങനെ പറഞ്ഞു ഫോൺ സ്ക്രീനിലേക്ക് നോക്കിയതും, ഫോൺ റിങ് ചെയ്തു… മിഥുവിന്റെ മുഖം എന്തെന്നില്ലാത്ത സന്തോഷത്താൽ വിടർന്നു….ഒരു നിമിഷം, ആ പേരിലേക്ക് തന്നെ അവൾ നോക്കി നിന്നു, പിന്നെ കാൾ എടുത്തു… “ഹ… ഹലോ ” “മ്മ്, അന്ന് പറഞ്ഞില്ലേ… 9 ടു 4 അല്ലെ ക്ലാസ്സ്‌ അപ്പോൾ മാത്രം സർ എന്ന് വിളിച്ചാൽ പോരെ എന്ന്… അല്ലാത്തപ്പോൾ വിളിക്കാൻ വേറെ പേര് തപ്പി മോള് കഷ്ടപ്പെടണ്ട.. ഫോണിൽ സേവ് ചെയ്തിട്ടുണ്ട്… ഇഷ്ടമായില്ലെങ്കിൽ… ” ശ്രീ ഒന്ന് നിർത്തി… “ഇഷ്ടമായില്ലെങ്കിൽ…” “ആയില്ലെങ്കിലും അത് ഒന്നും എനിക്ക് അറിയണ്ട… മര്യാദക്ക് അങ്ങനെ വിളിച്ചോണം… മറ്റേ പേര് എങ്ങാനും പറയാൻ ഇനി വാ തുറന്നാൽ നിന്റെ അന്ത്യം ആയിരിക്കും അന്ന് … കേട്ടോടി കുരിപ്പേ …” “മ്മ്… “കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ നിന്നാൽ പോയ ആള് തിരിച്ചു ഇങ്ങു പോരും എന്ന് അറിയുന്നത് കൊണ്ട്, മിഥു ഒന്ന് മൂളിയതെ ഉള്ളു… “എന്ത് കൂ… ” “ഇല്ല ഞാൻ അങ്ങനെ വിളിക്കൂല്ലെന്ന്… ” “ആ എങ്കിൽ നിനക്ക് കൊള്ളാം… ” കാൾ കട്ട്‌ ആയി… അവൾ ആ പേരിലേക്ക് വീണ്ടും നോക്കി … ശ്രീപൊട്ടൻ എന്ന് സേവ് ചെയ്തിരുന്ന സ്ഥാനത്ത്, “ശ്രീയേട്ടൻ ” എന്ന് ആക്കി മാറ്റിയിരിക്കുന്നു… “മനസ്സ് കൊണ്ട് എപ്പോഴൊക്കെയോ വിളിക്കാൻ ആഗ്രഹിച്ചിട്ടില്ലേ… പിന്നെ ഒരു കുസൃതി, ശ്രീപോട്ടനെയും എനിക്ക് ഇഷ്ടമാ…” ഹഹ…അവൾ ഉറക്കെ ചിരിച്ചു…

“അയ്യോ അല്ല, ശ്രീയേട്ടൻ… ” “ഹോ… അങ്ങനെ വിളിക്കണം പോലും… ഓർഡർ കണ്ടില്ലേ… അങ്ങനെ ഇപ്പൊ മോൻ അത് കേട്ട് സുഖിക്കണ്ട.…ഇപ്പൊ വിളിക്കാട്ടോ…കാത്തിരുന്നോ ” ഫോൺ ഗാലറിയിൽ സേവ് ചെയ്തു വെച്ച അവന്റെ ഫോട്ടോ നോക്കി അവൾ പറഞ്ഞു… “സാധാരണ എന്ത് പറഞ്ഞാലും, ചാടി കയറുന്ന പെണ്ണായിരുന്നു… തിരിച്ചു എന്തേലും പറയേം ചെയ്യുമാർന്നു… ഇപ്പൊ ഞാൻ പറയുന്നത് ഒക്കെ കേൾക്കുന്നുണ്ട്….ഒരു അധ്യാപകനോടുള്ള ബഹുമാനം മാത്രം ആണോ… ഏയ്‌, പഠിപ്പിക്കുമ്പോൾ ഒഴികെ, ഒരു അധ്യാപകൻ ആയി ഞാൻ ഒരിക്കലും അവളോട്‌ പെരുമാറിയിട്ടില്ല…അവളുടെ കോളേജിൽ തന്നെ മനഃപൂർവം പോയത്, അവളെ കാണാൻ വേണ്ടി തന്നെ ആയിരുന്നു… പക്ഷെ അവളുടെ അധ്യാപകൻ ആയി മുന്നിൽ നിൽക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം… കുറച്ചു കൂടി അവളോട്‌ അടുക്കണം.…ഇപ്പൊ അവൾക്കും എന്നോട് ഒരു ഫീലിംഗ്സ് ഉണ്ടെന്ന് തോന്നുന്നു… ” ആ ചിന്തകൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…

വൈകിട്ട് അഭി ശ്രീയുടെ വീട്ടിലേക്ക് വന്നു…ശ്രീക്കുട്ടിയാണ് ഡോർ തുറന്നത്…അവൾ പെട്ടന്ന് പരിഭ്രമം കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. “എന്താ സർ, എന്താ പ്രശ്നം… ” “സാറോ… ശ്രീപ്പി എന്താടി… ” ( ശ്രീപ്രിയയെ ഷോര്ട്ട് ആക്കി അഭി വിളിക്കുന്നതാണ് ശ്രീപ്പി എന്ന് ) “അല്ല സാറിന്, ഈ വഴിയൊക്കെ അറിയുമോ… വല്ല കേസ് അന്വേഷണത്തിനും വന്നതാണോ.. അല്ലാതെ ഇങ്ങോട്ട് ഒന്നും വരില്ലല്ലോ… ” “ഒന്ന് പോടീ.. ” അവൻ അവളുടെ തലയിൽ ഒന്ന് മുട്ടി.. “ദേ, ഐ പി എസ് കാരാ വലിയ ജാഡ ഇറക്കല്ലേ…. ഇവിടെ ജോയിൻ ചെയ്തിട്ട് ഒരാഴ്ച ആയി… വന്നില്ല പോട്ടേ.. ഒന്ന് വിളിക്കാം, അല്ലേൽ ഒരു മെസ്സേജ്… ” “തമ്പുരാട്ടിക്ക് എന്താ ഇപ്പോ വേണ്ടത്… എല്ലാത്തിനും പലിശ സഹിതം എനിക്ക് ചിലവ് തരണം… ” “ഓ തന്നേക്കാം.. ” “ലത ആന്റിയും , അങ്കിളും എവിടെ…” “അമ്മ തറവാട്ടിൽ വരെ പോയി .. അച്ഛൻ ഓഫീസിൽ നിന്ന് എത്തിയിട്ടില്ല… ” അപ്പോഴേക്കും ശ്രീ താഴേക്ക് വന്നു… “നീ കാറിൽ ആണോ വന്നത്…” “ആ അതേടാ… എന്താ? ” “അല്ല, ഞാൻ കരുതി…നമുക്ക് എന്റെ ബുള്ളെറ്റിൽ പുറത്ത് പോകാം എന്ന്… ” “ആ അത് എന്തായാലും നോ പ്രോബ്ലം… ”

“എന്തായാലും രാത്രി നീ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ടല്ലേ പോകുള്ളൂ.. ” “ഡാ… അത്… ” “ഒരു അതും, ഇതും ഇല്ല… കഴിച്ചിട്ട് പോയാ മതി.. ” ശ്രീകുട്ടി നിർബന്ധം പിടിച്ചു… “ഓ, ശരി.. ” “അല്ല, നിങ്ങൾ എങ്ങോട്ടാ…? ” “ആ ഞങ്ങൾക്ക് ഒരു അത്യാവശ്യം ഉണ്ട്… “ശ്രീ പറഞ്ഞു.. “അഭിയേട്ടാ, എവിടെ പോകുവാ… ” “അത് കുറച്ചു ഒഫീഷ്യൽ ആണ് ശ്രീപ്പി… ” “ഓ ഹോ… കണ്ടോ ഇപ്പൊ ഞാൻ പറഞ്ഞത് ശരിയായി… ഞങ്ങളെ കാണാൻ ഒന്നും വന്നതല്ല…കേസ് അന്വേഷണം ആണല്ലേ, ഉദ്ദേശം… ” അവൾ പിണങ്ങി മാറി നിന്നു… “നീ തന്നെ പറ അവളോട്‌ … എനിക്ക് വയ്യ… ” ശ്രീ കയ്യൊഴിഞ്ഞു … “നിങ്ങളെയൊക്കെ കാണാൻ അല്ലെ ഞാൻ വന്നത്… പ്രത്യേകിച്ച് നിന്നെ… അതല്ലേ മെയിൻ… ” ശ്രീക്കുട്ടിയുടെ മുഖം ഒന്ന് തെളിഞ്ഞു… “കൂടെ, കുറച്ചു ഒഫിഷ്യൽ കാര്യം അന്വേഷിക്കണം… അത്രേ ഉള്ളു… ” “ഹ്മ്മ്, ശരി എന്നാ ചായ കുടിച്ചിട്ട് പോകാം… ” “അത് വേണോ ശ്രീപ്പി… ” അവൻ വയറിൽ കൈ വെച്ച് പറഞ്ഞു… ശ്രീകുട്ടൻ തിരിഞ്ഞു നിന്ന് വായ പൊത്തി ചിരിക്കാൻ തുടങ്ങി..

“അത് അന്ന് എനിക്ക് ചായപൊടിയും, പല്ല് പൊടിയും കൂടി മാറിപോയതാ… ഇപ്പൊ ഞാൻ ഇമ്പ്രൂവ്ഡ് ആയി…” “ആണോ ശ്രീകുട്ടാ… ? ” “പിന്നെ അടിപൊളിയാ… നല്ല ഊള ചായ… നമ്മുടെ ബ്രൂണോ പോലും കുടിക്കില്ല….” ( ശ്രീയുടെ വീട്ടിലെ പട്ടിയാണ് ബ്രൂണോ ) “ഏട്ടാ…… വേണ്ടാട്ടോ … ” “എന്റെ പൊന്നു ശ്രീപ്പി… ഇപ്പൊ അത്യാവശ്യം ആയിട്ട് പോകുവാ… അതുകൊണ്ട് പരീക്ഷണത്തിനായിട്ട് ഞാൻ പിന്നെ വരാം… അല്ലേൽ രാത്രി വരുമല്ലോ… അപ്പൊ നോക്കാം… ” “എന്നാൽ ഞാൻ കുറച്ചു സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കി വെക്കാം… ” ശ്രീകുട്ടി പറഞ്ഞത് കേട്ട് അഭി ദയനീയമായി ചിരിച്ചു.. “എടാ, എനിക്ക് നാളെ ഓഫീസിൽ പോണം… “അഭി ശ്രീയെ നോക്കി മെല്ലെ പറഞ്ഞു.. “നീ, പേടിക്കണ്ട… താറവാട് അപ്പുറത്താ… മുത്തശ്ശന് സുഖമില്ല…അമ്മ അങ്ങോട്ട്‌ ഒന്ന് പോയതാ… ഉടനെ വരും… ” “ഹോ, ഭാഗ്യം… അപ്പൊ നല്ല ഫുഡ് കഴിക്കാം…” അത് പറഞ്ഞുകൊണ്ടവർ പുറത്തേക്ക് ഇറങ്ങി “ഐ പി എസ് കാരാ നോക്കിക്കോ ഇതിനുള്ള പ്രതികാരം ഞാൻ ചെയ്തിരിക്കും… ജീവിതാവസാനം വരെ ഈ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ്ഡ് ഞാൻ നിങ്ങളെ കൊണ്ട് കഴിപ്പിച്ചില്ലെങ്കിൽ ഈ ശ്രീപ്രിയയുടെ പേര് ബ്രൂണോക്ക് ഇട്ടോ… ” അവർ പോകുന്നതും നോക്കി നിന്നുകൊണ്ടവൾ മനസ്സിൽ ഉറപ്പിച്ചു…

“ഡാ എങ്ങോട്ട് പോകാം…” ശ്രീ തിരക്കി.. “സെൻട്രൽ മാളിലേക്ക് വിട്ടോ.. ” “ഓ, നമ്മുടെ സ്വന്തം chatzz n bakes… ” “ശ്രീകുട്ടാ, നീ പിന്നെ പോകുമായിരുന്നോ… ” “ഇല്ലടാ… ഞാൻ ബാംഗ്ലൂർ അല്ലാരുന്നോ… നാട്ടിൽ എത്തി കുറച്ചല്ലേ ആയിട്ടുള്ളൂ… ” ”ആ ഞാനും ഇല്ല, കോച്ചിംഗ് എക്സാം ട്രെയിനിങ് ഒക്കെ ആയി പോകാൻ പറ്റിയില്ല… ” “പ്രണവും നമ്മൾ ഇല്ലാത്തോണ്ട് പോകാറില്ലെന്ന് പറഞ്ഞു… പിന്നെ സമയവും കുറവാ… ഇപ്പൊ കോട്ടൂർ ഗ്രൂപ്പിന്റെ ബിസിനസ് നോക്കണം… കുടുംബം നോക്കണം… ” “ഹഹ… ഇന്ന് നമ്മൾ മാത്രം ആയി പോയെന്ന് എങ്ങാനും അവൻ അറിഞ്ഞാൽ… ” “അതല്ലേ, തിരിച്ചു ചെല്ലുമ്പോ കോട്ടൂര് കേറാം എന്ന് ഞാൻ പറഞ്ഞത് “… “ആ അവൻ വന്നാൽ, നമുക്ക് ഞാൻ പറഞ്ഞകാര്യം സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല… ” “മ്മ് ” ശ്രീ ഒന്ന് മൂളി.. സെൻട്രൽ മാളിന്റെ സെക്കന്റ്‌ ഫ്ലോറിൽ ആണ് chats n’ bakes… ശ്രീയും അഭിയും അവിടേക്ക് നടന്നു… “ഡാ ആ ലെഫ്റ്റ് കോർണർ ഫോർ സീറ്റ്‌സ്, വിൻഡോക്ക് അടുത്തുള്ള, നമ്മുടെ പഴയ സ്ഥലം… ” അത് പറഞ്ഞു അഭി ആവേശത്തോടെ അവിടെ പോയിരുന്നു..

മനസ്സിൽ ഒരുപാട് ഓർമകളും ആയി ശ്രീയും അവന് എതിരെ വന്നിരുന്നു… “ആ വാട്ടർ ഫൌണ്ടേൻ ഇപ്പോഴും ഉണ്ടല്ലേ… അഭിപറഞ്ഞതും, ശ്രീയും അത് വിൻഡോയിലൂടെ അത് നോക്കി… “അഭി, എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്..” “ശ്രീകുട്ടാ, ഇന്നലെ നീയും മിഥുവും, ഡോർ ലോക്‌ഡ്‌ ആയി പുറത്ത് ഇറങ്ങാൻ പറ്റാതെ ഇരുന്നില്ലേ…അത് നമ്മൾ സംശയിച്ച പോലെ തന്നെ… മനഃപൂർവം ആ ഡോർ ലോക്ക് ചെയ്തതാണ്… ” “ആര്.. ” ശ്രീ ആശങ്കയോടെ ചോദിച്ചു.. “നീ സംഭവം കഴിഞ്ഞു സി സി ടി വിയുടെ കാര്യം പറഞ്ഞത് വെച്ച് ഞാൻ ഇന്ന് കോളേജിൽ തിരക്കി…വളരെ confidential ആയ ഒരു കേസിന്റെ ആവശ്യം, അവിടെ പഠിക്കുന്ന സ്റ്റുഡന്റും ആയി റിലേറ്റഡ് എന്ന് പറഞ്ഞപ്പോൾ മിസ്റ്റർ ശങ്കർ സമ്മതിച്ചു…സി സി ടി വി ഫൂട്ടജിൽ ഇന്നലെ നീ കയറുന്നതും, പിന്നാലെ മിഥു കയറുന്നതും ഉണ്ടായിരുന്നു… തൊട്ട് പിന്നാലെ ഒരാൾ വന്നു ഡോർ ലോക്ക് ചെയ്തു, അയാൾ കോളേജിന് പിന്നിലേക്ക് നടന്നുപോകുന്നത് വരെ അതിൽ ഉണ്ട്… ” “ആരാ എന്ന് പറ അഭി…. ”

“അത് അറിയില്ല… അയാൾ ഒരു ചുവന്ന തൂവാല കൊണ്ട് മുഖം മറച്ചിരുന്നു… ” “ശേ… ഡാ നീ ചെക്ക് ചെയ്തപ്പോ, ഇത് ആരേലും കണ്ടോ… ” “നെവർ… ഇനി കാണുകയും ഇല്ല… ആ ദൃശ്യങ്ങൾ ഫോണിൽ പകർത്തി അത് ഞാൻ സിസ്റ്റത്തിൽ നിന്ന് ഡിലീറ്റ് ചെയ്തു.. ” “ഓ, താങ്ക് ഗോഡ്…താങ്ക് യു അളിയാ… അല്ലെങ്കിൽ അതൊരു പ്രശ്നം ആകും മിഥുവിന് … ” “മ്മ് അറിയാം….” “ഡാ, ആ വീഡിയോ എവിടെ…. ” അഭി തന്റെ ഫോൺ ശ്രീക്ക് നേരെ നീട്ടി.. ശ്രീ വീഡിയോ കണ്ട് കഴിഞ്ഞു, പെട്ടന്ന് എന്തോ ഓർത്തപോലെ വീണ്ടും പ്ലേ ചെയ്തു… പിന്നെ പോസ് ചെയ്തു…റിപ്ലേ കൊടുത്ത് വീണ്ടും പോസ് ചെയ്തു… അവൻ ആ തൂവാല ധരിച്ച മുഖം സൂം ചെയ്തു നോക്കി… “ഇത്… ഇത് അവനല്ലേ… ” ശ്രീ സംശയത്തോടെ പറഞ്ഞു… ” നിനക്കറിയോ ശ്രീ, ആളെ മനസ്സിലായോ… ” “മ്മ്….” തുടരും…..