09/05/2026

സ്നേഹമയി : ഭാഗം 34

രചന – ആരുണി കൃഷ്ണ

പക്ഷെ പെട്ടന്ന് ഞെട്ടി തിരിഞ്ഞു വീണ്ടും അവൾ സൈഡിലേക്ക് നോക്കി, കുസൃതി നിറഞ്ഞ ചിരിയോടെ ആ കണ്ണുകൾ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു… താൻ കാണുന്ന കാഴ്ച സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ അവളും…..

******** ******* ******** *******
ഗോൾഡൻ കളർ ഷർട്ടും കസവു മുണ്ടും, മുടി ജൽ തേച്ചു ഒതുക്കി വെച്ചിട്ടുണ്ട്…കളർ ഒന്നും ചെയ്തിട്ടില്ല… താടിയൊക്കെ ട്രിം ചെയ്തു…. മീശ ചെറുതായി ഒന്ന് പിരിച്ചു വെച്ചിട്ടുണ്ട്… നെറ്റിയിൽ ഒരു ചന്ദനകുറിയും… കഴുത്തിലെ ആ ചങ്ങലയും കാണാൻ ഇല്ല…. ആകെ ചെക്കനെ ഇപ്പൊ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും….ആമി കണ്ണ് തള്ളി..

“വരുൺ….”

ആമിയുടെ നാവിൽ നിന്നും അറിയാതെ ആ പേര് വന്നതും, അവൾ കഴിച്ചു കൊണ്ടിരുന്ന ഉപ്പേരിയുടെ ഒരു കഷ്ണം താഴേക്ക് ഊർന്ന് വീണു… പക്ഷേ വീഴും മുന്നേ വരുൺ അത് കൈക്കൽ ആക്കി… എന്നിട്ട് തന്നെ നോക്കി വായും തുറന്നിരിക്കുന്ന ആമിയുടെ വായിലേക്ക് വെച്ച് കൊടുത്തു… ആ നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല… അവൾ പെട്ടന്ന് വായടച്ചു… അപ്പോഴേക്കും ഒരു കൂട്ടച്ചിരി ഉയർന്നു… ആമി നോക്കുമ്പോൾ എല്ലാവരും അവരെ നോക്കി ചിരിക്കുന്നു … വരുണിനെ നോക്കിയപ്പോൾ അവൻ ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങി… സദ്യക്ക് ഇടയിലും, വരുണിന്റെ കണ്ണുകൾ ആമിക്ക് നേരെ നീളുന്നുണ്ടായിരുന്നു… ആമിയും അതൊക്കെ അറിയുന്നുണ്ട്, അവൾക്ക് എന്തോ പതിവില്ലാത്തൊരു പരവേശം തോന്നി… പക്ഷേ തല ഉയർത്തി നോക്കാനുള്ള ശക്തി നഷ്ടപ്പെട്ടപോലെ… കഷ്ടപ്പെട്ട് എന്തൊക്കെയോ കൊത്തി പെറുക്കി കഴിച്ചെന്നു വരുത്തി… ഒന്നുങ്കിൽ വരുൺ, അല്ലെങ്കിൽ മിഥുവും ശ്രീയും എഴുന്നേറ്റാൽ മാത്രമേ തനിക്ക് പോകാൻ കഴിയു എന്നവൾ മനസ്സിലാക്കി… ബാക്കിൽ ഭിത്തിയാണ്…വരുൺ ആദ്യമായി സദ്യ കാണുമ്പോലെ വെട്ടി വിഴുങ്ങുന്നു….

“ഈശ്വരാ ഇതെന്താ സദ്യ കണ്ടിട്ടില്ലേ, ഇതെത്രാമത്തെ തവണയായി ചോറ് വാങ്ങുന്നു…ഇവന് ആർത്തി മൂത്ത് വട്ടായി എന്നാ തോന്നുന്നേ… ഇത് എന്നേറ്റിട്ട് എണീക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല.. ”

ആമി പതുക്കെ അപ്പുറത്തേക്ക് നോക്കി, അവിടെ മിഥുവും ശ്രീയും ശ്രീകുട്ടിയും അഭിയും ഒടുക്കത്തെ കത്തിയടി..

“ന്റെ കൃഷ്ണാ, ഞാൻ പെട്ടല്ലോ… ” ആമി ആകെ ഞെളിപിരി കൊണ്ടു… കുറച്ചു കഴിഞ്ഞതും അവർ നാലും എണീറ്റു, ആമിയും പതുക്കെ എണീക്കാം എന്നുള്ള ചിന്തയിൽ വരുണിനെ ഒന്ന് ഒളികണ്ണാലെ നോക്കി… എവിടെ അവിടെ തകർത്തു പായസം കുടി നടക്കുന്നു… അവൾ പതിയെ എണീറ്റതും, അവൻ ഇടത് കൈകൊണ്ടു അവളുടെ കയ്യിൽ പിടിത്തമിട്ടു…

“വരുൺ എന്താ ഇത്… “ആമി ചുറ്റും നോക്കി മെല്ലെ ചോദിച്ചു..

“മനസ്സിലായില്ലേ, കയ്യിൽ പിടിച്ചിരിക്കുവാ…”

“അതെന്തിനാ എന്നാ ചോദിച്ചേ… ”

“അവരെല്ലാം എണീറ്റില്ലേ, നീ ഇവിടെ ഇരിക്ക്, എനിക്ക് ഒരു കൂട്ടിന്…”

“എന്തോന്ന്? എനിക്ക് എങ്ങും വയ്യ… ഇയാൾ തന്നെ അങ്ങ് ഇരുന്നാമതി ഇവിടെ… ”
പെട്ടന്ന് ആമിയുടെ കൈകളിലെ പിടുത്തം മുറുകി….

“ഇരിക്കടി അവിടെ… ” അധികം ശബ്ദം ഇല്ലാതെ ആണെങ്കിലും, വരുൺ ദേഷ്യം കലർന്ന ഭാവത്തോടെ പറഞ്ഞതും അവൾ അറിയാതെ ഇരുന്ന് പോയി…

“ആ അങ്ങനെ വഴിക്ക് വാടി, അനുസരണ ഉണ്ട്… ”
അവൻ കൈ വിടാതെ കഴിപ്പ് തുടർന്നു…

“അതെ ഈ കയ്യൊന്ന് വിടുമോ, ഞാൻ ഇവിടെ ഇരുന്നോളാം… എണീറ്റു പോകില്ല… ”

“മ്മ്… ” വരുൺ കൈ വിട്ടു…

പക്ഷേ അടുത്ത നിമിഷം തന്നെ അവന്റെ ഇടത് കൈകൾ അവളുടെ കൈയിൽ കോർത്തു പിടിച്ചു… എന്നിട്ട് അങ്ങനെ തന്നെ അവന്റെ നെഞ്ചോടു ചേർത്ത് വെച്ചു… ആമി ശരിക്കും ഞെട്ടി വിറച്ചു… അവന്റെ ഹൃദയം വല്ലാതെ മിടിക്കുണ്ട്… ഇപ്പൊ അവളുടെയും… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു, വരുൺ ആ കണ്ണുകളിലൂടെ തന്നോട് പലതും പറയാൻ ശ്രമിക്കുന്നത് അവൾ അറിഞ്ഞു… അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു… വരുൺ പെട്ടന്ന് കൈ അയച്ചുകൊണ്ട് പുറത്തേക്ക് എണീറ്റ് പോയി…. എന്താ സംഭവിക്കുന്നത് എന്നറിയാതെ അവൾ ഒരു നിമിഷം തറഞ്ഞു ഇരുന്നു .. പിന്നെ പതുക്കെ എണീറ്റു…അവസാനത്തെ പന്തി ആയിരുന്നത്കൊണ്ട് അധികം ആരും ഇല്ലായിരുന്നു, ക്ലീനിങ് ചെയ്യുന്ന കുറച്ചുപെർ ഒഴികെ എല്ലാവരും പോയി…. അവൾ പെട്ടന്ന് വാഷ് ഏരിയയിലേക്ക് നടന്നു…. ചുറ്റും ഒന്ന് നോക്കി, വരുൺ അവിടെ ഇല്ലെന്ന് അരിഞ്ഞതും അവൾക്ക് ആശ്വാസം തോന്നി… കൈ കഴുകി തിരിഞ്ഞതും ധാ നിൽക്കുന്നു മുന്നിൽ… അവൻ അവളുടെ കൈയിൽ പിടുത്തമിട്ടു നടന്നു…

“വരുൺ ഇത് എങ്ങോട്ടാ, പിടിവിട്….ദേ ആരേലും കാണും, വിടുന്നുണ്ടോ.. “ഇങ്ങനെ ഒക്കെ പറയണം എന്ന് അവൾക്ക് ഉണ്ടായിരുന്നു, പക്ഷേ ആകെ കിളി പോയ അവസ്ഥയിൽ വായിൽ നിന്ന് ഒരു വാക്ക് പോലും വന്നില്ല….. ഓഡിറ്റോറിയത്തിന് പിന്നിലേക്ക് കൊണ്ട് പോയി, പെട്ടന്ന് തന്നെ അവളുടെ കൈ വിട്ടു…

“വരുൺ എന്താ നിനക്ക്…? ആരെങ്കിലും കണ്ടാലോ.”

അവൻ അപ്പോഴേക്കും നിറപുഞ്ചിരിയോടെ അവളിൽ തന്നെ മിഴികൾ ഊന്നി…

“ഞാൻ പോകുവാ… ”
ആമി പോകാൻ ഒരുങ്ങിയതും, അവൻ കുറുകെ കയറി നിന്നു…

“ഹാ, ഒന്ന് അടങ്ങി നിൽക്കു പെണ്ണെ…. പറയുന്ന കേട്ടിട്ട് പോയാമതി.. ”

”എന്താ… ” ആമി മുഖം കൂർപ്പിച്ചു ചോദിച്ചു…

“നീ അല്ലെ എന്നെ ഇന്നലെ കളിയാക്കിയത്, വെള്ളരി കണ്ടത്തിലെ കോലം എന്ന് പറഞ്ഞു… ആ കോലം മാറി വന്നിട്ട് പിന്നെ അഭിപ്രായം ഒന്നും കേട്ടില്ല…”

“ഏത് കോലം കെട്ടിയാലും സൗന്ദര്യം ഇല്ലായ്മയും വൃത്തികേടും മാറില്ല.. ”

“ഹഹ…. “അതിന് മറുപടിയായ് വരുൺ ഉറക്കെ ചിരിക്കാൻ തുടങ്ങി..

“നിർത്തഡോ, തനിക്ക് എന്താ വട്ടാണോ…”

“എന്നിട്ട് മോള് ഈ സൗന്ദര്യം ഇല്ലായ്മയും വൃത്തികേടും നോക്കി വായും പൊളിച്ച് ഇരുന്നല്ലോ കുറേനേരം.…”

“ആ…അ… അത് പിന്നെ… ”

“ഏത് പിന്നെ… ”

“ഒന്നുമില്ല, ഞാൻ ആരെയും നോക്കിയതല്ല…”
ആമി എവിടെയൊക്കെയോ നോക്കി പറഞ്ഞു…

“മുഖത്തോട്ട് നോക്ക് പെണ്ണെ….”
വരുൺ വിരലുകൾ അവളുടെ താടിതുമ്പിൽ പിടിച്ചു അവന് നേരെ ആക്കികൊണ്ട് പറഞ്ഞു…

“കോട്ടൂർ തറവാട്ടിലെ എന്റെ എല്ലാ ബന്ധങ്ങളെയും നിനക്കും കൂടി പകുത്ത് തരട്ടെ ഞാൻ, പകരം എനിക്ക് ദാ ഈ ഹൃദയത്തിൽ ഒരു സ്ഥാനം തരുമോ… ”

ആമി ഞെട്ടിത്തരിച്ചു അവനിൽ മിഴികൾ ഊന്നി അങ്ങനെ തന്നെ നിന്നുപോയി… എന്ത് പറയണം എന്നറിയാതെ…

“ഡി….”

“ങേ, എന്താ… ആരാ… ”

“ഓ ബോധം പോയോ നിന്റെ… ആ എന്നാ കേട്ടോ നല്ല ബോധത്തോടെ, അഭിരാമി അശോക് എന്ന നിന്നെ ഞാൻ താലികെട്ടി അഭിരാമി വരുൺ ആക്കാൻ ആഗ്രഹിക്കുന്നു… മോള് നന്നായി സമയം എടുത്ത് ആലോചിച്ചു പറഞ്ഞാമതി… ഇനി പൊക്കോ…”

അവൻ മാറികൊടുത്തതും, അവൾ ഒന്ന് പകച്ചു നിന്നിട്ട് വേഗം നടന്നു …

“ഒന്ന് നിന്നെ.. ”

“ഈശ്വരാ വീണ്ടും ഈ പ്രാന്തൻ വിളിക്കാണല്ലോ… തിരിഞ്ഞു നോക്കണോ… വേണ്ട… ”

അവൾ തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നതും, അവൻ അടുത്തേക്ക് വന്നു, എന്നിട്ട് കാതോരം ചേർന്നു പറഞ്ഞു…

“പറ്റില്ല എന്നെങ്ങാനും പറയാനാണ് ഉദ്ദേശം എങ്കിൽ തൂക്കി എടുത്ത് ഞാൻ അങ്ങ് കൊണ്ട് പോകും, കേട്ടല്ലോ… “മറുപടി നൽകാതെ അവൾ ഓടി…

📌📌📌📌📌📌📌📌📌📌📌📌📌📌

പ്രവീണ കരഞ്ഞു നിലവിളിക്കാൻ തുടങ്ങിരുന്നു…എല്ലാരേയും കെട്ടിപിടിച്ചു കരയുന്ന അവളെ ഒരു വിധം എങ്ങനെ എങ്കിലും പിടിച്ചിട്ട് കൊണ്ട് പോകേണ്ടി വന്നു ആകാശിന്‌… മിഥു തൊട്ട് അടുത്ത് തന്നെ ആയത് കൊണ്ട് അവളെ പിരിയേണ്ടല്ലോ എന്ന ആശ്വാസം എല്ലാവരിലും ഉണ്ടായിരുന്നു… പക്ഷേ കാറിൽ കയറിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു… അതിനുള്ള കാരണം ശ്രീക്ക് മാത്രം മനസ്സിലായി… ഇനിയുള്ള മണിക്കൂറുകൾ നിമിഷങ്ങൾ പോലെ കടന്ന് പോകും… തന്റെ പാതിയെ വിട്ടകലാൻ മനസ്സ് മടിച്ചു… പക്ഷേ നിവർത്തി ഇല്ലാതെ ഇരുവരും എല്ലാം ഉള്ളിൽ ഒതുക്കി… മിഥുവിന്റെ കൈകളുടെ മെൽ ശ്രീ അവന്റെ കൈ ചേർത്ത് വെച്ചു… അവൾ മെല്ലെ അവന്റെ തോളിലേക്ക് ചാഞ്ഞു….

3 മണി ആകുമ്പോഴേക്കും ശ്രീയും മിഥുവും ശ്രീനിലയത്തിന് മുന്നിൽ എത്തി… ഒരിക്കൽ കൂടി മിഥു ആ വീടിന്റ മരുമകൾ ആയി, ശ്രീയുടെ നല്ലപാതിയായി വലതുകാൽ വെച്ച് കയറി….നിറഞ്ഞ മനസ്സോടെ….

ആകാശിന്റെയും പ്രവീണയുടെയും റിസപ്ഷൻ നെക്സ്റ്റ് വീക്ക്‌ മതിയെന്ന് നേരുത്തേ അവർ തീരുമാനിച്ചിരുന്നു….ശ്രീ പോകുന്നത് കൊണ്ട് ശ്രീയുടെയും മിഥുവിന്റെയും റിസപ്ഷൻ വേണ്ടെന്ന് വെച്ചു…

” 9. 30 ക്ക് അല്ലെ ഫ്ലൈറ്റ്… 6 മണിക്ക് എങ്കിലും ഇറങ്ങണം… ഇപ്പൊ തന്നെ 4 കഴിഞ്ഞു… ” ദേവന്റെ വാക്കുകൾ എല്ലാവരിലും വേദന നിറച്ചു…

ഒന്നും പറയാതെ ശ്രീ മുകളിലേക്ക് കയറി പോയി… ആമി നിർബന്ധിച്ചു മിഥുവിനെയും പറഞ്ഞു വിട്ടു… മിഥു കയറി ചെയ്യന്നപ്പോൾ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് എല്ലാം വീണ്ടും നോക്കികൊണ്ടിരിക്കുന്ന ശ്രീയെയാണ് കണ്ടത്… കുറച്ചു നേരം അവനെ നോക്കി നിന്നിട്ട് മിഥു പതിയെ തന്റെ മുടി അഴിക്കാൻ തുടങ്ങിയതും, ശ്രീ ആ കൈകളിൽ പിടിച്ചു…. എന്നിട്ട് അവളെ കെട്ടിപിടിച്ചു അവളുടെ തോളിൽ മുഖം ചായ്ച്ചു…ഒരു നിമിഷം ശില പോലെ നിന്ന അവളെ ഉണർത്തിയത് തന്റെ തോളിൽ പടർന്ന നനവാണ്‌…
അവൻ പതിയെ അവളിൽ നിന്ന് മുഖം ഉയർത്തി… ആ കണ്ണുകൾ നിറഞ്ഞു കലങ്ങിയിരുന്നു….

“ഞാൻ പോകും വരെ നീ ഈ വേഷത്തിൽ നിൽക്കാമോ… എന്റെ വധു ആയി തന്നെ എന്നെ യാത്ര അയക്കാമോ…? ”

അവന്റെ നേർത്ത ശബ്ദം കേട്ടതും അവളിൽ വേദന നുരഞ്ഞു പൊന്തി… അവനെ ചുറ്റിവരിഞ്ഞു ഒന്ന് കരയാൻ തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചുകൊണ്ട് അവനെ നോക്കി സമ്മതം എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു….

ശ്രീ കൂടുതൽ ഒന്നും പറയാതെ വാഷ് റൂമിലേക്കു പോയി…. മിഥുവിന്റെ കണ്ണിൽ നിന്നും കണ്ണീർ അണപൊട്ടി ഒഴുകി… അവൾ കുറച്ചു നേരം ബെഡിൽ ഇരുന്നു… അപ്പോഴേക്കും ശ്രീ ഫ്രഷ് ആയി ഇറങ്ങി, റെഡി ആകാൻ തുടങ്ങി… മിഥുവിന്റെ കണ്ണുകൾ അവനിൽ തന്നെ തങ്ങി നിന്നു…പക്ഷേ ശ്രീ ഒരിക്കൽ പോലും അവളെ നോക്കിയില്ല…

“ഏട്ടാ, രണ്ടാളെയും അമ്മ വിളിക്കുന്നു… ചായ കുടിക്കാൻ… ”

“ആ ഞങ്ങൾ വരാം… നീ പൊക്കോ… ”

“മിഥു വാ… ”

“വേണ്ട ശ്രീയേട്ടാ ഞാൻ ഒന്ന് കിടന്നോട്ടേ… ”

“മ്മ്… ” ശ്രീ ബാഗും എടുത്ത് അവളെ ഒന്ന് നോക്കി താഴേക്ക് പോയി…

“ശ്രീകുട്ടാ, മോള് എവിടെ… ”

“കിടക്കുന്നു… ശല്യം ചെയ്യണ്ട, കിടന്നോട്ടെ… ”

വേദന കലർന്ന ശ്രീയുടെ വാക്കുകൾ കേട്ട് ആരും ഒന്നും പറഞ്ഞില്ല…

പിന്നീട് യാത്ര പറച്ചിലും, കണ്ണീരുമായി ആകെ എല്ലാവരും സങ്കടത്തിൽ ആയി…. ക്ലോക്കിൽ 6 മണി മുഴങ്ങിയപ്പോൾ മിഥുവിന്റെ ഉള്ളൊന്ന് പിടിച്ചു, അതറിഞ്ഞെന്ന പോലെ ശ്രീയുടെ മനസ്സും വിങ്ങി….
അവൾ ചാടി പിടഞ്ഞു എണീറ്റ് താഴേക്ക് പോകാൻ വാതിൽക്കൽ എത്തും മുന്നേ ശ്രീ മുകളിലേക്ക് ഓടി കയറി വരുന്ന കണ്ട് അവൾ സങ്കടം ഉള്ളിൽ ഒതുക്കി ഭിത്തിയിൽ ചാരി നിന്നും….

അവൻ ഒരു കാറ്റ് പോലെ വന്നു അവളെ പൊതിഞ്ഞു… അവളുടെ മുഖവും കഴുത്തും കൈകളും എല്ലാം അവന്റെ അധരങ്ങൾ കവർന്നെടുത്തു… അപ്പോഴും ഇരുവരുടെയും കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു… അവൻ അകന്ന് മാറി…

“ഇനിയുള്ള 2 വർഷം മറ്റൊന്നും മനസ്സിൽ വേണ്ട, പഠനം അല്ലാതെ…. സ്വപ്‌നങ്ങൾ എല്ലാം നേടിയെടുക്കണം…. പിന്നെ, എന്നെ വിളിക്കാൻ ശ്രമിക്കരുത്, ഒരു വാക്ക് പോലും മിണ്ടാനും…ഞാനും വിളിക്കാതിരിക്കാൻ ശ്രമിക്കാം… ”
അവൻ അവളെ ചേർത്ത് പിടിച്ചു അധരങ്ങൾ നെറ്റിയിൽ പതിപ്പിച്ചിട്ട് ഓടി ഇറങ്ങി…. മിഥു ചേതന അറ്റപോലെ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നിരുന്നു…

പ്രണവും, ദേവനും അരുണും കൂടി ശ്രീക്ക് ഒപ്പം പോയി… വരുൺ എന്തോ ആവശ്യത്തിന് അന്ന് തന്നെ മുംബൈയിൽ പോകും എന്ന് പറഞ്ഞു… അഭി എയർപോർട്ടിൽ എത്താം എന്ന് പറഞ്ഞിരുന്നു….

അന്ന് രാത്രി ആമി മിഥുവിനൊപ്പം ഇരുന്നു….മിഥുവിന്റെ സങ്കടങ്ങൾക്ക് ഇടയിൽ അവൾ വരുണിന്റെ കാര്യം പിന്നെ അധികം ഓർത്തില്ല…. ആമിയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു…

“ഓരോ പെൺകുട്ടിയും ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദിവസം ഇവൾക്ക് ഇങ്ങനെ ഒറ്റക്ക് ഇരുന്ന് കണ്ണീർ ഒഴുക്കേണ്ടി വരുന്നല്ലോ…. ഒരുതരത്തിൽ ഇവൾ തന്നെ ചോദിച്ചു വാങ്ങിയതാണ് ഈ അവസ്ഥ… സ്വയം ഒരു സ്വാർത്ഥ ആയി സാറിന് മുന്നിൽ അഭിനയിച്ചു… പക്ഷേ ഇത്രത്തോളം നിസ്വാർത്ഥമായിരുന്നു നിന്റെ സ്നേഹം എന്ന് അദ്ദേഹം അറിയുന്നില്ലലോ… എന്നാലും എന്തുകൊണ്ടാകും ശ്രീറാം സർ ഇവളോട് വിളിക്കരുത്, മിണ്ടരുത് എന്നൊക്കെ പറഞ്ഞത്… അന്ന് മിഥു പറഞ്ഞതിന്റെ ദേഷ്യം കൊണ്ടാണോ ഇനി..എങ്കിൽ സത്യം സാർ അറിയണം…”
മിഥുവിന്റെ മുടിയിഴയിൽ മെല്ലെ തഴുകുമ്പോഴും ആമിയുടെ ചിന്തകൾ കാട് കയറി….

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു…..വിവാഹം കഴിഞ്ഞു ഒരാഴ്ച്ച ആയിട്ടും മിഥു കോളേജിൽ വരാൻ തുടങ്ങിയില്ല… ആമി എന്നും വിളിച്ചു നിർബന്ധം പറയും, പക്ഷേ മിഥു അപ്പോഴും ശ്രീയോട് സംസാരിക്കാൻ പറ്റാത്തതിന്റെ വീർപ്പ് മുട്ടലിൽ ആയിരുന്നു…. ശ്രീ കോളേജിൽ ജോയിൻ ചെയ്ത കാര്യവും വിശേഷങ്ങളും എല്ലാം ശ്രീക്കുട്ടി വഴി അവൾ അറിഞ്ഞു… ശ്രീകുട്ടിയോടും എല്ലാ സത്യങ്ങളും ആമി പറഞ്ഞു…. ശ്രീയും മിഥുവും തമ്മിലുള്ള പ്രശ്നം ഒന്നും മറ്റാർക്കും അറിയില്ല, ശ്രീ വിളിക്കുമ്പോൾ പലപ്പോഴും, ശ്രീക്കുട്ടി മിഥുവിന് ഫോൺ നൽകാൻ ഒരുങ്ങും പക്ഷേ, അപ്പോഴേക്കും ഫോൺ കട്ടായിട്ടുണ്ടാകും…

ഒരു ദിവസം രാവിലെ ആമി ശ്രീനിലയത്തിലേക്ക് വന്നു….

“മിഥു എവിടെ അങ്കിൾ…? ”

“ആ ആമി മോളോ, മോള് മുകളിൽ ഉണ്ട്…? ”

“കോളേജിലേക്ക് കൂട്ടാൻ വന്നതാണോ… നന്നായി….ശ്രീക്കുട്ടൻ ഇല്ലാതെ ഇവിടെ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് കാണാം… ക്ലാസ്സിൽ പോയാൽ ഒരു ചേഞ്ച്‌ വരും അതാ ഞാൻ മോളെ വിളിച്ചേ.. ”

“അറിയാം അങ്കിൾ, ഞാനും വരാൻ ഇരുന്നതാ ഇങ്ങോട്ട്… അപ്പോഴാ അങ്കിൾ വിളിച്ചേ… ഇന്ന് എന്തായാലും പിടിച്ച പിടിയാലേ കൊണ്ട് പോകണം…
അല്ല ശ്രീക്കുട്ടി പോയോ…? ”

“ആ അവൾ നേരുത്തേ പോയി… എക്സ്ട്രാ ക്ലാസ്സ്‌… ”

ആമി മുകളിൽ എത്തിയതും മിഥു ഫ്രഷ് ആയി വരുകയായിരുന്നു…

“മിഥു… ”

“ആമി, നീ എന്താ പെട്ടന്ന്.. ഒന്നും പറഞ്ഞില്ലല്ലോ… ”

“ഓ പറഞ്ഞിട്ടേ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റുള്ളൂ… ”
മിഥു ഒന്ന് പുഞ്ചിരിച്ചു..

“എന്താ നിന്റെ ഉദ്ദേശം…? ”

“എന്താ ആമി..? ”

“അല്ല ക്ലാസ്സിൽ വരാതെ ഇങ്ങനെ തന്നെ ഇരിക്കാനാണോ…? ”

“ആമി അത്…..”

“ഒരു അതുമിതും ഇല്ല… ഇന്ന് വന്നേ പറ്റു.. ”

“ഇന്നോ, 2 ദിവസം കൂടി കഴിയട്ടെടാ.. ”

“പറ്റില്ല, ശ്രീറാം സാറിനോട് നിന്റെ സ്വപ്നം ലക്ഷ്യം എന്നൊക്കെ പറഞ്ഞു, പഠിക്കാൻ വിട്ടിട്ട്, ഒടുക്കം ആ സാർ തിരിച്ചു വരുമ്പോൾ നീ അതൊന്നും നേടാതെ ഇവിടെ നിന്നാൽ ആ മനസ്സ് വേദനിക്കില്ലേ… നീ പറഞ്ഞത് ഒക്കെ മറ്റൊരു രീതിയിൽ സത്യം ആകില്ലേ…അദ്ദേഹത്തിന്റെ സാമിപ്യം കാരണം നിന്റെ സ്വപ്നം നിന്നിൽ നിന്ന് അകന്ന് പോകും എന്ന് നീ കള്ളം പറഞ്ഞപ്പോൾ, നീ ഓർത്തോ ആ സാമിപ്യം ആണ് നിന്റെ ഏറ്റവും വലിയ ശക്തി എന്ന്… ഇപ്പൊ ഇങ്ങനെ പോയാൽ, വേർപാട് കാരണം ആകും നിനക്ക് എല്ലാം നഷ്ടമാകുന്നെ… അങ്ങനെ വന്നാൽ അദ്ദേഹം തന്നെ തെറ്റുകാരൻ…”

ആമിയുടെ വാക്കുകൾ കേട്ട് മിഥുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി…

“ഇല്ല, എന്റെ ശ്രീയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല… ഏട്ടന്റെ നന്മക്ക് വേണ്ടിയാ….ഞാനാ പറഞ്ഞു അയച്ചത്… ഒന്നിനും ഏട്ടൻ തെറ്റുകാരൻ ആകില്ല…”

“മിഥു, എനിക്കറിയാം… പക്ഷേ സാർ എല്ലാ സ്വപ്നങ്ങുളും നേടി നിന്റെ അരികിൽ തിരിച്ചു വരുമ്പോൾ, നീ ഇവിടെ എല്ലാം നഷ്ടപ്പെട്ട് ഇരുന്നാൽ ആ മനസ്സ് സന്തോഷിക്കുമോ… പറ…”

മിഥുവിന് ഉത്തരം നഷ്ടപ്പെട്ടിരുന്നു… കണ്ണുകൾ നിറഞ്ഞൊഴുകി..

“ആമി…” മിഥു അവളെ ഇറുക്കെ പുണർന്നു… തോളിൽ തലചായ്ച്ചു…

“ആമി ഞങ്ങൾ പരസ്പരം കണ്ടതിൽ പിന്നെ ആദ്യമായിട്ടാ ഇങ്ങനെ ഒരു വേർപാട്… അടികൂടിയിട്ടുണ്ടെങ്കിലും ദൂരെ നിന്നെങ്കിലും പരസ്പരം കാണുമായിരുന്നു… ഇതിപ്പോ ഇത്ര ദൂരെ, ഒന്ന് മിണ്ടാൻ പോലും കഴിയാതെ… എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി സ്വാർത്ഥത കാണിച്ച എന്നോട് വെറുപ്പ് ആയിരിക്കും ശ്രീയേട്ടന്… ”

“ഒരിക്കലും അല്ല… വർഷങ്ങൾ ആയി നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്ന നിന്റെ ശ്രീയേട്ടന് നിന്നെ വെറുക്കാൻ കഴിയുമോ… ”
മിഥു വീണ്ടും വിതുമ്പി…

“മിഥു, മോളെ ചിലപ്പോൾ നിന്റെ ശബ്ദം കേട്ടാൽ, നിന്നോട് ഒന്ന് മിണ്ടിയാൽ സാറിന് എല്ലാം ഉപേക്ഷിച്ചു തിരിച്ചു വരാൻ തോന്നിയാലോ…എന്തെ അങ്ങനെ ആയിക്കൂടെ… ”

എന്തോ ഓർത്ത് മിഥു പെട്ടന്ന് കണ്ണുകൾ തുടച്ചു…

“ആമി, ഞ… ഞാൻ കോളേജിൽ വരാം… ”

“ശരി, ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു, റെഡി ആയി വാ… ഞാൻ താഴെ ഉണ്ടാകും… “ആമി ചിരിയോടെ അവളുടെ കവിളിൽ തട്ടിയതും, മിഥുവും ഒന്ന് പുഞ്ചിരിച്ചു…

ആമി പോയി കഴിഞ്ഞതും അവൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നും മനസ്സിൽ ഓർത്തു…പിന്നെ ഇനി ഒന്നും ഓർത്ത് വിഷമിക്കില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു,
വേഗം ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു… ഇരുവരെയും ഭക്ഷണം കഴിപ്പിച്ചിട്ടാണ് ലത കോളേജിലേക്ക് വിട്ടത്… ശ്രീക്കുട്ടി സ്കൂട്ടിയുമായി പോയതിനാൽ, രണ്ടാളെയും ദേവൻ കോളേജിൽ കൊണ്ടാക്കി…

“വൈകിട്ട് ഞാൻ വിളിക്കാൻ വരാട്ടോ….അല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞയക്കാം… ” ദേവൻ പറഞ്ഞു…

“വേണ്ടച്ഛാ… ഞങ്ങൾ ബസിൽ വന്നോളാം… ”

“വേണ്ട മോളെ, ഇടിയും തിരക്കും കൊണ്ട് വരണ്ടാ… ഞാൻ വരാം… ”

രണ്ടാളും ദേവനോട് യാത്ര പറഞ്ഞു ക്ലാസ്സിലേക്ക് പോയി…. കുറേ സുഹൃത്തുക്കളും സ്റ്റാഫും വിവാഹത്തിന് വന്നിരുന്നു, അതുകൊണ്ട് കല്യാണവിശേഷങ്ങൾ എല്ലാർക്കും അറിയാം… കൂടുതൽ പേരും ശ്രീയുടെ വിശേഷങ്ങൾ ആയിരുന്നു തിരക്കിയത്….ശ്രീക്കുട്ടിയിൽ നിന്ന് എല്ലാം അറിയുന്നത് കൊണ്ട് അവൾ എല്ലാർക്കും മറുപടി നൽകി… കുറച്ചു ദിവസത്തെ ഗ്യാപ് വന്നത് കൊണ്ട് മിഥുവിന് ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും ആമിയുടെ നോട്സ് വാങ്ങി അവൾ അപ്പപ്പോൾ തന്നെ എല്ലാം ക്ലിയർ ചെയ്തു… ശ്രീക്ക് പകരം മറ്റൊരു അധ്യാപകൻ വന്നു… ക്ലാസ്സ്‌ വലിയ കുഴപ്പമില്ല… പക്ഷേ എല്ലാവരും ശ്രീറാം സാർ തന്നെ ആയിരുന്നു നല്ലത് എന്ന് പറഞ്ഞപ്പോൾ മിഥുവിന് ഒരേ സമയം അഭിമാനവും വേദനയും തോന്നി… അവളുടെ വിഷമം മനസ്സിലാക്കി ആമി എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു….ലാസ്റ്റ് അവർ ലൈബ്രറി ആയിരുന്നതിനാൽ, നോട്സ് കംപ്ലീറ്റ് ചെയ്യാനും ഡൌട്ട്സ്‌ ക്ലിയർ ചെയ്യാനും അവൾക്ക് ഒരുപാട് സമയം കിട്ടി…

“മിഥു വാ കഴിഞ്ഞോ… പോകാം…4.10 ആയി.. “ആമി വന്ന് അവളെ വിളിച്ചു..

“ആ കഴിഞ്ഞു ഡാ… കുറെ ഇല്ലാരുന്നോ നോട്സ്, എഴുതി എഴുതി ഞാൻ മരിച്ചു.. ”

“എങ്കിൽ കുറച്ചു ഫോട്ടോസ്റ്റാറ്റ് എടുത്തൂടാർന്നോ…..
ഓ മറന്നു, പഠിപ്പിക്ക് സ്വയം എഴുതിയ നോട്സ് കണ്ടാലല്ലേ പഠിത്തം വരുള്ളൂ…” ആമി കളിയാക്കി ചിരിച്ചു

“പോടീ… പോടീ… ” മിഥു അവളെ മുഖം കൂർപ്പിച്ച് ഒന്ന് നോക്കി…

രണ്ടാളും കളിചിരികളുമായി ഗേറ്റ് കടന്ന് ചെന്നതും മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു ഒരുപോലെ അതിശയിച്ചു ……

തുടരും……