രചന – ആരുണി കൃഷ്ണ
“അണ്ടർസ്റ്റാൻഡ് … ” അർജുന്റെ ചെയറിൽ ശക്തമായി അടിച്ചുകൊണ്ട് ശ്രീ ചോദിച്ചതും ക്ലാസ് നിശ്ശബ്ദമായി… “മേ ഐ ഗെറ്റ് ഇൻ സർ… ” ആ ചോദ്യം കേട്ട് ശ്രീറാം പുറത്തേക്ക് നോക്കി… **** ശ്രീ മുന്നിലേക്ക് നടന്നു വന്നു… മിഥുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… “ആരാ, എന്ത് വേണം…? ” “സർ ഞങ്ങൾ ഈ ക്ലാസ്സിലെ സ്റ്റുഡന്റസ് ആണ്..”അഭിരാമിയാണ് മറുപടി പറഞ്ഞത്… “ആഹാ, എന്താ ഇത്ര നേരുത്തേ എത്തിയത്… സമയം എത്രയായി…? “9.15…” ക്ലാസ്സ് എപ്പോഴാ… “9 ” “ആണല്ലോ, ദാറ്റ് മീൻസ് 15 മിനിറ്റ്സ് ലേറ്റ്… അപ്പൊ ഈ നേരുത്തേ വന്ന കുട്ടികൾ എന്താ പോട്ടന്മാരോ… ” മിഥു അപ്പോഴും ആശ്ചര്യം വിട്ട് മാറാതെ നിൽക്കുകയാണ്… “എന്റെ കൃഷ്ണാ, എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ.. ഈ പൊട്ടൻ ആണോ ഇനി മുതൽ സർ … ഹോ ഇയാളുടെ എല്ലാ ശകാരങ്ങളും ഇനി പഞ്ചപുച്ഛം അടക്കി കേൾക്കേണ്ടി വരുമല്ലോ… ” മിഥുവിന്റെ കണ്ണുകളിലെ ദയനീയത കണ്ട് ശ്രീക്ക് ചിരിവന്നു..
“സർ, അത് വഴിയിൽ വെച്ച് വണ്ടിയുടെ ടയർ പഞ്ചർ ആയി.. അതാ ലേറ്റ് ആയത്… ” ആമി വിവരിച്ചു… “മ്മ് കയറ്… ഇതാണ് ലാസ്റ്റ് വാർണിങ്… ” മിഥു തലതാഴ്ത്തി കയറി തന്റെ സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു… “ഡി അമൃതേ സാറിന്റെ പേര് എന്താ… ” “ശ്രീറാം… ” അവൾ പതുക്കെ പറഞ്ഞു… “ആള് ചുള്ളനാണല്ലോ … നിങ്ങളെ ഒക്കെ പരിചയപെട്ടോ…? ” അമൃത മറുപടി പറയാൻ ഒരുങ്ങിയതും… “അഭിരാമി… ലേറ്റ് ആയി വന്നതും പോര, വന്നപ്പോഴേ തുടങ്ങിയോ സംസാരം.. ” ആ വിളി കേട്ടപ്പോ ഏകദേശം കാര്യങ്ങൾ ആമിക്ക് വ്യക്തമായി… പിന്നീട് ക്ലാസ്സ് തുടർന്നു… പക്ഷെ മിഥുവിന് ആ ക്ലാസ്സ് ശ്രദ്ധിക്കാനെ തോന്നിയില്ല.. അവൾ കഴിവതും മറ്റെന്തെങ്കിലും ചിന്തിച്ചു ആ ഒന്നര മണിക്കൂർ കഴിച്ചുകൂട്ടി… ഫസ്റ്റ് ക്ലാസ്സ് നന്നായി തുടങ്ങണം എന്ന വാശിയിൽ ശ്രീയും മിഥുവിനെ അധികം ശ്രദ്ധിച്ചില്ല… കാരണം അവളിലെ ഇഷ്ടക്കുറവ് പോലും ഒരു നിരാശ തന്നിൽ ഉണ്ടാക്കുമോ എന്നവൻ ഭയന്നു…
“ഓക്കേ, താങ്ക്യൂ… സി യൂ ഇൻ നെക്സ്റ്റ് ക്ലാസ്സ് ” അത് പറഞ്ഞു ഇറങ്ങും നേരം ശ്രീ മിഥുവിനെ ഒന്ന് നോക്കിയതും, അവൾ ആശ്വാസത്തോടെ തല ഉയർത്തിയതും ഒരുമിച്ചായിരുന്നു… കണ്ണുകൾ തമ്മിൽ അനുനിമിഷം ഒന്ന് കോർത്തു.. പിന്നെ ഇരുവരും മുഖം തിരിച്ചു… ശ്രീ നടന്നകന്നു… “ഹോ എന്റെ മോളെ ആമി, എന്ത് കലിപ്പാണ് സാറിന്… വന്നപ്പോഴേ ആ അർജുനെയും ഗാങിനെയും പൂട്ടി.. ” ക്ലാസ്സിലെ ബി ബി സി അമൃത വള്ളിപുള്ളി തെറ്റാതെ കാര്യങ്ങൾ ആമിക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് മിഥുവും ഒന്ന് കാതോർത്തു… “എന്തായാലും ആ കറന്റ് ഭാർഗവൻ പോയത് നന്നായി… ശ്രീറാം സാറിനെ പോലെ ഒരു കലിപ്പൻ ചുള്ളൻ വന്നല്ലോ… പോരാത്തതിന് നല്ല കിടു ക്ലാസും… എനിക്കിഷ്ടായി ” “എന്ത്..? ” ആമി തിരക്കി.. “എല്ലാം… ” അമൃത നാണത്തോടെ അത് പറഞ്ഞപ്പോൾ മിഥുവിന് വല്ലാത്ത ദേഷ്യം വന്നു… “ഒന്ന് നിർത്തുന്നുണ്ടോ… കുറെ നേരമായി ഒരു വർണന… കലപിലാ ന്ന് കുറച്ചു സ്വസ്ഥത തരുമോ… ” “ഓ, ഇവൾക്കിത് എന്താ… ” ആമി അതിശയിച്ചു..
“കോളേജ് ടോപ്പർ ആയെന്ന് കരുതി വല്യ ജാഡ ഇറക്കല്ലേ എന്ന് അവളോട് പറഞ്ഞേക്ക് നീ..” അമൃത ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി… മനസ്സ് ശാന്തം ആകാൻ ലൈബ്രറിയിൽ പോയി ഇരുന്നു.. മുന്നിലുള്ള പത്രങ്ങളിലൂടെ ഒക്കെ ഒന്ന് കണ്ണോടിക്കുക ആയിരുന്നു അവൾ.. ©ആരുണി കൃഷ്ണ ❤️ “സ്ക്യൂസ് മി… ആ മാതൃഭൂമി ഒന്ന് തരുമോ… ” “ഓ പണ്ടാരം ഇവിടെയും മനസ്സമാധാനം തരില്ലേ ഈ പൊട്ടൻ… വേറെ എത്ര പത്രമുണ്ട് ഇവിടെ.. ഇത് തന്നെ വേണോ ഞാൻ വായിക്കുന്നത് കണ്ടില്ലേ.. ” അവൾ മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു… ” ഹലോ.. ഈ പത്രം ഒന്ന് തരുമോന്ന്.. ” അവളുടെ മുഖത്തിന് മുന്നിൽ വിരൽ ഞൊടിച്ചുകൊണ്ട് അവൻ ചോദിച്ചതും അവൾ അത് നൽകി… “ശേ… സർ ആയിപ്പോയി ഇല്ലെങ്കിൽ ഇപ്പോ കാണരുന്നു… ” മിഥു ദേഷ്യത്തോടെ എഴുന്നേറ്റു പോയി… ഈവെനിംഗ് ശ്രീയെ കൂട്ടാൻ പ്രണവ് വന്നിരുന്നു…
” അളിയാ, എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ.. ” “അത് പിന്നെ നമ്മൾ പൊളിക്കില്ലെടാ… ” “ഡാ, ഒരു 5 മിനിറ്റ്… മിഥുവും കൂടി വരട്ടെ… അവൾക്ക് എന്തോ വർക്ക് ഉണ്ടെന്ന്… ” “മ്മ്.. “മുഖത്തെ സന്തോഷം മനസ്സിൽ കാണിക്കാതെ അവനൊന്ന് മൂളി… എന്തെങ്കിലും പോര് നടന്നോ എന്നറിയാൻ പ്രണവ് വെറുതെ ഒന്ന് ചോദിച്ചു നോക്കി… ” നീ കണ്ടില്ലേ അവളെ… ” “മ്മ് കണ്ടു… ” ” എന്തേലും പറഞ്ഞോ അവൾ.. “എന്ത് പറയാൻ… പറയേണ്ടതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്… ക്ലാസ്സിൽ കറക്റ്റ് ടൈം ൽ കയറണം എന്ന് … ” “അപ്പൊ അവൾക്ക് ക്ലാസ്സ് എടുത്തോ നീ.. ” “ആ അവരുടെ ബാച്ചിന് ആയിരുന്നു ഫസ്റ്റ് ക്ലാസ്സ്.. ” “ആ ഇനി ഇപ്പൊ അവൾ പൂച്ചയും, ഇവൻ പുലിയും ആയിക്കോളും… ഹോ ഈ ലെക്ച്ചറർമാരുടെ ഒരു പവറേ.. ” പ്രണവ് ഓർത്തു… ഇരുവരും കാറിൽ കയറി… “ഡാ നിന്റെ സീറ്റിന്റെ താഴെ ഒരു പെൻഡ്രൈവ് ഉണ്ടൊന്ന് ഒന്ന് നോക്ക്… അച്ചു ഇന്നലെ അത് എടുത്തു അവിടെ ഇട്ടതാ.. ” ശ്രീ കുനിഞ്ഞു പെൻഡ്രൈവ് തപ്പുന്നതിനിടയിൽ, മിഥുവും എത്തി… കൂടെ ആമിയും ഉണ്ടായിരുന്നു… ഇരുവരോടും പിന്നിൽ കയറാൻ പ്രണവ് പറഞ്ഞു…
ആദ്യം കയറിയത് മിഥു ആയിരുന്നു… അവൾ ശ്രീയെ കണ്ടു… “ഓ ഈ പൊട്ടൻ എവിടെ പോയാലും ഉണ്ടല്ലോ.. ഇതെന്താ സർവ്വവ്യാപിയോ…? ” പിന്നീട് ആമിയും കയറി… ശ്രീയുടെ സീറ്റിന് പിന്നിലാണ് അവൾ ഇരുന്നത് ” ഇന്നാ ടാ… ” ശ്രീ പെൻഡ്രൈവ് പ്രണവിന് കൊടുത്തു… “എങ്ങനുണ്ടാർന്ന് ഇന്ന് ക്ലാസ്സൊക്കെ … ” “അതെ ചെയറും, ടേബിളും, അതെ പെയിന്റ് അതെ ബോർഡ്… അങ്ങനെ തന്നെ ഉണ്ടാർന്നു… ” “ബെസ്റ്റ്… എന്തൊരു ചളിയാടി… നന്നായിക്കൂടെ.. ” “ഓ പിന്നെ.. ഓരോരുത്തരുടെയും സ്റ്റാൻഡേർഡ് പോലെ പറ്റു… ” ആമി ചിരിച്ചു കൊണ്ട് പറഞ്ഞു… ” ഒരു പ്രത്യേകത ഉണ്ട് പ്രണവേട്ടാ… ഒരു പുതിയ സർ വന്നു.. ശ്രീറാം ” മിഥു അവളുടെ കയ്യിൽ കയറി പിടിച്ചു … കണ്ണ് കൊണ്ട് ആംഗ്യം കാണിക്കാൻ തുടങ്ങി.. “ഓഹോ അപ്പൊ ഇവൾ ശ്രീയെ ശ്രദ്ധിച്ചിട്ടില്ല.. ഒരു പണി കൊടുക്കാം… ” അത് പറഞ്ഞു ശ്രീയെ നോക്കിയതും അവനും കാര്യം പിടികിട്ടി.. “എന്നിട്ട് സർ എങ്ങനുണ്ട്… ” “എന്റെ പൊന്ന് സാറെ.. അല്ല പ്രണവേട്ടാ… അങ്ങേര് വന്നു നിന്നാ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല…ഇതാർന്നു ഞങ്ങളുടെ ക്ലാസ്സിലെ അമൃതയുടെ ഡയലോഗ്… ”
“അതെന്താ ആമി…? ” ഇരുവരും ചിരി അടക്കിപ്പിടിച്ചു… മിഥു എന്ത് ചെയ്യണം എന്നറിയാതെ അവളെ നുള്ളുകയും പിച്ചുകയും ഒക്കെ ചെയ്യുന്നു.. “ഹാ.. അടങ്ങി ഇരിക്കടി… പറയട്ടെ.. എന്താണെന്നോ.. ഭയങ്കര ലുക്കാ പുള്ളി.. പിന്നെ കട്ട കലിപ്പും…എല്ലാ ഗൾസും സ്കെച്ച് ചെയ്ത് കഴിഞ്ഞു…പ്രത്യേകിച്ച് അമൃത.. ഒടുക്കത്തെ വായിനോട്ടം.. ” ശ്രീ ഒന്ന് നിവർന്നിരുന്നു.. മിഥുവിന്റെ മുന്നിൽ ആളായത്തിന്റെ സന്തോഷം… “ഓ വല്ല കോളേജ് ലെക്ചററും ആയാ മതിയാരുന്നു… ” പ്രണവ് പതുക്കെ പറഞ്ഞു.. “അപ്പൊ നിങ്ങൾ വായിനോക്കിയില്ലേ… ? ” “ഓ ഷാരുഖ് ഖാന്റെ ലുക്ക് വെച്ചിട്ട് പുള്ളി സിംഗിൾ പസ്സങ്ക ആവാൻ നോ ചാൻസ്… സോ വല്ല കജോളും കാണും… എന്റെ ലെവൽ വെച്ച് എനിക്ക് ഒരു നിവിൻ പോളി ഒക്കെ മതി.. ” അത് പറഞ്ഞതും ഒരു കൂട്ടചിരി മുഴങ്ങി… “അയ്യോ ഒട്ടും അത്യാഗ്രഹം ഇല്ലാത്ത കുട്ടി… അത് മതിയോ… ” “ഓ.. . ധാരാളം.. ” “ഡാ… ക്ലാസ്സ്, ക്ലാസ്സ്.. ” ശ്രീ ആംഗ്യം കാണിച്ചു കൊണ്ട് പ്രണവിനോട് ചോദിച്ചു… “ആ അങ്ങനെ… അപ്പൊ ക്ലാസ്സ് ആരും ശ്രദ്ധിച്ചില്ലേ..? ”
“പിന്നെ ശ്രദ്ധിക്കാതെ… കുറ്റം പറയരുതല്ലോ… നല്ല ക്ലാസ്സ് ആണെന്ന് എല്ലാരും പറഞ്ഞു, എല്ലാർക്കും ഇഷ്ടമായി, ഒരാൾ ഒഴികെ… ” മിഥു ഒന്ന് ഞെട്ടി.. ഇപ്പൊ എല്ലാം തീരും… “അത് ആരാ…? ” ശ്രീയിലും ആകാംഷ നിറഞ്ഞു… “വേറെ ആര്, ദാ ഇവൾ… ഏട്ടന്റെ പെങ്ങൾ തന്നെ.. ” ശ്രീയിൽ ഒരു നിരാശ പടർന്നു.. “ഏയ്, ഞാൻ പറഞ്ഞില്ല.. വെറുതെയാ… ” “വെറുതെയോ.. ആ അമൃത സാറിന്റെ കാര്യം പറഞ്ഞപ്പോ ഇവൾ ദേഷ്യപ്പെട്ടു… പിന്നെ ഞാൻ ചോദിച്ചപ്പോ ഇവൾ പറയുവാ, ‘അങ്ങേര് എന്ത് തേങ്ങയാ പഠിപ്പിക്കുന്നെ ഇതിലും ഭേദം ആ ഭാർഗവൻ ആയിരുന്നു എന്ന് …പിന്നെ എല്ലാം വെറും ചീപ്പ് ഷോ ആണെന്നൊക്കെ… ” “ഭാർഗവാനോ…? ” “ആ കറന്റ് ഭാർഗവൻ… പഴയ എലെക്ട്രിക്കൽന്റെ സാറാ.. ” “എല്ലാം കഴിഞ്ഞ്… ഇനി എന്നെ ഈ ശ്രീ പൊട്ടൻ പിശാശ് വറുത്ത് കോരുമ്പോ തിന്നാൽ വരണം, കേട്ടോടി കാലമാടത്തി…. ” മിഥു പല്ല് കടിച്ചുകൊണ്ട് അവളെ നോക്കി.. ആമിയെ തെറിവിളിക്കുമ്പോഴും ഉള്ളിൽ ഒരു ചെറിയ ഭയം അവൾക്ക് തോന്നി… എല്ലാം മറച്ച്, ചമ്മി ചാറായ ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തു അവൾ ഇരുന്നു… ©ആരുണി കൃഷ്ണ ❤️ ശ്രീയുടെ അവസ്ഥ മറ്റൊന്ന് ആയിരുന്നു..
ആരുടെ മുന്നിൽ ഹീറോ ആകണം എന്ന് ആഗ്രഹിച്ചോ, ആരെ ഇമ്പ്രെസ്സ് ചെയ്യണം എന്ന് കരുതിയോ അവൾ മാത്രം തനിക്ക് യാതൊരു വിലയും തരുന്നില്ല എന്നോർത്ത് ഉള്ളിൽ ചെറിയ നിരാശ തോന്നി… “ആ ഏട്ടാ ഇവിടെ നിർത്തിക്കോ, അപ്പൊ ശരി ഡി… നാളെ കാണാം… ബൈ ഏട്ടാ… ” ആമി പറഞ്ഞു… അവൾ ഇറങ്ങി മുന്നിലേക്ക് ഒന്നേ നോക്കിയുള്ളൂ.. ആകെ ഉണ്ടായിരുന്ന കിളി കൂടി പറന്നു എന്ന് പറഞ്ഞാൽ മതി… “ദൈവമേ, സർ എന്താ ഇവിടെ…. അപ്പൊ മുന്നിൽ ഇരുന്നത് സർ ആയിരുന്നോ… മുഖം പോലും ഒന്ന് നോക്കിയില്ലല്ലോ ദൈവമേ…. എല്ലാം കേട്ടു കാണില്ലേ .. എന്റെ മരണം മിഥുവിന്റെ കൈ കൊണ്ട് തന്നെ… ” മിഥുവിനെ നോക്കി അതോർത്ത് ഒരു വളിച്ച ചിരി പാസ്സ് ആക്കിയതും, ” നിന്നെ പിന്നെ കണ്ടോളാം എന്ന അർത്ഥത്തിൽ ദേഷ്യത്തോടെ കണ്ണിന് നേരെ വിരലുകൾ ചൂണ്ടി കാണിച്ചു… ” “ശുഭം… ” “Mr. പ്രണവേട്ടാ .. അൽ പാര… ” പ്രണവും ശ്രീയും ആമിയുടെ നിൽപ്പ് കണ്ട് പൊട്ടി ചിരിച്ചു… എന്നിട്ട് പ്രണവ് ബൈ പറഞ്ഞു, കാർ സ്റ്റാർട്ട് ചെയ്തു പോയി… “ഈ അഭിരാമി ഒരു കോമഡി കഥപാത്രം തന്നെ അല്ലെ… കണ്ടില്ലേ ഇഞ്ചി കടിച്ചപോലെ നില്കുന്നത്. ” ശ്രീ ചിരിച്ചു… മിഥു ഒന്നും മിണ്ടാതെ ഇരുന്നു…
ശരിക്കും മിഥുവിനോട് ശ്രീയുടെ ക്ലാസിനെ പറ്റി ചോദിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു… പക്ഷെ സിറ്റുവേഷൻ ചിലപ്പോ വഷളാകും അത് കൊണ്ട് വേണ്ടന്ന് വെച്ച് പ്രണവ് ഡ്രൈവിംഗ് തുടർന്നു… “എന്നാ മിഥു കോളേജ് ടോപ്പേഴ്‌സിന്റെ കോൺഗ്രാറ്റുലേഷൻ സെറിമണി… ” “അറിയില്ല ഏട്ടാ… നെക്സ്റ്റ് ആർട്സ് ഡേക്ക് ആകാൻ ചാൻസ് ഉണ്ട് ” “ഡാ അളിയാ നിനക്ക് ഓർമയില്ലേ , ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്ന് , ക്ലാസ്സ് ഒക്കെ കട്ട് ചെയ്തിട്ട് ഏറ്റവും അവസാനം കോളേജ് ടോപ്പർ ആയ നമ്മുടെ ക്ലാസ്സിലെ ഒരുത്തനെ…. ” ശ്രീ പ്രണവിനോട് ചോദിച്ചു… “ഏതാ അളിയാ, ഓര്മയില്ലല്ലോ… അതാര്… അവനൊക്കെ ഇപ്പൊ എവിടെയാണോ ആവോ… ” ” ഓ ഈ മരങ്ങോടൻ… ഡാ നീ മറന്നതാകും.. അവനിപ്പോ ഒരു പണിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്നുണ്ട്…പേരിനൊരു കോളേജ് ടോപ്പർ ” ലാസ്റ്റ് ഡയലോഗിൽ ആണ് പ്രണവിന് കാര്യം കത്തിയത്… മിഥുവിന് വല്ലാത്ത ദേഷ്യം വന്നു…
“ഏട്ടാ, ഞങ്ങളുടെ കോളേജിൽ മുൻപ് ഒരു സർ ഉണ്ടാരുന്നു… ആദ്യത്തെ ദിവസം വൻ ഷോ ആയിരുന്നു… പിന്നെ പഠിപ്പിക്കാൻ തുടങ്ങിയപ്പോ അല്ലെ വെറും പൊട്ടൻ… ഞാൻ പറഞ്ഞിട്ടില്ലേ… ” “എപ്പോ…? ” “ആ ഏട്ടൻ മറന്നതാകും …പുള്ളിക്ക് അങ്ങനൊരു പേരും കിട്ടി… പവനായി…. ” ശ്രീ മുഷ്ടി ചുരുട്ടി…പിന്നെ മെല്ലെ സ്വയം നിയന്ത്രിച്ചു.. ഇപ്പൊ ഏകദേശം കാര്യങ്ങൾ പ്രണവിന് വ്യക്തമായി…. “അപ്പൊ ശീത യുദ്ധത്തിലാണ് രണ്ടാളും… നേരിട്ട് ഒരു ആക്രമണം ഇനി എന്നാണ് ഉണ്ടാവുന്നെ എന്തോ.. ” വീട് എത്തിയതും തിരിഞ്ഞു നോക്കാതെ മിഥു ഇറങ്ങി പെട്ടന്ന് നടന്നു പോയി.. “തോറ്റുതരാൻ അല്ലേലും നിന്റെ മനസ്സ് സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം.. തത്കാലം എനിക്കും അതിന് കഴിയില്ല മോളെ … ഒരു ദിവസം നിനക്ക് മുന്നിൽ ഞാൻ തോൽവി സമ്മതിക്കും… അന്ന് നീ mrs. മൈഥിലി ശ്രീറാം ആയിയിരിക്കും… അത് വരെ ഈ യുദ്ധം തുടരട്ടെ… എന്റെ ക്ലാസ്സ് കൊള്ളില്ല, അല്ലേഡി…ശരിയാക്കിതരാം…. ” തുടരും…. രചന : #ആരുണി_കൃഷ്ണ

by